Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Wednesday, April 2, 2014

ചില അറിയപ്പെടാത്ത കഥകൾ: Chapter 1, ഫ്ലാഷ് ബാക്ക്

To read the English Version of this Post, Please Click Here.

കുട്ടിക്കാലം മങ്ങിയ ഓർമകളുടേതാണ്. എല്ലാം ചികഞ്ഞെടുക്കാനാകില്ല. ചികഞ്ഞാൽ കിട്ടുന്നവയിൽ തന്നെ ‘നോട്ട് ക്ലിയർ’ എന്നു കാലം മുദ്ര പതിപ്പിച്ചിട്ടുള്ള ഓർമകളുടെ ആധിക്യം. മുഖമില്ലാത്ത കഥാപാത്രങ്ങളുടെ ഘോഷയാത്ര. അപ്പോൾ പതറുകയായി. എല്ലാ മുഖങ്ങളോടും ഞാൻ ചോദിക്കും. താങ്കൾ ആരാണ്? എന്നാണ് നമ്മൾ കണ്ടുമുട്ടിയത്? എങ്ങിനെയാണ് തമ്മിൽ പരിചയം? എനിക്കു കിട്ടിയ മറുപടികൾ എല്ലാം പരസ്പരവിരുദ്ധമായിരുന്നു. ഒന്നിനെ അടിസ്ഥാനരഹിതമാക്കുന്ന മറ്റൊന്ന്. കുരുക്കഴിച്ചെടുക്കുക കഠിനം തന്നെ. ഞാൻ തീരുമാനിച്ചു. പിന്തിരിഞ്ഞു നോക്കരുത്. പിന്നിൽ സാഗരമാണ്. കുത്തഴിഞ്ഞ ഓർമകളുടെ സാഗരം. അതിന്റെ ആഴങ്ങളിൽ മുങ്ങരുത്. കുട്ടിക്കാലത്തോടും, പോരാതെ, ഓർമ എന്നതിനോടു തന്നെയും വിദ്വേഷം തോന്നാം. അതിനാൽ നോട്ട് ക്ലിയർ ഓർമ്മകൾ ഒഴിവാക്കുക. തലച്ചോറിനെ രക്ഷിക്കുക. തലച്ചോർ നമുക്കു ഭാവിയിലേക്കു ആവശ്യമുണ്ട്. ചിന്തിച്ചു തീരുമാനങ്ങൾ എടുക്കാനല്ല. മറിച്ചു ഓരോ കാൽവയ്പ്പും പാളുമ്പോൾ, ശകാരിക്കാനും കുറ്റപ്പെടുത്താനുമായി. തലച്ചോർ ആണല്ലോ അത്യന്തികമായ കുറ്റവാളി. കുറ്റവാളിയുടെ ആരോഗ്യപരിപാലനം വളരെ പ്രധാനമാണ്. അതിനാൽ ‘ക്ലിയർ’ ലേബലുള്ള ഓർമയിൽമാത്രം മേയുക. മുഖമുള്ള വ്യക്തികളും, കൂടിക്കാഴ്ചയുടെ സമയവും സന്ദർഭവും തലച്ചോറിന്റെ ജോലി അനായാസമാക്കും. അത്തരത്തിലുള്ള ഒരു ഓർമ്മ ഞാൻ പങ്കുവയ്ക്കുന്നു.

വളരെ തെളിച്ചമുള്ള ഈ ഓർമയിൽ ഒരു കുട്ടിയും, കുട്ടിയുടെ അച്ഛനുമാണ് കഥാപാത്രങ്ങൾ. വൈകുന്നേരങ്ങളിൽ അൽപം മിനുങ്ങി, സൈക്കിൾ ചവിട്ടി വീട്ടിലെത്തുന്ന അച്ഛൻ. ഉമ്മറത്തെ മരക്കസേരയിലിരുന്നു കൈത്തലത്തിൽ, ശാസ്താംപാട്ടിന്റെ താളം പിടിക്കുന്ന അച്ഛൻ. അതു രാവേറെ ചെല്ലുവോളം നീളും. ഇടയ്ക്കു അച്ഛൻ ഭക്തിപാരവശ്യത്താൽ കൈകൂപ്പി പ്രാർത്ഥിക്കുകയും ചെയ്യും. എന്റെ കൊച്ചനെ കാത്തോളണേ പിതൃക്കളേ.

