Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Tuesday, December 1, 2009

കാലവര്‍ഷം പറയാതിരുന്നത (ചാമി)

പ്രബോധിനി ലൈബ്രറി, ബാംഗ്ലൂര്‍ അവരുടെ 2009 ലെ വാര്‍ഷിക മാഗസിന്‍ 'വൈഖരി'യില്‍ പ്രസിദ്ധീകരിച്ച കഥ. (ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം) 
റോഡില്‍ അവിടവിടെ തളംകെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ ചവിട്ടാതെ അപ്പുക്കുട്ടന്‍ സൂക്ഷിച്ച് നടന്നു. വെള്ളമുണ്ട് മുട്ടോളം പൊക്കിപ്പിടിച്ചു. ചിലയിടത്ത് ഡീസലിന്റെ തുള്ളികള്‍ വീണുപരന്നിട്ടുണ്ട്. ടില്ലറില്‍‌നിന്ന് ഊറിവീണതാവണം. ഡീസലില്‍ ഒളിമിന്നുന്ന സപ്തവര്‍ണങ്ങളില്‍ നൊടിനേരം കണ്ണുകള്‍‌നട്ട് നിന്നശേഷം അപ്പുക്കുട്ടന്‍ നടത്തം തുടര്‍ന്നു.

കോണ്‍ക്രീറ്റ് കലുങ്കിന് പിന്നില്‍ ഇലക്ട്രിക്പോസ്റ്റിനടുത്ത് മുട്ടോളം പൊക്കമുള്ള സര്‍വ്വേക്കല്ല്. അവിടെനിന്ന് ഇടത്തോട്ട്, പാടശേഖരത്തെ കീറിമുറിച്ച് പോകുന്ന നീണ്ടചെമ്മണ്‍പാതയിലേക്ക് തിരിഞ്ഞു. അതിന് എവിടേയും കൈവഴികളില്ല. പാടത്തെ പണിക്കാരുടെ പാദങ്ങള്‍ പതിഞ്ഞുതെളിഞ്ഞ ചെറിയ ഒറ്റയടിപ്പാതകള്‍ മാത്രം ചിലയിടത്തുണ്ട്.

വലതുവശത്തെ കനാലിലൂടെ ചേറിന്റെ നിറവുംമണവുമുള്ള പുഴവെള്ളം കുത്തിയൊലിച്ച് ഒഴുകുന്നു. പനമ്പിള്ളിക്കടവില്‍ പഞ്ചായത്ത് പത്തിന്റെ പുതിയമോട്ടോര്‍ വച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞത് അപ്പുക്കുട്ടനോര്‍ത്തു.

രാവിലെ ഉമിക്കരികൊണ്ട് പല്ല്‌തേച്ച് ചായക്കായി കാക്കുമ്പോഴാണ് അമ്മ വാര്‍ത്ത എത്തിച്ചത്.

“നിനക്കോര്‍മ്മയുണ്ടോ അപ്പൂ. പണ്ട് നീയുംചേട്ടനും കൂടി വെളുപ്പാന്‍ കാലത്തെണീറ്റ് വെള്ളംതിരിക്കാന്‍ പോവാറുള്ളത്’

എന്താണാവോ ഇപ്പോള്‍ ഇങ്ങിനെ ചോദിക്കാന്‍. അമ്മയുടെ നേരെ കൌതുകത്തോടെ നോക്കി.

“പഞ്ചായത്ത് പുതിയ മൂന്ന് മോട്ടോര്‍ വാങ്ങീണ്ട്. ഇപ്പൊ വെള്ളം തിരിക്കണോങ്കി പണ്ടത്തെപോലെ ഇടിയൊന്നും കൂടണ്ട“

നന്നായെന്ന് മനസ്സില്‍ പറഞ്ഞു. ചായകപ്പ് വാങ്ങി പടിഞ്ഞാറ്റയിലേക്ക് നടന്നു. പാടത്തുനിന്ന് വീശിവരുന്ന ഇളംകാറ്റില്‍ മയങ്ങി ചായ മൊത്തിക്കുടിക്കുമ്പോള്‍ കാലത്തിന് പിറകില്‍, എവിടെനിന്നോ വന്ന അശരീരിയായി അമ്മയുടെ അപേക്ഷ കാതിലലച്ചു.

“ചേട്ടന്റെ കൂടെ ഒന്ന് ചെല്ലടാ അപ്പൂ. ഇന്നൂടെ മതി. വെള്ളം തിരിച്ചില്ലെങ്കി പത്ത്പറ തികച്ച് കിട്ട്വോ മോനേ”

മുപ്പത്‌സെന്റ പാടത്ത്നിന്നുള്ള ആദായമാണ് അപ്പുക്കുട്ടന്റെ വീട്ടിലെ ഏകവരുമാനം. രാവിലെ ഉപ്പിട്ടകഞ്ഞിയെങ്കിലും കുടിച്ച് സ്കൂളില്‍പോകാന്‍ കഴിയുന്നത് അതുകൊണ്ടാണ്. വേനല്‍ കനക്കുന്ന പുഞ്ചക്കൃഷിക്ക് അതിരാവിലെ എഴുന്നേറ്റ് പനമ്പിള്ളിക്കടവില് പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ അടിച്ച് കനാലിലൂടെവരുന്ന പുഴവെള്ളം മറ്റുള്ളവരോട് മല്ലിട്ട് തടയണകെട്ടി സ്വന്തം നെല്പാടത്തിലേക്ക് കൊണ്ട്‌വരണം. എങ്കിലേ നെല്‍‌ക്കതിരുകള്‍ കൊഴിയാതിരിക്കൂ. എല്ലാം ചേട്ടന്‍ കൈകാര്യം ചെയ്തോളും. കൂട്ട് പോയാല്‍ മതി. പക്ഷേ വെളുപ്പിന് അഞ്ചുമണിക്ക് എഴുന്നേറ്റ്, മങ്ങിക്കത്തുന്ന മണ്ണെണ്ണവിളക്കിന്റെ പ്രകാശത്തില്‍ പാടവരമ്പത്തുകൂടെ ഉറക്കംതൂങ്ങുന്ന കണ്ണുകളോടെ നടക്കാന്‍ അപ്പുക്കുട്ടന് ഒട്ടും ഇഷ്ടമില്ലായിരുന്നു. എങ്കിലും അമ്മയുടെ നിസ്സഹായതക്ക് മുന്നില്‍ എന്നും വഴങ്ങും.

“കുഞ്ഞനെങ്ങോട്ടാ?”

പിന്നില്‍ ഇടര്‍ച്ചയുള്ള പരുക്കന്‍സ്വരം. അപ്പുക്കുട്ടന്‍ ‌തിരിഞ്ഞുനോക്കി. മുഷിഞ്ഞ തോര്‍ത്തുമുണ്ട് തലയില്‍‌കെട്ടി ചേറ്‌മണക്കുന്ന കൈലിയുടുത്ത് ഒരു വൃദ്ധന്‍. അപ്പുക്കുട്ടന്‍ നിറഞ്ഞചിരിയോടെ അടുത്തേക്കു ചെന്നു. ചാമിയാരുടെ മുഖത്ത് ചെറിയ മന്ദഹാസം മാത്രം.

“എവിട്യാപ്പോ? ഇവടെയൊന്നും കാണാറില്ലല്ലാ”

മറുപടി പറഞ്ഞില്ല. പകരം ചിന്തിച്ചു.
അപ്പൂപ്പന് വലിയ വ്യത്യാസമൊന്നുമില്ല. ഊര്‍ജ്ജ്വസ്വലന്‍ തന്നെയാണ്. അപ്പുക്കുട്ടന്‍ ആ മെലിഞ്ഞ കൈത്തലം ഗ്രഹിച്ചു.

