Featured Post

'sunilupasana.com' - വെബ്‌സൈറ്റ്

ബ്ലോഗ് പോസ്റ്റുകൾ എല്ലാം സംഗ്രഹിച്ച് ഞാൻ 'sunilupasana.com' എന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുകയാണ്. എല്ലാ സഹൃദയരായ വായനക്കാരെയും...

Wednesday, November 21, 2007

എന്റെ ഉപാസനയില്‍ നിന്ന് ഉപാസനയിലേക്ക്

എഒരു വ്യക്തിക്ക് പേര് എന്തിനാണ്? അല്ലെങ്കില്‍ പേര് എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? സാമാന്യമായി പറഞ്ഞാല്‍ ഒരുകൂട്ടം ആളുകളില്‍നിന്നു ഒരു വ്യക്തിയെ തിരിച്ചറിയാന്‍ പേര് ഉപകരിക്കും. അപ്പോൾ പേരിന് വലിയ പ്രാധാന്യം ഉണ്ടെന്നു വരുന്നു.

'പേരിടൽ' ഇക്കാലത്തു ഒരു പ്രധാന ചടങ്ങായിത്തീര്‍ന്നിരിക്കുന്നു. ('ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍' എന്ന മാസ്റ്റര്‍പീസ് നോവലില്‍ നായികക്ക് പേരിടുന്ന സീന്‍ എൻ.എസ്.മാധവന്‍ രസകരമായി വിവരിച്ചിട്ടുണ്ട്). ഒരിക്കല്‍ ഒരു പേരിട്ടാല്‍ പിന്നീടതു മാറ്റുന്നതും ഇപ്പോള്‍ പതിവായിട്ടുണ്ട്. പല മാതാപിതാകളും 'പേരിടല്‍' ചടങ്ങിനു നല്‍കിയ പേരല്ല കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ നല്‍കാറുള്ളത്. അപ്പോൾ പേരിടലും പേരുമാറുന്നതും വലിയ സംഭവങ്ങള്‍ അല്ലെന്നു വരുന്നു. മറിച്ച് പേരുമാറ്റത്തിനു ശേഷവും നമ്മളെ നമ്മുടെ സുഹൃത്തുക്കള്‍ക്കും സഹയാത്രികര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നോ എന്നതിനാണ് പ്രാമുഖ്യം. തിരിച്ചറിയാനാകുമെങ്കില്‍ അത്തരം പേരുമാറ്റങ്ങള്‍ അഭിലഷണീയങ്ങള്‍ അല്ല എന്ന് പറയുന്നതില്‍ യുക്തിയില്ല.

അതിനാൽ എന്റെ ബ്ലോഗറിലേക്കുള്ള വരവിന്റെ വാര്‍ഷികത്തില്‍, എന്റെ 'തൂലികാനാമം' ഞാന്‍ മാറ്റിയാലും എന്റെ ബൂലോകസുഹൃത്തുക്കള്‍ക്ക് എന്നെ തിരിച്ചറിയാനാകും എന്ന ആത്മവിശ്വാസമുള്ളതിനാൽ 'എന്റെ ഉപാസന' എന്ന പേര് 'ഉപാസന' എന്നതിലേക്ക് ചുരുക്കുന്നു. അതാണ് കൂടുതല്‍ അനുയോജ്യന്നു ഞാന്‍ കരുതുന്നു.

ഞാന്‍ എന്തുകൊണ്ട് 'എന്റെ ഉപാസന' എന്ന പേര് തിരഞ്ഞെടുത്തെന്ന് ചില സുഹൃത്തുക്കള്‍ ചോദിച്ചിട്ടുണ്ട്. സുഹാസിനി അഭിനയിച്ച ‘എന്റെ ഉപാസന’ സിനിമയാണ് പലരും ചൂണ്ടിക്കാണിച്ചത്. അങ്ങിനെയൊരു സിനിമയുണ്ട് എന്നകാര്യം മുമ്പേ അറിയാമായിരുന്നു. പക്ഷെ ബ്ലോഗിനു രൂപംകൊടുത്തപ്പോള്‍ (Nov 2006) 'എന്റെ ഉപാസന' തിരഞ്ഞെടുക്കാന്‍ കാരണം സിനിമപേര് അല്ല. 'ഉപാസന' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യമായി മനസ്സില്‍ വരുന്നത് 'എന്റെ ഉപാസന' എന്ന സിനിമാ പേരായിരിക്കാം. പക്ഷേ പിന്നെയും ഒന്നുകൂടെ ഉണ്ടല്ലോ, ഉപാസനയായിട്ട്. LPR വര്‍മ സംഗീതം കൊടുത്ത ചുരുക്കം ഗാനങ്ങളിലൊന്നായ
“ഉപാസന..... ഉപാസന.....”
“ഇത് ധന്യമായൊരുപാസന.....”

ഞാന്‍ ബ്ലോഗിന് പേരിടുമ്പോല്‍ ഈ ഗാനമായിരുന്നു മനസ്സില്‍. അതിനൊപ്പം എന്റെ എഴുത്ത് എനിക്ക് ഒരു ഉപാസനയാണ്, ഒരു അര്‍ച്ചനയാണ്. ആര്‍ക്കു വേണ്ടിയുള്ള അര്‍ച്ചനകള്‍? ആരോടുള്ള ഉപാസന? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ നിസ്സഹായനാണ്.
വ്യക്തിപരമായ കാരണങ്ങളാൽ അവയ്ക്കുമുന്നില്‍ മൌനിയാകാതെ തരമില്ല.

കൂടുതലെഴുതി ബൂലോകസുഹൃത്തുക്കളെ ബോറടിപ്പിക്കുന്നില്ല. 'എന്റെ ഉപാസന' ഇനിമുതല്‍ 'ഉപാസന' ആയിരിക്കും. ബൂലോകസുഹൃത്തുക്കള്‍ ഈ കൂടുമാറ്റം അംഗീകരിക്കണമെന്ന് അപേക്ഷ. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.  'ഉപാസന'യുടെ ഉപാസനകള്‍ തുടരാനായി അനുഗ്രഹിക്കുക, ആശീര്‍വദിക്കുക.

