Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, December 8, 2013

പുതിയ സംരംഭം: SOME UNKNOWN TALES

ഒരു പുതിയ സംരംഭം തുടങ്ങുകയാണ്. എന്നുവച്ചാൽ ഇംഗ്ലീഷ് ബ്ലോഗ്. ‘SOME UNKNOWN TALES’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അഡ്രസ്സ് => http://some-unknown-tales.blogspot.in .

ഇംഗ്ലീഷ് ബ്ലോഗിൽ എഴുതാൻ പോകുന്നത്, പല പ്രത്യേകതയുമുള്ള ലൈഫിനെപ്പറ്റിയാണ്. അതെല്ലാം എഴുതാൻ മാത്രമുണ്ടോ എന്നാണ് ചോദ്യമെങ്കിൽ ഉണ്ട് എന്നു തന്നെ ഉത്തരം. എന്തൊക്കെ എന്നതിനു ബ്ലോഗ് വായിക്കുക.

16 അദ്ധ്യായങ്ങൾ ഉണ്ടാകും. ഇതിൽ നാലെണ്ണം 2008 കാലയളവിൽ മലയാളം ബ്ലോഗിൽ എഴുതിയിട്ടവയാണ്. (ആ പോസ്റ്റുകളിൽ കുറേ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്). ഞാൻ കൈകാര്യം ചെയ്യുന്ന വിഷയവുമായി ബന്ധമുള്ളവയായതിനാൽ ആ പോസ്റ്റുകളും ഈ സീരിയസിൽ ഉൾപ്പെടുത്തിയതാണ്. ബാക്കിയുള്ള 12 അദ്ധ്യായങ്ങൾ പുതിയതാണ്. ചില അദ്ധ്യായങ്ങൾ ബയോഗ്രാഫിക് സ്റ്റൈലിലാണ് എഴുതിയിട്ടുള്ളത്. മറ്റുള്ളവ കഥ, സംഭാഷണ രൂപത്തിൽ പ്രതിപാദിച്ചിരിക്കുന്നു. വിഷയത്തിന്റെ പ്രത്യേകത, പുതിയ പ്രതിപാദനരീതി അന്വേഷിച്ചതിന്റെ ഫലം, എന്റെ എഴുത്തുപരിമിതികൾ എന്നിവ മൂലമാണ് ഇത്തരമൊരു മിശ്രിത ഉൽപന്നമായി എഴുത്ത് മുന്നേറിയത്.

കൂടുതൽ കാര്യങ്ങൾ ആ ബ്ലോഗിലൂടെ വായിക്കുക. ഇംഗ്ലീഷ് ബ്ലോഗിലെ ഓരോ പോസ്റ്റിനും ഈ ബ്ലോഗിൽ (എന്റെ ഉപാസന) അപ്‌ഡേറ്റ് പോസ്റ്റുകൾ ഉണ്ടാകും. ബുദ്ധിമുട്ടാകുന്നുവെങ്കിൽ സദയം ക്ഷമിക്കുക.


Writing something in English was never in my agenda an year back. Although a Blogger Since from 14 November 2006, all my endeavors confined to my mother tongue. There I wrote down few stories and continue this even today.

This English blog is created with the aim to present the problems faced/facing by a partially hearing impaired fellow in his life course. Not all incidents of life is narrated here. But only relevant topics have been touched upon.....

Sunday, November 3, 2013

ഭദ്രന്റെ മനസ്സ്

“Cittam exists; not the objects perceptible to the visual cognition. Through objects, visually cognized, cittam manifests itself in body, in one’s objects of (daily) enjoyments, in residence (etc.). It is called Alaya of men”

--- Lankavatara Sutra.


എതിർവശത്തെ കസേരയിലേക്കു വിരൽചൂണ്ടി ഡോക്ടർ പറഞ്ഞു.

“ഇരിക്കൂ”

ഭദ്രൻ ഇരുന്നു. മുറിയിലെമ്പാടും നോക്കി. ചുമരിൽ തലച്ചോറിന്റെ വിവിധ പോസുകളിലുള്ള വലിയ ഫോട്ടോകൾ ഒട്ടിച്ചിരിക്കുന്നു. മുറിയുടെ മൂലയിൽ ഒരു വാഷിങ്ങ് ബേസിൻ. ഡോക്ടറുടെ മേശയ്ക്കു അരികിൽ, ചുമരിനോടു ചേർന്നു ഒരു അലമാര. അതിൽ നിരവധി പുസ്തകങ്ങൾ ലംബമായി അടുക്കിവച്ചിരിക്കുന്നു. കട്ടിയുള്ള പുസ്തകങ്ങളുടെ പേരുകൾ എളുപ്പത്തിൽ വായിക്കാം. അലമാരയുടെ മുൻഭാഗം നിരക്കിനീക്കാവുന്ന ചില്ലാണ്. ചില്ലിൽ ഒരു വ്യക്തിയുടെ ദീർഘചതുരത്തിലുള്ള ചിത്രം പതിച്ചിട്ടുണ്ട്. ചിത്രത്തിനു താഴെ എഴുതിയിരിക്കുന്ന വ്യക്തിയുടെ പേര് ചെറിയ അക്ഷരത്തിലായതിനാൽ ഭദ്രനു വായിക്കാൻ കഴിഞ്ഞില്ല.

ഡോക്ടർ ഭദ്രനെ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. പരിശോധന തുടങ്ങാൻ അദ്ദേഹം ഒട്ടും തിരക്ക് കാണിച്ചില്ല. മുറിയിൽ എല്ലായിടത്തും നോക്കി തൃപ്തനായ ശേഷം ഭദ്രൻ ഡോക്ടർക്കു അഭിമുഖമായി കസേരയിൽ നേരെയിരുന്നു.

ഭദ്രന്റെ കണ്ണുകളിൽ കൂർപ്പിച്ചുനോക്കി ഡോക്ടർ മേശപ്പുറത്തു കിടന്നിരുന്ന ഒരു പേനയെടുത്തു. അതു കൈവിരലുകളിൽ തെരുപ്പിടിച്ചുകൊണ്ടു സാവധാനം കണ്ണിമകൾ അടച്ചു. ഡോക്ടർക്കു അനക്കമില്ലെന്നു കണ്ട് ഭദ്രൻ ആശ്ചര്യപ്പെട്ടു. ഒരു മിനിറ്റ് കഴിഞ്ഞു.  ഡോക്ടർ പൊടുന്നനെ കണ്ണുതുറന്നു ഭദ്രനോടു ഉച്ചത്തിൽ ചോദിച്ചു.

“ഭാര്യയെ സംശയമുണ്ടോ?”

ഭദ്രൻ പൊട്ടിച്ചിരിച്ചു. “ഹഹഹഹഹ”

മനോരോഗവിദഗ്ദരുടെ രീതികൾ ഭദ്രനു പരിചിതമല്ലായിരുന്നു. മറുപടിയിൽ അദ്ദേഹം അല്പം നർമ്മം കലർത്തി. “ഹഹഹ. ഇല്ല സാറേ. തീർച്ചയായും ഇല്ല. പക്ഷേ അവൾക്കെന്നെ സംശയമുണ്ടെന്നു തോന്നുന്നു”

ഭദ്രൻ ചിരിക്കുന്നത് ഡോക്ടർ തരിമ്പും കാര്യമാക്കിയില്ല. ഒരുപാട് ചിരിക്കുന്നവരെ അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നു. ഡോക്ടർ വീണ്ടും ചോദിച്ചു.

“മക്കളെ സംശയമുണ്ടോ?”

ഭദ്രൻ ഇല്ലെന്നു തലയാട്ടി.

“നാട്ടിൽ ആരെയെങ്കിലും സംശയമുണ്ടോ?”

“അതൊന്നും ഇല്ല സാർ”

“എന്താണ് താങ്കളുടെ പേര്?” ഡോക്ടർ വിഷയം മാറ്റിയപോലെ ഭദ്രനു തോന്നി

“ഭദ്രൻ എന്നാണ്”

“താങ്കളുടെ കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ?”

ഭദ്രൻ അമ്പരന്നു. “എന്തിന്?”

“സഹായിയായിട്ട്

“ഇല്ല സാർ. സഹായിയുടെ ആവശ്യമുണ്ടെന്നു തോന്നിയില്ല”

ഡോക്ടർ മനോരോഗ വിദഗ്ദന്റെ പടം പൊഴിച്ചു കളഞ്ഞു.. “എങ്കിൽ മിസ്റ്റർ ഭദ്രൻ, പറയൂ. എന്തിനാണ് എന്നെക്കാണാൻ വന്നത്? എന്താണ് താങ്കളുടെ മനസ്സിനെ അലട്ടുന്നത്?”

ഭദ്രൻ വിഷയം അവതരിപ്പിക്കാൻ തയ്യാറെടുത്തു. ആമുഖമായി പറഞ്ഞു. “സാർ, എനിക്കു പ്രാന്ത് ഇല്ല. മനസ്സിനെ എന്തെങ്കിലും അലട്ടുന്നതായി പറയാമോ എന്നും അറിയില്ല.”

ഡോക്ടർ പറഞ്ഞു. “ഇനി അഥവാ പ്രാന്തുണ്ടെങ്കിലും കുഴപ്പമില്ല. Every genius is akin to a mad man എന്നാണ് പറച്ചിൽ”

“ഓ. ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ല സാർ”

“എങ്കിൽ ഇന്നുമുതൽ വിശ്വസിച്ചോളൂ. നമുക്കു ചുറ്റും നാം കാണുന്നവരെല്ലാം ഒരേ മാനസിക നിലയുള്ളവരല്ല. എല്ലാവരിലും ഏറിയും കുറഞ്ഞും മാഡ്‌നെസ്സ് ഉണ്ട്. നൂറ് വിഷയങ്ങളിൽ സ്ഥിതപ്രജ്ഞനായ ഒരു വ്യക്തി ചിലപ്പോൾ ഒരേയൊരു വിഷയത്തിൽ മാഡ്‌നെസ്സിന്റെ അംശം കാണിച്ചേക്കാം. അതൊരു പരിധിയ്ക്കു മുകളിൽ പോകുമ്പോഴാണ് മനോരോഗവിദഗ്ദനെ കാണേണ്ടി വരുന്നത്

ഡോക്ടർ കൂട്ടിച്ചേർത്തു. “ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണ് മനസ്സിനെ പരിശോധിക്കുകയെന്നത്”

ഭദ്രൻ പറഞ്ഞു. “മനസ്സിനെ പരിശോധിക്കുന്നു എന്നു കേൾക്കുമ്പോൾ അതൊരു മാതിരി തട്ടിപ്പുപോലെ തോന്നുന്നു. ഒരു മനസ്സിനെ മറ്റൊരു മനസ്സ് പരിശോധിക്കുക എന്നു പറഞ്ഞാൽ അതിലൊരു കള്ളത്തരം ഇല്ലേ?”

ഡോക്ടർ നിഷേധിച്ചു. “നോ മിസ്റ്റർ ഭദ്രൻ. രോഗിയുടെ ഭൂതകാലം, പെരുമാറ്റം, അതുപോലുള്ള കുറേ ഡീറ്റെയിൽസ് വച്ചു മനസ്സിനു പ്രശ്നമുണ്ടോയെന്നു നിർണയിക്കാവുന്നതാണ്. ചില അവസരങ്ങളിൽ ഇത്തരം നിർണയങ്ങൾ തോറ്റുപോകാറുണ്ടാകാം. പക്ഷേ അത് ഇൻപുട്ടിന്റെ അപര്യാപ്തത മൂലമാണ്”

“ഇൻപുട്ടിന്റെ അപര്യാപ്തത മൂലമാണെന്നു വിശ്വസിക്കുന്നു, എന്നതല്ലേ കൂടുതൽ ശരി” ഭദ്രൻ ഗൂഢസ്മിതം തൂകി.

ഡോക്ടർ താടി ചൊറിഞ്ഞു. “അങ്ങനേയും പറയാം. ഡാറ്റ ഇല്ലാത്തപ്പോൾ ഡോഗ്മ ചെറിയ പങ്ക് വഹിക്കുന്നുണ്ട് എന്നല്ലേ.....”

ഒന്നു നിർത്തിയശേഷം ഡോക്ടർ ഓർമപ്പെടുത്തി. “അപ്പോൾ ഭദ്രന്റെ പ്രശ്നം പറഞ്ഞില്ല”

“ഞാനതിലേക്കു കടക്കാൻ പോവുകയായിരുന്നു” ഭദ്രൻ തുടർന്നു.

