Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Tuesday, February 22, 2011

അടയാളം ഇല്ലാത്ത ഓർമകൾ


കത്തിത്തീര്‍ന്ന സിഗററ്റ്, ആഷ്ട്രേയിൽ കുത്തിക്കെടുത്തി അയാൾ കിടക്കയിൽ‌നിന്നു എഴുന്നേറ്റു. അഴിഞ്ഞ മുണ്ട് വാരിച്ചുറ്റി ജനലരികിൽ ചെന്നു. പന്ത്രണ്ടുനിലകള്‍ക്കു താഴെ വാഹനങ്ങൾ അരിച്ചരിച്ചു നീങ്ങുന്നു. അവയുടെ നിരതെറ്റാത്ത, പതിവില്ലാത്ത അച്ചടക്കം അൽ‌ഭുതകരമായിരുന്നു. അയാൾ വാഹനനിരയുടെ അറ്റത്തേക്കു നോക്കി. അവിടെ റോഡിന്റെ ഇടതുവശത്തു, ഫ്ലൈഓവർ നിർമാണത്തിനെടുത്ത കുഴികളിലൊന്നിൽ, ഒരു ട്രെയിലർ മറിഞ്ഞു കിടക്കുന്നു. വാഹനങ്ങൾക്കു കടന്നുപോകാൻ കുറച്ച് ഇടമേയുള്ളൂ. അച്ചടക്കം പാലിക്കാതെ തരമില്ല. ട്രെയിലറിനു ചുറ്റും കാഴ്ച കാണാനെത്തിയവരുടെ തിരക്ക്. കുറച്ചുസമയത്തെ നിരീക്ഷണത്തിനും 'ആസ്വാദന'ത്തിനും ശേഷം, എന്തെങ്കിലും വളിപ്പുകമന്റുകൾ പറഞ്ഞു അവർ സ്ഥലംവിടുന്നു. അവര്‍ക്കിതെല്ലാം ദൈർഘ്യം കുറഞ്ഞ ഉത്സവങ്ങളാണ്. മറ്റാരൊക്കെയോ ഒരുക്കുന്ന ഉത്സവം.

കുറച്ചുനാളുകൾക്കു മുമ്പ് അയാളും ഒരു വാഹനാപകടത്തിൽ പെട്ടിരുന്നു. അതും അർദ്ധരാത്രിയിൽ. ഓഫീസില്‍നിന്നു തിരിച്ചുവരുമ്പോൾ ഔട്ടർറിംങ് റോഡിലെ സര്‍ജ്ജാപുര സിഗ്നലിൽ, പുതുതായി പണിത ഫ്ലൈ‌ഓവറിൽവച്ചാണ് അപകടം നടന്നത്. എതിരെനിന്നു വന്ന വാഹനത്തിന്റെ തീഷ്ണമായ വെളിച്ചത്തിൽ കണ്ണുമഞ്ഞളിച്ചു ബ്രേക്കു ചവിട്ടിയപ്പോൾ പിന്നിലൊരു സഫാരി മുരണ്ടു. ചെറിയ പരുക്കുകളേ പറ്റിയുള്ളൂ. ഇടതുകൈയിലെ രണ്ട് വിരലുകൾ ഒടിഞ്ഞു. കാലുകൾക്കു കുഴപ്പമില്ല. അർദ്ധരാത്രിയിൽ ഫ്ലൈഓവറുകൾക്കു മുകളിൽ‌ ആരും വാഹനം നിര്‍ത്തില്ലെന്നറിഞ്ഞിട്ടും സഹായത്തിനു ശ്രമിച്ചു. അല്ലാതെ വയ്യല്ലോ. ഓരോതവണ കൈനീട്ടുമ്പോഴും അയാൾ പ്രതീക്ഷിച്ചത് നഗരരാത്രികളെ ഭയക്കാത്തവരെയാണ്. അത്തരക്കാർക്കേ സഹായിക്കാൻ കഴിയുമായിരുന്നുള്ളൂ. പ്രതീക്ഷകൾ തെറ്റിക്കാതെ വൈകിയാണെങ്കിലും ഓട്ടോയിൽ രണ്ടുപേർ എത്തി. രാത്രികളെ ഭയക്കാതെ, ഉത്സവമാക്കുന്ന കൂട്ടർ. അയാൾ ഒന്നും പറഞ്ഞില്ല. അവർ ഒന്നും ചോദിച്ചുമില്ല. ഓട്ടോയിൽ കയറിക്കൊള്ളാൻ ഡ്രൈവർ ആംഗ്യം കാണിച്ചു. തെരുവുവിളക്കുകളുടെ പ്രകാശത്തിൽ അയാൾ സഹയാത്രികരുടെ മുഖം കണ്ടു. വിചിത്രമായ മുഖം. അയാൾ ഭയന്നു.

