Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Sunday, September 26, 2010

നീലമരണം

ഇളം‌നീല ഇന്‍‌ലന്‍ഡ് നാലായി മടക്കി നിവര്‍ത്തി അയാൾ കത്തെഴുതാൻ ഇരുന്നു. കൈത്തലം മനസ്സിനൊപ്പം ചലിച്ചു തുടങ്ങി.

“പ്രിയപ്പെട്ട അമ്മക്കു,
                                     കുറച്ചുനാളിനുശേഷം ഇന്നേ കത്തെഴുതാൻ ഒഴിവുകിട്ടിയുള്ളൂ. എന്റെ തിരക്കുകൾ അറിയാമല്ലോ. നാട്ടില്‍‌നിന്നു എത്തിയ ദിവസംതന്നെ കമ്പനി ഹുബ്ലിയിലേക്കു അയച്ചു. റെയില്‍‌വേയുടെ പുതിയ പ്രോജക്ട് തുടങ്ങുന്നതിനു മുന്നോടിയായുള്ള സന്ദർശനം. അതു കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പ്രതീക്ഷിക്കാത്ത മറ്റു ചില പണികളും കിട്ടി. കത്തെഴുതണമെന്ന ആഗ്രഹം അങ്ങിനെ നീണ്ടുപോയി. അമ്മ പരിഭവിക്കില്ലെന്നു കരുതുന്നു.

കഴിഞ്ഞതവണ നാട്ടിൽ വന്നപ്പോൾ ഞാൻ റൂം മാറുന്നകാര്യം പറഞ്ഞിരുന്നില്ലേ. അതു ഭംഗിയായി നടന്നു. പുതിയവീട് മുമ്പു താമസിച്ചിരുന്ന വീടിനു അടുത്തുതന്നെയാണ്. ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഏറ്റവും മുകളിലെ നിലയിൽ. താഴെയുള്ള നിലകളിൽ ആകെ ആറു കുടുംബങ്ങൾ. എല്ലാവരും അന്യദേശക്കാർ. കന്നഡയും ഹിന്ദിയും കുറച്ചു അറിയാവുന്നതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ എല്ലാം കൈകാര്യം ചെയ്യുന്നു.

പിന്നെ ഞാനൊരു പ്രധാനകാര്യം പറയാൻ പോവുകയാണ്. അമ്മ പരിഭ്രമിക്കരുത്. എന്നെ സംബന്ധിച്ച് ഇതു നിസ്സാര സംഗതിയാണ്. ഞാനിപ്പോൾ താമസിക്കുന്നതു നാലു നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണെന്നു പറഞ്ഞല്ലോ. പക്ഷേ ഇതിനെ ശരിക്കുമൊരു നില എന്നുവിളിക്കാൻ പറ്റില്ല. ടെറസിൽ പുതുതായി പണിത, ചെറിയ ഹാളും അത്രതന്നെ വലുപ്പമുള്ള ബെഡ്‌റൂമും കിച്ചണുമുള്ള കൊച്ചുവീടാണിത്. ഇവിടെ മുമ്പു താമസിച്ചിരുന്നതു അടുത്തുള്ള സ്‌കൂളിലെ ടീച്ചറാണ്. അവിവാഹിതയായ മുപ്പതുകാരി. അവരുടെ വീട് വടക്കൻ കര്‍ണാടകയിലാണ്. ഇവിടെ അധികം ബന്ധങ്ങളില്ലായിരുന്നു. മൂന്നുമാസം മുമ്പ് ചെറുപ്പക്കാരി ടീച്ചർ ഈ റൂമിലെ ഫാനിൽ തൂങ്ങി മരിച്ചു. ചുരിദാറിന്റെ ഷാളിലാണ് തൂങ്ങിയത്. കാരണം ആര്‍ക്കുമറിയില്ല. പ്രണയനൈരാശ്യമോ മറ്റോ ആകാം. അതെന്തെങ്കിലുമാകട്ടെ, ഞാൻ പറയാൻ വന്നതു വേറെ കാര്യമാണ്. ഞാൻ കിടന്നുറങ്ങുന്നതു ആ ചെറുപ്പക്കാരി തൂങ്ങിമരിച്ച അതേ മുറിയിലാണമ്മേ. രാത്രിയിൽ ഫാൻ കറങ്ങുമ്പോൾ എന്റെ മനസ്സിൽ ചെറിയ പേടി ഇല്ലായെന്നല്ല. പക്ഷേ അമ്മക്കറിയാമല്ലോ കൗമാരകാലത്തു ഞാനൊരു നിരീശ്വരവാദിയായിരുന്നെന്ന കാര്യം. അത്തരം വിശ്വാസങ്ങളുമായി ഇക്കാലത്തു ബന്ധമില്ലെങ്കിലും ചില ചിന്തകൾ എന്നിലിപ്പോഴുമുണ്ട്. അവയുടെ ബലത്തിൽ ഈ മുറിയിൽ താമസിക്കാൻ ബുദ്ധിമുട്ടില്ല“

കത്തെഴുത്ത് ഇത്രയുമായപ്പോൾ അയാളുടെ പിന്നിൽ ഒരു സ്ത്രീയുടെ ചിരിയുയര്‍ന്നു. അതു ഗൗനിക്കാതെ അയാൾ എഴുതുന്നത് തുടര്‍ന്നു.

“അമ്മ ഇപ്പോൾ പറയാൻ പോകുന്നതെന്താണെന്നു എനിക്കറിയാം. ഉടനെ ഇവിടെ മറ്റൊരു റൂം കണ്ടെത്താൻ ബുദ്ധിമുട്ടാണമ്മേ. ഈ മുറിയാണെങ്കിൽ ആരും താമസിക്കാൻ തയ്യാറാകാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. മുമ്പ് താമസിച്ചിരുന്ന ചെറുപ്പക്കാരിയിൽനിന്നു വാങ്ങിയതിന്റെ പകുതി വാടകയ്ക്കാണ് ഞാൻ താമസിക്കുന്നത്. വീടിന്റെ ഉടമസ്ഥൻ ആരെങ്കിലും താമസിക്കാൻ വരുന്നതും കാത്തിരിപ്പായിരുന്നു. ഞാൻ അദ്ദേഹത്തെ കണ്ടു ആവശ്യം അറിയിച്ചപ്പോൾ അയാളുടെ മുഖത്തു എന്തു സന്തോഷമായിരുന്നെന്നോ. അടുത്ത നിമിഷം, ഒരു അവിവാഹിത യുവതി തൂങ്ങിമരിച്ച വീടാണെന്നു അറിയുമോയെന്ന് ആശ്ചര്യത്തോടെ ചോദിക്കുകയും ചെയ്തു. അറിയാമെന്നും അധികം ദൂരെയല്ല ഞാൻ താമസിക്കുന്നതെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിനു പിന്നേയും വിസ്‌മയം. ഏറ്റവും ഒടുവിലാണ് ഞാൻ പ്രതീക്ഷിച്ച ചോദ്യം ഉടമസ്ഥൻ ചോദിച്ചത്. അതായത് എനിക്കു പ്രേതങ്ങളിലോ ദൈവങ്ങളിലോ വിശ്വാസമുണ്ടോ എന്ന്. ഞാനെന്തു മറുപടിയായിരിക്കും കൊടുത്തിരിക്കുകയെന്നു അമ്മക്കറിയാമല്ലോ.

അപ്പോൾ ഞാൻ നിര്‍ത്തുകയാണ്. ഉടനെ ഈ മുറിയിൽനിന്നു മാറാൻ എനിക്കു പ്ലാനില്ല അമ്മേ. ചെറുപ്പക്കാരിയുടെ പ്രേതവുമായി പ്രേമത്തിലാകുമോ എന്നൊന്നും ഭയക്കേണ്ട. പ്രേമിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ലെന്നു അമ്മയ്ക്കു അറിയാമല്ലോ. എല്ലാവരോടും എന്റെ അന്വേഷണങ്ങൾ പറയുക.

അപ്പോൾ ഞാൻ നിറുത്തുന്നു.
സ്നേഹത്തോടെ
അമ്മയുടെ
.“

എഴുതിയത് ഒരാവര്‍ത്തികൂടി വായിച്ച്, അയാൾ ഇന്‍‌ലന്‍ഡ് നാലായി മടക്കി. പുറത്തു മേല്‍‌വിലാസം എഴുതി. ചുണ്ടിൽ വിരലോടിച്ച് തുപ്പൽ കാര്‍ഡിന്റെ ഓരത്തുതേച്ചു. എല്ലാം ഭദ്രമെന്നു ഉറപ്പുവരുത്തി അയാൾ കത്ത് മേശപ്പുറത്തിട്ടു. കത്തിനു മുകളിൽ പേന വച്ചു. തുടര്‍ന്നു ജനലിനുനേരെ നോക്കി പറഞ്ഞു.

“കഴിഞ്ഞു”

അയാള്‍ക്കു പുറം‌തിരിഞ്ഞു, ജനലിനു അഭിമുഖമായി ഒരു യുവതി നിന്നിരുന്നു. അയാളുടെ അറിയിപ്പ് അവരിൽ പ്രതികരണം ഉണ്ടാക്കിയില്ല. ആകാശത്തുള്ള നക്ഷത്രങ്ങളിലായിരുന്നു യുവതിയുടെ ശ്രദ്ധ. സീറോവാട്ട് ബള്‍ബുപോലെ മങ്ങി പ്രകാശിക്കുന്ന യുവതിയുടെ നീലക്കണ്ണുകൾ ആകാശസീമയിലുള്ള എന്തിനെയോ ഉറ്റുനോക്കുകയാണ്. കണ്ണിമയനക്കാതെ ശില സമാനമായ നില്‍പ്പ്. അതേറെ നേരം നീണ്ടു. മൂകതയിൽ അസ്വസ്ഥനായി അയാൾ ചുമച്ചു. അപ്പോൾ യുവതി ആകാശത്തുനിന്നു ശ്രദ്ധമാറ്റി അയാളെ കയ്യാട്ടി വിളിച്ചു.

“നീ കണ്ടോ അപ്പുറത്തെ ടെറസിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ചെറുപ്പക്കാരനെ“

യുവതിയുടെ തോളിനുമുകളിലൂടെ അയാൾ എത്തിച്ചുനോക്കി. അപ്പുറത്തെ ടെറസ്സിൽ ഉലാര്‍ത്തുന്ന ചെറുപ്പക്കാരനെ അയാള്‍ക്കു പരിചയമുണ്ടായിരുന്നു. യുവതി തുടര്‍ന്നു.

“ഞാൻ മരിക്കുന്നതിനുമുമ്പ് ഈ ജനലരുകിൽ കസേരയിട്ടു കുട്ടികള്‍ക്കു പിറ്റേന്നത്തേക്കുള്ള പാഠഭാഗങ്ങൾ തയ്യാറാക്കുമ്പോൾ അവനെ പതിവായി കാണുമായിരുന്നു“

“ആരെ അദ്ദേഹത്തെയോ!” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.

“നിനക്കെന്താ ഞാൻ പറയുന്നതിൽ വിശ്വാസമില്ലേ?”

അയാൾ മറുപടി പറഞ്ഞില്ല. യുവതിയിൽനിന്നു നോട്ടം പിന്‍‌വലിച്ചു അപ്പുറത്തെ ടെറസ്സിലേക്കു നോക്കി. രണ്ടു ബില്‍ഡിങ്ങുകളും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. ടെറസുകളാണെങ്കിൽ മുട്ടിയുരസിയാണ് നിൽപ്പ്. ഈ കെട്ടിടത്തിൽനിന്നു അനായാസം അടുത്ത കെട്ടിടത്തിലേക്കു പോകാം. പടികൾ കയറുന്നപോലെ അനായാസം. നഗരത്തിലെ ഭൂരിഭാഗം ജനവാസകേന്ദ്രങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. നേര്‍ത്ത അതിരിനാൽ വേര്‍‌തിരിക്കപ്പെട്ടവർ. എന്നാൽ മനസ്സുകൊണ്ടു വളരെ അകന്നവരും.

യുവതി ചൂണ്ടിക്കാണിച്ച യുവാവിനെ അയാള്‍ക്കു പണ്ടേ അറിയാമായിരുന്നു. അഞ്ചുകൊല്ലം മുമ്പ് നഗരത്തിൽ എത്തിയനാൾ മുതൽ ആ ചെറുപ്പക്കാരനെ കാണുന്നതാണ്. ആരും കൂടെയില്ലാതെ ഒറ്റക്കു താമസിക്കുന്ന സുമുഖൻ. വെളുപ്പിനു നീലനിറമുള്ള പാന്റും ടീഷർട്ടും ധരിച്ച് ജോഗിങ്ങിനുപോയി മടങ്ങിവരുന്നത് ഗേറ്റിനരുകിൽ പത്രം മറിച്ചുനോക്കി, പല്ലുതേച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ എന്നും കാണാറുണ്ട്. എട്ടരക്കു ‘HCL’ ലേബലുള്ള ലാപ്‌ടോപ് ബാഗ് തോളിൽ തൂക്കി ചെറുപ്പക്കാരൻ ജോലിക്കു പോകും. രാത്രി ഏഴിനു തിരിച്ചെത്തും. പിന്നെ പുറത്തു കാണില്ല.

അയാൾ തിരികെ കസേരയിൽ വന്നിരുന്നു. “ആ ചെറുപ്പക്കാരൻ രാത്രി പുറത്തിറങ്ങാറില്ലെന്നാണ് ഞാൻ കരുതിയത്”

അയാളുടെ സ്വരത്തിൽ കീഴടങ്ങലിന്റെ ധ്വനിയുണ്ടായിരുന്നു. ഇത്രനാൾ കണ്ടുപരിചയിച്ച ഒരുവന്റെ അറിയാത്ത പതിവുചര്യകളെപ്പറ്റി മറ്റൊരാൾ പറയുമ്പോൾ ഒന്നു തര്‍ക്കിക്കാൻ പോലും കഴിയാത്തതിന്റെ കുണ്ഠിത്തം.

“അത് അങ്ങിനെയല്ല. അവൻ എന്നും രാത്രി പത്തരയോടെ ടെറസിൽ ഉലാത്താൻ വരും. പക്ഷേ അവനതു വെറുമൊരു നടത്തമല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉലാത്തുന്നത് സ്വബോധത്തോടെയാണോ എന്നുപോലും സംശയമുണ്ട്. കാരണം എവിടെയെങ്കിലും എന്തെങ്കിലും ശബ്ദമുണ്ടായാലോ അടുത്തുള്ള ടെറസ്സുകളിൽ ആരെങ്കിലും വന്നുകയറിയാലോ അവനിൽ യാതൊരു ഭാവഭേദവുമുണ്ടാകില്ല. ഒന്നും ശ്രദ്ധിക്കാതെ ഈ ലോകത്തു താൻ മാത്രമേയുള്ളൂവെന്ന മട്ടിൽ തലങ്ങും വിലങ്ങും നടക്കും“

വിവരണം അത്രയുമായപ്പോൾ അയാൾ യുവതിയെ കൂര്‍പ്പിച്ചുനോക്കി. നോട്ടം കൊണ്ടെന്താണ് അയാൾ ഉദ്ദേശിക്കുന്നതെന്നു യുവതിക്കു മനസ്സിലായി.

“നിങ്ങൾ സംശയിക്കണ്ട. എനിക്കവനെ ഇഷ്ടമായിരുന്നു. കാരണമൊന്നുമില്ലാതെയുള്ള പ്രേമം. എന്നും ഞാനവനെ അവനറിയാതെ നിരീക്ഷിക്കും. അവന്റെ ഏകാന്തതക്കു വിരാമമിടാൻ മുറിയിൽനിന്നു പുറത്തിറങ്ങി നടക്കും. ക്രമേണ അങ്ങിനെ നടക്കുന്നത് എന്റേയും ശീലമായി. ഇടക്കു മനപ്പൂര്‍വ്വമല്ലെന്ന വിധത്തിൽ ഞാൻ എവിടെയെങ്കിലും തട്ടും. പക്ഷേ അവനിൽ യാതൊരു ഭാവഭേദവും ഉണ്ടാകില്ല. എപ്പോഴും നടപ്പുതന്നെ. ഒരു മണിക്കൂറെങ്കിലും കഴിയാതെ ടെറസിൽനിന്നു പോകില്ല. നടത്തത്തിനിടയിൽ ഒരിക്കൽപോലും, ഇരിക്കാൻ പാകത്തിനുള്ള പൊക്കമുള്ള, ആ അലക്കുകല്ലിൽ ഇരിക്കുകയുമില്ല. എന്തോ ഇത്തരം വിചിത്രമായ രീതികൾ കൊണ്ടാണെന്നു തോന്നുന്നു എനിക്കു അവനിൽ താല്പര്യം തോന്നിയത്. പക്ഷേ ഒരിക്കൽ മാത്രമേ അവനെന്നെ നോക്കിയിട്ടുള്ളൂ”

അയാളിൽ ജിജ്ഞാസയുണര്‍ന്നു. “എങ്ങിനെയാണ് നീയവന്റെ ശ്രദ്ധയാകര്‍ഷിച്ചത്?”

യുവതി നിഷേധാര്‍ത്ഥത്തിൽ തലയാട്ടി.

“ഞാൻ ശ്രദ്ധയാകര്‍ഷിച്ചതല്ല. മറിച്ച് അവൻ എന്നോടു സംസാരിക്കുകയാണുണ്ടായത്. ഒരിക്കൽ നടന്നു ക്ഷീണിച്ചപ്പോൾ ഞാൻ ടെറസ്സിന്റെ കൈവരിയിൽ ഇരുന്നു. തൊട്ടപ്പുറത്തു അവനുണ്ടെന്ന ചിന്ത എന്റെ മനസ്സിലില്ലായിരുന്നു. അവനെപ്പോഴും അവന്റെ ലോകത്തു മാത്രമാണ്. പക്ഷേ തോളിലൊരു കൈത്തലം മൃദുവായി സ്പര്‍ശിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി”

“എന്താണ് അവൻ ചോദിച്ചത്?”

“ഒരു വിചിത്രമായ ചോദ്യം. ആദ്യമെനിക്കു മനസ്സിലായില്ല. അതുപോലുള്ള ചോദ്യങ്ങൾ ആരെങ്കിലും ചോദിക്കുമെന്നു ഞാൻ തീരെ കരുതിയിരുന്നില്ല. പ്രതീക്ഷിച്ച ചോദ്യങ്ങളിലൊന്നും അവന്റെ ചോദ്യമുണ്ടായിരുന്നില്ല. ചോദ്യത്തിലെ പദാവലികൾ വളരെ വ്യത്യസ്തവുമായിരുന്നു“

ഒന്നു നിര്‍ത്തിയിട്ടു യുവതി തുടര്‍ന്നു. “ആകാശത്തുള്ള ഒരുപാട് നക്ഷത്രങ്ങളിലായിരിക്കും മിക്കപ്പോഴും അവന്റെ നോട്ടം. അവയില്‍‌നിന്നു കണ്ണെടുക്കാതെയാണ് ടെറസിലൂടെ നടക്കുന്നതും. എന്നോടു സംസാരിച്ചപ്പോഴും കുറച്ചുനേരമേ എന്റെ മുഖത്തു നോക്കിയുള്ളൂ. പിന്നെ പതിവുപോലെ ആകാശത്തേക്കു കണ്ണുനട്ടു. അവിടെ അവനൊരു നീലനക്ഷത്രത്തെ കാണുന്നുണ്ടെന്നും അവിടെനിന്നാരോ എന്നെ അങ്ങോട്ടു വിളിക്കുന്നുണ്ടെന്നുമാണ് പറഞ്ഞത്. ഇതു പറയുമ്പോൾ അവന്റെ കണ്ണുകൾ നീലനിറത്തിൽ ശോഭിച്ചിരുന്നു. അവൻ ചൂണ്ടിയിടത്തേക്കു നോക്കിയപ്പോൾ നീലനിറത്തിൽ തിളങ്ങുന്ന വലിയൊരു നക്ഷത്രം ഞാൻ കാണുകയും ചെയ്തു”

“എന്നിട്ട്” യുവതിയുടെ വിവരണത്തിൽ അയാള്‍ക്കു രസം കയറി.

