Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Saturday, June 12, 2010

അക്ക


വിശാലമായ പാടശേഖരത്തിന്റെ ഓരത്തുള്ള ഈ പാതയിലൂടെ വരുന്നതു രണ്ടാമത്തെ തവണയാണ്. ആദ്യസന്ദർശനത്തിൽ പൊടിനിറഞ്ഞ ചെമ്മൺപാതയായിരുന്നു. പിന്നീടു ടാറിങ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. പലയിടത്തും കരിങ്കൽ‌ചീളുകൾ തലനീട്ടി നിൽക്കുന്നു. ലംബമായി കൂർത്തുനിൽക്കുന്ന കല്ലുകളിൽ വണ്ടികയറാതെ സൂക്ഷിച്ചു ഓടിച്ചു. വഴിയരുകിലെ അടയാളങ്ങൾക്കു മാറ്റങ്ങൾ ഒന്നുമില്ല. മൈൽക്കുറ്റികൾ മാത്രം മുഖം മിനുക്കിയിട്ടുണ്ട്.

കട്ടിഗെനഹള്ളിയിൽ ആദ്യസന്ദർശനം നടത്തിയനാളിൽ ബാംഗ്ലൂർ നഗരത്തിൽ പുതുമുഖമായിരുന്നു. പലയിടത്തേക്കും യാത്രപോകുമ്പോൾ മുഖത്തു പരിഭ്രമം പരക്കും. അപരിചിതദേശത്തു പാലിക്കേണ്ട ചിട്ടവട്ടങ്ങളറിയാതെ റൂമിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതിന്റെ ഹാങ്ങോവറാകാം. അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം.

ബാംഗ്ലൂരിൽ എത്തിയശേഷം ആദ്യം പരിചയപ്പെട്ടതു അടുത്ത റൂമിലുള്ളവരെയാണ്. വർഷങ്ങളായി താമസിക്കുന്ന കൊട്ടാരക്കര സ്വദേശികൾ. കന്നഡഭാഷയും ദേശവും അവർക്കു നല്ലപോലെ പരിചിതം. കാരം‌ബോർഡിനു ചുറ്റുമിരുന്നു സമയം‌പോക്കുന്ന വിരസമായ ഒരുദിവസം ശ്രീജിത്ത് അപ്പോൾ തോന്നിയ ആശയം പറഞ്ഞു.

‘കട്ടിഗെനഹള്ളിയിൽ പോയി നാടൻകോഴിയും കപ്പയും വാങ്ങുക‘

പുഴുങ്ങിയ കപ്പയും കോഴിക്കറിയും. നല്ല വിഭവമാണ്. ബുദ്ധിമുട്ട് ഒന്നേയുള്ളൂ. സ്ഥലം ദൂരെയാണ്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശമായ ഹൊസക്കോട്ടെയിൽ‌നിന്നും കുറച്ചു ദൂരമുണ്ട്. ബൈക്കുള്ളതിനാൽ ദൂരം പ്രശ്നമല്ലായിരുന്നു. അപ്പോൾ‌തന്നെ പോയി വാങ്ങിക്കൊണ്ടു വന്നു. നാടൻ കോഴിയിറച്ചിയുടെ രുചിയേക്കാൾ മനസ്സിൽ തങ്ങിനിന്നതു കട്ടിഗെനഹള്ളിയുടെ മനോഹാരിതയാണ്. നഗരത്തിന്റെ കരാളഹസ്തം എത്തിയിട്ടില്ലാത്ത സുന്ദരിയായ ഉൾപ്രദേശം. വിശാലമായ വയലുകൾ, തഴച്ചുവളർന്ന തക്കാളിച്ചെടികൾ, തണ്ണിമത്തനുകൾ, മറ്റു പച്ചക്കറികൾ. അവയുടെ പച്ചപ്പും ഉന്മേഷഭാവവും. സന്തോഷം തോന്നിയ യാത്രയായിരുന്നു. വീണ്ടുമെത്തുമെന്നു തീർച്ചപ്പെടുത്താൻ അധികം ആലോചിച്ചില്ല. സമയവും കാലവും ഒത്തുവന്നതു ഇപ്പോൾമാത്രം. നഗരം തരിശാക്കിയ മൂന്നു വർഷങ്ങൾക്കു ശേഷം.

