Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Tuesday, August 19, 2014

മോക്ഷം

മഴ പെയ്യുകയാണ്. കുളക്കരയിലെ ഒട്ടുമാവിന്റെ ഇലകൾ കൂടുതൽ പച്ചനിറം കൈകൊണ്ടു. വേനലിന്റെ അവശിഷ്ടങ്ങളെ മാടിയൊതുക്കി മഴത്തുള്ളികൾ ഇലകളെ നിരന്തരം തഴുകി. ഒട്ടുമാവ് കുട നിവർത്തിയതിനാൽ കുളത്തിലേക്കു വീഴുന്ന മഴത്തുള്ളികൾ ജലപ്രതലത്തിലെ ഓളങ്ങളിൽ ക്രമരാഹിത്യമുണ്ടാക്കി. ഒരു മഴത്തുള്ളിയുണ്ടാക്കുന്ന ഓളങ്ങളിൽ മറ്റുതുള്ളികൾ വീണു മുങ്ങി. ലയിച്ചു.

ജാനകി കുളത്തിൽ മുങ്ങിനിവരുന്നത് ഇടതൂർന്നു പെയ്യുന്ന മഴയിലൂടെ ആദി കണ്ടു. ജാനകിയുടെ നനഞ്ഞുണർന്ന യൗവനത്തെ മൽസരിച്ച് പുണരുന്ന മഴത്തുള്ളികൾ. അവ ജാനകിയെ അടിമുടി പൊതിഞ്ഞു പിടിക്കുകയാണ്. മഴയുടെ ആലിംഗനത്തിൽ ജാനകി നിർവൃതി കൊള്ളുന്നുണ്ടോ? ആദി അങ്കലാപ്പോടെ നോട്ടം പിൻവലിച്ചു. കുട താഴെ കുളപ്പടവിൽ വച്ച് തിരിച്ചു നടന്നു.

മുറിയിൽ അച്ഛൻ ഒറ്റക്കായിരുന്നു. മേശപ്പുറത്തു പാതിവായിച്ച് മടക്കിവച്ച പുസ്തകം. അച്ഛൻ ചാരുകസേരയിൽ കണ്ണടച്ചു കിടക്കുകയാണ്. ആദി കൈത്തലം കയ്യിലെടുത്തു തലോടി.

അച്ഛൻ കണ്ണുതുറക്കാതെ ചോദിച്ചു. “മഴ പെയ്തോ ആദി?”

കൈത്തലത്തിലെ മഴയുടെ തണുപ്പ് അച്ഛനിലേക്കു പടർന്നു.

ആദി മൂളി. “ഉം“

“അപ്പോൾ നീ എന്തു ചെയ്‌തു?”

ആദി കള്ളം പറഞ്ഞു. “കുളക്കരയിൽ ഒറ്റയ്ക്കിരുന്നു“

“നന്ന്” അല്പനേരത്തെ മൗനം. അച്ഛന്റെ സ്വരം വിറയാർന്നു. “നീ എണ്ണം പിടിച്ചോ ആദി?”

ഉവ്വെന്നു വ്യാഖ്യാനിക്കാവുന്ന വിധം ആദി തലയാട്ടി. അച്‌ഛൻ എന്തൊക്കെയോ ഓർമകളെ താലോലിച്ച് ശബ്ദമില്ലാതെ ചിരിച്ചു.

ഉച്ച. വടക്കേ കോലായിൽ, പിൻവശത്തെ കുടുസ്സുമുറിയിൽ ജാനകിയുടെ ശരീരത്തിനു മുകളിൽ തളർന്നു കിടക്കുമ്പോൾ സ്മൃതികൾ താളാത്മകമായി ഒഴുകി വന്നു. ഒടുങ്ങിയ രതിവേഗങ്ങളിൽ നിന്നു മോചനം നേടിയ സ്മൃതികൾ. ചാരിയ ജനൽ‌പാളികളിലെ വിടവിലൂടെ ഈറൻകാറ്റ് അകത്തുവന്നു. അതിന്റെ താളത്തിൽ ആദി കിതച്ചു. മുന്നിൽ, മഴയത്ത് തോർത്ത് മുണ്ടുടുത്തു കുളപ്പടവിൽ നിൽക്കുന്ന അച്ഛൻ. പിന്നെ അച്ഛൻ ഇറങ്ങിയിറങ്ങി പോയി. ഓളങ്ങളുണ്ടാക്കി കുളത്തിന്റെ ആഴങ്ങളിൽ മറഞ്ഞു. കുളപ്പടവിൽ ശീലക്കുടയുടെ കീഴിൽ നിന്നിരുന്ന കുട്ടി എണ്ണമെടുക്കാൻ തുടങ്ങി.