“ഞാൻ കണ്ണെടുക്കാതെ ആ നീലനക്ഷത്രത്തെ നോക്കിനിന്നു. അതിനു വല്ലാത്ത ആകർഷണശക്തിയായിരുന്നു. എത്രനേരം അങ്ങിനെ നിന്നെന്നറിയില്ല. അവസാനം ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അടുത്ത ടെറസിൽ അവനെ കണ്ടില്ല. ദൗത്യം പൂര്‍ത്തിയാക്കി അവൻ പോയിരുന്നു”

വളരെനാളുകളായി മനസ്സിൽ പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന, അന്നുവരെ ചോദിച്ചിട്ടില്ലാത്ത ചോദ്യം ചോദിക്കാൻ ഇപ്പോഴാണ് പറ്റിയ സന്ദര്‍ഭമെന്നു അയാള്‍ക്കു തോന്നി.

“എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നു നീയെന്നോടു ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ. ആത്മഹത്യചെയ്യാൻ എന്തെങ്കിലും കാരണങ്ങൾ നിനക്കുള്ളതായി തോന്നിയിട്ടുമില്ല”

യുവതി വല്ലാത്ത മുഖഭാവത്തോടെ വീണ്ടും ആകാശത്തു നോക്കി. അവരുടെ കണ്ണുകളിൽ നീലനിറം കൂടുതൽ വ്യാപിക്കുന്നത് അയാൾ കണ്ടു.

“നോക്കൂ. ആകാശത്തിന്റെ അങ്ങേ അതിരിൽ പ്രകാശിച്ചുനില്‍ക്കുന്ന ഒരു നീലനക്ഷത്രത്തെ നിനക്കിപ്പോൾ കാണാമോ?”

അയാൾ കസേരയില്‍‌നിന്നു എഴുന്നേറ്റു ജനലരുകിലേക്കു ചെന്നു. യുവതി ചൂണ്ടിയിടത്തു അയാൾ നക്ഷത്രം കണ്ടില്ല. മറ്റു ഭാഗങ്ങളിൽ ധാരാളമുള്ള ചെറുനക്ഷത്രങ്ങൾ യുവതി കൈചൂണ്ടിയ ഭാഗത്തില്ലെന്നു മാത്രം മനസ്സിലാക്കി.

“അവിടെ ഒന്നുമില്ലല്ലോ”

യുവതി നിഷേധിച്ചു. “ഉണ്ട്. നക്ഷത്രങ്ങളിലാത്ത ആ ഭാഗത്തൊരു നീലനക്ഷത്രം ഏകയായി നില്‍പ്പുണ്ട്. ആ നക്ഷത്രത്തെപ്പറ്റി പറയുമ്പോൾ ‘ഏക’ എന്ന സ്ത്രീലിംഗം പ്രയോഗിക്കാമോ എന്നറിയില്ല. പക്ഷേ നിസ്സഹായതയെ എന്നിൽ പലപ്പോഴും അടയാളപ്പെടുത്തുന്നത് സ്ത്രീകളാണ്. ഞാൻ കണ്ടിട്ടുള്ള പുരുഷന്മാരിൽ അധികവും ഏകാകികളല്ല“

വിഷയത്തിൽനിന്നു വ്യതിചലിച്ചു പോകുന്നതായി തോന്നിയതുകൊണ്ടു യുവതി സംസാരം നിര്‍ത്തി വീണ്ടും തുടര്‍ന്നു.

“നക്ഷത്രങ്ങളില്ലാത്ത ഭാഗത്തുനില്‍ക്കുന്ന നീലനക്ഷത്രത്തെ നീ കാണുന്നില്ലേ അല്ലേ? ഉം കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാൽ


“കണ്ടാൽ?” അയാൾ തിരിച്ചുചോദിച്ചു.

“കണ്ടാൽ ഒരുപക്ഷേ നീയും എന്നെപ്പോലെ നീലമരണത്തെ ഇഷ്ടപ്പെട്ടേക്കാം”

കേട്ടതു മനസ്സിലാകാതെ അയാൾ മിഴിച്ചുനിന്നു. നീലമരണം. വാക്യങ്ങളുടെ അര്‍ത്ഥപൂര്‍ണമായ കൂടിച്ചേരലിനെ അപ്രസക്തമാക്കുന്ന ഒന്ന്. അതിനുപക്ഷേ താൻ വിചാരിക്കാത്തത്ര അര്‍ത്ഥവ്യാപ്തിയുണ്ടെന്നു അയാള്‍ക്കു തോന്നി. ആ വാചകം ഉരുവിട്ടപ്പോൾ യുവതിയുടെ മുഖത്തു വല്ലാത്തൊരു അഭിനിവേശമുണ്ടായിരുന്നു. മരണത്തിന്റെ ലൌകികഭാവമായിരുന്നോ അത്?

യുവതി തുടര്‍ന്നു.

“അന്നാദ്യമായി ആ നീലനക്ഷത്രത്തെ കണ്ടപ്പോൾ എന്റെയുള്ളിൽ ഒഴിഞ്ഞുകിടന്നിരുന്ന എന്തോ നിറഞ്ഞു കവിയുന്ന പോലെയാണ് എനിക്കു തോന്നിയത്. കാലങ്ങളായി തേടിനടന്ന ഒന്നു കണ്ടത്തി അനുഭവിച്ചതിന്റെ ആഹ്ലാദം എന്നിൽ തിരയടിക്കാൻ തുടങ്ങി. അതോടൊപ്പം എന്റെ ദൃഷ്ടികൾ നീലയിലേക്കു വഴുതുകയും ചെയ്തു. ആ നിറത്തെ ഇഷ്ടപ്പെട്ടപോലെ മറ്റൊന്നിനേയും ജീവിതത്തിൽ ഇഷ്ടപ്പെട്ടിട്ടില്ല. എന്റെ കണ്ണുകൾ എത്തുന്നതെവിടേയും നീലയായി. കണ്ണാടിയിൽ എന്റെ ശരീരത്തിലെ ഓരോ അവയവവും നീലയായി മാറുന്നത് സന്തോഷത്തോടെ ഞാനറിഞ്ഞു. കണ്ണുകൾ, നഖങ്ങൾ, മുലക്കണ്ണുകൾ, നാഭിച്ചുഴി അങ്ങിനെയതു പടരാൻ തുടങ്ങി. ഞാനതെല്ലാം വന്യമായ ലഹരിയോടെ നോക്കിക്കണ്ടു. ആസ്വദിച്ചു. ഒടുക്കം ശരീരമാസകലം നീല വ്യാപിച്ചപ്പോൾ ഇനിയൊരു ലക്ഷ്യമില്ലെന്നു എനിക്കു തോന്നി. കറങ്ങുന്ന നീലപങ്കകളിലേറി ആകാശത്തേക്കുയരാൻ തിരുമാനമെടുത്തത് അങ്ങിനെയാണ്“

യുവതി പറഞ്ഞു നിര്‍ത്തി. അയാൾ അതൊന്നും വിശ്വസിച്ചില്ല. എന്തോ മതിഭ്രമത്തിനു തന്റെ സുഹൃത്തു വിധേയയാണെന്നു കരുതി ആശ്വസിച്ചു. ആകാശത്തേക്കു ഇമവെട്ടാതെ നോക്കിനില്‍ക്കുന്ന യുവതിയെ തനിയെവിട്ടു അയാൾ ഉറങ്ങാൻ കിടന്നു.

അയാൾ തളര്‍ന്നിരുന്നു. ശാരീരികമെന്നതിനേക്കാൾ മാനസികമായ തളര്‍ച്ച. അവിശ്വസനീയമായ ഒരു കെട്ടുകഥയാണ് കുറച്ചുമുമ്പു വിവരിക്കപ്പെട്ടത്. ഓരോ കെട്ടുകഥയും, കേള്‍ക്കുന്ന വ്യക്തിയിൽ കനത്ത സമ്മര്‍ദ്ദമുണ്ടാക്കുമെന്നു ബോധ്യം വന്നിരിക്കുകയാണ്. അങ്ങിനെ ചിന്തിച്ചു അയാൾ ഉറക്കത്തിലേക്കു വഴുതി. സ്വപ്നങ്ങൾ കാണാറില്ലാത്ത അയാളുടെ രാവുകള്‍ക്കു അപവാദമായി അന്നു ആറാമിന്ദ്രിയത്തിനു മുന്നിൽ നീലനിറമുള്ള കിനാവുകൾ ജ്വലിച്ചുയര്‍ന്നു. ആ കിനാവുകളിൽ നീലനിറമുള്ള നക്ഷത്രം തെളിഞ്ഞു. ആകാശത്തു, മഞ്ഞപ്രകാശം പൊഴിക്കുന്ന ചെറുനക്ഷത്രങ്ങളില്ലാത്ത ഒരിടത്തു, ഏകാകിയായി നില്‍ക്കുന്ന നീലനക്ഷത്രം. അതില്‍‌നിന്നു താഴോട്ടുവീണ നീലനിറമുള്ളൊരു വെള്ളത്തുള്ളി വായുവിൽ തെന്നിപ്പറന്നു കണ്ണിൽ പതിച്ചപ്പോൾ അയാൾ ഞെട്ടിയുണര്‍ന്നു. അമ്പരപ്പോടെ ചുറ്റും നോക്കി. ജനലരുകിൽ യുവതി ഇല്ലായിരുന്നു.

അയാൾ എഴുന്നേറ്റു. മണ്‍‌കൂജയിലെ തണുത്തവെള്ളമെടുത്തു കുടിച്ചു. വീണ്ടും കിടക്കയിൽ ചായാതെ കതകുതുറന്നു പുറത്തിറങ്ങി. അപ്പുറത്തെ ടെറസിൽ ചെറുപ്പക്കാരനെ കണ്ടു. അപ്പോൾ യുവതി പറഞ്ഞതെല്ലാം കെട്ടുകഥയല്ല. ചെറുപ്പക്കാരൻ രാത്രികളിൽ ഉലാത്താൻ വരാറുണ്ട്. അയാൾ കെട്ടിടത്തിന്റെ നിഴലിൽ ഒളിച്ചുനിന്നു. സ്നേഹിതയായ യുവതിയെ കാണാൻ അയാൾ കുറച്ചുവൈകി. ചെറുപ്പക്കാരനു മുന്നിൽ കുറ്റം ചെയ്തവളെപ്പോലെ തലകുനിച്ചു മുട്ടുകുത്തിയിരിക്കുകയായിരുന്നു യുവതി. അയാള്‍ക്കൊന്നും മനസ്സിലായില്ല. അഴിക്കാൻ പറ്റാത്ത കുരുക്കുകൾ. അവ കൂടുതൽ മുറുകിവന്നു. അതിനു ആക്കംകൂട്ടി യുവതി എഴുന്നേറ്റു ചെറുപ്പക്കാരനെ ഗാഢം ആലിംഗനം ചെയ്‌തു. ഒരുമെയ്യായി നില്‍ക്കുന്ന ഇരുവര്‍ക്കു ചുറ്റും വര്‍ത്തുളാകൃതിയിൽ, കവചമായി ഒരു നീലശോഭ നിലകൊണ്ടു. അയാൾ സ്തംബ്‌ധനായി. സ്വന്തം താവളത്തിലേക്കു ആമയെപ്പോലെ ഉൾവലിഞ്ഞു. സ്വപ്നങ്ങളില്ലാത്ത നിദ്രമോഹിച്ചു കിടന്നു. ഉറങ്ങി.

അതിൽപിന്നെയുള്ള ദിവസങ്ങളിൽ അയാൾ യുവതിയെ എവിടേയും കണ്ടില്ല. എല്ലാ രാത്രികളിലും എവിടെ നിന്നെന്നറിയാതെ വന്നു ആകാശത്തിലെ നീലനക്ഷത്രത്തെ ഉറ്റുനോക്കി ജനൽക്കമ്പികളിൽ മുഖം ചേര്‍ത്തുനില്‍ക്കാറുള്ള സ്നേഹിതയുടെ അഭാവം അയാളെ അസ്വസ്ഥനാക്കി. ആലിംഗനബന്ധരായി നില്‍ക്കുന്ന ചെറുപ്പക്കാരന്റേയും യുവതിയുടേയും ചിത്രം മനസ്സിൽ മായാതെ പതിഞ്ഞിരുന്നു. അത് അയാളിൽ സംശയങ്ങൾ ഉണര്‍ത്തി. അവൾ കൊല്ലപ്പെട്ടിരിക്കുമോ? അടുത്ത നിമിഷത്തിൽ സ്വന്തം ബുദ്ധിശൂന്യതയിൽ അയാൾ ലജ്ജിച്ചു. ഒരിക്കൽ മരിച്ചവർ വീണ്ടും മരിക്കുന്നതെങ്ങിനെ!

യുവതിയുടെ അഭാവം സൃഷ്ടിച്ച വിടവു നികത്താൻ അയാൾ രാത്രികളിൽ അപ്പുറത്തെ ടെറസിൽ ചെറുപ്പക്കാരന്റെ വരവു കാത്തിരുന്നു. നിരാശയായിരുന്നു ഫലം. ചെറുപ്പക്കാരൻ ഉലാത്തലിനിറങ്ങുന്ന സമയങ്ങളിൽ ടെറസിൽ നിലാവുമാത്രം പരന്നു കിടന്നു. കുറച്ചുദിവസം ഇതാവര്‍ത്തിച്ചപ്പോൾ അയാൾ അങ്ങോട്ടു ശ്രദ്ധിക്കാതെയായി. മനസ്സിലെ ഭീതിയൊഴിഞ്ഞു. ചെറുപ്പക്കാരനെപ്പോലെ രാത്രി ഉലാത്തൽ തുടങ്ങിവച്ചു. ഉലാത്തുമ്പോൾ ഒരിക്കൽ പോലും യുവതിയോ ചെറുപ്പക്കാരനോ മനസ്സിൽ വിരുന്നുവന്നില്ല. വരാതിരിക്കാൻ പ്രത്യേകിച്ചു ശ്രമങ്ങൾ നടത്താതിരുന്നിട്ടും അയാള്‍ക്കതിനു സാധിച്ചു. ചിന്തകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.

മുറിയിലേക്കാവശ്യമായ ചില സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള ഷോപ്പിങ്ങ് മാളിലേക്കിറങ്ങിയ ഒരുദിവസം അയാൾ ചെറുപ്പക്കാരനെ വീണ്ടും കണ്ടുമുട്ടി. വളരെ കുറച്ചു സാധനങ്ങളേ വാങ്ങാനുള്ളൂവെങ്കിലും ഷോപ്പിങ്ങ്മാളുകളിൽ കയറുന്നതു ശീലമായി മാറിയിരുന്നു. ചെറുകിട കച്ചവടക്കാരില്‍‌നിന്നു സാധനങ്ങൾ വാങ്ങണമെന്നു അയാളിലെ ധർമ്മബോധം ഉപദേശിക്കുമെങ്കിലും പലപ്പോഴും അതു അവഗണിച്ചു. നഗരം തന്നിൽ അധർമ്മബോധം വളര്‍ത്തുന്നുണ്ടെന്നു അയാൾ ഭയന്നു. ആ ഭയത്തിൽ വിചിത്രമായ വിധം ആനന്ദിക്കുകയും ചെയ്തു. ഷോപ്പിങ്ങ്മാളിലെ ടെക്‌സ്റ്റൈൽസ് വിഭാഗത്തിലൂടെ നടക്കുമ്പോൾ എതിരെനിന്നു വന്ന ഒരാളുടെ തോളിൽ അയാളുടെ ചുമൽ തട്ടി. മുന്‍‌കൂറായി സോറി പറഞ്ഞു തിരിഞ്ഞുനോക്കി. ഏതാനും നിമിഷത്തേക്കു മാത്രമാണ് കണ്ടതെങ്കിലും തിരക്കിലൂടെ അതിവേഗം ഊളിയിട്ടു നടന്നു പോകുന്നത് ആ ചെറുപ്പക്കാരനാണെന്നു മനസ്സിലാക്കാൻ അയാൾ ബുദ്ധിമുട്ടിയില്ല. പിന്തുടര്‍ന്നാലോ എന്ന ചിന്ത മുളയിലേ നുള്ളി. അപകടകരമായേക്കാം. മാളിലെ ചില്ലുജാലകത്തിലൂടെ അയാൾ പുറത്തുനോക്കി. ചെറുപ്പക്കാരൻ പാര്‍ക്കിങ്ങ് ഏരിയയിൽനിന്നു നീലനിറമുള്ള ബൈക്കിറക്കി പോകുന്നത് സുതാര്യമായ ചില്ലിലൂടെ കണ്ടു.