ടിൻഫാക്ടറി ജംങ്ഷനിലെ കഫെയിൽനിന്നു ഇറങ്ങുമ്പോൾ വേനൽ‌മഴ പെയ്തേക്കുമെന്നു സൂചിപ്പിച്ചു കാർമേഘങ്ങൾ ആകാശത്തു അണിനിരക്കുന്നതു കണ്ടു. കുറച്ചു ദിവസമായി അതു പതിവാണ്. ചുട്ടുപഴുത്തു കിടക്കുന്ന മണ്ണിലേക്കു പെയ്യുക അപൂർവ്വവും. എങ്ങോട്ടു പോകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനായില്ല. മുറിയിലേക്കില്ലെന്നു മാത്രം ഉറപ്പിച്ചു. വീതിയില്ലാത്ത ഗോവണിക്കു താഴെ, പൂക്കടക്കുമുന്നിൽ അനേകം തണ്ണിമത്തനുകൾ കൂട്ടിയിട്ടിട്ടുണ്ട്. പച്ചയും വെള്ളയും ഇടകലർന്ന തണ്ണിമത്തന്റെ കാഴ്ച ഓർമകളെ തട്ടിയുണർത്തി. ചെമ്മൺപാതയും, ചുറ്റുമുള്ള പച്ചപ്പും ഉള്ളിൽ തെളിഞ്ഞു. പിന്നെ അമാന്തിച്ചില്ല. കേബിളിൽ തൂങ്ങുന്ന പാലത്തിലേക്കു ബൈക്ക് പ്രവേശിക്കുമ്പോൾ ബസ് കാത്തുനിൽക്കുന്ന ഗ്രാമീണരെ കണ്ടു. കട്ടിഗെനഹള്ളിയെ പച്ചപ്പുതപ്പ് അണിയിക്കുന്നവർ.

കെ‌ആർ പുരം കഴിഞ്ഞാൽ സിഗ്നൽക്രോസുകൾ ഇല്ല. റോഡ് സാവധാനം വിജനമായിക്കൊണ്ടിരിക്കും. ഇപ്പോഴാണെങ്കിൽ കോളാറിലേക്കുള്ള നാലുവരിപ്പാതയുടെ നിർമ്മാണം അതിദ്രുതം പുരോഗമിക്കുന്നുണ്ട്. ഗതാഗതം പലവഴിയിലൂടെ വഴിതിരിച്ചു വിട്ടതിനാൽ റോഡ് പതിവിലേറെ വിജനം. ഹൊസക്കോട്ട കഴിഞ്ഞതോടെ മെയിൻറോഡിൽ നിന്നിറങ്ങി. ബൈക്ക് കൂടുതൽ വേഗമെടുത്തു. മനസ്സിന്റെ പാച്ചിലിനു അതിലും വേഗമായിരുന്നു. ഭൂതകാലത്തിലേക്കു നടത്തുന്ന കൂപ്പുകുത്തൽ അല്ലെങ്കിലും അങ്ങിനെയാണ്. എന്നും എപ്പോഴും. ജലോപരിതലത്തിൽവന്നു മുഖംകാണിച്ചു ആഴങ്ങളിലേക്കു കുതിക്കുന്ന മത്സ്യങ്ങൾക്കു സമാനം.

“U attend it. Don’t run away this time”

ജിതുവാണ് നിർബന്ധിപ്പിച്ചു അയച്ചത്. നേരിൽ നല്ല പരിചയമില്ലാതിരുന്നിട്ടും അദ്ദേഹം താല്പര്യമെടുത്തു. ആദ്യത്തെ ഇന്റർവ്യൂ സമയക്കുറവുമൂലം പങ്കെടുക്കാതെ ഒഴിവാക്കിയപ്പോൾ ശകാരത്തോടെ, സ്നേഹപൂർണമായ നിർബന്ധം. ഒഫിഷ്യലായി റഫർ ചെയ്യുകയും ചെയ്തു. ഇമെയിലിൽ സ്മൈലിയുണ്ടായിരുന്നു. അതെന്റെ മുഖത്തും വിരിഞ്ഞു. അഭിമുഖത്തിനു ശേഷവും പുഞ്ചിരി മുഖത്തു തുടർന്നു. സുഹൃത്തിന്റെ ആത്മവിശ്വാസം അഭിമുഖം നടത്തിയ ടെക്നിക്കൽ എക്സിക്യുട്ടീവും പകർന്നു തന്നിരുന്നു. പൂരിപ്പിച്ച എമ്പ്ലോയ്‌മെന്റ് ആപ്ലിക്കേഷൻ ഫോം കൊടുക്കുമ്പോൾ അദ്ദേഹം പറഞ്ഞു.

“We will contact you soon”

ബൈക്ക് റോഡിലെ കുഴിയിൽചാടി. ശരീരം സീറ്റിൽ പൊങ്ങിത്താണു. സൂക്ഷിച്ചു ഓടിക്കണമെന്നു സ്വയം ശാസിച്ചു. റോഡ് പഴയതിലും മോശമാണ്. കുഴികൾ കൂടുതലുണ്ട്. മണ്ണിനു നേരിയ നനവ്. വേനൽമഴ പെയ്യാറുണ്ടെന്നു തോന്നുന്നു.