“ഒരു ആറുമാസം മുമ്പാണ് എല്ലാത്തിന്റേയും ആരംഭം. ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയാണ്. തൃശൂരിൽ നിന്നു തിരുവനന്തപുരം വരെ. പകൽ സമയത്ത്, പരശുറാമിൽ. തൃശൂരിൽനിന്നു കയറുമ്പോൾ തിരക്കുണ്ടായിരുന്നെങ്കിലും ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ എനിക്കു സീറ്റ് കിട്ടി. നാലുപേർക്കു ഇരിക്കാവുന്ന സീറ്റിന്റെ ജനലിനു അടുത്തുള്ള സീറ്റ്. കാഴ്ചകൾ കണ്ടിരിക്കാം. എനിക്കു സന്തോഷമായി. ഞാൻ ചെരുപ്പഴിച്ച് സീറ്റിനു താഴേക്കു തള്ളിവച്ചു. പുസ്തകം വായിച്ചും പാട്ടുകേട്ടും സമയം പോക്കി. ആറു മണിക്കൂറിനുള്ളിൽ തിരുവന്തപുരത്തു എത്തി. എല്ലാവരും ഇറങ്ങാൻ തുടങ്ങി. കമ്പാർട്ട്മെന്റിലെ തിരക്ക് കുറഞ്ഞു. ഞാൻ ചെരുപ്പിനായി കാലുകൊണ്ടു സീറ്റിനടിയിൽ പരതി. പക്ഷേ ചെരുപ്പ് കിട്ടിയില്ല. ആരെങ്കിലും ബാഗ് സീറ്റിനടിയിൽ തിരുകിയെങ്കിൽ ചെരുപ്പിന്റെ സ്ഥാനം മാറിയിരിക്കുമെന്നു ഊഹിച്ചു. ഞാൻ എഴുന്നേറ്റു നിലത്തു മുട്ടുകുത്തി കുനിഞ്ഞു, സീറ്റിനടിയിൽ നോക്കി. അപ്പോൾ മൂലയിൽ ഒരുജോടി ചെരുപ്പ് കിടക്കുന്നത് ഞാൻ കണ്ടു. അതെന്റെ ചെരുപ്പല്ലായിരുന്നു. എന്റെ ചെരുപ്പ് ആരോ അടിച്ചുമാറ്റി. വേറെ വഴിയില്ലാത്തതിനാൽ ഞാൻ ആ ചെരുപ്പ് ധരിച്ചു ട്രെയിനിൽനിന്നു ഇറങ്ങി”

ഡോക്ടർ നിരാശനായി. “ഭദ്രൻ, ഇതിലെവിടെയാണ് അസ്വാഭാവികത ദർശിച്ചത്?”

“സീറ്റിനടിയിലാണ് സാർ അസ്വാഭാവികത കണ്ടത്. മുട്ടുകുത്തി കുനിഞ്ഞു, ചെരുപ്പിനായി പരതിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്റേതല്ലാത്ത ഒരു ജോടി ചെരുപ്പ് മൂലയിൽ കിടക്കുന്നത് കണ്ടതിനാലല്ല. മറിച്ച് ആ സീൻ. അത്തരമൊരു ജോടി ചെരുപ്പ് ട്രെയിൻസീറ്റിന്റെ അടിയിൽ കിടക്കുന്ന ആ സീൻ ഞാൻ മുമ്പ് എപ്പോഴോ കണ്ടിട്ടുണ്ടെന്നു മനസ്സിൽ തോന്നി. ഡോക്ടർ സാർ, സത്യമായും സീറ്റിനു അടിഭാഗവും, അതേ പോസിൽ കിടക്കുന്ന ആ ചെരുപ്പുകളും ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. പക്ഷേ എന്നാണെന്നു ഓർക്കുന്നില്ല. ഒരു സ്റ്റിൽ ഫോട്ടോ പോലെ ആ സീൻ എന്റെ ഉള്ളിലുണ്ടായിരുന്നു. ഭൂതകാലത്തിലെ ഒരു ഫ്ലാഷ്ബാക്ക് വർത്തമാന കാലത്തെത്തി, എനിക്കു മുന്നിൽ മൂന്നുനിമിഷം നിശ്ചലദൃശ്യമായി നിന്ന്, പിന്നെ ഓടിമറഞ്ഞ പോലെയാണ് തോന്നിയത്. വെറും മൂന്നേ മൂന്ന് നിമിഷം മാത്രമേ ഫ്ലാഷ്ബാക്ക് മനസ്സിൽ തങ്ങിനിന്നുള്ളൂ. പിന്നെ മാഞ്ഞു പോയി”

ഡോക്ടർ ചോദിച്ചു. “മിസ്റ്റർ ഭദ്രൻ എത്ര തവണ ട്രെയിനിൽ കയറിയിട്ടുണ്ട്?”

“കുറച്ചു തവണ. പക്ഷേ ഒരിക്കലും അതേപോലെ മുട്ടുകുത്തി കുനിഞ്ഞു സീറ്റിനു അടിഭാഗം വീക്ഷിച്ചിട്ടില്ല.”

“പക്ഷേ എനിക്കു തോന്നുന്നത് താങ്കൾ സീറ്റിനു അടിഭാഗം ഇതിനുമുമ്പും കണ്ടിട്ടുണ്ട് എന്നാണ്. അതിന്റെ ഓർമ്മ ഫ്ലാഷ്ബാക്ക് അടിച്ചതാകാം”

“സാർ, അവിടെ ഒരു വ്യത്യാസം ഉണ്ട്. ഫ്ലാഷ്ബാക്ക് വെറുതെ ഓർക്കുന്ന പോലെയല്ല എനിക്കു തോന്നിയത്. മറിച്ച് ഫ്ലാഷ്‌ബാക്കിൽ ഞാൻ ജീവിക്കുന്ന പോലെയാണ് തോന്നിയത്”

ഡോക്‌ടർ കുറച്ചുനേരം കണ്ണടച്ചു ചിന്തിച്ചിട്ടു വീണ്ടും ചോദിച്ചു. “ഭദ്രൻ സീറ്റിനു അടിയിലേക്കു രണ്ടാമതും നോക്കിയോ? അപ്പോൾ സാമ്യം തോന്നിയോ?”

“ഉവ്വ്. ഞാൻ രണ്ടാമതും നോക്കി. പക്ഷേ അപ്പോൾ സീറ്റിനടിഭാഗം മുമ്പ് കണ്ടിട്ടുള്ളതായി തോന്നിയില്ല. ആദ്യത്തെ തവണ നോക്കിയപ്പോഴും 2-3 നിമിഷത്തേക്കു മാത്രമേ ഈ രംഗം മുൻപ് കണ്ടിട്ടുണ്ടല്ലോ എന്നു മനസ്സിൽ മിന്നിയുള്ളൂ. അതിനുശേഷം ആ ചിന്ത മാഞ്ഞുപോയി”

ഡോക്ടർ ഇരുത്തി മൂളി. “ഉം പിന്നെ?”

“പിന്നെ വീണ്ടും ഇതുപോലെ ചില സീനുകൾ കാണുമ്പോൾ ഈ രംഗം മുമ്പ് കണ്ടിട്ടുണ്ടെന്നു മനസ്സിൽ മിന്നും. ദിവസത്തിൽ ഒരു തവണയെങ്കിലും ഇങ്ങിനെ കാണും. അപ്പോഴാണ് ഡോക്ടറെ ഒന്നു കാണാമെന്നു തീരുമാനിച്ചത്”

ഡോക്ടർ ആവശ്യപ്പെട്ടു. “ഇതുപോലുള്ള മറ്റൊരു സംഭവം കൂടി പറയാമോ, മിസ്റ്റർ ഭദ്രൻ”

“പിന്നെന്താ. രണ്ടാഴ്ചമുമ്പ് ബാംഗ്ലൂരിൽ പോകേണ്ടിവന്നു. ഒരു ദിവസം അവിടത്തെ ബസിൽ യാത്രചെയ്യുമ്പോൾ ബസ് ഒരു ബസ്‌സ്റ്റോപ്പിൽ നിർത്തി. കുറച്ചു തൊഴിലാളികൾ മൺവെട്ടികളും ഇരുമ്പുപണി സാമഗ്രികളുമായി ബസിൽ കയറി. അപ്പോൾ ഇതുപോലെ കുറേ തൊഴിലാളികൾ ബസിൽ കയറുന്ന സീൻ മുമ്പ് കണ്ടിട്ടുള്ളതായി മനസ്സിൽ മിന്നി”

“തൊഴിലാളികൾ ബസിൽ യാത്രചെയ്യുന്നത് പതിവല്ലേ മിസ്റ്റർ ഭദ്രൻ. താങ്കൾ മുമ്പ് ഇതുപോലുള്ളവരെ കണ്ടിട്ടുണ്ടാകാമല്ലോ”

ഭദ്രൻ അതിനുള്ള സാധ്യത നിഷേധിച്ചു. “ഇല്ല സാറേ ഒട്ടുമില്ല. കാരണം ഈ സംഭവം നടക്കുന്നത് ബാംഗ്ലൂരിലാണ്. എന്റെ ആദ്യത്തെ വിസിറ്റ്. തൊഴിലാളികളാണെങ്കിൽ കൈലിമുണ്ടല്ല ഉടുത്തിരുന്നത്. ഒരു പ്രത്യേകതരം വസ്ത്രധാരണം. പൈജാമ പോലെ ഒന്ന്. ഞാൻ അത്തരക്കാരെ ആദ്യമായാണ് കാണുന്നത്”

ഡോക്ടർ വിട്ടില്ല. “താങ്കളുടെ വീട്ടിൽ ടിവി ഉണ്ടോ?”

ഭദ്രൻ സമ്മതിച്ചു. “ഉണ്ടല്ലോ സാർ”

“അപ്പോൾ സിനിമയിലോ മറ്റോ ഇത്തരം സീനുകൾ കണ്ടിട്ടുണ്ടാകും. പ്രത്യേകിച്ചും ഹിന്ദി സിനിമകളിൽ”

“അങ്ങിനെയല്ല സാർ കാര്യങ്ങൾ. ബാംഗ്ലൂരിൽ മാത്രമുള്ള ബിഎംടിസി ബസുള്ള ഒരു സിനിമയും ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. കൂടാതെ ഇതേ സീൻ വീണ്ടും കണ്ടപ്പോൾ ഫ്ലാഷ്‌ബാക്ക് അടിച്ചുമില്ല”

“ഓ ഐസി” ഡോക്ടർ നിശബ്ദനായി. കാര്യങ്ങൾ വിശകലനം ചെയ്യാൻ കുറച്ചുനേരം ചിന്തിക്കണമെന്നു ഡോക്ടർക്കു തോന്നി. ആ ഇംഗിതം മനസ്സിലാക്കിയിട്ടെന്ന പോലെ ഭദ്രൻ മിണ്ടാതിരുന്നു. രണ്ടുമിനിറ്റ് കടന്നുപോയി. ഡോക്ടർ അദ്ദേഹമിരുന്ന വലിയ കസേരയിൽ പിന്നോട്ടു ചാഞ്ഞു. കൈകൾ രണ്ടും തലയ്ക്കുപിന്നിൽ പിണച്ചുവച്ചു. അപ്പോൾ അത്രനേരം അനക്കമില്ലാതെ, ഡോക്ടർ സംഭാഷണം തുടരുന്നതും കാത്തിരുന്ന ഭദ്രൻ ചാടിയെഴുന്നേറ്റു. ഡോക്ടർക്കു നേരെ വിരൽ ചൂണ്ടി ഉറക്കെ പറഞ്ഞു.

“ഇതുതന്നെ ഇതുതന്നെ സാർ. ഈ രംഗവും ഞാൻ മുമ്പ് കണ്ടിട്ടുണ്ട്”

ഡോക്ടർ അമ്പരന്നു. “പക്ഷേ ഇത് നമ്മുടെ ആദ്യത്തെ കൂടിക്കാഴ്ചയാണല്ലോ!”

ഭദ്രൻ അതെയെന്നു തലയാട്ടി. പക്ഷേ ഡോക്ടറുടെ മനസ്സിൽ മറ്റൊരു ചിന്ത ഉദിച്ചു.