അന്നു രാത്രിഭക്ഷണം വേണ്ടെന്നുവച്ചു. ബെഡിൽ ചാരികിടക്കുമ്പോഴും ശ്രദ്ധ അപ്പുറത്തെ ടെറസിലേക്കായിരുന്നു. ചെറുപ്പക്കാരൻ താമസം നിര്‍ത്തി പോയെന്നാണ് കുറച്ചുനാൾ തുടര്‍ച്ചയായി കാണാതായപ്പോൾ അയാൾ കരുതിയത്. യുവതിയുമായുള്ള ആലിംഗനരംഗം ആ ധാരണക്കു ആക്കംകൂട്ടി. മരിച്ചുകഴിഞ്ഞ ഒരുവളെ ആലിംഗനം ചെയ്യുകയെന്നാൽ എന്താണര്‍ത്ഥം? മരണത്തെ സ്വീകരിക്കുകയെന്നാണോ? ആലിംഗനബന്ധരായി നിന്നപ്പോൾ അവരെ വലയംചെയ്ത നീലവെളിച്ചം എന്താണു സൂചിപ്പിക്കുന്നത്? മനസ്സിലെ ഉത്തരമില്ലാത്ത ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നു ചെറുപ്പക്കാരന്റെ തിരോധാനം. ഇപ്പോളിതാ ചെറുപ്പക്കാരൻ തിരിച്ചുവന്നിരിക്കുന്നു, ചോദ്യങ്ങൾ പുന‌സ്ഥാപിച്ചുകൊണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പ്രതീക്ഷിച്ചപോലെ ചെറുപ്പക്കാരൻ ടെറസിൽ വന്നു. ആകാശത്തേക്കു ഉറ്റുനോക്കി ഉലാത്താൻ തുടങ്ങി. അനുബന്ധമായി ടെറസിൽ നേരിയ നീലവെളിച്ചവും പരന്നു. ഒരുവേള ആരെയോ പ്രതീക്ഷിച്ച്, അയാളുടെ മുറിക്കുനേരെ ചെറുപ്പക്കാരന്റെ നോട്ടമെത്തിയപ്പോൾ അയാൾ പുറത്തിറങ്ങാൻ തീരുമാനിച്ചു. ഷോപ്പിങ്ങ്മാളിൽ വച്ചുനടന്ന ‘കൂട്ടിമുട്ടലി’നെപ്പറ്റി എന്തെങ്കിലും പറയാനുണ്ടാകും. ഒരു ഖേദപ്രകടനം തീര്‍ച്ചയായും പ്രതീക്ഷിക്കാം. അയാൾ അങ്ങിനെ കരുതി മുറിക്കു പുറത്തിറങ്ങി. പക്ഷേ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ചെറുപ്പക്കാരൻ ഒന്നും മിണ്ടാതെ പഴയപടി നടന്നതേയുള്ളൂ. അയാൾ സമീപത്തുണ്ടെന്ന ഭാവംപോലും കാണിച്ചില്ല. എന്തെങ്കിലും പറയുമെന്നു പ്രതീക്ഷിച്ചു അരമണിക്കൂറോളം അയാൾ ടെറസ്സിന്റെ വശത്തിരുന്നു. ഒടുക്കം ഈര്‍ഷ്യയോടെ എഴുന്നേറ്റു തിരിച്ചുനടക്കാൻ തുടങ്ങുമ്പോൾ പിന്നില്‍നിന്നു അപേക്ഷ.

“നില്‍ക്കൂ”

ചെറുപ്പക്കാരന്റെ സ്വരത്തിൽ അധികാരികതയുണ്ടായിരുന്നു. അയാള്‍ക്കത് ഇഷ്ടമായില്ലെങ്കിലും അറിയാതെ അതിനടിമപ്പെട്ടു പോയി. ഒരു പ്രതിമ കണക്കെ എന്തും അനുസരിക്കാൻ തയ്യാറായി അയാൾ ചെറുപ്പക്കാരനു മുന്നിൽനിന്നു. നീലനിറത്തിൽ പ്രകാശിക്കുന്ന കണ്ണൂകളിൽ ഉറ്റുനോക്കി.

ചെറുപ്പക്കാരൻ ആകാശത്തേക്കു വിരൽ ചൂണ്ടി അയാളോടു പറഞ്ഞു. “അങ്ങോട്ടു നോക്കൂ. അവിടെനിന്നു ആരോ താങ്കളെ വിളിക്കുന്നു”

ആകാശത്തു നക്ഷത്രങ്ങളില്ലാത്ത ഒരിടത്തു ഉജ്വലശോഭയോടെ പ്രകാശിക്കുന്ന നീലനക്ഷത്രം. ജനലഴികളിൽ മുഖംചേര്‍ത്തു യുവതി നോക്കിനില്‍ക്കാറുള്ള നീലനക്ഷത്രം. അതയാളെ മാടിവിളിച്ചു. സൌരയൂഥത്തിലെ അനന്തതയിൽ നിലകൊള്ളുന്ന പലതും അയാള്‍ക്കു മുന്നിൽ അനാവരണമായി. അവയിലൂടെ ഒരു അപ്പൂപ്പന്‍‌താടിയായി അയാൾ പറന്നുനടന്നു. യുവതി സൂചിപ്പിച്ചപോലെ എല്ലാം നിറഞ്ഞുകവിയുകയാണ്. കണ്ണിമയനക്കാതെ അയാൾ ഏറെനേരം അവിടെ നിന്നു. ഒടുക്കം കണ്‍‌കോണിൽ നീലരാശി പടര്‍ന്നപ്പോൾ തിരിച്ചുനടന്നു. മെത്തയുടെ പതുപതുപ്പിൽ ഗര്‍ഭപാത്രത്തിലെ ഭ്രൂണസമാനം അയാൾ ചുരുണ്ടുകൂടി. തള്ളവിരൽ ചപ്പി ഉറങ്ങി. ഉറക്കത്തിൽ സ്വപ്നങ്ങൾ കണ്ടു. നീലനിറമുള്ള കഥാപാത്രങ്ങൾ സ‌മൃദ്ധമായ സ്വപ്നങ്ങൾ. അവ അയാളെ തട്ടിയുണര്‍ത്തി ജനലരുകിലേക്കു ആനയിച്ചു. അവിടെ അയാൾ പ്രതിമയായി. അപ്പൂപ്പന്‍‌താടിയായി. മനസ്സിൽ വീണ്ടും നിറവിന്റെ സ‌മൃദ്ധി.

പിറ്റേന്നും, അതിനുശേഷമുള്ള ദിനങ്ങളിലും നീലനിറമുള്ള സ്വപ്നങ്ങൾ ക്ഷണിക്കാതെയെത്തി, ഇന്ദ്രിയങ്ങള്‍ക്കു മുന്നിൽ നിറഞ്ഞാടി. അപ്പോഴൊക്കെ ജനലരുകിൽ ഒരു പ്രതിമ അചഞ്ചലം നിലകൊണ്ടു. നീല വ്യാപിക്കുകയായിരുന്നു. ചുറ്റിലും, ശരീരത്തിലും. ഒടുക്കം മുകളിൽ അതിദ്രുതം തിരിയുന്ന മൂന്നു പങ്കകളിലേക്കും നീല വ്യാപിച്ചു. അതോടെ അയാൾ ഒരുക്കങ്ങൾ ആരംഭിച്ചു. നീലമരണം അയാളെ മാടിവിളിച്ചു.

Saturday, June 12, 2010

അക്ക


വിശാലമായ പാടശേഖരത്തിന്റെ ഓരത്തുള്ള ഈ പാതയിലൂടെ വരുന്നതു രണ്ടാമത്തെ തവണയാണ്. ആദ്യസന്ദർശനത്തിൽ പൊടിനിറഞ്ഞ ചെമ്മൺപാതയായിരുന്നു. പിന്നീടു ടാറിങ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. പലയിടത്തും കരിങ്കൽ‌ചീളുകൾ തലനീട്ടി നിൽക്കുന്നു. ലംബമായി കൂർത്തുനിൽക്കുന്ന കല്ലുകളിൽ വണ്ടികയറാതെ സൂക്ഷിച്ചു ഓടിച്ചു. വഴിയരുകിലെ അടയാളങ്ങൾക്കു മാറ്റങ്ങൾ ഒന്നുമില്ല. മൈൽക്കുറ്റികൾ മാത്രം മുഖം മിനുക്കിയിട്ടുണ്ട്.

കട്ടിഗെനഹള്ളിയിൽ ആദ്യസന്ദർശനം നടത്തിയനാളിൽ ബാംഗ്ലൂർ നഗരത്തിൽ പുതുമുഖമായിരുന്നു. പലയിടത്തേക്കും യാത്രപോകുമ്പോൾ മുഖത്തു പരിഭ്രമം പരക്കും. അപരിചിതദേശത്തു പാലിക്കേണ്ട ചിട്ടവട്ടങ്ങളറിയാതെ റൂമിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതിന്റെ ഹാങ്ങോവറാകാം. അല്ലെങ്കിൽ മറ്റേതെങ്കിലും കാരണം.

ബാംഗ്ലൂരിൽ എത്തിയശേഷം ആദ്യം പരിചയപ്പെട്ടതു അടുത്ത റൂമിലുള്ളവരെയാണ്. വർഷങ്ങളായി താമസിക്കുന്ന കൊട്ടാരക്കര സ്വദേശികൾ. കന്നഡഭാഷയും ദേശവും അവർക്കു നല്ലപോലെ പരിചിതം. കാരം‌ബോർഡിനു ചുറ്റുമിരുന്നു സമയം‌പോക്കുന്ന വിരസമായ ഒരുദിവസം ശ്രീജിത്ത് അപ്പോൾ തോന്നിയ ആശയം പറഞ്ഞു.

‘കട്ടിഗെനഹള്ളിയിൽ പോയി നാടൻകോഴിയും കപ്പയും വാങ്ങുക‘

പുഴുങ്ങിയ കപ്പയും കോഴിക്കറിയും. നല്ല വിഭവമാണ്. ബുദ്ധിമുട്ട് ഒന്നേയുള്ളൂ. സ്ഥലം ദൂരെയാണ്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശമായ ഹൊസക്കോട്ടെയിൽ‌നിന്നും കുറച്ചു ദൂരമുണ്ട്. ബൈക്കുള്ളതിനാൽ ദൂരം പ്രശ്നമല്ലായിരുന്നു. അപ്പോൾ‌തന്നെ പോയി വാങ്ങിക്കൊണ്ടു വന്നു. നാടൻ കോഴിയിറച്ചിയുടെ രുചിയേക്കാൾ മനസ്സിൽ തങ്ങിനിന്നതു കട്ടിഗെനഹള്ളിയുടെ മനോഹാരിതയാണ്. നഗരത്തിന്റെ കരാളഹസ്തം എത്തിയിട്ടില്ലാത്ത സുന്ദരിയായ ഉൾപ്രദേശം. വിശാലമായ വയലുകൾ, തഴച്ചുവളർന്ന തക്കാളിച്ചെടികൾ, തണ്ണിമത്തനുകൾ, മറ്റു പച്ചക്കറികൾ. അവയുടെ പച്ചപ്പും ഉന്മേഷഭാവവും. സന്തോഷം തോന്നിയ യാത്രയായിരുന്നു. വീണ്ടുമെത്തുമെന്നു തീർച്ചപ്പെടുത്താൻ അധികം ആലോചിച്ചില്ല. സമയവും കാലവും ഒത്തുവന്നതു ഇപ്പോൾമാത്രം. നഗരം തരിശാക്കിയ മൂന്നു വർഷങ്ങൾക്കു ശേഷം.

ടിൻഫാക്ടറി ജംങ്ഷനിലെ കഫെയിൽനിന്നു ഇറങ്ങുമ്പോൾ വേനൽ‌മഴ പെയ്തേക്കുമെന്നു സൂചിപ്പിച്ചു കാർമേഘങ്ങൾ ആകാശത്തു അണിനിരക്കുന്നതു കണ്ടു. കുറച്ചു ദിവസമായി അതു പതിവാണ്. ചുട്ടുപഴുത്തു കിടക്കുന്ന മണ്ണിലേക്കു പെയ്യുക അപൂർവ്വവും. എങ്ങോട്ടു പോകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനായില്ല. മുറിയിലേക്കില്ലെന്നു മാത്രം ഉറപ്പിച്ചു. വീതിയില്ലാത്ത ഗോവണിക്കു താഴെ, പൂക്കടക്കുമുന്നിൽ അനേകം തണ്ണിമത്തനുകൾ കൂട്ടിയിട്ടിട്ടുണ്ട്. പച്ചയും വെള്ളയും ഇടകലർന്ന തണ്ണിമത്തന്റെ കാഴ്ച ഓർമകളെ തട്ടിയുണർത്തി. ചെമ്മൺപാതയും, ചുറ്റുമുള്ള പച്ചപ്പും ഉള്ളിൽ തെളിഞ്ഞു. പിന്നെ അമാന്തിച്ചില്ല. കേബിളിൽ തൂങ്ങുന്ന പാലത്തിലേക്കു ബൈക്ക് പ്രവേശിക്കുമ്പോൾ ബസ് കാത്തുനിൽക്കുന്ന ഗ്രാമീണരെ കണ്ടു. കട്ടിഗെനഹള്ളിയെ പച്ചപ്പുതപ്പ് അണിയിക്കുന്നവർ.

കെ‌ആർ പുരം കഴിഞ്ഞാൽ സിഗ്നൽക്രോസുകൾ ഇല്ല. റോഡ് സാവധാനം വിജനമായിക്കൊണ്ടിരിക്കും. ഇപ്പോഴാണെങ്കിൽ കോളാറിലേക്കുള്ള നാലുവരിപ്പാതയുടെ നിർമ്മാണം അതിദ്രുതം പുരോഗമിക്കുന്നുണ്ട്. ഗതാഗതം പലവഴിയിലൂടെ വഴിതിരിച്ചു വിട്ടതിനാൽ റോഡ് പതിവിലേറെ വിജനം. ഹൊസക്കോട്ട കഴിഞ്ഞതോടെ മെയിൻറോഡിൽ നിന്നിറങ്ങി. ബൈക്ക് കൂടുതൽ വേഗമെടുത്തു. മനസ്സിന്റെ പാച്ചിലിനു അതിലും വേഗമായിരുന്നു. ഭൂതകാലത്തിലേക്കു നടത്തുന്ന കൂപ്പുകുത്തൽ അല്ലെങ്കിലും അങ്ങിനെയാണ്. എന്നും എപ്പോഴും. ജലോപരിതലത്തിൽവന്നു മുഖംകാണിച്ചു ആഴങ്ങളിലേക്കു കുതിക്കുന്ന മത്സ്യങ്ങൾക്കു സമാനം.

“U attend it. Don’t run away this time”

ജിതുവാണ് നിർബന്ധിപ്പിച്ചു അയച്ചത്. നേരിൽ നല്ല പരിചയമില്ലാതിരുന്നിട്ടും അദ്ദേഹം താല്പര്യമെടുത്തു. ആദ്യത്തെ ഇന്റർവ്യൂ സമയക്കുറവുമൂലം പങ്കെടുക്കാതെ ഒഴിവാക്കിയപ്പോൾ ശകാരത്തോടെ, സ്നേഹപൂർണമായ നിർബന്ധം. ഒഫിഷ്യലായി റഫർ ചെയ്യുകയും ചെയ്തു. ഇമെയിലിൽ സ്മൈലിയുണ്ടായിരുന്നു. അതെന്റെ മുഖത്തും വിരിഞ്ഞു. അഭിമുഖത്തിനു ശേഷവും പുഞ്ചിരി മുഖത്തു തുടർന്നു. സുഹൃത്തിന്റെ ആത്മവിശ്വാസം അഭിമുഖം നടത്തിയ ടെക്നിക്കൽ എക്സിക്യുട്ടീവും പകർന്നു തന്നിരുന്നു. പൂരിപ്പിച്ച എമ്പ്ലോയ്‌മെന്റ് ആപ്ലിക്കേഷൻ ഫോം കൊടുക്കുമ്പോൾ അദ്ദേഹം പറഞ്ഞു.

“We will contact you soon”

ബൈക്ക് റോഡിലെ കുഴിയിൽചാടി. ശരീരം സീറ്റിൽ പൊങ്ങിത്താണു. സൂക്ഷിച്ചു ഓടിക്കണമെന്നു സ്വയം ശാസിച്ചു. റോഡ് പഴയതിലും മോശമാണ്. കുഴികൾ കൂടുതലുണ്ട്. മണ്ണിനു നേരിയ നനവ്. വേനൽമഴ പെയ്യാറുണ്ടെന്നു തോന്നുന്നു.

ഒരു പെട്ടിക്കടക്കു മുന്നിൽ വണ്ടിനിർത്തി. സത്യത്തിൽ അതിനെ കടയെന്നു വിശേഷിപ്പിക്കാൻ പറ്റില്ല. ഒരു ഉന്തുവണ്ടിയിൽ സജ്ജീകരിച്ചിരിക്കുന്ന, മുക്കാലും ഒഴിഞ്ഞ, കുറച്ചു പലഹാരക്കുപ്പികൾ. മുകൾവശത്തെ കമ്പിയിൽ പലബ്രാൻഡിലുള്ള നിരവധി പാൻമസാലകൾ തൂങ്ങുന്നു. അവയാണ് പ്രധാന കച്ചവടം. വരണ്ട തൊണ്ടയെ നനക്കാൻ ഏന്തെങ്കിലും കിട്ടുമെന്നു തോന്നിയില്ല. അറിയാവുന്ന ഹിന്ദിയിൽ അന്വേഷിച്ചു.

“ബാപ്പുജി പാനി കഹാം മിലേഗാ?”

ഇതുവഴി യാത്രക്കാർ കുറച്ചേ വരാറുള്ളൂ. എന്നിട്ടും ഒരു കസ്റ്റമറെ നഷ്ടപ്പെട്ട കുണ്ഠിത്തം വൃദ്ധൻ പുറത്തുകാണിച്ചില്ല. അകലെയുള്ള വളവിനുനേരെ കൈചൂണ്ടി. നീണ്ട പാതയാണ്. അവിടെ കടയുടെ ലാഞ്ചന പോലുമില്ല. വൃദ്ധൻ കളിപ്പിക്കുകയാണോ?

“ഉധർ!”
“ഉധർ ഏക് ദൂകാൻ ഹൈ. തും ചലോ”

ഒന്നു സംശയിച്ചശേഷം പുറപ്പെട്ടു. ആ വഴിയിലൂടെയും പോകാനുള്ളതല്ലേ. പിന്നെന്തിനു സന്ദേഹിക്കുന്നു. തിരികെ വണ്ടിയിൽ ‌കയറി. വളവിൽ നാലു ചെറിയ കടകളുണ്ട്. മൂന്നും പൂട്ടിയനിലയിൽ. നാലാമത്തേതു ഇങ്ങോട്ടേക്കു വഴിപറഞ്ഞുതന്ന വൃദ്ധന്റേതുപോലെ പെട്ടിവണ്ടിയിൽ സജ്ജികരിച്ച പാൻ‌ഷോപ്പാണ്. അവിടെയൊരു തടിച്ച പയ്യനിരുന്നു ഉറക്കം തൂങ്ങുന്നു. നാലുകടകളിൽ ‌നിന്നും കുറച്ചുമാറിയാണ് ഇളനീർ കച്ചവടം. നാലഞ്ച് മെടഞ്ഞ തെങ്ങോലകൾക്കു മുളങ്കാൽകൊണ്ടു താങ്ങുകൊടുത്തിരിക്കുന്നു. അതിന്റെ തണലിൽ അഞ്ചാറു കരിക്കിൻകുലകൾ. കുറച്ചുനീങ്ങി പനയോല മേഞ്ഞ ഒറ്റമുറിയുടെ വലുപ്പം മാത്രമുള്ള ചെറിയകുടിൽ. ഒരുവശം ചായ്ച്ചു കെട്ടിയിട്ടുണ്ട്. ചെറിയ വരാന്തയിലേക്കു പടർന്നുകയറിയ ധാരാളം ചിതൽ‌പറ്റങ്ങൾ. ആരും സ്ഥിരം താമസമില്ലെന്നു വ്യക്തം. കുടിലിനുമുന്നിൽ വരാന്തയോടുചേർന്നു കഷ്ടിച്ചു രണ്ടുപേർക്കിരിക്കാവുന്ന കരിങ്കൽ ബഞ്ച്. ചെത്തിമിനുക്കാത്ത അതിന്റെ പ്രതലത്തിൽ കോഴിക്കാഷ്ഠത്തിന്റെ അവശിഷ്ടങ്ങൾ വെള്ളനിറത്തിലും ചാരനിറത്തിലും ഉണക്കിപ്പിടിച്ചിരുന്നു.