ഒരു പെട്ടിക്കടക്കു മുന്നിൽ വണ്ടിനിർത്തി. സത്യത്തിൽ അതിനെ കടയെന്നു വിശേഷിപ്പിക്കാൻ പറ്റില്ല. ഒരു ഉന്തുവണ്ടിയിൽ സജ്ജീകരിച്ചിരിക്കുന്ന, മുക്കാലും ഒഴിഞ്ഞ, കുറച്ചു പലഹാരക്കുപ്പികൾ. മുകൾവശത്തെ കമ്പിയിൽ പലബ്രാൻഡിലുള്ള നിരവധി പാൻമസാലകൾ തൂങ്ങുന്നു. അവയാണ് പ്രധാന കച്ചവടം. വരണ്ട തൊണ്ടയെ നനക്കാൻ ഏന്തെങ്കിലും കിട്ടുമെന്നു തോന്നിയില്ല. അറിയാവുന്ന ഹിന്ദിയിൽ അന്വേഷിച്ചു.

“ബാപ്പുജി പാനി കഹാം മിലേഗാ?”

ഇതുവഴി യാത്രക്കാർ കുറച്ചേ വരാറുള്ളൂ. എന്നിട്ടും ഒരു കസ്റ്റമറെ നഷ്ടപ്പെട്ട കുണ്ഠിത്തം വൃദ്ധൻ പുറത്തുകാണിച്ചില്ല. അകലെയുള്ള വളവിനുനേരെ കൈചൂണ്ടി. നീണ്ട പാതയാണ്. അവിടെ കടയുടെ ലാഞ്ചന പോലുമില്ല. വൃദ്ധൻ കളിപ്പിക്കുകയാണോ?

“ഉധർ!”
“ഉധർ ഏക് ദൂകാൻ ഹൈ. തും ചലോ”

ഒന്നു സംശയിച്ചശേഷം പുറപ്പെട്ടു. ആ വഴിയിലൂടെയും പോകാനുള്ളതല്ലേ. പിന്നെന്തിനു സന്ദേഹിക്കുന്നു. തിരികെ വണ്ടിയിൽ ‌കയറി. വളവിൽ നാലു ചെറിയ കടകളുണ്ട്. മൂന്നും പൂട്ടിയനിലയിൽ. നാലാമത്തേതു ഇങ്ങോട്ടേക്കു വഴിപറഞ്ഞുതന്ന വൃദ്ധന്റേതുപോലെ പെട്ടിവണ്ടിയിൽ സജ്ജികരിച്ച പാൻ‌ഷോപ്പാണ്. അവിടെയൊരു തടിച്ച പയ്യനിരുന്നു ഉറക്കം തൂങ്ങുന്നു. നാലുകടകളിൽ ‌നിന്നും കുറച്ചുമാറിയാണ് ഇളനീർ കച്ചവടം. നാലഞ്ച് മെടഞ്ഞ തെങ്ങോലകൾക്കു മുളങ്കാൽകൊണ്ടു താങ്ങുകൊടുത്തിരിക്കുന്നു. അതിന്റെ തണലിൽ അഞ്ചാറു കരിക്കിൻകുലകൾ. കുറച്ചുനീങ്ങി പനയോല മേഞ്ഞ ഒറ്റമുറിയുടെ വലുപ്പം മാത്രമുള്ള ചെറിയകുടിൽ. ഒരുവശം ചായ്ച്ചു കെട്ടിയിട്ടുണ്ട്. ചെറിയ വരാന്തയിലേക്കു പടർന്നുകയറിയ ധാരാളം ചിതൽ‌പറ്റങ്ങൾ. ആരും സ്ഥിരം താമസമില്ലെന്നു വ്യക്തം. കുടിലിനുമുന്നിൽ വരാന്തയോടുചേർന്നു കഷ്ടിച്ചു രണ്ടുപേർക്കിരിക്കാവുന്ന കരിങ്കൽ ബഞ്ച്. ചെത്തിമിനുക്കാത്ത അതിന്റെ പ്രതലത്തിൽ കോഴിക്കാഷ്ഠത്തിന്റെ അവശിഷ്ടങ്ങൾ വെള്ളനിറത്തിലും ചാരനിറത്തിലും ഉണക്കിപ്പിടിച്ചിരുന്നു.

ചുറ്റും കണ്ണോടിച്ചു കുടിലിന്റെ പിൻഭാഗത്തു ചെന്നു. അവിടെ ആരുമില്ല. അന്വേഷിക്കാനും മിനക്കെട്ടില്ല. കരിങ്കൽ ബഞ്ചിൽ വന്നിരുന്നു. റോഡിനപ്പുറം, എതിർവശത്തു മൈതാനമാണ്. ചില ഭാഗങ്ങളിൽ വെയിലേറ്റു വാടിയ പുൽപ്പരപ്പുകൾ. വിജനമായ മൈതാനത്തു ചെറിയ ചുഴലിക്കാറ്റുകൾ രൂപം‌കൊള്ളുന്നുണ്ട്. അവ നിമിഷങ്ങൾ‌കൊണ്ടു ഉയരുകയും അതിനേക്കാൾ വേഗം നിലം‌പറ്റുകയും ചെയ്‌തു. ഏതെങ്കിലുമൊരു ചുഴലിക്കാറ്റ് വലിപ്പമാർജ്ജിച്ചു തന്നേയും വിഴുങ്ങി കാണാത്തീരത്തേക്കു പോകുമോ? എന്തും സംഭവിക്കാം. കരുതിയിരുന്നോളൂ. അനുഭവങ്ങൾ അതാണ് പഠിപ്പിക്കുന്നത്.