“ഒരുപക്ഷേ എന്നെപ്പോലെ തടിയും ആകാരവുമുള്ള മറ്റൊരാളെ ഭദ്രൻ കണ്ടിട്ടുണ്ടാകും. പിന്നെ ആളുകൾ പിന്നോട്ടു ചാഞ്ഞ്, കൈകൾ പിണച്ചുവയ്ക്കുന്നത് സർവ്വസാധാരണമല്ലേ”

ഭദ്രൻ നിഷേധിച്ചു. “സാറേ, സാർ പറയുന്നതൊന്നും ശരിയല്ല. സാറിന്റെ ഒരു നിഗമനം പൂർണമായും തെറ്റാണ്. സാർ ഡോക്ടർ ആയതിനാലാണ് ഞാനിതു മുമ്പ് തുറന്നു പറയാതിരുന്നത്. പക്ഷേ ഇപ്പോൾ പറയട്ടെ, സാറിന്റെ ഒരു നിഗമനം പൂർണമായും തെറ്റാണ്”

തന്റെ അവകാശവാദത്തിൽ അല്പം സംശയം തോന്നിയതിനാൽ, ഭദ്രൻ ഡോക്ടറോടു ആവശ്യപ്പെട്ടു.

“സാർ ഒന്നുകൂടി കസേരയിൽ മുമ്പത്തേപ്പോലെ പിന്നോട്ടു ചാഞ്ഞിരുന്നേ. ഞാൻ നോക്കട്ടെ”

ഡോക്ടർ അനുസരിച്ചു. സാധാരണ ചെയ്യാറുള്ള അതേഭാവത്തിൽ കസേരയിൽ ചാഞ്ഞു. കൈകൾ തലക്കു പിന്നിൽ പിണച്ചുവച്ചു. പക്ഷേ അതുകണ്ടിട്ടും ഭദ്രനിൽ ഭാവമാറ്റം ഉണ്ടായില്ല. ഡോക്ടർ ആശയക്കുഴപ്പത്തിലായി. മുമ്പ് ചെയ്ത അതേപോലെയാണല്ലോ താൻ കസേരയിൽ ചാഞ്ഞത്. എന്നിട്ടെന്തേ ഭദ്രനിൽ ഭാവമാറ്റം ഉണ്ടായില്ല? ഇതേ രംഗം മുമ്പ് കണ്ടിട്ടുണ്ടെന്നു വിളിച്ചു പറഞ്ഞില്ല?

ഭദ്രൻ ഡോക്ടറോടു നടിക്കുന്നത് മതിയെന്നു പറഞ്ഞു. തുടർന്നു താനെത്തിയ നിഗമനം അവതരിപ്പിച്ചു.

“ഡോക്ടർ സാർ, ചില രംഗങ്ങൾ കാണുമ്പോൾ എന്നിൽ ഇതു മുമ്പ് കണ്ടിട്ടുണ്ടല്ലോ എന്ന തോന്നൽ ഉളവാകുന്നില്ലേ. അതിൽ ഡോക്ടർ കരുതുന്നപോലെ എന്റെ ഓർമ്മയ്ക്കോ, ഓർമ്മശക്തിയ്ക്കോ യാതൊരു പങ്കുമില്ല. ഓർമ്മയിൽ സംഭരിച്ചിരിക്കുന്ന ഫ്ലാഷ്ബാക്ക് രംഗത്തിനല്ല തൽസമയ ദൃശ്യവുമായി സാമ്യം തോന്നുന്നത്. ചുരുക്കിപ്പറഞ്ഞാൽ, സാമ്യമുള്ള സീനുകൾ ഞാനെന്റെ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടേയില്ല”

“എന്തുകൊണ്ടാണ് മിസ്റ്റർ ഭദ്രൻ ഇങ്ങിനെ പറയുന്നത്?”

“എന്റെ ഓർമയിലുള്ള രംഗത്തിനാണ് തൽസമയ ദൃശ്യവുമായി സാമ്യമെങ്കിൽ, തൽസമയ ദൃശ്യം കാണുമ്പോഴെല്ലാം ഓർമയിലെ രംഗവും മിന്നിമറയേണ്ടതല്ലേ”

ഡോക്ടർ പറഞ്ഞു. “അതെ. അങ്ങിനെ സംഭവിക്കേണ്ടതാണ്”

ഭദ്രൻ പറഞ്ഞു. “പക്ഷേ ഇക്കാര്യത്തിൽ അങ്ങിനെ വരുന്നില്ല. കൂടിയാൽ മൂന്നു നിമിഷത്തേക്കു മാത്രമേ തൽസമയരംഗത്തിനു മനസ്സിലെ രംഗവുമായി സാമ്യം, അല്ലെങ്കിൽ കണക്ഷൻ, വരുന്നുള്ളൂ. അതിനുശേഷം എല്ലാം സാധാരണ പോലെയാണ്”

ഭദ്രൻ തുടർന്നു. “കുറച്ചുമുമ്പ് സാർ കസേരയിൽ പിന്നോട്ടു ചാഞ്ഞ് കൈകൾ തലയ്ക്കു പിന്നിൽ പിണച്ചുവച്ചപ്പോൾ, ആ രംഗത്തിനു മനസ്സിലെ ഫ്ലാഷ്‌ബാക്ക് രംഗവുമായി കണക്ഷൻ ഉണ്ടായിരുന്നു. മൂന്നു നിമിഷത്തിനു ശേഷം പ്രസ്തുത കണക്ഷൻ വിട്ടുപോവുകയും ചെയ്തു. പക്ഷേ, ഞാൻ അഭ്യർത്ഥിച്ചതനുസരിച്ച് സാർ രണ്ടാമതും അതേ പോസിൽ കസേരയിൽ ചാഞ്ഞപ്പോൾ എനിക്കു ഒരു സാമ്യവും തോന്നിയില്ല. അതിനർത്ഥം ഓർമ്മയിലെ രംഗമല്ല തൽസമയരംഗവുമായി കണക്ട് ചെയ്യപ്പെട്ടത് എന്നാണ്. മറ്റെന്തോ ലിങ്ക് ഇവിടെ വരുന്നുണ്ട്..”

ഡോക്ടർ ചിന്താകുലനായി ചോദിച്ചു. “മിസ്റ്റർ ഭദ്രൻ, രണ്ടു രംഗങ്ങളും തമ്മിൽ കണക്ഷൻ വരുമ്പോൾ താങ്കളിൽ എന്തെങ്കിലും ഭാവമാറ്റം വരുന്നുണ്ടോ? ഐ മീൻ, താങ്കളുടെ സംവദനത്തിനു എന്തെങ്കിലും പ്രത്യേകതകൾ.”

ഭദ്രൻ ആലോചിച്ചു പറഞ്ഞു. “അങ്ങിനെ തോന്നിയിട്ടില്ല. കാരണം രംഗങ്ങൾ തമ്മിലുള്ള കണക്ഷൻ പെട്ടെന്നു വിട്ടുപോകും. സംവദനത്തിൽ മാറ്റം വരുന്നുണ്ടോ എന്നു നിർണയിക്കാൻ മാത്രം നേരം, ഈ രംഗം എന്നിൽ നിലനിൽക്കാറില്ല”

ഡോക്ടർ റെക്കോർഡ് ബുക്കിൽ ചിലത് കുത്തിക്കുറിച്ചു.

“അപ്പോൾ ഭദ്രനു മാനസിക പ്രശ്നങ്ങൾ ഒന്നുമില്ലെന്ന്”

“ഇതു മാത്രമേയുള്ളൂ സാർ”

“ഇതുവരെയുള്ള പരിശോധനയിൽ ഇതിനെ മാനസികപ്രശ്നം എന്നു വിളിക്കാമോയെന്നു എനിക്കു സംശയമുണ്ട്. ഭദ്രൻ തൽക്കാലത്തേക്കെങ്കിലും ഓകെ ആണ്. എങ്കിലും ഒന്നും ഉറപ്പിക്കാറായിട്ടില്ല. കുറച്ചുനാൾ കൂടി ഈ പ്രശ്നത്തെ നിരീക്ഷിക്കേണ്ടതുണ്ട്. ഭദ്രൻ ഒരാഴ്ച കഴിഞ്ഞു വരൂ, ഇതേ സമയത്ത്”

ഡോക്ടർ പറഞ്ഞു നിർത്തി. ആദ്യത്തെ കൂടിക്കാഴ്ച അങ്ങിനെ അവസാനിച്ചു.

                                             ---------------------------

രാത്രി. ഡോക്ടർ പകൽ നടന്ന സംഭവം വളരെനേരം ആലോചിച്ചിരുന്നു. ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത വ്യത്യസ്തമായ കേസ്. ഭൂരിഭാഗം മാനസികരോഗികളും ഭാര്യയേയോ അടുത്ത കുടുംബാംഗങ്ങളേയോ സംശയമുണ്ടെന്നു പറഞ്ഞു വരുന്നവരാണ്. ആ സംശയമായിരിക്കും നല്ല ശതമാനം മാനസികപ്രശ്നങ്ങളുടേയും മൂലകാരണം. ഭദ്രനെ കണ്ടപ്പോഴും അങ്ങിനെ ഒരാളാണെന്നേ തോന്നിയുള്ളൂ. പക്ഷേ വിലയിരുത്താൻ ബുദ്ധിമുട്ടുള്ള നൂലാമാലകളും കൊണ്ടാണ് ആൾ എത്തിയിരിക്കുന്നതെന്നു ഊഹിക്കാൻ കഴിഞ്ഞില്ല.

ഡോക്ടർ തൊട്ടുമുന്നിലെ ടീപ്പോയിയിൽ കിടന്നിരുന്ന റിപ്പോർട്ട് എടുത്തു. ഭദ്രന്റെ കേസ്‌ഷീറ്റാണ്. ‘Problem reported’ എന്നതിനു നേരെ എഴുതിയത് വായിച്ചു.

"ചില തൽസമയ ദൃശ്യങ്ങൾ പൂർവ്വകാലത്തു കണ്ടിട്ടുള്ളതു ദൃശ്യങ്ങളെപ്പോലെ രോഗിക്ക് അനുഭവപ്പെടുന്നു. ഇത്തരം തൽസമയ ദൃശ്യങ്ങൾ മൂന്ന് സെക്കന്റിൽ കൂടുതൽ ദീർഘിക്കുന്നില്ല. തൽസമയ ദൃശ്യങ്ങളുടെ മനപ്പൂർവ്വമായ ആവർത്തനം പൂർവ്വകാല ദൃശ്യങ്ങളെ അനുസ്മരിപ്പിക്കുന്നില്ല."

റിപ്പോർട്ടിലെ മറ്റു ഭാഗങ്ങൾ പൂരിപ്പിക്കപ്പെടാതെ കിടക്കുകയാണ്. ഡോക്ടർ ഏറെ നേരം ആലോചിച്ചു. എന്തു നിഗമനത്തിലാണ് എത്തേണ്ടത്? ഭദ്രന്റെ വിവരണങ്ങളിൽനിന്നു എന്താണ് മനസ്സിലാക്കിയത്? ഡോക്ടർക്കു ഒരു എത്തുംപിടിയും കിട്ടിയില്ല. രാത്രി ഏറെ വൈകിയപ്പോൾ, ഭദ്രന്റെ രണ്ടാം സന്ദർശനത്തിനു ശേഷം മാത്രം റിപ്പോർട്ട് എഴുതിയാൽ മതിയെന്നു ഡോക്ടർ തീരുമാനിച്ചു. കേസ്‌ഷീറ്റ് മടക്കി.

                                                 -------------------------------

രണ്ടാമത്തെ കൂടിക്കാഴ്ച കൂടുതൽ സംഭവബഹുലമായിരുന്നു. ഭദ്രൻ കൂടുതൽ അസ്വസ്ഥനും സംഭ്രമാത്മകനുമായി കാണപ്പെട്ടു. ഒരാഴ്ച കൊണ്ട് അദ്ദേഹത്തിനു പ്രായം കൂടിയെന്നു ഡോക്ടർക്കു തോന്നി.

ഡോക്ടർ ചോദിച്ചു. “എന്തുപറ്റി മിസ്റ്റർ ഭദ്രൻ. സാമ്യരംഗങ്ങൾ കാണുന്നതു അവസാനിച്ചോ?”

ഭദ്രൻ നിഷേധാർത്ഥത്തിൽ ശക്തിയായി തലയാട്ടി. “ഇല്ല സാർ. കൂടുകയാണ് ചെയ്തത്”

ഡോക്ടർ പ്രേരിപ്പിച്ചു. “കൂടുതൽ പറയൂ.”

“ഡോക്ടർ സാർ, കഴിഞ്ഞ സന്ദർശത്തിനുശേഷം ഒരു ഇരുപതു തവണയെങ്കിലും സാമ്യമുള്ള രംഗങ്ങൾ ഞാൻ കണ്ടു. ഒരു ദിവസത്തിൽ മൂന്നെണ്ണമെന്ന തോതിൽ. കൂടാതെ സാമ്യരംഗങ്ങളുടെ ദൈർഘ്യവും കൂടി”

ഡോക്ടർ ആകാംക്ഷയോടെ കസേരയിൽ മുന്നോട്ടാഞ്ഞു. കൈമുട്ടുകൾ മേശയിൽ കുത്തി മുഖം കൈത്തലത്തിൽ വച്ചു. ഭദ്രൻ തുടർന്നു.