പിന്നിൽ വാതിൽ തുറന്നടയുന്ന ശബ്ദം‌. അയാൾ ചിന്തയിൽനിന്നു ഉണർന്നു. പുറത്തേക്കു നോക്കുന്നത് നിർത്തി പിന്തിരിഞ്ഞു. കുളിമുറിയില്‍‌നിന്നു ഒരുവൾ ഇറങ്ങി വരികയാണ്. നീളമുള്ള ബാത്ത്‌ടവ്വൽ ചുറ്റി അരക്കെട്ട് മറച്ചിട്ടുണ്ട്. വലിയ മാറിടം നഗ്നമായി തുറന്നു കിടക്കുന്നു. മുഖത്തു താടിയിൽ അങ്ങിങ്ങായി രോമവളർച്ച. അതിനു അനുരൂപമായി മുലക്കണ്ണിനു ചുറ്റും കറുപ്പുരാജികൾ. അവരുടെ മുഖത്തു പറ്റിപ്പിടിച്ച വെള്ളത്തുള്ളികൾ സൂര്യപ്രകാശത്തിൽ തിളങ്ങി. ഏതാനും നിമിഷം സ്ത്രീയെ തുറിച്ചുനോക്കി അയാൾ ചോദിച്ചു.

“നീ ആരാണ്?”

അവർ തണുപ്പൻ മട്ടിൽ മറുപടി പറഞ്ഞു.

“നിങ്ങളുടെ ഭാര്യ”

അയാൾ ആലോചിച്ചു. പിന്നെ അവരുടെ വാദം അംഗീകരിച്ചു. അതെ ഇവളെന്റെ ഭാര്യയാണ്, വിവാഹം കഴിച്ചിട്ടില്ലെങ്കിലും. ഇന്നലെയായിരുന്നു ആദ്യരാത്രി. അതു പറയത്തക്ക പ്രത്യേകതകളില്ലാതെ കടന്നു പോയി. മറ്റു രാവുകളെപ്പോലെ നിര്‍ജ്ജീവവും ദയാരഹിതവുമായ കടന്നുപോക്ക്. കുറേനാളുകളായി ആവര്‍ത്തിക്കുന്ന രംഗങ്ങളുടെ തനിയാവർത്തനം മൂലം വിരസമായ ഒന്ന്.

ഓർമകളിൽ ഭൂതകാലത്തെ അടയാളപ്പെടുത്താൻ എന്തെങ്കിലും ബാക്കിവയ്ക്കാതെ രാത്രികൾ പൊഴിയുന്നതു അയാളെ സംബന്ധിച്ച് അതാദ്യമായിരുന്നില്ല. പിറകിലേക്കു കണ്ണുപായിച്ചാൽ ജീവിച്ചിരുന്നോ എന്നു വരെ സംശയിക്കാവുന്ന ശൂന്യമായ രാവുകളാണ് നിറയെ. ആ അറിവ് അയാളെ പരിഭ്രാന്തനും കൂടുതൽ വാശിയുള്ളവനുമാക്കും. ഒരിക്കലെങ്കിലും, ഓര്‍മയിൽ തങ്ങി നിൽക്കത്തക്ക വിധമുള്ള രാത്രി ലഭിക്കാൻ കരുക്കൾ നീക്കാൻ പ്രേരിപ്പിക്കും. പക്ഷേ ആലോചനയല്ലാതെ അതുമായി മുന്നോട്ടുപോകാൻ അധികം താല്പര്യമെടുക്കാറില്ല. അയാൾ ഒരു ഭീരു കൂടിയാണ്.

രണ്ടാമത്തെ സിഗററ്റിനു തീപിടിപ്പിക്കുമ്പോൾ അയാൾ ചോദിച്ചു. “നിന്റെ പേരെന്താ കൺ‌മണി?”