“ഞാന്‍ ഒറ്റലും കൊണ്ട് വേണൂന്റെ പാടത്ത്ന്ന് വരാണ്. കയ്യില് ചെളി കാണും. പിടിക്കണ്ട“

തടസ്സപ്പെടുത്തല്‍ ഗൌനിച്ചില്ല. മെലിഞ്ഞ ശരീരത്തോട് ചേര്‍ന്നുനിന്നു. കണ്ണുകള്‍ അറിയാതെ നിറഞ്ഞു.

അപ്പൂപ്പന്‍ വിസ്തരിക്കാന്‍ തുടങ്ങി.

“ന്നലെ രാത്രി ഊത്തല് കേറി കുഞ്ഞോ. രാത്രി കഞ്ഞിവെള്ളം കുടിച്ച് കെടക്കാന്‍ പൂവുമ്പഴാ രാമന്‍ വന്ന്പറഞ്ഞെ. ഇച്ചിരെ ക്ഷീണം തോന്നീതോണ്ട് ഞാനപ്പൊ പോയില്ല. പിള്ളേര് പോയി കൊറേ കൊണ്ടന്നു“

“ഇന്ന് കാലത്ത് എണീറ്റപ്പോ പാടത്തേക്കൊന്ന് എറങ്ങാണ്ടിരിക്കാന്‍ പറ്റിയില്ല”

എല്ലാം സത്യമായിരുന്നു. പുളിക്കകടവ് പുഴയില്‍‌നിന്ന് ഊത്തല്‍ കയറിയാല്‍ ആര്‍ക്കും പെട്രോമാക്സും ഒറ്റലും തെങ്ങ്കയറ്റക്കാരുടെ മടവാളുമെടുത്ത് പാടത്ത് ഇറങ്ങാതിരിക്കാന്‍ ആവില്ലായിരുന്നു. പലപ്പോഴും രാത്രി ഉറക്കംതൂങ്ങുന്ന വേളയിലാകും പാടത്തുനിന്ന് കൂക്കുവിളികള്‍ കേള്‍ക്കുക. ക്ഷണനേരത്തിനുള്ളില്‍ ക്ഷീണം പമ്പകടക്കും.

പുതുവെള്ളത്തില്‍ ആകര്‍ഷിക്കപ്പെട്ട് പനമ്പിള്ളിക്കടവില്‍നിന്ന് കൂട്ടത്തോടെ കയറിവരുന്ന കുറുവപ്പരലുകളില്‍ ഒരു നല്ലപങ്ക് പെരുന്തോടില്‍ കാലേക്കൂട്ടി വമ്പന്‍ ഒറ്റലുകള്‍ വച്ചവര്‍ കൊണ്ടുപോകും. അവിടെ പിടികൊടുക്കാതെ കയറിവരുന്ന മീനുകളാണ് പുല്ലാനിത്തോട്ടിലും സമീപത്തെ പാടങ്ങളിലും എത്തുന്നത്.

“കോളെങ്ങനെ അപ്പൂപ്പാ”

ചാമിയാര്‍ കൈമലര്‍ത്തി.

“എവടെ! മീനോള്‍ക്ക് പണ്ടത്തെ എളക്കോന്നും ഇപ്പൊല്ല്യ. കുറുവകള്‍ വളരെ കൊറവാ. കേറണതില്‍ കൊറേണ്ണം പെരുന്തോട്ടിലെ ഒറ്റലില്‍ വീഴും. പുല്ലാനിത്തോട്ടിലേക്ക് എത്തിയാലായി“

“ന്നലെ രാത്രി രാമനും പിള്ളാരും പോയിര്ന്ന്. അതിന്ന് കാലത്ത് വറത്തു“

സംസാരം തെല്ലിട നിര്‍ത്തി ക്ഷണിച്ചു.

“കുഞ്ഞനിന്ന് വീട്ടി വാ“

രാത്രിയുടെ അന്ത്യയാമങ്ങളില്‍ നനഞ്ഞ മണ്ണില്‍ ചൂട്ടുകത്തിച്ച് അതില്‍ കമ്പിയില്‍ കോര്‍ത്ത പരല്‍മീനുകളുടെ ദൃശ്യം മനസ്സില്‍ ഒളിമിന്നി. ഒപ്പം വിത്സന്റെ വീട്ടിലെ കാന്താരിമുളകിന്റേയും ഉപ്പിന്റേയും രുചി നാവില്‍ തത്തിക്കളിച്ചപ്പോള്‍ ചെല്ലാമെന്ന് സമ്മതിച്ചു.

അപ്പൂപ്പന്‍ പഴയചോദ്യം വീണ്ടും ചോദിച്ചു.

“എവിട്യാന്ന് പറഞ്ഞില്ലാലോ?”

“അപ്പൂപ്പാ കൊറേ ദൂരെയാണ്”

“രാമന്റെ ചെക്കന്‍ പണ്ട് പണി പഠിക്കാന്‍ വന്ന സ്ഥലാണൊ”

“ആ... അവിടന്നെ”

അപ്പൂപ്പന്‍ ഇരുത്തി മൂളി കനാലിന്റെ ഒരുവശത്ത് ഇരുന്നു. ഒരുപടി താഴെ അപ്പുക്കുട്ടനും. പാടത്തെ പാതിവളര്‍ന്ന ഞാറുകള്‍ക്ക് ഉന്മേഷഭാവം. പതിവ് പച്ചനിറം മങ്ങിയിരുന്നു. വെള്ളപ്പൊക്കത്തിന്റെ ലക്ഷണം.

“മലവെള്ളം കേറിയിരുന്നോ?”

തീരദേശം പാടത്തിന്റെ അങ്ങേയറ്റത്ത് നേര്‍ത്ത്‌കാണാമായിരുന്ന മോട്ടോര്‍ ഷെഡിനും അതിനടുത്ത് ഉയര്‍ന്ന് നില്‍ക്കുന്ന മണ്‍‌തിട്ടക്കും നേരെ അപ്പൂപ്പന്‍ കൈചൂണ്ടി.

“ഷെഡ് മുക്കാലും മുങ്ങി. മണ്‍തിട്ടേനെ തൊടാന്‍ ഇത്തവണേം പറ്റീല്യ”

പണ്ടും അത് അങ്ങിനെയായിരുന്നു. ചെമ്മണ്ണ് കലര്‍ന്ന് കുത്തിയൊലിച്ച് വരുന്ന മലവെള്ളത്തിന് സാമാന്യം ഉയരമുള്ള കനാലിനെ മുക്കാന്‍ സാധിക്കുമായിരുന്നു. അതിന് ചെറിയതോതില്‍ വെള്ളം കയറിയാല്‍മതി. കുറച്ച്കൂടെ പൊങ്ങിയാല്‍ പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ഷെഡും മുങ്ങും. പക്ഷേ ഷെഡിനടുത്ത് ഉയരത്തിലുള്ള മണ്‍‌തിട്ട എന്നെങ്കിലും മുങ്ങിക്കിടക്കുന്നത് അപ്പുക്കുട്ടന്‍ കണ്ടിട്ടില്ല. എത്ര പേമാരി പെയ്താലും ഏതു ഡാം തുറന്നാലും അതിനുമാറ്റമില്ല.

പണ്ട് പഞ്ചായത്ത് മോട്ടോര്‍ സ്ഥാപിച്ചിരുന്നത് ആ മണ്‍‌തിട്ടയിലെ ഷെഡിലാണെന്ന് അമ്മ പറഞ്ഞാണ് അപ്പുക്കുട്ടന്‍ അറിഞ്ഞത്. കടുത്തവേനലില്‍ വെള്ളം വലിക്കാതായപ്പോള്‍ മോട്ടോര്‍ താഴെയിറക്കി. ഷെഡ് പണിതിരുന്ന ചെങ്കല്ലും ഓടും പുതിയ ഷെഡ് കെട്ടാനുപയോഗിച്ചു. മണ്‍‌തിട്ടമാത്രം ഒന്നുംചെയ്യാതെ ഒഴിച്ചിട്ടു. അതോടെ എല്ലാ വെള്ളപ്പൊക്കത്തിനും ചങ്ങാടം കളിക്കാറുള്ളവരുടെ ലക്ഷ്യസ്ഥാനം ആ മണ്‍‌തിട്ടയായി.