ചുറ്റും കണ്ണോടിച്ചു കുടിലിന്റെ പിൻഭാഗത്തു ചെന്നു. അവിടെ ആരുമില്ല. അന്വേഷിക്കാനും മിനക്കെട്ടില്ല. കരിങ്കൽ ബഞ്ചിൽ വന്നിരുന്നു. റോഡിനപ്പുറം, എതിർവശത്തു മൈതാനമാണ്. ചില ഭാഗങ്ങളിൽ വെയിലേറ്റു വാടിയ പുൽപ്പരപ്പുകൾ. വിജനമായ മൈതാനത്തു ചെറിയ ചുഴലിക്കാറ്റുകൾ രൂപം‌കൊള്ളുന്നുണ്ട്. അവ നിമിഷങ്ങൾ‌കൊണ്ടു ഉയരുകയും അതിനേക്കാൾ വേഗം നിലം‌പറ്റുകയും ചെയ്‌തു. ഏതെങ്കിലുമൊരു ചുഴലിക്കാറ്റ് വലിപ്പമാർജ്ജിച്ചു തന്നേയും വിഴുങ്ങി കാണാത്തീരത്തേക്കു പോകുമോ? എന്തും സംഭവിക്കാം. കരുതിയിരുന്നോളൂ. അനുഭവങ്ങൾ അതാണ് പഠിപ്പിക്കുന്നത്.

“Sorry Sunil. They already selected one guy. So you have less chance now”

ഒരുമണിക്കൂർ മുമ്പ് ഇന്റർ‌നെറ്റ് കഫെയിലിരുന്നു ജിതുവിന്റെ ഇമെയിൽ വായിച്ചപ്പോൾ, മനസ്സിൽ അത്രനാൾ കൂടെ കൊണ്ടുനടന്ന ഒരു ഉറച്ചവിശ്വാസം‌ തകർന്നുവീണതിന്റെ അവിശ്വസനീയതയുണ്ടായിരുന്നു. മാന്യത ബിസിനസ്പാർക്കിലെ കമ്പനിയിൽ ഇന്റർവ്യൂ നേരിടുമ്പോൾ പുറത്തു കനത്ത മഴയായിരുന്നു. മഴ ചില്ലുജാലകത്തിൽ ആഞ്ഞടിച്ചു. കട്ടിച്ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാലുകൾ പുറത്തുള്ള ദൃശ്യങ്ങളെ മറച്ചു. അതിനിടയിലാണ് ഇന്റർവ്യൂ ചെയ്ത സാർ ചോദ്യശരങ്ങളെറിഞ്ഞത്. ഒട്ടും പതറിയില്ല. മനസ്സിൽ ആത്മവിശ്വാസം വേണ്ടുവോളമായിരുന്നു.

മഴ എന്നുമൊരു ശുഭസൂചനയായിരുന്നു. ജീവിതത്തിൽ അപൂർവ്വമായി സംഭവിച്ച നല്ലനിമിഷങ്ങളിൽ എനിക്കു കൂട്ട് മഴയായിരുന്നു. അന്നേവരെ ചതിച്ചിട്ടില്ലാത്ത ഉറ്റചങ്ങാതി. അവനെ വലിയ വിശ്വാസമായിരുന്നു. അതൊക്കെയാണ് കുറച്ചുമുമ്പു തകർന്നു വീണത്. ഞാൻ ആശ്വസിച്ചു. തകരട്ടെ. ഇന്നുവരെ ശരിയെന്നു കരുതിയ വിശ്വാസപ്രമാണങ്ങളെല്ലാം തകർന്നു വീഴട്ടെ. അവയുടെ അടിത്തറയിൽ പുതിയ മിഥ്യാധാരണങ്ങൾ ഉയരട്ടെ. വിശ്വസിക്കാൻ വേണ്ടിമാത്രം പുതിയ വിശ്വാസങ്ങൾ രൂപം‌കൊള്ളട്ടെ.

മൈതാനത്തു കണ്ണുനട്ടിരുന്ന എനിക്കുമുന്നിൽ മുപ്പത്തഞ്ചുവയസ്സു തോന്നിക്കുന്ന അക്ക പ്രത്യക്ഷപ്പെട്ടു.

“യേനു ബേക്കു?”

അരയുടെ ഒടിവിൽ തുളുമ്പുന്ന മൺ‌കുടം. ഇടുപ്പിനുതാഴോട്ടു വെള്ളംനനഞ്ഞ മുഷിഞ്ഞസാരി ദേഹത്തോടു ഒട്ടിക്കിടക്കുന്നു. കടുത്തചൂടിൽ ആകെ വിയർത്ത അക്കയുടെ മുഖത്തിനു വല്ലാത്ത മുറുക്കമുണ്ട്. ഞാൻ കരിക്കുകുലകൾക്കു നേരെ വിരൽചൂണ്ടി. മൺകുടവുമേന്തി അക്ക കുടിലിനകത്തു പോയി. ഉച്ചവെയിലിന്റെ ചൂട് ശരീരത്തിലേക്കു അരിച്ചുകയറി.

“നീയെന്താ ഒന്നും മിണ്ടാത്തത്?”

നാട്ടിൽ‌വച്ചു ഒരുസുഹൃത്താണ് ചോദിച്ചത്. ഏറെനേരം നീണ്ടുനിൽക്കാറുള്ള എന്റെ മൗനങ്ങൾ അവനു പരിചിതമാണ്. എങ്കിലും ഇത്തവണ മനസ്സിലെന്തോ ഒളിപ്പിക്കുന്നതിന്റെ മുന്നോടിയാണെന്നു മനസ്സിലാക്കിയിരിക്കണം.

“എല്ലാം കരയ്‌ക്കണയാൻ പോകുന്നു സഖേ”
ജോലിയെപ്പറ്റിയാണെന്നു അവനു തീർച്ച. “ഉറപ്പായോ”
“ഇല്ല. പക്ഷേ ഉറപ്പാകുമെന്നാണ് പറഞ്ഞത്”
“ആര്?”
“റഫർ ചെയ്ത സുഹൃത്ത്”

കാലിൽ തണുത്ത സ്പർശം. ഒപ്പം കരിങ്കല്ലിൽ വെള്ളംവീഴുന്ന ശബ്ദവും. കുടിലിനുള്ളിൽ‌ നിന്നാണ്. കുടിലിന്റെ മൂലയിലൂടെ വെള്ളം ഒലിച്ചുവന്നു കാലിൽ‌തൊട്ടു. കാലിരിക്കുന്ന ഭാഗത്തെ ചെറിയകുഴിയിൽ വെള്ളം തളം‌കെട്ടി. കാലുകൾ അതിൽ ഇറക്കിവച്ചു. വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഇളക്കി. ഏതാനും തവണ ആവർത്തിച്ചപ്പോൾ വെള്ളത്തിനുമീതെ പതയുയർന്നു. കാരസോപ്പിന്റെ നേരിയ പത.

ഓലഷെഡിന്റെ വാതിൽ ഉണ്ടാക്കിയിരിക്കുന്നത് മെടഞ്ഞ പനയോലകൾ മുളങ്കോലിനോടു ചേർത്തുകെട്ടിയാണ്. മേൽക്കൂരയും പനയോല തന്നെ. തെങ്ങോലകളേക്കാളും കൂടുതൽ കാലം നിലനിൽക്കും. പോരാതെ മഴയെ പ്രതിരോധിക്കാനുള്ള സവിശേഷ സാമർത്ഥ്യവും. വാതിലൊഴിച്ചുള്ള ചുമർഭാഗം മെടഞ്ഞ തെങ്ങോലകൊണ്ടു അധികം കട്ടിയില്ലാതെ കെട്ടിയതാണ്. പുറത്തുനിന്നു നോക്കിയാൽ ഉൾഭാഗം കുറച്ചൊക്കെ കാണാം. മറിച്ചും അങ്ങിനെതന്നെ.

വാതിൽ നിരക്കിനീക്കി അക്ക മുന്നിലെത്തി. മുഖത്തു അതുവരെയുണ്ടായിരുന്ന കാഠിന്യം അപ്രത്യക്ഷമായിരുന്നു. മുഖവും കൈകളും വെള്ളമൊഴിച്ചു കഴുകിയിട്ടുണ്ട്. മുഖത്തിനു അഴകുകൊടുത്തു ചെന്നിയിൽ ഒട്ടിയിരിക്കുന്ന ഏതാനും മുടിയിഴകൾ. കരിക്കുകുലയിൽ ചാരിവച്ചിരുന്ന മടവാൾ കയ്യിലേന്തി അക്ക ചോദ്യഭാവത്തിൽ നോക്കി. ഏതു കരിക്ക് വേണം? പല വലുപ്പമുള്ളവയുണ്ട്. അത്ര വലുതല്ലാത്ത ഒന്നിനുനേരെ വിരൽ‌ചൂണ്ടി. അതു തൊട്ടുമുന്നിലായിരുന്നു. അതിലെ വെള്ളത്തിനു മധുരമുണ്ടാവില്ല. എന്നിട്ടും കൈ അവിടേക്കു നീണ്ടു. അക്ക എനിക്കുമുന്നിൽ കുനിഞ്ഞു.

കരിക്കിന്റെ മൂടുചെത്തുന്ന കൈയിന്റെ ചലനങ്ങൾ ശ്രദ്ധിച്ചു. നേരിയ രോമങ്ങളുള്ള കൈത്തണ്ടക്കു ആണിന്റെ കരുത്തു തോന്നിക്കും. പണ്ടൊരിക്കൽ കോറമംഗളയിൽ വഴിയോരത്തുവച്ചു വൃഷണത്തിൽ പിടുത്തമിട്ട ഹിജഢയുടെ കൈയുമായി നല്ല സാമ്യം. തഴക്കമുള്ള ഒരാളെപ്പോലെ മൂന്നുവെട്ടുകൊണ്ടു അക്ക കരിക്കിന്റെ മൂടുചെത്തി. ഇളനീർ എനിക്കുമുന്നിൽ നിറഞ്ഞു തുളുമ്പി.

കരിക്കുനീട്ടി അക്ക പറഞ്ഞു. “സ്ട്രോ ഇല്‍‌വ”

അതു കാര്യമാക്കിയില്ല. വേനലിൽ ബാംഗ്ലൂർ നഗരത്തിന്റെ മുക്കിലും മൂലയിലും ഇളനീർ കച്ചവടമുണ്ടാകും. സൈക്കിളിന്റെ തണ്ടിൽ ഒരുപിടികുലകളുമായി നഗരപ്രാന്ത പ്രദേശങ്ങളിൽനിന്നു വരുന്ന പാവപ്പെട്ട ഗ്രാമീണരാണ് ഏറെയും. നഗരത്തിലൂടെയുള്ള അലച്ചിലിനിടയിൽ പലതവണ ഇളനീർ കുടിക്കാറുണ്ട്. ഒരിക്കലും സ്ട്രോ ഉപയോഗിച്ചിട്ടില്ല. വായിലൂടെ ഒലിച്ചിറങ്ങുന്ന ഇളനീർ ചാലുകൾക്കു ബാല്യത്തിന്റെ ഓർമകളുണർത്താൻ പര്യാപ്തമായ തണുപ്പുണ്ടാകും.

കരിക്ക് കൈനീട്ടി വാങ്ങി. വെള്ളനിറവും ചാരനിറവും അഴകുകൊടുക്കുന്ന കൽ‌ബെഞ്ചിൽ ഇരുന്നു. കുറച്ചകലെ അക്കയും മുളങ്കോലിൽ ചാരിയിരുന്നു, കാലുകൾ നീട്ടിവച്ചു. വാടിയ രണ്ടു വെറ്റിലയെടുത്തു ചുണ്ണാമ്പുതേച്ചു വായിൽ‌തള്ളി. ചൂണ്ടുവിരലിന്റെ അഗ്രത്തിൽ പറ്റിപ്പിടിച്ച ചുണ്ണാമ്പുതരികൾ സാരിയിൽ തുടച്ചു. കരിക്കു മൊത്തുന്നതിനിടയിൽ ഇതെല്ലാം ഒളികണ്ണിട്ടു നോക്കിക്കണ്ടു. വെറ്റിലക്കറവീണ ചുണ്ടിലൂടെ ഒലിച്ച മുറുക്കാൻ സീൽക്കാര ശബ്ദത്തോടെ അക്ക വായിലേക്കു വലിച്ചെടുത്തു. കൈത്തലത്തിന്റെ അരികുകൊണ്ടു ചുണ്ടുതുടച്ചു. മുന്നിൽ വെയിൽ തിളക്കുകയാണ്. ചെന്നിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി. മൈതാനത്തിലൂടെ അടിച്ചുവരുന്ന ചൂടുകാറ്റിൽ വിയർപ്പിലൊട്ടിയ കുപ്പായം ഉലഞ്ഞു. ഓലഷെഡിനടുത്തുള്ള പെട്ടിക്കട പൂട്ടി പയ്യൻ എഴുന്നേറ്റുപോയി. ഇനിയാരും വരില്ലെന്നു വ്യക്തം.

മുറുക്കാൻ നീട്ടിത്തുപ്പി, മുളങ്കോലിലൂന്നി അക്ക എഴുന്നേറ്റു. മുണ്ടുമുറുക്കിയെടുത്തു ക്ഷണിച്ചു.

“ബിസിലു വിപരീത. ഒലഗെയ് ഹോഗ്‌ഹോനാ. ബന്നി”1

അപരിചിതരുടെ സാമീപ്യം, സഹവാസം ചില സാഹചര്യങ്ങളിൽ ഏറെ ആശ്വാസകരമാണ്. നമുക്കു അവരോടു എല്ലാം തുറന്നുപറയാം. സങ്കടങ്ങളും, സന്തോഷവും, പരിഭവങ്ങളും എല്ലാം. അതോടെ നമ്മുടെ മാനസികസംഘർഷം അവരുടേതു കൂടിയാവുകയാണ്. മറ്റൊരാൾ കൂടി വിഷമിക്കുന്നുവെന്നു ക്രൂരമായ അറിവിൽ നമ്മിലെ സംഘർഷം കുറയുന്നു. എങ്കിലും അപരിചിതർ എന്നും അപരിചിതരായി തുടരില്ലല്ലോ. ഒരിക്കൽ അവരും പരിചയക്കാർ ആകും. അപ്പോൾ, അടുത്ത അപരിചിതർ വരുന്നതുവരെ, രക്ഷതേടി കൗമാരകാലത്തെ സുന്ദരമുഖങ്ങളെ തേടും. മങ്ങിയും തെളിഞ്ഞും ഭംഗിയുള്ള മുഖങ്ങൾ. സന്തോഷവും സന്താപവും നൽകിയ മുഖങ്ങൾ. അവയ്ക്കിടയിൽ ഒരുമുഖം എന്നും വേറിട്ടുനിൽക്കും. ആ മുഖത്തിന്റെ ഉടമക്കു പണ്ടു ചില വാഗ്ദാനങ്ങൾ കൊടുത്തിരുന്നു. എല്ലാ വാഗ്ദാനങ്ങളേയും പോലെ അതും പാലിക്കാനായില്ല. പശ്ചാത്താപത്തെ കുത്തിനോവിച്ചു, ഡയറിത്താളുകൾക്കിടയിൽ ഏതാനും വളപ്പൊട്ടുകൾ സമാധികൊണ്ടു. രാവിന്റെ ആരംഭത്തിൽ താളുകളിലൂടെ പേന ഇഴയുമ്പോൾ വളപ്പൊട്ടുകൾ നെഞ്ചിൽ പരത്തിവക്കും. കുശലംചോദിച്ചു സാവധാനം ഉറക്കത്തിലേക്കു വഴുതും. അങ്ങിനെ കാലം കടന്നുപോയി. അല്ല, കാലങ്ങൾ കടന്നുപോയി. ഡയറിത്താളുകളിൽ പഴമയുടെ ഗന്ധം നിറഞ്ഞു. അതു ശ്വസിച്ചു ചിതലുകളെത്തി അവകാശം സ്ഥാപിച്ചു. ഉടഞ്ഞ വളപ്പൊട്ടുകളെ അസ്വസ്ഥമാക്കി താളുകൾ ഒന്നൊന്നായി കൊഴിഞ്ഞുവീണു. ബാക്കിവന്ന പുറംചട്ട അഗ്നിയിൽ നേദിച്ചു. വളപ്പൊട്ടുകൾ എങ്ങോ പോയി.

എല്ലാം മറക്കണം. തെറ്റുകൾ ആവർത്തിക്കാൻ മറവി അനുഗ്രഹമാണ്. അതിനോളം പോന്ന മരുന്നില്ല. കുടിലിന്റെ മൂലയിൽകണ്ട കയറുവരിഞ്ഞ കട്ടിലിൽ ചെന്നിരുന്നു. നെഞ്ച് അതിദ്രുതം മിടിച്ചു. വിയർപ്പുതുള്ളികൾ തറയിൽ ഉതിർന്നുവീണു. കയറ്റുകട്ടിലിൽ പാതിയോളം നെടുകെകീറിയ ഒരു പുതപ്പു വിരിച്ചിരുന്നു. ഡിസൈനുകളില്ലാത്ത മുഷിഞ്ഞ ഒന്ന്. വിരികൾക്കുള്ളിലൂടെ നുഴഞ്ഞുകയറിയ ഏതാനും നാരുകൾ തുടയിൽ ഇക്കിളികൂട്ടാൻ ശ്രമിച്ചു. പക്ഷേ കാലപ്പഴക്കത്തിൽ മുനകളുടെ മൂർച്ച ശോഷിച്ചതു അവർക്കറിയില്ലായിരുന്നു. മനുഷ്യരെപ്പോലെ തന്നെ ചകിരിനാരുകളും.

ഓലക്കീറിലെ വിടവിലൂടെ പുറത്തേക്കു നോക്കി. വിൽക്കാൻവച്ചിരുന്ന കരിക്കിൻ‌കുലകൾ തെങ്ങോലകൊണ്ടു മൂടിയിരിക്കുന്നു. വീശിയടിക്കുന്ന കാറ്റിൽ ഓലകൾ പറക്കാതിരിക്കാൻ മുളങ്കോലുകൾ മീതെ വച്ചിട്ടുണ്ട്. ഓലവാതിൽ നിരക്കിനീക്കി അക്ക തിരിച്ചെത്തി. കട്ടിലിനു എതിരെ തറയിൽ കുന്തിച്ചിരുന്നു. വീണ്ടും മുറുക്കാൻപൊതി തുറന്നു വെറ്റിലയെടുത്തു. അക്കയുടെ മനസ്സ് വായിക്കാൻ കഴിഞ്ഞില്ല.

അക്ക ചോദിച്ചു. “എല്ലി ഹോഗതെ?”2
“ലക്ഷ്യമില്ലാത്ത യാത്രയായിരുന്നു അക്ക. ഇപ്പോൾ മനസിലാകുന്നു, ഇവിടമായിരുന്നു ലക്ഷ്യമെന്ന്”
“ഹഹഹഹ, ഒല്ലെ മാത്താദിദ്രി” അക്ക കൂട്ടിച്ചേർത്തു. “ചുർക്കിദിയ”

മിടുക്കൻ! ആ വാചകത്തിന്റെ പ്രതിധ്വനികൾ ചുറ്റിലും നിറഞ്ഞു. ഇതുതന്നെയാണ് അന്നും കേട്ടത്. അഭിമുഖത്തിനുശേഷം ഇന്റർവ്യൂവർ പറഞ്ഞതും ഇതുതന്നെ. ‘You are a talented guy’.