“മുമ്പ് സാമ്യരംഗങ്ങൾ ഏറിയാൽ മൂന്നുനിമിഷം മാത്രമേ നീളുമായിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ മൂന്നുമിനിറ്റ് വരെ നല്ല തുടർച്ചയിൽ നീണ്ടുനിൽക്കും. മാത്രമല്ല, ഭാവിയും കുറച്ചൊക്കെ ഊഹിക്കാൻ സാധിക്കുന്നുണ്ട്. എന്നുവച്ചാൽ മൂന്നുമിനിറ്റ് ദൈർഘ്യമുള്ള സാമ്യരംഗത്തിലെ ഒന്നാം മിനിറ്റിൽ നിൽക്കുമ്പോൾ തന്നെ രണ്ടാംമിനിറ്റിൽ എന്തു സംഭവിക്കുമെന്നു ഏകദേശ ധാരണ കിട്ടുമെന്ന്. ഏതാണ്ട് റിയൽലൈഫിലെ പോലെതന്നെ”

ഡോക്ടർ ചോദിച്ചു. “സാമ്യരംഗങ്ങളുടെ ദൈർഘ്യം കൂടുന്നത് വളരെ അസ്വസ്ഥജനകമാണോ ഭദ്രൻ?”

“അസ്വസ്ഥത എന്നു പറയാമോ എന്നറിയില്ല. പക്ഷേ പുതിയൊരു പ്രശ്നമുണ്ട്. ചിലപ്പോൾ സാമ്യമുള്ള രംഗങ്ങളും സാമ്യമില്ലാത്ത രംഗങ്ങളും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതാകും. റിയൽലൈഫും ഫ്ലാഷ്‌ബാക്കുകളും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. നാലഞ്ചു തവണ ഇങ്ങിനെ പ്രശ്നമുണ്ടായി. ഇത് ഇനിമുതൽ കൂടുമെന്നു തോന്നുന്നു”

“ഇത്തരം രംഗങ്ങൾ കൂടുതലായാൽ, പൂർണമായും ഫ്ലാഷ്‌ബാക്കുകളിൽ ജീവിക്കേണ്ടി വരുമല്ലോ?” ഡോക്ടർ ആശങ്കപ്പെട്ടു.

“അതെ. എനിക്കങ്ങിനെ ഭയമുണ്ട്”

“പക്ഷേ ഭദ്രൻ, സത്യത്തിൽ പഴയ രംഗങ്ങൾ അല്ലെങ്കിൽ ഫ്ലാഷ്‌ബാക്കുകൾ, ഇങ്ങിനെ തിരയടിച്ചു വരുന്നതുകൊണ്ട് എന്താണ് കുഴപ്പം? അവ ഭദ്രന്റെ ജീവിതരീതിയെ താളം തെറ്റിക്കുന്നില്ലല്ലോ?”

“ഇല്ല”

“എങ്കിൽ പിന്നെ എന്തിനു വിഷമിക്കണം”

ഭദ്രൻ വളരെ സീരിയസായി. “ഡോക്ടർ സാർ വിഷമമല്ല. മറിച്ചു ലോകത്തെ നോക്കിക്കാണുന്നതിലുള്ള ഒരു വ്യത്യാസം എന്നിൽ വരുന്നുണ്ട്. അതെന്നെ പകപ്പിയ്ക്കുന്നു”

“ഞാൻ വീക്ഷിക്കുന്ന പോലെയല്ലേ ഭദ്രനും ലോകത്തെ വീക്ഷിക്കുന്നത്?”

“മുമ്പ് അങ്ങിനെയായിരുന്നു. പക്ഷെ ഇപ്പോൾ അല്ല. അതാണ് പ്രശ്നം. പൂർവ്വരംഗങ്ങൾ കാണുന്നത് കൂടുതലായി വരുന്തോറും എന്റെ ധാരണ ഉറയ്ക്കുന്നത്, ഞാനും എന്റെ മനസ്സും ആണ് പുറംലോകത്തേക്കാൾ ശരി, അല്ലെങ്കിൽ സത്യം, എന്നതിലാണ്. ദിവസം മുഴുവൻ പൂർവ്വരംഗങ്ങൾ വിളങ്ങിനിന്നാൽ എനിക്കു മനസ്സിനെയാണ് വിശ്വാസമാവുക. മനസ്സിനേയേ വിശ്വസിക്കാനാകൂ. പുറംലോകം അപ്പോൾ മനസ്സിനെ ആശ്രയിച്ചു കഴിയുന്ന ഒന്നു മാത്രമായിത്തീരും എന്നിൽ”

ഡോക്ടർക്കു കാര്യങ്ങൾ വ്യക്തമായി. “വളരെ സങ്കീർണമായ ഒരു ട്രാൻസിഷനാണ് ഭദ്രൻ വിധേയനായിക്കൊണ്ടിരിക്കുന്നത്. മെന്റലിറ്റി സൗണ്ട് ആയിരിക്കുമ്പോൾ തന്നെ ബാഹ്യലോകത്തെപ്പറ്റിയുള്ള കാഴ്ചപ്പാട് മാറൽ”

“നെഗറ്റീവ് എഫക്ടുകൾ ഇല്ലെങ്കിൽ ഇതിൽ കുഴപ്പമില്ലല്ലോ സാർ”

“നെഗറ്റീവ് എഫക്ടുകൾ ഭാവിയിൽ ഉണ്ടാകില്ലെന്നു തീർത്തു പറയാനാകില്ല. ചിലപ്പോൾ ഉണ്ടായേക്കാം”

“അപ്പോൾ എന്താണ് ഡോക്ടർ ഇതിനു പ്രതിവിധി?” ഭദ്രൻ നിരാശയോടെ ആരാഞ്ഞു.

“പൂർവ്വരംഗങ്ങൾ കാണുന്നത് നിർത്തണം”

“അതെങ്ങിനെ സാധിക്കും. പൂർവ്വരംഗങ്ങൾ കാണുന്നത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലല്ലോ” ഒന്നു നിർത്തിയിട്ടു ഭദ്രൻ തുടർന്നു. “ഡോക്ടർ എന്തു പറയുന്നു?”

ഡോക്ടർ തപ്പിത്തടഞ്ഞു. ‘അതിപ്പോൾ ഒരു നിഗമനത്തിൽ എത്താൻ മാത്രം വിവരങ്ങൾ ഇതുവരെ എനിക്കു ഭദ്രനിൽനിന്നു ലഭിച്ചിട്ടില്ല. നമുക്ക് ഒരു ആഴ്ചകൂടി കാത്തിരിക്കാമല്ലോ?”

ഭദ്രൻ ആശങ്കാകുലനായി തലയാട്ടി.

                                                       --------------------------

രാത്രി. ഡോക്ടർ ഭദ്രന്റെ കേസ്ഷീറ്റിൽ പുതുതായി എഴുതിച്ചേർത്തു.

"രോഗവിവരണം: രോഗിയിൽ മാനസികപ്രശ്നങ്ങൾ കാണുന്നില്ല. പക്ഷേ രോഗി ബാഹ്യലോകത്തിനു പകരം മനസ്സിനു കൂടുതൽ പ്രാധാന്യവും യാഥാർത്ഥ്യം കല്പിക്കുന്നു. അതിൽ പിശകുണ്ട്."

‘Remedy’ കോളത്തിൽ ഡോക്ടർ ഒന്നും എഴുതിയില്ല. അത്ര എളുപ്പത്തിൽ സമീപിക്കാവുന്ന വിഷയമല്ല ഇത്. ക്ഷമാപൂർവം കാത്തിരിക്കേണ്ടതുണ്ട്. ഡോക്ടർ ഏറെനേരം ഭദ്രന്റെ കേസ്ഡയറി മനസ്സിലിട്ടു മനനം ചെയ്തു. മണിക്കൂറുകളോളം നീണ്ട മാനസിക വ്യായാമം. അതിനുശേഷം ഭദ്രനിൽ പുതിയ രീതികൾ പരീക്ഷിക്കാൻ ഡോക്ടർ തീരുമാനിച്ചു.

രോഗിയുടെ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി പറയാൻ പറ്റാത്തതാണ് ഈ കേസിൽ നേരിടുന്ന അടിസ്ഥാനപ്രശ്നം. രോഗി ബുദ്ധിപരമായി വെല്ലുവിളിക്കുകയാണ്. തനിയ്ക്കാകട്ടെ അതിനു മറുപടിയുമില്ല. ഭദ്രനിൽ മാനസിക ആഘാതങ്ങൾ കാണുന്നില്ല. മറിച്ചു കൺഫ്യൂഷൻ ഏറിയ ഒരു മനസ്സാണുള്ളത്. എങ്ങിനെയോ ഉള്ളിൽ കയറിയ ഒരു ചിന്ത, മനസ്സിൽ വികലമായി വളർന്നു നിൽക്കുന്നു. രോഗിയിലെ കൺഫ്യൂഷനു ആധാരമായ ചിന്തയെ വേരോടെ പിഴുതെറിയുകയാണ് ശരിയായ ചികിൽസ. അതിനുള്ള ഏക പോംവഴി ഭദ്രനിലെ സന്ദേഹത്തെ കണിശമായ വാദത്താൽ നേരിട്ടു തോല്പിക്കുകയാണ്.

ഡോക്ടർ ഏതാനും പദ്ധതികൾ മനസ്സിൽ ആവിഷ്കരിച്ചു.

                                                   --------------------------

ഒരാഴ്ചയ്ക്കു ശേഷം ഭദ്രൻ വന്നത് ആശങ്കകൾ ഒഴിഞ്ഞ മനസ്സോടെയാണ്. ഡോക്ടർ കുശലം ചോദിച്ചു. അദ്ദേഹവും ആത്മവിശ്വാസത്തിലാണെന്നു സ്പഷ്ടം.

“ഇപ്പോൾ എന്തു പറയുന്നു മിസ്റ്റർ ഭദ്രൻ?”

“നന്നായി പോകുന്നു”

ഡോക്ടർ സൂചിപ്പിച്ചു. “അപ്പോൾ മനസ്സ്.”

“മനസാണ് ശരി. മനസ്സിനു പുറത്തു ഒന്നുമില്ല”

“അപ്പോൾ ഫ്ലാഷ്‌ബാക്കുകൾ ഇപ്പോഴുമുണ്ടെന്ന്. അല്ലേ?”

“ഇപ്പോൾ ഏതാണ്ട് ഫ്ലാഷ്‌ബാക്കുകൾ മാത്രമേയുള്ളൂ ഡോക്ടർ. എവിടെ നോക്കിയാലും ആ രംഗം മുമ്പ് കണ്ടതായി ഓർമ്മ വരും. അതാകട്ടെ ഏറെ നേരം നീണ്ടു നിൽക്കുകയും ചെയ്യും. പുറംലോകം എന്നിൽ കുറ്റിയറ്റു പോയിക്കഴിഞ്ഞു”

ഡോക്ടർ താടിയ്ക്കു കൈ കൊടുത്തു. ഭദ്രൻ തുടർന്നു.

“ഇപ്പോൾ മനസ്സിലൂടെ, അല്ലെങ്കിൽ ബോധത്തിലൂടെ മാത്രമാണ് എനിക്കു പുറംലോകമെന്നു പറയുന്നതിനെ കാണാൻ പറ്റുന്നത്. അപ്പോൾ കൂടുതൽ യാഥാർത്ഥ്യവും അടിസ്ഥാനവും ആദ്യത്തേതിനാണ്, രണ്ടാമത്തേതിനല്ല”

ഡോക്ടർ ചെറുത്തുനിൽക്കാൻ ശ്രമിച്ചു.

“പുറംലോകത്തുള്ള വസ്തുക്കൾക്കല്ലേ ഭദ്രൻ മനസിനുള്ളിലെ ഇമേജുകൾ സൃഷ്ടിക്കാനാകൂ. അപ്പോൾ പുറംലോകമല്ലേ ശരിക്കും നിലവിലുള്ളത്?”

“അല്ല. കണ്ണടച്ചാലും എനിക്കു ഡോക്ടറേയും ഈ കൺസൾട്ടിങ്ങ് റൂമും മറ്റും വ്യക്തമായി കാണാം. അതിനു പുറംലോകത്തിന്റെ ആവശ്യമില്ല. ഇത്തരം ഇമേജുകളുടെ ഒരു സഞ്ചയം മനസ്സിൽ മുമ്പേയുണ്ടായിരുന്നാൽ മാത്രം മതി”

“ആ സഞ്ചയം എങ്ങിനെ വന്നു?”