“ഒന്ന്, രണ്ട്, മൂന്ന്..”

നിമിഷങ്ങൾ ഘനീഭവിച്ചു. ചുറ്റിലും നിശബ്ദത നിറഞ്ഞു. നിശബ്ദത ഭയപ്പെടുത്തിയപ്പോൾ കുട്ടി എണ്ണമെടുക്കാൻ മറന്നു. കുളത്തിൽ അലിഞ്ഞു ചേരുന്ന ഓളങ്ങളെ കുനിഞ്ഞ ശിരസ്സോടെ കുട്ടി നോക്കിനിന്നു. ഓളങ്ങളില്ലാതെ സ്വഛന്ദമായി കിടക്കുന്ന ജലം. കണങ്കാലിൽ വന്നുമുട്ടുന്ന കുഞ്ഞോളങ്ങൾ പൂർണമായും നിലച്ചപ്പോൾ കുട്ടിയുടെ ഇളംമനസ്സിൽ അച്ഛൻ മരിച്ചു. ജലസമാധി. തണുപ്പിന്റെ ആവേഗത്തിൽ മൃതി അതിന്റെ പാര‌മ്യത്തിലെത്തുന്നു. ഇനി പുനർജന്മമാണ്. അതിനായി കുട്ടി കാത്തു. അൽപസമയം കഴിഞ്ഞു. കുനിഞ്ഞ ശിരസ്സിനു മുന്നിൽ ഓളങ്ങൾക്കു വീണ്ടും ജീവൻ വച്ചു. കുട്ടി തല ഉയർത്തി നോക്കി. മുന്നിൽ അച്ഛൻ!

അച്ഛൻ വാൽസല്യത്തോടെ ചോദിച്ചു. “നീ എണ്ണം പിടിച്ചോ ആദി?”

കാലിലെ രോമകൂപങ്ങൾ തണുപ്പിൽ വിജൃംഭിച്ചു. കുട്ടി രണ്ടു പടവുകൾ മുകളിലേക്കു കയറി. നനഞ്ഞു നിൽക്കുന്ന അച്ഛനിൽ നിന്നുള്ള ദുരം വർദ്ധിച്ചതുകണ്ട് പകച്ച്, അച്ഛനു നേരെ രണ്ടു കൈകളും നീട്ടി. കുട കാറ്റിൽ പറന്നുപോയി കുളത്തിൽ വീണു. മഴത്തുള്ളികൾ ചന്നംപിന്നം കുട്ടിയുടെ ശിരസിൽ പതിച്ചു. അച്ഛനൊപ്പം പടവുകൾ ഒന്നൊന്നായി മുകളിലേക്കു കയറുമ്പോഴും കുട്ടി അച്ഛന്റെ കൈയിൽ മുറുകെ പിടിച്ചു. പുനർജനിക്കാൻ അച്ഛനെ ഇനി വിട്ടുകൊടുക്കില്ല.

മയക്കത്തിൽ ആദിയുടെ ചുണ്ടുകൾ ചലിച്ചു.

“ഇല്ലച്ഛാ. ഞാൻ എണ്ണം പിടിച്ചില്ല. അക്കങ്ങളുടെ ശ്രേണിയെ എനിക്കിന്ന് ഭയമാണ്”

ജാനകി ആദിയുടെ ശിരസ്സിൽ തലോടി വിളിച്ചു. “ആദീ ആദി”

നെറ്റിയിലെ മുടിയിഴകൾ വകഞ്ഞുമാറ്റി ജാനകി ഉറ്റുനോക്കി. ആദി ഉറങ്ങിയിരുന്നു. വണ്ണം കുറഞ്ഞ കൈത്തണ്ട ജാനകിയെ വലയം ചെയ്തുകിടന്നു.