“ആരൊക്കെ ചങ്ങാടം ഇറക്കി അപ്പൂപ്പാ?”

അപ്പുക്കുട്ടന്റെ ചോദ്യത്തില്‍ ബാലസഹജമായ കൌതുകമുണ്ടായിരുന്നു. അന്വേഷണം കേട്ടിട്ടും ചാമിയാര്‍ പലതുമോര്‍ത്ത് കുറച്ചുനേരം മിണ്ടാതിരിക്കുന്നത് കണ്ടപ്പോള്‍ അന്വേഷിക്കേണ്ടായിരുന്നെന്ന് തോന്നി.

“എല്ലാവരും വലുതായി ഓരോ സ്ഥലത്തായില്ലേ. ഇപ്പൊ ആര്‍ക്കും താല്പര്യല്ല. ആശയൊള്ള കൊച്ചുങ്ങള് അതടക്കി വക്ക്യാണ് പതിവ്“

അപ്പുക്കുട്ടന്‍ സമപ്രായക്കാരനായ മണിയനെപ്പറ്റി ഓര്‍ത്തു. ചാമിഅപ്പൂപ്പന്റെ മൂത്തമകനും അപ്പുക്കുട്ടനും തമ്മില്‍ ഒരുവയസ്സിന്റെ വ്യത്യാസമേയുള്ളൂ. തണ്ടും തടിയും രണ്ടുപേര്‍ക്കും തുല്യം. പക്ഷേ ബുദ്ധി അങ്ങിനെയല്ല. മണിയന് ജന്മനാല്‍തന്നെ ചെറിയ മാന്ദ്യം. ഫലം കുട്ടികളുമായുള്ള നിതാന്തസൌഹൃദം.

വെള്ളപ്പൊക്കം കയറിയാല്‍ സമീപത്തെ കുട്ടികള്‍ കൂട്ടം‌കൂടുക മണിയന്റെ നേതൃത്വത്തിലാണ്. ഞാലിപ്പൂവന്റെ വണ്ണമുള്ള കടഭാഗങ്ങള്‍ വെട്ടിയെടുത്ത് ശീമക്കൊന്നയുടെ പത്തല്കൊണ്ട് കൂട്ടിയോജിപ്പിക്കും. പിടിച്ചിരിക്കാന്‍ ചുറ്റിലും കുറ്റികള്‍. തുഴയാന്‍ കൊതുമ്പുവള്ളത്തിന്റെ തുഴ. കുട്ടികളേയും കൂട്ടി മകന്‍ പാടത്തിന് അക്കരെ, മോട്ടോര്‍ഷെഡിനടുത്തുള്ള മണ്‍‌തിട്ടയെ ലാക്കാക്കി തുഴയാന്‍ തുടങ്ങുമ്പോള്‍ ചാമിയാര്‍ പതിവ്‌പോലെ ഓര്‍മിപ്പിക്കും.

“മണീ. കനാല്‍ വരെ പോയാ മതി”

നേര്‍ത്ത വിഡ്ഢിച്ചിരിയോടെ എല്ലാം സമ്മതിച്ചാലും അപ്പൂപ്പനറിയാം മകന്‍ മണ്‍‌തിട്ടവരെ പോകുമെന്ന്. അതുകൊണ്ട് മുതിര്‍ന്ന ആരെയെങ്കിലും കൂടെവിടും.

വിശ്രമിക്കാതെ പതിനഞ്ച് മിനിറ്റ് തുഴഞ്ഞാല്‍ കനാലിനടുത്തെത്താം. വെള്ളം മൂടിയിരിക്കുമെങ്കിലും കനാലിന്റെ ഭിത്തിയില്‍ ഇറങ്ങിനിന്നാല്‍ അരയോളം വെള്ളമേ ഉണ്ടാകൂ. കാല്‍‌തെന്നാതെ, ഓളങ്ങളെ മാടിയൊതുക്കി മണിയന്‍ ഭിത്തിയിലൂടെ വേഗത്തില്‍ നടക്കും. ആഴങ്ങളില്‍ വീഴുമെന്ന ഭയം ഒട്ടുമില്ല. പെരുന്തോടിനടുത്തുള്ള ഭാഗമായതിനാല്‍ കനാല്‍ പരിസരത്ത് ഒഴുക്ക് കൂടുതലാണ്. പാടത്തിന്റെ മൂന്നുഭാഗത്തുനിന്നും വെള്ളം തോട്ടിലേക്ക് പ്രവഹിക്കുകയാണ്. ചങ്ങാടം അങ്ങോട്ട് പോകാതെ സൂക്ഷിച്ചേ ആരും തുഴയൂ. മണിയന്‍ മാത്രം ഇടക്ക് ഉള്ളിലെ ആഗ്രഹം പ്രകടിപ്പിക്കും.

“അപ്പൂട്ടാ. നമക്കൊന്ന് പെരുന്തോടിന്റെ അട്ത്ത് പോകാടാ. എനിക്ക് പൊഴ കാണണം. പൊഴേടെ അങ്ങേയറ്റത്ത് പോയി നിങ്ങളെ അക്കരെയെത്തിക്കണം”

അപ്പുക്കുട്ടന്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഭയമാണ്. പണ്ടാരന്‍ നാണു മുങ്ങിമരിച്ചത് പെരുന്തോടിലാണ്. അമ്മൂമ്മ ഇത് അറിയിച്ച ദിവസംതന്നെ അപ്പുക്കുട്ടന്‍ പണ്ടാരനെ സ്വപ്നം കണ്ടു. വെള്ളം കുടിച്ചുചീര്‍ത്ത ശരീരത്തോടെ ‘പപ്പടം വേണോ അപ്പൂട്ടാ’ എന്ന് ചോദിച്ചപ്പോഴേക്കും അപ്പുക്കുട്ടന്‍ അലറി എഴുന്നേറ്റു. പിറ്റേന്ന് അമ്മൂമ്മ ആടലോടകത്തിന്റെ ഇലയും ഉപ്പും മുളകുംകൊണ്ട് അപ്പുക്കുട്ടനെ ഉഴിഞ്ഞു അടുപ്പിലിട്ടു പൊട്ടിച്ചു. എന്നിട്ടും മൂന്നുദിവസം പനിച്ചുകിടന്നു. ആ പെരുന്തോട്ടിലേക്ക് പോകാനാണ് മണിയന്‍ ആഗ്രഹം പറയുന്നത്.
എന്താ കഥ!

“ആക്രാഷ്… ഫ്തൂം”

അപ്പൂപ്പന്‍ കനാലിലെ വെള്ളത്തിലേക്ക് കാര്‍ക്കിച്ചുതുപ്പി. കഫം കലര്‍ന്ന തുപ്പലിനായി പൂച്ചെട്ടിയാന്‍ മീനുകള്‍ കലപിലകൂട്ടി.

സമീപത്തെ കൈതപ്പൊന്തകള്‍ക്കിടയിലൂടെ ഒരു നീര്‍ക്കോലി ഇഴഞ്ഞുപോകുന്നത് അപ്പുക്കുട്ടന്‍ കണ്ടു. അപരിചിതരെ പ്രൌഢമായി തലയുയര്‍ത്തിനോക്കി വെള്ളത്തിലേക്ക് സാവധാനം ഇറങ്ങി. കരിങ്കല്‍ വിടവിലേക്ക് മറഞ്ഞു.. തോട്ടുവക്കത്ത് ഒരു വെള്ളകൊറ്റി നനഞ്ഞമണ്ണില്‍ ഉയര്‍ന്ന അസംഖ്യം പൊത്തുകളില്‍ എന്തിനെയോ തിരഞ്ഞുനടക്കുന്നു.

ഓര്‍മകളില്‍ നിമഗ്നനായിരുന്ന അപ്പൂപ്പന്‍ ശബ്ദമില്ലാതെ തേങ്ങി, നിറഞ്ഞ കണ്ണുകള്‍ തുടച്ചു.

