Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Tuesday, May 1, 2012

മരണദൂതൻ


                          തൃശ്ശിവപേരൂർ
‘മരണം’ എനിക്കു ഇഷ്ടമുള്ള വിഷയമാണ്. ഇഹലോകം വെടിഞ്ഞു വെള്ളത്തുണി പുതച്ചു, നിവർന്നു കിടക്കുന്ന മൃതദേഹങ്ങൾ കാണാൻ എന്നും സവിശേഷ താൽപര്യം എടുത്തിട്ടുണ്ട്. പരലോകത്തിലും, സ്വർഗ്ഗനരകത്തിലും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ എല്ലാ വ്യക്തികൾക്കും ആത്മാവുണ്ടെന്നും മരണശേഷം അവ മറ്റൊരു വ്യക്തിയിലൂടെ പുനർ-അവതരിക്കുമെന്നും വിശ്വസിക്കുന്നു. ഈ വിഷയത്തിൽ കുറച്ചുകൂടി ആശയവ്യക്തത വരുവാനുണ്ടെന്നും പറയട്ടെ. അതായത്, മരണാനന്തരം മറ്റൊരു വ്യക്തിയിലൂടെ പുനരവതരിക്കുന്നതു മരിച്ച വ്യക്തിയുടെ ആത്മാവാണോ, അതോ അദ്ദേഹത്തിന്റെ കർമ്മങ്ങളുടെ ആകെത്തുകയാണോ എന്നതിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. കർമ്മങ്ങളാണ് പുനരവതരിക്കുന്നതെങ്കിൽ മരിച്ച വ്യക്തിയുടെ വ്യക്തിത്വം പുനരവതരിച്ച വ്യക്തിയിലേക്കു സംക്രമിക്കുന്നതെങ്ങിനെ, കർമ്മങ്ങൾക്കു മരിച്ച വ്യക്തിയുടെ വ്യക്തിത്വം ജനന - മരണ ചാക്രിക ക്രമത്തിലുടനീളം ഏകാ‌ത്മകമായി (Unique) സൂക്ഷിക്കാനാകുമോ എന്നിവയും സംശയങ്ങളിൽ പെടുന്നു. എന്തായാലും ഈ വിഷയം ആഴത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം മരണത്തോടുള്ള മമതയാണ് ഇവിടെ മുഖ്യവിഷയം.

മരണത്തോടുള്ള കമ്പം കുട്ടിക്കാലം മുതലേയുള്ളതാണ്. അടുത്ത ബന്ധുക്കളിൽനിന്നു ചില കാര്യങ്ങൾ ഞാൻ കേട്ടറിഞ്ഞിട്ടുണ്ട്. അച്‌ഛനുമായുള്ള അടുപ്പം മൂലം അച്‌ഛൻ എവിടെപ്പോയാലും എന്നെയും കൂടെ കൊണ്ടുപോകുമായിരുന്നത്രെ. മരണവീടുകളിൽ അടക്കം. ഇതായിരിക്കാം വഴിത്തിരിവായി വർത്തിച്ചത്. ഓർമ്മയിൽ തങ്ങിനിൽക്കുന്ന ആദ്യത്തെ മൃതദേഹ ദർശനം പുഴയിൽ മുങ്ങിമരിച്ച ഒരു മദ്ധ്യവയസ്കന്റേതാണ്. അദ്ദേഹം എന്റെ അയൽവാസിയായിരുന്നു. അല്പം മെലിഞ്ഞ വ്യക്തി. പക്ഷേ വെള്ളത്തിൽ രണ്ടുദിവസം കിടന്നതു മൂലം മൃതശരീരത്തിനു സാധാരണയിൽ കവിഞ്ഞ വലുപ്പമുണ്ടായിരുന്നു. ധൈര്യശാലികൾ പോലും ഒന്നുരണ്ടു തവണയേ മൃതശരീരത്തിൽ നോക്കിയുള്ളൂ. സ്ത്രീകളിൽ പലരും അങ്ങോട്ടു വന്നതേയില്ല. പക്ഷേ, യാതൊരു ഭയവുമില്ലാതെ ഞാൻ അഞ്ചുമിനിറ്റോളം മൃതശരീരത്തിനടുത്തു നിന്നുവെന്നാണ് ഓർമ്മ. വീർത്തുപൊട്ടിയ കവിളും മീൻ കൊത്തിയ കണ്ണുകളും എന്നിൽ ഭാവഭേദമുണ്ടാക്കിയില്ല. പകരം അദ്ദേഹത്തിന്റെ ഇരട്ടിവലുപ്പത്തിൽ അതിശയിച്ചു. ഇതാണ് ഓർമയിലെ ആദ്യത്തെ മൃതദേഹദർശനം.

ബാല്യംവിട്ടു കൗമാരത്തിലേക്കു കടന്നതോടെ ഞാൻ കൂടുതൽ സ്വതന്ത്രനായി. മരണവീടുകൾ സന്ദർശിക്കാൻ വീട്ടുകാരുടെ അനുമതി ആവശ്യമില്ല. ഇഷ്ടമുള്ളിടത്തു പോകാം. ഇഷ്ടമുള്ളപ്പോൾ പോകാം. സർവ്വസ്വതന്ത്രൻ. കൗമാരത്തിൽ തന്നെയാണ് മരണവീടുകൾ സന്ദർശിക്കുന്നതിൽ എനിക്കു താല്പര്യമുള്ള കാര്യം സുഹൃത്തുക്കൾ മനസ്സിലാക്കിയത്. അവരെന്നെ സ്നേഹപൂർവ്വം ‘കാലൻ’ എന്നു വിളിച്ചു. ആ വിളിയിൽ ഞാൻ പരിഭവിച്ചില്ല. ‘കാലൻ’ മറ്റേതു ചെല്ലപ്പേരിനെയും പോലെ സാധാരണമായ ഒന്നായേ തോന്നിയുള്ളൂ. 

സ്വന്തം ഗ്രാമത്തിലോ അയൽഗ്രാമങ്ങളിലോ ആരെങ്കിലും മരിച്ചെന്നറിഞ്ഞാൽ ഞാൻ ഉടൻ പുറപ്പെടും. സ്വന്തമായി വാഹനമില്ലാത്തതിനാൽ സുഹൃത്തുക്കളുടെ ബൈക്കോ അല്ലെങ്കിൽ ഓട്ടോയോ വിളിക്കും. പോകെപ്പോകെ ആരെങ്കിലും മരിച്ചാൽ ആ പ്രദേശത്തെ ഓട്ടോഡ്രൈവർമാർ എന്നെ അന്വേഷിച്ചു വീട്ടിലെത്താൻ തുടങ്ങി. അതു നല്ല കാര്യമാണ്. ഞാൻ ഉടുത്തൊരുങ്ങി പുറപ്പെടും. വെള്ളത്തുണി പുതച്ചു, അല്ലെങ്കിൽ നാലു ചുമരുള്ള ശവപ്പെട്ടിയിൽ കോട്ടും സ്യൂട്ടും ധരിച്ച്, നിത്യനിദ്രയിൽ കിടക്കുന്ന മൃതശരീരത്തെ ഉറ്റുനോക്കും. നോക്കിക്കൊണ്ടിരിക്കെ മൃതശരീരത്തിന്റെ മുഖത്തിനു എന്റെ മുഖവുമായി സാമ്യമുണ്ടെന്നു തോന്നും. മരിച്ചയാൾ എന്നോടു സംവദിക്കുന്നുണ്ടെന്നു തോന്നും. അങ്ങിനെ തോന്നലുകളുടെ ഒരു വേലിയേറ്റം. മൃതദേഹത്തിനു ചുറ്റുമിരുന്നു കരയുന്നവരെ ഞാൻ ശ്രദ്ധിക്കാറില്ല. അവർ പൊതുവെ ശല്യങ്ങളാണ്. മൃതശരീരവുമായി ഞാൻ നടത്തുന്ന നിശബ്ദസംവദനത്തിനു ശാന്തമായ അന്തരീക്ഷം വളരെ അത്യാവശ്യമാണ്. പരേതന്റെ ബന്ധുക്കൾ അലമുറയിട്ടു അത്തരം സാഹചര്യങ്ങൾ എനിക്കു നിഷേധിക്കുന്നു. തദ്വാരാ പരേതനുമായുള്ള കൂടിക്കാഴ്ചയുടെ ആസ്വാദനം ഏതാണ്ടു ഇല്ലാതാകുന്നു. ധാരാളം മരണവീടുകളിൽ ഇത്തരം സാഹചര്യം അഭിമുഖീകരിച്ചിട്ടുണ്ട്. അതൊഴിവാക്കാൻ സ്ത്രീജനങ്ങൾ ഇല്ലാത്ത സമയത്തു ശവദർശനം നടത്താൻ ഞാൻ ശ്രമിച്ചുപോന്നു. മൃതശരീരവുമായി കൂടിക്കണ്ടു തിരിച്ചുവരുമ്പോൾ എന്റെ മനസ്സ് ഉൻമേഷഭരിതമായിരിക്കും. അതു രണ്ടുദിവസം നീണ്ടുനിൽക്കും. പിന്നെ ഓട്ടോ വരുന്നതും കാത്തിരിക്കും. വീണ്ടും അടുത്ത മരണവീട്. മൃതദേഹദർശനം. സന്തോഷം. ഉന്മാദം.

മരണവീടുകൾ സന്ദർശിച്ചു തുടങ്ങിയ ആദ്യകാലത്തു ഞാൻ ചില കാര്യങ്ങളിൽ ശ്രദ്ധവച്ചു. അതുവഴി മരണങ്ങൾ ഒന്നുംതന്നെ ഞാനറിയാതെ നടക്കുന്നില്ലെന്നു ഉറപ്പുവരുത്തി. ആദ്യം വിശദമായ അന്വേഷണം നടത്തി. എന്റെ ഗ്രാമത്തിലേയും അയൽഗ്രാമങ്ങളിലേയും എഴുപതുവയസ്സ് കഴിഞ്ഞവരുള്ള വീടുകൾ ശ്രദ്ധിച്ചുവച്ചു. അധികം പ്രായമില്ലാത്തവരുടെ ആരോഗ്യസ്ഥിതികൾ ഇടയ്‌ക്കിടെ അന്വേഷിക്കാനും മറന്നില്ല. ഇത്തരം വിവരങ്ങൾ ലഭ്യമാക്കാൻ സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി. ഞാൻ വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ശീലക്കാരനായിരുന്നു. അതുപേക്ഷിച്ച് ധാരാളം സംസാരിക്കുന്നവരുമായി കൂട്ടുവച്ചു. അവരിൽനിന്നു കുറേ വിവരങ്ങൾ കിട്ടി. ഏറിയ പങ്കും ലൈംഗികതയിലൂന്നിയ സംഭാഷണങ്ങളായിരുന്നെങ്കിലും ആരോഗ്യസ്ഥിതി വിവരണങ്ങളും കുറവല്ലായിരുന്നു. ഒരിടക്കാലത്തു ഞാൻ പോസ്റ്റുമാൻ പണിയും ചെയ്‌തു. സ്ഥിരം പോസ്റ്റുമാനു ആരോഗ്യപ്രശ്നങ്ങൾ വന്നപ്പോൾ ചെയ്ത താൽക്കാലികജോലി. ആദ്യം എനിക്കതിനു സമ്മതമല്ലായിരുന്നു. ഇപ്പോഴത്തെ പോസ്റ്റുമാൻ ജോലിചെയ്തു അവശനായി മരിച്ചാൽ അവിടെ സന്ദർശനം നടത്താമല്ലോ? പക്ഷേ പോസ്റ്റുമാൻ ജോലിയെന്നതു എല്ലാ വീടുകളുമായും, അവിടത്തെ അന്തേവാസികളുമായും ബന്ധംവയ്‌ക്കാൻ ഉതകുന്നതാണെന്നു മനസ്സിലായപ്പോൾ താൽക്കാലിക ജോലി ചെയ്യാൻ ഞാൻ തീരുമാനിച്ചു. പദ്ധതിപ്രകാരം ഓരോരുത്തരുടെയും പ്രായവിവരങ്ങൾ പുസ്തകത്തിലെഴുതി സൂക്ഷിച്ചു. 

ഇത്രയൊക്കെ മുൻകരുതലെടുത്തിട്ടും ധാരാളം ആളുകൾ ഞാനറിയാതെ സമീപപ്രദേശങ്ങളിൽ മരിച്ചുകൊണ്ടിരുന്നു. വൈവിധ്യമാർന്ന രീതിയിൽ സംഭവിച്ച സുന്ദരമായ മരണങ്ങൾ.  അത്തരക്കാരെപ്പറ്റി അറിയാൻ പത്രംവായനയല്ലാതെ മറ്റുവഴികൾ ഇല്ല. ചരമക്കോളത്തിൽ മാത്രം വായന ഒതുങ്ങിയെന്നു പ്രത്യേകം പറയേണ്ടല്ലോ. പത്രംവായന തുടങ്ങിയതിൽപിന്നെ സമീപപ്രദേശങ്ങളിലെ മരണങ്ങൾ അറിയാനുള്ള ബുദ്ധിമുട്ട് പാടെ നീങ്ങിക്കിട്ടി. ആഴ്ചയിൽ രണ്ടും മൂന്നും മരണങ്ങൾ എത്തിപ്പിടിക്കാവുന്ന ഇടങ്ങളിൽ നടന്നുകൊണ്ടിരുന്നു. എല്ലായിടത്തും പറന്നെത്താൻ ഞാനൊരു ബൈക്ക് വാങ്ങി. പറ്റാവുന്നിടത്തെല്ലാം തലകാണിക്കുന്നതിനൊപ്പം സന്ദർശനത്തിൽ സെലക്ടീവായി മാറുകയും ചെയ്‌തു. വയസ്സന്മാരുടെ അറുബോറൻ സ്വാഭാവിക മരണങ്ങളേക്കാൾ അപകടമരണങ്ങൾക്കു മുൻതൂക്കം കൊടുത്തു. യുവതികളുടെ മരണത്തിനു പകരം യുവാക്കളുടേതിനു മുൻഗണന നൽകി.

സ്വഭാവത്തിലെ ഈ പ്രത്യേകത, സത്യത്തിൽ വൈകല്യമെന്നാണു പറയേണ്ടത്, എന്നെ അലട്ടിയില്ലെന്നു കരുതരുത്. എന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്നു എനിക്കു പൂർണബോധ്യമുണ്ടായിരുന്നു. ഒരിക്കൽ വീട്ടുകാരുടെ നിർബന്ധത്താൽ ഞാനൊരു മനോരോഗവിദഗ്ദനെ സന്ദർശിച്ചു. അദ്ദേഹം എന്നെ ദീർഘനാൾ നിരീക്ഷണത്തിൽ വച്ചു. നിരന്തരം ചോദ്യം ചെയ്തു. എന്നോടൊത്തു ഏതാനും മരണവീടുകൾ സന്ദർശിച്ചു. മരണവീട്ടിലെത്തിയാൽ എന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുന്നുണ്ടോയെന്നു നിരീക്ഷിക്കുകയായിരുന്നു ഉദ്ദേശം. ഒരു മണിക്കൂറോളം അവിടെ ചെലവഴിക്കും. ഡോക്‌ടർ ചാഞ്ഞും ചരിഞ്ഞും എന്റെ മുഖത്തും ശരീരത്തും നോക്കി 'നിരീക്ഷിക്കും'. ഇങ്ങിനെ ഒരുമാസം കഴിഞ്ഞു. ഒടുക്കം അദ്ദേഹം റിപ്പോർട്ട് തന്നു. ഞാൻ മാനസികമായി പൂർണ ആരോഗ്യവാനാണെന്നാണു റിപ്പോർട്ടിൽ എഴുതിയിരുന്നത്. എനിക്കു അൽഭുതമായി. ഇനി ഡോക്‌ടർക്കു എന്തെങ്കിലും പ്രശ്നം?

ഇങ്ങിനെ ആഴ്ചയിൽ രണ്ടും മൂന്നും മരണവീടുകളിൽ കയറിയിറങ്ങി ഉന്മേഷവാനായി നടക്കുന്ന കാലത്താണ് ദൂരെയുള്ള നഗരത്തിലേക്കു ചേക്കേറാൻ എനിക്കു അവസരം ലഭിച്ചത്. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒന്ന്. പോകുവാൻ തടസം ഒന്നേയുള്ളൂ. മരണവീടുകൾ സന്ദർശിക്കുന്നതിൽ മുടക്കം വരും. അതേസമയം വേറൊരു ചിന്തയും മനസ്സിൽ ഉദിച്ചു. മരണം സർവവ്യാപിയാണ്. മരണപ്പെടുന്നവർ എല്ലായിടത്തുമുണ്ട്. പിന്നെന്തിനു വ്യാകുലപ്പെടണം. അങ്ങിനെ ഞാൻ ഉദ്യാനനഗരിയായ ബാംഗ്ലൂരിലേക്കു വണ്ടി കയറി.

                                       ബാംഗ്ലൂർ
നാടുവിട്ടു നഗരത്തിൽ എത്തിയശേഷം മരണവീടുകൾ സന്ദർശിക്കുന്നതിനു കാര്യമായ തടസങ്ങൾ നേരിട്ടു. ഇവിടെ മരണങ്ങൾ ദുരന്തങ്ങളല്ല, ആഘോഷങ്ങളാണ്. പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമാണ് ശവശരീരത്തെ നിത്യനിദ്രയിലേക്കു ആനയിക്കുക. അത്തരം ആചാരങ്ങൾ പരിചിതമല്ലാത്തതിനാലും വ്യത്യസ്ത ദേശമായതിനാലും ഞാൻ അസ്വസ്ഥനായി. മുറിയ്‌ക്കുള്ളിൽ ചടഞ്ഞുകൂടി. 

ഒരു തെരുവിലാണ് ഞാൻ താമസിച്ചിരുന്നത്. മൂന്നുനില ബിൽഡിങ്ങിന്റെ ഏറ്റവും താഴത്തെ നിലയിൽ. അടുത്തവീടുകളിലെ താമസക്കാരെല്ലാം തനിനാടൻ സ്വഭാവക്കാരാണ്. എപ്പോഴും എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. പ്രശസ്‌തരോടും പിച്ചക്കാരോടും ഒരുപോലെ പെരുമാറും. അതെനിക്കു ഇഷ്ടമായി. എന്റെ പ്രശ്നം ഇവരുടെ പെരുമാറ്റം പലപ്പോഴും നാടിനെപ്പറ്റി ഓർമിപ്പിക്കുമെന്നതാണ്. എന്നെ നാടുമായി ബന്ധിപ്പിക്കുന്ന പാലമായി ഇവർ വർത്തിച്ചു. നാടിനെപ്പറ്റിയുള്ള ഓർമകൾ ഉണർന്നാൽ അതിൽ ആദ്യത്തേത് ‘മൃതദേഹദർശനം’ തന്നെ. എത്രയെത്ര മരണങ്ങളിൽ പങ്കെടുത്തില്ല എന്നോർത്തു ഞാൻ നടുങ്ങും. അടുത്ത വണ്ടിക്കു നാട്ടിൽ പോകാൻ തോന്നും. ചുരുക്കത്തിൽ മനസ്സമാധാനം തകരും.

ഏതാനും മാസങ്ങൾ കഴിഞ്ഞു. എനിക്കു ജോലിയായി. കയ്യിൽ കാശായി. സമ്പന്നർ താമസിക്കുന്ന പൈ ലേഔട്ടിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു ഞാൻ താമസം അങ്ങോട്ടുമാറ്റി. ഫ്ലാറ്റിലേക്കു താമസം മാറിയതും, ജോലിയിൽ ശ്രദ്ധകേന്ദ്രീകരിച്ചതും മരണവിചാരത്തോടു വിടപറയാൻ സഹായകമായി. പുതിയ റൂമിൽ താമസം ഒറ്റയ്‌ക്കായിരുന്നു. അപ്പോൾ അതുവരെ നേരിട്ടിട്ടില്ലാത്ത ചില പ്രതിബന്ധങ്ങളെ ഞാൻ അഭിമുഖീകരിച്ചു. ഭക്ഷണം പാചകം, മുറി അടിച്ചുവാരൽ, തുണിയലക്കൽ എന്നിവയാണ് അവ. ഇത്തരം ജോലികൾ നാട്ടിൽ ചെയ്തിട്ടേയില്ല. അതിനാൽ ഒരു പാർട്ട്‌ടൈം ജോലിക്കാരിയെ കിട്ടുമോയെന്നു അന്വേഷിച്ചു. നഗരങ്ങളിൽ നിശ്ചിതസമയത്തു ജോലിക്കുവന്നു, നിശ്ചിതസമയം ജോലിചെയ്‌തു തിരിച്ചുപോകുന്നവർ ഉണ്ടെന്നു അറിയാമായിരുന്നു. അത്തരമൊരു ജോലിക്കാരിയെ കണ്ടെത്തണമെന്നു ഉറപ്പിച്ചിരിക്കെയാണ് ഗൗരമ്മയുമായി കൂടിക്കാണുന്നത്. 

ഗൗരമ്മയെ ഞാൻ അങ്ങോട്ടു പോയി കാണുകയായിരുന്നില്ല. അവർ എന്റെ വാതിലിൽ മുട്ടുകയായിരുന്നു. കൂടെ ഒരു കൊച്ചുകുട്ടിയും ഉണ്ടായിരുന്നു. കന്നഡിഗയായ ഗൗരമ്മ മലയാളത്തിൽ സംസാരിച്ചു. അവർ ഈ കെട്ടിടത്തിലെ നാലുവീടുകളിൽ പാർട്ട്ടൈം ജോലി ചെയ്യുന്നുണ്ടെന്നും, ഞാനിപ്പോൾ താമസിക്കുന്ന മുറിയിലെ പഴയ താമസക്കാർക്കു വേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നു പറഞ്ഞു. അവസാനം, എനിക്കു ജോലിക്കാരിയുടെ ആവശ്യമുണ്ടോയെന്നു തിരക്കി. തേടിയ വള്ളി കാലിൽ ചുറ്റി. ഞാൻ സമ്മതിച്ചു. ചെയ്യേണ്ട ജോലികളെപ്പറ്റി ഗൗരമ്മയ്ക്കു പറഞ്ഞു കൊടുത്തു. എല്ലാ ദിവസവും വരേണ്ടെന്നും അറിയിക്കുന്ന ദിവസങ്ങളിൽമാത്രം എത്തിയാൽ മതിയെന്നും അറിയിച്ചു. റൂം അടിച്ചുവാരാനും തുണിയലക്കാനും മാത്രമേ എനിക്കവരുടെ സഹായം ആവശ്യമുള്ളൂ. ഭക്ഷണം ‘വൈശാലി’ ഹോട്ടലിൽനിന്നു കഴിക്കാമെന്നു തോന്നി. ഗൗരമ്മയുടെ പാചകവൈദഗ്ദ്യത്തെപ്പറ്റിയുള്ള സംശയമാണ് അതിനു കാരണം. ഗൗരമ്മക്കു മൊബൈൽഫോൺ ഉണ്ട്. ഏൽപ്പിച്ച ജോലിക്കു പുറമെ മറ്റെന്തെങ്കിലും ചെയ്യണമെങ്കിൽ അവരുടെ നമ്പറിൽ വിളിച്ചാൽ മതിയെന്നു പറഞ്ഞു. അങ്ങിനെ ആശങ്കകൾ ഒഴിവായി. ഗൗരമ്മ എന്റെ ജോലിക്കാരിയായി. 