Monday, October 8, 2007

ഒരു ആനിവേഴ്‌സറിയുടെ സ്മരണക്കായി


അന്നു പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ ആരംഭമായിരുന്നു. ജൂൺ മാസത്തിലെ കനത്ത മഴയുള്ള ഒരു പ്രഭാതം. ക്ലാസിലെ കുട്ടികളിൽ ആകെ കണ്ണോടിച്ച് ലീലാവതി ടീച്ചർ കര്‍ശനസ്വരത്തിൽ പറഞ്ഞു.

“എല്ലാവരും അച്ചടക്കത്തോടെ വരിവരിയായി എട്ടാം ക്ലാസ്സിലേക്ക് പോയ്ക്കോളൂ”

റോഡിൽ അവിടവിടെ തളംകെട്ടി കിടക്കുന്ന ചെളിവെള്ളത്തിൽ കാൽ‌കൊണ്ടു പടക്കം പൊട്ടിച്ച് ഞാനും കൂട്ടുകാരൻ സുധിയും ക്ലാസിലെത്തിയപ്പോൾ ബെല്ലടിച്ചു, പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞിരുന്നു. ഞാന്‍ തൂണിനു പിന്നിൽ പതുങ്ങി ക്ലാസ്സിൽ ഇരിക്കുകയായിരുന്ന മധുസൂദനനോട് ആംഗ്യം കാണിച്ചു ചോദിച്ചു.

“ഏത് ടീച്ചറാടാ?”

മധുസൂദനന്‍ തംമ്പ്സ് ഡൌൺ സിഗ്നൽ കാണിച്ചു. ലീലാവതി ടീച്ചർ.

ക്ലാസ്സ് മുറിയുടെ വാതില്‍ക്കൽ പരുങ്ങിനിന്ന എന്നെ ടീച്ചർ രൂക്ഷമായി നോക്കി. ഒരു നല്ലദിവസമായിട്ടു എപ്പോഴാ കയറി വന്നിരിക്കുന്നെ എന്ന ഭാവത്തിൽ. കൂടെയുള്ള ആളോ. പഷ്ട്.
നല്ല ചേര്‍ച്ച തന്നെ. സുധി ഞങ്ങളുടെ ക്ലാസ്സിൽ പഠനക്കാര്യത്തിലെ ഉഴപ്പന്മാരിൽ പ്രധാനിയാണ്.
എല്ലാ ഉഴപ്പന്മാരുടേയും കച്ചറകളുടേയും ആത്മസുഹൃത്തായ ഞാൻ അതേ കാരണത്താൽ ടീച്ചര്‍മാരുടെ നോട്ടപ്പുള്ളിയാണ്. പഠനത്തിലും സമര്‍ത്ഥനായതിനാൽ വെറുതെ വിടുന്നെന്നു മാത്രം.

ടീച്ചർ കൂര്‍പ്പിച്ചുനോക്കി അന്വേഷിച്ചു. “എവടക്കാ?”

ഞാന്‍ ഇടതുകയ്യിന്റെ തള്ളവിരൽ പിറകോട്ടു ആവുന്നത്ര എത്തിച്ചു പുറംചൊറിഞ്ഞു. പിന്നെ തല താഴ്ത്തിപ്പിടിച്ചു ടീച്ചറോടു പറഞ്ഞു,

“മഴയായിരുന്നു
”.

ആദ്യദിവസമല്ലേ. ടീച്ചർ വഴക്കൊന്നും പറഞ്ഞില്ല. ഞാനാണെങ്കിൽ വലിയ ആവേശത്തിലായിരുന്നു. കാരണം അന്നാണ് ജീവിതത്തിലാദ്യമായി പാന്റ്സ് ധരിച്ചത്. ഏഴാം ക്ലാസ് പാസായപ്പോൾ അമ്മയോടു കട്ടായം പറഞ്ഞു. ‘പാന്റ്സില്ലാതെ ഇനി സ്കൂളിൽ പോകില്ല‘ എന്ന്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയായിരുന്ന അമ്മയുടെ മുഖത്തെ ദയനീയഭാവം അപ്പോൾ മനസ്സിലാക്കാന്‍ സാധിക്കാത്തതിൽ എന്റെ മനസ്സ് ഇപ്പോഴും വേദനിക്കുന്നു. ഭാഗ്യത്തിനു മിൽമയിൽ ജോലിയുള്ള ഒരു അമ്മാവൻ തുണി തന്നു. അമ്മാവന്റെ ജോലിസ്ഥലത്തെ യൂണിഫോമും സ്കൂളിലെ യൂണിഫോമും ഒന്നായിരുന്നു. അങ്ങിനെ മിൽമ യൂണിഫോം ധരിച്ച് വളരെയധികം സന്തോഷത്തിൽ, മഴയാകെ നനഞ്ഞാണ് എന്റെ വരവ്.

ഞാൻ ഷർട്ട് കുടഞ്ഞു വെള്ളം തെറിപ്പിച്ചു കളഞ്ഞു. ഏറ്റവും പിന്നിലെ ബഞ്ചിൽ കച്ചറകളുടെ കൂടെ ഇരുന്നു. അപ്പോഴാണ് ആ കാര്യം ശ്രദ്ധിച്ചത്. എന്തെന്നാൽ ക്ലാസിലുള്ള എല്ലാവരുടേയും നോട്ടം എന്റെ നേർക്കാണ്. ഞാൻ മോഷണം കയ്യോടെ പിടിക്കപ്പെട്ട കള്ളന്മാരെപ്പോലെ വിളറി. തലതാഴ്‌ത്തി അടുത്തിരുന്ന ‘മാങ്ങണ്ടി‘ എന്ന അപരനാമത്തിൽ പരക്കെ അറിയപ്പെടുന്ന ബിനോയിയോടു കാര്യം അന്വേഷിച്ചു. അവൻ തോളിൽ കൈയിട്ടു. പെണ്‍‌കുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്കു നോക്കി വളരെ ആവേശത്തോടെ, എന്നാൽ ചെറിയ നാണത്തോടെയും, പറഞ്ഞു.

