Tuesday, January 10, 2012

തപാൽക്കാരൻ


                   ഐടി എൻജിനീയറുടെ കഥ

ബൊമ്മാനഹള്ളി ജംങ്‌ഷനിൽ ബസിറങ്ങി, ആദ്യം അന്വേഷിച്ചത് തിരക്കില്ലാത്ത ഒരു കടവരാന്തയാണ്. ചുറ്റിലും അഞ്ചോളം കടകൾ കണ്ടു. അവിടെയെല്ലാം സാധനങ്ങൾ വാങ്ങാൻ വന്നവരുടെ തിരക്കുണ്ട്. എനിക്കാണെങ്കിൽ ഒന്നും വാങ്ങാനില്ല. അൽപം തണലാണ് ആവശ്യം. സാധനങ്ങൾ ഒന്നും വാങ്ങാതെ കടയിൽ കയറിനിന്നാൽ ഉടമയുടെ കൂർത്തനോട്ടം നേരിടേണ്ടിവന്നേക്കാം. അതുകൊണ്ട് അടുത്തുകണ്ട, ഇലകൾ ശുഷ്കമായ, വൃക്ഷത്തിനു കീഴിലേക്കു നടന്നു. അവിടെ വിൻസന്റിനെ കാത്തു നിന്നു.

ഞാൻ ഇതിനുമുമ്പ് പലതവണ ബൊമ്മാനഹള്ളി ജംങ്‌ഷനിലൂടെ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഒരിക്കലെങ്കിലും ഇവിടെ ഇറങ്ങണമെന്നു ആഗ്രഹിച്ചിട്ടില്ല. ഇത്രയും പറഞ്ഞപ്പോൾ, ബാംഗ്ലൂർ നഗരത്തിലെ എല്ലാ ജംങ്ഷനിലും ഇറങ്ങുന്ന ആളാണോ ഞാൻ എന്നു നിങ്ങൾ ചോദിച്ചേക്കാം. സത്യം പറയട്ടെ, ആ ചോദ്യം എന്നെ പ്രകോപിപ്പിക്കാൻ പോകുന്നില്ല. കാരണം ബാംഗ്ലൂരിലെ പല പ്രധാനജംങ്ഷനുകളും എന്നെ ആകർഷിച്ചു, അവിടെ ഇറങ്ങാൻ പ്രേരിപ്പിക്കാറുണ്ട് എന്നതാണ് വസ്‌തുത. ഒളിച്ചുവക്കാൻ ആഗ്രഹിക്കാത്ത വസ്തുത. എന്നെ പ്രലോഭിപ്പിക്കുന്ന അത്തരം ജംങ്ഷനുകൾക്കു പൊതുവായ ചില സവിശേഷതകൾ ഉണ്ടായിരിക്കും. അവ താഴെ കൊടുക്കുന്നു.

A. ദിവസത്തിൽ മിക്കസമയത്തും നല്ല തിരക്ക്. പക്ഷേ ഒരു പ്രത്യേകനേരത്തു ആളൊഴിഞ്ഞ നില (ഈ സമയത്തു ഞാനെത്തുമെന്നു സാരം).
B. ചുറ്റുപാടും അധികം കെട്ടിടങ്ങൾ ഉണ്ടാകരുത്.
C. അത്യാവശ്യം ബസ് സർവ്വീസുള്ള റോഡായിരിക്കണം.
D. ജംങ്ഷനിൽ, ഫ്ലാസ്കിൽ ചായവിൽക്കുന്ന തട്ടുകടയോ, ഇളനീർ കച്ചവടമോ ഉണ്ടായിരിക്കണം.

മേൽപ്പറഞ്ഞ നാലു കാരണങ്ങളിൽ ‘എ’യും ‘ഡി’യും വളരെ അവശ്യമാണ്. ഇതിലൊന്ന് ഇല്ലെങ്കിൽ ആ ജംങ്ഷനിൽ ഇറങ്ങില്ല. ശ്രദ്ധിക്കുക പോലും ചെയ്യില്ല. ഇത്തരത്തിൽ നാല് പ്രത്യേകതകളും ഒത്തിണങ്ങിയ ഇടമാണ് ഔട്ടർ റിംങ് റോഡിലെ ‘അഗര ജംങ്‌ഷൻ’. ഫ്ലൈഓവർ വന്നതിനുശേഷം പ്രത്യേകിച്ചും. അഗരയിൽ ബസിറങ്ങി ഞാൻ കുടിച്ച ചായയ്ക്കും കരിക്കുകൾക്കും യാതൊരു കയ്യും കണക്കുമില്ല. ഫീൽഡ്‌ജോലി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ, അഗരയിലിറങ്ങി ചായകുടിച്ചു, ഫ്ലൈഓവറിന്റെ തണലിൽ ബസ് കാത്തുനിൽക്കുമ്പോൾ അനുഭവിക്കുന്ന ആശ്വാസത്തിനു പ്രത്യേകതയുണ്ട്. ചില ദിവസങ്ങളിൽ ഒരു മണിക്കൂർ വരെ വെറുതെ നിന്നിട്ടുണ്ട്, മനസ്സിലെ ശാന്തതക്കു ഭംഗം വരുത്തേണ്ടെന്നു കരുതി. അഗരയോടൊപ്പം ‘ബെൽ സർക്കിളും’, പ്രത്യേകിച്ചു രാമയ്യ ആശുപത്രിയിലേക്കുള്ള ബസ്‌സ്റ്റോപ്പ്, വളരെ ഇഷ്ടമാണ്.

അഗര ജംങ്‌ഷൻ എന്നിൽ ഉണർത്തുന്ന പ്രലോഭനങ്ങളൊന്നും ഹൊസൂർറോഡിലെ പ്രധാന ജംങ്ഷനായ ബൊമ്മാനഹള്ളി ഉണർത്തുന്നില്ല. പ്രലോഭനങ്ങളെ തരിശാക്കുന്ന തിരക്കേറിയ ഇടം. ആദ്യമായി ഇതുവഴി പോയപ്പോൾ തന്നെ, ഇവിടെ എന്നെങ്കിലും ഇറങ്ങുന്നുവെങ്കിൽ അതു സ്വയം താൽപര്യമെടുത്തായിരിക്കില്ലെന്നു മനസ്സിൽ തോന്നിയിരുന്നു. അത്രയേറെ ജനക്കൂട്ടവും ഗതാഗതതടസവുമാണ് ഉണ്ടായത്. അതിനുശേഷവും ഇന്റർവ്യൂവിനും മറ്റുമായി ഐടി കമ്പനികൾ കേന്ദ്രീകരിച്ചിരിക്കുന്ന ഇലക്ട്രോണിക് സിറ്റിയിലേക്കു പലതവണ യാത്ര ചെയ്തിട്ടുണ്ട്. പോകുമ്പോഴും വരുമ്പോഴും ബൊമ്മാനഹള്ളി ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ, കാരണം വാഹനങ്ങളുടെ അനങ്ങാത്ത നീണ്ടനിരയാണ്. കുറച്ചെങ്കിലും ആകർഷകമായ ഏകഘടകം ‘തറവാട്’ എന്ന മലയാളി ഹോട്ടലാണ്. അതാകട്ടെ മഡിവാളയിലുള്ള അനേകം മലയാളി ഹോട്ടലുകളുടെ സാമീപ്യത്താൽ അവശ്യമായി തോന്നിയുമില്ല. ബാംഗ്ലൂരിൽ എത്തി രണ്ടുവർഷം കഴിഞ്ഞിട്ടും എന്തെങ്കിലും ആവശ്യത്തിനു ബൊമ്മാനഹള്ളിയിൽ ഇറങ്ങേണ്ടി വന്നില്ല. എന്നെങ്കിലും ഇറങ്ങേണ്ടി വരുമെന്നു കരുതിയതുമല്ല. പക്ഷേ കാര്യങ്ങൾ വേഗം മാറി മറഞ്ഞു.