ഗൗരമ്മയുടെ ജോലി വളരെ തൃപ്തികരമായിരുന്നു. മുറി അടിച്ചുവാരലും തുണിയലക്കലും വൃത്തിയിൽ ചെയ്യും. എന്നും കൃത്യസമയത്തു വരും. അലസത ഒട്ടുമില്ല. ഏതെങ്കിലും ദിവസം അത്യാവശ്യമായി എന്തെങ്കിലും ജോലിയുണ്ടെങ്കിൽ മൊബൈലിൽ വിളിച്ചാൽ മതി. കഴിവതും വേഗം വന്നു ചെയ്തുതരും. അതിനു എക്‌സ്‌ട്രായായി ഒന്നും കൊടുക്കണ്ട. പക്ഷേ മാസാവസാനം ഞാൻ കുറച്ചുപൈസ കൂടുതൽ കൊടുക്കാറുണ്ട്. ഗൗരമ്മക്കു വാങ്ങാൻ വിമുഖതയുണ്ടെങ്കിലും നിർബന്ധിച്ചു പിടിച്ചേൽപ്പിക്കും. ഭക്ഷണം പുറത്തുനിന്നു കഴിക്കാമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും കേരളീയരീതിയിൽ ഭക്ഷണംവയ്ക്കാൻ ഗൗരമ്മക്കു അറിയാമെന്നു മനസ്സിലായതോടെ അതും അവരുടെ ചുമതലയിൽ വിട്ടു. മറ്റു റൂമിൽ താമസിക്കുന്നവർക്കും ഗൗരമ്മയെപ്പറ്റി നല്ല അഭിപ്രായമാണെന്നു ക്രമേണ മനസ്സിലായി.

ഫ്ലാറ്റിൽ എന്നെ കാത്തിരുന്ന ദുർഗതി റെയിൽപാളത്തിന്റെ രൂപത്തിലാണ്. റൂമിനു അടുത്തുകൂടിയാണ് ബാംഗ്ലൂർസിറ്റിയേയും ഹൊസൂറിനേയും ബന്ധിപ്പിക്കുന്ന റെയിൽപാത കടന്നു പോകുന്നത്. മൂന്നാൾ പൊക്കത്തിൽ മണ്ണടിച്ചു ഉയർത്തിയാണ് പാത നിർമിച്ചിരിക്കുന്നത്. തന്മൂലം ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംനിലക്കു സമാന്തരമായാണ് റയിൽപാളം. പാളത്തിന്റെ ഒരുഭാഗത്തുനിന്നു മറുഭാഗത്തേക്കു ആളുകൾ നടന്നുപോകുന്ന നടപ്പാത ജനലിലൂടെ നോക്കിയാൽ കാണാം. ആ ഭാഗത്തെത്തുമ്പോൾ തീവണ്ടി ചൂളംവിളിക്കുന്നതു സാധാരണമാണ്. ആദ്യദിവസങ്ങളിൽ ചൂളംവിളി തികഞ്ഞ അലസോരമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും കുറച്ചു വ്യത്യാസത്തോടെ അതു തുടർന്നു. ഇതിനിടെ ഞാനറിയാതെ തീവണ്ടിയുമായി പ്രത്യേകതരം ആത്മബന്ധവും സ്ഥാപിതമായി. തീവണ്ടി വരേണ്ട സമയമായാൽ കസേര ജനലിനടുത്തിട്ടു ഞാൻ കാത്തിരിക്കും. ഉയർന്ന വിതാനത്തിലൂടെയുള്ള യാത്രയായതിനാൽ തീവണ്ടി വേഗത കുറച്ചേ കടന്നുപോകൂ. അതു നോക്കിയിരിക്കുമ്പോൾ ഭരത്‌ഗോപിയും സറീനാവഹാബും നെടുമുടി വേണുവും തകർത്തഭിനയിച്ച 'പാളങ്ങൾ' എന്നുമോർക്കും. 

പുതിയ കമ്പനിയിൽ ചേർന്നു മൂന്നുമാസം കഴിഞ്ഞപ്പോൾ എനിക്കു, ഓഫീസിൽ പോകാതെ, ‘വർക്ക് ഫ്രം ഹോം’ രീതിയിൽ ജോലിചെയ്യാൻ അനുമതി കിട്ടി. കമ്പ്യൂട്ടർ സെർവറിലേക്കു റൂമിലിരുന്നു ലോഗിൻ ചെയ്യും. അതിനു സ്മാർട്ട്‌കാർഡ് ഉണ്ട്. ആഴ്ചയിലൊരിക്കൽ ഓഫീസിൽ പോയാൽ മതി. ഗൗരമ്മയുമായി കൂടുതൽ അടുത്തതു 'വർക്ക് ഫ്രം ഹോം' തുടങ്ങിയശേഷമാണ്. രാവിലെ എട്ടരയോടെ ഞാൻ എഴുന്നേൽക്കും. പ്രാഥമികകൃത്യങ്ങൾ നിർവഹിച്ചശേഷം, ഒരു പുസ്തകവും ലാപ്‌ടോപ്പുമായി ചാരുകസേരയിൽ ചായും. ജോലി ചെയ്യുന്നതിനിടക്കു കിട്ടുന്ന ഒഴിവുസമയത്തു പുസ്തകം വായിക്കും. ഒമ്പതരയാകുമ്പോൾ പാക്കറ്റ് പാലുമായി ഗൗരമ്മ എത്തും. ആദ്യം അടുക്കളയിൽ പോയി ചായയിടും. ബയപ്പാനഹള്ളി മെട്രോസ്റ്റേഷനു അടുത്തു മൺപാത്രങ്ങൾ വിൽക്കുന്നവരിൽനിന്നു കളിമണ്ണുകൊണ്ടുണ്ടാക്കിയ വലിയൊരു കപ്പ് ഞാൻ വാങ്ങിയിട്ടുണ്ട്. അതിൽ നിറയെ പാൽചായ കുടിക്കും. എനിക്കു താഴെ തറയിലിരുന്നു ഗൗരമ്മയും ചായ ഊതിയൂതി കുടിക്കും. ഇതിനിടയിലാണ് ഞങ്ങൾ തമ്മിൽ സംസാരിക്കുക. ഗൗരമ്മക്കു മലയാളം നന്നായി അറിയാം. മലയാളികളുടെ ഫ്ലാറ്റുകളിൽ ജോലിചെയ്യാൻ തുടങ്ങിയിട്ടു പത്തുവർഷമായത്രെ. കമ്പ്യൂട്ടറിനോടു ഗൗരമ്മക്കു മമതയില്ല. ഞാൻ വായിക്കാനെടുത്ത പുസ്തകം മറിച്ചുനോക്കി അതിലെഴുതിയിരിക്കുന്നതു എന്താണെന്നു ചോദിക്കുക പതിവാണ്. ആകുന്നത്ര ലളിതമായി ഞാൻ വിഷയം പറഞ്ഞുകൊടുക്കും.

ഗൗരമ്മ അത്ര സുന്ദരിയല്ല. എന്നാൽ കണ്ടാൽ തെറ്റുപറയില്ല. ഗൗരമ്മയിൽ ഏറെ ആകർഷകം മുക്കുത്തിയും ചെവിയിൽ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളുമാണ്. ചെവിക്കാതിനു പുറമെ അസ്ഥിയിലും, രണ്ടിടത്തു തുളച്ചു, ആഭരണം അണിഞ്ഞിട്ടുണ്ട്. ഞാൻ ആദ്യമായാണ് ചെവി ഇത്രമാത്രം തുളച്ചവരെ കാണുന്നത്. കുട്ടികളെപ്പോലെ സംസാരിക്കുമെങ്കിലും പരുക്കൻഭാവവും ഗൗരമ്മയിൽ കണ്ടിട്ടുണ്ട്. 'ഒരു യുവാവ് ഒറ്റയ്‌ക്കു താമസിക്കുന്ന മുറിയിൽവന്നു പണിയെടുക്കാൻ ഭയമില്ലേ' എന്നൊരിക്കൽ ചോദിച്ചപ്പോഴാണ് ഗൗരമ്മ മുഖം കറുപ്പിച്ചത്. എന്നെ വിശ്വാസമാണെന്നു മറുപടി കിട്ടി. ഞാൻ സന്തോഷിച്ചു. ആദ്യമായാണ് ഒരു യുവതി എന്നെ വിശ്വാസമാണെന്നു പറയുന്നത്. ഗൗരമ്മയുടെ വിശ്വാസം എന്നെ കൂടുതൽ ജാഗരൂകനാക്കി.

ജോലിക്കിടയിൽ ഗൗരമ്മ ചിലപ്പോൾ ദീർഘനേരം ഫോൺസംഭാഷണം നടത്താറുണ്ട്. ഞാനിതു മനസ്സിലാക്കിയത് അവർ ജോലിക്കുവന്നശേഷം രണ്ടാഴ്ച കഴിഞ്ഞാണ്. ഞാനുള്ളപ്പോൾ ഗൗരമ്മ ആരോടും ഫോണിൽ സംസാരിക്കില്ല. ഫ്ലാറ്റിനു സിറ്റൗട്ട് പോലെ ഒരു ബ്ലോക്കുണ്ട്. രണ്ടു കസേരയും നടുവിൽ ഒരു ടീപ്പോയിയുമിട്ടു എന്തെങ്കിലും ചർച്ചചെയ്യാൻ പറ്റിയ സ്ഥലം. ചിലപ്പോൾ ഞാനവിടെ കസേരയിട്ടു ഇരിക്കാറുണ്ട്, പ്രത്യേകിച്ചും മഴ പെയ്യുമ്പോൾ. ഫോൺ സംഭാഷണത്തിനു ഗൗരമ്മ തിരഞ്ഞെടുത്തത് ഈ ചെറിയ ബ്ലോക്കാണ്. പതിനഞ്ചു മിനിറ്റൊക്കെ സംഭാഷണം നീളും. അതിനിടയിൽ പലപ്പോഴും ഗൗരമ്മയുടെ മുഖം ലജ്ജാവിവശമാകും. ഇടയ്‌ക്കു ഇക്കിളിയിട്ട പോലെ ചിരിക്കുകയും ചെയ്യും.

ഒരിക്കൽ ഞാൻ കാര്യമന്വേഷിച്ചു. “ആരാ ഗൗരമ്മ ഫോണിൽ?”

ഗൗരമ്മ കഴുത്തിൽ താലി കെട്ടുന്നതായി ആംഗ്യം കാണിച്ചു. പ്രതിശ്രുതവരൻ! അപ്പോൾ ഗൗരമ്മയുടെ വിവാഹം കഴിഞ്ഞിട്ടില്ലേ. എങ്കിൽ ആദ്യം കണ്ടദിവസം കൂടെവന്ന കുട്ടി ആരാണ്.

“അത് അക്കാവിന്റെ കുട്ടി” ഗൗരമ്മ പറഞ്ഞു.

അതോടെ അക്കാര്യം വിട്ടു. ഗൗരമ്മയെ ആരു കെട്ടിയാലും എനിക്കൊന്നുമില്ല. എത്രയോ സുന്ദരികൾ ഇവിടെയുണ്ട്. സത്യത്തിൽ ഓഫീസിലിരുന്നു ജോലി ചെയ്യാത്തതു നഷ്ടമാണ്. വംഗ, കലിംഗ, മറാത്ത, രജപുത്താന എന്നിവിടങ്ങളിൽ നിന്നുള്ള സുന്ദരികളെയാണു ഓഫീസിൽ പോകാതിരിക്കുമ്പോൾ മിസ് ചെയ്യുന്നത്. കുറച്ചുനാൾ കഴിഞ്ഞാൽ പ്രോജക്ട് മാറ്റി ചോദിക്കണമെന്നു ഞാൻ ഉറപ്പിച്ചു.

ഗൗരമ്മ എന്നും പണിക്കുവന്നു. ചായ കുടിക്കുന്നതിനിടയിൽ ഞങ്ങൾ സംസാരിച്ചു. ജോലിക്കിടയിൽ ഫോണിലൂടെ കാമുകനുമായി സല്ലപിച്ചു. ഞാൻ ചാരുകസേരയിൽ കിടന്നു ജോലിചെയ്തും വായിച്ചും സമയം കൊന്നു. അങ്ങിനെ ഏതാനും മാസങ്ങൾ കഴിഞ്ഞു. 

അന്നൊരു ദിവസം എന്നിൽ ഉറങ്ങിക്കിടന്നിരുന്ന മരണചിന്തകളെ ഉദ്ദീപിപ്പിച്ചു നാട്ടിൽനിന്നൊരു വാർത്ത അമ്മ അറിയിച്ചു.

“മോനേ നീ അറിഞ്ഞോ? നമ്മടെ രാജശേഖരനെ പാമ്പു കടിച്ചു. രണ്ടുദിവസം ആശുപത്രിയിൽ കിടന്നു. ഇന്നു കാലത്തു മരിച്ചു. പണ്ട് നീ കൊച്ചായിരുന്നപ്പോൾ ഒരുപാടു എടുത്തുകൊണ്ട് നടന്നിട്ടുള്ള ആളാ”

രാജശേഖരൻ ഞങ്ങൾക്കു ശേഖരേട്ടനാണ്. പ്രായം കുറച്ചുണ്ട്. എങ്കിലും പിള്ളേരുടേയും യുവാക്കളുടെയും കൂടെ എന്തിനും ഏതിനും ഒപ്പമുണ്ടാകും. നാട്ടിൽ പൊതുസമ്മതൻ. മനസ്സ് ശൂന്യമായി. വളരെ നഷ്ടബോധം തോന്നി. ശേഖരേട്ടന്റെ മൃതശരീരം കാണാനൊത്തില്ലല്ലോ. പാമ്പുകടി മരണങ്ങളിൽ അപൂർവ്വമായേ സംബന്ധിച്ചിട്ടുള്ളൂ. അതുതന്നെ കടിയേറ്റ ഭാഗം ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. വെള്ളത്തുണികൊണ്ടു ആകെ മൂടുകയാണ് പതിവ്. ഇവിടെ രണ്ടുദിവസം കഴിഞ്ഞാണു മരണമെന്നതിനാൽ എല്ലാം വിശദമായി അറിയാമായിരുന്നു. ഏത് പാമ്പാണ് കടിച്ചത്? ശരീരത്തിന്റെ ഏതുഭാഗത്താണു കടിച്ചത്? അവിടം നീരുവന്നു വീർത്തുവോ? നിറവ്യത്യാസം വന്നോ? എന്നിങ്ങനെ പരേതനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ. അതൊന്നും പറയാതെ അമ്മ ഫോൺ വച്ചു.

എന്നിൽ കുറച്ചുനാളുകളായി ഉറങ്ങിക്കിടന്ന ജന്മവാസന ഉണർന്നു. മനസ്സിലാകെ തിക്കുമുട്ടൽ. ഏതെങ്കിലും മരണവീടുകൾ സന്ദർശിക്കണം. അല്ലാതെ പറ്റില്ല. ഒട്ടും പറ്റില്ല. എന്തു ചെയ്യും? എവിടെ, ആരാണ് മരിച്ചത്? അറിയാൻ എന്തു മാർഗം? പെട്ടെന്നു ഗൗരമ്മയെ ഓർത്തു. ഗൗരമ്മക്കു സഹായിക്കാൻ കഴിഞ്ഞേക്കും. ഗൗരമ്മയ്ക്കേ സഹായിക്കാൻ കഴിയൂ. അവർ താമസിക്കുന്നത് ഒരു തെരുവിലാണ്. അവിടെയുള്ള വീടുകളിലെ വാർത്തകൾ ദിവസവും എത്തിച്ചു തരാറുണ്ട്. ഗൗരമ്മയുമായി മരണവിഷയം അപൂർവ്വമായേ സംസാരിച്ചിട്ടുള്ളൂ. എങ്കിലും ഇപ്പോൾ ചോദിക്കാനുറച്ചു.

സന്ധ്യ ഇരുട്ടിനു വഴിമാറിത്തുടങ്ങിയിരുന്നു. ഈ സമയത്തു യുവതികളെ മൊബൈലിൽ വിളിക്കുന്നത് നന്നല്ല. എന്നിട്ടും മനസ്സിലെ അസ്വസ്ഥത എന്നെക്കൊണ്ടു വിളിപ്പിച്ചു. നേരിട്ടു കാര്യത്തിലേക്കു കടക്കാതെ നാളെകാലത്തു നേരത്തേ വരണമെന്നും കുറച്ചുവസ്ത്രങ്ങൾ ഇസ്തിരിയിടാനുണ്ടെന്നും ഞാൻ പറഞ്ഞു. പിന്നെ ഇടർച്ചയോടെ മരണവിഷയം ചോദിച്ചു.

ഗൗരമ്മ നിർത്താതെ ചിരിച്ചു. “ഇല്ല. ഇവിടാരും മരിച്ചിട്ടില്ല. എന്താ ചോദിക്കാൻ?”

“അല്ല. ആരോ പറഞ്ഞു. അവിടെ ഒരാൾ..” ഞാൻ പരുങ്ങി.

ഗൗരമ്മ ചിരി നിർത്തി. “ഇനി ആരെങ്കിലും മരിക്കണമെന്നു ആഗ്രഹമുണ്ടോ? ഞാൻ മരിച്ചാൽ മതിയോ സാറേ?”

ഞാൻ കാൾ കട്ട് ചെയ്തു. ആകെ നാണക്കേടായി. ഇനി കാണുമ്പോൾ ഗൗരമ്മ ഇതിനെപ്പറ്റി ചോദിച്ചാൽ എന്തുപറയും. മരണത്തെപ്പറ്റി ഇതിനുമുമ്പു ഒന്നുരണ്ടുതവണ തമ്മിൽ സംസാരിച്ചിട്ടുണ്ട്. അതിൽനിന്നൊക്കെ മരണം എനിക്കിഷ്ടപ്പെട്ട സംഗതിയാണെന്നു ഗൗരമ്മ മനസ്സിലാക്കിയിട്ടുണ്ടോ. ഉണ്ടെങ്കിൽ ആ ധാരണ എങ്ങിനെയെങ്കിലും തിരുത്തണം. അല്ലെങ്കിൽ നാട്ടിൽ സുഹൃത്തുക്കൾ വിളിക്കാറുള്ള ‘കാലൻ’ വിളി ഗൗരമ്മയും വിളിച്ചേക്കാം.

ഉച്ചയ്ക്കു ഗൗരമ്മ പാകംചെയ്‌ത ഭക്ഷണം അടുക്കളയിൽ ഉണ്ടെങ്കിലും പുറത്തുനിന്നു കഴിക്കാൻ തീരുമാനിച്ചു. മനസ്സിലെ പിരിമുറുക്കം കുറയും. വൈശാലി റസ്റ്റോറന്റിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ പതുങ്ങിയിരുന്നു. നാല് റൊട്ടിക്കും ഹാഫ് ചിക്കൻതന്തൂരിക്കും ഓർഡർ കൊടുത്തു. അടുത്ത ടേബിളിൽ ഇരിക്കുന്നത് മൂന്നു ചെറുപ്പക്കാരാണ്. എല്ലാവരുടേയും മുഖത്തു നിരാശഭാവം. തന്തൂരി ചവച്ചിറക്കുന്നതിനിടെ അവരുടെ സംഭാഷണശകലങ്ങൾ കാതിലെത്തി.

ഒന്നാമൻ: “I never thought an accident will happen then”

രണ്ടാമൻ: “Vijay’s condition is bad”

ആക്സിഡന്റ് കേസാണ്. ഒരുവൻ മരിക്കാൻ കിടക്കുന്നു! തൽക്കാലത്തേക്കു ഇതുമതി. ഞാൻ അവരുടെ ടേബിളിനടുത്തു ചെന്നു. ബ്ലഡ് ഡോണറാണെന്ന നാട്യത്തിൽ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു. പ്രതീക്ഷകൾക്കു വിരുദ്ധമായി വിജയ് എന്ന വ്യക്തിക്കു സാരമായ പരിക്കുകളേയുള്ളൂ. ഒരു കയ്യും കാലും ഒടിഞ്ഞു. ജീവനു ആപത്തു ഇല്ലേയില്ല. ഞാൻ ഹതാശനായി എന്റെ ടേബിളിലേക്കു മടങ്ങി. കൂടുതൽ കഴിക്കാതെ ബില്ലും ടിപ്പും കൊടുത്തു പുറത്തിറങ്ങി. 

ഞാൻ റൂമിൽ എത്തി. പുറത്തുപോയതു മനസ്സിലെ മുറുക്കത്തിനു അയവു വരുത്തിയില്ലെന്നു മാത്രമല്ല, ടെൻഷൻ കൂടുകയാണു ചെയ്തത്. ചെറുപ്പക്കാരുമായി സംസാരിച്ചത് അബദ്ധമായി. അവരുടെ സംഭാഷണങ്ങളിൽനിന്നു തന്നെ കാര്യങ്ങൾ ഊഹിക്കണമായിരുന്നു. മരണം സംഭവിച്ചിരുന്നെങ്കിൽ അവരാരും റസ്റ്റോറന്റിൽ വരിക തന്നെയില്ലല്ലോ? ഞാൻ വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിൽ ഉലാർത്തി. ശരീരം വിയർപ്പിൽ കുളിച്ചു. ജനാലകൾ തുറന്നു. മനസ്സുനിറയെ പാമ്പുകടിച്ചു മരിച്ചുകിടക്കുന്ന ശേഖരേട്ടനാണ്.

ഞാൻ ചാരുകസേര ജനലിനു അടുത്തേക്കു വലിച്ചിട്ടു. മൈസൂർ - മയിലാടുതുറൈ എക്‌സ്‌പ്രസ്സ് വരേണ്ട സമയമാകുന്നു. ഈ ട്രെയിനിൽ കുറച്ചുതവണ യാത്രചെയ്തിട്ടുണ്ട്. ബാംഗ്ലൂരിൽനിന്നു സേലത്തിറങ്ങി, സേലത്തുനിന്നു ചെന്നൈ മെയിലിൽ തൃശൂരിൽ വന്നിറങ്ങാം. നല്ല പരിചിതമായ ട്രെയിൻ. അഷ്റഫിന്റെ ജ്യൂസ്‌കടയിൽനിന്നു വാങ്ങിയ സപ്പോട്ട ഷേക്ക് മൊത്തി ഞാൻ മയിലാടുതുറൈ എക്സ്‌പ്രസ്സ് വരുന്നതും കാത്തിരുന്നു. അപ്പോഴാണ് അവിശ്വസനീയമായ ആ കാഴ്ച കണ്ടത്. കണ്ണുതിരുമ്മി ഒന്നുകൂടി നോക്കി. അതെ അതു തന്നെ. സ്ത്രീയാണോ പുരുഷനാണോ എന്നു വേർതിരിച്ചറിയാൻ കഴിയാത്ത ഒരു മനുഷ്യരൂപം റെയിൽപാളത്തിനു അരികിലൂടെ നടന്നുപോകുന്നു. ഇതു അവിശ്വസനീയമായ കാഴ്ചയാകാൻ കാരണം ഇന്നുവരെ ആരേയും ഈ അസമയത്തു റെയിൽപാളത്തിനു അടുത്തെങ്ങും കണ്ടിട്ടില്ല എന്നതിനാലാണ്. രാത്രിയിൽ ഈനേരത്തു ആരെങ്കിലും റെയിൽപാളത്തിനു അരികിലൂടെ നടന്നാൽ അതിനർത്ഥം എന്തോ അത്യാഹിതം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ്. 