”എഡാ അവള്‍ നോ‍ക്കണ്. നിന്ന്യാന്നണ് എല്ലാവരും വിചാരിച്ചേക്കന്നെ, പക്ഷെ എനിക്ക് തോന്നണത് എന്ന്യാന്നാ”

അപ്പുറത്തിരുന്ന കല്ലൂര്‍കാരൻ സിദ്ധിക്ക് തലയറഞ്ഞു ചിരിച്ചു. “എന്റെ പടച്ചോനെ നീ തൊണ“

അത്രക്കു സുന്ദരനായിരുന്നു ബിനോയി. പൊതുവെ പെണ്‍കുട്ടികളെ അഭിമുഖീകരിക്കാൻ മടിയുള്ള ഞാന്‍ ബിനോയി പറഞ്ഞതുകേട്ട് ഉഗ്രമായി ഞെട്ടി.

“ആരാടാ കവിതയാണോ?“ ഞാന്‍ ദയനീയമായി അന്വേഷിച്ചു.

ക്ലാസ്സിലെ ചില ചള്ളുകൾ എന്നേയും അവളേയും ചേര്‍ത്തു ‘കുണ്ടാമണ്ടി‘ പറഞ്ഞതിൽപിന്നെ അവള്‍ക്കു എന്നോട് ലൈനാണോ എന്നു ഭയങ്കരമായ സംശയമാണ്. കാര്യം കവിത കാണാന്‍ അത്യാവശ്യം സുന്ദരിയാണ്. എങ്കിലും എനിക്കെന്തോ താല്‍‌പര്യം ഇല്ലായിരുന്നു. ആ സമയത്തു എന്റെ മുന്‍ബഞ്ചിലിരിക്കുന്നവനും, ക്ലാസ്സിൽ പ്രമുഖ എതിരാളിയുമായ കുഞ്ഞിക്കണ്ണൻ പിന്നോട്ടു തിരിഞ്ഞു എന്നോടു പതിവില്ലാത്ത ലോഹ്യം കാണിച്ചു ‘സുന്യേയ്‌യ്‌യ്‘ എന്നൊരു പഞ്ചാരവിളിയോടെ ചുമലിൽ പതുക്കെ ഇടിച്ചു.

അപ്പോൾ ഞാനറിയാതെ വിളിച്ചു പോയി. “എന്റെ പെരുമാളേ“

കുഞ്ഞിക്കണ്ണനും ഞാനും തമ്മിൽ ക്ലാസ്സിൽ സമയം കിട്ടുമ്പോഴൊക്കെ പൊരിഞ്ഞ അടിയാണ്. ആ കണ്ണനാണ് എന്നോടു ലൊഹ്യം കാണിച്ചത്. അപ്പോൾ കാര്യം സീരിയസ് തന്നെ. ബിനോയ് വീണ്ടും കൂത്ത് പറയുന്ന ചാക്യാരെപ്പോലെ പറഞ്ഞു.

”കവിതയല്ലടാ...എട്ടാം ക്ലാസ്സിൽ ചേരാൻ കൊരട്ടീന്ന് നാലഞ്ച് പെണ്‍പിള്ളേർ വന്നണ്ട്. ഒരെണ്ണം കൊറച്ചു മൂത്ത് അണ്ടിയുറച്ചതാ. പിന്നെല്ലാം നല്ല കണ്ണിമാങ്ങാ സൈസുകൾ. അതിൽ മോനിഷ കട്ടുള്ള ഒരുത്തിയാണ് നിന്നെ ഇടക്കിടെ നോക്കണെ”

അവന്‍ പെട്ടെന്ന് പിന്നേയും പറഞ്ഞു. “ദേ അവൾ പിന്നേം നോക്കി! നീയെന്തൂട്രാ മണീമെ ആരോ അടിച്ചപോലെ ഇരിക്കണേ. നോക്കടാ കോപ്പേ ചൂളിയിരിക്കാണ്ട്“

ഞാന്‍ മനസ്സാലെ പ്രാര്‍ത്ഥിച്ചു. “ശാസ്താവേ. എനിക്കിത്തിരി ധൈര്യം തര്വോ“

ഇല്ല. ഞാന്‍ നോക്കിയില്ല. സല്‍പ്പേര് പോവുന്ന ഒരു പരിപാടിക്കും പോവാറില്ലായിരുന്നു. “എന്താടാ എന്നെ മാത്രം നോക്കാൻ?“

അപ്പോൾ അവൻ വിശദമാക്കി. സംഗ്രഹം ഇങ്ങിനെയാണ്.

മറ്റു ക്ലാസ്സുകളിൽനിന്നു വ്യത്യസ്തമായി ഞങ്ങളുടെ ക്ലാസ്സിൽ പഠനത്തിന്റെയും റാങ്കുകളുടേയും കുത്തക കാലകാലങ്ങളായി ആണ്‍കുട്ടികള്‍ക്കാണ്. ഒന്നാമൻ (ഞാനത് ഒരുകാലത്തും അംഗീകരിക്കുന്ന പ്രശ്നമില്ല) ശ്രീശോഭിൻ (ബ്ലോഗർ ശ്രീ തന്നെ) ആണെന്നാണ് പൊതുവെ പറയപ്പെടുന്നത്. രണ്ടാമൻ ഈയുള്ളവനും. തികഞ്ഞ അനീതിയാണത്.എപ്പോഴും ടോട്ടൽ മാര്‍ക്കുകൾ തമ്മിലുള്ള വ്യത്യാസം അഞ്ചോ പത്തോ ആയിരിക്കും. പല സന്ദര്‍ഭങ്ങളിലും ഞാനവനെ കടത്തി വെട്ടിയിട്ടുമുണ്ട്, പിന്നല്ലെ.