പുതിയ കമ്പനിയിൽ ചേർന്നപ്പോൾ എട്ടു അംഗങ്ങളുള്ള പ്രോജക്‌ട് ടീമിലാണ് മാനേജർ ഉൾപ്പെടുത്തിയത്. ആദ്യം കിട്ടിയ പ്രോജക്‌ട് ബാംഗ്ലൂരിലെ തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളെ കമ്പ്യൂട്ടർ നെറ്റ്‌വർക്കു വഴി ബന്ധിപ്പിക്കലാണ്. തികച്ചും വിരസമായ ജോലി. പക്ഷേ നഗരം പരിചയമാകാൻ ഉത്തമം. ഊരുചുറ്റൽ വലിയ ഇഷ്ടമായതിനാൽ ഞാൻ സന്തോഷിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് പ്രോജക്‌ട് പൂർത്തിയാക്കുക. ആദ്യസന്ദർശനത്തിൽ പോസ്റ്റുഓഫീസിലെ സൗകര്യങ്ങൾ പരിശോധിക്കും. രണ്ടാം ഘട്ടത്തിൽ ശരിയായ ഇൻസ്റ്റാലേഷൻ. ബൊമ്മാനഹള്ളിയിൽ ഇന്നു ഇൻസ്റ്റാലേഷനാണ്.

എന്റെ കാത്തിരിപ്പിനു തിരശീലയിട്ടു വിൻസെന്റ് എത്തി. തോളിൽ തൂങ്ങുന്ന ബാഗിൽ തപാൽവകുപ്പിന്റെ ചിഹ്നം. ബൈക്ക് ഒരിടത്തു പാർക്കുചെയ്തു, ഞങ്ങൾ കരിമ്പിൻജ്യൂസ് വിൽക്കുന്നിടത്തേക്കു ചെന്നു. നല്ല ഉഷ്ണം. ഇടയ്ക്കിടെ വീശുന്ന കാറ്റിനുപോലും അസഹ്യമായ ചൂട്. പൊടിപറത്തി, ചുഴിയുണ്ടാക്കി കാറ്റുവരുമ്പോൾ, രക്ഷപ്പെടാൻ എവിടെയെങ്കിലും മാറിനിന്നേ മതിയാകൂ. രണ്ടു കരിമ്പിൻ ജ്യൂസിനു വിളിച്ചുപറഞ്ഞു. പഴ്സെടുക്കാൻ ആഞ്ഞപ്പോൾ വിൻസന്റ് വിലക്കി. അദ്ദേഹം കൊടുത്തോളുമെന്ന്. സന്തോഷം. ഞാൻ വീണ്ടും മരത്തിനു കീഴിലേക്കു നീങ്ങിനിന്നു. അല്പസമയത്തിനുള്ളിൽ ഇരുകയ്യിലും ജ്യൂസുമായി വിൻസന്റ് എത്തി. വയറിൽ തട്ടി പരിഭവം പറഞ്ഞു.

“സതീഷ്, എനിക്ക് കുടവയർ ചാടി. ഡെപ്യൂട്ടേഷൻ കഴിഞ്ഞു തിരിച്ചുചെല്ലുമ്പോൾ അവരിതു ഉടച്ചുകളയും”

ഞാൻ ചിരിച്ചതല്ലാതെ ഒന്നും തിരിച്ചു പറഞ്ഞില്ല.

സത്യത്തിൽ വിൻസന്റ് പോസ്റ്റൽവകുപ്പ് ജീവനക്കാരൻ അല്ല. ആർമിയിൽ നിന്നാണ്. ഡെപ്യുട്ടേഷൻ വഴി ഇന്ത്യാപോസ്റ്റിൽ ജോലിചെയ്യുന്നു. മുഴുവൻ പേര് വിൻസന്റ് പോൾ. കുറച്ചുനാൾ കൂടി കഴിഞ്ഞാൽ ഡെപ്യുട്ടേഷൻ തീരുകയാണ്. അപ്പോൾ തിരിച്ചുപോകണം. വിൻസന്റിനെ ജോലിക്കു കൂട്ടുകിട്ടിയതിൽ എനിക്കു സന്തോഷമുണ്ടായിരുന്നു. ആർമിക്കാരുടെ ഗൗരവം തീരെയില്ലാത്ത സരസൻ. എന്റെ അഭിപ്രായങ്ങൾക്കു വളരെ മുൻഗണന നൽകുന്നു. സർവ്വോപരി മലയാളം ഒഴുക്കോടെ സംസാരിക്കും. ജന്മം കൊണ്ടു കന്നഡിഗനെങ്കിലും മലയാളത്തിലും പ്രഗൽഭൻ. ആർമിയിൽ ഒരുപാട് മലയാളി സഹപ്രവർത്തകർ ഉണ്ടത്രെ.

വിൻസന്റിനെ ആദ്യമായി കണ്ടപ്പോൾ ശ്രദ്ധിച്ചതും അദ്ദേഹത്തിന്റെ കുടവയറാണ്. ഔപചാരിക സംഭാഷണത്തിനിടയിൽ ആർമിയിൽ‌നിന്നാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ വിശ്വസിച്ചില്ല. ഇത്രയും കുടവയറുള്ളവരെ സൈന്യത്തിൽ എടുക്കുമോ എന്ന സംശയം. പിന്നീടു അദ്ദേഹം കുടവയറിന്റെ ഉൽഭവവും വികസനവും വിവരിച്ചു. എല്ലാം തുടങ്ങിയിട്ടു അധികം നാളായിട്ടില്ല.

വരണ്ട തൊണ്ടയെ നനച്ചു തണുത്ത കരിമ്പിൻവെള്ളം ഒഴുകി. ഉൻമേഷം തിരിച്ചുകിട്ടി. പൈസ കൊടുത്തു ഞങ്ങൾ പോസ്റ്റുഓഫീസിലേക്കു പുറപ്പെട്ടു. ബൊമ്മാനഹള്ളി പോസ്റ്റുഓഫീസ്, ജംങ്ഷനിൽനിന്നു ഇടത്തോട്ടു തിരിയുന്ന പ്രധാനറോഡു വഴി കുറച്ചു മുന്നോട്ടുപോയാൽ ഇടതുവശത്തായി കാണാം. ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിൽ. ഇന്ത്യാപോസ്റ്റിന്റെ അടയാളം കണ്ടു ഉറപ്പിച്ചു.