“എന്റെ... എന്റെ മണിയന്‍ പോയിട്ട് ഈ മഴക്കാലത്ത് പത്ത് വര്‍ഷം തെകയാണ്!!”

അപ്പുക്കുട്ടന്‍ ആ മെലിഞ്ഞ കൈത്തലം കയ്യിലെടുത്ത് തലോടി.

“കര്‍ക്കടകം ഇരുപതിന് ആണ്ട്“

പൊത്തുകളില്‍ ഞണ്ടുകളെ പരതിനടന്ന കൊറ്റി പെട്ടെന്ന് തലയുയര്‍ത്തി. കൊക്കിനിടയില്‍ മുഴുത്ത ഒരു ഞണ്ട്. പ്രാണവേദനയില്‍ ഒന്ന് പിടയാനാന്‍ പോലുമാകാതെ അത് കൊക്കില്‍ വിഫലമായി ഇറുക്കി. കൊറ്റിക്കെന്ത് വേദന. അപ്പുക്കുട്ടന് നോക്കിനില്‍ക്കെ ഇരയെയുംകൊണ്ട് കൊറ്റി പറന്നുയര്‍ന്നു.

എല്ലാ ഇടവപ്പാതിക്കും വെള്ളപ്പൊക്കം കൂടെ കൊണ്ടുവരുന്നത് മലയിലെ ഫലഭൂയിഷ്ഠമായ ചെമ്മണ്ണ് മാത്രമല്ല. പലപ്പോഴും മരണവും അകമ്പടിയായി ഉണ്ടാകും. നിഷ്കളങ്കതയെ കണ്ടുപിടിച്ച് കീഴ്പ്പെടുത്താന്‍ അതിനുള്ള ഉത്സാഹം പറയാവതല്ല.

മഴ തിമിര്‍ത്ത്പെയ്ത ഒരു ഇടവപ്പാതിയിലാണ് മണിയന്‍ ഒഴുക്കില്‍പെട്ട് മരിച്ചത്. ആളും ആരവവും മഴയും ഒഴിഞ്ഞ മദ്ധ്യാഹ്നത്തില്‍ ചിതറിയചിന്തകളുടെ സ്വാധീനത്താല്‍ മണിയന്‍ തുഴയെടുത്ത് ചങ്ങാടമേറിയത് തീരദേശംപാടത്തിന്റെ അങ്ങേയറ്റത്തെ മണ്‍‌തിട്ടയെ ലക്ഷ്യമാക്കിയായിരുന്നില്ല. മറിച്ച് പാടത്തിന്റെ മൂന്നുഭാഗത്തുനിന്നും വരുന്ന മലവെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന പെരുന്തോടിന് നേര്‍ക്കായിരുന്നു.

വിലക്കുകള്‍ സൃഷ്ടിച്ച കൌതുകം. അത് അപക്വമനസ്സില്‍ പടര്‍ന്നുപന്തലിച്ചത് ആരുമറിഞ്ഞിരുന്നില്ല. പെരുന്തോട്ടിലേക്ക് പോകരുതെന്ന് കാരണവന്മാര്‍ പറയുന്നതിന്റെ പൊരുള്‍ അന്വേഷിച്ചിറങ്ങിയ മണിയന് പെരുന്തോട് സംഗമിക്കുന്ന കരകവിഞ്ഞ് ഒഴുകുന്ന പുളിക്കടവ്‌പുഴയുടെ വര്‍ഷകാലഭൂമിശാസ്ത്രം അറിയില്ലായിരുന്നു. വേനലില്‍ ദ്വീപുകളാകുന്ന മണല്‍പരപ്പുകളും അതിനിടയിലൂടെ നീര്‍ച്ചാല്‍‌പോലെ ഒഴുകുന്ന പുഴയുമാകണം ആ ചഞ്ചലമനസ്സ് പ്രതീക്ഷിച്ചത്.

പെരുന്തോട്ടില്‍‌നിന്ന് മണിയന്‍ തിരിച്ച് വന്നില്ല. നാല്‌ദിവസം ചാമിയാര്‍ പ്രതീക്ഷയോടെ കാത്തു. കള്ളുഷാപ്പില്‍‌നിന്ന് ഇറങ്ങുമ്പോള്‍ പതിവുപോലെ വാഴയിലയില്‍ പൊതിഞ്ഞ കോഴിയിറച്ചിയും അരക്കുപ്പി പനങ്കള്ളും വാങ്ങി വീട്ടില്‍ സൂക്ഷിച്ചു. മകന്‍ തിരിച്ചുവന്ന് ‘മണിയനൊന്നൂല്ല്യേ അപ്പേ’ എന്ന് നിഷ്കളങ്കതയോടെ ആരായുമ്പോള്‍ ഉത്തരം മുട്ടരുതല്ലോ!

അഞ്ചാംദിവസം രാവിലെ ചാമിയാര്‍ നേരത്തേയെഴുന്നേറ്റു. പറമ്പിന്റെ തെക്കേമൂലയിലുള്ള കാരണവന്മാരുടെ തറ അടിച്ചു വൃത്തിയാക്കി ചാണകവെള്ളം തളിച്ചു. പച്ചത്തെങ്ങോലയില്‍ വെള്ളത്തുണിചുറ്റി എണ്ണയില്‍ മുക്കി ചെറുപന്തങ്ങളുണ്ടാക്കി. കിണറ്റിന്‍‌കരയില്‍പോയി മൂന്നുപാള വെള്ളം തലയിലൊഴിച്ച് ഈറനുടുത്തുവന്നു. പന്തങ്ങള്‍ക്ക് തീകൊളുത്തി. ഭക്തിപൂര്‍വ്വം കള്ളും കോഴിയും വീത്‌വച്ച് പരദൈവങ്ങളെ പ്രീതിപ്പെടുത്തി.
അവസാനം...
അവസാനം സര്‍വ്വഹന്താവായ ആഴിക്കുമുന്നില്‍ നമസ്കരിച്ചുകിടന്ന് തൊണ്ടപൊട്ടുമാറ് വിളിച്ചപേക്ഷിച്ചു.

“എന്റെ കൊച്ചനെ കൊണ്ടായോ പെരുമാളേ... എന്റെ തലഭാഗം പിടിക്കണ്ട കൊച്ചനെ കൊണ്ടായോ...”

ദിക്‍പാലകര്‍ നടുങ്ങി. സാധിതമല്ലാത്ത ആവശ്യത്തിനുമുന്നില്‍ ദൈവങ്ങള്‍ അസ്ത്രപ്രജ്ഞരായി. പരദൈവങ്ങള്‍ക്കുമുന്നില്‍ ചാമിയാര്‍ തന്റെ പുത്രദുഃഖം ഇറക്കിവച്ച് കരഞ്ഞു. കരഞ്ഞു തളര്‍ന്നു. പിന്നീട് തോര്‍ന്നിട്ടില്ല ആ മിഴികള്‍.

അപ്പുക്കുട്ടന്‍ നിറഞ്ഞ കണ്ണുകള്‍ തുടച്ചു. അരികില്‍ അപ്പൂപ്പനില്ല. കനാലിന്റെ അങ്ങേയറ്റത്ത് പ്രാഞ്ചിപ്രാഞ്ചി നടന്നുപോകുന്ന ഒരു രൂപം. ദൃഷ്ടിയില്‍‌നിന്നു അതും മാഞ്ഞപ്പോള്‍ കാലുകള്‍ കനാലിലെ തണുത്തവെള്ളത്തില്‍ ഇറക്കിവച്ചു.

പുഴവെള്ളം സമ്മാനിച്ച കുളിര്‍മ്മയില്‍ മനസ്സ് മന്ത്രിച്ചു. മണിയന്‍ ഇപ്പോഴും തോര്‍ത്തുമുണ്ടുടുത്ത് ചങ്ങാടത്തിലേറി തുഴയെറിഞ്ഞ് എവിടെയോ ഒഴുകി നടക്കുന്നുണ്ടാകും, ഉണ്ടാകണം. അല്ലെങ്കില്‍ അക്കരയിലേക്ക് അപ്പുക്കുട്ടനെയും കൂട്ടിക്കൊണ്ടുപോകാന്‍ തിരികെ എത്തുമായിരുന്നു.