“Sorry Sunil. They already selected one guy. So you have less chance now”

ഒരുമണിക്കൂർ മുമ്പ് ഇന്റർ‌നെറ്റ് കഫെയിലിരുന്നു ജിതുവിന്റെ ഇമെയിൽ വായിച്ചപ്പോൾ, മനസ്സിൽ അത്രനാൾ കൂടെ കൊണ്ടുനടന്ന ഒരു ഉറച്ചവിശ്വാസം‌ തകർന്നുവീണതിന്റെ അവിശ്വസനീയതയുണ്ടായിരുന്നു. മാന്യത ബിസിനസ്പാർക്കിലെ കമ്പനിയിൽ ഇന്റർവ്യൂ നേരിടുമ്പോൾ പുറത്തു കനത്ത മഴയായിരുന്നു. മഴ ചില്ലുജാലകത്തിൽ ആഞ്ഞടിച്ചു. കട്ടിച്ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാലുകൾ പുറത്തുള്ള ദൃശ്യങ്ങളെ മറച്ചു. അതിനിടയിലാണ് ഇന്റർവ്യൂ ചെയ്ത സാർ ചോദ്യശരങ്ങളെറിഞ്ഞത്. ഒട്ടും പതറിയില്ല. മനസ്സിൽ ആത്മവിശ്വാസം വേണ്ടുവോളമായിരുന്നു.

മഴ എന്നുമൊരു ശുഭസൂചനയായിരുന്നു. ജീവിതത്തിൽ അപൂർവ്വമായി സംഭവിച്ച നല്ലനിമിഷങ്ങളിൽ എനിക്കു കൂട്ട് മഴയായിരുന്നു. അന്നേവരെ ചതിച്ചിട്ടില്ലാത്ത ഉറ്റചങ്ങാതി. അവനെ വലിയ വിശ്വാസമായിരുന്നു. അതൊക്കെയാണ് കുറച്ചുമുമ്പു തകർന്നു വീണത്. ഞാൻ ആശ്വസിച്ചു. തകരട്ടെ. ഇന്നുവരെ ശരിയെന്നു കരുതിയ വിശ്വാസപ്രമാണങ്ങളെല്ലാം തകർന്നു വീഴട്ടെ. അവയുടെ അടിത്തറയിൽ പുതിയ മിഥ്യാധാരണങ്ങൾ ഉയരട്ടെ. വിശ്വസിക്കാൻ വേണ്ടിമാത്രം പുതിയ വിശ്വാസങ്ങൾ രൂപം‌കൊള്ളട്ടെ.

മൈതാനത്തു കണ്ണുനട്ടിരുന്ന എനിക്കുമുന്നിൽ മുപ്പത്തഞ്ചുവയസ്സു തോന്നിക്കുന്ന അക്ക പ്രത്യക്ഷപ്പെട്ടു.

“യേനു ബേക്കു?”

അരയുടെ ഒടിവിൽ തുളുമ്പുന്ന മൺ‌കുടം. ഇടുപ്പിനുതാഴോട്ടു വെള്ളംനനഞ്ഞ മുഷിഞ്ഞസാരി ദേഹത്തോടു ഒട്ടിക്കിടക്കുന്നു. കടുത്തചൂടിൽ ആകെ വിയർത്ത അക്കയുടെ മുഖത്തിനു വല്ലാത്ത മുറുക്കമുണ്ട്. ഞാൻ കരിക്കുകുലകൾക്കു നേരെ വിരൽചൂണ്ടി. മൺകുടവുമേന്തി അക്ക കുടിലിനകത്തു പോയി. ഉച്ചവെയിലിന്റെ ചൂട് ശരീരത്തിലേക്കു അരിച്ചുകയറി.

“നീയെന്താ ഒന്നും മിണ്ടാത്തത്?”

നാട്ടിൽ‌വച്ചു ഒരുസുഹൃത്താണ് ചോദിച്ചത്. ഏറെനേരം നീണ്ടുനിൽക്കാറുള്ള എന്റെ മൗനങ്ങൾ അവനു പരിചിതമാണ്. എങ്കിലും ഇത്തവണ മനസ്സിലെന്തോ ഒളിപ്പിക്കുന്നതിന്റെ മുന്നോടിയാണെന്നു മനസ്സിലാക്കിയിരിക്കണം.