അപ്പോൾ എന്തെന്നില്ലാത്ത ഉറപ്പുതോന്നി. ഇതടിച്ചതുതന്നെ. ബസുകാത്തു നിൽക്കുമ്പോൾ നാട്ടിലേക്കു വിളിച്ചു. ആവേശത്തോടെ എല്ലാം പറഞ്ഞു. അപ്പുറത്തു കനത്ത നിശബ്ദതമാത്രം. അനുജനു ആശ കൊടുക്കുന്നവരെ ജ്യേഷ്ഠൻ എന്നും ഭയന്നിരുന്നു. കാലം പഠിപ്പിച്ചതു അതാണ്. കാലം പഠിപ്പിക്കുന്നതും അതാണ്.

“ഇപ്പോൾ ഒന്നും ഉറപ്പിക്കണ്ട... സമയമാകട്ടെ”

കുടിലിനു പുറത്തു കത്തിയെരിയുന്ന വെയിലിനു ഭാവമാറ്റം വന്നു. പ്രകൃതിയുടെ ഏതോ ആഗ്രഹം ശമിക്കുകയാണ്. ഓലയുടെ വിടവുകളിലൂടെ കയറിവരുന്ന പ്രകാശരശ്മികളുടെ തീവ്രത കുറഞ്ഞിരുന്നു. ഉള്ളിലേക്കു കയറിവരുന്ന കാറ്റിനു വേനലിനു ചേരാത്ത ഊഷ്മളത. കുടിലിന്റെ പനയോലമേഞ്ഞ മേൽക്കൂരയിൽ എന്തോ താളാത്മകമായി വന്നുവീണു. ആരെങ്കിലും വളപ്പൊട്ടുകൾ വാരിവിതറിയോ? കാതോർത്തു ശ്രദ്ധിച്ചു. ഒട്ടുനേരത്തെ നിശബ്ദത. അതിനുശേഷം വീണ്ടും അതേ താളങ്ങളുടെ കുറച്ചുകൂടി ദീർഘമായ ആവർത്തനം. താളംമുറുകുന്ന പഞ്ചാരി പോലെ നാലഞ്ചുതവണ ഇതാവർത്തിച്ചു. ഒടുവിൽ പനയോലയിൽ മഴത്തുള്ളികൾ തുടരെ വന്നുപതിച്ചു. ഇടവേളകളില്ലാത്ത താളം. നീണ്ട യാത്രക്കുശേഷം കൂടണഞ്ഞ ആഹ്ലാദത്തിൽ മഴത്തുള്ളികൾ നാലുപാടും ചിതറിത്തെറിച്ചു. അവയുടെ അനാദിയായ തണുപ്പിൽ ഭൂമി ആശ്വാസം കൊണ്ടു. മഴയുടെ സാന്നിധ്യമറിഞ്ഞു അക്ക വാതിലിനു അടുത്തുചെന്നു പുറത്തേക്കു നോക്കി.

“Sorry Sunil. They already selected one guy. So you have less chance now. And, unfortunately i failed to track the reason for rejection”

പ്രതീക്ഷിക്കാത്ത വാർത്തയാണ് ഇന്നു ജിതുവിന്റെ ഇമെയിലിൽ വായിച്ചത്. തികച്ചും നെഗറ്റീവ്. എന്നിട്ടും അവസാനം നടത്തിയ കൂട്ടിച്ചേർക്കലുകൾ ചിരിപ്പിച്ചു. ഈക്വൽ ഓപ്പർച്ചുനിറ്റി തൊഴിൽദാതാക്കളും പതിവുകൾ തെറ്റിച്ചില്ലല്ലോ. അതോർത്തപ്പോൾ പിടിച്ചുനിൽക്കാനായില്ല. വെറുതെ ചിരിച്ചു. അതിനുപിന്നിലെ മനശാസ്ത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ജീവിതം എന്ന മൂന്നു അക്ഷരങ്ങളുള്ള വാക്കിനു മനുഷ്യരെ പലതും പഠിപ്പിച്ചെടുക്കാൻ സാധിക്കും. അതും വളരെ പെട്ടെന്ന്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നവനെ അഞ്ചുനിമിഷത്തിനുള്ളിൽ തകർത്തു, പൊള്ളയായി ചിരിപ്പിക്കുകയും ചെയ്യും. ഇപ്പോൾ ബോധ്യമായി.

കട്ടിലിൽ തലകുനിച്ചിരുന്നു. മഴയെ തനിയെവിട്ടു അക്ക വാതിൽക്കൽനിന്നു പിന്തിരിഞ്ഞു. നിറഞ്ഞ കണ്ണുകണ്ടു അന്വേഷിച്ചു. “യാക്കെ അലൂദു?“3
മിണ്ടിയില്ല. അക്ക ചോദ്യം ആവർത്തിച്ചു. “മാത്താടു...“

ഒന്നും പറയാതെ കട്ടിലിൽനിന്നു എഴുന്നേറ്റു. വാതിൽ നിരക്കിനീക്കി, മഴയിലേക്കിറങ്ങി. ബൈക്കിനുനേരെ നടന്നു. അപരിചിതന്റെ ദുഃഖം ഏറ്റുവാങ്ങാതെ അക്ക രക്ഷപ്പെട്ടു. അവർ അപരിചിതയായി ഇന്നും തുടരുന്നു.

Wednesday, March 3, 2010

കടത്തുവഞ്ചിയും കാത്ത്


മാതൃഭൂമി വീക്കിലിയിൽ പ്രസിദ്ധീകരിച്ചപ്പോൾ...“രവീ ഇതോടെ നീയിന്നത്തെ കുത്ത് നിർത്തില്ലേ?” വഞ്ചിയിൽ കയറും മുമ്പ് വാസുദേവൻ ചോദിച്ചു.

അന്തിമയങ്ങിയ പടിഞ്ഞാറേ ചക്രവാളത്തിലേക്കു രവി നോക്കി. ചുവപ്പുരാശി നേർത്തു കഴിഞ്ഞിരുന്നു. കടത്തു നിര്‍ത്തേണ്ട സമയമായെന്നു പ്രകൃതിയുടെ ഓർമപ്പെടുത്തൽ.

രവി തലയാട്ടി. “അതെ. ഇത് അവസാനത്തേതാ”

പുഴയിൽ കുഞ്ഞോളങ്ങളുണ്ടാക്കി കാറ്റു വീശി. രവി മുളങ്കോൽ പുഴയില്‍നിന്നു ഉയര്‍ത്തി. മുളയുടെ തുമ്പിലൂടെ പുഴവെള്ളം ധാരയായി ഒലിച്ചിറങ്ങി. ഇരുമ്പുവളയമിട്ട അടിഭാഗത്തു കട്ടിച്ചേറിന്റെ കറുത്ത ആവരണം.

രവി അന്വേഷിച്ചു. “എവിട്യായിരുന്നു ഇന്നു കല്യാണം?”

“മാളേല്. നമ്മടെ പ്രഭാകരന്റെ ബന്ധത്തിലൊള്ളതാ”

വാസുദേവൻ കക്ഷത്തിൽവച്ചിരുന്ന ബാഗ് തുറന്നു മുറുക്കാന്‍‌പൊതി എടുത്തു. മുന്‍‌കൂട്ടി തയ്യാറാക്കി വച്ചിരുന്ന മുറുക്കാൻ വായില്‍‌തള്ളി കൂടുതൽ വിശേഷങ്ങൾ നിരത്തി.

“ചെക്കനു പെണ്ണിന്റെ വീട്ടാര് കൊടുത്തതു അഞ്ചു ലക്ഷോം കാറും. പെണ്ണിന്റെ മേത്താണെങ്കീ നമ്മടെ പേര്‍ഷ്യൻ ജ്വല്ലറീലൊള്ളേനേക്കാളും കൂടുതൽ പൊന്ന്ണ്ട്”

വാസുദേവൻ തുടര്‍ന്നുകൊണ്ടിരുന്നു. രവി എല്ലാം മൂളിക്കേട്ടു. വിശേഷങ്ങൾ കേള്‍ക്കാൻ കുട്ടിക്കാലം മുതലേ താല്പര്യമാണ്. അന്നൊക്കെ രാത്രിയിൽ കടവിനക്കരെ നിന്നു കൂക്കുവിളി കേള്‍ക്കാൻ കാതോര്‍ത്തിരിക്കും. കാരണം അച്ഛൻ വഞ്ചിയിറക്കിയാൽ കൂടെ പോകാൻ അനുവാദമുണ്ട്. ചിലപ്പോൾ ചെറിയവഞ്ചിയായിരിക്കും ഇറക്കുക. ആളുകൾ കൂടുതലുണ്ടെങ്കിൽ വലിയ വഞ്ചിയിൽ പോകും. പെട്രോമാക്സും കൂടെ കരുതും. വഞ്ചി കുത്തുമ്പോൾ കടത്തുകാരനു ഇരുട്ട് പ്രശ്നമല്ല. അവർക്കു സ്വന്തം കൈവെള്ളയിലെ വരകളേക്കാളും നന്നായി പുഴയുടെ ഭൂമിശാസ്ത്രം അറിയാം. പക്ഷേ വഞ്ചിയേറുന്നവര്‍ക്കു അങ്ങിനെയല്ല. മങ്ങിയ വെളിച്ചത്തിൽ പുഴയിലൂടെ സഞ്ചരിക്കുമ്പോൾ അടുത്തിരിക്കുന്നവന്റെയോ കടത്തുകാരന്റെയോ മുഖം കാണുന്നത് അവര്‍ക്കു ആശ്വാസമാണ്. അപ്പോൾ നാട്ടിലെ കേട്ടുകേഴ്‌വികളുടെയും ഉപജാപങ്ങളുടേയും കെട്ടഴിയും. നന്നേ ചെറുപ്പത്തിൽ കേട്ട അത്തരം സംഭാഷണങ്ങളാണ് രവിയെ നല്ല ശ്രോതാവാക്കിയത്.

വാസുദേവൻ വിഷയം മാറ്റി.

“നിനക്ക് കടത്തുകൂലി കൊറച്ച് കൂട്ടിക്കൂടേ?”

“ഉം... വേണം”

“ഇന്യെന്താ താമസം. ഹോട്ടലീ കൂട്ടീലേ. സലൂണീ കൂട്ടീലേ”

“കൂട്ടി...”

“ഹ അതെന്താ നിയ്യൊരു താല്പര്യല്ലാത്ത മാതിരി പറേണെ”

രവി സമ്മതിച്ചു. ശരിയാണ്, തന്റെ മറുപടിയിൽ താല്പര്യമില്ലായ്‌മ ഉണ്ടായിരുന്നു. അതിന്റെ ക്ഷീണം തീര്‍ക്കാനും വിഷയം മാറ്റാനും രവി നര്‍മത്തിൽ ആരാഞ്ഞു.

“ഷാപ്പീ കൂട്ടീല്ലല്ലോ വാസ്വേട്ടാ?”

“ഹഹഹഹ...“ വാസുദേവൻ വിടർന്നു ചിരിച്ചു. “അതാ രവ്യേ ഒരു രക്ഷ. അന്തിയാവുമ്പോ ഒരു ഗ്ലാസ്സ് മോന്തീല്ലെങ്കി എനിക്കൊരു ഇത് പോലാ”

വാസുദേവൻ മടിക്കുത്തു തുറന്നു കാശെണ്ണാൻ തുടങ്ങി. കടവിനടുത്തെ കള്ളുഷാപ്പിൽ കയറാനുള്ള മുന്നൊരുക്കമാണ്. എണ്ണി തിട്ടപ്പെടുത്തി രവി കേള്‍ക്കാൻ ഉറക്കെപ്പറഞ്ഞു.

“നൂറ്റിപ്പത്തു രൂപ അമ്പതു പൈസ“

രവി ശ്രദ്ധിച്ചില്ല. മനസ്സ് അലഞ്ഞു നടക്കുകയായിരുന്നു. കടത്തുകൂലി വര്‍ദ്ധിപ്പിക്കുന്ന കാര്യം വാസുവേട്ടൻ സൂചിപ്പിച്ചപ്പോൾ മാത്രമാണ് ഓര്‍ത്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി, ശരിക്കു പറഞ്ഞാൽ അച്ഛൻ മരിച്ചശേഷം, കൂലി കൂട്ടിയിട്ടില്ല. ഇതിനിടയിൽ ശ്രീരാമ ഹോട്ടലിൽ രണ്ടുതവണ വിലകൂട്ടി. മറ്റുള്ളവരും തഥൈവ. കള്ളുഷാപ്പിൽ മാത്രം വിലകള്‍ക്കു മാറ്റമില്ല. തനിക്കു കൂട്ടായി അവരെങ്കിലും ഉണ്ട്.

വാസുദേവൻ പറഞ്ഞു. “നിനക്ക് പറ്റ്യ ഒരാലോചന എന്റെ കയ്യില്ണ്ട്. മാമ്പ്രേന്ന്”

രവി വേണ്ടെന്നു പറഞ്ഞു.

“മുപ്പത്തിനാലായില്ലേ. ഇന്യെന്താ ഭാവം. നിന്റെ കല്യാണത്തിനു ഞാൻ കൊണ്ടരണ ആലോചന മതീന്നാ നാണപ്പൻ പറയാറ്”

“അച്ഛൻ അങ്ങനെ പറഞ്ഞണ്ടാ” രവി സംശയിച്ചു.

“ഉവ്വടാ മോനേ. നിനക്കറിയോ ഞങ്ങ രണ്ടുപേരും അങ്ങടുമിങ്ങടും പറയാത്ത ഒറ്റ കാര്യല്ല്യ”

കുറച്ചുനാളുകൾക്കു ശേഷമാണ്‍ ആരെങ്കിലും അച്ഛനെക്കുറിച്ചു പറയുന്നത്. പണ്ട് അങ്ങിനെയല്ലായിരുന്നു. കടത്തിൽ ഹരിശ്രീ കുറിച്ച കാലത്തു വഞ്ചി കയറാൻ വരുന്നവരെല്ലാം ഒരേകാര്യം പലതവണ പറയും. അതു കേള്‍ക്കുന്നത് അസഹ്യമായിരുന്നു. കടത്തുവഞ്ചിയുടെ അരികിലൂടെ നടന്നു ഊന്നുകോൽ പുഴയിലെറിയുമ്പോൾ അവരില്‍‌നിന്നു പാറിവരാറുള്ള സഹതാപം മുറ്റിയ നോട്ടങ്ങൾ അതിലേറെ അസഹ്യം. എല്ലാവരും എല്ലാം മറക്കാൻ കുറേക്കാലമെടുത്തു. വാസുവേട്ടനെപ്പോലെ അപൂര്‍വ്വം ചിലർ ഓര്‍ത്താലായി.

എന്താണ് മറുപടി പറയുക. പതിവുപല്ലവികൾ കേട്ടാൽ അദ്ദേഹം വിടില്ല. നാട്ടിലെ എല്ലാവരുടേയും വിവാഹങ്ങള്‍ക്കു വഴിതെളിച്ച വ്യക്തിയാണ്. അച്‌ഛനുമായും നല്ല അടുപ്പമായിരുന്നു.

“ജാതകത്തില് ഇത്തിരി പെശക്ണ്ട്. മുപ്പതു കഴിഞ്ഞാപ്പിന്നെ മുപ്പത്തിയഞ്ചിനു ശേഷാ പാടൊള്ളൂ”

വാസുദേവൻ മൂളി. “ഉം... ജാതകച്ചേർച്ച പ്രധാനാണ്. നമ്മടെ മേലൂരിലെ...”

രവി പുഴയിൽ കുത്തുകോലെറിഞ്ഞു.

വാസുവേട്ടൻ എന്നു വിളിക്കപ്പെടുന്ന വാസുദേവന്റെ പ്രധാനതൊഴിൽ മൂന്നാമൻ പണിയാണ്. കല്യാണസീസണിൽ മഷിയിട്ടാൽ കാണാൻ ‌കിട്ടില്ല. അല്ലാത്തപ്പോൾ വഞ്ചി കുത്താൻ വരും. ആ മേഖലയിൽ വിദഗ്ദനുമാണ്.

“ഇത്തവണ എടവപ്പാതി കടുക്കൂന്നാ തോന്നണെ. ഇന്നലത്തെ പെയ്ത്ത് അതിന്റെ സൂചന്യായിട്ട് എടുക്കാം. കാലം തെറ്റ്യല്ലേ പെയ്തെ”

ആകാശത്തു കാര്‍മേഘങ്ങൾ കിഴക്കോട്ടു ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. പുഴക്കരയിലേക്കു നോക്കി വാസുദേവൻ അധികാരസ്വരത്തിൽ പറഞ്ഞു.

“മുമ്പത്തെ ആഴ്ചത്തേക്കാളും വെള്ളം ജാസ്തി കൂടീണ്ട്. കൗണ്ടറിന്റെ പടി മുങ്ങ്യാപ്പിന്നെ നീ വഞ്ചി എറക്കണ്ടാ”

വാസുദേവൻ എന്തോ ആലോചിച്ചു വിഷമിച്ചു. ഇനിയെന്താണ് പറയാൻ പോകുന്നതെന്നു രവിക്കു അറിയാം.

“നാണപ്പൻ” സംസാരം നിര്‍ത്തി അദ്ദേഹം കറുത്തു കലങ്ങിയൊഴുകുന്ന പുഴവെള്ളത്തെ തുറിച്ചുനോക്കി. നരച്ച പുരികത്തിനു താഴെ, മിഴികളിൽ ഭീതി നിറഞ്ഞു.

“നാണപ്പൻ പോയത് എനിക്കിപ്പഴും വിശ്വസിക്കാമ്പറ്റിയിട്ടില്ല”

അല്പസമയത്തെ നിശബ്ദത. “ഞാനായിട്ട് വല്യ കൂട്ടായിരുന്നു. നിനക്കോര്‍മയില്ലേ കൊച്ചിലേ ഞങ്ങടെ കൂടെ പൊഴേന്ന് കക്കവാരാൻ വരാറൊള്ളത്”

വാസുദേവൻ മുറുക്കാൻ പുഴയിലേക്കു തുപ്പി. പുഴവെള്ളം കൊണ്ടു കുലുക്കുഴിഞ്ഞ്, സ്വന്തം കൈത്തലം നിവര്‍ത്തി നോക്കി. മുളങ്കോൽ പിടിച്ചുവീണ തയമ്പുകൾ പൂര്‍ണമായും മാഞ്ഞിരിക്കുന്നു. കണ്ണിൽ ശോകഛായ പടര്‍ന്നു.