കുട്ടി കണ്ടിട്ടില്ല അച്ഛൻ അമ്പലങ്ങളിൽ പോകുന്നതും ദൈവങ്ങളോടു പ്രാർത്ഥിക്കുന്നതും. കുട്ടി കണ്ടിട്ടില്ല അച്ഛൻ ദൈവങ്ങൾക്കെതിരെ പറയുന്നത്. കുട്ടി അറിയുന്ന അച്ഛനു മറ്റു ഭാവങ്ങളാണ്. മരക്കസേരയിലിരുന്നു ശാസ്താംപാട്ടിന്റെ വരികൾ ചൊല്ലി, ഇടത്തേ ഉള്ളംകയ്യിൽ താളമിടുന്ന അച്ഛൻ. ശാസ്താംപാട്ടു പാടി കൈത്തലത്തിൽ കൊട്ടുന്നതായിരുന്നു അച്ഛന്റെ പ്രാർത്ഥനകൾ.

ഒരിക്കൽ കുട്ടി അടുത്തുവന്നു ആവശ്യപ്പെട്ടു. “അച്ഛാ എനിക്കു പാട്ട് പഠിക്കണം”

അച്ഛൻ മുറിയ്ക്കകത്തു പോയി. കറുപ്പുനിറമുള്ള തുണിസഞ്ചിയിൽനിന്നു ശാസ്താംപാട്ട് ഉടുക്ക് എടുത്തു തിരിച്ചുവന്നു. ഉടുക്കിന്റെ ഇളംമഞ്ഞ നിറമുള്ള ചരടുകൾ മുറുക്കിക്കെട്ടി. ശബ്ദസ്ഥായി പരിശോധിക്കാൻ ഒന്നുരണ്ടു തവണ കൊട്ടി. പിന്നെ കുട്ടിയെ മടിയിലിരുത്തി, പഠിപ്പിച്ച താളങ്ങൾ വീണ്ടും പഠിപ്പിക്കാൻ തുടങ്ങും. “ത... തക... തക... തി....ന്ത”

കുട്ടി ഓർമിപ്പിച്ചു. “അതു പഠിച്ചതാ”

അച്ഛൻ അപ്പോൾ അടുത്തതിലേക്കു കടക്കും. “ഹരിശ്രീ എന്നരുൾ ചെയ്ത, ഗുരുവിനെ സ്മരിച്ചു ഞാൻ...”

കുട്ടി തടഞ്ഞു. “അതും പഠിച്ചതാ”

അച്ഛൻ പറഞ്ഞു. “എങ്കിൽ അതു ആവർത്തിച്ചു ആവർത്തിച്ച് ഹൃദിസ്ഥമാക്കുക. ബാക്കി പിന്നീട്”

കുട്ടിയിതു കേൾക്കാൻ തുടങ്ങിയിട്ടു നാളുകൾ ഏറെയായിരുന്നു. പഠിപ്പിച്ച വരികളെല്ലാം എന്നേ ഹൃദിസ്ഥമായി. എന്താണ് അച്ഛൻ കൂടുതൽ പഠിപ്പിക്കാത്തത്?

കുറേക്കാലം കൂടി അച്ഛൻ നിസ്സഹകരണം ആവർത്തിച്ചു. ഒടുക്കം കുട്ടിയോടു തുറന്നു പറഞ്ഞു. “നിന്റെ വഴി ഇതല്ല മകനേ”

പിന്നീടുള്ള ദിവസങ്ങളിലും അച്ഛൻ മരക്കസേരയിലിരുന്നു കൈത്തലത്തിൽ താളമിട്ടു പാട്ടുപാടി. മദ്യലഹരിയിൽ ഇടക്കിടെ അവ്യക്തമായി പ്രാർത്ഥിച്ചു. കാതുകൂർപ്പിച്ചിരുന്ന കുട്ടി അതു കേട്ടു. ‘എന്റെ കൊച്ചനെ കാത്തോളണേ പിതൃക്കളേ’. അച്ഛന്റെ കരുതൽ. ചുമരിനോടു ചേർന്നിരുന്നു പാഠപുസ്തകം വായിക്കുന്ന കുട്ടിക്കതു ഇഷ്ടമാണ്.