“എങ്ങിനെയോ വന്നു. First cause is uncaused എന്നല്ലേ ഡോക്ടർ”

ഡോക്ടർ കണ്ണടയൂരി തുടച്ചു. താൻ തോറ്റു പോവുകയാണോ?

“ഭദ്രൻ പറയൂ. താങ്കൾക്കു മുന്നിൽ ഇപ്പോൾ ഞാൻ ഇരിപ്പുണ്ടോ?”

“എനിക്കു മനസ്സിൽ കാണാം സാർ ഇരിക്കുന്നത്”

“ഞാനും ഭദ്രനും ഇപ്പോൾ ഫ്ലാഷ്‌ബാക്കിലാണോ?”

“തീർച്ചയായും അതെ”

“അപ്പോൾ ഭദ്രന്റെ മനസ്സിനു പുറത്താണ് ഞാനെന്നു തോന്നുന്നില്ല?”

“ഇല്ലേയില്ല”

“പക്ഷെ ഞാൻ പറയട്ടെ, ഞാൻ താങ്കളുടെ മനസ്സിലല്ല, മറിച്ച് പുറത്താണ്”

ഭദ്രൻ കളിയാക്കുന്ന പോലെ ചിരിച്ചു. “സാർ മാത്രമല്ല, സാർ ഇപ്പോൾ പറയുന്ന വാക്കുകൾ വരെ എന്റെ ഉള്ളിലാണ്”

“ഏത് വാക്കുകൾ?”

താങ്കളുടെ മനസ്സിനു പുറത്താണ് ഞാൻ എന്ന വാക്കുകൾ”

ഡോക്ടർ സന്തോഷിച്ചു. ഇതാ അവസാനം താൻ കാത്തിരുന്ന ബ്രേക്ക്‌ത്രൂ.

“മിസ്റ്റർ ഭദ്രൻ താങ്കൾ പറയുന്നത് ഒട്ടും ശരിയല്ല. എന്തെന്നാൽ താങ്കളുടെ മനസ്സിൽ ഒരേ കാര്യത്തെപ്പറ്റി വിരുദ്ധ അഭിപ്രായങ്ങൾ ആണുള്ളത്”

ഭദ്രൻ ചോദിച്ചു. “അതെങ്ങിനെ?”

“ഭദ്രൻ പറയുന്നു ഞാനും, ഞാൻ താങ്കളുടെ നിലപാടുകളെ എതിർത്തുകൊണ്ടു പറയുന്ന വാക്കുകളും താങ്കളുടെ മനസ്സിൽ ഉണ്ടെന്ന്. എന്നുവച്ചാൽ ഞാനും എന്റെ ചിന്തകളും താങ്കളിൽ ഉണ്ടെന്ന്”

ഭദ്രൻ സമ്മതിച്ചു. “അതെ. അതു ശരിയാണ്..”

ഡോക്ടർ ഭദ്രനെ തടസ്സപ്പെടുത്തിയിട്ടു തുടർന്നു. “ശരി, ഞാൻ അതു സമ്മതിച്ചുവെന്നു കരുതുക. അപ്പോൾ തന്നെ മറ്റൊരു സത്യവുമുണ്ട്. താങ്കളിൽ തന്നെ താങ്കളുടെ മനസ്സും, അതിലെ ചിന്തകളും ഉണ്ടെന്നത്”

“അതെ എന്നിൽ എന്റെ മനസ്സുണ്ട്. അതിൽ സാറുമുണ്ട്”

“അവിടെയാണ് പ്രശ്നം ഭദ്രൻ. കാരണം താങ്കളുടെ മനസ്സിൽ, ഞാനും എന്റെ ചിന്തകളും ഉണ്ടെന്നു പറയുമ്പോൾ തന്നെ, താങ്കളുടെ മനസ്സും താങ്കളിൽ ഉണ്ടെന്നു പറയാതെ വയ്യ. എന്നുവച്ചാൽ എന്റെ ചിന്തകളും ഭദ്രന്റെ ചിന്തകളും ഒന്നുതന്നെയാണെന്നോ അല്ലെങ്കിൽ ഒരുമിച്ചുള്ളതാണെന്നോ പറയാം. പക്ഷേ നോക്കൂ, എന്റെ ചിന്തകളിൽ ‘ഞാൻ ഭദ്രനിൽ നിന്നു പുറത്തുള്ള ഒരു വ്യത്യസ്ത വ്യക്തി ആണെന്ന നിലപാടാണ് ഉള്ളത്. പക്ഷേ താങ്കളുടെ മനസ്സിൽ എന്നെപ്പറ്റിയുള്ള അഭിപ്രായം ഞാൻ ഒരു വ്യത്യസ്ത വ്യക്തിയല്ല, മറിച്ച് താങ്കളുടെ തന്നെ ഒരു ചിന്ത ആണെന്നാണ്. ഇതു രണ്ടും പരസ്പര വിരുദ്ധമാണ്. ഒരേ മനസ്സിൽ തന്നെ എന്റെ ആസ്ഥിത്വത്തെപ്പറ്റി വിഭിന്ന ആശയങ്ങൾ! അത് അസാധ്യമാണ്. എങ്ങിനെയാണ് ഞാൻ ഉണ്ട് എന്ന ചിന്തയും ഞാൻ ഇല്ല എന്ന ചിന്തയും ഒരുമിച്ചു കഴിയുക”

ഡോക്ടർ വീറോടെ തുടർന്നു.

“അതിനാൽ ഭദ്രൻ, താങ്കളുടെ മാനസികവാദം തെറ്റാണ്. താങ്കളുടെ മുന്നിലിരിക്കുന്ന ഞാൻ താങ്കളുടെ ആശയങ്ങളെ അംഗീകരിക്കാത്തിടത്തോളം മാനസികവാദത്തിനു അടിസ്ഥാനമില്ല”

ഭദ്രൻ സ്തംബ്ധനായി. ഡോക്ടർ ഉപസംഹരിച്ചു.

“ഞാനും താങ്കളും വെവ്വേറെ ആസ്ഥിത്വമുള്ളവരാണെന്നത് ഇത്തരുണത്തിൽ നിസ്തർക്കമാണ്. ഇക്കാര്യത്തിൽ സംശയത്തിനു അടിസ്ഥാനമേയില്ല”

സംശയങ്ങൾ ഒഴിയാത്ത മനസ്സോടെ ഭദ്രൻ കസേരയിൽനിന്നു എഴുന്നേറ്റു. ഡോക്ടർ ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അനുസരിച്ചില്ല. ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു.

                                                   -----------------------

രാത്രി. ഡോക്ടർ ഭദ്രന്റെ കേസ്‌ഷീറ്റിൽ Remedy കോളത്തിൽ എഴുതി.

"രോഗിയുടെ വാദങ്ങളെ വാക്ചാതുരിയാൽ നേരിട്ടു തോല്പിച്ചു. തന്റെ നിലപാട് ശരിയാണോ എന്ന കാര്യത്തിൽ രോഗിയിൽ ആശയക്കുഴപ്പം ഉടലെടുത്തു കഴിഞ്ഞു. ഒരാഴ്ചക്കുള്ളിൽ അതു പോസിറ്റീവായ ഫലം ചെയ്തേക്കാം. ഇപ്പോൾ അകപ്പെട്ടിരിക്കുന്ന ആശയക്കുഴപ്പത്തിൽ നിന്ന് പുറത്തു കടക്കാനായില്ലെങ്കിൽ 'മനസ്സാണ് ഏക യാഥാർത്ഥ്യം' എന്ന നിലപാടിൽ നിന്ന് രോഗി പിൻവലിയേണ്ടതാണ്. അതല്ലാതെ മറ്റു രക്ഷാമാർഗങ്ങൾ ഇല്ല."

ഒരാഴ്ചയ്ക്കു ശേഷം ഡോക്ടർ ഭദ്രന്റെ കേസ്‌ഷീറ്റിൽ അവസാന വരികളും എഴുതി.

"രോഗി ഇപ്പോൾ തികച്ചും നോർമലാണ്"

Tuesday, August 6, 2013

ഇരട്ട ചെമ്പരത്തി

കണ്ണടച്ചു കിടക്കുന്ന സുമതിയുടെ വീർത്ത വയറിൽ മുഖം അമർത്തി ഭർത്താവ് ചോദിച്ചു.

“ആണോ പെണ്ണോ?”

സുമതി കണ്ണു തുറക്കാതെ തിരിച്ചു ചോദിച്ചു. “ഏതാണു വേണ്ടത്?”

ഭർത്താവ് പറഞ്ഞു. “ആണിനെ മതി”

“അതെന്താ അങ്ങിനെ?”

“അവനെ ഞാനൊരു പ്രശസ്ത ചിത്രകാരനാക്കും”

സുമതി ചിരിച്ചു. പിന്നെ കുറേ നേരം മിണ്ടാതിരുന്നു. ഭർത്താവ് അന്വേഷിച്ചു.

“എന്താ സംസാരം നിർത്തിക്കളഞ്ഞത്?”

സുമതി മിണ്ടിയില്ല. ഭർത്താവ് നിർബന്ധിച്ചപ്പോൾ പറഞ്ഞു. “ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു”

“അതിനെന്തിനാണ് മുഖം മ്ലാനമാകുന്നത്. സ്വപ്നം കാണുന്നത് നല്ല കാര്യമല്ലേ. ഞാൻ ഒരു സ്വപ്നം കണ്ടിട്ടു കുറേ നാളുകളായി. കാണാൻ ആഗ്രഹം ഉണ്ടെങ്കിലും, ആഗ്രഹിക്കുമ്പോഴെല്ലാം എത്തിപ്പിടിക്കാവുന്നതല്ലല്ലോ സ്വപ്നം”

ഭർത്താവ് തുടർന്നു. “പറയൂ. എന്തായിരുന്നു സ്വപ്നത്തിൽ കണ്ടത്?”

സുമതി പറഞ്ഞു. “ഒരു ചുവന്ന ഇരട്ട ചെമ്പരത്തിയായിരുന്നു സ്വപ്നത്തിൽ. ഒരു ഞെട്ടിൽനിന്നു തുടങ്ങി, ഇരു ശരീരമായി നിൽക്കുന്ന ചെമ്പരത്തിപ്പൂവ്. രണ്ടു പൂവണിയുണ്ട്”

“നല്ല സ്വപ്നമാണല്ലോ. ആദ്യമായാണ് സ്വപ്നത്തിൽ പൂക്കൾ കണ്ടതിനെപ്പറ്റി ആരെങ്കിലും എന്നോടു പറയുന്നത്”

സുമതി ആ പ്രശംസ ആസ്വദിച്ചില്ല. അവരുടെ മുഖം കൂടുതൽ മ്ലാനമായി. ഭർത്താവിനു സുമതിയുടെ ഉൽസാഹമില്ലായ്മയുടെ കാരണം മനസ്സിലായില്ല.

‘എന്താണ് സുഖമില്ലാത്ത പോലെ. നല്ല സ്വപ്നമല്ലേ കണ്ടത്?’

സുമതി മനസ്സില്ലാ മനസ്സോടെ പറഞ്ഞു. “നമുക്കു പിറക്കാൻ പോകുന്നത് ഇരട്ടക്കുട്ടികളാണെന്ന് എനിക്കു തോന്നുന്നു. ഇരട്ട ചെമ്പരത്തിയും രണ്ടു പൂവണിയും സൂചിപ്പിക്കുന്നത് അതാണ്”

ഭർത്താവിന്റെ മുഖം നൊടിയിടയിൽ കറുത്തു. ഉൽസാഹം പൂർണമായും കെട്ടു. അദ്ദേഹം കിടക്കയിൽ സുമതിയിൽനിന്നു നീങ്ങി, മലർന്നു കിടന്നു.

ഒരു മിനിറ്റ് കഴിഞ്ഞു ഭർത്താവ് സ്വരം കടുപ്പിച്ചു പറഞ്ഞു. “നമുക്കു ഇരട്ടക്കുട്ടികൽ വേണ്ട”

സുമതി കരഞ്ഞു. പ്രതീക്ഷിച്ച മറുപടിയായിരുന്നിട്ടും ദുഃഖം താങ്ങാനായില്ല. അഭ്യർത്ഥനകൾ ഭർത്താവിൽ മാറ്റങ്ങൾ ഉണ്ടാക്കില്ലെന്നു അറിയാമെങ്കിലും സുമതി ദുർബലമായി കെഞ്ചി.

“അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ. എല്ലാം മറക്കാമല്ലോ?”