“എത്ര തവണ്യാ നാണപ്പന്റെ കൂടെ വഞ്ചി കുത്തീരിക്കണെ. അന്നമനട തേവരുടെ ഉത്സവത്തിനു ഒരറ്റത്ത് ഞാനും മറ്റേ അറ്റത്ത് നാണപ്പനുമായിരിക്കും. ഇപ്പോ മുങ്ങുംന്ന പോലെ വഞ്ചി നെറയെ ആള്ണ്ടാവും. ചെറുതായൊന്ന് ഒലഞ്ഞാ മതി സൈഡിലിരിക്കണോര്ടെ പിന്നീ വെള്ളം നനയും. എന്നട്ടും ഒറ്റ തവണപോലും അപകടണ്ടായിട്ടില്ല. അതാ ഞങ്ങ തമ്മിലൊള്ള മനപ്പൊരുത്തം”

വാസുദേവന്റെ സ്വരത്തിലെ ഇടര്‍ച്ച രവി തിരിച്ചറിഞ്ഞു.

“പൊഴ നെറഞ്ഞ് കെടക്കണ അന്നു അക്കരേന്നൊള്ള കൂക്കുവിളി കേട്ട് വഞ്ചി അഴിച്ചത് ഞാനാ. പക്ഷേങ്കി അവൻ സമ്മതിച്ചില്ല. ഞാനിപ്പ വരാ വാസൂ, നീ ഷാപ്പിൽക്ക് പൊക്കോന്ന് പറഞ്ഞു. അത് അവസാനത്തെ പോക്കാന്ന് എനിക്കറീല്ലായിരുന്നു. മഴേത്ത് ആളോള്‍ ഓടിക്കൂടണ കണ്ടാ ഞാനെറങ്ങ്യെ”

വാസുദേവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ആ ഭാവമാറ്റം രവിയേയും നൊമ്പരപ്പെടുത്തി.

“അച്ഛനെ നീ മുങ്ങിയെടുക്കണ കണ്ട് ഞാനിന്നും ഞെട്ടി എണീക്കാറ്ണ്ടടാ മോനേ”

വഞ്ചി കരയോടു അടുത്തു. രവി മുളങ്കോൽ വൈരാഗ്യത്തോടെ പുഴയിലെറിഞ്ഞു ആഞ്ഞുകുത്തി. വഞ്ചിയുടെ വശത്തിലൂടെ നടന്നു മുളങ്കോലിന്റെ വണ്ണം‌കുറഞ്ഞ തുമ്പുവരെ വെള്ളത്തിലാഴ്ത്തി കുത്തി. മണല്‍ത്തരികളെ വെള്ളത്തിൽ പാറിച്ചു പരത്തി വഞ്ചി കരക്കു കയറി. ഒരറ്റം പുഴവെള്ളത്തിന്റെ ഓളങ്ങള്‍ക്കൊപ്പം ആടിയുലയൽ തുടര്‍ന്നു.

രാത്രി കനത്തിരുന്നു. പുഴക്കരയിലും കടവിലേക്കുള്ള ഇടവഴിയിലും ഇരുട്ട് തളം‌കെട്ടി. പുഴവെള്ളവും ഇരുട്ടിൽ കറുത്തു. മിഴിതുറന്ന ചന്ദ്രപ്രഭയിൽ ആ കറുപ്പ് തിളങ്ങി. ആടിയും ഉലഞ്ഞും തിളങ്ങി. കടവില്‍നിന്നു അകന്നു പോകുന്ന ബീഡിക്കുറ്റിയുടെ പ്രകാശം മാത്രമായി വാസുദേവൻ മാറി. പിന്നീടു അതും ഇരുളിൽ മറഞ്ഞു. കള്ളുഷാപ്പിലെ അറുപതു വാട്ട് വെളിച്ചത്തിന്റെ കീറിൽ കടത്തുകൂലി വാങ്ങുന്ന ചെറിയ ഓലഷെഡും, വിഎം ടാക്കീസിൽ കളിക്കുന്ന സിനിമയുടെ പോസ്റ്ററും മങ്ങിത്തെളിഞ്ഞു.

തെറുത്തു കയറ്റിയ ഷര്‍ട്ടിന്റെ കയ്യില്‍‌നിന്നു പകുതിവലിച്ച ബീഡിക്കുറ്റിയെടുത്തു രവി കത്തിച്ചു. പുകയെടുത്തു പുഴയുടെ കുഞ്ഞോളങ്ങളിൽ മന്ദമുലയുന്ന വഞ്ചിയിൽ കയറി, രണ്ടു വശങ്ങളേയും ബന്ധിപ്പിച്ച് ഉറപ്പിച്ചിരുന്ന പലകയിൽ മലര്‍ന്നുകിടന്നു. പുഴവെള്ളം നിരന്തരം നനയുന്ന പലകക്കു പുഴയുടെ മാദകഗന്ധമായിരുന്നു. രവി അതു ആഞ്ഞാഞ്ഞു ശ്വസിച്ചു. കാര്‍മേഘങ്ങള്‍ക്കിടയിൽ ഒളിച്ചുകളിക്കുന്ന ചന്ദ്രബിംബത്തിലെ കരടിരൂപത്തെ ആദ്യമായി കാണുന്നപോലെ ഉറ്റുനോക്കി. അറിയാതെ അതിനുനേരെ വിരൽ ചൂണ്ടി. രവി കുട്ടിയായി മാറുകയായിരുന്നു. ആ കുട്ടി തൊട്ടരുകിൽ വിയര്‍പ്പിൽ മുങ്ങിയ ഒരു രൂപം താന്‍‌കിടക്കുന്ന വഞ്ചിയുന്തി കരക്കു കയറ്റുന്നതു കണ്ടു. കുട്ടി രൂപത്തോടു സാകൂതം ആരാഞ്ഞു.

“എന്താച്ഛാ ചന്ദ്രന്റെ ഉള്ളിൽ കരടി പോലൊരു രൂപം”

കരയിലേക്കു പാതി കയറിയ വഞ്ചിയിലെ വടക്കയർ എടുത്തു, രൂപം സമീപത്തെ ഇരുമ്പുവളയത്തിൽ കൊളുത്തി. പിന്നെ വഞ്ചിയിൽ മലര്‍ന്നുകിടന്ന മകനെ കഴുത്തിലിരുത്തി ഇടവഴിയിലൂടെ സാവധാനം നടന്നു.

“അത് ചന്ദ്രനിലെ കുഴിയാ കുട്ടാ”

കുട്ടി നെറ്റിവഴി അച്‌ഛന്റെ തലയിൽ മുറുകെ ചുറ്റിപ്പിടിച്ചു. “ഇത്രേം ചെറ്യ കുഴ്യോ!”

“ആങ് ചെറ്യ കുഴി. ഹഹഹഹ”

പരുക്കൻ ചിരി പുഴക്കരയിലെ കൈതപ്പൊന്തകളിലും ഇല്ലിക്കാടുകളിലും തട്ടി നിശബ്ദതപൂകി. രവി പലകയിൽ എഴുന്നേറ്റിരുന്നു. ചുറ്റുപാടും കാതോര്‍ത്തു. എങ്ങും നിശബ്ദതമാത്രം. വഞ്ചിക്കുള്ളിൽ തളം‌കെട്ടിയ പുഴവെള്ളത്തിൽ പ്രതിഫലിച്ച ചന്ദ്രബിബം എന്നിട്ടും രവിയെ സംശയാലുവാക്കി. അച്‌ഛൻ അടുത്തുണ്ടോ? നേരിയ അണപ്പോടെ രവി വീണ്ടും കാതുകൂര്‍പ്പിച്ചു. എന്തിനെയോ കണ്ടു ഭയന്നപോലെ പ്രകൃതി നിശബ്ദമാണ്.

കാലുനീട്ടി വെള്ളമിളക്കി ചന്ദ്രബിംബത്തെ പല കഷണങ്ങളായി ചിതറിച്ചു രവി എഴുന്നേറ്റു. വഞ്ചിയിൽ ചാരിവച്ചിരുന്ന മുളങ്കോലിനു പകരം തുഴയെടുത്തു വഞ്ചിയിറക്കി. പുഴയിലേക്ക്. കറുത്തു തിളങ്ങി ഒഴുകുന്ന പുഴയിലേക്ക്. ഒഴുക്കിനു എതിരായി, അക്കര ഒഴിവാക്കി, പുഴയോരത്തിലൂടെ രവി സാവധാനം വഞ്ചി തുഴഞ്ഞു. കടവില്‍‌നിന്നു കുറച്ചുമാറി മണല്‍‌വഞ്ചികളെ കടന്നു, പുഴയോരത്തു കൂട്ടമായി വളര്‍ന്നുനില്‍ക്കുന്ന ചേമ്പുകളെ വകഞ്ഞുമാറ്റി വഞ്ചി മുന്നേറി. ഒടുക്കം പഴയതും ഉപയോഗശൂന്യവുമായ ഒരു കുളിപ്പടവിൽ വഞ്ചിയുടെ അടിഭാഗം ഇടിച്ചുനിന്നു.

ഒഴുക്കില്ലാത്ത പടവിൽ തുഴകൊണ്ടു രവി ആഴമളന്നു. വഞ്ചി അരുകിലേക്കു ഒതുക്കി നിര്‍ത്തി മുട്ടോളം വെള്ളമുള്ള പടവിൽ ഇറങ്ങിനിന്നു. വഴുക്കലിൽ കാലുകൾ തെന്നിയെങ്കിലും വീണില്ല. പുഴ ചതിക്കില്ല അതിന്റെ കടത്തുകാരനെ. പൊതുവിലുള്ള വിശ്വാസമാണത്. അച്ഛനാണ് അതാദ്യം തെറ്റാണെന്നു തെളിയിച്ചത്. അതോ തെളിയിപ്പിച്ചതോ?

മണല്‍‌വാരുന്നവർ മുങ്ങിത്തപ്പുന്നതുകണ്ട് കരയിൽ അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല. നെഞ്ചിലെ തിക്കുമുട്ടൽ അത്രയധികമായിരുന്നു. അച്ഛൻ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം മുങ്ങിപ്പൊങ്ങി. കുളിപ്പടവിലെ വഴുക്കലുള്ള പടിയിൽ വെള്ളംകുടിച്ചു വീര്‍ത്ത അച്ഛനെ മടിയിൽ‌ കിടത്തി കരഞ്ഞു. കരഞ്ഞു തളര്‍ന്നു. ഇന്നത്തെപ്പോലെ അന്നും പടവുകളിൽ പുഴയുടെ കുഞ്ഞോളങ്ങൾ വന്നുമുട്ടിയിരുന്നു, നിശബ്ദമായി.

കൈക്കുമ്പിളിൽ പുഴവെള്ളമെടുത്തു രവി വാസനിച്ചു. പുഴയുടെ ഉന്മാദിപ്പിക്കുന്ന ഗന്ധം സിരകളിലോടി. അച്ഛനും പുഴയുടെ മണമായിരുന്നു. വെള്ളംകുടിച്ചു വീര്‍ത്ത അച്ഛനും അന്നു പുഴയുടെ മണമായിരുന്നു. മുങ്ങിയെടുത്ത തന്നിലേക്കും അതു പരന്നു. തുഴ കയ്യിലെടുത്തതോടെ ഒരിക്കലും വേര്‍‌പിരിയാത്തവിധം ആഴത്തിൽ വേരുപടര്‍ത്തുകയും ചെയ്തു.

കൈക്കുമ്പിളിലെ ജലം പുഴയിലേക്കൊഴുക്കി രവി ആകാശത്തു നോക്കി. കാര്‍മേഘങ്ങൾ ചന്ദ്രനെ പൂര്‍ണമായി മറച്ചിരിക്കുന്നു. ഇനി ആര്‍ത്തുപെയ്യുന്ന ഇടവപ്പാതിയുടെ ഊഴമാണ്. അച്ഛനെ ചതിച്ച ഇടവപ്പാതിയുടെ ഊഴം. പുഴയോരത്തെ ഇല്ലിക്കാടുകളെ ആടിയുലയിച്ചു തണുത്ത കാറ്റുവീശി. കുഞ്ഞോളങ്ങൾ ദീര്‍ഘിച്ചു, ശക്തികൂടി. അവ രവിയുടെ കാലുകളെ അമര്‍ത്തി തഴുകി. അച്ഛന്റെ സ്പര്‍ശം പോലെ. മുളങ്കോൽ പിടിച്ചു തയമ്പുവീണ കൈത്തലം കൊണ്ടുള്ള തലോടൽ പോലെ
.

ഉള്ളിന്റെയുള്ളിൽ നിന്നുയര്‍ന്ന ഏതോ ചോദനയിൽ, തന്നെ വാത്സല്യത്തോടെ തഴുകുന്ന ഓളങ്ങളെനോക്കി രവി വിളിച്ചു.

“അച്ഛാ...”


മറുപടിയായി ഓളങ്ങൾ പിന്നെയും പിന്നെയും രവിയെ തഴുകിക്കൊണ്ടിരുന്നു.

Sunday, February 7, 2010

ഗതകാലം ഒരു നൊമ്പരം

റോഡിലെ കുഴിയില്‍ ചാടി ബൈക്ക് ചെറുതായി ഉലഞ്ഞപ്പോള്‍ ആന്റി പരിഭവിച്ചു.

“പതുക്കെപ്പോ അപ്പൂ. നീയെന്തിനാ തെരക്ക് പിടിക്കണെ”

വഴി മോശമാണ്. കൂടാതെ പലയിടത്തും ചെളിവെള്ളം തളം‌കെട്ടിയിട്ടുണ്ട്. വെള്ളത്തില്‍ പൊങ്ങുതടി പോലെ കിടക്കുന്ന കുഞ്ഞുതവളകള്‍ വണ്ടിയിറങ്ങുമ്പോഴൊക്കെ കരക്കുകയറി കണ്ണുമിഴിച്ചു നോക്കി. കുട്ടിക്കാലത്ത് പച്ചീര്‍ക്കിലിന്റെ അറ്റത്തു കുടുക്കുണ്ടാക്കി തവള ‘ഹണ്ടിംങ്’ ഒരു ഹോബിയായിരുന്നു. അതിലെ ക്രൂരത തിരിച്ചറിയാന്‍ കാലം പിന്നേയും താണ്ടേണ്ടിവന്നു.

ആന്റി തോളത്തു ചെറുതായി അടിച്ചു. ബ്രേക്ക് ചവിട്ടിപ്പോകാനുള്ള സിഗ്നല്‍. അതുപോലെ ചെയ്തു. യാത്ര തുടങ്ങുമ്പോള്‍ തന്നെ സൂചിപ്പിച്ചിരുന്നു.

“എനിക്ക് വണ്ടീമെ ഇരുന്ന് ശീലമില്ലാട്ടാ അപ്പ്വോ. നീ തന്നെപ്പോണ പോലെയൊന്നും വണ്ടിയോടിക്കര്ത്. ഈ പ്രായത്തില്‍ വീണാ പ്രശ്നാ”

പ്രതീക്ഷിച്ചപോലെ അമ്മയും അത് ശരിവച്ചു. ആന്റിക്കും അമ്മക്കും ഏതാണ്ട് തുല്യപ്രായമാണ്. അമ്മയുടെ കല്യാണം കഴിഞ്ഞ് ‘നാത്തൂന്‍ പോര്’ ഉണ്ടാകാതിരുന്നതിനു വലിയകാരണം അതുതന്നെയാണെന്ന് മനസ്സുതുറക്കുന്ന വേളയിലെല്ലാം അമ്മ പറഞ്ഞിട്ടുണ്ട്. കോളേജില്‍ പോകുന്നതും, വൈകുന്നേരം ശിവക്ഷേത്രം സന്ദര്‍ശിക്കുന്നതും എല്ലാം ഒരുമിച്ചായിരുന്നത്രെ. പരിചയക്കാര്‍ കളിയാക്കുകയും ചെയ്യുമായിരുന്നു.

“എങ്ങടാ ലളിതേ ഭാര്യേനേം കൊണ്ടുപോണേ” എന്ന്.

എന്തായാലും മൂന്നുകൊല്ലമേ അങ്ങിനെ പോയുള്ളൂ. അതിനുശേഷം അച്ഛന്‍ ഇപ്പോള്‍ താമസിക്കുന്ന അമ്മവീട്ടിലേക്കു താമസം മാറ്റി. നാലുമാസം കൂടുമ്പോള്‍ തറവാട്ടിലേക്കു ഒരു സന്ദര്‍ശനം. തറവാട്ടുവീടിനു ചുറ്റുമുള്ള വീടുകള്‍ എല്ലാം ബന്ധുക്കളുടേതാണ്. ഓരോ വീട്ടിലും കയറി ചായയും പലഹാരവും കഴിപ്പിച്ചേ വിടൂ. ഒന്നുകില്‍ കൊള്ളിക്കിഴങ്ങ് പുഴുങ്ങിയത് അല്ലെങ്കില്‍ അരിയുണ്ട അങ്ങിനെയങ്ങിനെ...

“നീയെന്നാ തിരിച്ചുപോണെ?”

ബൈക്കില്‍ ഉറച്ചിരിക്കാന്‍ ആന്റി തോളില്‍ കയ്യിട്ടു മുറുക്കിപ്പിടിച്ചു.

“മറ്റന്നാള്‍“

“ഇനി എന്നാ വരാ?”

“ആ. അറിയില്ല”

ആന്റി തോളില്‍ തലചാരി ഇരുന്നു എന്തൊക്കെയോ ഓര്‍ത്തു.

പണ്ട് അച്ഛന്റെ നാട്ടിലെ ശിവക്ഷേത്രത്തില്‍ ഉത്സവമാകുമ്പോള്‍ അമ്മ തറവാട്ടില്‍ കൊണ്ടാക്കുമായിരുന്നു. രക്ഷാകര്‍തൃത്വം ആന്റിയെ ഏല്‍പ്പിക്കും. വികൃതിയായതിനാല്‍ എല്ലാവരുടേയും ഒരുകണ്ണ് എപ്പോഴും കൂടെയുണ്ടാകും. അതു തെറ്റുന്ന വേളയില്‍ മുറപോലെ പ്രശ്നങ്ങളും. പൂജാമുറിയുടെ കൊത്തുപണികളുള്ള വാതിലിന്റെ കൊളുത്ത് തലയില്‍ കയറുന്നത് അത്തരമൊരു സന്ദര്‍ഭമാണ്. അച്ചമ്മ പേടിച്ചു.

“ലളിതേ. തങ്കപ്പന്‍ വരുമ്പോ ഞാന്‍ മാത്രാ ഇവിടെ ഇണ്ടായിരുന്നൊള്ളൂന്ന് പറഞ്ഞാമതി. ഇല്ലെങ്കില്‍ ആരൊടൊക്ക്യാ വഴക്കുണ്ടാക്കാന്ന് പറയാന്‍ പറ്റില്ല്യാ”

വല്യച്ഛന്മാര്‍ക്കൊഴികെ എല്ലാവര്‍ക്കും അച്ഛനെ ഭയമാണ്. ശരിയായ പേര് വിളിക്കാതെ തങ്കപ്പന്‍ എന്നേ വിളിക്കൂ. തറവാട്ടില്‍ അന്നുവരെ പുലര്‍ത്തിപ്പോന്ന അച്ചടക്കത്തില്‍ നിന്നു വ്യതിചലിച്ചവന്‍ അദ്ദേഹം മാത്രമാണ്. ആരേയും ഗൌനിക്കാതിരിക്കുക, ചീട്ടുകളി മുതല്‍ ചാരായം വരെയുള്ള കാര്യങ്ങളോട് അസ്പൃശ്യതയില്ലായ്മ തുടങ്ങിയവയൊക്കെ കൂടപ്പിറപ്പായിരുന്നു.