ഞാൻ കസേരയിൽനിന്നു എഴുന്നേറ്റു സിറ്റൗട്ട് ബ്ലോക്കിലേക്കു ചെന്നു. മൈസൂർ - മയിലാടുതുറൈ എക്‌സ്‌പ്രസ് ചൂളംവിളിച്ചു വരുന്നുണ്ട്. ടിൻ ഫാക്‌ടറിയേയും ബയപ്പാനഹള്ളിയേയും ബന്ധിപ്പിക്കുന്ന റോഡിനു കുറുകെയുള്ള ചെറിയ റെയിൽവേ മേൽപ്പാലത്തിലേക്കു വളരെ സാവധാനം ട്രെയിൻ പ്രവേശിച്ചു. മേൽപ്പാലത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ബൈക്കിലൂടെ യാത്ര ചെയ്യുമ്പോൾ ഈ പാലമാണോ ട്രെയിനിനെ താങ്ങുന്നതെന്നു ചിന്തിച്ചു അതിശയിച്ചിട്ടുണ്ട്. അത്രയ്ക്കു ദുർബലം. വാലറ്റം പൂർണമായും പാലം കടന്നതോടെ ട്രെയിൻ വേഗതയാർജിച്ചു. ഫ്ലാറ്റിനു അടുത്തുകൂടി പോകുമ്പോൾ ഇനിയും വേഗതയെടുക്കും. ഞാൻ വീണ്ടും മനുഷ്യരൂപത്തിനു നേരെ തിരിഞ്ഞു. പക്ഷേ അൽഭുതകരമെന്നേ പറയേണ്ടൂ, ആ മനുഷ്യനെ എവിടേയും കണ്ടില്ല. റെയിൽപാതക്കു താഴെയുള്ള നടപ്പാതയിൽ നോക്കി. അവിടെ ഇല്ല. രൂപം എവിടെപ്പോയി ഒളിച്ചു? ട്രെയിൻ വരുന്നതുനോക്കി അരമിനിറ്റേ നിന്നുള്ളൂ. അതിനിടയിൽ പാളത്തിനരികിലൂടെ നടന്ന മനുഷ്യനു നടപ്പാതകളിലൂടെ നടന്നു മറയാൻ സാധ്യമല്ല. ഉറപ്പ്. പാളത്തിനരികിൽ നിരവധി കുറ്റിക്കാടുകൾ ഉണ്ട്. അതിലെങ്ങാനും മനുഷ്യൻ ഒളിച്ചിരിക്കുന്നുണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ എന്തിനാണ് ഒളിച്ചിരിക്കുന്നത്? എനിക്കു അധികം ചിന്തിക്കേണ്ടി വന്നില്ല. ഉത്തരം പെട്ടെന്നു കിട്ടി. മരണം. ട്രെയിനിനു തലവയ്‌ക്കാനാണ് ആ മനുഷ്യൻ രാത്രിയിൽ പാളത്തിലേക്കു വന്നിരിക്കുന്നത്!

ഞാൻ ഒന്നുകൂടി സംഭവങ്ങളെ വിശകലനം ചെയ്തു.

1. രാത്രിയിൽ ഇതിനുമുമ്പു ആരും പാളത്തിലൂടെ നടക്കുന്നതായി കണ്ടിട്ടില്ല.
2. നടന്ന മനുഷ്യൻ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നു.
3. ട്രെയിനിനു വേഗത ഇപ്പോൾ കുറവാണ്. പക്ഷേ കൂടിക്കൊണ്ടിരിക്കുന്നു.
4. പാളത്തിനരികിലൂടെ ആരെയെങ്കിലും നടന്നു വരുന്നതുകണ്ടാൽ എൻജിൻ ഡ്രൈവർ സംശയാലുവായി ട്രെയിൻ നിർത്തിയേക്കാം. വേഗത കൂടുമ്പോൾ, പെട്ടെന്നു പൊന്തക്കാടുകളിൽ നിന്നിറങ്ങി ചാടിയാൽ ട്രെയിൻ നിർത്തുക സാധ്യമല്ല.

ഇങ്ങിനെയായിരുന്നു എന്റെ കണക്കുകൂട്ടൽ. അതിനനുസരിച്ചു കാര്യങ്ങളും നീങ്ങി. ട്രെയിൽ ഫ്ലാറ്റിനു അരികിലൂടെ പോയപ്പോൾ കുറ്റിക്കാട്ടിൽ നിന്നൊരു മനുഷ്യരൂപം വണ്ടിക്കുമുന്നിൽ ചാടി. ട്രെയിൻ നിർത്താതെ പോയി.  ചാകാനുള്ളവർ ചാകും. അത്രയേ എൻജിൻ ഡ്രൈവർ കരുതിയിരിക്കുള്ളൂ. ഒരു ആത്മഹത്യ ലൈവായി കണ്ടതിന്റെ ആഘാതത്തിൽ ഞാൻ സിറ്റൗട്ടിലെ കമ്പിയിൽപിടിച്ചു പാളത്തിലേക്കു എത്തിനോക്കിപ്പോയി. ഭാഗ്യവശാൽ നിലതെറ്റി താഴെ വീണില്ല. ഇനി എന്തുചെയ്യണമെന്ന കാര്യത്തിൽ എനിക്കു സംശയമേയില്ലായിരുന്നു. ട്രെയിൻ അപകടമാണ് നടന്നിരിക്കുന്നത്. ട്രെയിനിടിച്ചു മരിച്ച ശരീരം ഇന്നുവരെ കണ്ടിട്ടില്ല. ഹൃദയസ്തംഭനം, തൂങ്ങിമരണം, വെള്ളത്തിൽ മുങ്ങിമരിച്ചത്, കത്തിക്കുത്ത്, ശ്വാസം മുട്ടിച്ചുള്ള മരണം, ഫ്യൂരിഡാൻ കുടിച്ചുള്ള മരണം, എന്നിങ്ങനെ പലരീതിയിൽ മരിച്ച ശവശരീരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ട്രെയിനിടിച്ചു മരിച്ച ശരീരം ഇന്നുവരെ കണ്ടിട്ടില്ല. അതിനാൽ ഈ മൃതശരീരം കണ്ടേ തീരൂ. ഇതു കാണാനായിരുന്നല്ലോ ഈശ്വരാ നീ എന്നെ ഇത്രനാൾ പരീക്ഷിച്ചത്. സന്തോഷം കൊണ്ടു എന്റെ കണ്ണിൽ വെള്ളംവന്നു. 

ഞാൻ ഒച്ചയുണ്ടാക്കാതെ കോണിപ്പടിയിറങ്ങി. ലിഫ്റ്റ് ഉപയോഗിച്ചില്ല. ഗ്രൗണ്ട്ഫ്ലോറിൽ സെക്യൂരിറ്റിയുടെ മുറി മാത്രമേയുള്ളൂ. ബാക്കിയുള്ള സ്ഥലം കാർ, ബൈക്ക് പാർക്കിങ്ങിനു ഉപയോഗിക്കുന്നു. പൈ ലേഔട്ടിലുള്ള എല്ലാ കെട്ടിടങ്ങളിലും ഇതേ സംവിധാനമാണ്. ഗ്രൗണ്ട്ഫ്ലോറിൽ എത്തിയ ഉടൻ ഞാൻ ഒരു തൂണിന്റെ മറവിലേക്കു നീങ്ങിനിന്നു പരിസരവീക്ഷണം നടത്തി. ഗേറ്റിനരുകിൽ സെക്യൂരിറ്റിയില്ല. സെക്യൂരിറ്റി ഇല്ലെങ്കിൽ തന്നെയും ഗേറ്റിലൂടെ പുറത്തിറങ്ങുന്നത് വിഡ്ഢിത്തമാണ്. ഈ അസമയത്തു റെയിൽപാളത്തിലേക്കു പോകുന്നതു മറ്റാരെങ്കിലും കാണും. അതു നല്ലതിനല്ല. തന്മൂലം ഞാൻ ഗ്രൗണ്ട്ഫ്ലോറിൽ പാർക്കുചെയ്തിരിക്കുന്ന കാറുകളുടെ മറവുപറ്റി പിൻഭാഗത്തേക്കു ചെന്നു. മതിൽചാടി കെട്ടിടത്തിന്റെ പിൻഭാഗത്തെത്തി. അവിടെ എല്ലായിടത്തും മാലിന്യകൂമ്പാരമാണ്. കുറ്റിച്ചെടികളും ധാരാളമുണ്ട്. അതിൽ അറപ്പോടെ ചവിട്ടി നടന്നു. ഒറ്റയടിപ്പാതയിലൂടെ റെയിൽപാളത്തിലെത്തി. മനസ്സ് സന്തോഷഭരിതമാണ്. പെൻടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ മൃതശരീരം കണ്ടു. വയറിനു മുകൾഭാഗം ചതഞ്ഞരഞ്ഞു പോയിരിക്കുന്നു. നെഞ്ചിൻകൂട് അവ്യക്തമായി തലനീട്ടിയിട്ടുണ്ട്. തലച്ചോർ പിരിഞ്ഞു മുറിഞ്ഞു പല ഭാഗത്തായി ചിതറിക്കിടക്കുന്നു. വയറിനുതാഴെ യാതൊരു പരിക്കുകളുമില്ല. ഞാൻ അതിനു പ്രാധാന്യവും കൊടുത്തില്ല. സ്ത്രീയാണൊ പുരുഷനാണോ എന്നു തിരിച്ചറിയാമെന്ന ആശയംപോലും തലയിൽ മിന്നിയില്ല. ഭയാനകമായ രംഗം കുറച്ചുനേരം നോക്കിക്കണ്ടു ഞാൻ റൂമിലേക്കു തിരിച്ചു. കുറേ നാളുകൾക്കുശേഷം ശാന്തമായി ഉറങ്ങി.

                           പരപ്പാന അഗ്രഹാര ജയിൽ, ബാംഗ്ലൂർ
കഥ കഴിഞ്ഞു എന്നു കരുതരുത്. കഥ തുടരുകയാണ്. റെയിൽപാളത്തിലെ ശവശരീരം കണ്ടു ശാന്തമായി ഉറങ്ങിയ എന്നെ പിറ്റേന്നു രാവിലെ പോലീസ് അറസ്റ്റ് ചെയ്തു. ഞാനിപ്പോൾ ജയിലിലാണ്. എന്നിൽ ചുമത്തപ്പെട്ട കേസ് ഗൗരവതരമാണ്. ആത്മഹത്യപ്രേരണ മാത്രമല്ല, വിശ്വാസവഞ്ചനയും ഇതിലടങ്ങിയിട്ടുണ്ട്. നിർദ്ധനയും, നിഷ്‌കളങ്കയും, സുന്ദരിയുമായ ഒരു കന്നഡയുവതിയെ പ്രേമിച്ചു, ശാരീരികാവശ്യങ്ങൾക്കു ഉപയോഗിച്ചശേഷം ക്രൂരമായി തള്ളിപ്പറഞ്ഞതിന്റെ ഫലമായി യുവതി ആത്മഹത്യ ചെയ്യാൻ നിർബന്ധിതയായി എന്നാണ് കേസ്. ആത്മഹത്യാ പ്രേരണ മാത്രമാണോ അതോ കൊലപാതകവും ചെയ്തോ എന്നറിയാൻ പോലീസ് തെളിവുകൾ ശേഖരിച്ചുവരികയുമാണ്. നിരപരാധിയാണെന്നു വാദിക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ സാഹചര്യത്തെളിവുകൾ എനിക്കെതിരാണെന്നതാണ് സത്യം. അവ ഇനിപ്പറയുന്നു. 

1. ആത്മഹത്യ ചെയ്ത ഗൗരമ്മ എന്ന കന്നഡ യുവതിയെ എനിക്കു നല്ല പരിചയമുണ്ട്. 
2. അവർ എന്റെ ഫ്ലാറ്റിൽ പലതവണ വന്നിട്ടുണ്ട്. 
3. എന്റെ ഫോൺനമ്പർ അവരുടെ മൊബൈലിൽ ഉണ്ട്. 
4. ആത്മഹത്യ ചെയ്യുന്നതിനു ഒരു മണിക്കൂർമുമ്പ് ഞാനവരെ ഫോണിൽ വിളിച്ചെന്നു എന്റേയും അവരുടേയും കാൾഹിസ്റ്ററി തെളിയിക്കുന്നു. 
5. സംഭാഷണം മരണത്തെപ്പറ്റിയായിരുന്നെന്നു യുവതിയുടെ കൂട്ടുകാരി, അവരപ്പോൾ യുവതിയുടെ അടുത്തുണ്ടായിരുന്നത്രെ, സാക്ഷ്യം പറഞ്ഞു. 
6. സംഭവം നടന്ന രാത്രിയിൽ ഞാൻ, ഫ്ലാറ്റ്സമുച്ചയത്തിനു പിന്നിലെ മതിൽ ചാടിപ്പോകുന്നതു കണ്ടതായി സെക്യൂരിറ്റി മൊഴി നൽകി. 
7. എല്ലാത്തിനുപരി മരിച്ചുകിടക്കുന്ന യുവതിയുടെ അടുത്തു ഞാൻ സന്തോഷവാനായി നിൽക്കുന്നതു മൂന്നുപേർ കണ്ടിട്ടുണ്ട്. സംഭവം നടക്കുമ്പോൾ മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിലും അവരെന്നെ തിരിച്ചറിഞ്ഞു. 


ഈ പറഞ്ഞവയിൽ അവസാനത്തെ നാലു തെളിവുകൾ പ്രബലമാണ്. ഇത്രയും തെളിവുകളുണ്ടെങ്കിൽ അന്വേഷണം പോലും നടത്തേണ്ടതില്ലെന്നാണ് പ്രൊസിക്യൂഷന്റെ പക്ഷം. എന്റെ വക്കീലാണെങ്കിൽ ഞാൻ പറയുന്നതു ഇനിയും വിശ്വസിച്ചിട്ടില്ല. ഭ്രാന്താണെന്നു അഭിനയിക്കാനാണ് അദ്ദേഹത്തിന്റെ മാന്യമായ ഉപദേശം. എനിക്കു ഭ്രാന്താണെന്നു തെളിയിക്കാൻ അദ്ദേഹത്തിന്റെ പക്കൽ എന്നെക്കുറിച്ചു തെളിവുകൾ ഉണ്ടത്ര. മരണവീടുകൾ സന്ദർശിക്കുന്ന സ്വാഭാവമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഭ്രാന്തനായി അഭിനയിക്കാൻ സമ്മതമല്ലെന്നാണ് ഞാൻ മറുപടി പറഞ്ഞത്. തന്മൂലം അദ്ദേഹം കേസിൽനിന്നു പിന്മാറാൻ സാധ്യതയുണ്ട്. എങ്കിൽ അറ്റകൈയ്‌ക്കു ഞാൻ ഭ്രാന്തനായി അഭിനയിച്ചേക്കാം. കാരണം എനിക്കു ബാംഗ്ലൂരിലെ ജയിലിൽ കിടക്കാൻ താല്പര്യമില്ല. നാട്ടിൽ പോകണം. അവിടെ ഒരുപാടു മരണവീടുകൾ എന്നെ കാത്തിരിക്കുന്നു.

Sunday, February 5, 2012

ടിൻഫാക്ടറി ജംങ്ഷനിലെ യാചകൻ


കെ.ആർ പുരം ടിൻഫാക്‌ടറി ജംങ്‌ഷനു കുറുകെ പുതുതായി പണിത മേൽപ്പാലത്തിൽവച്ചു, മദ്ധ്യവയസ്കനായ ഒരു യാചകനു അമ്പതുരൂപ ഭിക്ഷ നൽകാൻ കാരണം ഞാൻ ധനികനായതിനാലോ, നല്ല ജോലിയുള്ളതിനാലോ ഒന്നുമല്ല. മറിച്ചു അക്കാലത്തു എന്നെ കഠിനമായി പിടികൂടിയിരുന്ന, നിർദ്ധനരോടുള്ള ഉദാരമനോഭാവമാണ് കാരണം. എന്നെ സംബന്ധിച്ചു ഇത്തരം ഉദാരത ആത്മഹത്യാപരം കൂടിയാണ്. കാരണങ്ങൾ ഇനി പറയുന്നു.

1. ഞാൻ ബാംഗ്ലൂരിൽ എത്തിയിട്ടു രണ്ട് ആഴ്ചയേ ആയിട്ടുള്ളൂ.
2. എനിക്കു ജോലിയില്ല.
3. എന്റെ പക്കൽ ചുരുങ്ങിയ തുകയേയുള്ളൂ.

കാരണങ്ങൾ ഇനിയുമുണ്ടെങ്കിലും മേൽപറഞ്ഞ മൂന്നെണ്ണമാണ് മുഖ്യം. ഇപ്പോൾ വേറെയൊന്നു കൂടി സൂചിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലേ എന്റെ ഉദാരമനോഭാവത്തിന്റെ വൈവിധ്യവും, വിചിത്രതയും പിടികിട്ടുകയുള്ളൂ. കാര്യമിതാണ്. ഞാൻ അമ്പതുരൂപ ഭിക്ഷ കൊടുത്ത യാചകനു പ്രത്യക്ഷത്തിൽ യാതൊരു അവശതയും ഉണ്ടായിരുന്നില്ല. അധികം പൊക്കമില്ലാത്ത ഇരുനിറക്കാരനാണ് കഥാപാത്രം. അത്യാവശ്യം തടിയുണ്ട്. നല്ല ആരോഗ്യം ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന അദ്ദേഹത്തിനു ശാരീരിക അവശതകളുണ്ടെന്നു കരുതാൻ തീർത്തും പ്രയാസമാണ്. ബുദ്ധിജീവികൾക്കു ഇണങ്ങുന്ന ഊശാൻതാടിയാണ് മറ്റു യാചകരിൽനിന്നു ഇദ്ദേഹത്തെ വേർതിരിക്കുന്ന മറ്റൊരു ഘടകം.

ഇനി ടിൻഫാക്ടറി ജം‌ങ്ഷനെ പറ്റി കുറച്ചു കാര്യങ്ങൾ. ബാംഗ്ലൂരിലെ പേരും പെരുമയുമുള്ള ജംങ്ഷനുകളിൽ ടിൻഫാക്‌ടറി ജംങ്ഷൻ പെടുന്നില്ല. പക്ഷേ യാത്രക്കാരുടേയും വാഹനങ്ങളുടേയും തിരക്ക് പരിഗണിച്ചാൽ നഗരത്തിലെ പ്രധാനപ്പെട്ട ജം­ങ്ഷനുകളിൽ ഒന്നായിത്തന്നെ ഇതുണ്ടാകും. ഹെബ്ബാൽ, സിൽക്ക് ബോർഡ്, ഇന്ദിരനഗർ, കെ.ആർ പുരം, വൈറ്റ്‌ഫീൽഡ് എന്നിവിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഹബ്ബാണ് ഈ ജംങ്ഷൻ. കൂടാതെ കോലാർ ജില്ലയിലേക്കും അന്ധ്രയിലെ കഡപ്പയിലേക്കുമുള്ള പ്രധാനപാത ഈ ജംങ്‌ഷനിലൂടെ കടന്നുപോകുന്നു. ദിവസവും പതിനായിരക്കണക്കിനു ആളുകൾ വന്നുപോകുന്ന സ്ഥലം. ഇവിടെ പ്രത്യേകമായി രൂപകല്പന ചെയ്ത ഇരുമ്പുസ്പാനുകൾ കൂട്ടിയോജിപ്പിച്ച്, മേൽപ്പാലം സ്ഥാപിച്ചത് അടുത്ത കാലത്താണ്. ഉൽഘാടനം സ്ഥലം എംഎൽഎ നിർവഹിച്ചു. ഈ ഉൽഘാടനമാണ് നമ്മുടെ കഥാപാത്രമായ യാചകനെ പ്രശസ്തിയിലെത്തിച്ചത്. സംഭവം ഇനി പറയുന്നവിധം നടന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

ഉൽഘാടനദിവസം രാവിലെ തന്നെ മേൽപ്പാലവും പരിസരവും കൊടിതോരണങ്ങളാൽ അലങ്കരിക്കപ്പെട്ടു. എങ്ങും ജനസാഗരം. മേൽപ്പാലം ടിൻഫാക്ടറി ജംങ്ഷനടുത്തുള്ള സമീപവാസികളുടേയും, യാത്രക്കാരുടേയും മാത്രം സ്വപ്നമല്ലായിരുന്നു. യാചകരുടേയും കൂടി ചിരകാലാഭിലാഷമായിരുന്നു. എം.എൽ.എ നാടമുറിച്ചു ഉൽഘാടനം ചെയ്തശേഷം മേൽപ്പാലത്തിലൂടെ നടക്കാൻ ആരംഭിച്ചു. നാലഞ്ച് ചുവടുകൾ മുന്നോട്ടുവച്ചതേയുള്ളൂ. ഉടനെ നമ്മുടെ കഥാപാത്രം എം.എൽ.എയേയും സംഘത്തേയും വെട്ടിച്ചു മുന്നോട്ടുകുതിച്ചു. മേൽപ്പാലത്തിന്റെ മദ്ധ്യഭാഗത്തു എത്തിയപ്പോൾ നിന്നു. അവിടെ വെയിലെത്താത്ത, സൗകര്യപ്രദമായ ഒരിടത്തു തോർത്തുമുണ്ട് വിരിച്ചു ഭിക്ഷ ചോദിക്കാനിരുന്നത്രെ. മുൻകൂട്ടിയുള്ള സീറ്റുപിടുത്തം. എം.എൽ.എ കടന്നുപോയപ്പോൾ യാചകൻ ‘സാറേ വല്ലതും തരണേ’ എന്നു ആവശ്യപ്പെടുകയും, ദയവാനായ ജനപ്രതിനിധി പത്തുരൂപ കൊടുത്തെന്നുമാണ് ഐതിഹ്യം. ഇത്രയുമാണ് ടിൻഫാക്‌ടറി ജംങ്ഷനും, മേൽപ്പാലവും, യാചകനും തമ്മിലുള്ള പരസ്പരബന്ധം. ഇവർക്കിടയിലേക്കാണ് തൊഴിലന്വേഷകനായി ഞാനെത്തുന്നത്.