പൂമുഖം. സന്ധ്യവെളിച്ചം കറുക്കുകയാണ്. മുറ്റത്തിന്റെ തെക്കേമൂലയ്ക്കുള്ള മഞ്ചാടിമരത്തിനു ചുവട്ടിലും അന്തരീക്ഷം ഇരുണ്ടുവന്നു.

ചാരുകസേരയിൽ കിടക്കുന്ന അച്ഛന്റെ കാൽക്കൽ കസേരയിട്ടു ആദി ഇരുന്നു. അച്ഛൻ ചോദിച്ചു.

“എനിക്കിനി എന്താണ് ബാക്കിയുള്ളതെന്ന് നിനക്ക് അറിയുമോ?”

ആദി ഇല്ലെന്നു തലയാട്ടി. അച്ഛൻ കണ്ണുകളടച്ച് മന്ത്രിച്ചു. “മരണം!”

ആദി ഒന്നും മിണ്ടിയില്ല.

“മരണം അതിന്റെ പ്രയാണം തുടങ്ങുന്നത് വെളുപ്പിലാണ്. അവസാനിക്കുന്നത് കറുപ്പിലും.”

മഞ്ചാടിമരത്തിനു നേർക്ക് നോട്ടമയച്ച് അച്ഛൻ തുടർന്നു.

“ഭ്രൂണത്തിന്റെ വെളുപ്പിൽനിന്നു ചാരത്തിന്റെ കറുപ്പിലേക്കുള്ള പ്രയാണമാണ് ആദീ നമ്മുടെ ജീവിതം. സകലചരാചരങ്ങളും അങ്ങിനെ തന്നെ. നാം ജനിക്കുന്നുവെന്നു നമുക്ക് തോന്നും. എന്നാൽ നിലവിലുള്ള ഒന്നിൽനിന്നു മറ്റൊന്ന് ഉണ്ടാകുമ്പോൾ അതെങ്ങിനെയാണ് ജനനമാവുക. ശുക്ലത്തിൽ നിന്ന് ഭ്രൂണവും, ഭ്രൂണത്തിൽ നിന്നു ജീവികളും ഉണ്ടാകുന്നു. ജീവിതാന്ത്യത്തിൽ ജീവികൾ മണ്ണായി മാറി, ആ മണ്ണിൽനിന്നു ഫലങ്ങളും, ഫലങ്ങളിൽ നിന്നു അന്നവും ഉണ്ടാകുന്നു. അന്നം ജീവനെ നിലനിർത്തുന്നു. കൃത്യവും അലംഘനീയവുമായ ചാക്രിക പക്രിയ. ഇതിലെവിടെയാണ് ജനനവും മരണവും? സത്യത്തിൽ ജനനവും മരണവും ഇല്ല. വെറും രൂപാന്തരമോ പ്രത്യക്ഷപ്പെടലോ മാത്രമേ മനുഷ്യനുൾപ്പെടെ എന്തിനും ഏതിനും സംഭവിക്കുന്നുള്ളൂ. ഈ രൂപാന്തരങ്ങൾക്കിടയിലും സ്ഥിരവും അചഞ്ചലവുമായി നിലകൊള്ളുന്നത് എന്താണോ ‘അതിനെ’ അറിയുന്നവൻ ജ്ഞാനി. എനിക്ക് ‘അതിനെ’ മനസ്സിലാക്കാനായില്ല. എന്റെ അവസരം ഞാൻ നഷ്ടപ്പെടുത്തി. ഇനി വീണ്ടും ജനന-മരണ പരമ്പരയിലേക്ക്

ആദി കൈത്തലത്തിൽ തലവച്ചു ചാഞ്ഞിരുന്നു. അച്ഛനിലെ വിഷാദം ആദിയിലേക്കു പടർന്നു.

ആദി മഞ്ചാടിമരത്തിനു കീഴിലെ ഇരുട്ടിലേക്കു തുറിച്ചുനോക്കി. മങ്ങിയ ഇരുട്ടിലും ചുവപ്പുതുള്ളികൾ കാണുന്നുണ്ടോ?