കൊളുത്തുകൊണ്ട മുറിവില്‍ മൂന്നു സ്റ്റിച്ച് ഇടേണ്ടിവന്നു. പിറ്റേന്ന് ആന്റിയേയും എല്ലാവരേയും ചീത്തവിളിച്ചു അച്ഛന്‍ തിരിച്ചു വിളിച്ചോണ്ടുവന്നു. അതില്‍പിന്നെ തറവാട്ടില്‍ പോകുന്ന പതിവ് അപൂര്‍വ്വമായി. അതില്‍ ആന്റി ഒരുപാട് ദുഃഖിക്കുകയും ചെയ്തു.

ഞാന്‍ ബൈക്ക് നിര്‍ത്തി. തൊട്ടുമുന്നില്‍ ഒരു മൂന്നുംകൂടിയ കവലയാണ്. മുമ്പ് വന്നിട്ടുള്ള വഴിയല്ലാത്തതിനാല്‍ അപരിചിതത്വം തോന്നി.

തറവാട്ടിലേക്ക് ആന്റിയെ ബൈക്കില്‍ ‘ഡ്രോപ്പ്’ ചെയ്യാന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ വാളൂര്‍‌പ്പാടം – എരയാംകുടി വഴി പോകാമെന്നാണ് മനസ്സില്‍ തീരുമാനിച്ചത്. പക്ഷേ വാളൂര്‍ ജംങ്ഷന്‍ കടന്നപ്പോള്‍ ആന്റി ഇടത്തോട്ടു കൈചൂണ്ടി.

“ഇതിലേ പോയാ മതി അപ്പ്വോ. അങ്ങ്ട് വേഗത്താം”

സത്യത്തില്‍ ആ വഴിയിലൂടെ പോയാല്‍ ഒരുപാടു സമയം ലാഭിക്കാന്‍ പറ്റുമെന്നൊന്നും തോന്നിയില്ല. വാളൂര്‍പ്പാടം വഴി പോയാലും പെട്ടെന്ന് എത്താം. പിന്നല്ലേ. എങ്കിലും ആന്റി പറഞ്ഞത് അനുസരിച്ചു ഇടത്തോട്ടു വണ്ടിതിരിച്ചു. കുണ്ടും കുഴിയും ചെളിക്കെട്ടും നിറഞ്ഞ വഴി കണ്ടപ്പോള്‍ ടാര്‍ചെയ്ത വാളൂര്‍പ്പാടം റോഡു തന്നെയാണ് തിരിച്ചുവരവിനു നല്ലതെന്നു ഉറപ്പിച്ചു.

എന്റെ സന്ദേഹം മനസ്സിലക്കി ആന്റി കവലയിലൂടെ നേരെ പോകാന്‍ പറഞ്ഞു. വളവുകഴിഞ്ഞ് ഒരുവലിയ ഇറക്കം. അതിനുശേഷം മെയിന്‍‌റോഡിലേക്ക് വണ്ടികയറി. പൈങ്കാവിനു ഇപ്പുറത്തെത്തിയെന്നു മനസ്സിലായി. തറവാട്ടിലേക്കു കുറച്ചു ഇനി ദൂരെമേയുള്ളൂ. ഇവിടെ അടുത്തെവിടെയോ ആണ് കുടുംബക്ഷേത്രം.

ചെറിയ ഇടവഴിയിലൂടെയാണ് ശേഷിച്ചുള്ള യാത്ര. ടാര്‍ ഇട്ടിട്ടുണ്ടെങ്കിലും ഒരു കാര്‍ എതിരെ വന്നാല്‍ സൈഡ് കൊടുക്കാന്‍ വിഷമിക്കേണ്ടിവരും.

കുടുംബക്ഷേത്രത്തിന് അടുത്തെത്തിയപ്പോള്‍ വണ്ടിനിര്‍ത്തി. ആന്റിയോട് കാത്തുനില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാതെ മന്ദഹസിച്ചു. നൊസ്റ്റാള്‍ജിയകളെ സ്നേഹിക്കുന്നവനാണെന്ന് പണ്ടേ അറിയാം.

ചെരുപ്പ് ഊരി ഉള്ളില്‍ കയറി. മുറ്റത്ത് ആലിലകള്‍ വീണുകിടക്കുന്നുണ്ട്. താന്‍ ഇതിനുമുമ്പ് വന്നപ്പോള്‍ ഈ ആല്‍ ചെറുതായിരുന്നു. കൈത്തണ്ട വലിപ്പമുള്ള നാലഞ്ച് ശാഖകള്‍ മാത്രം. ഇപ്പോള്‍ ഒരു ചുറ്റുമതിലൊക്കെ കെട്ടി സംരക്ഷിക്കാന്‍ മാത്രം വലുപ്പം വച്ചിട്ടുണ്ട്.

ശ്രീകോവില്‍ മാത്രമുള്ള അമ്പലമാണ്. കുറച്ചുമാറി ഒരു രക്ഷസും നാഗത്തറയും. കൊല്ലത്തില്‍ ഏതാനും ദിവസം മാത്രമേ പൂജയുള്ളൂ. പണ്ട് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ചെറിയതോതിലുള്ള ഉത്സവം നടത്താറുണ്ടായിരുന്നു. തറവാട് ക്ഷയിച്ചതോടെ അതുനിര്‍ത്തി. ഇപ്പോല്‍ രക്ഷസിനും നാഗങ്ങള്‍ക്കുമുള്ള പൂജ മുടങ്ങുകയാണ് പതിവ്.

അടച്ചിട്ടിരിക്കുന്ന നടക്കുനേരെ നിന്നു. ദുര്‍ഗ്ഗയാണ് പ്രതിഷ്ഠ. സന്ദേഹിയുടെ മനസ്സോടെ പ്രാര്‍ത്ഥിച്ചു.

“അമ്മേ ദേവി... അനുഗ്രഹിക്കണേ“

ഇക്കാലത്തെ പ്രാര്‍ത്ഥനകള്‍ എല്ലാം അത്തരത്തിലാണ്. നിറവേറ്റാനുള്ള ആഗ്രഹങ്ങളും, ആവശ്യങ്ങളും എണ്ണിയെണ്ണി പറയാറില്ല. ഒരുകാലത്ത് എണ്ണിയെണ്ണിപ്പറഞ്ഞ പലതും ഇന്നും നിറവേറ്റപ്പെടാതെ കിടക്കുകയാണ്. മറ്റു ചിലത് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു. അതിനാല്‍ ഇക്കാലത്തു ആവശ്യങ്ങള്‍ ഒന്നും ഉണര്‍ത്തിക്കാറില്ല. പകരം അനുഗ്രഹം മാത്രം തേടും. ദേവിയുടെ അനുഗ്രഹം കിട്ടിയാല്‍ നടക്കാത്തതായി എന്തുണ്ട്!!

അമ്പലത്തിനു ചുറ്റും മൂന്നുവട്ടം വലംവച്ചു. ആന്റിയുടെ അടുത്ത് ആരോ കുശലംപറഞ്ഞു നില്‍ക്കുന്നത് ശ്രദ്ധിച്ചു. മൂക്കൊലിപ്പിക്കുന്ന കുഞ്ഞിനെ ഒക്കത്തെടുത്ത് ഒരു ചെറുപ്പക്കാരി. ഇങ്ങോട്ടു ശ്രദ്ധിക്കുന്നുണ്ട്. അപ്പുക്കുട്ടന്‍ നാഗത്തറക്ക് ചുറ്റും ഒരുവട്ടം വലംവച്ചു പുറത്തിറങ്ങി.

അടുത്തെത്തിയപ്പോള്‍ ചെറുപ്പക്കാരി ചിണുങ്ങിയ കൊച്ചിനെ ഇടതു ഇടുപ്പിലേക്കു മാറ്റി, മന്ദഹസിച്ചു ചോദിച്ചു.

“അപ്പു എന്നെ അറിയോ ആവോ?”

ചോദ്യം അപ്പുവിനോടായിരുന്നെങ്കിലും നോട്ടം ആന്റിയുടെ നേരെയായിരുന്നു. ‘അറിയില്ല’ എന്ന മറുപടി ഉയര്‍ന്നാല്‍ ഒരു വിശദീകരണം ആ മുഖത്തുനിന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും ചോദിക്കണ്ടേ എന്നുകരുതി ചെറുപ്പക്കാരി ഇറങ്ങിവന്ന ദിശയിലേക്കു നോക്കി. പലയിടത്തും കുമ്മായം അടര്‍ന്നുപോയ ചുമരുള്ള ഒരു ഓടിട്ട വീട്. അതിനടുത്തു പുതിയവീടു പണിയാന്‍ കരിങ്കല്ലുകൊണ്ടു തറ കെട്ടിപ്പൊക്കിയിരുന്നു. തറയുടെ ഒത്തനടുവില്‍ ഒരു വൃദ്ധ എന്തോ ആലോചിച്ചിരിക്കുന്നു. അതു പിടിവള്ളിയാക്കി.

“പുതിയ വീട് വക്കാമ്പോവാണല്ലാ?”

പിന്നെ വിടര്‍ന്നു ചിരിച്ചു. അപരിചതത്വം ഒട്ടുമില്ലാത്ത ചിരി. അതെങ്ങിനെ അപ്പോള്‍ മുഖത്തു വിടര്‍ന്നെന്നു അപ്പുക്കുട്ടനുപോലും മനസ്സിലായില്ല.

സത്യത്തില്‍ ആ ചെറുപ്പക്കാരി ആരെന്നോ ആ വീട് ആരുടെയാണെന്നോ മനസ്സിലായിരുന്നില്ല. വിളര്‍ത്തു മെലിഞ്ഞ മുഖത്തു നോക്കി അതു പറയാന്‍ മടിതോന്നിയതിനാല്‍ മറ്റുവഴികള്‍ തേടി.

ബൈക്ക് വിട്ടു. ചെറിയ ഇടവഴിയില്‍‌നിന്നു വീതിയുള്ള റോഡിലേക്കു കയറി. തറവാട്ടില്‍ പണിക്കു വരാറുള്ള കുറുമ്പന്റെ വീടിനടുത്തു എത്തിയപ്പോള്‍ മുഖംതിരിച്ചു ആന്റിയോട് അന്വേഷിച്ചു.

“ഏതാ ആന്റി ആ പെണ്ണ്?”

ആന്റിക്ക് ചെറുതല്ലാത്ത അമ്പരപ്പ്. പരിഭവത്തോടെ ചുമലില്‍ അടിച്ചു.

“അയ്യോ നിനക്ക് മനസ്സിലായില്ലേ... ദീപയല്ലേ അത്...“

കാല്‍‌പാദം ബ്രേക്കില്‍ അമര്‍ന്നു. ലോഹം ലോഹത്തിന്മേല്‍ അമര്‍ന്നു ‘കീ’ ശബ്ദമുണ്ടാക്കി. കേബിളിടാന്‍ കുഴിച്ച കുഴി നികത്തിയഭാഗം ഹമ്പുപോലെ റോഡിനു കുറുകെ. സൂക്ഷിച്ച് മറികടക്കുമ്പോള്‍ നോട്ടം ഇടതുവശത്തെ ഇടത്തരം പാറമടയിലേക്കു തിരിഞ്ഞു. അവിടെയിരുന്നു അച്ഛന്‍ ചീട്ട് കളിക്കുന്നത് കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്.

ആന്റി തുടര്‍ന്നു.
തുടരാന്‍ അപ്പുക്കുട്ടനും ആഗ്രഹിച്ചിരുന്നു!

“നിനക്കോര്‍മ്യല്ലേ പണ്ട് സ്മിതേടെ കല്യാണത്തിന് ദീപേനെ ചെര്‍ത്തുപറഞ്ഞു പിള്ളേര് കളിയാക്കിയപ്പോ നീ പെണങ്ങിപ്പോയത്”

അതുതന്നെയായിരുന്നു മനസ്സില്‍. ദീപയുമായി എളുപ്പം ബന്ധിപ്പിക്കുന്ന, ഓര്‍ത്തിരിക്കാവുന്ന ഏകസംഭവവും അതുതന്നെ. കല്യാണത്തിനുവന്ന പിള്ളേര്‍ മുഴുവന്‍ സുന്ദരിയെങ്കിലും സമപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയെ ചേര്‍ത്തുപറഞ്ഞു നിരന്തരം കളിയാക്കിയപ്പോള്‍ മുന്‍‌കോപക്കാരനായ കൌമാരക്കാരന്റെ നിയന്ത്രണം വിട്ടു. മൂന്നുപേരുമായി വഴക്കുണ്ടാക്കി. അതു കയ്യാങ്കളിയോളമെത്തി കല്യാണവീട്ടിലാകെ പ്രശ്നമായി. തങ്കപ്പന്റെ മകനായതുകൊണ്ട് ആരും കൈവക്കാന്‍ മുതിര്‍ന്നില്ല. പകരം അച്ഛന്‍ മാത്രമേ തല്ലിയുള്ളൂ. ജീവിതത്തില്‍ ആദ്യത്തേതും അവസാനത്തേതുമായ തല്ലല്‍.

അന്നു ക്ഷോഭിച്ചെങ്കിലും അതിനുമുമ്പും ശേഷവും ദീപയോട് ഉള്ളിന്റെയുള്ളില്‍ ഇഷ്ടമായിരുന്നു. കല്യാണദിവസത്തെ സംഭവത്തിനുശേഷം ശിവക്ഷേത്രത്തിലെ ഉത്സവം കണ്ടുമടങ്ങിവരുമ്പോള്‍ എല്ലാവര്‍ക്കും പിന്നില്‍നടന്നു ആ കൊച്ചുപെണ്ണിനെ ശ്രദ്ധിക്കുമായിരുന്നു. തിരിച്ചും നല്ല പരിഗണന തന്നെ ലഭിച്ചു. എന്നിട്ടും ദൂരം ഞങ്ങളെ തമ്മിലകറ്റി.

ഒന്നും മിണ്ടാത്തതു കൊണ്ടാകാം ആന്റി വീണ്ടും സന്ദേഹത്തോടെ വിളിച്ചു.

“അപ്പൂ. അവര്ടെ അവസ്ഥയിപ്പോ കഷ്ടാടാ. നീ തറ കെട്ടിയതുനോക്കി ‘പുതിയവീട് വക്കാന്‍ പോവാണല്ലോ‘ എന്നു ചോദിച്ചില്ലേ. സത്യത്തീ ആ തറ അങ്ങിനെ കെട്ടിച്ചിട്ടിട്ട് രണ്ടുകൊല്ലം ആവാറായി. ഇനി പണിയൂന്ന് തോന്നണില്ല”

മനസ്സിലൊരു കനം വീണു. അതിന്റെ നോവില്‍ ചോദിച്ചു.

“എവിടേക്കാ കല്യാണം കഴിച്ചയച്ചെ?”

“പൂപ്പത്തീക്ക്. ബന്ധത്തിലൊള്ള ആളന്നെ. പക്ഷേ അത് ശര്യായില്ല. ഇപ്പോ ഇവടെ നിക്കാണ്. കാശ് കൊറേ കൊടക്കാന്‍ണ്ടത്രെ. അന്നുമൊതല് ദേവുചേച്ചിക്ക് നല്ല സുഖമില്ല. എപ്പഴും ആ കരിങ്കല്ല് കെട്ടിയ തറയിലിരിക്കലാ പണി ”

ആന്റി ശാസിച്ചു.

“നിനക്ക് അവളോട് കുറച്ചൂടെ സംസാരിച്ചൂടായിരുന്നോ? പാവം... നീ മിണ്ടാണ്ട് പോയതു കണ്ട് വെഷമായിണ്ടാവും“ ഒന്നുനിര്‍ത്തി അര്‍ത്ഥഗര്‍ഭമായി പൂരിപ്പിച്ചു. “നിന്നെപ്പറ്റി സ്മിതേടട്ത്തു എപ്പഴും ചോദിക്കാറ്ണ്ട്. എവട്യാ, എന്താ ജോലീന്നൊക്കെ“

ഞാന്‍ ആന്റിയുടെ നേരെ തിരിഞ്ഞു നോക്കിയില്ല. മുഖം ചലിപ്പിച്ചു പോലുമില്ല. വഴിയിലെ ഹമ്പുകളേയും കുഴികളേയും മറച്ച് കണ്ണുകള്‍ നിറഞ്ഞു. നിറഞ്ഞു കവിഞ്ഞു. സാവധാനം ഒലിച്ചിറങ്ങി. കവിളിലേക്ക്. ഷര്‍ട്ട് കണ്ണിനുമുകളില്‍ ഓടിച്ചു വിഷയം മാറ്റി.

“കണ്ണിലെന്തോ കരടുപോയി. ചെറിയ നിറ്റല്‍”

ആന്റിയത് വിശ്വസിച്ചിരിക്കില്ല. എങ്കിലും കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാം.

ബാബുട്ടന്‍ ചേട്ടന്റെ വീടിനടുത്ത് ആന്റിയെ ഇറക്കി തിരിച്ചുപോരാന്‍ വണ്ടിതിരിക്കുമ്പോള്‍ ക്ഷണിച്ചു.

“തറവാട്ടീ വാ അപ്പൂ. സിതേം കൊച്ചും വന്നണ്ട്. വീട്ടീപ്പോയിട്ട് എന്തൂട്ടാത്ര പണി”

സ്നേഹപൂര്‍വ്വം നിരസിച്ചു. തിരക്കിട്ട പതിവുഷെഡ്യൂളുകള്‍ നിരത്തി യാത്രപറഞ്ഞു.

വാളൂര്‍പ്പാടം വഴി തിരിച്ചുപോകുന്നതാണ് എളുപ്പമെന്നു അറിഞ്ഞിട്ടും അതൊഴിവാക്കി വന്നവഴിയിലൂടെ തന്നെ ബൈക്ക് തിരിച്ചു. കുടുംബക്ഷേത്രത്തിനു അടുത്തെത്തിയപ്പോള്‍ ബ്രേക്കില്‍ താങ്ങി സാവധാനം പോയി. കുമ്മായം അടര്‍ന്നുവീണ ഓടിട്ട വീടിനു മുറ്റത്ത് കൊച്ചിനേയും ഒക്കത്തിരുത്തി ആരുമില്ല. കരിങ്കല്ല് കെട്ടിപ്പൊക്കിയ തറക്കു നടുവില്‍ എന്തൊക്കെയോ ആലോചിച്ച് ദേവുചേച്ചി മാത്രം അപ്പോഴുമുണ്ടായിരുന്നു.