ചോദ്യത്തിൽ അസ്വാഭാവികത തീരെയില്ല. കാരണം കൺമണി എന്നത് സ്ത്രീയുടെ ശരിയായ പേരല്ല. കണ്ണാടിച്ചില്ലിൽ ഒട്ടിച്ചിരുന്ന ചുവന്ന വട്ടപ്പൊട്ടു നെറ്റിയിൽ സ്ഥാനംനോക്കി കുത്തുകയായിരുന്ന സ്ത്രീ തലയനക്കാതെ മറുപടി പറഞ്ഞു. “അതു തന്നെ”

അയാൾ തല പിന്നോട്ടുവളച്ചു സിഗററ്റുപുക മുകളിലേക്കു ഊതിവിട്ടു. “കൊടുക്കുന്ന വാഗ്ദാനങ്ങൾ ലംഘിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവനാണ് ഞാൻ. എന്തു പറയുന്നു?”

കൺമണി എന്ന സ്ത്രീ പെട്ടെന്നു വെട്ടിത്തിരിഞ്ഞു. അയാളുടെ അരികിലെത്തി എളിയിൽ കൈകുത്തി, വെല്ലുവിളിക്കുന്ന പോസിൽ നിന്നു.

“പറയൂ... എന്നിട്ട് ഇതല്ലേ ആദ്യത്തെ വാഗ്ദാനലംഘനം?”

ചോദ്യത്തിനുമുന്നിലും, ചോദ്യകര്‍ത്താവിന്റെ ആത്മവിശ്വാസത്തിനു മുന്നിലും അയാൾ ചൂളി. കൺമണി പറഞ്ഞതു ശരിയായിരുന്നു. വാഗ്ദാനലംഘനത്തിൽ ആനന്ദം കണ്ടെത്തുന്നവനാണെന്നു പറഞ്ഞെങ്കിലും അതിനുമുമ്പ് അയാൾ വാഗ്ദാനങ്ങൾ ലംഘിച്ചിട്ടില്ലായിരുന്നു. കാര്യം കാണാൻ‌വേണ്ടി മാത്രമാണ് ആ തത്വമുണ്ടാക്കിയത്. അയാൾക്കു കടുത്ത ആത്മനിന്ദ തോന്നി. വേണ്ടായിരുന്നു. ഒരു സംവാദത്തിൽ ഏർപ്പെടാൻ മാത്രം ആത്മധൈര്യം താൻ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലല്ലോ. പിന്നെന്തിനു തർക്കിക്കാൻ തുനിഞ്ഞു? ട്രിനിറ്റി ജംങ്‌ഷനിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ശരിയായ പേരു വെളിപ്പെടുത്തേണ്ടെന്നു പരസ്‌പരം സമ്മതിച്ചതാണ്. ശാരീരികമായി ബന്ധപ്പെടുമ്പോൾ, വികാരത്തിന്റെ വേലിയേറ്റമുണ്ടാകുന്ന സന്ദര്‍ഭങ്ങളിൽ സംബോധന ചെയ്യാൻ മാത്രം സ്ത്രീയൊരു പേരു പറഞ്ഞു കൊടുത്തു.

“കൺ‌മണി”

അയാൾ പ്രതീക്ഷിച്ചത് മാദകത്വമുള്ള ഒരു പേരായിരുന്നു. കൺ‌മണി എന്നത് നേർ‌വിപരീതവും. വേറെ പേരു പറഞ്ഞു തരാൻ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. അതയാളെ വാശി പിടിപ്പിച്ചു. ഒരിക്കൽപോലും കൺ‌മണിയെന്നു വിളിക്കരുതെന്നു മനസ്സിലുറപ്പിച്ചു.