മേൽപ്പാലത്തിൽ മൂന്നുദിവസം തുടർച്ചയായി ആരോഗ്യദൃഢഗാത്രനായ യാചകനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ശാരീരികന്യൂനത എന്താണെന്നറിയാൻ എനിക്കു ആകാംക്ഷയായി. ഷർട്ടിലോ ശരീരത്തിലോ അധികം അഴുക്കുകൾ കാണാറില്ല. തലമുടി ജട പിടിച്ചിട്ടില്ല. ചില്ലറയിടാൻ വിരിച്ച തുണിയിലല്ലാതെ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ ഒരു കീറൽ പോലുമില്ല. മറ്റു യാചകരെല്ലാം മദ്ധ്യവയസ്കനേക്കാളും പ്രായമുള്ളവരാണ്. ദയനീയത എല്ലാവരിലും ദൃശ്യവുമാണ്. അവർ വഴിയാത്രക്കാരോടു മര്യാദയോടെ കൈത്തലം നീട്ടി ഭിക്ഷചോദിക്കുമ്പോൾ, നമ്മുടെ കഥാപാത്രം അനുവർത്തിക്കുന്നത് വന്യമായ രീതിയാണ്. എല്ലാ കാൽനടയാത്രക്കാർക്കു നേരെയും മൂന്നുതവണയെങ്കിലും കൈകൾ വികലമായി ചലിപ്പിച്ചു ഇരക്കും. പ്രായം കുറഞ്ഞവരുടെ കാലുപിടിക്കാൻ ആയുന്നതു സ്ഥിരം അടവാണ്. മൂന്നുദിവസം ഞാൻ ഇദ്ദേഹത്തിന്റെ ‘പ്രകടനങ്ങൾ’ കണ്ടു. നാലാമത്തെ ദിവസം നേരിട്ടു സംസാരിക്കാൻ തീരുമാനിച്ചു. ആരോഗ്യദൃഢഗാത്രനും പ്രായക്കുറവുമുള്ള താങ്കൾ എന്തിനാണു പണിയെടുക്കാതെ ഭിക്ഷയിരന്നു ജീവിക്കുന്നത്? ഇതാണ് ഞാൻ ചോദിക്കാൻ കരുതിവച്ച ചോദ്യം.

നാലാമത്തെ ദിവസം ശനിയാഴ്ചയായിരുന്നു. മൂന്നുമണി കഴിഞ്ഞ സമയം. ഞാൻ മഡിവാളയിൽ താമസിക്കുന്ന സുഹൃത്തിനെ കാണാൻ പോവുകയായിരുന്നു. റോഡിലും മേൽപ്പാലത്തിലും തിരക്കില്ലായിരുന്നു. യാചകനെ കടന്നുപോയപ്പോൾ അദ്ദേഹം എന്റെ കാലുപിടിച്ചു. അതു പ്രതീക്ഷിച്ചിരുന്നതിനാൽ ഞാൻ കാൽ പിൻവലിച്ചില്ല. യാചകനു മുന്നിൽ ഒരുകാൽ മടക്കി കുന്തിച്ചിരുന്നു. ബാംഗ്ലൂരിൽ പുതുമുഖമായതിനാൽ കന്നഡ എനിക്കറിയില്ല. ഇദ്ദേഹമാണെങ്കിൽ തമിഴനാണെന്നു തോന്നുന്നില്ല. ഹിന്ദിയും വശമുണ്ടാകാൻ സാധ്യതയില്ല. എന്നാൽപിന്നെ ഇംഗ്ലീഷിൽ തന്നെ സംസാരിക്കാമെന്നു തീരുമാനിച്ചു. ഒരുപക്ഷേ യാചകനും ഇംഗ്ലീഷ് അറിയുമായിരിക്കും. ബാംഗ്ലൂർ അല്ലേ ദേശം.

ഞാൻ ചോദിച്ചു. “വാട്ടീസ് പ്രോബ്ലം?”

എന്റെ ഊഹം ശരിയായിരുന്നു. യാചകനു ചോദ്യം മനസ്സിലായി. അദ്ദേഹം കരയാൻ തുടങ്ങി. ബുദ്ധിജീവി താടിയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.

“പ്രോബ്ലം” കുറച്ചുനേരം ആലോചിച്ചശേഷം, അദ്ദേഹം ഇടതുമാറിടത്തിൽ വിരലുകൾ അമർത്തിപ്പിടിച്ചു. “.. ഹാർട്ട്. ഹാർട്ട് പ്രോബ്ലം സാർ!”

പറഞ്ഞുകഴിഞ്ഞതും ചുമച്ചു. നിലക്കാത്ത ചുമ. എന്റെ ഹൃദയം അലിഞ്ഞു. ജീവിതമെന്നത് എന്തു കോമാളിത്തരമാണ്. തികച്ചും ആരോഗ്യവാനെന്നു കരുതിയ ഒരുവനു വളരെ അപകടസാധ്യതയുള്ള ഹൃദ്രോഗം!

ചുമക്കുന്നതിനിടയിൽ യാചകൻ പുലമ്പി. “ഓപ്പറേഷൻ ബേകു”

ഓപ്പറേഷൻ ചെയ്താൽ ശരിയാകുമെന്ന്. പ്രതീക്ഷയുടെ നാളം അണഞ്ഞിട്ടില്ല. എനിക്കു സന്തോഷമായി. യാചകനെ കാര്യമായി സഹായിക്കാൻ ഉറപ്പിച്ചു. പഴ്സ് തുറന്നു അമ്പതുരൂപ കൊടുത്തു. എല്ലാവരും ഇങ്ങിനെ സഹായിച്ചാൽ ഓപ്പറേഷനുള്ള തുക സ്വരൂപിക്കാൻ ബുദ്ധിമുട്ടില്ല. ഞാൻ കൊടുത്ത അമ്പതുരൂപ നോട്ട് യാചകൻ തിടുക്കത്തിൽ തട്ടിപ്പറിച്ചു വാങ്ങി. ഞാൻ അമ്പതുരൂപ ഭിക്ഷ നൽകുന്നതു മറ്റു യാചകർ കണ്ടിരുന്നു. അവരിൽ കൈകാലുകൾ ഇല്ലാത്തവരും, വളരെ പ്രായമായവരും ഉണ്ട്. ഞാൻ കടന്നുപോയപ്പോൾ, അവരെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കി. പക്ഷേ ഞാൻ ഗൗനിച്ചില്ല. ഇവിടെ ഒരുവന്റെ ഹൃദയത്തിനു, തദ്വാരാ ജീവനും, പ്രശ്നമായിരിക്കുമ്പോഴാണ് മറ്റുചിലർ കൈകാലുകൾ കാട്ടി കാശുവാങ്ങുന്നത്. സത്യത്തിൽ ഇവരെല്ലാം മദ്ധ്യവയസ്കനായ യാചകനുവേണ്ടി ഭിക്ഷ ചോദിക്കേണ്ടവരാണെന്നു എനിക്കു തോന്നി.

ഞാൻ മാരിയമ്മൻ കോവിൽ ബസ്‌സ്റ്റോപ്പിൽ എത്തി. മഡിവാളയിലേക്കുള്ള ബസ് കാത്തുനിന്നു. അപ്പോൾ യാചകൻ മേൽപ്പാലത്തിൽ നിന്നിറങ്ങി ഇന്ത്യൻഓയിലിന്റെ പെട്രോൾപമ്പ് കടന്നു, തിരക്കിട്ടു നടന്നുപോകുന്നതു കണ്ടു. പാവത്തിനു വിശക്കുന്നുണ്ടാകണം. ഭക്ഷണം വാങ്ങിക്കഴിക്കാൻ പോകുന്നതാണ്. പറ്റിയാൽ ഇനിയുള്ള ദിവസങ്ങളിലും യാചകനെ സഹായിക്കണമെന്നു ഞാൻ ഉറപ്പിച്ചു. ആ ഉദാരതയിൽ അതിരറ്റു സന്തോഷിച്ചു. പാവങ്ങളെ സഹായിക്കണം. അല്ലാതെയുള്ള ജീവിതംകൊണ്ടു, എത്ര ധനം നേടിയാലും, എന്തു ഫലം. എന്തു സംതൃപ്തി.

ഞാൻ മഡിവാളയിലെത്തി. എല്ലാ സുഹൃത്തുക്കളേയും കണ്ടു. സൊറ പറയുന്നതിനിടയിൽ മദ്ധ്യവയസ്കനെപ്പറ്റി ഞാൻ പരാമർശിച്ചു. അമ്പതുരൂപ നൽകിയ കാര്യം പറഞ്ഞപ്പോൾ അവർക്കും സന്തോഷമായി. അവർ എന്നെ അഭിനന്ദിച്ചു. പുകഴ്ത്തി. ഞാൻ എല്ലാം സസന്തോഷം ഏറ്റുവാങ്ങി. അന്നുരാത്രി റൂമിൽ തങ്ങാമെന്നു ഒരു സുഹൃത്ത് സൂചിപ്പിച്ചെങ്കിലും വഴങ്ങിയില്ല. എട്ടരയോടെ കെ.ആർ പുരത്തേക്കു തിരിച്ചു. തിരക്കൊഴിഞ്ഞ ഔട്ടർ‌റിങ്ങ് റോഡിലൂടെയുള്ള യാത്ര എന്നത്തേയും പോലെ ആസ്വദിച്ചു. ഒമ്പതുമണിക്കു ടിൻഫാക്‌ടറി ജംങ്ഷനിൽ എത്തി. മേൽപ്പാലത്തിൽ യാചകനെ കണ്ടില്ല. ആരുമില്ലാത്തതിനാൽ എഴുന്നേറ്റു പോയിരിക്കും. റോഡിൽ വാഹനങ്ങളും ആളുകളും കുറവായിരുന്നു.

ഇന്ത്യൻ ഓയിലിന്റെ പെട്രോൾപമ്പും ടിൻഫാക്‌ടറിയുടെ ഗേറ്റും കടന്നു ഞാൻ നടന്നു. ഉദയനഗറിലേക്കുള്ള വഴിയിൽ പ്രവേശിച്ചു. ഇടതുവശത്തുള്ള വെങ്കടേശ്വര ബാറിനു മുന്നിൽ നല്ല തിരക്ക്. വാരാന്ത്യം ഗംഭീരമാക്കാൻ എല്ലാവരും അക്ഷമരായി ക്യൂ നിൽക്കുന്നു. അവരോടു വെറുപ്പ് തോന്നി. മദ്യപാനം എനിക്കു ഇഷ്ടമുള്ള സംഗതിയേയല്ല. ജീവിതത്തിൽ ഇന്നുവരെ മദ്യപിച്ചിട്ടില്ല. മദ്യപിക്കില്ലെന്നാണ് തീരുമാനവുമെടുത്തിരിക്കുന്നത്. ഞാൻ ക്യൂവിൽനിന്നു നോട്ടം മാറ്റി. അപ്പോഴാണ് ഉദയനഗർ പ്രവേശനകവാടത്തിന്റെ വലതുവശത്തു, ഹനുമാൻ മണ്ഢപത്തിന്റെ അരുകിൽ ഒരാൾ കുടിച്ചു പൂസായി കിടക്കുന്നതു കണ്ടത്. അരയിൽ തുണിയില്ല. വായിൽനിന്നു തുപ്പൽ ഒലിച്ചിറങ്ങുന്നു. ഞാൻ അയാളുടെ മുഖത്തു നോക്കി. ഹൃദ്രോഗിയായ യാചകൻ! അദ്ദേഹവും വാരാന്ത്യം ഗംഭീര്യമാക്കിയിരിക്കുന്നു.

ഇത്തരമൊരു നിലയിൽ യാചകനെ കാണേണ്ടിവന്നതിൽ ഞാൻ നിരാശനായി. അടുത്തുചെന്നു യാചകന്റെ മുഖത്തു സൂക്ഷിച്ചുനോക്കി. ഉറങ്ങുകയല്ല, ലഹരിയുടെ മയക്കമാണ്. ഞാൻ തോളിൽ തട്ടിവിളിച്ചു. അഞ്ചാറു തവണ ശരീരം ഉലച്ചപ്പോൾ യാചകൻ പ്രയാസപ്പെട്ടു കണ്ണുകൾ പാതിതുറന്നു. അതും മൂന്നു സെക്കന്റ് മാത്രം. മുന്നിൽ നിൽക്കുന്ന ആളെ മനസ്സിലായപ്പോൾ യാചകൻ പെട്ടെന്നു കണ്ണടച്ചു ‘ഗാഢനിദ്ര’യിലാണ്ടു. ഞാൻ ഇശ്ചാഭംഗത്തോടെ തിരിച്ചു നടന്നു.

പിറ്റേന്നു ഉച്ചയ്ക്കു ടിൻഫാക്‌ടറി ജം‌ങ്ഷനിലേക്കു പോകുമ്പോൾ ഇന്നലെ നടന്ന സംഭവത്തെപ്പറ്റി യാചകനോടു ചോദിക്കണോ എന്ന കാര്യത്തിൽ ഞാൻ തീരുമാനമെടുത്തിരുന്നില്ല. ആദ്യത്തെ ചിന്തയിൽ ഇനി യാചകനുമായി ബന്ധം വേണ്ടെന്നു തോന്നിയെങ്കിലും, ഒരു പരീക്ഷണം കൂടിയാകാം എന്ന അഭിപ്രായവും മനസ്സിലുണ്ടായി. ഒരുപക്ഷേ മദ്യപാനം ഹൃദ്രോഗികൾക്കു എത്രമാത്രം അപകടകരമാണെന്നു അദ്ദേഹത്തിനു അറിയില്ലെങ്കിലോ. എന്നാൽ സംസാരിക്കുക തന്നെ.

ഞാൻ മേൽപ്പാലത്തിൽ പ്രവേശിക്കുമ്പോൾ യാചകൻ ഇന്നലെയിരുന്ന അതേ സ്ഥാനത്തുതന്നെയുണ്ട്. ഞാൻ ശ്രദ്ധിക്കാത്ത മട്ടിൽ നടന്നു. എന്നെ അകലെവച്ചു കണ്ടതോടെ യാചകൻ ചുമക്കാൻ തുടങ്ങി. ഭയങ്കര ചുമ. വലതുകൈ കൊണ്ടു നെഞ്ച് ആസകലം ഉഴിയുകയും ചെയ്തു. ഞാൻ അടുത്തു ചെന്നു. ‘ഇന്നലെ വെള്ളമടിച്ചില്ലേ’ എന്നു ആംഗ്യത്തിൽ ചോദിച്ചു. യാചകന്റെ മുഖം വല്ലാതായി. കവിളുകൾ വിറച്ചു. ചുണ്ടുകൾ വിതുമ്പി. കണ്ണുനീർ ധാരയായി ഒഴുകി. പണ്ടുമുതലേ ആരെങ്കിലും കരയുന്നതു കാണാൻ എനിക്കു ഒട്ടും ഇഷ്ടമില്ല. ഞാൻ മൂലം ആരും കരയാൻ ഇടവരരുതേ എന്നതു പ്രാർത്ഥനയിലെ മുഖ്യഇനവുമാണ്. അതിനാൽ യാചകന്റെ ഭാവമാറ്റത്തിൽ ഞാൻ സ്തംബ്ധനായി. കരയുമെന്നു കരുതിയില്ല. വെള്ളമടിക്കാൻ എന്തെങ്കിലും കാര്യമായ കാരണം കാണും. അതൊന്നുമറിയാതെ വെറുതെ കുറ്റപ്പെടുത്താൻ പാടില്ലായിരുന്നു.

ഞാൻ ഇന്നലെ ചോദിച്ച ചോദ്യം ആവർത്തിച്ചു. “വാട്ടീസ് പ്രോബ്ലം?”

യാചകൻ കരച്ചിൽ തുടർന്നു. ചുമക്കുന്നതിനും കുറവ് വരുത്തിയില്ല.

“സാർ...” യാചകൻ വിമ്മിഷ്‌ടത്തോടെ പറഞ്ഞു. “ടെൻഷൻ... ടെൻഷൻ”

ഞാൻ ആലോചിച്ചു. കാര്യം ശരിയല്ലേ. യാചകരുടെ അവസ്ഥ വളരെ മോശമല്ലേ. കിടക്കാൻ ഇടമില്ല. നേരത്തിനു കഴിക്കാൻ ഭക്ഷണമില്ല. രോഗങ്ങൾ വന്നാൽ ചികിൽസിക്കാൻ പണമില്ല. ബന്ധുക്കളില്ല. സ്വപ്നങ്ങളില്ല. ആകെക്കൂടി ഉള്ളത് ദുഃഖങ്ങൾ മാത്രം. ഒരിക്കലും ഒടുങ്ങാത്ത ദുഃഖങ്ങൾ മാത്രം. ഇതൊന്നും എന്തേ എന്റെ മനസ്സിൽ വന്നില്ല. എനിക്കു കഠിനമായ പശ്ചാത്താപം തോന്നി. യാചകനെ ആശ്വസിപ്പിക്കാൻ തോളിൽ നാലഞ്ചു തവണ തട്ടി. ഇംഗ്ലീഷും ഹിന്ദിയും ഇടകലർത്തി ഹൃദ്രോഗികൾക്കു മദ്യം അതീവ അപകടകരമാണെന്നു ഞാൻ സൂചിപ്പിച്ചു. എന്റെ അറിയിപ്പിൽ യാചകൻ ഞെട്ടിയെന്നു തോന്നി. മദ്യപാനം മൂലമുള്ള മറ്റു ദോഷങ്ങളും ഞാൻ വിവരിച്ചു. യാചകൻ എല്ലാം സശ്രദ്ധം കേട്ടു അപ്പപ്പോൾ തലയാട്ടിക്കൊണ്ടിരുന്നു. എല്ലാം പറഞ്ഞു പൂർത്തിയാക്കി ഞാൻ വീണ്ടും അമ്പതുരൂപ കൊടുത്തു. കയ്യിൽ ചിലവിനുള്ള പണം കുറവായിരുന്നിട്ടും ഉദാരത എന്നെ കീഴടക്കി. യാചകൻ ആ നോട്ടും തട്ടിപ്പറിച്ചു വാങ്ങി. അഞ്ചാറു തവണ ഭയങ്കരമായി ചുമച്ച്, എനിക്കുനേരെ കൈകൂപ്പി. ഞാനതു വിലക്കി. ഇതൊക്കെ ഒരു ധർമ്മമാണ്. എല്ലാവരും അനുവർത്തിക്കേണ്ട ധർമ്മം.

വൈകുന്നേരം മാർത്തഹള്ളിയിൽനിന്നു തിരിച്ചുവരുമ്പോൾ വെങ്കടേശ്വര ബാറിനു സമീപം ഞാൻ കണ്ണോടിച്ചു. രണ്ടുപേർ കുടിച്ചു പൂസായി കിടക്കുന്നുണ്ടെങ്കിലും അതിൽ യാചകനില്ല. ഹനുമാൻ കോവിലിനു സമീപവും ചെന്നുനോക്കി. അവിടേയുമില്ല. വളരെ നന്ന്. എന്റെ ഉപദേശം ഫലിച്ചെന്നു വ്യക്തം. ഇങ്ങിനെ വേണം ആരോടും പെരുമാറാൻ. ഒരുതവണ പരാജയപ്പെട്ടാലും വീണ്ടും ശ്രമിക്കുക. ദേഷ്യപ്പെടുന്നതിനു പകരം നയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ്ക്കുക. ഇനിമുതൽ ഇതൊരു സമീപനരീതിയായി മാറ്റിയെടുക്കണം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ വളരെ ഉപകാരപ്പെടും. ഉറപ്പ്. രാത്രിയിൽ റൂംമേറ്റായ ബ്രിജിനോടു സംസാരിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നടന്നകാര്യങ്ങൾ അറിഞ്ഞപ്പോൾ അവൻ എന്നെ അഭിനന്ദിക്കുകയോ പ്രശംസിക്കുകയോ ചെയ്തില്ല. മറിച്ച്, പ്രതീക്ഷിച്ച പോലെ, നൂറുരൂപ കളഞ്ഞതിനു കുറ്റപ്പെടുത്തി. ഞാൻ അതു പൊറുത്തു. അവൻ അല്ലെങ്കിലും അങ്ങിനെയാണ്. ജീവിതത്തിലെ സമസ്യകളെപ്പറ്റി ബോധവാനല്ല.

പിറ്റേന്നു ഡയറി സർക്കിളിനടുത്തു ഒരു കമ്പനിയിൽ ഇന്റർവ്യൂ ഉള്ളതിനാൽ ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു. യോഗ്യതയുള്ള ആർക്കും പങ്കെടുക്കാമെന്നതിനാൽ ഇന്റർവ്യൂവിനു നല്ല തിരക്കുണ്ടാകും. നേരത്തെ പോയി പേരു രജിസ്റ്റർ ചെയ്താൽ ഉച്ചക്കെങ്കിലും തിരിച്ചുവരാൻ പറ്റിയേക്കും. ഇന്റർവ്യുവിനു ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾ ഏതൊക്കെയാണെന്നു ആലോചിച്ചു ഞാൻ ഉറക്കത്തിലേക്കു വഴുതി. അൽഭുതമെന്നേ പറയേണ്ടൂ. പതിവുകൾക്കു വിപരീതമായി വെളുപ്പാൻ കാലത്തോടടുത്തു ഞാനൊരു സ്വപ്‌നം കണ്ടു. എന്നെ സംബന്ധിച്ചു വെളുപ്പിനു സ്വപ്‌നം കാണുന്നതു അത്യപൂർവ്വമാണ്. വെളുപ്പാൻ കാലത്തു കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കുമെന്നാണല്ലോ പൊതുവെയുള്ള പറച്ചിൽ, അല്ലെങ്കിൽ വിശ്വാസം. എന്റെ കാര്യത്തിൽ ഇന്നുവരെ ആ വിശ്വാസം അക്ഷരംപ്രതി ശരിയാണ്. ഇതും അങ്ങിനെയൊന്നാകണേ എന്നു ഞാൻ ആശിച്ചു. സ്വപ്നത്തിൽ ഒരു ചെറുപ്പക്കാരനായിരുന്നു കഥാപാത്രം. അദ്ദേഹം ടിൻഫാക്‌ടറി മേൽപ്പാലത്തിലൂടെ നടന്നുപോവുകയാണ്. എക്‌സിക്യുട്ടീവിനു യോജിക്കുന്ന ചുവടുവയ്‌പ്പുകൾ. ചെറുപ്പക്കാരൻ മേൽപ്പാലത്തിന്റെ പകുതിവരെ എത്തി. അപ്പോൾ എതിരെ വന്ന മദ്ധ്യവയസ്കൻ കൈകൂപ്പി അഭിവാദ്യം ചെയ്‌തു. തുടർന്നു അവർ തമ്മിൽ സംഭാഷണം.

ചെറുപ്പക്കാരൻ: ഹൗ ആർ യു നൗ?
മദ്ധ്യവയസ്കൻ: ഒകെ സർ.
ചെറുപ്പക്കാരൻ: ഹാർട്ട് ഹെഗെ?
മദ്ധ്യവയസ്കൻ: ആപ്പറേഷൻ ഒകെ. യെല്ലാ ഒകെ.