Thursday, October 15, 2009

ചെറുവാളൂരിന്റെ മാള്‍ഡീനി

“പ്രിയപ്പെട്ട നാട്ടുകാരെ കഴിഞ്ഞ ഒരാഴ്ചയായി വാളൂര്‍‌സ്കൂൾ മൈതാനിയെ പുളകം‌കൊള്ളിക്കുന്ന ഫുട്ബാള്‍‌മേള ഇന്നുവൈകീട്ട് കൊടിയിറങ്ങുകയാണ്. ചോളാൻ ബീരാവു സെയ്‌ദ് മുഹമ്മദ് എവറോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള ഇന്നത്തെ കലാശപ്പോരാട്ടത്തിൽ ചെറുവാളൂരിന്റെ സ്വന്തം ടീം വാളൂർ ബ്രദേഴ്സ് ബദ്ധവൈരികളും അയല്‍ക്കാരുമായ അന്നമനട ബ്ലൂമാക്സിനെ നേരിടുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുന്നത് ചാലക്കുടിയുടെ കറുത്തമുത്ത് കലാഭവൻ മണിയാണ്. പ്രസ്തുതചടങ്ങിനു സാക്ഷ്യം വഹിക്കുവാൻ നിങ്ങളോരോരുത്തരേയും സ്കൂൾ ‌ഗ്രൌണ്ടിലേക്കു വിനയപൂര്‍വ്വം സ്വാഗതം ചെയുന്നു“

വൈദേഹി ഓട്ടോയിലിരുന്നു വാളൂർ ബ്രദേഴ്സിന്റെ സ്റ്റോപ്പര്‍‌ബാക്ക് ഗിരിബാബുവിന്റെ അനൌണ്‍‌സിങ്ങ്. ആദ്യത്തെ പറച്ചിലിനുശേഷം സെറ്റിലൂടെ പാട്ട് ഒഴുകിയെത്തി. ഗിരി ദീര്‍ഘമായി നിശ്വസിച്ച് ഒരുപിടി നോട്ടിസുകൾ ഓട്ടോക്കു പിന്നാലെ ഓടിവന്ന പിള്ളേരുടെനേരെ എറിഞ്ഞു. പിന്നെ മൈക്ക് വീണ്ടും കയ്യിലെടുത്തു അനൌണ്‍സിങ്ങ് പുനരാരംഭിച്ചു.

“പ്രിയപ്പെട്ട നാട്ടുകാരെ...”

അന്നമനട ബസ്‌സ്റ്റാന്റിനു സമീപമുള്ള മൈതാനത്തു ഫ്ലഡ്‌ലൈറ്റിൽ നടത്തുന്ന ഫുട്ബാള്‍‌മേള കഴിഞ്ഞാല്‍‌പിന്നെ നാട്ടിൽ പ്രാധാന്യം വാളൂരിലെ ടൂര്‍ണമെന്റിനാണ്. തൃശൂർ തൊട്ടു എറണാകുളം വരെയുള്ള സകലടീമുകളും ഒരുതവണയെങ്കിലും ഈ ടൂര്‍ണമെന്റിൽ പങ്കെടുത്തിട്ടുണ്ട്. റൈസിങ്ങ്‌സ്റ്റാർ പരിയാരം, തിരുമുടിക്കുന്ന് സൂപ്പര്‍‌സ്റ്റാര്‍സ്, വൈന്തല സെന്റ്‌ആന്റണീസ് തുടങ്ങിയവയാകട്ടെ എല്ലാവര്‍ഷവും പങ്കെടുക്കുന്ന ടീമുകളും. ഇതുവരെയുള്ള പ്രകടനങ്ങളിൽ മികച്ച റെക്കോര്‍ഡ് റൈസിങ്ങ്‌സ്റ്റാർ ടീമിനാണ്. അതിൽ തുടര്‍ച്ചയായി മൂന്നുതവണ കപ്പ് പരിയാരത്തേക്കു പോയതും ഉൾപ്പെടും.

നാട്ടുകാരുടെ ഇഷ്‌ടടീം ആണെങ്കിലും മിക്ക ടൂര്‍ണമെന്റുകളിലും വാളൂര്‍‌ബ്രദേഴ്സിന്റെ പ്രകടനം ലോകക്രിക്കറ്റിൽ സൌത്ത്‌ ആഫ്രിക്കയുടേതിനു സമാനമാണ്. ലീഗ്‌ റൌണ്ടുകൾ അനായാസം ജയിച്ചുകയറി സെമിയിൽ തോറ്റുപുറത്തായിട്ടുള്ളത് ഒന്നും രണ്ടും തവണയല്ല. 1997ൽ നടത്തിയ ടൂര്‍ണമെന്റിൽ ഫൈനൽ വരെയെത്തിയതാണ് ബ്രദേഴ്സിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. ഫൈനലിൽ റഫറി അന്യായമായി അനുവദിച്ച പെനാല്‍റ്റിമൂലം അന്നമനടയോടു തോല്‍‌വി സമ്മതിക്കേണ്ടിവന്നു.

തോല്‍‌വികൾ നിറഞ്ഞ പൂര്‍വ്വകാല ചരിത്രത്തെയാകെ അപ്രസക്തമാക്കുന്ന കുതിപ്പാണ് ഇത്തവണ ബ്രദേഴ്സ് നടത്തിയത്. പതിവിനു വിപരീതമായി ലീഗ്റൌണ്ടിൽ പരുങ്ങിയെങ്കിലും പ്രീ‌ക്വാര്‍ട്ടറിനു ശേഷമുള്ള ജയങ്ങളെല്ലാം അധികാരികമായിരുന്നു. ഫൈനലിൽ അന്നമനടയെകൂടി മുട്ടുകുത്തിച്ചാൽ പിന്നെയെല്ലാം ചരിത്രമാണ്.

വൈദേഹിയോടൊപ്പം അനൌണ്‍സ്‌മെന്റ് ചെറുവാളൂർ പത്രോസു‌പടി ബസ് സ്റ്റോപ്പിലെ ദാസന്റെ ചായപ്പീടികയെ കടന്നുപോയി. കടയിലെ ചര്‍ച്ചാവിഷയം പന്തുകളിയായി. ചായഗ്ലാസ്സ് മൊത്തി ലൈന്‍‌മാൻ അഴകപ്പൻ ആരോടെന്നില്ലാതെ പറഞ്ഞു.

“ഇന്നു ജയിക്ക്വോ ആവോ?”

അന്നമനടയിൽ ഭാര്യവീടുള്ള വറീതേട്ടനു സംശയമില്ലായിരുന്നു. തുടര്‍ച്ചയായ നാലാംതവണയും കപ്പ് ഉറപ്പിച്ചുവന്ന റൈസിങ്ങ്‌സ്റ്റാർ പരിയാരത്തെ മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്കു തുരത്തിയ അന്നമനടയുടെ നീലപ്പട ജയിക്കുമെന്നു അദ്ദേഹം കട്ടായം പറഞ്ഞു.

“അന്നമനടക്കാണ് ഞാൻ സാദ്ധ്യത കാണണെ. പരിയാരത്തിനെതിരെ എന്തൂട്ട് കളിയായിരുന്നു അവന്മാരുടെ”

“ഫ്‌ഭാ
” ഉഗ്രമായ ആട്ടലോടെ അഴകപ്പന്‍ ചാടിയെഴുന്നേറ്റു. ആരൊക്കെയോ അദ്ദേഹത്തെ വട്ടം‌പിടിച്ചു. “ഇവനെപ്പോലുള്ളോരാ പ്രശ്നം. ചോറിവിടേം കൂറവിടേം”

ദാസൻ അഴകപ്പനെ ആശ്വസിപ്പിച്ചു. അന്നേരം ഗിരിബാബു ഒരു ബൈക്കിൽ വന്നിറങ്ങി. ആരോടും ഒന്നും മിണ്ടാതെ തലക്കു കൈകൊടുത്തു ബെഞ്ചിലിരുന്നു. വൈദേഹിയിൽ ഉത്സാഹത്തോടെ പോയ ഗിരിയല്ല ഇപ്പോൾ വന്നിരിക്കുന്നത്. ആകെ നിരാശനായ മട്ട്.

