Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Wednesday, June 3, 2015

എന്താണ് അവിദ്യ?

അദ്വൈത വേദാന്ത ദർശനത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും, ലളിത വായനക്കാരിൽ ആശയക്കുഴപ്പം ഉളവാക്കുന്നതുമായ പദമാണ് ‘അവിദ്യ’. അവിദ്യ-യെ പല പേരുകളിൽ അദ്വൈത വേദാന്തത്തിൽ പരാമർശിക്കുന്നുണ്ട്. (ഉദാ: അജ്ഞാനം, മായ,.). തുടക്കവായനക്കാർക്കു ഇതെല്ലാം കടുപ്പമുള്ള പദങ്ങളാണ്. അതിനാൽ അവർ ‘മായ’ എന്നാൽ ‘ഒന്നുമില്ലാത്ത അവസ്ഥ’യാണ് എന്നു വരെ തെറ്റിദ്ധരിക്കും. ചില പാശ്ചാത്യരുടെ എഴുത്തുകളിലും ഇത്തരം ആശയം കടന്നുവന്നിട്ടുള്ളതു അവർ അതേപടി സ്വീകരിക്കുന്നു. ഇതെല്ലാം അദ്വൈതത്തെ ശരിയായി മനസ്സിലാക്കുന്നതിൽ വിഘാതം സൃഷ്ടിക്കും. അവിദ്യ-യുടെ അർത്ഥം ശരിയായി മനസ്സിലായാലേ അദ്വൈതം മനസിലാകൂ.

‘വിദ്യയില്ലാത്ത അവസ്ഥ’ എന്ന അർത്ഥത്തിലല്ല അദ്വൈത വേദാന്തത്തിൽ അവിദ്യ പ്രയോഗിച്ചിരിക്കുന്നത്. പകരം ‘വിദ്യ’ എന്തിലേക്കാണോ നമ്മെ അടുപ്പിക്കുക, അതിനു എതിർദിശയിലേക്കു അടുപ്പിക്കുന്ന ഒന്നാണ് അവിദ്യ. അവിദ്യ, വിദ്യയുടെ എതിരാണ് (Anti-Knowledge). അവിദ്യ, വിദ്യയെ മറച്ചു പിടിക്കുന്നു. അതിനാൽ അവിദ്യ നിഷ്കാസിതമാകുമ്പോൾ നമുക്കു വിദ്യ ലഭിക്കുന്നു. ഇവിടെ പ്രത്യേകം ശ്രദ്ധിക്കാനുള്ളത്, അവിദ്യ-യെ നിഷ്കാസനം ചെയ്ത ശേഷം നാം വിദ്യ നേടിയെടുക്കുന്നില്ല എന്നതാണ്. അവിദ്യ-യെ നിഷ്കാസനം ചെയ്തശേഷം നാം പുതുതായി ഒരു വിദ്യയും നേടുന്നില്ല. മറിച്ചു നമ്മിൽ സ്വതവേ എപ്പോഴുമുള്ള ദിവ്യത്വം, അവിദ്യ ഒഴിവാകുമ്പോൾ, പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്.

വസ്തുക്കളുടെ, ബാഹ്യലോകത്തിന്റെ ശരിയായ പ്രകൃതം മനസ്സിലാക്കുന്നതിൽ നിന്ന് അവിദ്യ നമ്മെ തടയുന്നു. ലോകത്തിൽ വൈവിധ്യങ്ങളുണ്ടെന്നും, അവയ്ക്കു സ്വന്തവും സ്വതന്ത്രവുമായ (പരമമായ) നിലനിൽപ്പുണ്ടെന്നും അവിദ്യ നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കൾക്കും അടിത്തറയായി വർത്തിക്കുന്ന (ഒരൊറ്റ) ആധാരത്തെ അവിദ്യ മറച്ചുപിടിക്കുന്നു. ഫലം അവിദ്യയുടെ ബന്ധനത്തിലുള്ളവർ ബാഹ്യലോകത്തിലുള്ള വൈവിധ്യങ്ങളുടെ കെട്ടുപാടുകളിൽ കിടന്നു ഉഴലുന്നു. വൈവിധ്യങ്ങളാണ് ശരിയെന്നു കരുതി, അവയിൽ അഭിരമിക്കുന്നു.