ഞങ്ങൾ ചെല്ലുമ്പോൾ പോസ്റ്റുഓഫീസിൽ നിറയെ ആളുകളാണ്. ഓഫീസ് തുറന്നിട്ടു അധികസമയം ആയിരുന്നില്ല. ജീവനക്കാരും പോസ്റ്റുമാൻമാരും ഉപഭോക്താക്കളും ഒക്കെയായി ആകെ ബഹളമയം. ഒരാഴ്ചമുമ്പ് ഇൻസ്റ്റാലേഷൻ സൗകര്യങ്ങൾ പരിശോധിക്കാൻ വന്നപ്പോൾ വിരലിലെണ്ണാവുന്ന ജീവനക്കാരും ഏതാനും പോസ്റ്റുമാൻമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നു പക്ഷേ സന്ദർശനം ഉച്ചകഴിഞ്ഞിട്ടായിരുന്നു. ആ നേരത്തു തിരക്കു പ്രതീക്ഷിക്കുന്നത് ഉചിതമല്ലല്ലോ. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഞങ്ങൾ ചീഫ് പോസ്റ്റുമാസ്റ്ററുടെ കാബിനിലേക്കു ചെന്നു. അവിടെ അദ്ദേഹം ഒരു പോസ്റ്റുമാനെ കഠിനമായി ശകാരിക്കുകയാണ്. കാബിനു പുറത്തുള്ളവരുടെ ശ്രദ്ധയും ഇവരിൽ വീഴുന്നുണ്ട്. ഞങ്ങൾ വാതിൽക്കൽ കാത്തുനിന്നു. കന്നഡയിൽ അനർഗളം ഒഴുകുന്ന വാക്കുകൾ കേട്ടു ഞാൻ അന്തിച്ചു. പോസ്റ്റുമാസ്റ്റർ കറുത്തു തടിച്ച വ്യക്തിയാണ്. കൈത്തണ്ടയിൽ സ്വർണച്ചെയിനും, രണ്ടുകയ്യിലേയും വിരലുകളിലായി അഞ്ചോളം മോതിരങ്ങളുമുണ്ട്. വലതുകൈ ജീവനക്കാരന്റെ മുഖത്തിനുനേരെ ഉയർത്തിയാണ് ശകാരം. കൈയോങ്ങൽ കണ്ടാൽ ഇപ്പോൾ അടി വീഴുമെന്നു തോന്നും. കുറച്ചുനേരം ബഹളങ്ങൾ കണ്ടുനിന്നു മടുത്തപ്പോൾ വിൻസന്റ് അക്ഷമനായി ചുമച്ചു. അൽഭുതമെന്നേ പറയേണ്ടൂ. എല്ലാ ബഹളങ്ങളും ഉടനടി നിന്നു. പോസ്റ്റുമാസ്റ്റർ ശകാരം നിർത്തി. ജീവനക്കാരോടു അവരവരുടെ ജോലികളിലേക്കു മടങ്ങാൻ പറഞ്ഞു. പോസ്റ്റുഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി വന്നവർ ക്യൂ പാലിച്ചു. വിൻസന്റ് പോസ്റ്റുമാസ്റ്ററുമായി സംസാരിച്ചു. അപ്പോഴാണ്, അപ്പോൾ മാത്രമാണ്, ശകാരിക്കലിനു വിധേയനായ ജീവനക്കാരനെ ഞാൻ ശ്രദ്ധിക്കുന്നത്. അത്രയും നേരം പോസ്റ്റുമാസ്റ്റർ ശ്രദ്ധ മുഴുവൻ പിടിച്ചുവച്ചിരിക്കുകയായിരുന്നു. തലകുനിച്ചു സങ്കടത്തോടെ നിൽക്കുന്ന ജീവനക്കാരനു പോസ്റ്റുമാസ്റ്ററുടെ പകുതി ശരീരവലുപ്പമേയുള്ളൂ. പൊക്കം കുറഞ്ഞ, ഇരുനിറമുള്ള വ്യക്തി. ഏറെ ആകർഷകമായി തോന്നിയത് പൂർണമായും നരച്ച താടിയും മുടിയുമാണ്. വലതുകൈത്തണ്ടയിൽ ജപിച്ചുകെട്ടിയ ഒരുപിടി ചരടുകൾ. നെറ്റിയിൽ വീതിയിൽ ഭസ്മക്കുറി. ഭസ്മം വെള്ളത്തിൽ ചാലിച്ചു വരച്ചാലേ അങ്ങിനെ കുറി വരയ്ക്കാനാകൂ. നല്ല ദൈവഭയമുള്ള വ്യക്തിയാണെന്നു നിസ്സംശയം പറയാം. ഞാൻ ശ്രദ്ധിക്കുന്നത് ജീവനക്കാരൻ അറിഞ്ഞു. വിഷമം കൂടി. പുറംതിരിഞ്ഞുനിന്ന് കണ്ണുകൾ ഒപ്പി. അദ്ദേഹത്തിന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ എനിക്കും സങ്കടമായി.

ഞാൻ ജോലി തുടങ്ങി. കമ്പ്യൂട്ടറുകളിൽ ആവശ്യമായ സോഫ്‌റ്റ്‌വെയറുകൾ ഇൻസ്‌റ്റാൾ ചെയ്തു. സ്വിച്ചുകൾ വേണ്ടവിധത്തിൽ ക്രമീകരിച്ചു. വിൻസന്റ് കൂടെയുള്ളതിനാൽ ജോലിഭാരം കുറവായിരുന്നു. ജോലി ചെയ്യാനുള്ള കമ്പ്യൂട്ടറുകൾ അദ്ദേഹം യഥാസമയം ലഭ്യമാക്കി തന്നു. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന പോസ്റ്റ്ഓഫീസ് ജീവനക്കാരൻ എന്റെ ജോലി തീരുന്നതുവരെ കാത്തിരിക്കാൻ നിർബന്ധിതരായി. ‘കമ്പ്യൂട്ടൻ അസോസിയേറ്റ്‌സി’ന്റെ പ്രോക്‌സി സെർവർ ഇൻസ്റ്റാലേഷൻ തുടങ്ങി. പൂർത്തിയാകാൻ അഞ്ചുമിനിറ്റോളം എടുക്കും. ഞാൻ കസേരയിൽ പിന്നോട്ടു ചാഞ്ഞു. പിന്നിൽ ഒരാൾ നിൽക്കുന്നുണ്ടല്ലോ? തിരിഞ്ഞുനോക്കിയപ്പോൾ ഒരു യുവതി. കാണാൻ കുഴപ്പമില്ലെങ്കിലും സുന്ദരിയാണെന്നു പറയാൻ വയ്യ.

യുവതി അടുപ്പം ഭാവിച്ച് പറഞ്ഞു. “ഇയാൾ വലിയ എഴുത്തുകാരൻ മാത്രമല്ല. കമ്പ്യൂട്ടൻ എൻ‌ജിനീയറും കൂടിയാണല്ലേ?”