ഇങ്ങനെ റാങ്കുകളെല്ലാം ആണ്‍കുട്ടികൾ കടത്തിക്കൊണ്ടു പോകുന്നതിൽ ക്ലാസ്സിലെ ചില പെണ്‍ശിങ്കങ്ങള്‍ക്കു കടുത്ത ആശങ്കയുണ്ട്, അവരതു പരസ്യമായി പ്രകടിപ്പിക്കാറില്ലെങ്കിലും. അവരാണ് കൊരട്ടിയിൽനിന്നുള്ള പിള്ളേരെ മുന്‍നിര്‍ത്തി കളിക്കുന്നത്. പുതിയവരിൽ രണ്ടുപേർ പഠനത്തിൽ സമര്‍ത്ഥരാണെന്നാണ് പറയുന്നത്. ഞാന്‍ സുധിയുടെ കൂടെ ക്ലാസ്സിൽ എത്തിയപ്പോൾ തന്നെ ക്ലാസിലെ മറ്റു പെണ്‍കുട്ടികൾ എന്നെ ചൂണ്ടിക്കാണിച്ചു കൊടുത്തത്രെ. പഠനക്കാര്യത്തിലും അടിപിടികേസുകളിലും സമര്‍ത്ഥനാണെന്ന ഉപദേശം കേട്ടു ആ കുട്ടിയുടെ മനസ്സ് ഇളകിയിരിക്കുമോ. ഇങ്ങിനെ ആശങ്കാകുലനായി ഇരിക്കുമ്പോഴാണ് ടീച്ചർ എല്ലാവരോടുമായി എട്ടാം ക്ലാസ്സിലേക്കു വരിവരിയായി പോയ്ക്കോളാൻ പറയുന്നത്.

ഏറ്റവും മുന്നിൽ പെണ്‍കുട്ടികളായതുകൊണ്ട് ഞാനാ കുട്ടിയെ ശരിക്കു കണ്ടു. മോനിഷ കട്ട് തന്നെ. പൊക്കവും ആകാരവും കുറവ്. കിളിര്‍ത്തു തുടങ്ങുന്ന ചെറിയ മാറിടങ്ങൾ. ഒരു കൈപ്പിടിയിൽ ഒതുക്കാൻ മാത്രം വ്യാസമുള്ള വയർ. അങ്ങിനെ പോകുന്നു. കുറഞ്ഞ അനുപാതത്തിൽ എല്ലാം ഒത്തുചേര്‍ന്നിരിക്കുന്നു. പേര് ജിന്‍സി. പടിഞ്ഞാറേ കൊരട്ടി കവലയിൽ ചായക്കട നടത്തുന്ന തോമാസേട്ടന്റെ മൂന്നു മക്കളിൽ ഏറ്റവും താഴെയുള്ള സന്താനം.

എന്റെ മനസ്സ് പറഞ്ഞു. “ആള് കൊള്ളാം”

പൊക്കത്തിനനുസരിച്ചായിരിക്കും ക്ലാസിൽ ഇരുത്തുകയെന്നു അറിയാമായിരുന്നു. സാമാന്യം പൊക്കമുള്ള എനിക്കു ആ കുട്ടി ഇരിക്കുന്നതിനു അടുത്തിരിക്കുവാൻ മോഹം. വെറുതെ ഒരു മോഹം. ടീച്ചർ പൊക്കത്തിനനുസരിച്ച് എല്ലാവരേയും വരിവരിയായി നിര്‍ത്തി. ഞാന്‍ കണക്കുകൂട്ടിയപ്പോൾ മധുസൂദന്റെ സ്ഥാനത്തു നിന്നാൽ അവളുടെ അടുത്തു ഇരിക്കാൻ പറ്റിയേക്കും. ഒരു അകന്ന ബന്ധു കൂടിയായ അവനോടു പതുക്കെ പറഞ്ഞു.

“മാമുട്ടാ, നീയൊന്ന് പിന്നിലേക്ക് വലിഞ്ഞോ”

എന്റെ പലവിധ മാനറിസങ്ങൾ അറിയാവുന്ന മാമു എല്ലാം ഊഹിച്ചു. ഞാന്‍ അവന്റെ സ്ഥാനത്തെത്തി. എങ്കിലും മുന്നിൽ നില്‍ക്കുന്ന കുഞ്ഞിക്കണ്ണന്റെ ലക്ഷ്യവും മറ്റൊന്നുമല്ലെന്നു പരിണതപ്രജ്ഞനായ എനിക്കറിയത്തില്ല്യോ. അതും മാമുട്ടനോടു പറഞ്ഞു ശട്ടംകെട്ടി. മാമു കുഞ്ഞിക്കണ്ണനെ വട്ടംപിടിച്ചു. ബലരാമന്‍ പിടിക്കുന്നപോലെ ഒരു പിടുത്തം. ഞാന്‍ ഇരുന്നിട്ടേ അവൻ പിടി വിട്ടുള്ളൂ. എല്ലാം നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. കുഞ്ഞിക്കണ്ണനു ഒന്നും മനസ്സിലായില്ല. അവന്‍ നോക്കുമ്പോൾ ഞാൻ സീറ്റിൽ ഇരുന്നു കഴിഞ്ഞു. അവൻ മാമുവിനോടു ചൂടായി. ഞാനാണെങ്കിൽ മാന്നാർ മത്തായി സ്പീക്കിങ്ങ്  സിനിമയിലെ ‘ഞാനെങ്ങിനെ ഇവിടെയെത്തി‘ എന്നുള്ള മുകേഷിന്റെ വളിച്ച മുഖഭാവത്തോടെ ഇരുന്നു. ജിന്‍സിയുടെ അടുത്തിരിന്നത് സജ്ജുവായിരുന്നു. എന്റെ അയല്‍ക്കാരിയും, കുട്ടിക്കാലത്തെ കളിക്കൂട്ടുകാരിയുമായ സജ്ജു. അവളും ഈ സ്കൂളിൽ പുതുമുഖമാണ്. ക്ലാസ്സിൽ അത്യാവശ്യം തരികിടകളൊക്കെ പ്രയോഗിക്കാറുള്ള ഞാൻ അവസരം പാഴാക്കാതെ അവളെ ഭീഷണിപ്പെടുത്തി.