നാളുകൾ ഏറെ കഴിഞ്ഞു. അന്നൊരിക്കൽ പുസ്തകവായന കഴിഞ്ഞ കുട്ടിയെ അച്ഛൻ അടുത്തു വിളിച്ചു. കൈത്തണ്ടയിൽ കടിച്ച് സ്നേഹപ്രകടനം നടത്തിയ ശേഷം ചോദിച്ചു.

“മോനു ഇപ്പോഴും പാട്ടു പഠിക്കാൻ ആഗ്രഹമുണ്ടോ?”

കുട്ടി ഉൽസാഹത്തോടെ ഉണ്ടെന്നു തലയാട്ടി. അച്ഛൻ തല ചുമരിനോടു ചേർത്തു സങ്കടപ്പെട്ടു. എതിർപ്പുകളാൽ കെട്ടിവരിയപ്പെട്ടവന്റെ നിസ്സഹായത.

അച്ഛൻ തീരുമാനിച്ചു. കുട്ടിയിൽ ഇനി ആഗ്രഹമുണർത്തരുത്. എല്ലാം അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. അക്കൊല്ലം വിഷുവിന്റെ തലേന്നു, ചങ്ക്രാന്തി ദിവസം, ഇരുപത്തഞ്ചുകൊല്ലം അയ്യപ്പൻവിളക്കിനു കൊട്ടിയ ശാസ്താംപാട്ട് ഉടുക്ക് അച്ഛൻ വാക്കത്തികൊണ്ടു വെട്ടിപ്പൊളിച്ചു. പൊളിഞ്ഞിട്ടും വേർപിരിയാതെ മഞ്ഞച്ചരടുകൾ ഉടുക്കിനെ ചേർത്തു നിർത്തുന്നത് കണ്ടപ്പോൾ, അച്ഛൻ പല്ലു ഞെരിച്ച് പകയോടെ, മൂർച്ചയുള്ള അരിവാളെടുത്തു ചരടുകൾ മുറിച്ചു. കുട്ടി ഓർക്കുന്നു. അച്‌ഛൻ അപ്പോൾ കരയുന്നുണ്ടായിരുന്നു. കണ്ണിൽനിന്നു വീണ വെള്ളത്തുള്ളികൾ ഇടതൂർന്ന താടിരോമങ്ങളിലൂടെ ഒഴുകി.

അച്ഛൻ പിന്നീടു പാടിയില്ല. വൈകുന്നേരങ്ങളിൽ മരക്കസേരയിൽ മണിക്കൂറുകളോളം മിണ്ടാതെ വെറുതെയിരുന്നു. തയമ്പ് തടംകെട്ടിയ കൈവെള്ളയിൽ താളം പിടിക്കാൻ അറിയാതെ മനമായുമ്പോഴെല്ലാം മിഴികൾ നിറഞ്ഞു. കുട്ടിയറിയാതെ അച്ഛൻ തോർത്തുകൊണ്ടു കണ്ണുതുടച്ചു. ഗദ്ഗദം മറയ്‌ക്കാൻ മുറ്റത്തേക്കു കാർക്കിച്ചു തുപ്പി. എന്നിട്ടും സ്വയം നിയന്ത്രിക്കാനാകാതെ വരുമ്പോൾ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലിരുന്നു പാഠപുസ്‌തകങ്ങൾ വായിക്കുന്ന കുട്ടിയോടു ഉച്ചത്തിൽ കൽപ്പിക്കും.

“എഴ്‌തെടാ. എഫ്ഫേട്ടി എച്ചീയാർ... ഫാദർ”

അച്ഛൻ കുട്ടിയുടെ മനസ്സിൽ തന്നെത്തന്നെ പതിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കാലത്തിനു പോലും മായ്ക്കാനാകാത്ത മുദ്രകൾ കുത്തുകയായിരുന്നു. അച്ഛനതിനേ കഴിയുമായിരുന്നുള്ളൂ. അച്ഛനതിനു കഴിയുകയും ചെയ്തു.