പണ്ട് അച്ഛൻ നട്ടതാണ് മഞ്ചാടിമരം. കാൽമുട്ടോളം ഉയരമുള്ള മഞ്ചാടിത്തൈ നട്ട്, ചുറ്റിലും ഇല്ലിമുള്ളുകൾ വളച്ചു വേലികെട്ടി, വെള്ളമൊഴിക്കുമ്പോൾ അച്ഛനു ചാരെ ആദിയുമുണ്ടായിരുന്നു.

ആദി ചോദിച്ചു. “അച്‌ഛാ. മഞ്ചാടിക്കുരുവിന്റെ നിറമെന്താ?”

“കടും ചുവപ്പാണ് ആദി”

“രാത്രിയിലോ?”

അച്‌ഛൻ ചിരിച്ചു. “കറുപ്പ്”

“അപ്പോൾ രാത്രിയിൽ മഞ്ചാടിക്കുരു കാണാൻ പറ്റില്ലേ?”

“ഇല്ല. രാത്രിയിൽ ഒന്നും കാണാൻ പറ്റില്ല. രാത്രി മരണമാണ് ആദി.”

ഇനി അവശേഷിച്ചിരിക്കുന്നത് മരണമാണെന്നു അച്ഛൻ ആദ്യവീഴ്ചയിൽ മനസ്സിലാക്കിയില്ല. അല്ലെങ്കിൽ മനസ്സിലായിട്ടും അതിനോടു പൊരുത്തപ്പെട്ടില്ല. ഒരു ഉയിർത്തെഴുന്നേൽപ്പ് അച്ഛൻ സ്വപ്നം കണ്ടു. സ്പർശനശേഷിയില്ലാത്ത കാൽ‌പാദത്തിലും വിരലുകളിൽ കുമിഞ്ഞുകൂടിയ അഴുക്കുകളും പൊറ്റകളും ചൂണ്ടിക്കാട്ടി അവ്യക്തമായ ഭാഷയിൽ അച്ഛൻ പരിതപിച്ചു. കാണാൻ വന്ന ബന്ധുക്കളിലാരോ ഉറക്കെ പറഞ്ഞു.

“ഇനിയിപ്പോ പണ്ടത്തെപ്പോലെ വെടുപ്പായി കിടന്നിട്ട് എന്താ കാര്യം”

അച്ഛൻ അതു കേട്ടു. പകപ്പോടെ, ദൈന്യതയോടെ, നിസ്സഹായതയോടെ അച്ഛൻ ചുറ്റും നോക്കി. ഏറെ മുഖങ്ങളിലൂടെ മിഴികൾ അലഞ്ഞു. ഒടുവിൽ മകനിൽ നോട്ടമുറച്ചു. മനസ്സുകളുടെ സംവദനം. ബന്ധുക്കൾ പിരിഞ്ഞപ്പോൾ മകൻ അടുത്തു ചെന്നു.

“അച്ഛാ”

ചോരയോട്ടം കുറഞ്ഞ, മസിലുകൾ തകർന്ന, മെലിഞ്ഞ കാലുകൾ മകൻ സ്വന്തം മടിയിലേക്കു എടുത്തുവച്ചു. അനക്കാനാകാതെ, ഉറച്ചുപോയ കാൽവിരലുകളിൽ നീണ്ടുവളഞ്ഞ നഖങ്ങൾ. അവ ശ്രദ്ധാപൂർവ്വം വെട്ടി. ചെറിയ കാൽവിരലുകൾക്കിടയിൽ പൂപ്പൽപിടിച്ച് തൊലി വെളുത്തുകിടന്നു. മരണം അതിന്റെ പ്രയാണം തുടങ്ങുന്നത് വെളുപ്പിലൂടെയാണെന്നു അച്ഛൻ അറിഞ്ഞത് അന്നാണ്. മടിയിൽ വെള്ളത്തുണി വിരിച്ച് അച്ഛന്റെ കൈവിരലുകളും അലങ്കോലമായ താടിരോമങ്ങളും മകൻ വെട്ടിയൊതുക്കി. വെള്ളത്തുണിയിൽ നരച്ച താടിരോമങ്ങൾക്കൊപ്പം ചൂടുകണ്ണീരും ഇടതടവില്ലാതെ വീണു.