ചെറുപ്പക്കാരൻ ചിരിച്ചു. മദ്ധ്യവയസ്കൻ ബഹുമാനപൂർവ്വം ചെറുപ്പക്കാരന്റെ വലതുകൈത്തലം കയ്യിലെടുത്തു നെറ്റിയിൽ ചേർത്തു. ശേഷം രണ്ടുപേരും സ്വപ്നം കാണുന്ന വ്യക്തിയെ, അതായതു എന്നെ, നോക്കി ചിരിച്ചു. ചെറുപ്പക്കാരനു എന്റെ മുഖവും മദ്ധ്യവയസ്കനു ടിൻഫാക്‌ടറി ജംങ്‌ഷനിലെ യാചകന്റെ മുഖവുമായിരുന്നു!

ഞാൻ ഞെട്ടിയെഴുന്നേറ്റു. പുറത്തു വെളിച്ചം പരന്നു തുടങ്ങിയിരുന്നു. എന്റെ മുഖത്തും സന്തോഷത്തിന്റെ വെളിച്ചം പരന്നു. സ്വപ്‌നം സൂചിപ്പിക്കുന്നത് എന്താണെന്നു വ്യക്തമാണ്. ഒക്കെ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്. ഞാൻ എഴുന്നേറ്റു പല്ലുതേച്ചു, കുളിച്ച് തയ്യാറായി. ഷൂലേസ് കെട്ടുമ്പോൾ ബ്രിജ് എഴുന്നേറ്റു വന്നു.

“നീയെന്താ നേരത്തെ?”

“ഇന്റർവ്യൂ ഉണ്ട്”

“ഉം. ആൾ ദ ബെസ്റ്റ്”

ഞാൻ താല്പര്യപൂർവ്വം അറിയിച്ചു. “ബ്രിജ് കുറച്ചുമുമ്പു ഞാനൊരു സ്വപ്നം കണ്ടു. ഇന്നലെ ഞാൻ കാശുകൊടുത്ത യാചകനില്ലേ. അദ്ദേഹത്തിന്റെ ഹാർട്ട് പ്രോബ്ലം മാറിയശേഷം ഞങ്ങൾ തമ്മിൽ കാണുന്നതായിരുന്നു വിഷയം”

ബ്രിജ് പൊട്ടിച്ചിരിച്ചു. കന്നഡിഗർ, തമിഴർ, തെലുങ്കർ എന്നിവർക്കു പൊതുവായ ‘ഇവനെവിടുന്നു വരുന്നെടാ’ എന്നു മലയാളീകരിക്കാവുന്ന ഒരു ‘കൈ ആഗ്യം’ ഉണ്ട്. ബ്രിജ് അതെനിക്കുനേരെ പ്രയോഗിച്ചു.

ഞാൻ റൂമിൽ നിന്നിറങ്ങി. സമയം ഏഴു കഴിഞ്ഞതേയുള്ളൂ. ഡിസംബറിലെ തണുപ്പ് ചുറ്റിലും വെളുത്തു പരന്നുകിടന്നു.. റോഡ് ഏതാണ്ടു വിജനമാണ്. ഇത്രനാൾ ദിവസേന കാലത്തും വൈകിട്ടും നടന്നുപോയ തിരക്കേറിയ റോഡാണോ ഇത്? ഞാൻ അതിശയിച്ചു. കല്യാണി ന്യൂസ്ഏജൻസിക്കു സമീപം പത്രവിതരണം ചെയ്യുന്ന പയ്യൻമാർ നിൽക്കുന്നുണ്ട്. ഉദയനഗറിൽനിന്നു മെയിൻറോഡിലേക്കു കയറുമ്പോൾ ഒരുവശത്തു ചെറിയ ആൾക്കൂട്ടം കണ്ടു. അവിടെ എത്തിച്ചുനോക്കി. പാൽവിതരണമാണ്. ഒരുവൻ കുന്തിച്ചിരുന്നു നന്ദിനിയുടെ പാക്കറ്റ്പാൽ ആവശ്യക്കാർക്കു എടുത്തു കൊടുക്കുന്നു. ചുണ്ടിലൊരു ചിരി വിരിഞ്ഞു. ഞാൻ പ്രതീക്ഷിച്ചത് ഒരു ദുരന്തവാർത്തയാണ്. അതു അപ്പാടെ തെറ്റി. എന്തുകൊണ്ടാണ് നാലാൾ കൂടുന്നതു കാണുമ്പോൾ ആവേശം തോന്നുന്നത്? ദുരന്തമായാലും അല്ലെങ്കിലും, തനിക്കു ചെയ്യാൻ റോളുകൾ ഒന്നുമില്ല എന്നറിഞ്ഞിട്ടുതന്നെ എന്തിനാണ് ഇത്തരം സ്ഥലങ്ങളിൽ എത്തിനോക്കാൻ പോകുന്നത്? മനസ്സിലെ ആകാംക്ഷ മാത്രമാണോ കാരണം. അതോ മനോഗതി കൂടി ദുരന്തങ്ങളെ ആഘോഷിക്കുന്നതിലേക്കു വഴുതിയോ? ഞാൻ തിരിച്ചു നടന്നു. ഹനുമാൻ കോവിൽ തുറന്നിരുന്നില്ല. പൂജാരി വരുമ്പോൾ ഏഴര കഴിയും. ഞാൻ കൈകൂപ്പി പ്രാർത്ഥിച്ചു. ‘ഹേ ആജ്ഞനേയ, എന്റെ ജോലിക്കാര്യം മറക്കരുതേ’. പ്രാർത്ഥന കഴിഞ്ഞു ഞാൻ കണ്ണുതുറന്നു. കോവിലിനു പിന്നിൽ മലർന്നടിച്ചു കിടക്കുന്ന ഒരാളെ അപ്പോൾ കണ്ടു. യാചകൻ!. പൂട്ടിയ ചുണ്ടുകൾ ശ്വാസോശ്ചാസത്തിനു അനുസരിച്ച് തുറക്കുകയും അടയുകയും ചെയ്യുന്നു. അരികിൽ റുമാനോവ് വോഡ്‌കയുടെ കുപ്പിയും, ഏതാനും നാരങ്ങയും ഉണ്ട്. അങ്ങിനെ വെളുപ്പിനു കാണുന്ന സ്വപ്‌നങ്ങൾ യഥാർത്ഥ്യമായി ഭവിക്കുമെന്ന എന്റെ വിശ്വാസം തിരുത്തപ്പെട്ടു. വിശ്വാസം എന്നത് വെറും വിശ്വാസം മാത്രമാണ്.

ദിവസങ്ങൾ പിന്നേയും കടന്നുപോയി. മേൽപ്പാലത്തിലൂടെ നടന്നുപോകുമ്പോഴെല്ലാം യാചകൻ നെഞ്ചുതടവി ഭയങ്കരമായി ചുമച്ചു. ഞാൻ ഗൗനിച്ചില്ല. ആരും ഗൗനിച്ചില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ യാചകൻ പുതിയ വിദ്യകൾ ഇറക്കിത്തുടങ്ങി. മേൽപ്പാലത്തിൽ അവശനായപോലെ കിടന്നു. തല മുണ്ടുകൊണ്ട് മൂടി. മുഖം കണ്ടാൽ ആരും പൈസ തരില്ലെന്നു അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞു. പക്ഷേ ശരീരം ആളെ തിരിച്ചറിയാൻ പര്യാപ്തമായിരുന്നു. തൻമൂലം ആരും ‘ഹൃദയശസ്‌ത്രക്രിയ ഫണ്ടി’ലേക്കു സംഭാവന കൊടുത്തില്ല. ഉദയനഗറിൽ താമസിക്കാനെത്തുന്ന പുതുമുഖക്കാരിൽ ചിലർ മാത്രം പൈസയിട്ടു. അതു ‘ടെൻഷൻ’ മാറ്റാൻ തികയാത്തതിനാൽ യാചകൻ പ്രവൃത്തിമേഖല സമ്പന്നർ താമസിക്കുന്ന പൈ ലേഔട്ടിലേക്കു മാറ്റി. കോർപ്പറേഷൻ ബാങ്ക് എ‌ടിഎമ്മിൽ നിന്നു പൈസയെടുക്കാൻ പോകുന്നവഴി പലതവണ യാചകനുമായി സന്ധിച്ചു. അപ്പോഴൊന്നും അദ്ദേഹം ചുമച്ചില്ല. ഭിക്ഷ ചോദിച്ചില്ല. പകരം കരിങ്കൽ ചുമരിനോടു മുഖംചേർത്തു ഉറങ്ങുന്ന ഭാവം നടിച്ചു. കീറിയ തുണിയിൽ കിടക്കുന്ന ഏതാനും നാണയത്തുട്ടുകൾ സ്ഥിതി മെച്ചമല്ലെന്നു സൂചിപ്പിച്ചു. മനസ്സിൽ ദയ തോന്നിയെങ്കിലും മദ്യപിക്കാൻ പൈസ കൊടുക്കില്ലെന്നു ഞാൻ ദൃഢനിശ്ചയം ചെയ്തു. ആയിടെ ടിൻഫാക്‌ടറി ജംങ്ഷനിൽ കനറബാങ്ക് എടിഎം തുറന്നു. പിന്നാലെ ആക്‌സിസ് ബാങ്കും, ഡിസിബിയും. പൈ ലേഔട്ട് സന്ദർശനം അങ്ങിനെ നിലച്ചു. യാചകരെ ഓടിക്കാൻ മേൽപ്പാലത്തിൽ സ്ഥിരംവാച്ചറെ അധികാരികൾ നിയമിച്ചു. അതോടെ യാചകനെ പിന്നീട് കണ്ടതേയില്ല. സ്ഥലം മാറിയിരിക്കും. അല്ലെങ്കിൽ ജോലിചെയ്തു ജീവിക്കാമെന്നു തീരുമാനിച്ചിരിക്കും. അങ്ങിനെ കുറച്ചു ഊഹങ്ങൾ. എന്തായാലും നന്ന്. കാരണം അവഗണിക്കാൻ ആകുന്നത്ര ശ്രമിച്ചിട്ടും യാചകന്റെ രൂപവും മേൽപ്പാലത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യവും എന്നെ അസ്വസ്ഥനാക്കുമായിരുന്നു. അതിനു വിരാമമായി.

അഞ്ചു മാസങ്ങൾ അതിവേഗം കടന്നുപോയി. തണുപ്പ് മാറി ചൂടുകാലമായി. മേൽപ്പാലത്തിൽ വലിച്ചുകെട്ടിയ വിവിധ പാർട്ടി നേതാക്കളുടെ ഫ്ലക്‌സ് പോസ്റ്ററുകൾ പലതവണ അഴിച്ചുകെട്ടി. എനിക്കു ജോലിയുമായി. ബാംഗ്ലൂരിൽ ചുറ്റിയടിച്ചു കമ്പ്യൂട്ടർ നന്നാക്കുന്ന പണി. അതിനിടയിൽ, വിരസത ഒഴിവാക്കാനെടുത്ത അവധിയിൽ, കുറേക്കാലമായി ആഗ്രഹിച്ചിരുന്ന തീർത്ഥയാത്രക്കു പോയി. ചരിത്രവും പൗരാണികതയും പാരമ്പര്യവും ചെലുത്തുന്ന സ്വാധീനം. അങ്ങിനെ പുറപ്പെട്ടു. ചെന്നെത്തിയതു ഹരിദ്വാർ, ഋഷികേശ്, ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രം എന്നിവിടങ്ങളിൽ. പൂർവ്വസൂരികളുടെ കാൽപ്പാടുകൾ പിന്തുടർന്നു നടന്ന ഒരാഴ്ച. എല്ലാം ധന്യം. മംഗളകരം.

തിരിച്ചു ബാംഗ്ലൂരിൽ എത്തിയതു പുതിയ ആളായാണ്. ഓഫീസിൽ ചുറ്റും കൂടിയവരോടു തീർത്ഥാടനവിശേഷങ്ങൾ പറഞ്ഞു. അദ്ധ്യാത്മികതയിൽ മുങ്ങിയ ഭാവം നടിച്ചു. തീർത്ഥാടനത്തിനിടയിൽ പഠിച്ച ഏതാനും ഉപനിഷദ്‌വാക്യങ്ങൾ ഉരുവിട്ടു. അവയുടെ അർത്ഥം വിശദീകരിച്ചു. ഇതെല്ലാം കണ്ടു, പൊതുവെ ഗൗരവക്കാരനായ മാനേജറും കാബിനിലേക്കു വിളിപ്പിച്ച് സംസാരിച്ചു. പെട്ടെന്നു കൈവന്ന താരപരിവേഷം. അതാവോളം ആസ്വദിച്ചു. അങ്ങിനെ എല്ലാം കൊണ്ടും സന്തോഷകരമായ ദിവസം.

അൽഭുതങ്ങൾ അവസാനിച്ചിരുന്നില്ല. വൈകുന്നേരം ഓഫീസിൽനിന്നു മടങ്ങി വരുമ്പോൾ മേൽപ്പാലത്തിൽ മദ്ധ്യവയസ്കൻ യാചകൻ ഇരിക്കാറുള്ള പഴയസ്ഥലത്തു ചെറുതല്ലാത്ത ആൾക്കൂട്ടം. രാവിലെ ഇതുവഴി പോയപ്പോൾ അവിടെ ആരുമില്ലായിരുന്നു. പ്രത്യേകം ശ്രദ്ധിച്ചതാണത്. യാചകനെ വീണ്ടും കണ്ടുമുട്ടാൻ തീരെ താൽപര്യമില്ലാതിരുന്നതിനാൽ ഒഴിഞ്ഞ ഇടം ആശ്വാസം തന്നു. ഇപ്പോൾ അദ്ദേഹം വീണ്ടും തിരിച്ചുവന്നോ? അല്ലെങ്കിൽ ആരെങ്കിലും മരിച്ചു കിടക്കുന്നതോ? രണ്ടാമത്തെ ചിന്ത മനസ്സിൽനിന്നു പെട്ടെന്നു പോയി. കാരണം ആൾക്കൂട്ടത്തിന്റെ പെരുമാറ്റത്തിൽ അപകടം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. എല്ലാവരുടേയും മുഖത്തു പ്രതിഫലിക്കുന്നത് അൽഭുതഭാവമാണ്. എന്നിലും ആകാംക്ഷ മുളച്ചു. അനുനിമിഷം ഇരട്ടിച്ചു. അതാണ് ആൾക്കൂട്ടത്തിന്റെ രസതന്ത്രം. ഞാൻ അവിടേക്കു ചെന്നു. ആൾക്കൂട്ടത്തിനു നടുവിൽ ഒരു സന്യാസി ഇരിക്കുന്നു. മുഴുവൻ നരച്ച താടിയും മുടിയും. കഴുത്തു മറയ്ക്കുന്ന അനേകം രുദ്രാക്ഷമാലകൾ. നെറ്റിയിലും കൈത്തണ്ടയിലും നെഞ്ചിലും ഭസ്മം പൂശിയിരിക്കുന്നു. അരുകിൽ മുഷിഞ്ഞ ഭാണ്ഢം. കമണ്ഢലു. ഇത്രയൊക്കെ വേഷഭൂഷാദികൾ അണിഞ്ഞിട്ടും, എന്റെ മുന്നിലിരുന്നു അറിയാത്ത ഭാഷയിൽ ജപിക്കുന്ന സന്യാസി, ഞാൻ ഒരുകൊല്ലം മുമ്പു രണ്ടുതവണകളിലായി നൂറു രൂപ കൊടുത്ത, ആ കാശുകൊണ്ടു വോഡ്ക സേവിച്ച യാചകനാണെന്നു മനസ്സിലാക്കാൻ എനിക്കു ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല!

ഞാൻ ആശയക്കുഴപ്പത്തിലായി. ഇദ്ദേഹം സന്യാസം സ്വീകരിച്ചോ? സ്വീകരിച്ചെങ്കിൽ അതിനു കാരണമെന്ത്? ശരിക്കും മാനസാന്തരം വന്നതോ അതോ പഴയ ഉപായങ്ങളിൽ കൂട്ടിച്ചേർത്ത പുതിയതോ ഇത്? ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ആൾക്കൂട്ടത്തിലെ ഒരുവനോടു എന്താണ് സംഭവമെന്നു അന്വേഷിച്ചു. അയാൾ കൃത്യമായി മറുപടിതരാതെ സന്യാസിയെ രണ്ടുകയ്യും പൊക്കി തൊഴുകയാണ് ചെയ്തത്. കൂടാതെ എന്നോടും അങ്ങിനെ ചെയ്യാൻ ആവശ്യപ്പെട്ടു. എന്റെ കൈകളും ഉയർന്നു. അഞ്ചുമിനിറ്റോളം അവിടെ ചുറ്റിപ്പറ്റി നിന്നെങ്കിലും യാചകൻ കണ്ണുതുറക്കുകയോ ചുറ്റും കൂടിയവരോടു എന്തെങ്കിലും പറയുകയോ ചെയ്തില്ല. അജ്ഞാതമായ ഭാഷയിൽ മന്ത്രങ്ങൾ ജപിക്കുന്നതു മാത്രം തുടർന്നു. സത്യാവസ്ഥ പിന്നീട് അന്വേഷിക്കാമെന്നു കരുതി ഞാൻ തിരിച്ചുപോന്നു.

പിന്നീടുള്ള ദിവസങ്ങളിലും യാചകനെ മേൽപ്പാലത്തിൽ കണ്ടു. ചിലപ്പോൾ കടുത്ത ധ്യാനത്തിൽ. അല്ലെങ്കിൽ മേൽപ്പാലത്തിന്റെ ഗ്രില്ലിൽ ചാരിയിരിക്കുന്ന പോസിലോ, കാവിമുണ്ടു നിലത്തുവിരിച്ചു അതിൽ കിടന്നുറങ്ങുന്ന നിലയിലോ. പണ്ടു കാശിനായി കാലുപിടിച്ച വ്യക്തി ഇപ്പോൾ എന്നെ കണ്ടിട്ടും, ആരാണെന്നു മനസ്സിലാക്കിയിട്ടും മിണ്ടുകയോ ശ്രദ്ധിക്കുകയോ ചെയ്‌തില്ല. കാര്യങ്ങൾ ആകെ വിചിത്രമായിരിക്കുന്നു. ഒന്നുരണ്ടു ദിവസം ഞാൻ യാചകനെ നോക്കി ചുമക്കുക വരെ ചെയ്തു. പഴയ കാര്യങ്ങൾ അദ്ദേഹം ഓർക്കുന്നുണ്ടോ എന്നു പരീക്ഷിക്കാനുള്ള പൊടിക്കൈ പ്രയോഗം. യാചകനിൽ ഭാവമാറ്റം ഉണ്ടായില്ല. കുറച്ചുനാളത്തെ കൂട്ടലിനും കിഴിക്കലിനും ശേഷം യാചകനു മാനസാന്തരം വന്നിരിക്കുന്നെന്ന് ഞാൻ ഉറപ്പിച്ചു. അദ്ദേഹം ഇപ്പോൾ പഴയ ഭിക്ഷക്കാരനല്ല. മറിച്ച് ചൈതന്യം പ്രസരിപ്പിക്കുന്ന ഒരു സന്യാസിയാണ്. ഇനി അദ്ദേഹവുമായി സംസാരിക്കുകയാണു വേണ്ടത്. പൂർവാശ്രമത്തെപ്പറ്റിയും മാനസാന്തരം വന്നതിനെപ്പറ്റിയും എന്തെങ്കിലും പറയാതിരിക്കില്ല. ഇത്രനാൾ തെറ്റിദ്ധരിച്ചതിനു ക്ഷമ ചോദിക്കുകയും വേണം.

ഞാൻ അനുയോജ്യമായ അവസരം കാത്തിരുന്നു. രാവിലേയും വൈകീട്ടും സന്യാസിക്കു ചുറ്റും ധാരാളം ആളുകൾ ഉണ്ടാകും. എനിക്കു അദ്ദേഹത്തെ ഒറ്റയ്ക്കാണ് കാണേണ്ടത്. അതിനാൽ ഒരുദിവസം ഉച്ചക്കു, സുഖമില്ലെന്നു പറഞ്ഞ് ഞാൻ ഓഫീസിൽനിന്നു നേരത്തെ ഇറങ്ങി. മേൽപ്പാലത്തിൽ സന്യാസി ഉണ്ടായിരുന്നു. കൂടെ ആരുമില്ല.

സന്യാസി ഏകാഗ്രധ്യാനത്തിലാണ്. ഞാൻ അടുത്തുചെന്നു നിലത്തിരുന്നു. കൈകൾ ഭാഗികമായി കൂപ്പിയ നിലയിൽ പിടിച്ചു. ‘സ്വാമി’ എന്നു അഭിസംബോധന ചെയ്യാൻ തീരുമാനിച്ചു.

“സ്വാമി. ഹാർട്ട് പ്രോബ്ലം ഒകെ ആയാച്ചാ?”

സന്യാസി കണ്ണു തുറന്നില്ല. പക്ഷേ ജപം ഒന്നു പിഴച്ചെന്നു തോന്നി. ഞാൻ ചോദ്യം ഒന്നുകൂടി ഉച്ചത്തിൽ ചോദിച്ചു.

“സ്വാമി ഹാർട്ട് പ്രോബ്ലം

പകുതിയേ പൂർത്തിയാക്കിയുള്ളൂ. അതിനുള്ളിൽ സന്യാസി കണ്ണുതുറന്നു. എന്നെ രൂക്ഷമായി നോക്കി, കൈപൊക്കി കോപാകുലനായി എന്തൊക്കെയോ വാക്കുകൾ ഉച്ചരിച്ചു. വീണ്ടും കണ്ണുകളടച്ചു ധ്യാനത്തിൽ അമർന്നു. എല്ലാം അഞ്ചു സെക്കന്റിനുള്ളിൽ കഴിഞ്ഞു. ശാന്തത സാവധാനം ചുറ്റും വ്യാപിച്ചു. ഞാൻ വല്ലാതായി. എന്താണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്? സന്യാസിമാരോടു പൂർവ്വാശ്രമത്തെ പറ്റി ചോദിക്കുന്നതു ശരിയല്ലെന്നു എവിടെയോ വായിച്ചിട്ടില്ലേ. ചോദിച്ചാൽ ശാപം വരെ ലഭിച്ചേക്കാമത്രെ. ഞാൻ സന്യാസിയുടെ മുഖത്തു നോക്കി. അദ്ദേഹത്തിന്റെ കവിളുകൾ വിറക്കുന്നു. കോപത്താലാകണം. സത്യത്തിൽ സന്യാസി എന്റെ മുഖത്തുനോക്കി പറഞ്ഞതു ശാപവചനങ്ങളല്ലേ? അതെന്റെ ഭാവിയെ ബാധിക്കില്ലേ? ഓർത്തപ്പോൾ ഭയമായി. പ്രായശ്ചിത്തം ചെയ്യണം. അല്ലെങ്കിൽ ജീവിതം നശിച്ചതു തന്നെ. ഞാൻ പോക്കറ്റിൽനിന്നു അമ്പതുരൂപ എടുത്തു സന്യാസിയുടെ കാൽക്കൽ വച്ചു. കണ്ണടച്ച് ധ്യാനത്തിലിരുന്ന സന്യാസി കാശുവയ്ക്കുന്നതു കണ്ടെന്നു തോന്നി. ധ്യാനം മുറിക്കാതെ, നോട്ട് കാറ്റിൽ പറന്നുപോകാതിരിക്കാൻ സന്യാസി നോട്ടിനു മുകളിൽ കമണ്ഢലു ഭാരമായി വച്ചു. ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞു. അപ്പോൾ സന്യാസി കണ്ണുതുറന്നു വലതുകയ്യിലെ അഞ്ചുവിരലുകൾ അടക്കുകയും തുറക്കുകയും ചെയ്തു. എന്നുവച്ചാൽ അമ്പതുരൂപ കൂടി വേണമെന്ന്. ശാപമൊന്നും ഏൽക്കില്ലല്ലോ എന്ന സമാധാനത്തിൽ ഞാൻ കൊടുത്തു. താണു തൊഴുതു. തിരിച്ചു പോന്നു.