അന്നു ഹൃദിസ്ഥമാക്കിയ വരികൾ കുട്ടിയിൽ ഇന്നും തെളിച്ചമുള്ള ഓർമയാണ്.
ഹരിശ്രീ എന്നരുൾ ചെയ്ത, ഗുരുവിനെ സ്മരിച്ചു ഞാൻ...”
                                               

കഴിഞ്ഞു. ക്ലിയർ ഓർമ ഇതു മാത്രമാണ്. ഇത്തരം ഓർമകളുടെ ലിസ്റ്റ് അനന്തമായി നീളാൻ ആഗ്രഹമുണ്ടെങ്കിലും, ആഗ്രഹങ്ങൾ എല്ലാം സാക്ഷാത്കരിക്കപ്പെടുന്നില്ല. സാക്ഷാത്കരിക്കപ്പെടാത്ത ആഗ്രഹങ്ങൾ പ്രതീക്ഷകളാണ്. ‘ഒരുപക്ഷേ ഭാവിയിൽ’ എന്ന പ്രതീക്ഷ. ജീവിക്കാൻ വേണ്ട ശക്തിയും പ്രേരണയുമാണവ. കാലം പോകുന്തോറും എന്നിലെ സ്മരണകൾ കൂടുതൽ തെളിച്ചമുള്ളതാകും എന്നു പ്രതീക്ഷിക്കുന്നു. അതും ഒരുപരിധി വരെ മാത്രം. അവകാശവാദങ്ങൾക്കു അല്ലെങ്കിലും എവിടേയും ഒന്നും ചെയ്യാനില്ല.

മുകളിൽ എഴുതിയ ഓർമയ്ക്കു വളരെ പ്രസക്തമായ ഒരു തലമുണ്ട്. അതു സംഭവിച്ചത് ഞാൻ ഫിസിക്കലി കംമ്പ്ലീറ്റ് ആയിരുന്ന കാലത്താണ്. പരിമിതികൾ ഇല്ല. സാധ്യതകളും അവസരങ്ങളുമായിരുന്നു എവിടേയും. മറ്റുള്ളവരോടു നേർക്കുനേർ നിന്നു ഇടതടവില്ലാതെ കലഹിച്ചും സംസാരിച്ചും മുന്നേറിയ നാളുകൾ. ഞായറാഴ്ചകളിൽ ആകാശവാണിയിലെ ഗാനതരംഗിണി കേട്ടു ആസ്വദിച്ചിരുന്ന നാളുകൾ. കുറച്ചകലെയുള്ള കമ്പനിയിലെ സൈറൺ കേട്ടു സമയനിർണയം നടത്തിയ നാളുകൾ. രാത്രിയിൽ മുത്തശ്ശി പറഞ്ഞുതരുന്ന പുരാണകഥകൾ കേട്ടു ഉറങ്ങിയ നാളുകൾ. അതെ, ലോകം എനിക്കുമുന്നിൽ തുറന്നു കിടക്കുകയായിരുന്നു. ജീവിതആസ്വാദനം അന്നു പൂർണമായിരുന്നു.