“തലേ തട്ടം പേറടീ വാവാ. പിന്നേ ഇവിടെ മര്യാദക്ക് കഴിഞ്ഞോണം. ദിവസോം ഉമ്മ തന്നയക്കണ നെയ്ച്ചോറീന്ന് പകുതി എന്റെ മുന്നിലെത്തണം കേട്ടല്ലാ പുള്ളേ”

ഞാനെന്റെ പൊടിമീശ പിരിച്ചു. സജ്ജു ചിരിച്ചുകൊണ്ട് തട്ടം നേരെയാക്കി. പിന്നെ എന്നെ അടിക്കുമെന്നു കൈകൊണ്ടു ആഗ്യം കാണിച്ചു. അതുകണ്ടു ജിന്‍സിയും മന്ദഹസിച്ചു. തുടക്കം നന്നായതിൽ എനിക്കു സന്തോഷം തോന്നി. പക്ഷെ എന്നത്തേയും പോലെ പാര വരുന്നത് ഏതു വഴിക്കാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്റെ കേള്‍വിശക്തി അക്കാലത്തു പതറിത്തുടങ്ങിയിരുന്നു.

ഒരു ദിവസം വൈകുന്നേരം കൂട്ടുകാരൻ എന്നോട് ഓടിയണച്ചുവന്നു പറഞ്ഞു.

“ഡാ മോണിങ് ഷോ മരിച്ചു”

മോണിങ്ഷോ മരിക്കുകയോ. എന്താ കഥ. ഞാനവനെ കളിയാക്കി. പക്ഷെ പിറ്റേന്നത്തെ പത്രം കണ്ടപ്പോൾ ഞാൻ തളര്‍ന്നു. സിനിമാ നടി മോനിഷ കാറപകടത്തിൽ മരിച്ചെന്നായിരുന്നു പ്രധാനവാർത്ത. വാക്കുകൾ മാറിയതാണ്. അന്നുമുതൽ എനിക്കു എന്റെ കേള്‍വിയെ വിശ്വാസമില്ല. പിന്നീടൊരിക്കൽ ടീച്ചേഴ്സ് അമ്മയെ സ്കൂളിൽ വിളിച്ചുവരുത്തി പറഞ്ഞു.

“സീതേ..., സുനിലിനു എന്തോ കുഴപ്പം ഉള്ളപോലെ. പറഞ്ഞട്ട് ശരിക്കു കേള്‍ക്കണില്ലാന്ന് ഞങ്ങള്‍ക്കൊരു തോന്നൽ. എന്താ പറഞ്ഞതെന്ന് ഞങ്ങളോട് തിരിച്ചുചോദിക്കുന്നു. സീത ഒന്നു ചെക്കപ്പ് ചെയ്യ്“

ഇതൊക്കെ മനസ്സിലുള്ളതുകൊണ്ടാകണം ലീലാവതി ടീച്ചർ എന്നോടു കട്ടായം പറഞ്ഞു

“സുനിലെന്താ പിന്നീപോയി ഇരിക്കുന്നേ, ഇവിടെ മുന്‍ബഞ്ചിൽ വന്നിരിക്കാ”

ലീലാവതി ടീച്ചർ വളരെ കർക്കശക്കാരിയാണ്. ഒരു രക്ഷയുമില്ല. സുജാതടീച്ചറോ മറ്റോ ആണെങ്കിൽ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞു ഇവിടെതന്നെ ഇരിക്കാമായിരുന്നു. ഇതിപ്പോ ചതിയായിപ്പോയി. ഇവിടെയിരിക്കാൻ ഇത്രയും കഷ്ടപ്പെട്ടിട്ട്. ഞാൻ എഴുന്നേറ്റു. മുന്‍ബഞ്ചിലേക്കു നോക്കിയപ്പോൾ പരവേശം വന്നു. അവിടെ ടിച്ചർ ചൂണ്ടിക്കാണിച്ച ബഞ്ചിനു അടുത്തുള്ള ബഞ്ചിലിരുന്നു കവിത എനിക്കുനേരെ കണ്ണെറിയുന്നു.

ടീച്ചർ എല്ലാവരോടുമായി പറഞ്ഞു. “സുനിലിനെ ആരും കളിയാക്കരുത്. കളിയാക്കിയാൽ എന്നോടു പറഞ്ഞാൽ മതി. ചുട്ട അടി ഞാന്‍ കൊടുത്തോളാം”

അടുത്തത് ആനന്ദവല്ലി ടീച്ചറുടെ ക്ലാസ്സാണ്. കാണാന്‍ ശേലുള്ള ടീച്ചർ ക്ലാസ്സിൽ കയറിയതും ക്ലാസാകെ ഉഷാറായി. ടീച്ചർ എല്ലാവരേയും പരിചയപ്പെടാന്‍ തയ്യാറെടുത്തു. ആമുഖമായി പറഞ്ഞു

“അഞ്ചു പേരെ എനിക്ക് മുന്‍പേ അറിയാം”