രാത്രി. ബ്രിജ് മുറിയിൽ എത്തിയപ്പോൾ ഉച്ചക്കു നടന്ന കാര്യങ്ങളെപ്പറ്റി ഞാൻ മിണ്ടിയില്ല. അവനെ ആരും ഇന്നുവരെ ശപിച്ചിട്ടില്ല. അതുകൊണ്ട് ഇതൊന്നും ഗൗരവത്തിൽ എടുക്കില്ല. ബ്രിജിനു മുഖം കൊടുക്കാതെ ഞാൻ ഉറങ്ങാൻ കിടന്നു. പിറ്റേന്നു വെളുപ്പാൻകാലത്തു വീണ്ടും, അപ്രതീക്ഷിതമായി സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഒരു ചെറുപ്പക്കാരൻ ടിൻഫാക്‌ടറി ജംങ്ഷനിലെ മേൽപ്പാലത്തിലിരുന്നു ഭിക്ഷ യാചിക്കുന്നു. അപ്പോൾ ഒരു സന്യാസി നടന്നുവന്നു. ചെറുപ്പക്കാരൻ പ്രത്യാശാപൂർവ്വം കൈനീട്ടി ഭിക്ഷ ചോദിച്ചു. ഫലിച്ചില്ല. സന്യാസി കടന്നുപോകുമ്പോൾ ചെറുപ്പക്കാരൻ കൈനീട്ടി അദ്ദേഹത്തിന്റെ കാൽപിടിക്കാൻ ആഞ്ഞു. സന്യാസി ഒഴിഞ്ഞുമാറി കാൽകൊണ്ടു തൊഴിച്ചു. ചെറുപ്പക്കാരൻ മേൽപ്പാലത്തിനു താഴെ നിലംപതിച്ചു. അങ്ങിനെ ദാരുണമായി മരണമടഞ്ഞു. റോഡിൽ ചോരയൊലിപ്പിച്ചു മരിച്ചുകിടക്കുന്ന ചെറുപ്പക്കാരനു എന്റെ മുഖഛായയും സന്യാസിക്കു ടിൻഫാക്ടറി ജംങ്‌ഷനിലെ യാചകസന്യാസിയുടെയും മുഖഛായയുമായിരുന്നു. ഒരു അലർച്ചയോടെ ഞാൻ ഞെട്ടിയെഴുന്നേറ്റു. പിന്നെ ഉറക്കം വന്നില്ല. തിരിഞ്ഞു മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. ഓഫീസിൽ പോകാതെ എച്ച്ആറിലെ രമേഷിനെ വിളിച്ചു പറഞ്ഞു.

“ഹലോ രമേഷ്”

“എന്ന തമ്പി”

“കൊഞ്ചം ടെമ്പറേച്ചർ ഇറുക്ക്. നാൻ ഇന്നു വരാമാട്ടേൻ. ലീവ് ആപ്ലിക്കേഷൻ കൊടുങ്കോ”

“ഒകെ സാർ”

പകൽ മുഴുവൻ പുസ്തകം വായിച്ചു. വൈകീട്ടു ഫ്രന്റ്‌സ് ഹോട്ടലിൽനിന്നു ചായയും പഴംപൊരിയും കഴിച്ചു. രാത്രിയിൽ ബ്രിജ് റൂമിലെത്തിയപ്പോൾ പറഞ്ഞു, കാലത്തു വെങ്കടേശ്വര ബാറിനടുത്തു സന്യാസിയും സഹായിയും കുടിച്ചു പൂസായി കിടന്നിരുന്നു എന്ന്.

“നീയിന്നലെ അങ്ങേർക്ക് കാശു കൊടുത്തോ?” എന്റെ മുഖത്തെ പരുങ്ങൽ കണ്ടു ബ്രിജ് ചോദിച്ചു.


ഞാൻ ചുമലുകൾ നിഷേധാർത്ഥത്തിൽ വെട്ടിച്ചു. “ഞാനാ, കാശാ!.... ഹേയ്”‌

Tuesday, January 10, 2012

തപാൽക്കാരൻ

                         ഐടി എൻജിനീയറുടെ കഥ
ബൊമ്മാനഹള്ളി ജംങ്‌ഷനിൽ ബസിറങ്ങി, ഞാൻ ആദ്യം അന്വേഷിച്ചത് തിരക്കില്ലാത്ത ഏതെങ്കിലും കടവരാന്തയാണ്. ചുറ്റിലും അഞ്ചോളം കടകളുണ്ട്. അവിടെയെല്ലാം സാധനങ്ങൾ വാങ്ങാൻ വന്നവരുടെ തിരക്ക്. എനിക്കു ഒന്നും വാങ്ങാനില്ല. വെയിൽ കൊള്ളാതിരിക്കാൻ അൽപം തണലാണ് ആവശ്യം. സാധനങ്ങൾ വാങ്ങാതെ കടയിൽ കയറിനിന്നാൽ ഉടമയുടെ കൂർത്തനോട്ടം നേരിടേണ്ടിവരും. അതിനാൽ ഞാൻ അടുത്തുകണ്ട, ഇലകൾ ശുഷ്കമായ, വൃക്ഷത്തിനു കീഴിലേക്കു നടന്നു. അവിടെ വിൻസന്റിനെ കാത്തു നിന്നു.

ഞാൻ ഇതിനുമുമ്പ് പലതവണ ബൊമ്മാനഹള്ളി ജംങ്‌ഷനിലൂടെ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഒരിക്കലെങ്കിലും ഇവിടെ ഇറങ്ങണമെന്നു ആഗ്രഹിച്ചിട്ടില്ല. നഗരത്തിലെ എല്ലാ ജംങ്ഷനിലും ഇറങ്ങാൻ ആഗ്രഹിക്കുന്ന ആളാണോ ഞാൻ എന്ന ചോദ്യം ഇവിടെ ഉദിക്കുന്നുണ്ട്. സത്യം പറയാമല്ലോ, ബാംഗ്ലൂരിലെ ചില ജംങ്ഷനുകൾ എന്നെ ആകർഷിക്കാറുണ്ടെന്നത് ഒരു വസ്‌തുതയാണ്. പക്ഷേ ഹൊസൂർ റോഡിലെ പ്രധാന ജംങ്‌ഷനായ ബൊമ്മാനഹള്ളി ആ ലിസ്റ്റിൽ ഇല്ല. ആകർഷണങ്ങളെ തരിശാക്കുന്ന ഇടമാണത്. ജനക്കൂട്ടവും ഗതാഗതതടസവുമാണ് മുഖമുദ്ര. ബാംഗ്ലൂരിലെത്തി രണ്ടുവർഷം കഴിഞ്ഞിട്ടും എന്തെങ്കിലും ആവശ്യത്തിനു ബൊമ്മാനഹള്ളിയിൽ ഇറങ്ങേണ്ടി വന്നിരുന്നില്ല. എന്നെങ്കിലും ഇറങ്ങേണ്ടി വരുമെന്നു കരുതിയതുമല്ല. പക്ഷേ കാര്യങ്ങൾ വേഗം മാറിമറഞ്ഞു.

പുതിയ കമ്പനിയിൽ ചേർന്നപ്പോൾ എട്ട് അംഗങ്ങളുള്ള പ്രോജക്‌ട് ടീമിലാണ് മാനേജർ ഉൾപ്പെടുത്തിയത്. ആദ്യം കിട്ടിയ പ്രോജക്‌ട് ബാംഗ്ലൂരിലെ തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളെ കമ്പ്യൂട്ടർ നെറ്റ്‌വർക്കു വഴി ബന്ധിപ്പിക്കലാണ്. തികച്ചും വിരസമായ ജോലി. അതേസമയം നഗരം പരിചയമാകാൻ ഉത്തമം. ഊരുചുറ്റൽ ഇഷ്ടമായതിനാൽ ഞാൻ സന്തോഷിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് പ്രോജക്‌ട് പൂർത്തിയാക്കുക. ആദ്യസന്ദർശനത്തിൽ പോസ്റ്റുഓഫീസിലെ സൗകര്യങ്ങൾ പരിശോധിക്കും. രണ്ടാം ഘട്ടത്തിൽ ശരിയായ ഇൻസ്റ്റാലേഷൻ. ബൊമ്മാനഹള്ളിയിൽ ഇന്നു ഇൻസ്റ്റാലേഷനാണ്.

എന്റെ കാത്തിരിപ്പിനു വിരാമമിട്ട് വിൻസെന്റ് എത്തി. തോളിൽ തൂങ്ങുന്ന ബാഗിൽ തപാൽവകുപ്പിന്റെ ചിഹ്നം. ഞങ്ങൾ കരിമ്പിൻ ജ്യൂസ് വിൽക്കുന്നിടത്തേക്കു ചെന്നു. നല്ല ഉഷ്ണം. ഇടയ്ക്കിടെ വീശുന്ന കാറ്റിനുപോലും അസഹ്യമായ ചൂട്. രണ്ടു കരിമ്പിൻ ജ്യൂസിനു വിളിച്ചുപറഞ്ഞു, ഞാൻ പഴ്സെടുക്കാൻ ആഞ്ഞപ്പോൾ വിൻസന്റ് വിലക്കി. അദ്ദേഹം കൊടുത്തോളുമെന്ന്. ഞാൻ വീണ്ടും മരത്തിനു കീഴിലേക്കു നീങ്ങിനിന്നു. അല്പസമയത്തിനുള്ളിൽ ഇരുകയ്യിലും ജ്യൂസുമായി വിൻസന്റ് എത്തി. സ്വന്തം വയറിൽ തട്ടി അദ്ദേഹം പരിഭവം പറഞ്ഞു.

“കുമാർ, എനിക്ക് കുടവയർ ചാടി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചുചെല്ലുമ്പോൾ അവരിതു ഉടച്ചു കളയും”

ഞാൻ ചിരിച്ചു.

വിൻസന്റ് പോസ്റ്റൽ വകുപ്പ് ജീവനക്കാരൻ അല്ല. ആർമിയിൽ നിന്നു ഡെപ്യുട്ടേഷൻ വഴി ഇന്ത്യാപോസ്റ്റിൽ ജോലിചെയ്യുകയാണ്. മുഴുവൻ പേര് വിൻസന്റ് പോൾ. കുറച്ചുനാൾ കൂടി കഴിഞ്ഞാൽ ഡെപ്യുട്ടേഷൻ തീരും. അപ്പോൾ തിരിച്ചുപോകണം. വിൻസന്റിനെ ജോലിക്കു കൂട്ടുകിട്ടിയതിൽ എനിക്കു സന്തോഷമുണ്ടായിരുന്നു. ആർമിക്കാരുടെ ഗൗരവം തീരെയില്ലാത്ത സരസൻ. എന്റെ അഭിപ്രായങ്ങൾക്കു വളരെ മുൻഗണന നൽകുന്നു. സർവ്വോപരി മലയാളം ഒഴുക്കോടെ സംസാരിക്കും. ജന്മം കൊണ്ടു കന്നഡിഗനെങ്കിലും മലയാളത്തിലും പ്രഗൽഭൻ. ആർമിയിൽ ഒരുപാട് മലയാളി സഹപ്രവർത്തകർ ഉണ്ടത്രെ.

വരണ്ട തൊണ്ടയെ നനച്ചു തണുത്ത കരിമ്പിൻവെള്ളം ഒഴുകി. ഉൻമേഷം തിരിച്ചുകിട്ടി. പൈസ കൊടുത്തു ഞങ്ങൾ പോസ്റ്റുഓഫീസിലേക്കു പുറപ്പെട്ടു. ബൊമ്മാനഹള്ളി പോസ്റ്റുഓഫീസ്, ജംങ്ഷനിൽനിന്നു ഇടത്തോട്ടു തിരിയുന്ന പ്രധാനറോഡു വഴി കുറച്ചു മുന്നോട്ടുപോയാൽ ഇടതുവശത്തായി കാണാം. ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിൽ.

ഞങ്ങൾ ചെല്ലുമ്പോൾ പോസ്റ്റുഓഫീസിൽ നിറയെ ആളുകളാണ്. ഓഫീസ് തുറന്നിട്ടു അധികം സമയമായിട്ടില്ല. ജീവനക്കാരും പോസ്റ്റുമാൻമാരും ഉപഭോക്താക്കളും ഒക്കെയായി ആകെ ബഹളമയം. ഒരാഴ്ചമുമ്പ് ഇൻസ്റ്റാലേഷൻ സൗകര്യങ്ങൾ പരിശോധിക്കാൻ വന്നപ്പോൾ വിരലിലെണ്ണാവുന്നവരേ പോസ്റ്റോഫീസിൽ ഉണ്ടായിരുന്നുള്ളൂ. അന്നു പക്ഷേ സന്ദർശനം ഉച്ചകഴിഞ്ഞിട്ടായിരുന്നു. ആ നേരത്തു തിരക്കു പ്രതീക്ഷിക്കുന്നത് ഉചിതമല്ലല്ലോ. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഞങ്ങൾ ചീഫ് പോസ്റ്റുമാസ്റ്ററുടെ കാബിനിലേക്കു ചെന്നു. അവിടെ അദ്ദേഹമൊരു പോസ്റ്റുമാനെ കഠിനമായി ശകാരിക്കുകയാണ്. കാബിനു പുറത്തുള്ളവരുടെ ശ്രദ്ധയും ഇവരിലാണ്. ഞങ്ങൾ വാതിൽക്കൽ കാത്തുനിന്നു. കന്നഡയിൽ അനർഗളം ഒഴുകുന്ന വാക്കുകൾ കേട്ടു ഞാൻ അന്തിച്ചു. പോസ്റ്റുമാസ്റ്റർ കറുത്തു തടിച്ച വ്യക്തിയാണ്. കൈത്തണ്ടയിൽ സ്വർണച്ചെയിനും, രണ്ടുകയ്യിലേയും വിരലുകളിലായി അഞ്ചോളം മോതിരങ്ങളുമുണ്ട്. വലതുകൈ ജീവനക്കാരന്റെ മുഖത്തിനുനേരെ ഓങ്ങിയാണ് ശകാരം. കൈയോങ്ങൽ കണ്ടാൽ ഇപ്പോൾ അടിവീഴുമെന്നു തോന്നും. കുറച്ചുനേരം ബഹളങ്ങൾ കണ്ടു മടുത്തപ്പോൾ വിൻസന്റ് അക്ഷമനായി ചുമച്ചു. അൽഭുതമെന്നേ പറയേണ്ടൂ. എല്ലാ ബഹളങ്ങളും ഉടനടി നിന്നു. പോസ്റ്റുമാസ്റ്റർ ശകാരം നിർത്തി. ജീവനക്കാരോടു അവരവരുടെ ജോലികളിലേക്കു മടങ്ങാൻ ആജ്ഞാപിച്ചു. പോസ്റ്റുഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി വന്നവർ ക്യൂ പാലിച്ചു. വിൻസന്റ് പോസ്റ്റുമാസ്റ്ററോടു ഇൻസ്റ്റാലേഷൻ കാര്യത്തെപ്പറ്റി സംസാരിക്കാൻ തുടങ്ങി. അപ്പോഴാണ്, അപ്പോൾ മാത്രമാണ്, ശകാരിക്കലിനു വിധേയനായ ജീവനക്കാരനെ ഞാൻ ശ്രദ്ധിക്കുന്നത്. അത്രനേരം പോസ്റ്റുമാസ്റ്റർ ശ്രദ്ധമുഴുവൻ പിടിച്ചുവച്ചിരിക്കുകയായിരുന്നു. തലകുനിച്ചു സങ്കടത്തോടെ നിൽക്കുന്ന ജീവനക്കാരനു പോസ്റ്റുമാസ്റ്ററേക്കാൾ ശരീരവലുപ്പം കുറവാണ്. പൊക്കം കുറഞ്ഞ, ഇരുനിറമുള്ള വ്യക്തി. ഏറെ ആകർഷകമായി തോന്നിയത് പൂർണമായും നരച്ച താടിയും മുടിയുമാണ്. വലതുകൈത്തണ്ടയിൽ ഒരുപിടി ചരടുകളുണ്ട്. ഞാൻ ശ്രദ്ധിക്കുന്നത് ജീവനക്കാരൻ അറിഞ്ഞു. അദ്ദേഹത്തിന്റെ വിഷമം കൂടി. പുറം തിരിഞ്ഞുനിന്ന് കണ്ണുകൾ ഒപ്പി. അദ്ദേഹത്തിന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ എനിക്കും സങ്കടമായി.

ഞാൻ ജോലി തുടങ്ങി. കമ്പ്യൂട്ടറുകളിൽ ആവശ്യമായ സോഫ്‌റ്റ്‌വെയറുകൾ ഇൻസ്‌റ്റാൾ ചെയ്തു. ‘സ്വിച്ചു’കൾ വേണ്ടവിധത്തിൽ ക്രമീകരിച്ചു. വിൻസന്റ് കൂടെയുള്ളതിനാൽ ജോലിഭാരം കുറവായിരുന്നു. ജോലി ചെയ്യാനുള്ള കമ്പ്യൂട്ടറുകൾ അദ്ദേഹം യഥാസമയം ലഭ്യമാക്കി തന്നു. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന പോസ്റ്റ്ഓഫീസ് ജീവനക്കാരൻ എന്റെ ജോലി തീരുന്നതുവരെ കാത്തിരിക്കാൻ നിർബന്ധിതരായി. അവസാനത്തെ പിസിയിൽ ‘കമ്പ്യൂട്ടൻ അസോസിയേറ്റ്‌സി’ന്റെ പ്രോക്‌സി സെർവർ ഇൻസ്റ്റാലേഷൻ തുടങ്ങി. പൂർത്തിയാകാൻ കുറഞ്ഞത് അഞ്ചുമിനിറ്റ് എടുക്കും. ഞാൻ കസേരയിൽ പിന്നോട്ടു ചാഞ്ഞു. പിന്നിൽ ഒരാൾ നിൽക്കുന്നുണ്ടെന്നു തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ ഒരു യുവതി. കാണാൻ കുഴപ്പമില്ലെങ്കിലും സുന്ദരിയാണെന്നു പറയാൻ വയ്യ.

യുവതി അടുപ്പം ഭാവിച്ച് പറഞ്ഞു. “ഇയാൾ വലിയ എഴുത്തുകാരൻ മാത്രമല്ല. കമ്പ്യൂട്ടൻ എൻ‌ജിനീയറും കൂടിയാണല്ലേ?”

യുവതി മലയാളത്തിലാണ് പറഞ്ഞത്. എന്നിട്ടും പറഞ്ഞതു തന്നെയാണോ കേട്ടതെന്നു ഞാൻ സംശയിച്ചു. എന്താണ് പറഞ്ഞതെന്നു ഞാൻ തിരിച്ചു ചോദിച്ചു. അവർ മുമ്പ് പറഞ്ഞതു ആവർത്തിച്ചു. അതായത് ഞാൻ ഒരു എഴുത്തുകാരനാണെന്ന്. ഇന്നുവരെ നാലുവരി, ഏതെങ്കിലും വിഷയത്തെപ്പറ്റി എഴുതിയിട്ടില്ലാത്ത ഞാൻ എഴുത്തുകാരനാണെന്ന്! ഞാൻ യുവതിയുടെ മുഖത്തു സൂക്ഷിച്ചുനോക്കി. മതിഭ്രമത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ ദൃശ്യമാണോ? ഉണ്ടെന്നു തോന്നി. അല്ലാതെ തികച്ചും അപരിചിതനായ, ഞാൻ ആ യുവതിയെ അതിനുമുമ്പു കണ്ടിട്ടില്ലായിരുന്നു, ഒരുവനെ എഴുത്തുകാരൻ എന്നു വിശേഷിപ്പിക്കുമോ. യുവതിയുടെ മുഖഭാവം എന്നെ ദീർഘകാലമായി പരിചയമുണ്ടെന്ന മട്ടിലാണ്. അവരുടെ മുഖത്തെ നിശ്ചയദാർഢ്യം കണ്ട്, ഞാൻ ഓർമ്മകളിൽ വീണ്ടും പരതി. എന്നെങ്കിലും, എവിടെയെങ്കിലും വച്ചു ഈ യുവതിയെ കണ്ടിട്ടുണ്ടോ? ഒന്നും ഓർത്തെടുക്കാനായില്ല. ഞാൻ യുവതിക്കു പ്രാധാന്യം കൊടുക്കാതെ, വിൻസെന്റിനെ ടെൿനിക്കൽ കാര്യം ചർച്ച ചെയ്യാനാണെന്ന നാട്യത്തിൽ വിളിച്ചു. യുവതി വീണ്ടും സംസാരിക്കാൻ ആഞ്ഞപ്പോൾ ജോലി കഴിഞ്ഞശേഷം സംസാരിക്കാമെന്നു നയത്തിൽ പറഞ്ഞു. അവർക്കതു വിശ്വസനീയമായി തോന്നിയിരിക്കണം. എന്റെ കാര്യം വിട്ടു.

ഞാൻ പോസ്റ്റ്ഓഫീസിൽ മൊത്തം കണ്ണുപായിച്ചു. ശകാരം കേട്ട ജീവനക്കാരനെ പരതി. അദ്ദേഹം ഇപ്പോൾ നീലക്കുപ്പായം ധരിച്ചിട്ടുണ്ട്. പോസ്റ്റുകാർഡുകളിലും കവറുകളിലും സീലടിക്കുന്ന ജോലിയിൽ വ്യാപൃതനാണ്. പോസ്റ്റുകവറുകൾ ഇടതുകൈയാൽ തുരുതുരാ തള്ളിനീക്കി മിന്നൽവേഗത്തിലാണ് സീലടിക്കൽ. ഒരു സെക്കന്റിൽ രണ്ടോമൂന്നോ സീലുകൾ വരെ വീഴുന്നുണ്ടെന്നു എനിക്കു തോന്നി. അത്രയും വേഗത. കവറുകളിൽ സീൽ വീഴുന്ന മുറക്കു പോസ്റ്റുമാന്റെ മുഖം താളാത്മകമായ വിറക്കുന്നു. വേറേയും ജീവനക്കാർ സമാന ജോലി ചെയ്യുന്നുണ്ട്. ‘ടക്ക് ടക്ക്’ ശബ്ദത്താൽ മുഖരിതമാണ് അവിടം. ഞാൻ ജീവനക്കാരന്റെ മുഖത്തു ഉറ്റുനോക്കി. അപാരമായ ശാന്തതയും കാരുണ്യവും അവിടെ സ്ഫുരിക്കുന്നു.