അച്ഛൻ ചാരുകസേരയിൽ അനങ്ങിയിരുന്നു. ആദി ചോദിച്ചു. “വായിക്കണോ”

അച്ഛൻ ദുർബലമായി മൂളി. ആദി പൂജാമുറിയിൽ നിന്നു ഗീത കൊണ്ടു വന്നു. അച്ഛന്റെ അരികിൽ, നിലത്തിരുന്ന് വായിച്ചു. മനഃനിയന്ത്രണത്തെ  ഉദ്‌ഘോഷിക്കുന്ന ഭാഗമെത്തിയപ്പോൾ അച്ഛൻ അസ്വസ്ഥനായി.

“യേ ഹി സംസ്പർശജാ ഭോഗാ, ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൗന്തേയ, ന തേഷു രമതേ ബുധഃ” (1)

“ശക്നോതീഹൈവ യഃ സോഢും, പ്രാക്‌ശരീരവിമോക്ഷണാത്
കാമക്രോധോദ്‌ഭവം വേഗം, സ യുക്‌ത സ സുഖീ നരഃ” (2)

അച്ഛൻ വിലക്കി. “ആദീ മതി.”

ഗീത മടക്കി തൊഴുത് പൂജാമുറിയിലേക്കു നടക്കുമ്പോൾ അച്ഛന്റെ കവിളിൽ കണ്ണീർച്ചാലുകൾ ആദി കണ്ടു. ചെയ്തികളുടെ ഭാരം, പാപം. അവ വിടാതെ പിന്തുടരുമെന്ന് അച്ഛൻ മനസ്സിലാക്കിക്കഴിഞ്ഞു. അടുത്ത ജന്മത്തിൽ കാത്തിരിക്കുന്നത് എന്തെന്ന ചോദ്യം ഉള്ളിൽ വീർപ്പുമുട്ടി നിൽക്കുന്നുണ്ട്. ആദി ദീർഘമായി നിശ്വസിച്ചു.

രാത്രി. മഴ തോർന്നിരുന്നില്ല. തലയിണയിൽ കൈകൾ പിണച്ചുവച്ച് ആദി മലർന്നു കിടന്നു. വാതിൽപ്പാളികൾ തുറന്നടയുന്ന ശബ്ദം കേട്ടു. ജാനകി!

പണ്ടൊരിക്കൽ കതകുതുറന്ന് കിടപ്പറയിൽ ജാനകി ആദ്യമായി വന്നതും ഇതുപോലെ മഴയുള്ള ഒരു രാവിലാണ്. അപ്രതീക്ഷിതമായി കോളേജിൽനിന്നു വീട്ടിലേക്കു വിളിക്കപ്പെട്ട ഒരു ദിവസം. ആദി എത്തിയപ്പോൾ വീട്ടിൽ പുതിയ ഒരംഗം ഉണ്ടായിരുന്നു. രാവിലെ ഒട്ടുമാവിനു കീഴിലെ ആമ്പൽകുളത്തിൽ നീരാടുന്ന തിളയ്ക്കുന്ന നഗ്നത ഒളിഞ്ഞുനിന്ന് കണ്ടു. ഉച്ചക്കു ഊണിനിടയിൽ അച്ഛൻ തലമുടിയിൽ വിരലുകൾ ഓടിച്ച് വാൽസല്യത്തോടെ പറഞ്ഞു.

“കുട്ടാ. ജാനകിയെ അച്‌ഛൻ ഇങ്ങോട്ടു കൊണ്ടുവന്നു”

ജാനകിയ്ക്കു ആദിയുടെ വല്യേച്ചിയാകാനുള്ള പ്രായമേയുള്ളൂ. കേട്ടത് വിശ്വസിക്കാനാകാതെ കുട്ടിത്തം അവശേഷിക്കുന്ന ജാനകിയുടെ മുഖത്ത് ആദി ഒരുമാത്ര നേരം തുറിച്ചുനോക്കി. പിന്നെ അച്ഛനേയും. അച്ഛൻ ചൂളി. ആദി ഒന്നും മിണ്ടിയില്ല. മുഖം കുനിച്ചു ചോറുണ്ണൽ തുടർന്നു.