Sunday, January 17, 2010

സെക്കന്റ് ചാന്‍സ്

മേശക്ക് ഇരുപുറവും അവര്‍ അപരിചിതരെപ്പോലെ ഇരുന്നു. കൈകള്‍ പിണച്ചുവച്ചു മുഖത്തോടു മുഖം നോക്കാതെ. ഇതിനുമുമ്പ് കൂടിക്കാഴ്ചകള്‍ ഉണ്ടായിരുന്നു. എന്നിട്ടും മൌനത്തിന്റെ ഇരുമ്പുമറ അവരെ പൊതിഞ്ഞു.. പരിചയങ്ങള്‍ വാചാലതയിലെത്താത്ത സന്ദര്‍ഭത്തിന്റെ മനോഹാരിത ഇരുവരും കുറച്ചുസമയം ആസ്വദിച്ചു.

“ഹരി പണ്ട് എനിക്കൊരു വാക്കുതന്നിരുന്നില്ലേ. ഓര്‍മയുണ്ടോ അത്?”

മനസ്സ് ഭൂതകാലങ്ങളില്‍ ഭ്രാന്തമായി തിരഞ്ഞു മരവിച്ചുകഴിഞ്ഞിരുന്ന ചേതനയെ ആകുന്നത്ര തല്ലിയുണര്‍ത്താന്‍ ശ്രമിച്ചു.

എന്തുവാക്കാണ് കൊടുത്തത്?
ഇത്രയും നീണ്ട ജീവിതകാലയളവില്‍ പലര്‍ക്കും പലപ്പൊഴും വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. വൃഥാവിലാകുമെന്നു കരുതിയ പലതും അപ്രതീക്ഷിതമായി പാലിക്കാനായി. പാലിക്കാനാകുമെന്ന് ഉറപ്പിച്ചവ ഇന്നും മനസ്സിലെ വിങ്ങലായി നില്‍ക്കുന്നു. ഇതിലേതിനെപ്പറ്റിയാണ് ആരായുന്നത്.

ഓര്‍മകളോട് തോല്‍‌വി സമ്മതിച്ച് തലകുനിച്ചു.

“ഞാന്‍ ഓര്‍ക്കുന്നില്ല...”

“ആ സെക്കന്റ് ചാന്‍സ്”

ഓര്‍മയില്‍ വന്നത് അമ്മയുടെ മുഖമാണ്. വാത്സല്യത്തോടെയുള്ള ഒരു ശാസനയും കാതിലലച്ചു.

“ആ കുട്ടിയോട് നിനക്കൊന്നു ചോദിച്ചാലെന്താ ഹരീ. ഒന്നല്ലെങ്കിലും നിന്റെ കമ്പനിയില്‍ ജോലിചെയ്യുന്നതല്ലേ“

ഫോണിലൂടെ കേട്ട അമ്മയുടെ കുറ്റപ്പെടുത്തലിനും മാധുര്യമായിരുന്നു. രണ്ടുദിവസം മുമ്പ് പതിവുപോലെ രാത്രിയില്‍ വിളിച്ചപ്പോള്‍ പോയികാണാമെന്നു സമ്മതിച്ചതാണ്. പിറ്റേന്ന് കാര്യത്തോടടുത്തപ്പോള്‍ സ്വതസിദ്ധമായ ഉദാസീനത പിടികൂടി. എല്ലാം മറന്നു. മറക്കാന്‍ ആഗ്രഹിക്കുന്നവയെല്ലാം എളുപ്പത്തില്‍ മറക്കാന്‍ സാധിക്കാറുണ്ട്. അതും ഒരു അനുഗ്രഹം.

പെണ്‍‌കുട്ടിയുടെ മാട്രിമോണിയല്‍ സൈറ്റിലെ പ്രൊഫൈല്‍ തന്നത് അമ്മയാണ്. ഒരുകാലത്ത് അമ്മ ഏറ്റവും വെറുത്തിരുന്ന കാര്യം.

“ഈ ബ്രോക്കര്‍‌മാരില്ലാത്ത ആലോചനയൊക്കെ നല്ലതാണൊ ഹരീ. നമ്മടെ കുടുംബത്തിലെ കുട്ട്യാണെങ്കി കൊഴപ്പല്യാ. ഇത് അന്യരുടെ ആവുമ്പോ ജാതകോക്കെ കറക്ടാണോന്ന് ഉറപ്പിക്കാന്‍ പറ്റ്വോ”

അച്ഛന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. കാലം മാറുമ്പോള്‍ നമ്മളും അതിനനുസരിച്ചു മാറണം എന്ന പതിവു വാചകങ്ങളൊന്നും അമ്മയെ ഏശിയില്ല. കടും‌പിടുത്തം തുടര്‍ന്നു. നാട്ടിലെ അഞ്ചാറു മൂന്നാമന്‍‌മാരെ എല്ലാം പറഞ്ഞേല്‍പ്പിച്ചു. ഒരുമാസത്തിനുള്ളില്‍ പറ്റിയ ആലോചന കൊണ്ടുവന്നിരിക്കും എന്ന് ആണയിട്ട് പോയവര്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഒടുക്കം അമ്മ തോല്‍‌വി സമ്മതിച്ചു രംഗത്തിറങ്ങി. പകല്‍ മുഴുവന്‍ കണ്ണുകഴക്കുന്നതുവരെ കല്യാണസൈറ്റുകളില്‍ കയറിയിറങ്ങി മകന് പെണ്ണന്വേഷിച്ചു.

പറ്റിയ പ്രൊഫൈലുകളില്‍ എല്ലാ അന്വേഷണവും വിശകലനവും നടത്തിയത് അമ്മതന്നെ. അത്തരത്തിലൊന്ന് ഒരു വൈകുന്നേരം അയച്ചുതന്നു. പേടിക്കാതെ ‘പോയികാണാന്‍’ ധൈര്യപ്പെടുത്തുകയും ചെയ്തു. രാധികയുമായുള്ള ആദ്യകൂടിക്കാഴ്ച അങ്ങിനെ സംഭവിച്ചതാണ്. രണ്ടാമത്തേത്, ഒരുപക്ഷേ അവസാനത്തേതും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു.

ഐസ്‌ക്യൂബുകള്‍ നിറഞ്ഞ ജ്യൂസ് മൊത്തി ചിറിതുടച്ചു.

“എന്തുപറ്റി ഫസ്റ്റ് ചാന്‍സിന്?”

എതിര്‍മുഖത്തെ ഭാവഭേദങ്ങളുടെ തിരനോട്ടങ്ങളില്‍ ഉറ്റുനോക്കിയിരുന്നു. പണ്ട് ലിപ്‌സ്റ്റിക്കിന്റെ മടുപ്പിക്കുന്ന ശഭളിമയില്‍ നോക്കാന്‍ മടിച്ചിട്ടുണ്ട്. അതൊക്കെ വെറും പുറം‌മോടിയാണെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്.

“അന്യഭാഷ, ജീവിതരീതികള്‍, കള്‍ച്ചറല്‍ ഡിഫറന്‍സ്... പൊരുത്തക്കേടുകള്‍ കൂടിയപ്പോള്‍ എല്ലാം മതിയാക്കി”

“ഡൈവോഴ്സ്‌ഡ്!”

“ഉം...”

മൂളിയതിനുശേഷമുള്ള മൌനത്തിന് അനിര്‍വചനീയമായ അര്‍ത്ഥതലങ്ങള്‍ തോന്നി. അവയുടെ ഗഹനതയില്‍ ആണ്ടുപോകാന്‍ മനസ്സുവെമ്പി.

“എന്നെ എങ്ങിനെ കണ്ടുപിടിച്ചു”

ആ കണ്ണുകളില്‍ നേരിയ തിളക്കം.

“ഹരിയുടെ പഴയ പ്രൊഫൈല്‍ അറിയാമായിരുന്നു. എവിടേയും എഴുതിവച്ചിരുന്നില്ല. പക്ഷേ മനസ്സിലുണ്ടായിരുന്നു. അന്നത്തെ കൂടിക്കാഴ്ചയെപ്പറ്റി ഓര്‍ത്ത ഒരുനിമിഷത്തില്‍ ഞാന്‍ വീണ്ടും കയറിനോക്കി. അവിടെ എന്നെ കുത്തിനോവിച്ച് വീണ്ടുമൊരു സെക്കന്റ് ചാന്‍സ്...”

ചുണ്ടുകളെ വകഞ്ഞുമാറ്റി ചെറുമന്ദഹാസം തലപൊക്കി.

മനസ്സുനിറയെ പകയായിരുന്നു. പലരോടും പലതിനോടും. ഒരുപക്ഷേ അമ്മയോടു വരെ. അതിന്റെ ഹാങ്ങോവറില്‍ മാട്രിമോണിയല്‍ പ്രൊഫൈലില്‍ മാറ്റം വരുത്തി. സീക്കിങ്ങ് ഫോര്‍ എന്ന ചൂണ്ടുപലകക്കുനേരെ “ഓണ്‍ലി സെക്കന്റ് ചാന്‍സ് പീപ്പിള്‍” എന്നുകുറിച്ചു. വാചകങ്ങള്‍ അമര്‍ഷം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നു അറിയാത്തവര്‍ വാതിലില്‍മുട്ടി. അറിഞ്ഞവരില്‍ ചിലര്‍ പരിഹസിച്ചു, ചിലര്‍ പരിതപിച്ചു. തന്നെ സംബന്ധിച്ചിടത്തോളം രണ്ടും തൃണമായിരുന്നു.

അമ്മയുടെ നിര്‍ബന്ധത്തില്‍ പ്രൊഫൈല്‍ ഉടമയെ കാണാന്‍ തീരുമാനിച്ചപ്പോള്‍ ഒരു കൊച്ചുസുന്ദരിയെ പ്രതീക്ഷിച്ചിരുന്നു. എച്ച്‌ആര്‍ എക്സിക്യുട്ടീവ് രാജേഷിനോട് അന്വേഷിച്ചു.

“അളിയാ ഈ ആളുടെ നമ്പര്‍ ഒന്നുവേണം”

“എത്‌ക്ക്?”

കാര്യങ്ങള്‍ വിശദീകരിച്ചു. രാജേഷ് അമ്പരന്ന് എന്തോ ഓര്‍ത്തു പിറുപിറുത്തു.

“ഓണ്‍ലി സെക്കന്റ് ചാന്‍സ്”

അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. ആ പ്രയോഗം കേള്‍ക്കുന്നതുതന്നെ ആദ്യമായിരുന്നു. കൂടുതല്‍ അന്വേഷിക്കാനും മിനക്കെട്ടില്ല. ഓഫീസ് മെസഞ്ചറില്‍ ആഡ് ചെയ്തു കാത്തിരുന്നു. ഓണ്‍ലൈനില്‍ വന്നനിമിഷം മാട്രിമോണിയല്‍ ഐഡി സഹിതം ബന്ധപ്പെട്ടു. മറുപടി താമസിയാതെ എത്തി.

“പ്ലീസ് കം കഫെറ്റേരിയ”

ഇത്ര പെട്ടെന്ന് പെണ്ണുകാണല്‍!
ആകാംക്ഷക്ക് ചിറകുവച്ചു. ഒപ്പം ആശങ്കകള്‍ക്കും. ചെയ്തുകൊണ്ടിരുന്ന പണിനിര്‍ത്തി ഏഴാംനിലയിലേക്ക് പറന്നു.

കഫെറ്റേരിയയുടെ മധ്യഭാഗത്തു നാലുപേര്‍ക്കിരിക്കാവുന്ന മേശയില്‍ ഒരുപെണ്‍‌കുട്ടി കൈമുട്ടുകളൂന്നി ഇരിക്കുന്നു. അമ്മയുടെ വായ്മൊഴി വരച്ച ചിത്രത്തിലും മനോഹരി. മുഖത്തു സ്വാഭാവികമായി പ്രതീക്ഷിക്കാവുന്നതിലും കൂടുതല്‍ പരിഭ്രമം. ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയത്തെ ശാസിച്ച് അടുത്തുചെന്നു.

“ആര്‍ യു …..”

പതിഞ്ഞ താളാത്മകമായ സ്വരത്തില്‍ മറുപടി.

“അതെ”

ഇനിയെന്തുചോദിക്കണം. ഒരു കോമ്പ്ലിമെന്റ് ആകാമെന്നു തോന്നി. എങ്കിലും ഒന്നും മിണ്ടിയില്ല.

“സൈറ്റില് എന്റെ പ്രൊഫൈല്‍ ഉണ്ടാക്കിയത് ഞാനല്ല. അച്ഛനാണ്”

അതിനിപ്പോള്‍ എന്താണ് പ്രോബ്ലം. ആരുണ്ടാക്കിയാലും കല്യാണകാര്യമല്ലേ. മനസ്സിലെ ചിന്തകള്‍ അന്തമില്ലാതെ പോയി. അവ പുറത്തു പ്രകടിപ്പിക്കാതെ കാരണവന്മാരെപോലെ പറഞ്ഞു.

“അതു നന്നായി”

അരമിനിറ്റുനേരത്തെ ശാന്തത. അവക്കൊടുവില്‍ ആ വിളി.

“ഹരീ...”

കേള്‍ക്കാന്‍ ആഗ്രഹിച്ച വിളി. പക്ഷേ അതില്‍ മുറ്റിനില്‍ക്കുന്ന കുറ്റബോധം തിരിച്ചറിഞ്ഞു. മുഖത്തു ഉറ്റുനോക്കി. മിഴികളിലെ ക്രൌര്യം അമ്പരപ്പിച്ചു. അശുഭമായതെന്തോ സംഭവിക്കാന്‍ പോകുന്നു.

“ഹരീ എനിക്ക്... എനിക്ക് വേറൊരാളെ ഇഷ്ടമാണ്”

കയ്യില്‍ എടുത്തുപിടിച്ചിരുന്ന ഓറഞ്ചുജ്യൂസ് അറിയാതെ തുളുമ്പി. തലകുനിച്ചിരിക്കെ അടുത്ത ആഘാതവും എത്തി.

“ഹരി ഈ ആലോചനയുമായി എന്റെ വീട്ടില്‍ പോകരുത്. അപേക്ഷയാണ്”

അതെ. രാജേഷിന്റെ വാക്കുകളുടെ അര്‍ത്ഥം ഇപ്പോള്‍ പിടികിട്ടുന്നുണ്ട്.

“ഓണ്‍ലി സെക്കന്റ് ചാന്‍സ്”

കസേരയില്‍‌നിന്നു സാവധാനം എഴുന്നേറ്റു. അമ്മ വിളിക്കായി കാക്കുകയാണ്. എന്തുപറയണം. പെണ്‍‌കുട്ടിയുടെ വീട്ടുകാരെ ബന്ധപ്പെട്ടാല്‍ ചിലപ്പോള്‍ ശരിയാകുമായിരിക്കും. ആ ഭയം അദ്ദേഹത്തിനുമുണ്ടെന്നു തോന്നുന്നു. അതുകൊണ്ടല്ലേ ആലോചനയുമായി വീട്ടില്‍ പോകരുതെന്ന് അഭ്യര്‍ത്ഥിച്ചത്?

വിടര്‍ന്നു നില്‍ക്കുന്ന ആ സുന്ദരമുഖത്ത് ഒരുനിമിഷം ഉറ്റുനോക്കി. കരിമഷിയെഴുതിയ മിഴികള്‍ കലങ്ങിയിരുന്നു. കണ്‍കോണില്‍ ഒരു കണ്ണീര്‍‌കണം താഴേക്കു ഇറ്റുവീഴാന്‍ അനുവാദം ചോദിക്കുന്നു. വേണ്ട വിഷമിപ്പിക്കണ്ട.

“ഞാന്‍ വരുന്നില്ല കുട്ടീ“

അതുപറയുമ്പോള്‍ മുഖത്തു വേദനയില്‍ ചാലിച്ച ചിരിയുണ്ടായിരുന്നു.

“സ്നേഹമെന്നത് പിടിച്ചുവാങ്ങേണ്ട ഒന്നല്ലല്ലോ. ആണോ?......... കുട്ടി പോയ്ക്കോളൂ”

മറുപടിയോ ഒരുനോട്ടം പോലുമോ പ്രതീക്ഷിക്കാതെ കസേരയില്‍‌നിന്നു എഴുന്നേറ്റു. ടെറസിന്റെ മൂലയിലേക്ക് നടന്നു. മൊബൈലെടുത്ത് കൈവെള്ളയിലിട്ട് കറക്കി. മനസ്സില്‍ ആത്മസംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങള്‍. ഒടുക്കം വിളിക്കാതെ അക്ഷരങ്ങളെ കൂട്ടുപിടിച്ചു.

“സോറി അമ്മ. ദെയറീസ് ഓണ്‍ലി സെക്കന്റ് ചാന്‍സ്”

എസ്‌എം‌എസിന് പെട്ടെന്നു മറുപടിയെത്തി.

“സാരല്ല്യ ഹരി. അത് പോട്ടെ…….”

മനസ്സിലെ കാറുംകോളും തല്‍ക്കാലത്തേക്ക് അടങ്ങി. മാട്രിമോണിയല്‍ സൈറ്റില്‍ ഓണ്‍ലി സെക്കന്റ് ചാന്‍സ് എന്നുകൂടി ചേര്‍ത്തപ്പോള്‍ എല്ലാം പൂര്‍ണമായി പിന്‍‌വാങ്ങി. എന്നിട്ടും കരിമഷിയെഴുതിയ ഒരുജോടി കലങ്ങിയ കണ്ണുകള്‍ ഇടക്കൊക്കെ ചിന്തയെ അലസോരപ്പെടുത്തി വിരുന്നുവന്നു.

ഇപ്പോള്‍ അവ തന്നെത്തന്നെ ഉറ്റുനോക്കിയിരിക്കുകയുമാണ്.
ഒരു മറുപടിക്കായി. ഒരു സെക്കന്റ് ചാന്‍സിനായി!

ഓര്‍മകളില്‍‌നിന്നു ഉണര്‍ന്നെഴുന്നേറ്റു. ‌മേശയില്‍ എതിര്‍ഭാഗത്തിരിക്കുന്ന വ്യക്തിയുടെ മുഖം വികാരശൂന്യമാണ്. അനുഭവങ്ങള്‍ തുളവീഴ്ത്തിയ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചേ മുന്നോട്ടുപോകാനാകൂവെന്ന തിരിച്ചറിവ് അവിടെ ദൃശ്യമാണ്.

“ഹരി ഒന്നും പറഞ്ഞില്ല...”

പറയാനായി സ്വരുക്കൂട്ടുന്ന വാക്കുകളും അവയുടെ കര്‍ത്തവ്യം മറക്കുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ മൌനിയാകാതെ തരമില്ല. ഹരിയും അതുതിരിച്ചറിഞ്ഞു തല്‍ക്കാലത്തേക്കു മൌനിയായി. തല്‍ക്കാലത്തേക്കു മാത്രം.


അടിക്കുറിപ്പ് : എന്റെ പോളിടെക്നിക് സഹപാഠിയും ആത്മസുഹൃത്തുമായ ബ്ലോഗര്‍ അച്ചു / കൂട്ടുകാരന്‍ എഴുതിയ “സെക്കന്റ് ചാന്‍സ്” എന്ന പോസ്റ്റാണ് ഈ പോസ്റ്റിന്റെ പ്രചോദനവും ആശയവും. അദ്ദേഹത്തിനു ഞാന്‍ കടപ്പാട് രേഖപ്പെടുത്തുന്നു.