ക്ലാസിൽ സസ്പെന്‍സ് ആയി. ആനന്ദവല്ലി ടീച്ചറുടെ മനസ്സിൽ ഇടംകിട്ടിയവർ ആരൊക്കെ. എനിക്കുറപ്പായിരുന്നു. ഒന്നു ഞമ്മൾ തന്നെ. അഞ്ചിലൊരാൾ അര്‍ജ്ജുനൻ അല്ലാതാര്. പക്ഷേ
ടീച്ചർ ആദ്യം പറഞ്ഞ പേര് ശ്രീശോഭിന്റേതായിരുന്നു. പിന്നെ അൽ‌പസ്വല്പം മിമിക്രിയൊക്കെ അറിയാമായിരുന്ന രോഹിത് ഇളയത്. ക്ലാസ്സിലെ സ്മാർട്ട്‌ഗേൾ സുഹറാബീ, പഞ്ചപാവം ശശികല എന്നിങ്ങനെ. അവസാനം കുഞ്ഞിക്കണ്ണന്റെ പേരും പറഞ്ഞപ്പോൾ എനിക്കു ചെറുതായി മോഹാലസ്യം വന്നു. ചെറുവാളൂർ ഹൈസ്കൂളിൽ എട്ടാം ക്ലാസ് ബിയുടെ എല്ലാമായ സുനിലിനെ ടീച്ചർ അറിയാതെയാണെങ്കിലും തഴഞ്ഞിച്ചിരിക്കുന്നു. കഷ്ടം. പിന്നിലിരുന്ന കുഞ്ഞിക്കണ്ണൻ പരിഹസിക്കുന്ന ഭാവത്തിൽ നോക്കി ജിന്‍സിക്കുനേരെ കണ്ണിറുക്കുന്നതു കൂടി കണ്ടപ്പോൾ കുഞ്ഞിക്കണ്ണനെ അടിക്കണമെന്നു ഉറപ്പിച്ചു. ക്ലാസ് കഴിഞ്ഞതും കുഞ്ഞിക്കണ്ണന്റെ കോളറിൽ ഞാൻ പിടുത്തമിട്ടു. രണ്ടടി കൊണ്ടപ്പോഴേക്കും കണ്ണൻ ഹെഡ്‌മാസ്റ്ററുടെ മുറിയിലേക്കു ഓടി. കുറച്ചു സമയം കഴിഞ്ഞു വിജയഭാവത്തിൽ തിരിച്ചെത്തി ഡസ്കിൽ കയ്യടിച്ചു എല്ലാവരുടേയും ശ്രദ്ധ, വിശിഷ്യാ ജിന്‍സിയുടെ, ആകര്‍ഷിച്ച് എന്നോട് പറഞ്ഞു

“മാഷ് വിളിക്കണ്“

എന്റെ നെഞ്ചിൽ വെള്ളിടി വെട്ടി. കാരണം ഹെഡ്മാസ്റ്റർ ഗോദവര്‍മയാണ്. ഗാണ്ഡീവം പോലെ വളഞ്ഞ കൊമ്പൻമീശ. മുറുക്കിച്ചുവന്ന തടിച്ച ചുണ്ടുകൾ. ആറടിയിലേറെ ഉയരമുള്ള അജാനുബാഹു. സാറിന്റെ മുന്നിലെത്തിയപ്പോഴേക്കും ഞാൻ കരയുന്ന പരുവത്തിലായി. എന്നെ ഉഗ്രമായി നോക്കി സാർ ഇടിവെട്ടുംപോലെ ചോദിച്ചു.

“വേലായ്‌ധന്റെ മോനല്ലേ?“

സീസണാവുമ്പോൾ നെല്ലുകച്ചവടമുള്ള അച്ചനെ അറിയാത്തവർ വിരളമാണ് നാട്ടിൽ. അച്ചനെ വിളിച്ചു കൊണ്ടുവരാനായിരിക്കുമോ? ഞാന്‍ പേടിയോടെ അതെയെന്നു പറഞ്ഞു.

“തറവാട്ടിൽ കുറച്ചു നെല്ലുണ്ട്. അച്ചനോടു സമയം കിട്ടുമ്പോൾ വന്നളക്കാൻ പറ. എന്താ?”

പിന്നെ എന്നെ കടുപ്പിച്ചുനോക്കി. “പോയ്ക്കോ”

അടിയുടെ കാര്യമൊന്നും സാർ മിണ്ടിയില്ല. എന്താ കഥ. ഞാന്‍ മനസിൽ അച്ഛനെ അജ്ഞലീബന്ധനായി നമസ്കരിച്ചു. ക്ലാസ്സിലെത്തി കുഞ്ഞിക്കണ്ണനിട്ടു ഒന്നുകൂടി പൊട്ടിച്ചു.
അഹമ്മദി കാണിക്കെ. കൂട്ടുകാർ ചുറ്റും കൂടി.

“എന്താടാ മാഷ് പറഞ്ഞെ?“

ഞാന്‍ ഗൂഢസന്തോഷത്തോടെ പറഞ്ഞു.

“മാഷ് അച്ഛന്റെ ഒരു സുഹൃത്താണ്. അന്വേഷിച്ചൂന്ന് പറയാന്‍ പറഞ്ഞു“

കുഞ്ഞിക്കണ്ണനെ പൊക്കിമാറ്റി ഞാന്‍ പഴയ സീറ്റില്‍ തന്നെയിരുന്നു. ലീലാവതി ടീച്ചറുടെ ക്ലാസ്സില്‍ മാത്രം മുന്നിലേക്ക്. പിന്നീടുള്ള നാളുകള്‍ സൌഹൃദത്തിന്റേതായിരുന്നു. മത്സരത്തിന്റേയും. ഞങ്ങളോട് എതിരിടാന്‍ വന്നിരിക്കുന്ന പെണ്‍കൊടി പഠനത്തില്‍ ഒട്ടും പിറകിലല്ലെന്നത് ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു. ഒന്നാം ടേം പരീക്ഷക്കു ശ്രീശോഭിന്‍ ഒന്നാമതായി. ആ കുട്ടി രണ്ടാമതും.
ഈയുള്ളവന്‍ ചരിത്രത്തിലാദ്യമായി മൂന്നാം സ്ഥാനത്ത്. കലികാലം. രണ്ടാം ടേമില്‍ ക്ലാസ്സിലെ പെണ്‍ശിങ്കങ്ങള്‍ പൈശാചികമായി കണക്കു തീര്‍ത്തു. ജിന്‍സി ക്ലാസ്സ് ഫസ്റ്റ്. സുനില്‍ രണ്ടാമതും (ഈയുള്ളവന്‍ പരീക്ഷയെഴുതിയതു കുറച്ച് അയച്ചു പിടിച്ചാണെന്നു പറഞ്ഞാൽ അതില്‍ തെറ്റില്ല. അവള് കേറട്ടേന്ന്). അവരതു ശരിക്കും ആഘോഷിച്ചു. സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തിനു സ്റ്റേജില്‍ കയറി സമ്മാനം വാങ്ങാന്‍ എനിക്കൊപ്പം ജിന്‍സിയും അങ്ങിനെ അർഹയായി. ഏഴാം ക്ലാസിലെ വാർഷികപരീക്ഷക്കു ഒന്നാമനാവുക വഴി ഒരു സമ്മാനം ഞാൻ ഉറപ്പിച്ചിരുന്നു.