“അമ്മ ഇനി വരില്ല.” ഏതാനും നിമിഷത്തെ നിശബ്ദത. പതർച്ചയോടെ അച്ഛൻ ബാക്കി പൂരിപ്പിച്ചു. “ജാനകി ഇവിടെ നിൽക്കുന്നതിൽ കുട്ടന് വിരോധമുണ്ടോ?”

കുളത്തിൽ മുങ്ങിപ്പൊങ്ങിയ യൗവനം ആദിയുടെ അരക്കെട്ടിനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. ആദി വിരോധമില്ലെന്നു തലയാട്ടി. അച്‌ഛൻ സന്തോഷിച്ചു. ജാനകി അതിലേറെ. അവർ അടുത്തുവന്ന്, ആദിയെ ശരീരത്തോടു ചേർത്തുപിടിച്ച് കവിളിൽ ഉമ്മവച്ചു. ജാനകിക്കു മുല്ലയുടെ മണമായിരുന്നു. ചെറിയ മഞ്ചാടിമരത്തെ പുണർന്നു കയറിയ മുല്ലയുടെ മണം.

അന്നു രാത്രി ജാനകി വാതിൽതുറന്ന് കിടപ്പുമുറിയിൽ വന്നു. മുകളിൽ അമർന്ന ശരീരത്തിൽനിന്നു മുല്ലപ്പൂ മണം വിട്ടുമാറിയിരുന്നില്ല. അരക്കെട്ടിന്റെ വേദനയെ ജാനകി താളാത്മകമായി ഏറ്റെടുത്തു. അച്‌ഛൻ കുടിച്ച് ബോധംകെട്ട രാത്രി. അച്‌ഛന്റെ കൂർക്കംവലിക്കും, മഴയുടെ ഇരമ്പലിനും മീതെ ജാനകിയുടെ സീൽക്കാരം മുഴങ്ങി. പിറ്റേന്നു മുതൽ കുളക്കരയിൽ ജാനകിക്കു കാവൽ ഇരുന്നു. അച്‌ഛൻ അതറിഞ്ഞില്ല.

അച്ഛന്റെ മുറിയിൽ ഒരു പഴയ വിവാഹഫോട്ടോ ഉണ്ടായിരുന്നു. ഫ്രെയിം ചെയ്തത്. അച്ഛൻ പുസ്തകം വായിക്കാനും മറ്റും ഉപയോഗിക്കുന്ന മേശയിൽ അതിരിക്കുന്നത് ആദി കണ്ടിട്ടുണ്ട്. വിവാഹ ഫോട്ടോയിലെ ഒരു മുഖത്തിനേ വ്യക്തതയുള്ളൂ. അത് അച്ഛനാണ്. അമ്മയുടെ മുഖം ഫ്രെയിമിൽനിന്നു ആരോ ചുരണ്ടിക്കളഞ്ഞിരിക്കുന്നു. ഒരുപക്ഷേ അച്ഛൻ തന്നെയാകാം അത് ചെയ്തത്. ഇന്നുവരെ ചോദിച്ചിട്ടില്ല. കൗമാരത്തിലും യൗവനത്തിലും അച്ഛനെ മാത്രം കണ്ടുവളർന്നു. അമ്മയെ അറിഞ്ഞില്ല. മാതൃ‌വാൽസല്യവും അറിഞ്ഞില്ല. എല്ലാ സ്ത്രീകളേയും പെണ്ണായി കണ്ടു. എല്ലാവരുടേയും ശരീരത്തിൽ നോക്കി. എല്ലാവരോടും കാമം തോന്നി. കണക്കുകൂട്ടലുകൾ പിഴയ്ക്കുകയാണെന്ന് മനസ്സിലായപ്പോൾ അച്ഛൻ പശ്ചാത്തപിച്ചു. മേശപ്പുറത്ത് ഫ്രെയിം ചെയ്ത പുതിയ വിവാഹഫോട്ടോ സ്ഥാപിതമായി. അതിലെ അമ്മ സുന്ദരിയായിരുന്നു. വെറും ‘സുന്ദരി’. ഒരു മിനിറ്റ് നേരം ഫോട്ടോയിൽ ഉറ്റുനോക്കിയ ശേഷം ആദി ബ്ലേഡുകൊണ്ട് സുന്ദരിയുടെ മുഖം ചുരണ്ടിക്കളഞ്ഞു. പക്ഷേ അച്ഛൻ പെൻസിൽ കൊണ്ടു മുഖം കോറിവരച്ചു. പിറ്റേന്നു ഫ്രെയിം ചെയ്ത വിവാഹഫോട്ടോ കുളത്തിന്റെ ആഴങ്ങളിൽ എന്നേന്നേക്കുമായി വിശ്രമം തുടങ്ങി.