എം.ജി റോഡിലെ ട്രിനിറ്റി ജംങ്‌ഷനിൽവച്ചാണ് അയാൾ കൺ‌മണിയെ കണ്ടുമുട്ടിയത്. തികച്ചും യാദൃശ്ചികമായ കൂടിക്കാഴ്ച. ജോലിക്കുശേഷം റൂമിലെത്താൻ അയൾക്കു അതുവഴി യാത്രചെയ്യേണ്ടതില്ല. ഡിക്കൻസൻ റോഡുവഴി അള്‍സൂർതടാകം ചുറ്റിയാണ് സാധാരണ മടങ്ങുക. പക്ഷേ ഇന്നലെ ഓഫീസിൽനിന്നു ഇറങ്ങുമ്പോൾ റിസപ്ഷനു മുന്നിൽ ഒരാഴ്ചമുമ്പ് കമ്പനിയിൽ ചേർന്ന ആന്ധ്രക്കാരി പെണ്ണുണ്ടായിരുന്നു. സാധാരണയിൽ കവിഞ്ഞ പൊക്കവും എടുത്തുപിടിച്ച ആകാരവുമുള്ള ഒരുവൾ. അവരുടെ വിസ്‌തൃതമായ ചുമലുകൾ കണ്ടപ്പോൾ തെലുങ്കാനയുടെ കരുത്ത് മുറ്റിനില്‍ക്കുന്ന ആ ശരീരത്തോടു ചേര്‍ന്നിരുന്നു യാത്രചെയ്യാൻ ആഗ്രഹമുണ്ടായി. ഒട്ടും മടിക്കാതെ ലിഫ്‌റ്റ് വാഗ്ദാനം മുന്നിൽ‌വച്ചു. അപരിചിതത്വത്തിന്റെ ജാള്യത പോലും സ്വരത്തിലുണ്ടായിരുന്നില്ല. ട്രിനിറ്റി ജംങ്‌ഷനിലെത്തി, ആന്ധ്രക്കാരി വിടപറഞ്ഞു പോയിട്ടും അവരുടെ ശരീരഗന്ധം അയാളെ വിട്ടുപിരിയാതെ ചുറ്റിപ്പറ്റിനിന്നു. അതിൽ മയങ്ങി അയാൾ ഒരു സിഗററ്റിനു തീകൊളുത്തി. അപ്പോൾ സാരിയണിഞ്ഞ, സ്ത്രൈണത കുറവുള്ള ‘ഒരുവൾ’ അരികിലെത്തി. അവർ യാതൊരു മുന്നറിയിപ്പുമില്ലാതെ അയാളുടെ വൃഷണത്തിൽ താഴെനിന്നു തട്ടി, ചുണ്ടിലെ സിഗററ്റെടുത്തു വലിച്ചു. പിന്നെ അയാളുടെ എന്നത്തേയും ദൗർബല്യം, ഒരു കണിയാനെപ്പോലെ, ഊഹിച്ചെടുത്തു അതിൽ ചോദ്യമിറക്കി വച്ചു.

“എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ ഉതകുന്ന ഒരു രാത്രി ഞാൻ സമ്മാനിക്കാം. സമ്മതമാണോ?”

ഓര്‍മകളിൽ സ്വയം അടയാളപ്പെടുത്തേണ്ടതിന്റെ ആവശ്യകത തലച്ചോറിൽ വണ്ടിനു സമാനം മൂളിയപ്പോൾ അയാൾക്കു കൂടുതലൊന്നും ആലോചിക്കാനില്ലായിരുന്നു. വിവേകാനന്ദ റോഡിലൂടെ ബൈക്ക് ചീറിപ്പാഞ്ഞു. തോളിൽ അമർന്ന കൈത്തലത്തിന്റെ പരുഷത അയാളുടെ മനസിൽ വളരെ ആഹ്ലാദം നിറച്ചു. കാരണം അയാൾ എന്നും മൃദുലതയെ വെറുത്തിരുന്നു. ബാല്യത്തിലും കൗമാരത്തിലും അതു മാറ്റമില്ലാതെ തുടര്‍ന്നു. എന്നിട്ടും യൗവനത്തിൽ കൈമറിഞ്ഞു പോയവരെല്ലാം അത്തരക്കാരും. അവർ സമ്മാനിച്ച മടുപ്പിന്റെ ആവര്‍ത്തനങ്ങൾ ഓര്‍മകളിൽ അടയാളം പതിക്കാതിരിക്കുമ്പോൾ അയാൾ വിലപിക്കുമായിരുന്നു. ഓർമകൾ ശിഥിലമാകുന്ന മനസിന്റെ അസ്വസ്ഥത. അതിൽ ഉരുകി അയാൾ ഉന്മാദിയാകും.