പക്ഷേ എനിക്ക് കുറച്ചധികം ഭയമുണ്ടായിരുന്നു. മൈക്കിലൂടെ പേര് വിളിക്കുന്നതു മനസ്സിലാകില്ല. നല്ല സൌണ്ടില്‍ കേള്‍ക്കാം. പക്ഷെ Poor extraction of each word as separate (Poor Discrimination) ആണ്. പേരു വിളിക്കുമ്പോൾ അറിയിക്കാന്‍ രണ്ടുപേരെ ശട്ടം കെട്ടി. പക്ഷേ സമയമായപ്പോൾ അവരെ കണ്ടില്ല. അന്ന് ചാരായം നിരോധിച്ചിട്ടില്ലായിരുന്നു.

First Prize “-----Name-----“ 8th Std എന്നാണു കേട്ടത്.

ഞാന്‍ കാത്തുനിന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും ആരും സ്റ്റേജിലേക്കു വരാതിരുന്നപ്പോൾ ഉറപ്പിച്ചു. അതു എന്റെ പേരു തന്നെ. പക്ഷേ സത്യത്തില്‍ ആ കുട്ടി ആളുകളുടെ ഇടയില്‍നിന്നു കയറിവരാന്‍ സമയം എടുത്തതായിരുന്നു. സമ്മാനം വാങ്ങി സ്റ്റേജിൽനിന്നു ഇറങ്ങുമ്പോള്‍ ആദ്യം കണ്ടത് ആ മുഖമാണ്. അവജ്ഞ മുറ്റിനില്‍ക്കുന്ന ജിന്‍സിയുടെ മുഖം. അപ്പോൾ ആ നിമിഷത്തിൽ, ജീവിതത്തില്‍ ആദ്യമായി ഞാൻ ആത്മഹത്യയെപ്പറ്റി ചിന്തിച്ചു. എനിക്കു വല്ലാത്ത പരവേശം തോന്നി. നടന്നപ്പോള്‍ വേച്ചുവേച്ചു പോയി. കുറച്ചു സമയത്തിനുശേഷം സമ്മാനം ടീച്ചേഴ്സിനു കൊണ്ടു കൊടുത്തു. പറ്റിപ്പോയതൊക്കെ പറഞ്ഞു. ക്ഷമ ചോദിച്ചു.

പിന്നീട് ആ കുട്ടി എന്നോടു പൊറുക്കാന്‍ തയ്യാറായില്ല. ക്ലാസ്സിലെ മറ്റു പല പെണ്‍കുട്ടികളും. എന്നും എന്റെ എതിരാളിയായിരുന്ന കുഞ്ഞിക്കണ്ണന്‍ പോലും എന്നെ മനസ്സിലാക്കി.

“ചിരിച്ചുകൊണ്ട് കളിപ്പിച്ചു. അല്ലേ സുനീ?” എന്ന ചോദ്യത്തിനു ഞാന്‍ കൊടുത്ത മറുപടികള്‍ അവര്‍ക്കു വേണ്ടായിരുന്നു. അവരെന്നെ ഒരു നാണംകെട്ടവനായി വിശേഷിപ്പിച്ചു. ഒരു പെണ്‍വിരോധിയാക്കി.
കാണുമ്പോഴെല്ലാം പരിഹാസച്ചിരികളായിരുന്നു മുഖങ്ങളിൽ. ക്രമേണ സ്കൂള്‍ മുഴുവന്‍ അറിഞ്ഞു സുനിലിന്റെ ചരിതം.

ഒരു പതിമൂന്നുകാരനു അതു താങ്ങാവുന്നതിലും ഏറെയായിരുന്നു. ഉറക്കമില്ലാത്ത ഒരുപാട് രാവുകള്‍. അത്തരം രാത്രികളില്‍ ഞാന്‍ മുറ്റത്തിറങ്ങി കലങ്ങിയ മനസ്സോടെ വെറുതെ നടക്കും. ഒരിക്കല്‍ ഇരിക്കാനായി വടംവലി നടത്തിയ സീറ്റില്‍നിന്നു മനപ്പൂര്‍വം ഒഴിഞ്ഞു. എപ്പോഴും കലപില കൂട്ടിയിരിക്കാറുള്ള ഞാന്‍ ക്ലാസിൽ മൌനിയായി. ടീച്ചേഴ്‌സ് അടക്കം പറഞ്ഞു. സുനിലിനെന്താ പറ്റിയേ.

കുറച്ചുനാള്‍ കഴിഞ്ഞു. ക്ലാസ്സില്‍ ആരുമില്ലാതിരുന്ന ഒരു വേളയില്‍ അവളെന്നെ തോളത്തു തട്ടിവിളിച്ചു. “ഇക്കാ”

സജ്ജുവായിരുന്നു അത്. എന്റെ ശബ്ദം ഇടറി.

“അവര് പറയണത് വിശ്വസിക്കരുത് സജ്ജൂമോളേ. ഞാനത് മനപ്പൂര്‍വം ചെയ്തതല്ല“

ആരൊക്കെ തെറ്റിദ്ധരിച്ചാലും അവള്‍ മാത്രം അങ്ങിനെ ചെയ്യില്ലെന്നു എനിക്കുറപ്പായിരുന്നു. സജ്ജു പറഞ്ഞു. അവളും കവിതയും മറ്റുള്ള പെണ്‍‌കുട്ടികളുമായി ഇതിന്റെ പേരില്‍ വഴക്കു കൂടിയെന്നു. എന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു. കവിതയും!