അമ്മ വെറും പെണ്ണായി മനസ്സിൽ കുടിയേറരുത്!

ജാനകി കിടക്കയിൽ ഇരുന്നു. മനപ്പൂർവ്വം കണ്ണടച്ചു കിടക്കുകയായിരുന്ന ആദിയുടെ കണ്ണുപൊത്തി. പതിവ് ആലിംഗനം പ്രതീക്ഷിച്ചായിരിക്കണം അങ്ങിനെ ചെയ്തത്. പക്ഷേ ആദി അനങ്ങിയില്ല. അച്ഛന്റെ വാക്കുകൾ മനസ്സിൽ പതിഞ്ഞിരുന്നു.

നീ രൂപാന്തരങ്ങൾക്കിടയിലും സ്ഥിരവും അചഞ്ചലവുമായി നിൽക്കുന്നതിനെ അറിഞ്ഞ് ജ്ഞാനിയാവുക ആദീ!”

ആദി കിടക്കയിൽനിന്നു എഴുന്നേറ്റു ജനലിനരികിലേക്കു നടന്നു. അടച്ചിട്ടിരുന്ന ജനൽപാളികൾ തുറന്ന് മഴയെ നോക്കി നിന്നു. ആദി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ഞാൻ നാളെ രാവിലെ പോകും”

ജാനകി അമ്പരന്നു. “ഒരാഴ്ച കഴിഞ്ഞേ മടങ്ങുന്നുള്ളൂവെന്ന് പറഞ്ഞിട്ട്”

ആദി ചിന്തയിലാണ്ട് ഇരുന്നതല്ലാതെ മറുപടി പറഞ്ഞില്ല. ജാനകി അന്വേഷിച്ചു. “ഇനിയെന്നാണ് വരിക?”

“അറിയില്ല ജാനകി. എന്നെ ഇനി കാക്കേണ്ട”

ജാനകി കിടക്കയിൽനിന്നു എഴുന്നേറ്റ് ജനലരുകിൽ വന്നു. ആദിയുടെ മൂർദ്ധാവിൽ ചുംബിച്ച് ഒന്നും പറയാതെ മുറിവിട്ടു പോയി. മുല്ലപ്പൂ മണം മുറിയിൽ നേർത്ത് നേർത്തുവന്നു.

ജനലഴിയിൽ പിടിച്ച് ആദി മഴയെ നോക്കി വീണ്ടും കുറേനേരം നിന്നു.


ഗീതാവാക്യങ്ങളുടെ തർജ്ജമ:-

1.    കുന്തീപുത്ര, വിഷയേന്ദ്രിയങ്ങളുടെ സംബന്ധം കൊണ്ടുണ്ടാകുന്ന സുഖങ്ങളെല്ലാം ഉണ്ടായി നശിക്കുന്നവയും ദുഃഖത്തിനിടയാക്കുന്നവയും തന്നെയാണ്. വിവേകി ആ സുഖങ്ങളിൽ ആസക്തനാകുന്നില്ല.

2.    മരണത്തിനു മുമ്പ് ഈ ജന്മത്തിൽ തന്നെ കാമത്തിന്റേയും ക്രോധത്തിന്റേയും തള്ളിക്കയറ്റത്തെ സഹിക്കാൻ സാമർത്ഥ്യമുള്ളവൻ; ബാഹ്യാന്തഃകരണങ്ങളെ ഒതുക്കിനിർത്തിയവൻ; അവൻതന്നെയാണ് സുഖത്തെ അനുഭവിക്കുന്നത്.