അഴകപ്പൻ അന്വേഷിച്ചു. “എന്താ ഗിര്യേ നിനക്കൊരു പൊറുതികേട്?”

ഗിരി ചോദ്യം ഗൌനിച്ചില്ല. ചായക്കു വിളിച്ചുപറഞ്ഞു. എല്ലാവരും അടുത്തുകൂടി.

“എന്തേലുമൊന്ന് പറേടാ ഗിര്യേ. ഇന്നത്തെ കളി നമ്മ ജയിക്കില്ലേ?”

തല ഉയര്‍ത്താതെ ഗിരിബാബു വിപരീതാര്‍ത്ഥത്തിൽ കൈത്തലമനക്കി. “സംശയാ!”

“അതെന്താ നീ അങ്ങനെ പറഞ്ഞെ. നമക്കീ കളി അങ്ങനങ്ങട് തോറ്റുകൊടുക്കാന്‍ പറ്റ്വോ. തൊണ്ണൂറ്റേഴിലെ ഫൈനൽ നിയ്യ് മറന്നോ?” അഴകപ്പൻ ആശങ്കാകുലനായി.

“മറന്നട്ടൊന്നൂല്ല്യാ”

“പിന്നെന്താ നീ തോല്‍ക്കൂന്നൊക്കെ പറേണെ”

ഗിരി ചുറ്റുമുള്ളവരെ നിരാശയോടെ നോക്കി. എല്ലാവരും ആകാംക്ഷയിലാണ്.

“നമ്മടെ നാണൂന്റെ കണ‌ങ്കാൽ ഉളുക്കി. ഇന്ന് ചെലപ്പോ കളിക്കില്ല”

ചായക്കട പൊടുന്നനെ നിശബ്ദമായി. നാണു ഇല്ലെങ്കിൽ...

അതാണു നാണു എന്ന അപരനാമത്തിൽ പരക്കെ അറിയപ്പെടുന്ന കക്കാട് ലക്ഷംവീട് കോളനിയിലെ നാണപ്പന്റെ മൂത്തപുത്രന്‍ സുരേഷ്. എതിര്‍‌ടീമുകൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുക വാളൂർ ബ്രദേഴ്സിന്റെ പൌളോ മാള്‍ഡീനിയെന്നാണ്. ആറടിയോളം ഉയരം. ഇരുനിറം. കട്ടിമീശ. എപ്പോഴും വെറ്റില മുറുക്കുന്ന സ്വഭാവം. വളരെ ചെറിയ വയർ. വിസ്തൃതമായ വിരിഞ്ഞ നെഞ്ച്. ഫുട്ബാൾ നിരന്തരം കളിക്കുന്നതിനാൽ അടിമുടി അത്‌ലറ്റിക് ലുക്ക് . ഫുട്ബാൾ മൈതാനത്തു ചിതറിയ തലമുടിയോടെ കൈമെയ് മറന്നുകളിക്കുന്ന ഇദ്ദേഹമാണു ബ്രദേഴ്സിന്റെ പ്രതിരോധനിരയിലെ ആണിക്കല്ല്.

അസ്സൂറികളുടെ കറ്റനേഷ്യന്‍ പ്രതിരോധത്തിനു സമാനമാണ് ബ്രദേഴ്സിന്റെ കിടയറ്റ ഡിഫന്‍സ്. പൊക്കം കുറവെങ്കിലും ഉറച്ച ബോഡിയുള്ള ഗിരിബാബു എന്ന ഛോട്ടാഗിരി. കളിമിടുക്കുകൊണ്ടും അതിലുപരി തിണ്ണമിടുക്കുകൊണ്ടും എതിര്‍ടീം കളിക്കാരെ നേരിടുന്ന നഫീല്‍ക്ക. ഡ്രിബ്ലിങ്ങിന്റെ പര്യായമായ സഖാവ് രാമന്‍ എന്ന രാമഭദ്രൻ‍. ഒടുവിൽ പ്രതിരോധനിരയിലെ ആണിക്കല്ലായ നാണു എന്ന പൌളോ മാള്‍ഡീനിയും. ഏതു ആക്രമണനിരയുടേയും മുനയൊടിക്കുന്ന എണ്ണംപറഞ്ഞ ഈ പ്രതിരോധനിരയാണു വാളൂര്‍ബ്രദേഴ്സിന്റെ ശക്തിദുര്‍ഘം. ഈ ടൂര്‍ണമെന്റിൽ ബ്രദേഴ്സ് ഇതേവരെ ഗോൾ വഴങ്ങാത്തതിന്റെ കാരണവും മറ്റൊന്നല്ല. മുന്നേറ്റ‌നിരയിൽ വിശ്വസ്തരായ രാജീവനും നിര്‍മല്‍കുമാറുമാണെങ്കിൽ മിഡ്ഫീല്‍ഡ് പടയെ നയിക്കുന്നത് നസീര്‍ക്കയാണ്. സ്റ്റേറ്റ്തലത്തിലും അഖിലേന്ത്യാതലത്തിലും കളിച്ചു തഴക്കംവന്ന നസീര്‍ക്കയാണ് ബ്രദേഴ്സിന്റെ നായകൻ‍.

വാളൂര്‍ദേശത്തിനടുത്തു പുളിക്കകടവ് പാലം കടന്നാലെത്തുന്ന നാടാണ് അന്നമനട. പ്രശസ്ത താളവിദ്വാന്മാരായ അന്നമനട അച്ചുതമാരാർക്കും പരമേശ്വരമാരാർക്കും ജന്മം‌കൊടുത്ത നാട്. അന്നമനടയിലെ ഫുട്‌ബാൾ ടീമും സുശക്തമാണ്. അബ്ദുൾ സിദ്ധിക്ക് – സഗീർ ഇരട്ടസഹോദരന്‍‌മാരിലാണ് അവരുടെ തന്ത്രങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ ടൂര്‍ണമെന്റിൽ അന്നമനടയുടെ നീലപ്പടയാണ് മികച്ച കളി പുറത്തെടുത്ത ടീമെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. റൈസിങ്ങ് സ്റ്റാർ പരിയാരത്തിനെതിരെ അവരുടെ കളി അത്ര പിഴവറ്റതായിരുന്നു. ഫൈനലിൽ ഒരു വാക്കോവർ പ്രതീക്ഷിക്കേണ്ടെന്നു വാളൂരിലെ എല്ലാവര്‍ക്കും ഉറപ്പായിരുന്നു. നാണുകൂടി കളിച്ചില്ലെങ്കിൽ തോല്‍ക്കുമെന്ന കാര്യത്തിൽ തര്‍ക്കവും വേണ്ട.

ചായക്കടയിലുള്ളവർ പിറുപിറുത്തു അങ്ങിങ്ങായി ഇരുന്നു. അഴകപ്പൻ അന്വേഷിച്ചു.

”ഗിര്യേ... നാണൂന് ഒട്ടും പറ്റില്ലേ കളിക്കാൻ”

ഗിരി വിശദമാക്കി. “വാര്‍ക്കപ്പണിക്ക് പോയപ്പോ പറ്റിയതാ. വലിയ പെയിനില്ല. പക്ഷേ ഡോക്ടർ കളിക്കരുതെന്നാ പറഞ്ഞത്”

”നസീർ എന്താ പറയണെ?”