“നമ്മുടെ കുഞ്ഞുങ്ങളുടെ നന്മക്കാണ് ഞാനിത് പറയുന്നത്. അവർ എന്നെപ്പോലെയാകരുത്”

ഭർത്താവ് തീർത്തു പറഞ്ഞു. ഇളക്കാനാകാത്ത തീരുമാനമാണ്. സുമതി തേങ്ങിക്കൊണ്ടു തിരിഞ്ഞു കിടന്നു. പിന്നെയൊന്നും മിണ്ടിയില്ല.

ഇരട്ടക്കുട്ടികളോടു ഭർത്താവിനു വിരോധമുണ്ടെന്നു സുമതിക്കു കുറേ നാളുകളായി സംശയമുണ്ടായിരുന്നു. ഏതാനും ആഴ്ചകൾ മുമ്പാണ് അദ്ദേഹം അതു തുറന്നു സമ്മതിക്കുന്നത്.

ഞായറാഴ്ച ദിവസം. ഉച്ചക്കു ഊണ് കഴിഞ്ഞു പൂമുഖത്തിരുന്നു സല്ലപിക്കുകയായിരുന്നു ഇരുവരും. അപ്പോൾ ഒരു യുവാവ് ഗേറ്റ് കടന്നുവന്നു. കാണാൻ സുമുഖൻ. നല്ല ആകാരം. പക്ഷേ വസ്ത്രധാരണം ശ്രദ്ധയോടെയല്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ള കൂട്ടത്തിലാണെന്നു തോന്നി. കാശിനു വന്നതാണോ? ആഗതനെ കണ്ടപ്പോൾ ഭർത്താവ് അസ്വസ്ഥനായത് സുമതി ശ്രദ്ധിച്ചു. സന്ദർഭം മുഷിഞ്ഞു.  ഭർത്താവിനു ആഗതനെ പരിചയമുണ്ടെന്നു തോന്നി.  എന്നിട്ടും അവർ തമ്മിൽ സംസാരിക്കാതിരുന്നപ്പോൾ സുമതി ഇടപെട്ടു.

“എന്തു വേണം? കാശിനാണെങ്കിൽ കാത്തുനിൽക്കണ്ട. പോയ്‌ക്കോളൂ”

പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ ഭർത്താവ് താക്കീത് ചെയ്തു. “സുമതീ...”

ഭർത്താവ് വളരെ അപൂർവ്വമായേ തന്റെ പേര് വിളിക്കാറുള്ളൂ എന്നു സുമതി ഓർത്തു. സുമതി നിശബ്ദയായി.

ഭർത്താവ് ഗൗരവത്തിൽ ആഗതനോടു ചോദിച്ചു. “ഊണ് കഴിച്ചോ?”

ആഗതന്റെ പേരുപോലും ചോദിക്കാതെയുള്ള സംസാരം. ദീർഘനാളായി പരിചയമുള്ളവരെ പോലെ ഇടപെടൽ.

ആഗതൻ കൂസലില്ലാതെ പറഞ്ഞു. “ഇല്ല. ചോറു വേണം”

ഭർത്താവ് സുമതിയോടു നിർദ്ദേശിച്ചു. “ചോറു വിളമ്പിക്കൊടുക്ക്. വേഗം”

സുമതി അമ്പരന്നു. എന്താണ് ഈ കേൾക്കുന്നത്? ഭർത്താവിന്റെ അത്ര പ്രായമുള്ള അപരിചിതനു അടുത്തുനിന്നു ഭക്ഷണം വിളിമ്പിക്കൊടുക്കാൻ! അയാൾ എന്തെങ്കിലും അവിവേകം കാണിച്ചാലോ. സുമതി സംശയിച്ചു നിന്നു. ഭർത്താവ് ശാസിച്ചു.

“പറഞ്ഞതു കേട്ടില്ലേ”

ആഗതൻ കൂസാതെ അകത്തേക്കു നടന്നു. കൈ കഴുകി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. സുമതി പിന്നാലെയെത്തി എല്ലാം വിളമ്പിക്കൊടുത്തു. അപരിചിതന്റെ സാമീപ്യത്തിൽനിന്നു രക്ഷപ്പെടാൻ വീണ്ടും പൂമുഖത്തെത്തിയപ്പോൾ ഭർത്താവ് ഡൈനിങ്ങ് റൂമിലേക്കു തന്നെ പറഞ്ഞുവിട്ടു. സുമതിക്കു ആകെ ഒരു എത്തുംപിടിയും കിട്ടിയില്ല.

ഡൈനിങ്ങ് റൂമിൽ ഭർത്താവിന്റെ മാതാപിതാക്കളുടെ പടം തൂങ്ങുന്നുണ്ടായിരുന്നു. ഇരുവരും മരിച്ചുപോയവരാണ്. ഫോട്ടോയിലെ അച്ഛന്റെ മുഖവുമായി ആഗതന്റെ മുഖത്തിനു സാമ്യമുണ്ടെന്നു സുമതിക്കു തോന്നി. അതു യാദൃശ്ചികമാണെന്നു കരുതി ആശ്വസിച്ചു. ആഗതൻ ചോറും കറിയും വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. എല്ലാം വലിച്ചുവാരി തിന്നു. അദ്ദേഹം ഭക്ഷണം കഴിച്ചിട്ടു കുറച്ചു നാളുകളായെന്നു സുമതിക്കു ബോധ്യമായി.

ഭക്ഷണം കഴിച്ചു കൈകഴുകി, ആഗതൻ പടിയിറങ്ങി പോയി. പൂമുഖത്തിരിക്കുന്ന ഭർത്താവിനോടു യാത്രപോയിട്ടു ഒരക്ഷരം പോലും മിണ്ടിയില്ല. അത്രയ്ക്കു ധിക്കാരം വേണ്ടിയിരുന്നില്ല.

സുമതി ഭർത്താവിനോടു കയർത്തു. “നിങ്ങൾ എന്തൊക്കെയാണ് ഈ കാണിച്ചു കൂട്ടുന്നത്. വീട്ടിൽ വരുന്നവർക്കു അന്നദാനം നടത്തുന്നോ. കണ്ണിൽ കണ്ടവർക്കു വിളമ്പിക്കൊടുക്കാനാണൊ ഞാനിവിടെയുള്ളത്”

ഭർത്താവ് പറഞ്ഞു. “കണ്ണിൽ കണ്ടവനൊന്നുമല്ല”

“പിന്നെ?”

“അതെന്റെ സഹോദരനാണ്”

ഭർത്താവിനു ഒരു സഹോദരൻ ഉള്ളതായി സുമതിക്കു അറിയില്ലായിരുന്നു. നുണ പറയുകയാണോ? അതോ വല്ല കുടുംബരഹസ്യമോ?

“എങ്ങിനെ സഹോദരൻ? വകയിലെ എങ്ങാനുമാണോ?” സുമതി ചോദിച്ചു.

“അല്ല. ഒരമ്മ പ്രസവിച്ചവർ തന്നെ”

“അമ്മയുടെ രണ്ടാം കെട്ടിലാണോ?”

ഭർത്താവിനു ദേഷ്യം വന്നു. “എന്റെ അമ്മ ഒരുതവണയേ കെട്ടിയിട്ടുള്ളൂ”

അതുശരി. അപ്പോൾ വെറുതെയല്ല അച്ഛന്റെ ഫോട്ടോയുമായി ആഗതനു സാമ്യം തോന്നിയത്.

“നിങ്ങളുടെ ചേട്ടനാണോ” സുമതി ചോദിച്ചു.

“അല്ല”

“ഉം. അനിയൻ”

“അല്ല. ഞങ്ങൾ സമജാത ഇരട്ടകൾ ആണ്”

സുമതി അൽഭുതപ്പെട്ടു. ഇരട്ടസഹോദരനോ സഹോദരിയോ ഉണ്ടാകുന്നത് എന്തു രസകരമായിരിക്കും. “എന്താ അനിയന്റെ പേര്?”

“ശബരി”

സുമതി ചോദിച്ചു. “ഇങ്ങിനെയൊരു ഇരട്ടസഹോദരൻ ഉള്ള കാര്യം എന്താണ് വിവാഹത്തിനു മുമ്പ് പറയാതിരുന്നത്?”

“ആവശ്യമില്ലെന്നു തോന്നി”

ഈ വിഷയം സംസാരിക്കാൻ ഭർത്താവിനു താല്പര്യക്കുറവുണ്ടെന്നു മനസ്സിലായിട്ടും സുമതി വിട്ടില്ല.

“വീട്ടുകാരുമായി ശബരി വഴക്കിലായിരുന്നോ?”

ചോദിച്ചു കഴിഞ്ഞാണ് സുമതി ഓർത്തത്. എത്ര ലാഘവത്വത്തോടെയാണ് താൻ ശബരി എന്നു വിളിച്ചത്. ഒരു മണിക്കൂർ മുമ്പ് മാത്രം കണ്ടുമുട്ടിയ വ്യക്തി. ഭർത്താവിന്റെ സഹോദരൻ ആണെങ്കിൽ കൂടിയും അത്ര അടുപ്പത്തോടെ വിളിക്കേണ്ടിയിരുന്നില്ലെന്നു തോന്നി.

ഭർത്താവ് സുമതിയെ കൂർപ്പിച്ചുനോക്കി പറഞ്ഞു. “വീട്ടുകാരുമായി വഴക്കൊന്നുമില്ല”

“പിന്നെ?”

ഭർത്താവ് സുമതിയെ ചോദ്യഭാവത്തിൽ നോക്കി. സുമതി പറഞ്ഞു. “പിന്നെന്താണ് വിവാഹത്തിനു മുമ്പോ പിമ്പോ സഹോദരനെപ്പറ്റി എന്നോടു പറയാതിരുന്നത്?”

“ഞങ്ങൾ തമ്മിൽ ഒട്ടും രസത്തിലല്ല. അതുതന്നെ കാരണം” ഭർത്താവ് തുടർന്നു. “പിറന്ന നിമിഷത്തിൽ ഒഴികെ ഒരുകാലത്തും ഞങ്ങൾ തമ്മിൽ സ്വരച്ചേർച്ച ഉണ്ടായിരുന്നിട്ടില്ല”

“അതെന്താ അങ്ങിനെ? സ്വരച്ചേർച്ച ഇല്ലായ്മക്കു എന്താണ് കാരണം?”

ഭർത്താവ് അലസോരം ഭാവിച്ചു. “അതൊക്കെ നീയെന്തിനാ അറിയുന്നത്. ഒരു കാര്യവുമില്ല”

സുമതി ചീറി. “ഇല്ലേ, ഒരു കാര്യവുമില്ലേ. എങ്ങുനിന്നോ വന്ന ഒരുത്തനു ചോറ് വിളമ്പിക്കൊടുക്കാമെങ്കിൽ അയാളെപ്പറ്റിയുള്ള വിവരങ്ങളും എനിക്കു ചോദിക്കാം. പറ്റില്ലേ?”

ഭർത്താവ് തല തിരിച്ചു. സുമതി ചോദിച്ചു. “നിങ്ങൾ തമ്മിൽ തെറ്റിയതെങ്ങിനെയെന്നു പറ”

ഭർത്താവ് വഴങ്ങി.

“ഒരു കാരണമേയുള്ളൂ. ഞാൻ എന്താണോ, അതിനു നേരെ വിപരീതമാണ് ശബരി. ഇഷ്ടാനിഷ്ടങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടെ എല്ലാ കാര്യത്തിലും എതിര്”

സുമതി പറഞ്ഞു. “എന്നാ ശബരിയുടെ സ്വഭാവം നല്ലതാകാനേ വഴിയുള്ളൂ. നിങ്ങളുടെ സ്വഭാവം എനിക്ക് അറിയാവുന്നതല്ലേ”

“എന്നാ നീ അവന്റെ കൂടെ പോയ്ക്കോ” ഭർത്താവ് ചൊടിച്ചു.

“എന്തേ പോയാൽ. ഒരു കുഴപ്പവുമില്ല. എന്താ ആ മുഖത്തിന്റെ ഭംഗി. എന്താ എടുപ്പും ഗമയും. ഇത്ര സുന്ദരനായ ഒരാളെ കെട്ടണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ കിട്ടിയതോ മുഖമാകെ പൊള്ളി, കത്തിക്കുത്തിന്റെ പോലെ വരകളുള്ള ഒരാളെ”

ഭർത്താവ് മുഖം തടവി. മുഖത്തെ തടിപ്പുകളിൽ വിരലുകൾ ഓടിച്ചു. ഭാര്യയുടെ മറുപടിയോ, ശബരിയെ പുകഴ്ത്തിയതോ അദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചില്ല. പകരം അപാരമായ ശാന്തത അദ്ദേഹം അനുഭവിച്ചു.