സത്യത്തിൽ ഓർമകളിൽ അടയാളം പതിക്കേണ്ടതെങ്ങിനെയെന്നു അറിയായ്കയല്ല, മറിച്ച് ആ ലക്ഷ്യത്തിലേക്കു കുതിക്കുമ്പോൾ അപ്രതീക്ഷിതമായി കടന്നുവരുന്ന രസക്കേടുകൾ നേരിടാനാകാത്തതായിരുന്നു അയാളുടെ പ്രശ്‌നം. നിസ്സാരങ്ങളായ മതിലുകൾപോലും അയാളെ ആശങ്കാകുലനും സന്ദേഹിയുമാക്കും. കൺ‌മണിയുടെ കൂടെ ശയിക്കുമ്പോൾ സംഭവിച്ചതും മറ്റൊന്നല്ല.

ഓർമകളിൽ അടയാളപ്പെടുത്താൻ വെമ്പിയ അയാൾ കൺ‌മണിയുടെ അരക്കെട്ടിലെ ആടകൾ അഴിഞ്ഞപ്പോൾ അമ്പരന്നു. ഹിജഢകളുടെ ലൈഗികാവയവങ്ങൾക്കു ഉണ്ടായേക്കാവുന്ന പ്രത്യേകതകളെപ്പറ്റി അയാളോടു ആദ്യമായും, വിശദമായും പറയുന്നത് പഴയ കമ്പനിയിൽ സഹപ്രവര്‍ത്തകനായിരുന്ന സെൽവരശൻ ആണ്. തടിച്ച പ്രകൃതിയുമായി ഗിണ്ടിയില്‍നിന്നു വന്നവൻ. തല പ്രത്യേകരീതിയിൽ നിരന്തരം അനക്കി, ആഗ്യവിക്ഷേപങ്ങളോടെ സെൽവരശൻ ഓരോന്നു വിവരിക്കുമ്പോഴും അയാളുടെ തലനിറയെ ഓര്‍മകളിൽ അടയാളപ്പെടുത്തേണ്ടതെങ്ങിനെ എന്ന ചിന്തയായിരുന്നു. സുഹൃത്തിന്റെ വാക്കുകളിൽ അതിനുള്ള പോംവഴികൾ തെളിഞ്ഞു കണ്ടു. സെൽവരശൻ വിവരിച്ച ദൃശ്യങ്ങളാണ് കൺ‌മണിയുടെ അരക്കെട്ടിൽ അയാൾ കണ്ടത്. വിവരണങ്ങളിൽ താൽ‌പര്യം തോന്നിയിരുന്നെങ്കിലും അത്തരത്തിലൊരാളെ ഇത്ര എളുപ്പത്തിൽ കണ്ടുമുട്ടുമെന്നോ, അവരുമായി കിടക്ക പങ്കിടേണ്ടിവരുമെന്നോ കരുതിയിരുന്നില്ല. അതിനാൽ കാമത്തേക്കാൾ മനസ്സിനെ ഭരിച്ചത് കൗതുകമായിരുന്നു. ഒരു വിദ്യാർത്ഥിക്കു തോന്നാവുന്ന കൗതുകം. വൈജാത്യങ്ങളുടെ മേച്ചിൽ‌പുറങ്ങളിൽ അലയാൻ അയാൾ വിമുഖത പ്രകടിപ്പിച്ചു. ആവേശങ്ങൾ ഒന്നൊന്നായി ചോർന്നു. കൗതുകം സന്ദേഹത്തിനും ക്രമേണ ഭയത്തിനും വഴിമാറി.

കൺ‌മണി എല്ലാം മനസ്സിലാക്കിയിരുന്നു, പുറമെ അങ്ങിനെ ഭാവിച്ചില്ലെങ്കിലും. അയാളെ ഉണർത്താൻ അവർ ഗാഢമായി ആലിംഗനം ചെയ്‌തു. ആലിംഗനത്തിനു ആക്കം കൂടുന്തോറും അയാൾ കൂടുതൽ ഉള്ളിലേക്കു ചുരുങ്ങി. അതോടെ കൺ‌മണി പിടിവിട്ടു. അയാളുടെ ഇടതു കൈത്തലം കയ്യിലെടുത്തു. ഫ്ലൈ‌ഓവറിൽ നടന്ന ആക്‍സിഡന്റിൽ നുറുങ്ങിയ വിരലുകൾ പൂർവ്വസ്ഥിതി പ്രാപിക്കുന്നതേയുള്ളൂ. കമ്പിയിട്ടതിന്റെ മുറിവ് വെള്ളപ്പാടുകളായി തടിച്ചുകിടന്നു. കൺമണി അതിലൂടെ വിരലോടിച്ചു പറഞ്ഞു.