അതിനുത്തരമായി ഗിരി ചിരിച്ചു. “കളിക്കല്ലാണ്ട് എന്തുവഴി”

വൈകീട്ടു നാലുമണിയോടെ വാളൂർ സ്കൂള്‍ഗ്രൌണ്ട് നിറഞ്ഞു കവിഞ്ഞു. കാതിക്കുടം, അന്നനാട്, വെസ്റ്റ് കൊരട്ടി, കുലയിടം എന്നിവിടങ്ങളില്‍നിന്നു വന്നവർ ഇരുടീമുകള്‍ക്കുമായി ആര്‍പ്പുവിളിച്ചു. ബ്രദേഴ്‌സ്‌ ടീം ഗ്രൌണ്ടിലിറങ്ങി പ്രാക്ടീസ് തുടങ്ങിയപ്പോൾ നാണു ഇല്ലെന്നറിഞ്ഞു അന്നമനട പക്ഷക്കാർ കരഘോഷം മുഴക്കി. കളി ആരംഭിക്കുന്നതിനു പത്തുമിനിറ്റു മുമ്പ് കലാഭവന്‍‌മണി എന്‍ഫീല്‍ഡിൽ എത്തി. കൂടെ ഒരു സ്നേഹിതനും. കളിക്കാരെ പരിചയപ്പെട്ടശേഷം കുറച്ചുസമയം പന്തുതട്ടുകയും ചെയ്തു.

ടൂര്‍ണമെന്റിൽ ഇതുവരെ രണ്ടുടീമുകളും കളിച്ചത് 4-4-2 ശൈലിയിലായിരുന്നു. ഫൈനല്‍‌വരെ മികച്ചപോരാട്ടമാണ് ഇരുടീമുകളും പുറത്തെടുത്തതെങ്കിൽ നാണുവിന്റെ അഭാവം ബ്രദേഴ്സിന്റെ പ്രതിരോധത്തെ വളരെ ദുര്‍ബലപെടുത്തിയിരുന്നു. ആദ്യപകുതിയിൽ അതു തെളിഞ്ഞുകണ്ടു.

(0 – 1). ബ്രദേഴ്സ് പിന്നിൽ!

ഗോളി സുമോദിന്റെ തകര്‍പ്പൻ സേവുകൻ കൂടി ഇല്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു. ആശയപ്പൊരുത്തം നഷ്ടമായ ബ്രദേഴ്സിന്റെ പ്രതിരോധനിരയെ കാഴ്ചക്കാരായി നിര്‍ത്തി അന്നമനടയുടെ നീലക്കുപ്പായക്കാർ ഇഷ്ടംപോലെ കയറിയും ഇറങ്ങിയും കളിച്ചു. പകുതി സമയമായപ്പോഴേക്കും ഇത്തരം കളികൊണ്ടു ഫൈനൽ ജയിക്കാനാകില്ലെന്നു നസീര്‍ക്കക്കും മനസ്സിലായി.

രണ്ടാം പകുതി തുടങ്ങുന്നതിനുമുമ്പ് വീട്ടിൽ ഇരിക്കപ്പൊറുതിയില്ലാതെ ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിൾ മെല്ലെചവിട്ടി, കാരിയറിൽ ബൂട്ടും ഷോര്‍ട്സുംവച്ചു നാണു എത്തി. വായിലെ മുറുക്കാന്‍ തുപ്പിക്കളഞ്ഞു വിവരങ്ങൾ അന്വേഷിച്ചു. ഡിഫന്‍സ് ഒട്ടും ശരിയാകുന്നില്ലെന്നു ഗിരിബാബു. രണ്ടാം പകുതിയിൽ പതിവുശൈലിയായ 4-4-2 ഉപേക്ഷിച്ചു പ്രതിരോധത്തിനു മുന്‍‌തൂക്കമുള്ള 4-5-1 ലേക്കു മാറി, തല്‍ക്കാലം കൂടുതൽ ഗോളുകൾ വീഴുന്നതു തടഞ്ഞു അവസാ‍നം ആഞ്ഞടിക്കാനാണ് പ്ലാനെന്നും കൂട്ടിച്ചേര്‍ത്തു.

ഈ സംഭാഷണങ്ങള്‍ക്കിടയിൽ നാണുവിന്റെ വരവ് ബ്രദേഴ്സ് പക്ഷക്കാര്‍ക്കിടയിൽ ഓളങ്ങളും അന്നമനടക്കാര്‍ക്കിടയിൽ ആശങ്കകളും സൃഷ്ടിച്ചു. കടുത്ത ബ്രദേഴ്സ് ഫാനും, പ്രതിഭാധാരാളിത്തം ഒന്നുകൊണ്ടുമാത്രം അവസാന ഇലവനിൽ സ്ഥലം ലഭിക്കാതിരുന്ന ബൈജു നാണുവിന്റെ വരവ് ടീമിനു ഉണര്‍വുണ്ടാക്കുമെന്നു അഭിപ്രായപ്പെട്ടു. ബൈജു ചൂടാകുമെന്നതിനാൽ ആരും ആ അഭിപ്രായത്തെ എതിര്‍ക്കാൻ പോയില്ല.

രണ്ടാം പകുതി തുടങ്ങിയപ്പോൾ ബ്രദേഴ്സിന്റെ 4-5-1 ശൈലിയിലേക്കുള്ള ചുവടുമാറ്റം അന്നമനടയുടെ നീലപ്പടയെ ഇരട്ടി ആവേശത്തിലാക്കി. അവർ കടുത്ത ആക്രമണശൈലിയായ 3-5-2 പരീക്ഷിച്ചു. മിനിറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. കേളീശൈലി മാറ്റിയിട്ടും ബ്രദേഴ്സിന്റെ ഡിഫന്‍സ് ക്ലച്ച് പിടിച്ചില്ല. ബോൾ കൈവശംവക്കുന്ന കാര്യത്തിൽ അന്നമനട വളരെ മുന്നിൽ. കളിതീരാന്‍ ഇരുപതുമിനിറ്റു മാത്രം ബാക്കിയുള്ളപ്പോൾ അബ്ദുൾ സിദ്ദിക്കിന്റെ ഒരു ചൂടന്‍ഷോട്ട് ഗോളി സുമോദ് കുത്തിക്കളഞ്ഞത് ഗോള്‍പോസ്റ്റിൽ തട്ടി റീബൌണ്ട് ചെയ്തപ്പോൾ നസീര്‍ക്ക ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ റഫറിയെ നോക്കി കൈകൾ കറക്കി.

സബ്സ്റ്റിറ്റ്യൂഷൻ!
അതെ. ചെറുവാളൂർ വിളിക്കുന്നു, അവരുടെ പൌളോ മാള്‍ഡീനിയെ. ഗ്രൌണ്ടിനെതൊട്ടു നെറുകയിൽവച്ച്, കട്ടിമീശയുടെ അഗ്രം നാക്കുകൊണ്ടു വളച്ചു വായക്കുള്ളിലാക്കി ചാടിയോടി നാണു ഇറങ്ങി.

കാണികള്‍ക്കിടയിൽ മര്‍മരം ഉയര്‍ന്നു. “നാണു... നാണു”
അതു ക്രമേണ ആരവമായിമാറി.

നാണു ഇറങ്ങിയ ഉടന്‍ നസീര്‍ക്ക ശൈലി 4-4-2 ലേക്കു മാറ്റി. തന്റെ വിശ്വസ്തനായ സ്റ്റോപ്പർ ബാക്കിനെ നോക്കി ഗോളിസുമോദ് വലതുകൈ നെഞ്ചിൽ ഊക്കിലടിച്ചു. പിന്നെ ഓടിവന്നു നാണുവിന്റെ തലയുമായി തല പതുക്കെ കൂട്ടിയിടിച്ചു. ബ്രദേഴ്‌സ് ആരാധകർക്കിടയിൽ വിസിലടികൾ ഉയര്‍ന്നു. കളി വീണ്ടും പുനരാരംഭിച്ചപ്പോൾ നാണുസുരേഷ് ആരാണെന്നു അന്നമനടക്കാര്‍ക്കു മനസ്സിലായി. പ്രതിരോധത്തിലെ വലക്കണ്ണികൾ മുറുക്കിയും ആവശ്യം പോലെ കയറിക്കളിച്ചും ഡിഫന്‍സിൽ നാണു അജയ്യനായി നിന്നു.