ഭർത്താവ് പറഞ്ഞു.

“ഞാനും പണ്ടു ശബരിയെപ്പോലെ സുന്ദരനായിരുന്നു സുമതി. പറഞ്ഞല്ലോ, ഞങ്ങൾ സമജാത ഇരട്ടകൾ ആണെന്ന്. ഞങ്ങളെ ഒരുമിച്ചു കണ്ടാൽ തിരിച്ചറിയുക പോലും സാധ്യമല്ലായിരുന്നു. അത്ര സാമ്യം. അന്നെന്റെ മുഖത്തു കത്തിവരയോ പൊള്ളൽപാടുകളോ ഒന്നും ഉണ്ടായിരുന്നില്ല”

ഭർത്താവിന്റെ ഭാവമാറ്റം മനസ്സിലാക്കി സുമതി അടുത്തുവന്നു. ചുമലിൽ ചുംബിച്ചിട്ടു ചോദിച്ചു.

“എന്നിട്ടു എന്താണ് പറ്റിയത്? ആരാ മുഖത്തു കത്തികൊണ്ടു വരഞ്ഞത്?”

ഭർത്താവ് പറഞ്ഞു. “മറ്റാരുമല്ല, ഞാൻ തന്നെയാണ് എന്റെ മുഖം വികൃതമാക്കിയത്”

സുമതി വിശ്വസിച്ചില്ല. “നുണ പറയുന്നോ?”

“നുണയല്ല സുമതി. സത്യമാണ്, സത്യം മാത്രം. ഞാനും ശബരിയും എന്നും, എന്തിനും ഏതിനും, എതിർപക്ഷത്തായിരുന്നു. ഓർമയിൽ ഒരിടത്തും ഞങ്ങൾ ഒരുമിച്ചു നിന്നതിന്റെ രേഖാചിത്രം ഇല്ല. യെസ്, നോ എന്നീ രണ്ടു ഓപ്ഷനുകളെപ്പോലെയായിരുന്നു ഞങ്ങളുടെ സ്വഭാവം. ഒരാൾ അനുകൂലിച്ചാൽ മറ്റേയാൾ എതിർക്കും. ഒരാൾ എതിർത്താൽ മറ്റേയാൾ അനുകൂലിക്കും. അങ്ങിനെ എന്നും വിരുദ്ധധ്രുവങ്ങളിൽ നിൽക്കാൻ ഞങ്ങൾ ഇഷ്ടപ്പെട്ടു. ജീവിതത്തിൽ ഉടനീളം അതു പാലിക്കുകയും ചെയ്തു”

ഒന്നു നിർത്തിയിട്ടു ഭർത്താവ് തുടർന്നു.

“പക്ഷേ ഈ തികഞ്ഞ വൈരുദ്ധ്യങ്ങൾക്കിടയിലും ഒന്നു ഞങ്ങളെ ചേർത്തു നിർത്തുണ്ടായിരുന്നു, ഞങ്ങളുടെ മുഖസാമ്യം. അത് അപാരമായിരുന്നു. അച്ഛനും അമ്മയ്ക്കും ഒഴികെ ആർക്കും ഞങ്ങളെ വേർതിരിച്ചറിയാൻ പെട്ടെന്നു കഴിഞ്ഞിരുന്നില്ല. എല്ലാത്തിലും എതിരായി നിൽക്കുമ്പോഴും മുഖം മാത്രം അനുരൂപമായിരിക്കുന്നതിൽ ശബരിയേക്കാൾ എനിക്കായിരുന്നു കടുത്ത നിരാശ. അത്തരം നിരാശയുടെ ഉത്തുംഗശൃംഗത്തിലാണ്, ഒരിക്കൽ മയക്കുമരുന്നിന്റെ ലഹരിയിൽ ഞാൻ കത്തികൊണ്ടു മുഖം വരഞ്ഞ്, തീ കൊണ്ട് പൊള്ളിച്ചത്. അങ്ങിനെ മുഖസാമ്യത്തിൽ നിന്നു മോചനം നേടി. ആയിടക്കു തന്നെ ശബരി വീട്ടിൽനിന്നു ഇറങ്ങിപ്പോവുകയും ചെയ്തു. ഇതുപോലെ ഇടയ്ക്കു കയറി വരും. ഭക്ഷണം കഴിക്കും. അച്ഛനും അമ്മയും മരിച്ചതോടെ അതും നിലച്ചു. കുറേ നാളിനു ശേഷമാണ് ഇപ്പോൾ കാണുന്നത്”

എല്ലാം കേട്ടു സുമതി അമ്പരന്നിരുന്നു. ഈ സംഭവത്തോടെയാണ് ഭർത്താവിനു ഇരട്ടകളോടു അസാമാന്യ വിരോധമുണ്ടെന്നു സുമതി മനസ്സിലാക്കുന്നത്. അർദ്ധസഹോദരനോടു പുലർത്തുന്ന കടുത്ത എതിർപ്പ് മറ്റു ഇരട്ടകൾക്കു നേരെയും ഭർത്താവിനുണ്ട് എന്നത് ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു.

അർദ്ധസഹോദരന്റെ സന്ദർശനത്തിനു ശേഷമുള്ള ദിവസങ്ങൾ സുമതിക്കു പഴയതു പോലെയായിരുന്നില്ല. വീട്ടിൽ പണിയൊഴിഞ്ഞു വെറുതെയിരിക്കുമ്പോൾ സുമതി മ്ലാനവതയായി. ഭർത്താവും സഹോദരനും തമ്മിലുള്ള വിചിത്രബന്ധം സുമതിയുടെ മനസ്സിനെ ആകെ ഉലച്ചു. എന്തുമാത്രം ഉപകാരപ്രദമാകാവുന്ന സഹോദരബന്ധമാണ് വഴിതെറ്റി കിടക്കുന്നതെന്നു പരിതപിച്ചു. ഭർത്താവിനോടു നാമമാത്രമായി മാത്രം സുമതി സംസാരിച്ചു. ഭർത്താവിന്റെ മറുപടിയാകട്ടെ മൂളലുകളിൽ ഒതുങ്ങി. ഗർഭിണിയാണെന്ന വാർത്ത അറിയിച്ചപ്പോൾ, പക്ഷേ അദ്ദേഹം ആഹ്ലാദവാനായി. പക്ഷേ ഇരട്ടകൾ ആണ് ഗർഭത്തിലെന്നു ഉറപ്പായാൽ വീണ്ടും പ്രശ്നം തലപൊക്കുമെന്നു സുമതിയ്ക്കു നിശ്ചയമായിരുന്നു. ഇപ്പോൾ അതു സംഭവിക്കുകയും ചെയ്തു.

ആയിടെയാണ് ശബരി വീണ്ടും വീട്ടിലെത്തുന്നത്. ഞായറാഴ്ച ദിവസം തന്നെ. പക്ഷേ പൂമുഖത്തു സല്ലാപത്തിനു സുമതി ഇല്ലായിരുന്നു. സ്വീകരണമുറിയിൽ ഇരുന്നു വാരിക വായിക്കുകയായിരുന്ന സുമതി ഭർത്താവിന്റെ വിളികേട്ടു പൂമുഖത്തെത്തി. ശബരി ചെരുപ്പ് ഊരി വീട്ടിലേക്കു കയറാൻ തുടങ്ങുന്നു. ഭർത്താവിന്റെ മുഖം കാര്യം പറയാതെ പറഞ്ഞു. സുമതി അടുക്കളയിൽ പോയി ഭക്ഷണം വിളമ്പിവച്ചു.

ഭക്ഷണം വിളമ്പിയിട്ടു സുമതി തിരിച്ചു സ്വീകരണമുറിയിലേക്കു പോയില്ല. ഡൈനിങ്ങ് ടേബിളിലെ ഒഴിഞ്ഞ കസേരയിൽ ഇരുന്നു. തന്റെ സാന്നിധ്യം ശബരിയെ അലസോരപ്പെടുത്തുന്നതായി തോന്നിയെങ്കിലും സുമതി പിൻമാറിയില്ല. ശബരിയോടു സംസാരിക്കാൻ തന്നെ തീരുമാനിച്ചു. ക്ഷമാപണത്തിൽ തുടങ്ങി.

“കഴിഞ്ഞ തവണ വന്നപ്പോൾ ആളെ മനസ്സിലായില്ല”

ശബരി തല ഉയർത്തി നോക്കിയില്ല. എന്തെങ്കിലും കേട്ടതായി പോലും ഭാവിച്ചില്ല. ഭക്ഷണം കഴിക്കുന്നത് തുടർന്നു. അത്തരം ഭാവപ്രകടനം ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതിനാൽ അമ്പരക്കാതെ സുമതി സംസാരം തുടർന്നു. ഇല്ലാത്ത അടുപ്പം സംഭാഷണത്തിൽ വരുത്താൻ പ്രത്യേകം ശ്രദ്ധിച്ചു.

“ഞാൻ അൽഭുതപ്പെടുകയായിരുന്നു ശബരി, എങ്ങിനെയാണ് ഇരട്ട സഹോദരന്മാർക്കിടയിൽ ഇത്രത്തോളം വെറുപ്പ് ഉയർന്നതെന്ന്. അതും സമജാത ഇരട്ടകളിൽ. ഒരേ ഗർഭപാത്രത്തിൽ നിന്നു മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ചവർ. അവർ എന്നും ഐക്യപ്പെടേണ്ടവർ അല്ലേ. അച്ഛനമ്മമാരുടെ ഒരേയൊരു സന്താനമായ എനിക്കു കുട്ടിക്കാലത്തും കൗമാരത്തിലും വലിയ കൊതിയായിരുന്നു, ഒരു സഹോദരനോ സഹോദരിയോ ഉണ്ടാകാൻ. ഇരട്ടയാണെങ്കിൽ ഞാൻ കൂടുതൽ സന്തോഷിച്ചേനെ. ഒരേ തൊട്ടിലിൽ മുഖത്തോടു മുഖം നോക്കി, പരസ്പരം തൊട്ടുകിടന്നു വളരുക എന്തു രസമാണ്. അത്തരക്കാരിൽ എങ്ങിനെയാണ് വിദ്വേഷം വളരുകയെന്നു എനിക്കു മനസ്സിലാകുന്നില്ല”

സഹോദരൻ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നി. സുമതി മനസ്സിലെ ആശയങ്ങൾ മുഴുവൻ വലിച്ചു പുറത്തിട്ടു.

“ചിലർ അങ്ങിനെയാണ്. യോജിപ്പുകൾക്കിടയിലും വിയോജിപ്പുകൾ തിരയും. അനേകം യോജിപ്പുകൾ തങ്ങളെ മറ്റുള്ളവരുമായി ഒന്നിപ്പിക്കുന്നുവെന്നു അംഗീകരിക്കാതെ, വിയോജിപ്പുകളിലൂടെ സ്വന്തം ആസ്തിത്വം സ്ഥാപിക്കാൻ ശ്രമിക്കും. അതും യോജിപ്പുകളുടെ വലിയ മേഖലകൾ തുറന്നു കിടക്കുമ്പോൾ. ശബരി പറയൂ, എന്തിനാണ്, വിയോജിപ്പുകളുടെ പേരിൽ തമ്മിൽ തല്ലുന്നത്. ആഴത്തിൽ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? സത്യത്തിൽ യോജിപ്പും വിയോജിപ്പും എന്നു പറയുന്നത് വെറും വ്യാഖ്യാനപ്രശ്നം മാത്രമല്ലേ? അവ പരസ്പരപൂരകവും അല്ലേ? വിയോജിപ്പുകൾ മാത്രമായാൽ എങ്ങിനെ ‘വിയോജിപ്പുകൾ’ തിരിച്ചറിയാനാകും? യോജിപ്പുകൾ മാത്രമാണെങ്കിൽ എങ്ങിനെ ‘യോജിപ്പുകൾ’ തിരിച്ചറിയാനാകും? അതുകൊണ്ട് യോജിപ്പുകൾ ഉള്ളിടത്തേ വിയോജിപ്പുകളും ഉള്ളൂ. അവ പരസ്പരപൂരകങ്ങളാണ്. അല്ലാതെ ശത്രുതാപരമായി എതിർത്തു നിൽക്കേണ്ടവയല്ല. യോജിപ്പുകളാണ് വിയോജിപ്പുകൾക്കു അടിസ്ഥാനം. വിയോജിപ്പുകളാണ് യോജിപ്പുകളെ നിർവചിക്കുന്നത്. അത്യന്തികമായി നോക്കിയാൽ, വിയോജിപ്പ് – യോജിപ്പ് എന്നിവയുടെ ആധാരം ‘ഒന്ന്’ തന്നെയാണ്. നിങ്ങൾ രണ്ടുപേർക്കും പുറമേനിന്നു ലഭിക്കുന്നത് ഈ ‘ഒന്ന്’ ആണ്. വ്യക്തിയുടെ മനസ്സിലെ അജ്ഞതയാണ് ഈ ‘ഒന്നിൽ’ നിന്നു യോജിപ്പും വിയോജിപ്പും നിർമിക്കുന്നത്. അതാകട്ടെ വേണമെന്നു കരുതിയാൽ പരിഹരിക്കാവുന്ന ഒരു കാര്യമാണ്... വാസ്തവത്തിൽ നിങ്ങൾ തമ്മിൽ കാര്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല”

സുമതി ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു. ശബരി ഞെട്ടി തലയുയർത്തി സുമതിയെ കൂർപ്പിച്ചു നോക്കി. പ്ലേറ്റിൽ അവശേഷിച്ച ചോറുവറ്റുകൾ വടിച്ചുനക്കി ശബരി എഴുന്നേറ്റു. കൈ കഴുകി. ടവ്വലുമായി സുമതി പിന്നാലെ ചെന്നെങ്കിലും അതു കൊടുക്കേണ്ടി വന്നില്ല. ശബരി പെട്ടെന്നു ഇറങ്ങിപ്പോയി. താൻ പറഞ്ഞതൊന്നും ഇഷ്ടമായിട്ടുണ്ടാകില്ലെന്നു സുമതി ഊഹിച്ചു.