പച്ചപ്പ് നിറഞ്ഞ ജീവിതത്തിൽ താളപ്പിഴകൾ ആരംഭിച്ചത് എന്നാണെന്നു കൃത്യമായ ഓർമയില്ല. അതൊരു ‘നോട്ട് ക്ലിയർ’ ഓർമ്മയാണ്. ഇടതുചെവിയിലെ മൂളക്കം, വിറ്റാമിൻ കുറവ്, തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഒ.പി സെക്ഷൻ എന്നിങ്ങനെ കുറേ ചിതറിയ ഓർമകൾ. ഒന്നുമാത്രമേ ഉറപ്പിച്ചു പറയാനാകുന്നുള്ളൂ. ശ്രവണന്യൂനത ഉണ്ടെന്നു ഞാൻ അന്നു സ്വയം അംഗീകരിച്ചിട്ടില്ലായിരുന്നു. ചിലർ അടക്കംപറഞ്ഞു തുടങ്ങിയിട്ടുപോലും ഞാൻ ദൃഢവിശ്വാസത്തിൽ തുടർന്നു. മറ്റുള്ളവരോടു ‘നിങ്ങളെപ്പോലെയാണ് ഞാനും’ എന്നു തറപ്പിച്ചു പറഞ്ഞു. അതവരെ കൊണ്ടു അംഗീകരിപ്പിക്കാൻ വാശിപിടിച്ചു. ‘സുനിലിന്റെ ചെവി പതമാണ്’ എന്നു അടക്കം പറയുന്നവരുടെ എണ്ണം കൂടിയപ്പോൾ ഞാനവരെ ഭയത്തോടെ നോക്കി. പിന്നെ എന്നെത്തന്നെയും, എന്റെ ശരീരത്തേയും. ഞാൻ അറിയാതെ എന്നിൽ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? ആന്തരികമായോ ബാഹ്യമായോ? എനിക്കു ഒന്നും കണ്ടെത്താനായില്ല. ഞാൻ സുഹൃത്തുക്കളെ തിരുത്തിക്കാൻ ശ്രമിച്ചു. ‘നോക്കൂ എനിക്കു കുഴപ്പമില്ല. എല്ലാം നിങ്ങളുടെ തോന്നലുകളാണ്’. പക്ഷേ അത്തരം അപേക്ഷകൾ ആരും ചെവികൊണ്ടില്ല. അപ്പോൾ പതിനൊന്നുകാരൻ തളർന്നു. തളർച്ചക്കു ആക്കംകൂട്ടി ഇടതുചെവിയിൽ പതിഞ്ഞ മുഴക്കം, ശ്രദ്ധിക്കുമ്പോൾ, കേട്ടു തുടങ്ങി. വിശദീകരണങ്ങൾക്കു വഴങ്ങാത്ത ഒരു മുരൾച്ച. ചൂളം വിളിയല്ല, ഏതെങ്കിലും സംഗീതോപകരണത്തിന്റെ ശബ്ദമല്ല, മൃഗങ്ങളുടെ മുരൾച്ചയല്ല. ചുരുക്കിപ്പറഞ്ഞാൽ ഈ ശബ്ദം പ്രകൃതിയിൽ ഒരിടത്തും കേട്ടിട്ടില്ല. ശ്രവണന്യൂനതയുള്ള ചിലരുടെ ചെവിയിൽ മാത്രം ഇതുണ്ടാകും. അവർക്കു മാത്രം കേൾക്കാവുന്ന, അനുഭവസ്ഥമാകുന്ന, മറ്റുള്ളവരോടു അതിന്റെ സ്വഭാവത്തെപ്പറ്റി വിശദീകരിച്ചു മനസ്സിലാക്കിയ്ക്കാനാകാത്ത ഒരു ശബ്ദം. അതു സ്ഥായിയായി എന്റെ ചെവിയിൽ കൂടുകൂട്ടി. പുറം ലോകം എനിക്കുമേൽ നിബന്ധനകൾ വച്ചുതുടങ്ങി. ഗാനതരംഗിണി ആസ്വാദനം നിലച്ചു. സൈറൺ കേൾക്കുന്ന തീവ്രതക്കു മാറ്റം വന്നു. മുത്തശ്ശിയുടെ കഥപറച്ചിൽ മാത്രം മാറ്റമില്ലാതെ തുടർന്നു. ആ ശബ്ദം ഇടറിത്തുടങ്ങാൻ പിന്നേയും കാലമെടുത്തു. എല്ലാത്തിന്റേയും തുടക്കം ഇവിടെ നിന്നാണ്. പതിഞ്ഞ തുടക്കം.