“എല്ലാം കരയ്‌ക്കണയാൻ പോകുന്നു സഖേ”
ജോലിയെപ്പറ്റിയാണെന്നു അവനു തീർച്ച. “ഉറപ്പായോ”
“ഇല്ല. പക്ഷേ ഉറപ്പാകുമെന്നാണ് പറഞ്ഞത്”
“ആര്?”
“റഫർ ചെയ്ത സുഹൃത്ത്”

കാലിൽ തണുത്ത സ്പർശം. ഒപ്പം കരിങ്കല്ലിൽ വെള്ളംവീഴുന്ന ശബ്ദവും. കുടിലിനുള്ളിൽ‌ നിന്നാണ്. കുടിലിന്റെ മൂലയിലൂടെ വെള്ളം ഒലിച്ചുവന്നു കാലിൽ‌തൊട്ടു. കാലിരിക്കുന്ന ഭാഗത്തെ ചെറിയകുഴിയിൽ വെള്ളം തളം‌കെട്ടി. കാലുകൾ അതിൽ ഇറക്കിവച്ചു. വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഇളക്കി. ഏതാനും തവണ ആവർത്തിച്ചപ്പോൾ വെള്ളത്തിനുമീതെ പതയുയർന്നു. കാരസോപ്പിന്റെ നേരിയ പത.

ഓലഷെഡിന്റെ വാതിൽ ഉണ്ടാക്കിയിരിക്കുന്നത് മെടഞ്ഞ പനയോലകൾ മുളങ്കോലിനോടു ചേർത്തുകെട്ടിയാണ്. മേൽക്കൂരയും പനയോല തന്നെ. തെങ്ങോലകളേക്കാളും കൂടുതൽ കാലം നിലനിൽക്കും. പോരാതെ മഴയെ പ്രതിരോധിക്കാനുള്ള സവിശേഷ സാമർത്ഥ്യവും. വാതിലൊഴിച്ചുള്ള ചുമർഭാഗം മെടഞ്ഞ തെങ്ങോലകൊണ്ടു അധികം കട്ടിയില്ലാതെ കെട്ടിയതാണ്. പുറത്തുനിന്നു നോക്കിയാൽ ഉൾഭാഗം കുറച്ചൊക്കെ കാണാം. മറിച്ചും അങ്ങിനെതന്നെ.

വാതിൽ നിരക്കിനീക്കി അക്ക മുന്നിലെത്തി. മുഖത്തു അതുവരെയുണ്ടായിരുന്ന കാഠിന്യം അപ്രത്യക്ഷമായിരുന്നു. മുഖവും കൈകളും വെള്ളമൊഴിച്ചു കഴുകിയിട്ടുണ്ട്. മുഖത്തിനു അഴകുകൊടുത്തു ചെന്നിയിൽ ഒട്ടിയിരിക്കുന്ന ഏതാനും മുടിയിഴകൾ. കരിക്കുകുലയിൽ ചാരിവച്ചിരുന്ന മടവാൾ കയ്യിലേന്തി അക്ക ചോദ്യഭാവത്തിൽ നോക്കി. ഏതു കരിക്ക് വേണം? പല വലുപ്പമുള്ളവയുണ്ട്. അത്ര വലുതല്ലാത്ത ഒന്നിനുനേരെ വിരൽ‌ചൂണ്ടി. അതു തൊട്ടുമുന്നിലായിരുന്നു. അതിലെ വെള്ളത്തിനു മധുരമുണ്ടാവില്ല. എന്നിട്ടും കൈ അവിടേക്കു നീണ്ടു. അക്ക എനിക്കുമുന്നിൽ കുനിഞ്ഞു.

കരിക്കിന്റെ മൂടുചെത്തുന്ന കൈയിന്റെ ചലനങ്ങൾ ശ്രദ്ധിച്ചു. നേരിയ രോമങ്ങളുള്ള കൈത്തണ്ടക്കു ആണിന്റെ കരുത്തു തോന്നിക്കും. പണ്ടൊരിക്കൽ കോറമംഗളയിൽ വഴിയോരത്തുവച്ചു വൃഷണത്തിൽ പിടുത്തമിട്ട ഹിജഢയുടെ കൈയുമായി നല്ല സാമ്യം. തഴക്കമുള്ള ഒരാളെപ്പോലെ മൂന്നുവെട്ടുകൊണ്ടു അക്ക കരിക്കിന്റെ മൂടുചെത്തി. ഇളനീർ എനിക്കുമുന്നിൽ നിറഞ്ഞു തുളുമ്പി.