ജീവനക്കാരൻ സീൽ അടിക്കുന്നതു നോക്കിയിരിക്കുമ്പോൾ, പുറത്തുനിന്നു വന്ന ഒരാൾ പോസ്റ്റുമാനെ ചൂണ്ടിക്കാട്ടി ചീഫ് പോസ്റ്റുമാസ്റ്ററോടു എന്തോ പറഞ്ഞു. പരാതിയാണെന്നു വ്യക്തം. പോസ്റ്റുമാസ്റ്റർ ജീവനക്കാരനെ അടുത്തേക്കു വിളിച്ചു. പ്രതീക്ഷ തെറ്റിയില്ല. ശകാരം തുടങ്ങി. ജീവനക്കാരന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. പോസ്റ്റ്‌മാസ്റ്റർ ശകാരിക്കാനുള്ള കാരണം എനിക്കറിയില്ല. എങ്കിലും പ്രശ്നത്തിൽ ഇടപെട്ട് അന്വേഷിക്കാൻ തീരുമാനിച്ചു. ജോലി പൂർത്തിയാക്കി പോകുന്നതുവരെ സ്വസ്ഥത വേണം. ഞാൻ പോസ്റ്റുമാസ്റ്ററുടെ ക്യാബിനിലേക്കു ചെന്നു. എന്നെ കണ്ടതും അദ്ദേഹം ശകാരം നിർത്തി. ഭവ്യതയോടെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു. പോസ്റ്റുമാനോടു പോയ്ക്കോളാൻ പറഞ്ഞു. തിരിച്ചുനടക്കുന്ന പോസ്റ്റുമാൻ നന്ദിയോടെ തിരിഞ്ഞുനോക്കുന്നത് ഞാൻ മനക്കണ്ണാൽ സങ്കല്പിച്ചു.

പത്തുമിനിറ്റിനുള്ളിൽ ഞാനും വിൻസെന്റും ജോലി പൂർത്തിയാക്കി ബൊമ്മാനഹള്ളിയോടു വിടപറഞ്ഞു. അതിനുശേഷം ഇന്നുവരെ ബൊമ്മാനഹള്ളിയിൽ പോയിട്ടില്ല.

                                  പോസ്റ്റുമാന്റെ കഥ
ഗേറ്റിലെ ലോഹത്തകിടിൽ എഴുതിയിരിക്കുന്നു. ‘Beware of Dogs’. ആ മുന്നറിയിപ്പ് തരിമ്പും അലസോരപ്പെടുത്തിയില്ല. ഗേറ്റുതുറന്നു അകത്തു കയറി. പശുക്കുട്ടിയുടെ വലുപ്പമുള്ള നായ കാർപോർച്ചിൽ കിടപ്പുണ്ട്. ആരാണ് വന്നതെന്നു നോക്കി, നായ വീണ്ടും മുൻ‌കാലുകളിൽ തലപൂഴ്ത്തി. തോൾബാഗിൽനിന്നു രജിസ്ട്രേഡ് പോസ്റ്റ് എടുത്തു വീട്ടുടമസ്ഥനു കൊടുത്തു. ഒപ്പുവാങ്ങി തിരിച്ചു നടന്നു. ഗേറ്റിനടുത്തു സൈക്കിളുണ്ട്. ഏതു ബ്രാൻഡാണെന്നു തിരിച്ചറിയാനാകാത്ത സൈക്കിൾ. കറുപ്പ് പെയിന്റ് മാത്രമാണ് അടിച്ചിട്ടുള്ളത്. മറ്റൊരു പ്രത്യേകത സൈക്കിളിന്റെ വലിപ്പക്കുറവാണ്. മുതിർന്നവരോ, കുട്ടികളോ ചവിട്ടുന്ന തരത്തിലുള്ളതായിരുന്നില്ല അത്. രണ്ടിന്റേയും മധ്യത്തിൽ നിൽക്കുന്ന വലുപ്പം. സൈക്കിളിൽ കയറി അടുത്തവീട്ടിലേക്കു ചവിട്ടി. മനസ്സുനിറയെ ഓഫീസിൽ വന്ന യുവാവായിരുന്നു. ചീഫ് പോസ്റ്റുമാസ്റ്റർ ചീത്തപറയുമ്പോൾ എന്തിനാണ് അദ്ദേഹം അടുത്തുവന്നത്? ആ വരവിൽ പോസ്റ്റുമാസ്റ്റർ ഭയന്നു എന്നതല്ലേ സത്യം? അദ്ദേഹം ഇത്ര വിനയത്തോടെ ആരോടെങ്കിലും സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. മേലധികാരിയല്ലാതിരുന്നിട്ടും യുവാവിനു മുന്നിൽ പോസ്റ്റുമാസ്റ്റർ പരുങ്ങി. അതാണ് ഏറെ വിചിത്രം. ഓഫീസിലെ എത്രപേരെ നിസ്സാരകാര്യത്തിനു ദിവസേന ശാസിക്കുന്നു. ആരും ഒരക്ഷരം എതിർത്തു പറയാറില്ല. എന്നിട്ടും അതേ വ്യക്തി യുവാവിന്റെ മുന്നിൽ കുഞ്ഞാടായി. എന്താണ് കാരണം? ഒരുപക്ഷേ യുവാവിന്റെ ഇംഗ്ലീഷ് ഭാഷണം പോസ്റ്റുമാസ്റ്ററെ സ്വാധീനിച്ചിരിക്കാം. ഇം‌ഗ്ലീഷ് തടസമില്ലാതെ പറയുന്നവരോടു അദ്ദേഹത്തിനു പ്രത്യേക മമതയുള്ളതായി മുമ്പും തോന്നിയിട്ടുണ്ട്.

സൈക്കിൾ ഒരു ഗട്ടറിൽ ചാടി. അപ്പോൾ ശാപവചങ്ങളോടെ ഓർത്തു. ഛേ, എഴുത്തുകാരന്റെ വീട്ടിൽ പോകാൻ മറന്നു. കുറച്ചുദൂരം വന്നവഴിയെ ചവിട്ടി. പിന്നെ ചെറിയൊരു ഇടവഴിയിലേക്കു തിരിഞ്ഞു. വഴിയുടെ ഇരുവശത്തും സിമന്റ് തേയ്‌ക്കാത്ത മതിലാണ്. രണ്ടാൾ പൊക്കമുണ്ട്. ഇടവഴിയിലൂടെ യാത്ര ചെയ്താൽ എത്തുന്നിടത്തു ഒരു വീടേയുള്ളൂ. അവിടെയാണ് എഴുത്തുകാരൻ താമസിക്കുന്നത്. കുറച്ചുനാളായി കാർഡുകൾ ഒന്നും വരാറില്ല. കാർഡുകൾ എന്നുപറയാൻ പ്രത്യേക കാരണമുണ്ട്. എഴുത്തുകാരനു പോസ്റ്റുകാർഡുകളല്ലാതെ കവറോ, ഇൻലൻഡോ, മണിഓർഡറോ ഒന്നും ഇതുവരെ വന്നിട്ടില്ല. ഒറ്റ എഴുത്തുപോലുമില്ല എന്നത് അതിശയകരമാണ്. രണ്ടുമാസം മുമ്പുവരെ മിക്കദിവസവും ഒരു കാർഡെങ്കിലും വരുമായിരുന്നു. അതു ക്രമമായി കുറഞ്ഞു. ഒരുമാസമായി ഒന്നുമില്ല. അതിനാലാണ് ഒറ്റപ്പെട്ടു നിൽക്കുന്ന ഇവിടേക്കു സൈക്കിൾ തിരിക്കാതിരുന്നത്.

ഒരിക്കൽ മനസ്സിലെ ജിജ്ഞാസ അടക്കാനായില്ല. തനിക്കു മുന്നിൽ, പോസ്റ്റുകാർഡിൽ, ഒരു രഹസ്യമാണുള്ളത്. ഒരുവ്യക്തി മറ്റൊരു വ്യക്തിക്കു കൈമാറുന്ന സന്ദേശം. പരിചിതമല്ലാത്ത ഭാഷയായതുകൊണ്ടാണ് ഇത്രനാൾ വായിക്കാതിരുന്നത്. എന്തുമാത്രം രഹസ്യങ്ങളാണ് താൻ കൊണ്ടുനടക്കുന്നത്. അപ്പോൾ അവയെപ്പറ്റി അറിയാനും അവകാശമില്ലേ? അങ്ങിനെയൊരു ദിവസം ഓഫീസിലെ മലയാളിയായ പുഷ്പയെകൊണ്ടു ഒരു കാർഡു വായിപ്പിച്ചു.

‘നന്നായി എഴുതി എന്നു തോന്നുന്നത് മാത്രം അയക്കുക.

എഡിറ്റർ
(ഒപ്പ്) ‘

ഇത്രയുമാണ് കാർഡിൽ ഉണ്ടായിരുന്നതത്രെ. ആർക്കാണൊ കാർഡ് വന്നിരിക്കുന്നത് അയാളൊരു എഴുത്തുകാരനാകാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ രചന പ്രസിദ്ധീകരണത്തിനു യോഗ്യമല്ലാത്തതുമൂലം എഡിറ്റർ തിരിച്ചയച്ചു എന്നുമാണ് പുഷ്പ പറഞ്ഞതിന്റെ സാരാംശം. പുഷ്പയെകൊണ്ട് കാർഡ് വായിപ്പിച്ച കാര്യം അറിഞ്ഞപ്പോഴാണ് ചീഫ് പോസ്റ്റുമാസ്റ്റർ ആദ്യമായി ശകാരിക്കുന്നത്. പിന്നെയും ശകാരങ്ങൾ ഇടക്കൊക്കെ ഉണ്ടായി. അന്നൊക്കെ കാർഡുകൾ മാത്രമല്ല, ചിലരുടെ കവറുകളും പൊട്ടിച്ചു വായിച്ചിരുന്നു. ഇനിയും ആവർത്തിച്ചാൽ മേലധികാരിക്കു റിപ്പോർട്ട് ചെയ്യുമെന്നു ഭീഷണി കിട്ടി. അതിൽപിന്നെ പൊട്ടിച്ചു വായിക്കുന്നത് എഴുത്തു വിതരണത്തിനിടയിലേക്കു മാറ്റി. ഹോസൂർ ലേഔട്ടിൽ തണലുള്ള ധാരാളം മരങ്ങൾ ഉണ്ട്. അവയ്ക്കു കീഴിലിരുന്നു കവറുകൾ ഒന്നോടിച്ചു നോക്കി വായിക്കാൻ ഒരെണ്ണം തിരഞ്ഞെടുക്കും. ഒരുദിവസം ഒരെണ്ണം മാത്രമേ വായിക്കൂ. ശരിക്കും ഒട്ടിയിട്ടില്ലാത്ത, പ്രത്യേകിച്ചും ചോറുവറ്റുകൊണ്ട് ഒട്ടിച്ചവ, കവറാണ് തിരഞ്ഞെടുക്കുക. സൂക്ഷ്മതയോടെ തുറന്നു, വായിച്ചശേഷം വീണ്ടും കവറിലാക്കി നല്ല പശവച്ചു ഒട്ടിക്കും. ഉടമസ്ഥനു കവർ കൈമാറുമ്പോൾ വികലമായൊരു ചിരി പാസാക്കാൻ മറക്കാറില്ല. ഇനിയും കവർ പൊട്ടിച്ചുവായിക്കുന്നതു കണ്ടുപിടിച്ചാൽ സസ്‌പെൻഷനായിരിക്കും ലഭിക്കുക. എന്നിട്ടും ഈ ശീലം നിർത്താനാകുന്നില്ല.

സത്യത്തിൽ ഇക്കാര്യത്തിൽ താൻ നിരപരാധിയല്ലേ? എല്ലാത്തിനും കാരണക്കാരൻ എഴുത്തുകാരനല്ലേ? തന്റെ അസുഖം മൂർച്ഛിപ്പിച്ച്, തന്നെ കയ്യൊഴിഞ്ഞിരിക്കുകയാണ് എഴുത്തുകാരൻ. അദ്ദേഹത്തിനു വരുന്ന കാർഡുകളിൽ എഴുതിയിരിക്കുന്നത് വായിച്ചശേഷമാണ് കവറുകൾ തുറന്നു വായിക്കുന്ന ശീലം തുടങ്ങിയത്. ബൊമ്മാനഹള്ളിയിൽ താമസിക്കുന്ന ഒരു യുവതി അതിനു ഉൽപ്രേരകമായി. മുപ്പത്തഞ്ചു വയസ്സുള്ള അവർ വളരെ സുന്ദരിയാണ്. ഭർത്താവിന്റെ ജോലി വേറെ എവിടെയോ ആയതിനാൽ എല്ലാ ആഴ്ചയും കത്തുണ്ടാകും. യുവാവായിരുന്ന കാലം മുതലേ ലൈംഗികതയോടു പരസ്യമായ വിമുഖതയുണ്ടായിരുന്നു. എന്നാൽ രഹസ്യമായി അതിനായി ഉറക്കമിളച്ചു. റോഡിലൂടെ നടന്നുപോകുമ്പോൾ എതിരെ ഒരു സ്ത്രീ വന്നാൽ മുഖത്തുനോക്കാതെ തലകുനിച്ചു നടന്നു പോകും. സ്ത്രീ കടന്നുപോയാലോ അവരറിയാതെ പിൻ‌ഭാഗസ‌മൃദ്ധി ആസ്വദിക്കുകയും ചെയ്യും. പ്രായമായതോടെ ഈ സ്വഭാവത്തിനു കടിഞ്ഞാണിടാൻ കഴിഞ്ഞിരുന്നു. പക്ഷേ എഴുത്തുകാരനു വന്ന കാർഡ് പുഷ്പയെക്കൊണ്ടു വായിപ്പിച്ചതു വീണ്ടും ഉൽസുകിയാക്കി. അതിനുശേഷം ഒരു തവണയെങ്കിലും തുറന്നുവായിക്കാത്ത കവറുകൾ കിട്ടിയ വീടില്ല. ശകാരവും, സസ്‌പെൻഷൻ ഭീഷണിയുമുണ്ടെങ്കിലും അതൊരു സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുകയാണ്.

ഒരുകാലത്തു എഴുത്തുകാരനു തുടർച്ചയായി വരുമായിരുന്ന പോസ്റ്റുകാർഡുകൾ ഒരുമാസം മുമ്പ് പൂർണമായും നിലച്ചപ്പോൾ നിരാശ തോന്നിയില്ല. അദ്ദേഹത്തിനു ഒളിച്ചുപിടിക്കാൻ എന്തെങ്കിലും രഹസ്യങ്ങൾ ഇല്ല. പോസ്റ്റുകാർഡിൽ എല്ലാതവണയും എഴുതിയിരിക്കന്നതു പതിവു വാചകങ്ങളായിരിക്കും. മലയാളിയല്ലെങ്കിലും ആ വരികളുടെ കിടപ്പുവശങ്ങൾ വളരെ ഹൃദിസ്ഥമാണ്. ‘നന്നായി എഴുതിയെന്നു തോന്നുന്നത് മാത്രം അയക്കുക’ എന്ന വരികൾ. ആർക്കു വേണമെങ്കിലും തുറന്നു വായിക്കാവുന്ന, രഹസ്യാത്മകത ഒട്ടുമില്ലാത്ത ഇത്തരം കുത്തിക്കുറിപ്പുകൾ വായിക്കുന്നതിൽ യാതൊരു ആവേശവും ഇല്ല. എല്ലാ വീടുകളിലും കാർഡുകളാണ് വരുന്നതെങ്കിൽ പോസ്റ്റുമാൻ പണിതന്നെ ഒരുപക്ഷേ രാജിവച്ചേനെ. എഴുത്തുകാരനുള്ള കാർഡുകളുടെ വരവുനിലച്ചപ്പോൾ ഇനിമുതൽ ഇത്രദൂരം സൈക്കിൾ ചവിട്ടിവരണ്ടല്ലോയെന്നു ആശ്വസിക്കുകയാണ് ചെയ്തത്. പക്ഷേ പുഷ്പക്കു നിരാശ തോന്നിയിരുന്നു. എഴുത്തുകാരനു വരുന്ന എല്ലാ കാർഡുകളും കാണിക്കണമെന്നു പുഷ്പ നിർബന്ധിച്ചിരുന്നു. ഒരേ ഭാഷക്കാരാണല്ലോ. അതുകൊണ്ടായിരിക്കുമെന്നു ആദ്യം കരുതി. പിന്നീടാണ് അവൾക്കു സാഹിത്യത്തിൽ താല്പര്യമുണ്ടെന്നു മനസ്സിലായത്. ഓരോ കാർഡിലേയും സീൽ നോക്കി എഴുത്തുകാരൻ ഏതു വാരികകൾക്കാണ് കൃതികൾ അയച്ചുകൊടുത്തതെന്നു അറിയാമത്രെ.

എഴുത്തുകാരന്റെ വീടെത്തി. ശാന്തമായ ചുറ്റുപാടിലിരുന്നു എഴുതണമെന്നുള്ളവർക്കു പറ്റിയ ഇടമാണ്. റോഡും ബഹളങ്ങളും ഇല്ല. ശല്യപ്പെടുത്താൻ അയൽക്കാരില്ല. നീണ്ട റോഡിലൂടെ രണ്ടുമിനിറ്റ് സൈക്കിൾ ചവിട്ടിയാലേ ഇവിടെ എത്തുകയുള്ളൂ. ഒരുമാസത്തെ ഇടവേളക്കുശേഷം വരികയാണ്. എല്ലാം പഴയ പടിയാണെന്നു കണ്ടു. മുറ്റം നിറയെ കൊഴിഞ്ഞ ഇലകൾ. അതെന്നും അങ്ങിനെയായിരുന്നു. അടിച്ചുവാരാൻ കാറ്റ് മാത്രമേയുള്ളൂ.

ഇടവേളക്കു ശേഷം വരുന്നതായതിനാൽ പതിവുകൾ മറന്നിരുന്നു. വിരലുകൾ അറിയാതെ കാളിംങ്ബെല്ലിൽ അമർന്നു. അകത്തു മണിയടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് പതിവുകളെപ്പറ്റി ബോധവാനായത്. എഴുത്തുകാരൻ കാളിംങ്ബെല്ലിനു സമീപം ചെറിയ ബാസ്കറ്റ് വച്ചിട്ടുണ്ട്. കാർഡുകൾ അതിൽ നിക്ഷേപിച്ചാൽ മതി. കാളിങ്‌ബെൽ അടിക്കാറില്ല. ഇന്നിപ്പോൾ ഒരുമാസത്തെ ഇടവേള പണിപറ്റിച്ചു. ആദ്യം പകച്ചെങ്കിലും പിന്നെ സാരമില്ലെന്നു കരുതി. ഇന്നുവരെ കണ്ടിട്ടില്ലാത്ത മുഖമല്ലേ. ഒരു എഴുത്തുകാരനെയൊക്കെ നേരിൽ കാണുന്നത് നല്ല കാര്യമാണ്. പരിചയം സ്ഥാപിച്ചാൽ ഭാവിയിൽ ഉപകാരപ്പെട്ടേക്കും. ആത്മവിശ്വാസത്തോടെ കാളിംങ്ബെൽ വീണ്ടും അടിച്ചു. ഒരുമിനിറ്റ് കഴിഞ്ഞു. അകത്തു ആരോ നടന്നടുക്കുന്ന പാദപതനം. വളരെ സാവധാനമാണ് നടത്തം. ഒടുക്കം വാതിൽ തുറക്കപ്പെട്ടപ്പോൾ അൽഭുതത്തിനു അതിരുണ്ടായില്ല. പോസ്റ്റുഓഫീസിൽ വന്ന എൻജിനീയർ സാറല്ലേ ഇത്. മുഖം വല്ലാതെ ചുവന്നിട്ടുണ്ടല്ലോ. നന്നായി മദ്യപിച്ചിരിക്കണം.

ആശ്ചര്യത്തോടെ ചോദിച്ചു. “സാർ. താവൂ അൽവേ പോസ്റ്റൂഓഫീസിഗെ ബന്ത കമ്പ്യൂട്ടർ എൻജിനീയർ?”1

അദ്ദേഹം ചിരിച്ചു. ചിരിയെന്നു പറഞ്ഞാൽ തലയറഞ്ഞു ചിരിക്കൽ. ചുവന്നിരുന്ന കണ്ണും കവിളും വീണ്ടും ചുവന്നു. അതിനിടയിൽ അനുകൂലമായി തലയാട്ടി. എന്തായാലും കാര്യം സമ്മതിച്ചല്ലോ. പോസ്റ്റുമാസ്റ്ററിൽനിന്നു രക്ഷിച്ചതിനു നന്ദി പറയണം.

“സാർ. നന്നന്നു കാപാടിതാക്കാഗി തുമ്പ വന്ദനെഗളു. ഇല്ലാതിദ്രെ പോസ്റ്റുമാസ്റ്റർ മേലക്ക് റിപ്പോർട്ട് കൊടുവാന്തിദ്രു”2

എഴുത്തുകാരൻ നന്ദി പറയേണ്ട ആവശ്യമില്ലെന്നു സൂചിപ്പിച്ചു. നല്ല സ്വഭാവക്കാരനാണ്. അല്ലെങ്കിൽ ഇങ്ങിനെ പറയില്ലല്ലോ. ഇനിയിപ്പോൾ ഇദ്ദേഹം തന്നെയാണോ എഴുത്തുകാരനും.

സംശയം ചോദിച്ചു. “സാർ, നീവാ ഇല്ലി വാസവാഗിത ലേഖകരു? അതവാ ഹൊസദാകി ബന്തവരോ?”3

“സോറി. നാവു ഇല്ലി ഹൊസദാകി ബന്തിരുവേനു. ലേഖകാരന്നു തിലിയദു”4

പിന്നേയും ചോദിക്കാൻ ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുഖം സംഭാഷണം തുടരാൻ താല്പര്യമില്ലെന്നു വ്യക്തമായി വെളിപ്പെടുത്തി. തിടുക്കപ്പെട്ടു വാതിലടച്ചു. സാർ ദേഷ്യപ്പെട്ടോയെന്ന സന്ദേഹത്തോടെ തിരിച്ചുപോന്നു. പിറ്റേന്നു സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങി. എൻജിനീയർ സാറിനെ വീണ്ടും കാണാൻ കഴിഞ്ഞില്ല.