അതിനുശേഷം ജിൻസിക്കു സ്റ്റേജില്‍ കയറി സമ്മാനം വാങ്ങാന്‍ ഒരവസരവും കിട്ടിയില്ല. അവസരങ്ങള്‍ ഒരുപാടുണ്ടായിട്ടും ഞാൻ സ്റ്റേജില്‍ കയറി സമ്മാനം വാങ്ങിച്ചിട്ടുമില്ല.

കാലം എല്ലാം മറക്കാന്‍ പഠിപ്പിക്കുന്നു. ഒരിക്കല്‍ നഷ്ടപ്പെട്ടെന്നു കരുതിയ സൌഹൃദങ്ങള്‍ ഒക്കെയും സജ്ജുമോള്‍ മുന്‍‌കയ്യെടുത്തു എനിക്ക് പിന്നീട് തിരിച്ചുകിട്ടി. വളരെ വളരെ വൈകിയാണെങ്കിലും. അതില്‍ പിന്നെ ഞാന്‍ മനസ്സിലാക്കുകയായിരുന്നു. എന്തെന്നാല്‍ കാലം എനിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നത് ദയവില്ലാത്ത കുറെ കഠിനപരീക്ഷണങ്ങള്‍ ആണെന്ന്. ആ പരീക്ഷണങ്ങള്‍ ഇന്നും തുടരുന്നു, ഇടതടവില്ലാതെ. പലപ്പോഴും പലയിടത്തും ഞാന്‍ വീണുപോവും. എങ്കിലും തീര്‍ത്തും പരാജപ്പെടുന്ന ഒരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല. ഉണ്ടാകരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു.

Sunday, April 29, 2007

സുഗതകുമാരി ടീച്ചര്‍:മലയാളത്തിന്റെ സ്വന്തം കവയിത്രി.

കവിത ഞാന്‍ ഗൌരവത്തോടെ സമീപിച്ചിട്ടില്ലാത്ത സാഹിത്യരൂപമാണ്. വളരെ കുറച്ചുകവിതകളെ ഇതുവരെ വായിച്ചിട്ടുള്ളൂ. പക്ഷെ ശ്രദ്ധിക്കാറുണ്ട് ആ മീഡിയം. എനിക്കു കവിതയേക്കാളും ആസ്വദിക്കാന്‍ കഴിയുന്നത് നോവല്‍, ലേഖനങ്ങള്‍, സാഹിത്യവിമര്‍ശനങ്ങള്‍ എന്നിവയാണ്.

സുഗതകുമാരി ടീച്ചറുടെ കവിതകള്‍ എനിക്ക് ഇഷ്ടമാണ്. ഇവിടെ ടീച്ചര്‍ ഭര്‍ത്താവിന്റെ ഓര്‍മയില്‍ ഒരു കവിത രചിച്ചിരിക്കുന്നു. വളരെയധികം നന്നായിട്ടുണ്ട്. കുറച്ചുനാള്‍ മുമ്പ് എഴുതിയ കവിതയാണ്. 2005 ല്‍.  ‘മാതൃഭൂമി‘യില്‍ കണ്ടപ്പോള്‍ ഞാന്‍ പേജ് കീറി ഡയറിത്താളുകള്‍ക്കിടയില്‍ വച്ചു. എന്റെ ഡയറിത്താളുകള്‍ക്ക് ഇവ നല്‍കിയ സൌരഭ്യം ബ്ലൊഗിനും ലഭിക്കണേയെന്ന പ്രാര്‍ത്ഥനയോടെ.

Sunday, March 11, 2007

വേനല്‍മഴ

പരകായപ്രവേശനം കേരളത്തിലെ വളരെ പുരാതനമായ ആഭിചാരക്രിയയാണ്. അത് വളരെ സങ്കീര്‍ണമായ പക്രിയയാണ്. വായനക്കാര്‍ക്ക് 'പുരാതന കേരളത്തിലെ മന്ത്രതന്ത്രവിദ്യകള്‍' എന്ന ശീര്‍ഷകത്തോടെയുള്ള കാട്ടുമാടം നാരായണന്റെ  പുസ്തകം വായിച്ചു നോക്കാം. ഡിസി ബുക്സില്‍ ആ പുസ്തകം കിട്ടും. കാട്ടുമാടം ജനിച്ചത് മന്ത്രവാദപാരമ്പര്യമുള്ള കുടുംബത്തിലാണ്. അതു കൊണ്ടുതന്നെയാണ് ഈ ഗ്രന്ഥം അധികാരികമായ ഇനത്തില്‍ പെടുന്നതും.


പരകായപ്രവേശനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി തന്റെ ആത്മാവിനെ സ്വന്തം ശരീരത്തില്‍നിന്ന് മറ്റൊരു വ്യക്തിയുടെ ശരീരത്തിലേക്ക് പറിച്ചു നടുന്നതാണ്.

താഴെകൊടുത്തന്രിക്കുന്ന 'വേനല്‍ മഴ' എന്ന കഥയില്‍ രശ്മി.കെ എന്ന പെണ്‍കുട്ടി നടത്തിയിരിക്കുന്നതും അത്തരത്തിലൊരു പറിച്ചു നടല്‍ തന്നെയാണ്. പെണ്‍കുട്ടിയുടെ മനസ്സില്‍നിന്ന് ആണ്‍കുട്ടിയുടെ മനസ്സിലേക്കുള്ള പറിച്ചു നടല്‍. ശേഷം ആണ്‍കുട്ടിയുടെ വീക്ഷണകോണിലൂടെ സുന്ദര രചനയും നടത്തിയിരിക്കുന്നു. രശ്മി ഈ ശ്രമത്തില്‍ വളരെയധികം വിജയിച്ചു എന്നത് കഥയുടെ മാറ്റുകൂട്ടുന്നു. എനിക്കിഷ്ടപ്പെട്ട ഈ കഥ ഇവിടെ ബൂലോകസുഹൃത്തുക്കള്‍ക്കായി പങ്കുവയ്ക്കുകയാണ്