“രാവിലെ അധികം വൈകാതെ എന്നെ വിളിച്ചുണർത്തണം”

കൺമണി ഉറങ്ങി. അയാളുടെ ഓർമ്മകളിൽ അതിനകം ഒരു കറുത്തപാട് വീണിരുന്നു. അനേകം കറുത്തപാടുകൾക്കു മീതെ പതിഞ്ഞ മറ്റൊന്ന്. അതു തിരിച്ചറിയാൻ പോലുമാകാത്തവിധം കറുപ്പിന്റെ ആഴങ്ങളിൽ ലയിച്ചു ചേർന്നു.


“ഞാൻ പോകുന്നു”

കൺ‌മണിയുടെ സ്വരം അയാളിൽ സ്ഥലകാലബോധം വരുത്തി. അവൾ യാത്രയാവുകയാണ്. സിഗററ്റ്പാക്കിലെ അവശേഷിച്ച ഒരെണ്ണമെടുത്തു തീകൊളുത്തി അയാൾ ജനലരികിലേക്കു ചെന്നു. അതങ്ങിനെയാണ്. മാനസ്സികാവസ്ഥ സന്തോഷമോ സന്താപമോ നിസംഗതയോ അങ്ങിനെ എന്തായാലും അയാളുടെ അഭയസ്ഥാനം ജനലിനു പുറത്തു കാണുന്ന ദൃശ്യങ്ങളാണ്. കസേര വലിച്ചിട്ടു പുറത്തേക്കു നോക്കി മണിക്കൂറുകൾ ചെലവഴിക്കാൻ അയാൾക്കു ഒരു പ്രയാസവുമില്ല.

പുറത്തു വെയിൽ മൂത്തിരുന്നു. സൂര്യരശ്‌മികളുടെ ചൂട് അയാളിലേക്കിറങ്ങി. വലിയ നിലക്കണ്ണാടിക്കു മുന്നിൽ അവസാനവട്ട അണിഞ്ഞൊരുങ്ങൽ നടത്തി, കൺ‌മണി അയാളുടെ അരികിലെത്തി. ട്രിനിറ്റി ജംങ്‌ഷനിൽ, ആദ്യം കണ്ടപ്പോൾ ചെയ്‌തപോലെ അയാളുടെ ചുണ്ടിലെ സിഗററ്റെടുത്തു പുകച്ച്, വൃഷണത്തിൽ താഴെനിന്നു തട്ടി യാത്രപറഞ്ഞു.

“ഓർമകളെ കൊന്നുകളയൂ”

അയാൾ സ്‌തംഭിച്ചു നിന്നു. കൺമണിയോടു കുറേ കാര്യങ്ങൾ പറയാൻ അയാളുടെ മനസ്സ് വെമ്പൽ കൊണ്ടു. ഓർമകളിൽ അടയാളപ്പെടുത്താൻ നടത്തിയ എണ്ണമറ്റ ശ്രമങ്ങൾ, അവയുടെ പരിണതികൾ, ഓരോ പരാജയത്തിന്റേയും കാരണങ്ങൾ, അടുത്തതിനുവേണ്ടി നടത്തിയ കരുനീക്കങ്ങൾ., അങ്ങിനെയുള്ള എല്ലാം. പക്ഷേ അതിനു കാത്തുനിൽക്കാതെ കൺ‌മണി നടന്നു മറഞ്ഞു.

അയാൾ ജനലിലൂടെ താഴേക്കു നോക്കി. മറിഞ്ഞു കിടന്നിരുന്ന ട്രെയിലർ മാറ്റിയിരിക്കുന്നു. ഗതാഗതം സാധാരണ നിലയിലാണ്. ഇടമുറിയാതെ ഒഴുകുന്ന വാഹനനിരയിൽ കണ്ണുനട്ടു നിൽക്കുമ്പോൾ മനസിൽ പതിവുചോദ്യം വീണ്ടും ഉയർന്നു. ഓർമകളിൽ അടയാളപ്പെടുത്തേണ്ടത് എങ്ങിനെ? അയാൾ പുതിയ പോംവഴികളും കണക്കുകൂട്ടലുകളുമായി കസേരയിൽ ചാഞ്ഞു.