കരിക്കുനീട്ടി അക്ക പറഞ്ഞു. “സ്ട്രോ ഇല്‍‌വ”

അതു കാര്യമാക്കിയില്ല. വേനലിൽ ബാംഗ്ലൂർ നഗരത്തിന്റെ മുക്കിലും മൂലയിലും ഇളനീർ കച്ചവടമുണ്ടാകും. സൈക്കിളിന്റെ തണ്ടിൽ ഒരുപിടികുലകളുമായി നഗരപ്രാന്ത പ്രദേശങ്ങളിൽനിന്നു വരുന്ന പാവപ്പെട്ട ഗ്രാമീണരാണ് ഏറെയും. നഗരത്തിലൂടെയുള്ള അലച്ചിലിനിടയിൽ പലതവണ ഇളനീർ കുടിക്കാറുണ്ട്. ഒരിക്കലും സ്ട്രോ ഉപയോഗിച്ചിട്ടില്ല. വായിലൂടെ ഒലിച്ചിറങ്ങുന്ന ഇളനീർ ചാലുകൾക്കു ബാല്യത്തിന്റെ ഓർമകളുണർത്താൻ പര്യാപ്തമായ തണുപ്പുണ്ടാകും.

കരിക്ക് കൈനീട്ടി വാങ്ങി. വെള്ളനിറവും ചാരനിറവും അഴകുകൊടുക്കുന്ന കൽ‌ബെഞ്ചിൽ ഇരുന്നു. കുറച്ചകലെ അക്കയും മുളങ്കോലിൽ ചാരിയിരുന്നു, കാലുകൾ നീട്ടിവച്ചു. വാടിയ രണ്ടു വെറ്റിലയെടുത്തു ചുണ്ണാമ്പുതേച്ചു വായിൽ‌തള്ളി. ചൂണ്ടുവിരലിന്റെ അഗ്രത്തിൽ പറ്റിപ്പിടിച്ച ചുണ്ണാമ്പുതരികൾ സാരിയിൽ തുടച്ചു. കരിക്കു മൊത്തുന്നതിനിടയിൽ ഇതെല്ലാം ഒളികണ്ണിട്ടു നോക്കിക്കണ്ടു. വെറ്റിലക്കറവീണ ചുണ്ടിലൂടെ ഒലിച്ച മുറുക്കാൻ സീൽക്കാര ശബ്ദത്തോടെ അക്ക വായിലേക്കു വലിച്ചെടുത്തു. കൈത്തലത്തിന്റെ അരികുകൊണ്ടു ചുണ്ടുതുടച്ചു. മുന്നിൽ വെയിൽ തിളക്കുകയാണ്. ചെന്നിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി. മൈതാനത്തിലൂടെ അടിച്ചുവരുന്ന ചൂടുകാറ്റിൽ വിയർപ്പിലൊട്ടിയ കുപ്പായം ഉലഞ്ഞു. ഓലഷെഡിനടുത്തുള്ള പെട്ടിക്കട പൂട്ടി പയ്യൻ എഴുന്നേറ്റുപോയി. ഇനിയാരും വരില്ലെന്നു വ്യക്തം.

മുറുക്കാൻ നീട്ടിത്തുപ്പി, മുളങ്കോലിലൂന്നി അക്ക എഴുന്നേറ്റു. മുണ്ടുമുറുക്കിയെടുത്തു ക്ഷണിച്ചു.

“ബിസിലു വിപരീത. ഒലഗെയ് ഹോഗ്‌ഹോനാ. ബന്നി”1

അപരിചിതരുടെ സാമീപ്യം, സഹവാസം ചില സാഹചര്യങ്ങളിൽ ഏറെ ആശ്വാസകരമാണ്. നമുക്കു അവരോടു എല്ലാം തുറന്നുപറയാം. സങ്കടങ്ങളും, സന്തോഷവും, പരിഭവങ്ങളും എല്ലാം. അതോടെ നമ്മുടെ മാനസികസംഘർഷം അവരുടേതു കൂടിയാവുകയാണ്. മറ്റൊരാൾ കൂടി വിഷമിക്കുന്നുവെന്നു ക്രൂരമായ അറിവിൽ നമ്മിലെ സംഘർഷം കുറയുന്നു. എങ്കിലും അപരിചിതർ എന്നും അപരിചിതരായി തുടരില്ലല്ലോ. ഒരിക്കൽ അവരും പരിചയക്കാർ ആകും. അപ്പോൾ, അടുത്ത അപരിചിതർ വരുന്നതുവരെ, രക്ഷതേടി കൗമാരകാലത്തെ സുന്ദരമുഖങ്ങളെ തേടും. മങ്ങിയും തെളിഞ്ഞും ഭംഗിയുള്ള മുഖങ്ങൾ. സന്തോഷവും സന്താപവും നൽകിയ മുഖങ്ങൾ. അവയ്ക്കിടയിൽ ഒരുമുഖം എന്നും വേറിട്ടുനിൽക്കും. ആ മുഖത്തിന്റെ ഉടമക്കു പണ്ടു ചില വാഗ്ദാനങ്ങൾ കൊടുത്തിരുന്നു. എല്ലാ വാഗ്ദാനങ്ങളേയും പോലെ അതും പാലിക്കാനായില്ല. പശ്ചാത്താപത്തെ കുത്തിനോവിച്ചു, ഡയറിത്താളുകൾക്കിടയിൽ ഏതാനും വളപ്പൊട്ടുകൾ സമാധികൊണ്ടു. രാവിന്റെ ആരംഭത്തിൽ താളുകളിലൂടെ പേന ഇഴയുമ്പോൾ വളപ്പൊട്ടുകൾ നെഞ്ചിൽ പരത്തിവക്കും. കുശലംചോദിച്ചു സാവധാനം ഉറക്കത്തിലേക്കു വഴുതും. അങ്ങിനെ കാലം കടന്നുപോയി. അല്ല, കാലങ്ങൾ കടന്നുപോയി. ഡയറിത്താളുകളിൽ പഴമയുടെ ഗന്ധം നിറഞ്ഞു. അതു ശ്വസിച്ചു ചിതലുകളെത്തി അവകാശം സ്ഥാപിച്ചു. ഉടഞ്ഞ വളപ്പൊട്ടുകളെ അസ്വസ്ഥമാക്കി താളുകൾ ഒന്നൊന്നായി കൊഴിഞ്ഞുവീണു. ബാക്കിവന്ന പുറംചട്ട അഗ്നിയിൽ നേദിച്ചു. വളപ്പൊട്ടുകൾ എങ്ങോ പോയി.