ഇന്നുവരെയുള്ള ജീവിതത്തിൽ, ഞാൻ കുറേ പരിവർത്തന ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കൗമാരത്തിൽ നിന്നു യൗവനത്തിലേക്കു, സ്കൂളിൽനിന്നു കോളേജ്‌ തലത്തിലേക്കു, ജനിച്ചുവളർന്ന നാട്ടിൽനിന്നു ബാംഗ്ലൂരിലേക്കു., അങ്ങിനെയുള്ള ട്രാൻസിഷനുകൾ. ഇവയെല്ലാം വൈകാരികവുമായിരുന്നു. അതിനാൽ പുത്തൻ സാഹചര്യങ്ങളുമായി ഒത്തുപോകൽ എളുപ്പമായിരുന്നില്ല. പൊരുത്തപ്പെട്ടു പോകാൻ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ ട്രാൻസിഷൻ ഏതെന്നു ചോദിച്ചാൽ മറുപടി പറയാൻ ഒരുനിമിഷം പോലും എനിക്കു ശങ്കിക്കേണ്ടതില്ല. ‘ശ്രവണ വൈകല്യമില്ല’ എന്ന നിലയിൽനിന്നു ‘ശ്രവണ വൈകല്യമുള്ളവൻ’ എന്ന അവസ്ഥയിലേക്കുള്ള ട്രാൻസിഷനാണ് എന്നെയാകെ പിടിച്ചുലച്ചത്. പന്ത്രണ്ടാം വയസ്സിൽ ആരംഭിച്ച ഈ കൂടുമാറൽ വളരെ വേദനാജനകമായിരുന്നു. ‘വൈകല്യമുള്ളവൻ’ എന്ന അവസ്ഥയോടു പൊരുത്തപ്പെടാതെ എന്റെ മനസ്സ് ഏറെ നാൾ ചെറുത്തുനിന്നു. ആ പോരാട്ടം വൃഥാവ്യായാമം ആണെന്നു അക്കാലത്തു അറിഞ്ഞിരുന്നുമില്ല.

കാലക്രമത്തിൽ എന്റെ വൈകല്യം ഏവരും അറിയുകയും അംഗീകരിക്കുകയും ചെയ്തു. എന്നോടുള്ള അവരുടെ പെരുമാറ്റവും അതിനനുസരിച്ചു മാറി. എന്നിട്ടും ഞാൻ പ്രതീക്ഷ കൈവിടാതെ മറ്റൊരു ലോകത്തിൽ ജീവിച്ചു. ആ ലോകത്ത് ഞാൻ ന്യൂനതകളില്ലാത്ത ഒരുവന്റെ കുപ്പായം അണിഞ്ഞ്, മറ്റുള്ളവർ എന്നോടു ന്യൂനതകളില്ലാത്ത ഒരുവനോടു ഇടപഴകുന്ന പോലെ പെരുമാറുന്നതും കാത്തിരുന്നു. അതേറെ കാലം നീണ്ടു. പക്ഷേ പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. ഞാൻ ആശയക്കുഴപ്പത്തിലായി. ഇനി എന്താണ് ചെയ്യേണ്ടത്? വൈകല്യമില്ലാത്തവനെപ്പോലെ പെരുമാറണോ, അതോ വൈകല്യമുള്ളവനെ പോലെയോ? ഈ ശാപം എന്നിൽ എന്നെന്നേക്കുമായി കൂടുറപ്പിക്കുമോ?., ഇത്തരം ചോദ്യങ്ങൾ എന്നെ തളർത്തി. അക്കാലത്തു അനുഭവിച്ച മാനസിക സമ്മർദ്ദം എങ്ങിനെ താളുകളിലേക്കു പകർത്തിവയ്ക്കണമെന്നു അറിയില്ല.

‘വൈകല്യമില്ല’ എന്നതിൽനിന്നു ‘ശ്രവണ വൈകല്യമുള്ളവൻ’ എന്ന നിലയിലേക്കുള്ള മാനസിക പരിവർത്തനം പൂർത്തിയാകാൻ രണ്ടു വർഷത്തോളം എടുത്തു.


(ഇത് പുസ്തകമായിരിക്കുന്നു. വാങ്ങുന്നതിനു താഴെയുള്ള ലിങ്ക് സന്ദർശിക്കുക.
Amazon => http://www.amazon.in/dp/9352357825
Flipkart => http://goo.gl/q59rHi )

No comments:

Post a Comment