യുവതി മലയാളത്തിലാണ് പറഞ്ഞത്. എന്നിട്ടും പറഞ്ഞതു തന്നെയാണോ കേട്ടതെന്ന സംശയമുണ്ടായി. എന്താണ് പറഞ്ഞതെന്നു തിരിച്ചുചോദിച്ചു. അവർ മുമ്പ് പറഞ്ഞതു ആവർത്തിച്ചു. അതായത് ഞാൻ എഴുത്തുകാരനാണെന്ന്. ഇന്നുവരെ നാലുവരി, ഏതെങ്കിലും വിഷയത്തെപ്പറ്റി എഴുതിയിട്ടില്ലാത്ത ഞാൻ എഴുത്തുകാരനാണെന്ന്! ഞാൻ യുവതിയുടെ മുഖത്തു സൂക്ഷിച്ചുനോക്കി. മതിഭ്രമത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ ദൃശ്യമാണോ? ഉണ്ടെന്നു തോന്നി. അല്ലാതെ തികച്ചും അപരിചിതനായ, ഞാൻ ആ യുവതിയെ അതിനുമുമ്പു കണ്ടിട്ടില്ലായിരുന്നു, ഒരുവനെ എഴുത്തുകാരൻ എന്നു വിശേഷിപ്പിക്കുമോ? യുവതിയുടെ മുഖഭാവം എന്നെ ദീർഘകാലമായി പരിചയമുണ്ടെന്ന മട്ടിലാണ്. അവരുടെ മുഖത്തെ നിശ്ചയദാർഢ്യം കണ്ട്, ഞാൻ ഓർമ്മകളിൽ വീണ്ടും പരതി. എന്നെങ്കിലും, എവിടെയെങ്കിലും ഈ യുവതിയെ കണ്ടിട്ടുണ്ടോ? ഒന്നും ഓർത്തെടുക്കാനായില്ല. ഞാൻ യുവതിക്കു പ്രാധാന്യം കൊടുക്കാതെ, വിൻസെന്റിനെ ടെൿനിക്കൽ കാര്യം ചർച്ച ചെയ്യാനാണെന്ന നാട്യത്തിൽ വിളിച്ചു. യുവതി വീണ്ടും സംസാരിക്കാൻ ആഞ്ഞപ്പോൾ ജോലി കഴിഞ്ഞശേഷം സംസാരിക്കാമെന്നു നയത്തിൽ പറഞ്ഞു. അവർക്കതു വിശ്വസനീയമായി തോന്നിയിരിക്കാം. എന്റെ കാര്യം വിട്ടു. വിൻസെന്റിനോടു യുവതിയുടെ വിചിത്രമായ പെരുമാറ്റത്തെപ്പറ്റി പറയണമെന്നു ആദ്യം കരുതിയെങ്കിലും പിന്നീടു വേണ്ടെന്നു വച്ചു. അവഗണിക്കുന്നതാണ് അഭികാമ്യം.

വിൻസെന്റ് അടുത്ത ക്യാബിനിൽ പോയി. ഞാൻ പോസ്റ്റ്ഓഫീസിൽ മൊത്തം കണ്ണുപായിച്ചു. ശകാരം കേട്ട ജീവനക്കാരനെ പരതി. അദ്ദേഹം ഇപ്പോൾ നീല കുപ്പായം ധരിച്ചിട്ടുണ്ട്. പോസ്റ്റുകാർഡുകളിലും കവറുകളിലും സീൽ അടിക്കുന്ന ജോലിയിൽ വ്യാപൃതനാണ്. പോസ്റ്റുകവറുകൾ ഇടതുകൈ കൊണ്ടു തുരുതുരാ തള്ളിനീക്കി മിന്നൽ വേഗത്തിലാണ് സീലടിക്കൽ. ഒരു സെക്കന്റിൽ രണ്ടോമൂന്നോ സീലുകൾ വരെ വീഴുന്നുണ്ടെന്നു തോന്നി. അത്രയും വേഗത. വേറേയും ജീവനക്കാർ സമാന ജോലി ചെയ്യുന്നുണ്ട്. ‘ടക്ക് ടക്ക്’ ശബ്ദത്താൽ മുഖരിതമാണ് അവിടം. ഞാൻ ജീവനക്കാരന്റെ മുഖത്തുനോക്കി. അപാരമായ ശാന്തതയും കാരുണ്യവും സ്ഫുരിക്കുന്നു. കവറുകളിൽ സീൽ വീഴുന്ന മുറക്കു മുഖം താളാത്മകമായ വിറക്കുന്നു.

ഞാൻ ജീവനക്കാരൻ സീൽ അടിക്കുന്നതു നോക്കിയിരിക്കുമ്പോൾ, അപ്പോൾ മാത്രം പുറത്തുനിന്നു പോസ്റ്റുഓഫീസിൽ വന്ന ഒരാൾ പോസ്റ്റുമാനെ ചൂണ്ടിക്കാട്ടി ചീഫ് പോസ്റ്റുമാസ്റ്ററോടു എന്തോ പറഞ്ഞു. പരാതിയാണെന്നു വ്യക്തം. പോസ്റ്റുമാസ്റ്റർ ജീവനക്കാരനെ അടുത്തേക്കു വിളിച്ചു. പ്രതീക്ഷ തെറ്റിയില്ല. കണ്ണുപൊട്ടുന്ന ശകാരം തുടങ്ങി. ജീവനക്കാരന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. പ്രായമായവരുടെ കരച്ചിൽ കാണുന്നത് പണ്ടേ എനിക്കിഷ്ടമില്ലാത്ത കാര്യമാണ്. പോസ്റ്റ്‌മാസ്റ്റർ ശകാരിക്കാനുള്ള കാരണം എനിക്കു അറിയില്ല. എങ്കിലും പ്രശ്നത്തിൽ ഇടപെട്ട് അതൊന്നു അന്വേഷിക്കാൻ തീരുമാനിച്ചു. ജോലി പൂർത്തിയാക്കി പോകുന്ന വരെയെങ്കിലും സ്വസ്ഥത കിട്ടുമല്ലോ. ഞാൻ പോസ്റ്റുമാസ്റ്ററുടെ അടുത്തേക്കു നടന്നു. പക്ഷേ ഞാനെത്തിയപാടെ പോസ്റ്റുമാസ്റ്റർ ശകാരം നിർത്തി. ഭവ്യതയോടെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു. പോസ്റ്റുമാനോടു പോയ്ക്കോളാൻ പറഞ്ഞു. തിരിച്ചുനടക്കുന്ന പോസ്റ്റുമാൻ നന്ദിയോടെ തിരിഞ്ഞുനോക്കുന്നത് ഞാൻ മനക്കണ്ണാൽ സങ്കല്പിച്ചു.

പത്തുമിനിറ്റിനുള്ളിൽ ഞാനും വിൻസെന്റും ജോലി പൂർത്തിയാക്കി ബൊമ്മാനഹള്ളിയോടു വിടപറഞ്ഞു. അതിനുശേഷം ഇന്നുവരെ ബൊമ്മാനഹള്ളിയിൽ പോയിട്ടില്ല.