അവിദ്യയുടെ കേന്ദ്രം ബ്രഹ്മം ആണ്[i]. ഈ അർത്ഥത്തിൽ അവിദ്യ നിലനിൽപ്പുള്ള ഒന്നാണ്. എന്നാൽ ബ്രഹ്മവിദ്യ നേടുമ്പോൾ അവിദ്യ നിഷ്കാസിതമാകുന്നു. അതിനാൽ അവിദ്യക്കു നിലനിൽപ്പില്ലെന്നും വരുന്നു. ഇങ്ങിനെ നിലനിൽപ്പുള്ളതും, എന്നാൽ ഒഴിവാക്കാൻ കഴിയുന്നതുമായ അവിദ്യയെ അദ്വൈത വേദാന്തം ‘ബ്രഹ്മത്തിന്റെ ശക്തി’ (മായ) എന്നു വിശേഷിപ്പിക്കുന്നു[ii]. എന്നാൽ അവിദ്യ എന്ന ശക്തിയെ പറ്റി ബ്രഹ്മം അജ്ഞനുമാണ്. ലോകത്തിലുള്ളവർക്കെല്ലാം പ്രകാശവും ചൂടും പ്രദാനം ചെയ്ത് സൂര്യൻ പ്രകാശിക്കുന്നെങ്കിലും, താൻ പ്രകാശിക്കുന്നുണ്ട് എന്നു സൂര്യനു അറിയാത്തത് പോലെ, തന്റെ ശക്തിയായ മായ ബാഹ്യലോകം പോലൊരു ആപേക്ഷിക യാഥാർത്ഥ്യത്തെ സൃഷ്ടിക്കുന്നുണ്ടെന്നു ബ്രഹ്മം അറിയുന്നില്ല. ബ്രഹ്മവും അവിദ്യയും തമ്മിലുള്ള ബന്ധം മനുഷ്യബുദ്ധിക്ക് അപ്പുറമുള്ള അജ്ഞേയ തലത്തിൽ (Agnostic) ആണ്. ബ്രഹ്മവുമായി ചേർത്ത് അവിദ്യയെ പ്രതിപാദിക്കുമ്പോൾ ‘മായ’ എന്ന പദമാണ് ഉപയോഗിക്കുക[iii]. മായ കാരണവും (Cause), അവിദ്യ ഫലവും (Effect) ആണെന്നു വാദമുണ്ട്.  

അവിദ്യയുടെ പ്രവർത്തനം:-

മായ, അജ്ഞാനം എന്നെല്ലാം അറിയപ്പെടുന്ന അവിദ്യയുടെ പ്രവർത്തനം പല തലത്തിലുള്ളതാണ്. ബ്രഹ്മതലത്തിൽ, ബ്രഹ്മത്തെ സ്പർശിക്കാതെ, ഒരു ആപേക്ഷിക ലോകത്തെ മുന്നോട്ടു വയ്ക്കുന്ന അവിദ്യ, ആപേക്ഷിക തലത്തിൽ ജീവ-ക്കു (ശരീരസമേതനായ ആത്മാവ്) അയഥാർത്ഥമായ ബാഹ്യലോകം പ്രദാനം ചെയ്യുന്നു. അവിദ്യയുടെ പ്രവർത്തനം ഒരു ഉദാഹരണം വഴി മനസ്സിലാക്കാൻ ശ്രമിക്കാം.

കയർ - സർപ്പം ഉദാഹരണം ഭാരതീയ ദർശനത്തിൽ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. മങ്ങിയ വെളിച്ചത്തിൽ ചുരുട്ടിവച്ചിരിക്കുന്ന കയറിനെ ഒരു കാഴ്ചക്കാരൻ സർപ്പമായി തെറ്റിദ്ധരിക്കുന്നതാണ് കാര്യം. മങ്ങിയ വെളിച്ചം തുടരുന്തോറും കയർ സർപ്പമായി തന്നെ കാഴ്ചക്കാരനു തോന്നും. കാഴ്ചക്കാരനിൽ ‘അത് സർപ്പം അല്ലല്ലോ’ എന്ന ചിന്ത ഒരിക്കലും തലപൊക്കില്ല. ആ സംശയം തലപൊക്കാൻ കാരണങ്ങളുമില്ല. കാഴ്ച്ചക്കാരൻ നിത്യജീവിതത്തിൽ പലതവണ സർപ്പത്തെ നേരിൽ കണ്ടിട്ടുണ്ടാകും. ‘അതുപോലെ ഒരു സർപ്പം ഇതാ മുന്നിൽ കിടക്കുന്നു’ എന്നേ കാഴ്ച്ചക്കാരൻ വിശ്വസിക്കൂ. അതിനാൽ ‘ദാ ഇവിടെ ഒരു സർപ്പം കിടക്കുന്നു’ എന്നത് കാഴ്ച്ചക്കാരനെ സംബന്ധിച്ച് സംശയാതീതമായ കാര്യമാണ്. അവൻ അതിനനുസരിച്ചു സർപ്പത്തെ കൊല്ലാനോ മറ്റോ തുനിയുകയും ചെയ്യും. ഇവിടെ കാഴ്ച്ചക്കാരനിൽ ഉള്ളത് ‘അറിവിന്റെ അഭാവം’ അല്ല. മറിച്ച് തെറ്റായ അറിവ് ആണ്. ഒരു വസ്തുവിന്റെ യഥാർത്ഥ സ്വത്വം മറച്ചു വയ്ക്കുന്ന തെറ്റായ അറിവ് കാഴ്ചക്കാരനെ ഭരിക്കുകയായിരിക്കും. അറിവിന്റെ അഭാവത്തിനു (ഇല്ലാത്ത അറിവിനു) കാഴ്ച്ചക്കാരനെ തെറ്റായി ചിന്തിപ്പിക്കാനോ, ആ ചിന്തക്കു നിദാനമായ കാരണത്തോടു പ്രതികരിപ്പിക്കാനോ കഴിയില്ല. അറിവിന്റെ അഭാവത്തിനു അനുസരിച്ച് കാഴ്ചക്കാരൻ നിഷ്ക്രിയനായി തുടരുകയേ ഉള്ളൂ. പക്ഷേ ‘തെറ്റായ അറിവിനു’ കാഴ്ച്ചക്കാരനെ തെറ്റിദ്ധരിപ്പിക്കാനും, അതിനനുസരിച്ച് പ്രവർത്തി ചെയ്യിപ്പിക്കാനും സാധിക്കും. കാഴ്ച്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം തെറ്റായ അറിവിനെയാണ് അവിദ്യ എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ അവിദ്യയാണ് കയറിൽ സർപ്പമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും കാഴ്ച്ചക്കാരൻ ഭയക്കാൻ ഇടയാക്കുന്നതും.