                                  എഴുത്തുകാരന്റെ കഥ
ആരോ ഗേറ്റുതുറക്കുന്ന ശബ്ദംകേട്ടാണ് മയക്കം വിട്ടുണർന്നത്. കാതോർത്തു കിടന്നു. സഫാരി ചെരുപ്പിന്റെ ക്രമമായ കാലൊച്ചകൾ. വാതിൽ തുറക്കാൻ എഴുന്നേറ്റു ചെന്നില്ല. വന്നിരിക്കുന്നത് പോസ്റ്റുമാനാണ്. ആ കാലൊച്ചകൾ അത്രയേറെ പരിചിതമായിരിക്കുന്നു. കാർഡുകൾ കാളിംങ്ബെല്ലിനു താഴെ, ബാസ്കറ്റിൽ നിക്ഷേപിച്ച് പോസ്റ്റുമാൻ സ്ഥലംവിടും. പോകുമ്പോൾ ഗേറ്റ് ശബ്ദത്തോടെ വലിച്ചടക്കുകയും ചെയ്യാറുണ്ട്. ദേഷ്യം വരുമെങ്കിലും അങ്ങിനെ അടയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം തീർച്ചയായും നീതീകരിക്കാവുന്നതായിരുന്നു. ഇവിടെ താമസം തുടങ്ങിയിട്ടു ഒരു വർഷത്തിലേറെയായി. മിക്കദിവസവും ഒരു പോസ്റ്റുകാർഡെങ്കിലും ഉണ്ടാകും. എന്നിട്ടും പോസ്റ്റുമാനെ ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ല. ഗേറ്റ് ഒച്ചയുണ്ടാക്കി വലിച്ചടക്കുന്നത് നേരിൽ കാണാനുള്ള ആഗ്രഹം മൂലമാകാം. ശകാരിക്കാനെങ്കിലും ഇറങ്ങി വന്നെങ്കിലോ എന്ന ചിന്ത.

പോസ്റ്റുമാനു മുഖംകാണിച്ചാൽ എന്താണ് കുഴപ്പമെന്നു പലതവണ ആലോചിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ‘ഒരു കുഴപ്പവുമില്ല, മുഖം കാണിച്ചോളൂ’ എന്നു മനസ്സ് സമ്മതിക്കും. എന്നിട്ടും ഒന്നും പ്രവൃത്തിയിലേക്കു എത്തില്ല. പോസ്റ്റുമാന്റെ ആഗ്രഹം ന്യായമാണ്. ആദ്യകാലത്തു പോസ്റ്റുമാനെ കാണാൻ തനിക്കും ആഗ്രഹമുണ്ടായിരുന്നതല്ലേ? അതു സാധിച്ചത് അദ്ദേഹം ഗേറ്റുകടന്നുവരുന്നതും, ബാസ്കറ്റിൽ പോസ്റ്റുകാർഡ് നിക്ഷേപിക്കുന്നതും, ഗേറ്റുതുറന്നു പുറത്തുപോകുന്നതും അദ്ദേഹമറിയാതെ ജനൽവിടവിലൂടെ ഒളിഞ്ഞുനോക്കിയാണ്. പോസ്റ്റുമാനു മനസ്സിൽ കരുതിയ രൂപമല്ലായിരുന്നു. ഇരുണ്ടുതടിച്ച ആരോഗ്യദൃഢഗാത്രനെയാണ് പ്രതീക്ഷിച്ചത്. കണ്ടത് നേരെ വിപരീതം. താടിയും മുടിയും പൂർണമായി നരച്ച മദ്ധ്യവയസ്കൻ. ആ പ്രായത്തിലുള്ളവരിൽ സർവസാധാരണമായ കഷണ്ടി ഒട്ടുമില്ല. അച്‌ഛന്റേയും മുഖം ഇങ്ങിനെയാണല്ലോ എന്നോർത്തു. വൈകാരികമായ അടുപ്പം തോന്നി. അതിനുശേഷം പോസ്റ്റുമാനെ ഒളിഞ്ഞു നോക്കിയില്ല. ഇന്നലെയാണെങ്കിൽ ആഗ്രഹിക്കാതെ, അവിചാരിതമായി നേർക്കുനേർ കാണുകയും ചെയ്തു.

പൂമുഖത്തു നടക്കുന്ന രംഗങ്ങൾ മനക്കണ്ണിൽ സങ്കല്പിച്ച്, കാതോർത്തു കിടന്നു. പോസ്റ്റുമാൻ ബാസ്‌കറ്റ് തുറക്കുന്നതും, അടക്കുന്നതും കേട്ടു. പിന്നെ അകന്നകന്നു പോകുന്ന കാലൊച്ചകൾ. ഇന്നലത്തെപ്പോലെ കാളിംങ് ബെൽ അടിച്ചില്ല. അതു നന്നായി. പുൽപായയിൽനിന്നു എഴുന്നേറ്റു. അഴിഞ്ഞുപോയ ലുങ്കി വാരിച്ചുറ്റിയില്ല. ചുറ്റിലും ഒറ്റവീടില്ല. ഒരു ജീവിയുമില്ല. പിന്നെ ആരു കാണാൻ? പൂമുഖത്തെത്തി ബാസ്കറ്റിലെ പോസ്റ്റുകാർഡെടുത്തു വായിച്ചു. എഴുതിയിരിക്കുന്നത് പതിവ് വരികൾ തന്നെയാണെന്നു കണ്ട് ദുഃഖിച്ചു.

“നന്നായി എഴുതി എന്നു തോന്നുന്നത് മാത്രം അയക്കുക.

എഡിറ്റർ
(ഒപ്പ്) “

വാതിലടച്ച് തിരിച്ചു നടന്നു. പുസ്തകങ്ങളും വെള്ളപേപ്പറുകളും ചിതറിക്കിടക്കുന്ന വലിയ മേശക്കരുകിലെത്തി വലിപ്പ് തുറന്നു. ഇടതുമൂലയിൽ ഒരുകെട്ട് പോസ്റ്റുകാർഡുകൾ. എല്ലാം ഒരേ പോലുള്ളവ. വലുപ്പത്തിൽ മാത്രമല്ല സാമ്യം. ഉള്ളടക്കവും ഒരുപോലെയാണ്. ‘നന്നായി എഴുതി എന്നു തോന്നുന്നത് മാത്രം അയക്കുക’ എന്ന വരി. അതിനു താഴെ വിവിധ വീക്കിലി എഡിറ്റർമാരുടെ പേരുകൾ. കൂടാതെ സ്ഥാപനത്തിന്റെ സീലും. എല്ലാ പോസ്റ്റുകാർഡുകളും നൂലുപയോഗിച്ചു കൂട്ടിക്കെട്ടിയിരുന്നു. നൂൽ അഴിച്ച്, പുതിയ അംഗത്തെ മറ്റുകാർഡുകളുടെ ഏറ്റവും മുകളിൽ വച്ചു. നൂൽ വീണ്ടും മുറുക്കിക്കെട്ടി മേശവലിപ്പിൽ വച്ചു. പായയിൽ വന്നുകിടന്നു.

തലക്കു നല്ല ഭാരം. മദ്യപാനം അതിരു കടക്കുന്നുണ്ട്. കൃതികൾ തിരസ്‌കരിക്കപ്പെട്ടു എന്നറിയിക്കുന്ന ഓരോ പോസ്റ്റുകാർഡ് വരുമ്പോഴും നന്നായി മദ്യപിക്കും. സ്വന്തം കുട്ടി മരിച്ചുപോയിരിക്കുകയാണ്. ദുഃഖിക്കാതെ എന്തുചെയ്യും. എഡിറ്റർമാരുടെ നിരാസത്തിനു പുറമെ പുതിയൊരു കാര്യവും അലട്ടാൻ തുടങ്ങിയിരിക്കുന്നു. തീരെ ആഗ്രഹിക്കാതിരുന്ന ഒന്ന്. ഏറെ വെറുത്തിരുന്ന ഒന്ന്. നഗരത്തിലെ തിരക്കുകളിൽനിന്നു മനഃപ്പൂർവ്വം സ്വയം ഒറ്റപ്പെടുത്തി കഴിഞ്ഞിരുന്ന, കേരളത്തിലെ വിവിധ വാരികകളുടെ എഡിറ്റർമാക്കു മാത്രം അറിയാവുന്ന സ്വന്തം മേൽവിലാസം ഒരു യുവതിക്കു ലഭിച്ചിരിക്കുന്നു. അവർ നേരിൽ സന്ദർശിക്കാൻ വരികയും ചെയ്തു. ഇനിയും വരുമെന്നു പറഞ്ഞു. യുവതി മലയാളിയാണെന്നു അറിഞ്ഞപ്പോൾ കൂടുതൽ ഞെട്ടി. തന്റെ സ്വകാര്യതക്കു അവസാനമായോ?

യുവതി വന്നത് ഒരാഴ്ച മുമ്പാണ്. ഉച്ച കഴിഞ്ഞ സമയം. നാലുമണിയായിരിക്കണം. പതിവ് മദ്യപാനത്തിനു ഒരുങ്ങുമ്പോൾ കോളിംങ്ബെൽ ശബ്ദിച്ചു. ഒരു വർഷത്തെ വാസത്തിനിടയിൽ ഒരിക്കൽപോലും സന്ദർശകൻ വന്നിട്ടില്ലാത്ത വീടാണ്. വീട്ടുവാടക ഒരു സുഹൃത്തിനെ ഏൽപ്പിക്കുകയാണ് പതിവ്. അദ്ദേഹം ഉടമസ്ഥനു കൈമാറും. പത്രം, പാൽ തുടങ്ങി ആരുടെയെങ്കിലും സന്ദർശനം വേണ്ടിവരുന്ന എല്ലാ ആവശ്യങ്ങളും വർജ്ജിച്ചു. പുറംലോകവുമായി ബന്ധം ഇന്റർനെറ്റ് വഴി മാത്രം. പുറംലോകത്തുനിന്നുള്ള ഏക അതിഥി പോസ്റ്റുമാനും. അദ്ദേഹമാണെങ്കിൽ ബാസ്‌കറ്റിൽ കാർഡ് നിക്ഷേപിച്ചു സ്ഥലംവിടുകയാണ് പതിവ്. ഈവിധ കാരണങ്ങളാൽ കോളിംങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ ആദ്യമോർത്തത്, ബെൽ നല്ലതാണല്ലോ എന്നാണ്. പോസ്റ്റുമാനല്ലെന്നു ഉറപ്പായിരുന്നതിനാൽ വാതിൽ തുറന്നു. മുന്നിൽ കാണാൻ തരക്കേടില്ലാത്ത ഒരു യുവതി. സ്ത്രീകളുമായി ഇടപഴകാൻ എന്നും മടിയായിരുന്നു. മനസ്സിൽ നീരസമുണ്ടായി.

സ്വരം കടുപ്പിച്ചു ചോദിച്ചു. “എന്തു വേണം?”

യുവതി ചോദ്യം കേട്ടതായി ഭാവിച്ചില്ല. അവർ അമ്പരന്നു, എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്.

“സാർ, സാറല്ലേ പോസ്റ്റോഫീസിൽ നെറ്റ്‌വർക്ക് ഇൻസ്റ്റാലേഷൻ സൗകര്യങ്ങൾ പരിശോധിക്കാൻ വന്ന എൻജിനീയർ?”

ഇന്നുവരെ പോസ്റ്റോഫീസിൽ പോയിട്ടില്ലെന്നും അയക്കാൻ എന്തെങ്കിലും എഴുത്തുകളോ കവറുകളോ ഉണ്ടെങ്കിൽ നഗരത്തിലുള്ള സുഹൃത്തിനെ ഏൽപ്പിക്കുകയാണ് പതിവെന്നും ആണയിട്ടു പറഞ്ഞു. യുവതി വിശ്വസിച്ചില്ല. അവർ സ്വന്തം വാദത്തിൽ ഉറച്ചുനിന്നു. പോസ്റ്റുഓഫീസിൽ വന്നെന്നു പറയുന്ന എൻജിനീയറുടെ ശാരീരികവിവരണം നടത്തി. തടിയില്ലാത്ത ശരീരം, സാമാന്യം പൊക്കം, എടുപ്പിലും നടപ്പിലും അത്‌ലറ്റിക് ഭാവം മുതൽ കഴുത്തിൽ അണിഞ്ഞിരുന്ന രുദ്രാക്ഷമാലയെപ്പറ്റി വരെ വിശദീകരിച്ചു. കഷ്ടകാലത്തിനു ഇതെല്ലാം തനിക്കും യോജിക്കും. വേറൊന്നും ആലോചിക്കാനില്ലാത്തതിനാൽ എല്ലാം നിഷേധിച്ചു, യുവതിയോടു മാനസികമായി യോജിച്ചുകൊണ്ടു തന്നെ.

യുവതി ഉപസംഹരിച്ചു. “അപ്പോൾ സാർ സാറല്ലേ ആ എൻജിനീയർ?”

സംഭാഷണം അവസാനിപ്പിക്കാൻ വ്യഗ്രതപ്പെട്ടു. “അല്ല കുട്ടി, അല്ല. ഞാൻ ആരുമല്ല”

“അപ്പോൾ എഴുത്തുകാരനോ?”

ഛെ. ഇതൊരു ശല്യമായല്ലോ? തന്റെ ഐഡന്റിറ്റിയും അവർ മനസ്സിലാക്കിയിരിക്കുന്നു. “എഴുത്തുകാരൻ താമസം മാറ്റി കുട്ടീ. ഞാനല്ല അദ്ദേഹം”

യുവതിയുടെ മറുപടിക്കു കാത്തുനിൽക്കാതെ വാതിൽ വലിച്ചടച്ചു. വാതിൽ പൂർണമായി അടയുന്നതുമുമ്പു പിന്നെ വരാമെന്നവർ പറഞ്ഞു. അതോടെ ഉറപ്പിച്ചു. ഇത്രനാൾ നിധിപോലെ കാത്തുസൂക്ഷിച്ച സ്വകാര്യത നഷ്ടമായിരിക്കുന്നു. എല്ലാവരോടും രോഷം തോന്നി. പോസ്റ്റുമാനോട്, മറുപടികാർഡ് അയച്ച വാരിക എഡിറ്റർമാരോട്, അങ്ങിനെയങ്ങിനെ.

ഇനി പോസ്റ്റുമാനെ കൂടിക്കണ്ട സംഭവം. ഒരുവർഷമായി പിടികൊടുക്കാതെ നടന്ന പോസ്റ്റുമാനെ നേരിൽ കണ്ടത് ഇന്നലെ ഇതേ സമയത്താണ്. തികച്ചും അവിചാരിതം. യുവതിയുടെ സന്ദർശനശേഷം ഭീതിയിലായിരുന്നു. വീണ്ടും വരുമെന്നാണല്ലോ പോകുമ്പോൾ അറിയിച്ചത്. അങ്ങിനെയെങ്കിൽ വേറെ വീടുനോക്കാൻ താമസിക്കേണ്ടതില്ല. സ്വകാര്യത അത്രത്തോളം പ്രധാനമാകുന്നു. ഉച്ചയൂണിനു ശേഷം പതിവു മദ്യപാനം. അതിനിടയിൽ കാളിംഗ്ബെൽ ശബ്ദിച്ചു. വാച്ചിൽ നോക്കി. അന്നു യുവതി വന്ന അതേ സമയം. കാളിംങ് ബെൽ വീണ്ടും ശബ്ദിച്ചു. അതെ യുവതി തന്നെ. വീണ്ടും വരുമെന്ന വാക്ക് അവർ പാലിച്ചിരിക്കുന്നു. മദ്യപിച്ചിരുന്നതിനാൽ സംയമനം കഠിനമായ ദേഷ്യത്തിനു വഴിമാറി. ഇങ്ങിനെ പെരുമാറാൻ അവർക്കു അധികാരമില്ലല്ലോ? തനിക്കു കൂടുതലൊന്നും അവരോടു പറയാനില്ലല്ലോ? പരുഷമായ വാക്കുകൾ പ്രയോഗിക്കണമെന്നു ഉറപ്പിച്ച് വാതിൽ തുറന്നു. പുറത്തുകണ്ടത് ഒരിക്കലും മുഖം കാണിച്ചിട്ടില്ലാത്ത പോസ്റ്റുമാനെ. ഒരിക്കലും മുഖം കാണിക്കരുതെന്നു ആഗ്രഹിച്ച പോസ്റ്റുമാനെ. ഇനിയെന്തു ചെയ്യും. വാതിൽ വലിച്ചടച്ചു മുറിയിൽ കയറിയാലോ? അങ്ങിനെ ചെയ്താൽ അതിൽ അർത്ഥശൂന്യതയുണ്ട്. ഇനി മുഖം ഒളിപ്പിച്ചിട്ടു കാര്യമില്ല. കാണേണ്ടത് കണ്ടുകഴിഞ്ഞു. പോസ്റ്റുമാനു മുന്നിൽ തൊണ്ടിസഹിതം പിടിക്കപ്പെട്ട കള്ളനെപ്പോലെ നിന്നു. എന്തു നിസ്സഹായത. പോസ്റ്റുമാനോടു ഇന്നുവരെ ദ്രോഹമോ അഹിതകരമായതോ ചെയ്തിട്ടില്ല. എന്നിട്ടും അയാൾക്കു മുന്നിൽ പരുങ്ങാതെ നിൽക്കാനായില്ല.

എന്തു ചോദിക്കണമെന്നു ചിന്തിച്ചു നിൽക്കുമ്പോൾ പോസ്റ്റുമാൻ, അങ്ങേയറ്റം അൽഭുതപ്പെട്ടവനെപ്പോലെ, ഇങ്ങോട്ടു ചോദിച്ചു. ഒരാഴ്ചമുമ്പ് യുവതി ചോദിച്ച അതേ വിഢ്‌ഡിച്ചോദ്യം.

“സാർ. താവൂ അൽവേ പോസ്റ്റൂഓഫീസിഗെ ബന്ത കമ്പ്യൂട്ടർ എൻജിനീയർ?”1

ചിരിക്കാതെന്തു ചെയ്യും. ചോദ്യത്തിലെ തമാശ വളരെയധികമാണ്. മനസ്സിലെ ജാള്യവും ദേഷ്യവും അലിഞ്ഞുപോയി. യുവതിക്കു പിന്നാലെ ഈ പോസ്റ്റുമാനും ഭ്രാന്താണോ? വാദം സമ്മതിച്ചു കൊടുത്തു. കമ്പ്യൂട്ടർ എൻജിനീയർ അല്ലെന്നു പറഞ്ഞാൽ പോസ്റ്റുമാൻ, യുവതിയെപ്പോലെ, എല്ലാം വിവരിക്കാനും വാദിക്കാനും തുനിഞ്ഞേക്കും. അതൊഴിവാക്കി എത്രയും പെട്ടെന്നു പറഞ്ഞുവിടണം. അതുകൊണ്ടു കമ്പ്യൂട്ടർ എൻജിനീയർ ആണെന്ന വാദം സമ്മതിച്ചു. രണ്ടാമത്തെ ചോദ്യം ഉടനെത്തി.

“സാർ, നീവാ ഇല്ലി വാസവാഗിത ലേഖകരു? അതവാ ഹൊസദാകി ബന്തവരോ?”3

അവിടേയും സൂത്രം പ്രയോഗിച്ചു. “സോറി. നാവു ഇല്ലി ഹൊസദാകി ബന്തിരുവേനു. ലേഖകാരന്നു തിലിയദു”4

മറുപടി വിശ്വസനീയമായി തോന്നിയിരിക്കില്ല. പോസ്റ്റുമാൻ സംശയിച്ചു നിന്നു. വാദങ്ങൾ ആരംഭിക്കാൻ പോകുന്നുവെന്ന സൂചന കിട്ടി. ഉടൻ വാതിൽ അടച്ചു. ഒരു ഉപചാരവാക്ക് പോലും പറഞ്ഞില്ല. അല്ലെങ്കിലും എന്താണ് പറയുക. ‘വീണ്ടും കാണാം’ എന്നാണെങ്കിൽ പോസ്റ്റുമാനെ വീണ്ടും കാണാൻ തനിക്കു ആഗ്രഹമില്ല. ‘നന്ദി’ പറയാനാണെങ്കിൽ സ്വകാര്യതക്കു ഭംഗം വരുത്തിയവരോടു നന്ദി പറഞ്ഞു ശീലമില്ല. അപ്പോൾ വാതിലടച്ചതു ശരിയായ പ്രവൃത്തിയാണ്.


ഓർമ്മകളെ കുതറിത്തെറിപ്പിച്ച് കിടക്കയിൽ എഴുന്നേറ്റിരുന്നു. സ്വയം പറഞ്ഞു. “അതെ വാതിലടച്ചത് ശരിയായ പ്രവൃത്തിയാണ്. ഒരു തെറ്റുമില്ല”

ഒരു സ്മോൾ കൂടി കഴിക്കാമെന്നു തോന്നി. ഗ്ലാസും ഐസുമെടുത്തു. സോഡക്കു പകരം പച്ചവെള്ളം ഒഴിച്ചു. രണ്ടു സിപ്പെടുത്തു ആലോചനയിൽ മുഴുകി. എവിടെയോ എന്തോ തകരാർ പറ്റിയിട്ടുണ്ട്. ഒരുപക്ഷേ തന്നെപ്പോലെ മറ്റൊരുവൻ ബാംഗ്ലൂർ നഗരത്തിലുണ്ടാകാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ പോസ്റ്റുമാനും യുവതിക്കും എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടായിരിക്കും. ഇതിലേതാണ് ശരി? ഇതിലേതാണ് തെറ്റ്? ഗ്ലാസ് മുഴുവൻ വായിൽ കമഴ്ത്തി തീരുമാനിച്ചു. തൽക്കാലം ഒന്നുറങ്ങാം. ബാക്കിയെല്ലാം പിന്നീട്.

ജനലും വാതിലുകളും അടച്ചു. ആരും കാളിംങ്ബെൽ അടിച്ചു ശല്യപ്പെടുത്താതിരിക്കാൻ മെയിൻസ്വിച്ച് ഓഫാക്കി. കിടക്കയിൽ വന്നു കിടന്നു. ഉറങ്ങി. ഒരുമണിക്കൂറിലധികം നേരം നീണ്ട ഗാഢനിദ്ര. അവസാനം തലയിണക്കരികിൽ വച്ചിരുന്ന മൊബൈൽഫോൺ ശബ്ദിച്ചു. ഉറക്കച്ചടവോടെ ഡിസ്‌പ്ലേ സ്ക്രീനിൽ നോക്കി. ലൈനിലുള്ള വ്യക്തിയുടെ പേര് വ്യക്തമായി.

“Vincent Paul Calling.”

പായയിൽ എഴുന്നേറ്റിരുന്നു. മൊബൈൽ കാതിൽ ചേർത്തു അഭിവാദ്യം ചെയ്തു.

“ഹലോ വിൻസെന്റ്. ഹൗ ആർ യു?”


കന്നഡ വാക്കുകളുടെ തർജ്ജമ:
1)    സാർ. താങ്കളല്ലേ പോസ്റ്റുഓഫീസിൽ വന്ന കമ്പ്യൂട്ടർ എൻജിനീയർ.
2)    അന്നെന്നെ രക്ഷിച്ചതിനു വളരെ നന്ദി. ഇല്ലെങ്കിൽ പോസ്റ്റുമാസ്റ്റർ മേലേക്ക് റിപ്പോർട്ട് ചെയ്തേനെ.
3)    സാറാണൊ ഇവിടെ താമസിക്കുന്ന എഴുത്തുകാരൻ? അതോ പുതുതായി വന്നയാളോ?
4)    ഞാൻ ഇവിടെ പുതുതായി വന്നയാളാണ്. എഴുത്തുകാരനെ അറിയില്ല.