                              പോസ്റ്റുമാന്റെ കഥ

ഗേറ്റിൽ, ഒരു ലോഹത്തകിടിൽ എഴുതിയിരിക്കുന്നു. “Beware of Dogs”. ആ മുന്നറിയിപ്പ് തരിമ്പും അലസോരപ്പെടുത്തിയില്ല. ഗേറ്റുതുറന്നു അകത്തു കയറി. പശുക്കുട്ടിയുടെ വലുപ്പമുള്ള നായ കാർപോർച്ചിൽ കിടപ്പുണ്ട്. ആരാണ് വന്നതെന്നു നോക്കി, നായ വീണ്ടും മുൻ‌കാലുകളിൽ തലപൂഴ്ത്തി. തോൾബാഗിൽനിന്നു രജിസ്ട്രേഡ് പോസ്റ്റ് എടുത്തു വീട്ടുടമസ്ഥനു കൊടുത്തു. ഒപ്പുവാങ്ങി തിരിച്ചു നടന്നു. ഗേറ്റിനടുത്തു സൈക്കിളുണ്ട്. ഏതു ബ്രാൻഡാണെന്നു തിരിച്ചറിയാനാകില്ല. കറുപ്പ് പെയിന്റ് മാത്രമാണ് അടിച്ചിട്ടുള്ളത്. മറ്റൊരു പ്രത്യേകത സൈക്കിളിന്റെ വലിപ്പക്കുറവാണ്. മുതിർന്നവരോ, കുട്ടികളോ ചവിട്ടുന്ന തരത്തിലുള്ളതായിരുന്നില്ല അത്. രണ്ടിന്റേയും മധ്യത്തിൽ നിൽക്കുന്ന വലുപ്പം. സൈക്കിളിൽ കയറി അടുത്തവീട്ടിലേക്കു യാത്രചെയ്യുമ്പോൾ മനസ്സുനിറയെ ഓഫീസിൽ വന്ന യുവാവായിരുന്നു. ചീഫ് പോസ്റ്റുമാസ്റ്റർ തന്നെ ചീത്തപറയുമ്പോൾ എന്തിനാണ് അദ്ദേഹം അടുത്തുവന്നത്? ആ വരവിൽ പോസ്റ്റുമാസ്റ്റർ ഭയന്നു എന്നതല്ലേ സത്യം? അദ്ദേഹം ഇത്ര വിനയത്തോടെ ആരോടെങ്കിലും സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. മേലധികാരിയല്ലാതിരുന്നിട്ടും യുവാവിനു മുന്നിൽ പോസ്റ്റുമാസ്റ്റർ പരുങ്ങി. അതാണ് ഏറെ വിചിത്രം. ഓഫീസിലെ എത്രപേരെ നിസാരകാര്യത്തിനു ദിവസേന ശാസിക്കുന്നു. ആരും ഒരക്ഷരം എതിർത്തു പറയാറില്ല. എന്നിട്ടും അതേ വ്യക്തി യുവാവിന്റെ മുന്നിൽ കുഞ്ഞാടായി. എന്താണ് കാരണം? ഒരുപക്ഷേ യുവാവിന്റെ ഇംഗ്ലീഷ് ഭാഷണം പോസ്റ്റുമാസ്റ്ററെ സ്വാധീനിച്ചിരിക്കാം. ഇം‌ഗ്ലീഷ് തടസമില്ലാതെ പറയുന്നവരോടു അദ്ദേഹത്തിനു പ്രത്യേക മമതയുള്ളതായി മുമ്പും തോന്നിയിട്ടുണ്ട്.

സൈക്കിൾ ഒരു ഗട്ടറിൽ ചാടി. അപ്പോൾ ശാപവചങ്ങളോടെ ഓർത്തു. ഛേ, എഴുത്തുകാരന്റെ വീട്ടിൽ പോകാൻ മറന്നു. കുറച്ചുദൂരം വന്നവഴിയെ ചവിട്ടി. പിന്നെ ചെറിയൊരു ഇടവഴിയിലേക്കു തിരിഞ്ഞു. വഴിയുടെ ഇരുവശത്തും സിമന്റ് തേയ്‌ക്കാത്ത മതിലാണ്. രണ്ടാൾ പൊക്കമുണ്ട്. ഇടവഴിയിലൂടെ യാത്ര ചെയ്താൽ എത്തുന്നിടത്തു ഒരു വീടേയുള്ളൂ. അവിടെയാണ് എഴുത്തുകാരൻ താമസിക്കുന്നത്.  കുറച്ചുനാളുകളായി കാർഡുകൾ ഒന്നും വരാറില്ല. കാർഡുകൾ എന്നുപറയാൻ പ്രത്യേക കാര്യമുണ്ട്. എഴുത്തുകാരനു പോസ്റ്റുകാർഡുകളല്ലാതെ കവറോ, ഇൻലൻഡോ, മണിഓർഡറോ ഒന്നും ഇതുവരെ വന്നിട്ടില്ല. ഒറ്റ എഴുത്തുപോലുമില്ല എന്നത് അതിശയകരമാണ്. രണ്ടുമാസം മുമ്പുവരെ മിക്കദിവസവും ഒരു കാർഡെങ്കിലും വരുമായിരുന്നു. അതു ക്രമമായി കുറഞ്ഞു. ഒരുമാസമായി ഒന്നുമില്ല. അതിനാലാണ് ഒറ്റപ്പെട്ടു നിൽക്കുന്ന ഇവിടേക്കു സൈക്കിൾ തിരിക്കാതിരുന്നത്.

ഒരിക്കൽ മനസ്സിലെ ജിജ്ഞാസ അടക്കാനായില്ല. തനിക്കു മുന്നിൽ, പോസ്റ്റുകാർഡിൽ, ഒരു രഹസ്യമാണുള്ളത്. ഒരുവ്യക്തി മറ്റൊരു വ്യക്തിക്കു കൈമാറുന്ന സന്ദേശം. പരിചിതമല്ലാത്ത ഭാഷയായതുകൊണ്ടാണ് ഇത്രനാൾ വായിക്കാതിരുന്നത്. എന്തുമാത്രം രഹസ്യങ്ങളാണ് താൻ കൊണ്ടുനടക്കുന്നത്. അപ്പോൾ അവയെപ്പറ്റി അറിയാനും അവകാശമില്ലേ? അങ്ങിനെയൊരു ദിവസം ഓഫീസിലെ മലയാളിയായ പുഷ്പയെകൊണ്ടു ഒരു കാർഡു വായിപ്പിച്ചു.

“നന്നായി എഴുതി എന്നു തോന്നുന്നത് മാത്രം അയക്കുക.

എഡിറ്റർ
(ഒപ്പ്) “”