കളിയുടെ എണ്‍‌പതാം മിനിറ്റിൽ ഗിരിയുടെ ഒരു ലോങ്ങ്‌റേഞ്ച് ഷോട്ട് അപ്രതീക്ഷിതമായ നീക്കത്തിലൂടെ മിഡ്ഫീല്‍ഡിലുള്ള നസീര്‍ക്ക ഇടതുവിംഗിലേക്കു മറിച്ചപ്പോൾ നാണു അത് ഓടിയെടുത്തു കുതിച്ചു. രണ്ടു കളിക്കാരെ നിഷ്‌പ്രയാസം കബളിപ്പിച്ചുള്ള ആ വരവുകണ്ടപ്പോൾ ബ്ലൂമാക്സിന്റെ ഡിഫന്റർ ജിന്‍സ്‌ ജോയിക്കു എന്തുചെയ്യണമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. കടുത്ത ടാക്കിളിങ്ങ്. അത്തരമൊരുനീക്കം പ്രതീക്ഷിച്ചിരുന്ന നാണു ഒഴിയാന്‍ ശ്രമിച്ചെങ്കിലും തുടയെ രക്ഷിക്കാന്‍ പറ്റിയില്ല.

രണ്ടുകൈകളും ഉയര്‍ത്തി നിലത്തുകിടക്കുന്ന നാണുവിനെ പുച്ഛത്തോടെനോക്കി ‘ഞാനൊന്നുമറിഞ്ഞില്ലേ‘ എന്നഭാവത്തിൽ നിന്ന ജിന്‍സിനെ അത്യാവശ്യം വണ്ണമുള്ള നഫീൽക്ക ആഞ്ഞുതാങ്ങി. ജിന്‍സ് ലംബമായി തെറിച്ചുപോകുന്നതു കണ്ടിട്ടും അദ്ദേഹവും ഞാനൊന്നും ചെയ്തില്ല എന്നഭാവത്തിൽ കൈപൊക്കി. റഫറിയുടെ വിസിൽ മുഴങ്ങി. രണ്ടുടീമിലെയും കളിക്കാര്‍ക്കിടയിൽ സംഘര്‍ഷമുണ്ടായി. കാണികള്‍ക്കിടയില്‍നിന്നു ജിന്‍സിനു നേരെ ആക്രോശിച്ചിറങ്ങിയ ബൈജുവിനെ ചിലർ പൊക്കിക്കൊണ്ടുപോയി അനുനയിപ്പിച്ചു ബാവയുടെ കടയില്‍‌നിന്നു സോഡ വാങ്ങിക്കൊടുത്തു. ഒന്ന് നാണുവിനും.

നാണുവിനെ ഫൌൾ ചെയ്തതിനു കിട്ടിയ ഫ്രീകിക്ക് നസീര്‍ക്ക, ഗാരിഞ്ച സ്റ്റൈൽ കരിയിലകിക്കിലൂടെ ഗോളാക്കുമ്പോൾ നാണു ഗിരിയുടെതോളിൽ കൈയിട്ടു തണുത്തസോഡ തലയിൽ ഒഴിക്കുകയായിരുന്നു. ഗോള്‍‌വല അനങ്ങിയതോടെ ലൈനരുകിൽ നിന്നിരുന്ന ബൈജുവും കൂട്ടരും ഗ്രൌണ്ടിലിറങ്ങി. വിസിലും ആര്‍പ്പും വിളിച്ചു അന്നമനടക്കാരെ പ്രകോപിപ്പിച്ചശേഷം റഫറിയുടെ കര്‍ശനനിര്‍ദേശത്തിനു വഴങ്ങി തിരിച്ചുകയറി.

സമനിലഗോൾ വീണശേഷം അന്നമനടക്കാർ ആക്രമണത്തേക്കാളുപരി പ്രതിരോധത്തിലാണ് ശ്രദ്ധിച്ചത്. നാണു ഉള്ളപ്പോൾ ആക്രമിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ അവരുടെ ലക്ഷ്യം പെനാല്‍റ്റി ഷൂട്ടൌട്ടാണെന്നു എല്ലാവര്‍ക്കും വ്യക്തമായിരുന്നു. പക്ഷേ ബ്രദേഴ്സിന്റെ മുന്‍‌നിരയിലെ രാജീവനു ചില പ്ലാനുകളുണ്ടായിരുന്നു. പന്ത് തങ്ങളുടെ ഹാഫില്‍നിന്നു വിടാതെ, എന്നാൽ മുന്നേറാതെയും, അങ്ങോട്ടുമിങ്ങോട്ടും തട്ടിമുട്ടി സമയംപോക്കിയിരുന്ന നീലപ്പടയെ കബളിപ്പിച്ചു രാജീവന്‍ പന്തുറാഞ്ചി മിഡ്ഫീല്‍ഡിലേക്കു മറിച്ചു. അവിടെനിന്നു ബോൾ സ്വീകരിച്ച നസീര്‍ക്ക ഇടതു വിംഗിലേക്കു ലോങ്‌റേഞ്ച് ഷോട്ടു തൊടുക്കുമ്പോൾ നാണു ജിന്‍സിനെ വെട്ടിച്ചു പായുകയായിരുന്നു. പന്തു നിലംതൊടുന്നതു കാത്തുനിന്ന സിദ്ധിക്കിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് നാണു പൊങ്ങിവന്ന പന്ത് കാലിലെടുക്കാതെ വിസ്തൃതമായ നെഞ്ചുകൊണ്ടുതന്നെ മാര്‍ക്ക് ചെയ്യപ്പെടാത്ത രാജീവനു മറിച്ചു. അപ്രതീക്ഷിതമായ ഒരു പാസ്. ഒന്നു വട്ടം‌തിരിഞ്ഞു രാജീവൻ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് ഗോള്‍വലയിൽ പതിക്കുമ്പോൾ കളിതീരാൻ രണ്ടുമിനിറ്റു മാ‍ത്രം ബാക്കി. ബ്രദേഴ്സ് മുന്നിലും (2-1)

ബാക്കി സമയം അന്നമനട ടീം ആവതു ശ്രമിച്ചെങ്കിലും ബ്രദേഴ്സിന്റെ ഡിഫന്‍സിനെ കീഴ്പ്പെടുത്താനായില്ല. അങ്ങിനെ തൊണ്ണൂറ്റിയേഴിലെ പരാജയത്തിനു വാളൂർ ടീം കണക്കുതീര്‍ത്തു. ഇരുപതുമിനിറ്റു മാത്രം കളിച്ച നാണുവിനെ കളിയിലെ കേമനായി തിരഞ്ഞെടുക്കാന്‍ ആര്‍ക്കും അധികം ആലോചിക്കേണ്ടി വന്നില്ല. സമ്മാനം കൊടുത്തു നാണുവിനെ കെട്ടിപ്പിടിച്ചു മണി സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു. “ങ്യാഹഹഹ”


ഫുട്ബാൾ ജീവശ്വാസമാക്കിയ ഒരു ജീവിതം. അതാണു നാണു സുരേഷ്. ഒരുകാലത്തു ആലുവ യു‌സി കോളേജിന്റെ ഗോള്‍‌കീപ്പറായിരുന്ന നാണു ഡിഫൻഡർ പൊസിഷനിലേക്കു കളം‌ മാറിയത് യാദൃശ്ചികമായിരുന്നു. അതിനുശേഷം പ്രതിരോധത്തിനു അദ്ദേഹം പുതിയ മാനങ്ങൾ തീര്‍ത്തു. ബ്രദേഴ്സിന്റെ പുത്തന്‍‌കൂറ്റുകാര്‍ക്കു അവയെല്ലാം പരിചിതവുമാണ്. നാണു എന്ന സുരേഷേട്ടന്‍ ഇന്നും ജീവിക്കുന്നു കക്കാട് ലക്ഷംവീട് കോളനിയിൽ, അവിവാഹിതനായി.