[i] ഈ വിഷയത്തിൽ ശങ്കരാചാര്യർക്കു ശേഷമുള്ള അദ്വൈതികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. മണ്ഢനമിശ്രയുടെ നേതൃത്വത്തിലുള്ള വിഭാഗം ജീവയെ (ശരീരസമേതനായ ആത്മാവ്) അവിദ്യയുടെ കേന്ദ്രമായി കണക്കാക്കുന്നുണ്ട്. പക്ഷേ ശങ്കരാചാര്യരും സുരേശ്വരാചാര്യനും ബ്രഹ്മത്തെയാണ് അവിദ്യയുടെ കേന്ദ്രമായി കണക്കാക്കുന്നത്. കൂടുതൽ വായനക്ക് – ‘Idealistic Thought in Indian Tradition, by Suchita Divadia’.
[ii]ബ്രഹ്മത്തിന്റെ ശക്തി’ എന്നത് അലങ്കാരിക പ്രയോഗമാണ്. ബ്രഹ്മത്തിനു ശക്തിയുണ്ടോ ഇല്ലയോ എന്നൊന്നും അറിയാനാകില്ല. ബ്രഹ്മത്തിനു ഒരു ഗുണവും ഇല്ല. ബ്രഹ്മവും അവിദ്യയും തമ്മിലുള്ള ബന്ധം അജ്ഞേയ തലത്തിലാണ്.
[iii] മായ, അവിദ്യ എന്നത് ഒരേ അർത്ഥമുള്ള വാക്കുകളാണ്. എന്നാൽ അവ പ്രയോഗിക്കുന്നത് വിവിധ തലത്തിലാണ്. അവിദ്യ ബ്രഹ്മതലത്തിൽ നിലനിൽക്കുമ്പോൾ മായ എന്നു പറയുന്നു. അവിദ്യ വ്യക്തി തലത്തിൽ (ഒരു വ്യക്തിയിൽ) നിലനിൽക്കുമ്പോൾ അവിദ്യ എന്നോ അജ്ഞാനം എന്നോ പറയും.

3 comments:

 1. ഈ ലേഖനത്തിന്റെ പൂർണതക്കു ഉതകുന്ന ഏതു നിർദ്ദേശത്തിനും സ്വാഗതം. അദ്വൈതത്തിൽ ഞാൻ ഒരു വിദ്യാർത്ഥി മാത്രമാണ്.

  സസ്നേഹം
  സുനിൽ ഉപാസന

  ReplyDelete
 2. ലേഖനം വായിച്ചു. ജ്ഞാനനിക്ഷേപം

  ReplyDelete
 3. secondary knowledge ആണ് അവിദ്യ ന്നു സൌന്ദര്യ ലഹരി വ്യാഖ്യാനത്തില്‍ ബാലകൃഷ്ണന്‍ സാറ് പറഞ്ഞത് വായിച്ച ഓര്‍മ്മ . കേട്ട, പഠിച്ച അറിവുകള്‍ . നേരിട്ടല്ലാത്ത , തൊട്ടറിവല്ലാത്ത അറിവുകള്‍ എന്ന് . നമ്മള്‍ ഒന്നിനെ തേടുമ്പോ അതിനെ കുറിച്ച് നമുക്ക് ഒരു ഐഡിയ ഉണ്ടായാല്‍ നമ്മുടെ അന്വേഷണം അത് മൂലം തന്നെ തടസ്സപെടുന്നു എന്ന് . പിന്നെ നമ്മള്‍ തേടുന്നത് ആ ഐഡിയ യുമായി തരതമ്യപെടുത്തിയാവും , അതല്ലാത്ത ഒന്ന് നമ്മള്‍ അറിയുമ്പോ പോലും ശ്രദ്ധയില്‍ വരാതിരിക്കല്‍ അങ്ങനെ ഒക്കെ .

  ReplyDelete