ഇത്രയുമാണ് കാർഡിൽ ഉണ്ടായിരുന്നത്രെ. ആർക്കാണൊ കാർഡ് വന്നിരിക്കുന്നത് അയാൾ ഒരു എഴുത്തുകാരനാകാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ രചന പ്രസിദ്ധീകരണത്തിനു യോഗ്യതയില്ലാത്തതു മൂലം എഡിറ്റർ തിരിച്ചയച്ചു എന്നുമാണ് പുഷ്പ പറഞ്ഞതിന്റെ സാരാംശം. പുഷ്പയെകൊണ്ട് കാർഡ് വായിപ്പിച്ച കാര്യം അറിഞ്ഞപ്പോഴാണ് ചീഫ് പോസ്റ്റുമാസ്റ്റർ ആദ്യമായി ശകാരിച്ചത്. പിന്നെയും ശകാരങ്ങൾ ഇടക്കൊക്കെ ഉണ്ടായി. അന്നൊക്കെ കാർഡുകൾ മാത്രമല്ല, ചിലരുടെ കവറുകളും പൊട്ടിച്ചു വായിച്ചിരുന്നു. ഇനിയും ആവർത്തിച്ചാൽ മേലധികാരിക്കു റിപ്പോർട്ട് ചെയ്യുമെന്നു ഭീഷണി കിട്ടി. അതിൽപിന്നെ പൊട്ടിച്ചു വായിക്കുന്നത് എഴുത്തു വിതരണത്തിനിടയിലേക്കു മാറ്റി. ഹോസൂർ ലേഔട്ടിൽ തണലുള്ള ധാരാളം മരങ്ങൾ ഉണ്ട്. അവക്കു കീഴിലിരുന്നു കവറുകൾ ഒന്നോടിച്ചു നോക്കി വായിക്കാൻ ഒരെണ്ണം തിരഞ്ഞെടുക്കും. ഒരുദിവസം ഒരെണ്ണം മാത്രമേ വായിക്കൂ. ശരിക്കും ഒട്ടിയിട്ടില്ലാത്ത, പ്രത്യേകിച്ചും ഉമിനീരുകൊണ്ടു ഒട്ടിച്ചവ, കവറുകളാണ് തിരഞ്ഞെടുക്കാറ്. സൂക്ഷ്മതയോടെ തുറന്നു, വായിച്ചശേഷം വീണ്ടും കവറിലാക്കി നല്ല പശവച്ചു ഒട്ടിക്കും. ഉടമസ്ഥനു കത്തു കൈമാറുമ്പോൾ വികലമായൊരു ചിരി പാസാക്കാൻ മറക്കാറില്ല. ഇനിയും കവർ പൊട്ടിച്ചുവായിക്കുന്നതു കണ്ടുപിടിച്ചാൽ സസ്‌പെൻഷനായിരിക്കും ലഭിക്കുക. എന്നിട്ടും ശീലം നിർത്താനാകുന്നില്ല.

സത്യത്തിൽ ഇക്കാര്യത്തിൽ താൻ നിരപരാധിയല്ലേ? എല്ലാത്തിനും കാരണക്കാരൻ എഴുത്തുകാരനല്ലേ? തന്റെ അസുഖം മൂർച്ഛിപ്പിച്ച്, തന്നെ കയ്യൊഴിഞ്ഞിരിക്കുകയാണ് എഴുത്തുകാരൻ. അദ്ദേഹത്തിനു വരുന്ന കാർഡുകളിൽ എഴുതിയിരിക്കുന്നത് വായിച്ചശേഷമാണ് കവറുകൾ തുറന്നു വായിക്കുന്ന ശീലം തുടങ്ങിയത്. ബൊമ്മാനഹള്ളിയിൽ താമസിക്കുന്ന ഒരു യുവതി അതിനു ഉൽപ്രേരകമായി. മുപ്പത്തഞ്ചു വയസ്സുള്ള അവർ വളരെ സുന്ദരിയാണ്. ഭർത്താവിന്റെ ജോലി വേറെ എവിടെയോ ആയതിനാൽ എല്ലാ ആഴ്ചയും കത്തുണ്ടാകും. യുവാവായിരുന്ന കാലം മുതലേ ലൈംഗികതയോടു പരസ്യമായ വിമുഖതയുണ്ടായിരുന്നു. എന്നാൽ രഹസ്യമായി അതിനായി ഉറക്കമിളച്ചു. റോഡിലൂടെ നടന്നുപോകുമ്പോൾ എതിരെ ഒരു സ്ത്രീ വന്നാൽ മുഖത്തുനോക്കാതെ തലകുനിച്ചു നടന്നു പോകും. സ്ത്രീ കടന്നുപോയാലോ അവരറിയാതെ പിൻ‌ഭാഗസ‌മൃദ്ധി ആസ്വദിക്കുകയും ചെയ്യും. പ്രായമായതോടെ ഈ സ്വഭാവത്തിനു കടിഞ്ഞാണിടാൻ കഴിഞ്ഞിരുന്നു. പക്ഷേ കാർഡ് പുഷ്പയെക്കൊണ്ടു വായിപ്പിച്ചതു വീണ്ടും ഉൽസുകിയാക്കി. അതിനുശേഷം ഒരു തവണയെങ്കിലും തുറക്കാത്ത കവറുകൾ കിട്ടിയ വീടുകളില്ല. ശകാരവും, സസ്‌പെൻഷൻ ഭീഷണിയുമുണ്ടെങ്കിലും അതൊരു സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുകയാണ്.

ഒരുകാലത്തു എഴുത്തുകാരനു തുടർച്ചയായി വരുമായിരുന്ന പോസ്റ്റുകാർഡുകൾ ഒരുമാസം മുമ്പ് പൂർണമായും നിലച്ചപ്പോൾ നിരാശ തോന്നിയില്ല. കാരണം അദ്ദേഹത്തിനു ഒളിച്ചുപിടിക്കാൻ എന്തെങ്കിലും രഹസ്യങ്ങൾ ഉള്ളതായി തോന്നിയിട്ടില്ല. പോസ്റ്റുകാർഡിൽ എല്ലാതവണയും പതിവു വാചകങ്ങളായിരിക്കും. മലയാളിയല്ലെങ്കിലും ആ വരികളുടെ കിടപ്പുവശങ്ങൾ വളരെ ഹൃദിസ്ഥമാണ്. ‘നന്നായി എഴുതിയെന്നു തോന്നുന്നത് മാത്രം അയക്കുക’ എന്ന വരികൾ. ആർക്കു വേണമെങ്കിലും തുറന്നു വായിക്കാവുന്ന, രഹസ്യാത്മകത ഒട്ടുമില്ലാത്ത ഇത്തരം കുത്തിക്കുറിപ്പുകൾ വായിച്ചു മനസ്സിലാക്കുന്നതിൽ യാതൊരു ആവേശവും ഇല്ല. എല്ലാ വീടുകളിലും കാർഡുകളാണ് വരുന്നതെങ്കിൽ പോസ്റ്റുമാൻ പണി തന്നെ ഒരുപക്ഷേ രാജിവച്ചേനെ. എഴുത്തുകാരനുള്ള കാർഡുകളുടെ വരവുനിലച്ചപ്പോൾ ഇനിമുതൽ ഇത്രദൂരം സൈക്കിൾ ചവിട്ടിവരണ്ടല്ലോ എന്നു ആശ്വസിക്കുകയാണ് ചെയ്തത്. പക്ഷേ പുഷ്പക്കു നിരാശ തോന്നിയിരുന്നു. എഴുത്തുകാരനു വരുന്ന എല്ലാ കാർഡുകളും കാണിക്കണമെന്നു പുഷ്പ നിർബന്ധിച്ചിരുന്നു. ഒരേ ഭാഷക്കാരാണല്ലോ. അതുകൊണ്ടായിരിക്കുമെന്നു ആദ്യം കരുതി. പിന്നീടാണ് അവൾക്കു സാഹിത്യത്തിൽ താല്പര്യമുണ്ടെന്നു മനസ്സിലായത്. ഓരോ കാർഡിലേയും സീൽ നോക്കി എഴുത്തുകാരൻ ഏതു വാരികകൾക്കാണ് കൃതികൾ അയച്ചുകൊടുത്തതെന്നു അറിയാമത്രെ.