സുമതി പൂമുഖത്തേക്കു ചെന്നു. ഭർത്താവ് കസേരയിൽ കിടന്നു മയങ്ങുകയാണ്. അർദ്ധ സഹോദരൻ പോയതൊന്നും അറിഞ്ഞിട്ടില്ല. സുമതി തട്ടി വിളിച്ചു.

“ശബരി പോയി”
ഭർത്താവ് പറഞ്ഞു. “ഞാൻ കണ്ടു”

“അപ്പോൾ മയങ്ങുകയല്ലായിരുന്നോ?”

“അല്ല. അവൻ വരുന്ന കാലടി ശബ്ദം കേട്ടു കണ്ണടച്ചതാണ്. നേരിൽ കാണണ്ടായെന്നു കരുതി”

സുമതിക്കു ദേഷ്യം വന്നു. ഭർത്താവ് തുടർന്നു.

“അവനെന്തു പറ്റിയെന്നു അറിയില്ല. ഇറങ്ങിപ്പോയപ്പോൾ ഞാൻ കണ്ണടച്ചു കിടക്കുന്നതു കണ്ടു അഞ്ചുനിമിഷം എന്റെ മുഖത്തു നോക്കിനിന്നു. എന്റെ സിഗററ്റ് കൂടിൽനിന്നു രണ്ടുമൂന്നു സിഗററ്റെടുത്തു പോക്കറ്റിൽ തിരുകുകയും ചെയ്തു. കണ്ണിമ ലേശം തുറന്നു നോക്കിയപ്പോൾ ഞാൻ കണ്ടതാണിത്. അവന്റെ പെരുമാറ്റം വ്യത്യാസപ്പെട്ടതായി എനിക്കു തോന്നി. സാധാരണ ഞങ്ങൾ മുഖത്തോടു മുഖം നോക്കാറില്ല. കൂടാതെ മറ്റേ ആളുടെ വസ്തുവകകളിൽ തൊടുക പോലും ചെയ്യില്ല”

സുമതി ആശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്തു. ശബരി ദേഷ്യപ്പെട്ടല്ല ഇറങ്ങിപ്പോയത്. ഇനിയും വരുമായിരിക്കും.

ഭർത്താവിനോടു പറയണോ വേണ്ടയോ എന്നു സംശയിച്ചു സുമതി സൂചിപ്പിച്ചു.

“ഞാൻ ശബരിയോടു കുറച്ചു കാര്യങ്ങൾ സംസാരിച്ചു”

ഭർത്താവ് ഞെട്ടി. “ങ്ഹേ! അവൻ പെട്ടെന്നു ദേഷ്യപ്പെടുന്ന തരക്കാരനാണ്. നീ എന്താണ് പറഞ്ഞത്?”

“നിങ്ങൾ തമ്മിൽ സത്യത്തിൽ യാതൊരു വിയോജിപ്പും ഇല്ലെന്നാണ് ഞാൻ പറഞ്ഞത്”

ഭർത്താവ് പൊട്ടിച്ചിരിച്ചു.

“ഹഹഹ. ശബരിയുടെ കൂടെ പത്തിരുപത് കൊല്ലം ഒന്നിച്ചു താമസിച്ച എനിക്കാണോ, അതോ രണ്ടാമതു മാത്രം കാണുന്ന നിനക്കാണോ ഇക്കാര്യത്തിൽ നിശ്ചയം”

സുമതി പറഞ്ഞു. “എനിക്കു തന്നെയാണ് നിശ്ചയം. കാരണം യോജിപ്പ്, വിയോജിപ്പ് എന്നീ സംജ്ഞകൾ യഥാർത്ഥ്യത്തിൽ ഇല്ലാത്തതാണെന്നു നിങ്ങൾക്കറിയില്ല”

ഭർത്താവ് നെറ്റിചുളിച്ചു. “എന്നുവച്ചാൽ?”

“നിങ്ങളും സഹോദരനും എല്ലാ കാര്യങ്ങളിലും വിഭിന്ന ധ്രുവങ്ങളിലാണെന്ന് നിങ്ങൾ പറയുന്നു. എന്നുവച്ചാൽ എല്ലാത്തിലും യോജിപ്പ് ഇല്ലാതെ വിയോജിക്കുന്നവരാണ് എന്ന്”

“അതെ. അതാണ് ശരി”

“അല്ല, അതു ശരിയല്ല. ശരീര ബാഹ്യമായി ലഭിക്കുന്ന കാര്യങ്ങളെപ്പറ്റിയാണ് നിങ്ങൾ വിയോജിക്കുന്നത്. അവയാണ് നിങ്ങൾ രണ്ടുപേരിലും വിയോജിപ്പ് ഉണ്ടാക്കുന്നത്. ആ പൊതുവായ ഇൻപുട്ട് ഇല്ലാതെ ശരീരത്തിനു സ്വന്തമായി തീരുമാനങ്ങൾ എടുക്കാനാകില്ല. ചുരുക്കത്തിൽ നിങ്ങൾ പ്രകടിപ്പിക്കുന്ന അഭിപ്രായവ്യത്യാസം ഉണ്ടാക്കുന്നത്, നിങ്ങളിൽ ഉണ്ടെന്നു കരുതുന്ന പരസ്പര വിയോജിപ്പിനേക്കാൾ ഉപരി, നിങ്ങളുടെ ശരീരത്തിനും ചിന്തക്കും പുറത്ത്, നിങ്ങളുമായി ജൈവബന്ധമില്ലാത്ത ബാഹ്യവസ്തുക്കളാണ്. മനസ്സിലെ ചെറിയ അജ്ഞതയെ ഇല്ലാതാക്കിയാൽ, വിയോജിപ്പും യോജിപ്പും സ്വന്തമായ നിലനിൽപ്പുള്ള സംഗതിയല്ലെന്നു ബോധ്യമാകും”

ഇത്രനാൾ കണ്ടിട്ടില്ലാത്ത ഭാര്യയുടെ ഭാവം കണ്ടു ഭർത്താവ് മുന്നോട്ടാഞ്ഞു വിളിച്ചു. “സുമതീ....”

ഭർത്താവിന്റെ ഭാവമാറ്റം കാര്യമാക്കാതെ സുമതി തുടർന്നു. “നിങ്ങൾ രണ്ടുപേരിലും പരിഹരിക്കാനാകാത്ത വൈരാഗ്യവും വിയോജിപ്പും ഇല്ലേയില്ല. അതു മനസ്സിലാക്കാതെ പരസ്പരവിദ്വേഷം പുലർത്തുന്ന നിങ്ങൾ വിണ്ഢികളാണ്”

എല്ലാം പറഞ്ഞു തീർത്തു സുമതി അകത്തേക്കു പോയി. കിടക്കയിൽ വീണു തേങ്ങിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ ഭർത്താവ് എഴുന്നേറ്റു ചെന്നില്ല. എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം കസേരയിൽ തന്നെ ഇരുന്ന് ചിന്തിച്ചു.

രാത്രി. പുറത്തു മഴ പെയ്യുന്നു. വീട്ടിൽ ശ്മശാന മൂകത. ഭക്ഷണം കഴിച്ചപ്പോഴും ടെലിവിഷൻ കാണ്ടപ്പോഴും ഇരുവരും ഒന്നും മിണ്ടിയില്ല. ഉറങ്ങാൻ കഴിയാതെ ഇരുവരും കിടക്കയിൽ മേൽക്കൂര നോക്കിക്കിടന്നു. കുറേ സമയത്തിനുശേഷം സാവധാനം ഉറക്കത്തിലേക്കു വഴുതി. പാതിരയോടു അടുത്തു സുമതി വീണ്ടും സ്വപ്നം കണ്ടു. വിടർന്നു നിൽക്കുന്ന ഒരു ചുവന്ന ഇരട്ടച്ചെമ്പരത്തി. സ്വപ്നത്തിൽ ആരോ അതിനെ പൊട്ടിച്ചു ഞെരിച്ചു കളയുന്നു. ഒരു അലർച്ചയോടെ സുമതി ഞെട്ടിയുണർന്നു.

ഭർത്താവ് കൂജയിൽനിന്നു തണുത്ത വെള്ളമെടുത്തു കൊടുത്തു.

“എന്തു പറ്റി സുമതി. പറയൂ”

സുമതി അവശയായി കിടക്കയിൽ എഴുന്നേറ്റിരുന്നു. സ്വപ്നത്തിന്റെ പിടിയിൽനിന്നു മോചനം ലഭിച്ചപ്പോൾ മടിയോടെ കാര്യം പറഞ്ഞു.

“ഞാൻ ആ സ്വപ്നം കണ്ടു. ഇരട്ട ചെമ്പരത്തിയെ വീണ്ടും സ്വപ്നത്തിൽ കണ്ടു. അതിനെ ആരോ ഞെരിച്ചു കളയുന്നു”

ഭർത്താവ് ചിന്താകുലനായി. അദ്ദേഹം ഒരു സിഗററ്റിനു തീ കൊളുത്തി ഏറെ നേരം കിടക്കയിൽ നെറ്റി തിരുമ്മി ആലോചിച്ചിരുന്നു. സുമതി ഒന്നും മിണ്ടാതെ ഭർത്താവിനെ ഉറ്റുനോക്കി. ഒടുക്കം കത്തി തീരാറായ സിഗററ്റ് ആഷ്ട്രേയിൽ കുത്തിക്കെടുത്തി ഭർത്താവ് ചോദിച്ചു.

“നിനക്കുറപ്പാണോ നമുക്കു പിറക്കാൻ പോകുന്നത് ഇരട്ടക്കുട്ടികൾ ആണെന്ന്”

സുമതി അതെയെന്നു തലയനക്കി. ഭർത്താവിന്റെ മുഖത്തു ക്രൗര്യം വ്യാപിക്കുന്നുണ്ടോയെന്നു നോക്കി. സുമതിയെ അമ്പരപ്പിച്ചുകൊണ്ടു ഭർത്താവ് മന്ദഹസിക്കുകയാണ് ചെയ്തത്. അദ്ദേഹം സുമതിയുടെ തല മുഖത്തോടു അടുപ്പിച്ചു നെറ്റിയിൽ ചുംബിച്ചു.

“ഭയക്കേണ്ട. നമുക്കു ഇരട്ടച്ചെമ്പരത്തികൾ തന്നെ പിറക്കട്ടെ”


ആലിംഗനത്തിൽ അമർന്നു ഇരുവരും വീണ്ടും ഉറക്കത്തിലേക്കു വഴുതി. ഉറക്കത്തിൽ സുമതി വീണ്ടും ഇരട്ടച്ചെമ്പരത്തിയെ സ്വപ്നം കണ്ടു. ആരും പറിച്ചുകളയാതെ പുഞ്ചിരിച്ചു നിൽക്കുന്ന ഇരട്ടച്ചെമ്പരത്തി. സുമതി ഉറക്കത്തിൽനിന്നു ഞെട്ടി എഴുന്നേറ്റില്ല. പകരം ചുണ്ടിൽ മൃദുമന്ദഹാസം വിരിഞ്ഞു. അതേറെ നേരം നീണ്ടുനിന്നു.