എല്ലാം മറക്കണം. തെറ്റുകൾ ആവർത്തിക്കാൻ മറവി അനുഗ്രഹമാണ്. അതിനോളം പോന്ന മരുന്നില്ല. കുടിലിന്റെ മൂലയിൽകണ്ട കയറുവരിഞ്ഞ കട്ടിലിൽ ചെന്നിരുന്നു. നെഞ്ച് അതിദ്രുതം മിടിച്ചു. വിയർപ്പുതുള്ളികൾ തറയിൽ ഉതിർന്നുവീണു. കയറ്റുകട്ടിലിൽ പാതിയോളം നെടുകെകീറിയ ഒരു പുതപ്പു വിരിച്ചിരുന്നു. ഡിസൈനുകളില്ലാത്ത മുഷിഞ്ഞ ഒന്ന്. വിരികൾക്കുള്ളിലൂടെ നുഴഞ്ഞുകയറിയ ഏതാനും നാരുകൾ തുടയിൽ ഇക്കിളികൂട്ടാൻ ശ്രമിച്ചു. പക്ഷേ കാലപ്പഴക്കത്തിൽ മുനകളുടെ മൂർച്ച ശോഷിച്ചതു അവർക്കറിയില്ലായിരുന്നു. മനുഷ്യരെപ്പോലെ തന്നെ ചകിരിനാരുകളും.

ഓലക്കീറിലെ വിടവിലൂടെ പുറത്തേക്കു നോക്കി. വിൽക്കാൻവച്ചിരുന്ന കരിക്കിൻ‌കുലകൾ തെങ്ങോലകൊണ്ടു മൂടിയിരിക്കുന്നു. വീശിയടിക്കുന്ന കാറ്റിൽ ഓലകൾ പറക്കാതിരിക്കാൻ മുളങ്കോലുകൾ മീതെ വച്ചിട്ടുണ്ട്. ഓലവാതിൽ നിരക്കിനീക്കി അക്ക തിരിച്ചെത്തി. കട്ടിലിനു എതിരെ തറയിൽ കുന്തിച്ചിരുന്നു. വീണ്ടും മുറുക്കാൻപൊതി തുറന്നു വെറ്റിലയെടുത്തു. അക്കയുടെ മനസ്സ് വായിക്കാൻ കഴിഞ്ഞില്ല.

അക്ക ചോദിച്ചു. “എല്ലി ഹോഗതെ?”2
“ലക്ഷ്യമില്ലാത്ത യാത്രയായിരുന്നു അക്ക. ഇപ്പോൾ മനസിലാകുന്നു, ഇവിടമായിരുന്നു ലക്ഷ്യമെന്ന്”
“ഹഹഹഹ, ഒല്ലെ മാത്താദിദ്രി” അക്ക കൂട്ടിച്ചേർത്തു. “ചുർക്കിദിയ”

മിടുക്കൻ! ആ വാചകത്തിന്റെ പ്രതിധ്വനികൾ ചുറ്റിലും നിറഞ്ഞു. ഇതുതന്നെയാണ് അന്നും കേട്ടത്. അഭിമുഖത്തിനുശേഷം ഇന്റർവ്യൂവർ പറഞ്ഞതും ഇതുതന്നെ. ‘You are a talented guy’.

അപ്പോൾ എന്തെന്നില്ലാത്ത ഉറപ്പുതോന്നി. ഇതടിച്ചതുതന്നെ. ബസുകാത്തു നിൽക്കുമ്പോൾ നാട്ടിലേക്കു വിളിച്ചു. ആവേശത്തോടെ എല്ലാം പറഞ്ഞു. അപ്പുറത്തു കനത്ത നിശബ്ദതമാത്രം. അനുജനു ആശ കൊടുക്കുന്നവരെ ജ്യേഷ്ഠൻ എന്നും ഭയന്നിരുന്നു. കാലം പഠിപ്പിച്ചതു അതാണ്. കാലം പഠിപ്പിക്കുന്നതും അതാണ്.