എഴുത്തുകാരന്റെ വീടെത്തി. ശാന്തമായ ചുറ്റുപാടിലിരുന്നു എഴുതണമെന്നുള്ളവർക്കു പറ്റിയ ഇടമാണ്. റോഡും ബഹളങ്ങളും ഇല്ല. ശല്യപ്പെടുത്താൻ അയൽക്കാരില്ല. നീണ്ട റോഡിലൂടെ അഞ്ചുമിനിറ്റ് സൈക്കിൾ ചവിട്ടിയാലേ എത്തുകയുള്ളൂ. ഒരുമാസത്തെ ഇടവേളക്കുശേഷം എത്തുകയാണ്. എല്ലാം പഴയ പടിയാണെന്നു പോസ്റ്റുമാൻ കണ്ടു. മുറ്റം നിറയെ കൊഴിഞ്ഞ ഇലകൾ. അതെന്നും അങ്ങിനെയായിരുന്നു. അടിച്ചുവാരാൻ കാറ്റ് മാത്രമേയുള്ളൂ.

ഇടവേളക്കു ശേഷം വരുന്നതായതിനാൽ പതിവുകൾ മറന്നിരുന്നു. വിരലുകൾ അറിയാതെ കാളിംങ് ബെല്ലിൽ അമർന്നു. അകത്തു മണിയടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് പതിവുകളെ പറ്റി ബോധവാനായത്. എഴുത്തുകാരൻ കാളിംങ് ബെല്ലിനു സമീപം ചെറിയ ബാസ്കറ്റ് വച്ചിട്ടുണ്ട്. കാർഡുകൾ അതിൽ നിക്ഷേപിച്ചാൽ മതി. കാളിങ്‌ബെൽ അടിക്കാറില്ല. ഇന്നിപ്പോൾ ഒരുമാസത്തെ ഇടവേള പണി പറ്റിച്ചു. ആദ്യം പകച്ചെങ്കിലും പിന്നെ സാരമില്ലെന്നു കരുതി. ഇന്നുവരെ കണ്ടിട്ടില്ലാത്ത മുഖമല്ലേ. ഒരു എഴുത്തുകാരനെയൊക്കെ നേരിൽ കാണുന്നത് നല്ലകാര്യമാണ്. പരിചയം സ്ഥാപിച്ചാൽ ഭാവിയിൽ ഉപകാരപ്പെട്ടേക്കും. ആത്മവിശ്വാസത്തോടെ കാളിംങ്ബെൽ വീണ്ടും രണ്ടുതവണ അടിച്ചു. ഒരുമിനിറ്റ് കഴിഞ്ഞു. അകത്തു ആരോ നടന്നടുക്കുന്ന പാദപതനം. വളരെ സാവധാനമാണ് നടത്തം. ഒടുക്കം വാതിൽ തുറക്കപ്പെട്ടപ്പോൾ അൽഭുതത്തിനു അതിരുണ്ടായില്ല. പോസ്റ്റുഓഫീസിൽ വന്ന എൻജിനീയർ സാറല്ലേ ഇത്. മുഖം വല്ലാതെ ചുവന്നിട്ടുണ്ടല്ലോ. നന്നായി മദ്യപിച്ചിരിക്കണം.

ആശ്ചര്യത്തോടെ ചോദിച്ചു. “സാർ. താവൂ അൽവേ പോസ്റ്റൂഓഫീസിഗെ ബന്ത കമ്പ്യൂട്ടർ എൻജിനീയർ?” (1)

അദ്ദേഹം ചിരിച്ചു. ചിരിയെന്നു പറഞ്ഞാൽ തലയറഞ്ഞു ചിരിക്കൽ. ചുവന്നിരുന്ന കണ്ണും കവിളും വീണ്ടും ചുവന്നു. അതിനിടയിൽ അനുകൂലഅർത്ഥത്തിൽ തലയാട്ടി. എന്തായാലും കാര്യം സമ്മതിച്ചല്ലോ. പോസ്റ്റുമാസ്റ്ററിൽനിന്നു രക്ഷിച്ചതിനു നന്ദി പറയണം.

“സാർ. നന്നന്നു കാപാടിതാക്കാഗി തുമ്പ വന്ദനെഗളു. ഇല്ലാതിദ്രെ പോസ്റ്റുമാസ്റ്റർ മേലക്ക് റിപ്പോർട്ട് കൊടുവാന്തിദ്രു” (2)

അദ്ദേഹം നന്ദി പറയേണ്ട ആവശ്യമില്ലെന്നു സൂചിപ്പിച്ചു. നല്ല സ്വഭാവക്കാരനാണ്. അല്ലെങ്കിൽ ഇങ്ങിനെ പറയില്ലല്ലോ. ഇനിയിപ്പോൾ ഇദ്ദേഹം തന്നെയാണോ എഴുത്തുകാരനും?

സംശയം ചോദിച്ചു. “സാർ, നീവാ ഇല്ലി വാസവാഗിത ലേഖകരു? അതവാ ഹൊസദാകി ബന്തവരോ?” (3)

“സോറി. നാവു ഇല്ലി ഹൊസദാകി ബന്തിരുവേനു. ലേഖകാരന്നു തിലിയദു” (4)

പിന്നേയും ചോദിക്കാൻ ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുഖം സംഭാഷണം തുടരാൻ താല്പര്യമില്ലെന്നു വ്യക്തമായി വെളിപ്പെടുത്തി. തിടുക്കപ്പെട്ടു വാതിലടച്ചു. സാർ ദേഷ്യപ്പെട്ടോയെന്ന സന്ദേഹത്തോടെ തിരിച്ചുപോന്നു. പിറ്റേന്നു സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങി. എൻജിനീയർ സാറിനെ വീണ്ടും കാണാൻ കഴിഞ്ഞില്ല.


                          എഴുത്തുകാരന്റെ കഥ

ആരോ ഗേറ്റുതുറക്കുന്ന ശബ്ദം കേട്ടാണ് മയക്കം വിട്ടുണർന്നത്. കാതോർത്തു കിടന്നു. സഫാരി ചെരുപ്പിന്റെ ക്രമമായ കാലൊച്ചകൾ. വാതിൽ തുറക്കാൻ എഴുന്നേറ്റു ചെന്നില്ല. വന്നിരിക്കുന്നത് പോസ്റ്റുമാനാണ്. ഉറപ്പ്. ആ കാലൊച്ചകൾ അത്രയേറെ പരിചിതമായിരിക്കുന്നു. കാർഡുകൾ കാളിംങ്ബെല്ലിനു താഴെ, ബാസ്കറ്റിൽ നിക്ഷേപിച്ച് പോസ്റ്റുമാൻ സ്ഥലംവിടും. പോകുമ്പോൾ ഗേറ്റ് ശബ്ദത്തോടെ വലിച്ചടക്കുകയും ചെയ്യും. ദേഷ്യം വരുമെങ്കിലും അങ്ങിനെ അടയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം തീർച്ചയായും നീതീകരിക്കാവുന്നതായിരുന്നു. ഇവിടെ താമസം തുടങ്ങിയിട്ടു വർഷം ഒന്നിലധികമായി. മിക്കദിവസവും ഒരു പോസ്റ്റുകാർഡെങ്കിലും മിക്കവാറും ഉണ്ടാകും. എന്നിട്ടും പോസ്റ്റുമാനെ ഒരിക്കലും അഭിമുഖീകരിച്ചില്ല. ഗേറ്റ് ഒച്ചയുണ്ടാക്കി വലിച്ചടക്കുന്നത് നേരിൽ കാണാനുള്ള ആഗ്രഹം മൂലമായിരിക്കാം. ശകാരിക്കാനെങ്കിലും ഇറങ്ങി വന്നെങ്കിലോ എന്ന ചിന്ത.