“ഇപ്പോൾ ഒന്നും ഉറപ്പിക്കണ്ട... സമയമാകട്ടെ”

കുടിലിനു പുറത്തു കത്തിയെരിയുന്ന വെയിലിനു ഭാവമാറ്റം വന്നു. പ്രകൃതിയുടെ ഏതോ ആഗ്രഹം ശമിക്കുകയാണ്. ഓലയുടെ വിടവുകളിലൂടെ കയറിവരുന്ന പ്രകാശരശ്മികളുടെ തീവ്രത കുറഞ്ഞിരുന്നു. ഉള്ളിലേക്കു കയറിവരുന്ന കാറ്റിനു വേനലിനു ചേരാത്ത ഊഷ്മളത. കുടിലിന്റെ പനയോലമേഞ്ഞ മേൽക്കൂരയിൽ എന്തോ താളാത്മകമായി വന്നുവീണു. ആരെങ്കിലും വളപ്പൊട്ടുകൾ വാരിവിതറിയോ? കാതോർത്തു ശ്രദ്ധിച്ചു. ഒട്ടുനേരത്തെ നിശബ്ദത. അതിനുശേഷം വീണ്ടും അതേ താളങ്ങളുടെ കുറച്ചുകൂടി ദീർഘമായ ആവർത്തനം. താളംമുറുകുന്ന പഞ്ചാരി പോലെ നാലഞ്ചുതവണ ഇതാവർത്തിച്ചു. ഒടുവിൽ പനയോലയിൽ മഴത്തുള്ളികൾ തുടരെ വന്നുപതിച്ചു. ഇടവേളകളില്ലാത്ത താളം. നീണ്ട യാത്രക്കുശേഷം കൂടണഞ്ഞ ആഹ്ലാദത്തിൽ മഴത്തുള്ളികൾ നാലുപാടും ചിതറിത്തെറിച്ചു. അവയുടെ അനാദിയായ തണുപ്പിൽ ഭൂമി ആശ്വാസം കൊണ്ടു. മഴയുടെ സാന്നിധ്യമറിഞ്ഞു അക്ക വാതിലിനു അടുത്തുചെന്നു പുറത്തേക്കു നോക്കി.

“Sorry Sunil. They already selected one guy. So you have less chance now. And, unfortunately i failed to track the reason for rejection”

പ്രതീക്ഷിക്കാത്ത വാർത്തയാണ് ഇന്നു ജിതുവിന്റെ ഇമെയിലിൽ വായിച്ചത്. തികച്ചും നെഗറ്റീവ്. എന്നിട്ടും അവസാനം നടത്തിയ കൂട്ടിച്ചേർക്കലുകൾ ചിരിപ്പിച്ചു. ഈക്വൽ ഓപ്പർച്ചുനിറ്റി തൊഴിൽദാതാക്കളും പതിവുകൾ തെറ്റിച്ചില്ലല്ലോ. അതോർത്തപ്പോൾ പിടിച്ചുനിൽക്കാനായില്ല. വെറുതെ ചിരിച്ചു. അതിനുപിന്നിലെ മനശാസ്ത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ജീവിതം എന്ന മൂന്നു അക്ഷരങ്ങളുള്ള വാക്കിനു മനുഷ്യരെ പലതും പഠിപ്പിച്ചെടുക്കാൻ സാധിക്കും. അതും വളരെ പെട്ടെന്ന്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നവനെ അഞ്ചുനിമിഷത്തിനുള്ളിൽ തകർത്തു, പൊള്ളയായി ചിരിപ്പിക്കുകയും ചെയ്യും. ഇപ്പോൾ ബോധ്യമായി.

കട്ടിലിൽ തലകുനിച്ചിരുന്നു. മഴയെ തനിയെവിട്ടു അക്ക വാതിൽക്കൽനിന്നു പിന്തിരിഞ്ഞു. നിറഞ്ഞ കണ്ണുകണ്ടു അന്വേഷിച്ചു. “യാക്കെ അലൂദു?“3
മിണ്ടിയില്ല. അക്ക ചോദ്യം ആവർത്തിച്ചു. “മാത്താടു...“

ഒന്നും പറയാതെ കട്ടിലിൽനിന്നു എഴുന്നേറ്റു. വാതിൽ നിരക്കിനീക്കി, മഴയിലേക്കിറങ്ങി. ബൈക്കിനുനേരെ നടന്നു. അപരിചിതന്റെ ദുഃഖം ഏറ്റുവാങ്ങാതെ അക്ക രക്ഷപ്പെട്ടു. അവർ അപരിചിതയായി ഇന്നും തുടരുന്നു.