പോസ്റ്റുമാനു മുന്നിൽ മുഖംകാണിച്ചാൽ എന്താണ് കുഴപ്പമെന്നു പലതവണ ആലോചിച്ചിരുന്നു. അപ്പോഴെല്ലാം ‘ഒരു കുഴപ്പവുമില്ല, മുഖം കാണിച്ചോളൂ’ എന്നു മനസ്സ് സമ്മതിക്കും. എന്നിട്ടും ഒന്നും പ്രവൃത്തിയിലേക്കു എത്തിയില്ല. പോസ്റ്റുമാന്റെ ആഗ്രഹം ന്യായമാണ്. ആദ്യകാലത്തു പോസ്റ്റുമാനെ കാണാൻ തനിക്കു ആഗ്രഹമുണ്ടായിരുന്നതല്ലേ? അതു സാധിച്ചത് അദ്ദേഹം ഗേറ്റുകടന്നുവരുന്നതും, ബാസ്കറ്റിൽ പോസ്റ്റുകാർഡ് നിക്ഷേപിക്കുന്നതും, ഗേറ്റുതുറന്നു പുറത്തുപോകുന്നതും അദ്ദേഹമറിയാതെ ജനൽവിടവിലൂടെ ഒളിഞ്ഞുനോക്കിയാണ്. പോസ്റ്റുമാനു മനസ്സിൽ കരുതിയ രൂപമല്ലായിരുന്നു. ഇരുണ്ടുതടിച്ച ആരോഗ്യദൃഢഗാത്രനെയാണ് പ്രതീക്ഷിച്ചത്. കണ്ടത് നേരെ വിപരീതം. താടിയും മുടിയും പൂർണമായി നരച്ച മദ്ധ്യവയസ്കൻ. ആ പ്രായത്തിലുള്ളവരിൽ സർവസാധാരണമായ കഷണ്ടി ഒട്ടുമില്ല. അച്‌ഛന്റേയും മുഖം ഇങ്ങിനെയാണല്ലോ എന്നോർത്തു. വൈകാരികമായ ഒരടുപ്പം തോന്നി. അതിനുശേഷം പോസ്റ്റുമാനെ ഒളിഞ്ഞു നോക്കിയിട്ടില്ല. ഇന്നലെയാണെങ്കിൽ ആഗ്രഹിക്കാതെ, അവിചാരിതമായി നേരിൽ കാണുകയും ചെയ്തു.

പൂമുഖത്തു നടക്കുന്ന രംഗങ്ങൾ മനക്കണ്ണിൽ സങ്കല്പിച്ച്, കാതോർത്തു കിടന്നു. പോസ്റ്റുമാൻ ബാസ്‌കറ്റ് തുറക്കുന്നതും, അടക്കുന്നതും കേട്ടു. പിന്നെ അകന്നകന്നു പോകുന്ന കാലൊച്ചകൾ. ഇന്നലത്തെപ്പോലെ കാളിംങ് ബെൽ അടിച്ചില്ല. അതു നന്നായി. ദീർഘനിശ്വാസം ചെയ്ത് പുൽപായയിൽനിന്നു എഴുന്നേറ്റു. അഴിഞ്ഞുപോയ ലുങ്കി വാരിച്ചുറ്റിയില്ല. ചുറ്റിലും ഒറ്റവീടില്ല. ഒരു ജീവിയുമില്ല. പിന്നെ ആരു കാണാൻ? പൂമുഖത്തെത്തി ബാസ്കറ്റിലെ പോസ്റ്റുകാർഡെടുത്തു വായിച്ചു. എഴുതിയിരിക്കുന്നത് പതിവ് വരികൾ തന്നെയാനെന്ന് ഉറപ്പുവരുത്തി. ദുഃഖിച്ചു. സ്വന്തം കുട്ടി മരിച്ചുപോയിരിക്കുന്നു.

“നന്നായി എഴുതി എന്നു തോന്നുന്നത് മാത്രം അയക്കുക.

എഡിറ്റർ
(ഒപ്പ്) “

പോസ്റ്റുകാർഡ് ഭദ്രമായി പോക്കറ്റിൽ നിക്ഷേപിച്ചു. വാതിലടച്ച് തിരിച്ചു നടന്നു. പുസ്തകങ്ങളും വെള്ളപേപ്പറുകളും ചിതറിക്കിടക്കുന്ന മേശക്കരുകിലെത്തി. ഭിത്തിയിൽ ഒട്ടിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് പടത്തിലെ, കറുത്തഫ്രെയിമിന്റെ കണ്ണടയും ബുൾഗാൻ താടിയുമുള്ള മദ്ധ്യവയസ്‌കനെ ഒരുമിനിറ്റ് നോക്കിനിന്നു. ബ്ലാക്ക് & വൈറ്റ് പറ്റത്തെ സാക്ഷിയാക്കി തോൽക്കാൻ മനസ്സില്ലെന്നു പറഞ്ഞ്, ശ്രമങ്ങൾ തുടരാൻ തീരുമാനമെടുത്തു. മേശവലിപ്പ് തുറന്നു. ഇടതുമൂലയിൽ ഒരുകെട്ട് പോസ്റ്റുകാർഡുകൾ. എല്ലാം ഒരേ പോലുള്ളവ. വലുപ്പത്തിൽ മാത്രമല്ല സാമ്യം. ഉള്ളടക്കവും ഒരുപോലെ. ‘നന്നായി എഴുതി എന്നു തോന്നുന്നത് മാത്രം അയക്കുക’ എന്ന വരി. അതിനു താഴെ വിവിധ വീക്കിലി എഡിറ്റർമാരുടെ പേരുകൾ. കൂടാതെ സ്ഥാപനത്തിന്റെ സീലും. എല്ലാ പോസ്റ്റുകാർഡുകളും നൂലുപയോഗിച്ചു കൂട്ടിക്കെട്ടിയിരുന്നു. നൂൽ അഴിച്ച്, പുതിയ അംഗത്തെ മറ്റുകാർഡുകളുടെ ഏറ്റവും മുകളിൽ വച്ചു. നൂൽ വീണ്ടും മുറുക്കിക്കെട്ടി. പായയിൽ വന്നുകിടന്നു.

തലക്കു നല്ല ഭാരം. മദ്യപാനം അതിരു കടക്കുന്നുണ്ട്. അല്ലാതെ വഴിയില്ല. കൃതികൾ തിരസ്‌കരിക്കപ്പെട്ടു എന്നറിയിക്കുന്ന ഓരോ പോസ്റ്റുകാർഡുകൾ വരുമ്പോഴും നന്നായി മദ്യപിക്കും. സ്വന്തം കുട്ടി മരിച്ചുപോയിരിക്കുകയാണ്. ദുഃഖിക്കാതെ എന്തുചെയ്യും. എഡിറ്റർമാരുടെ നിരാസത്തിനു പുറമെ പുതിയൊരു കാര്യവും അലട്ടാൻ തുടങ്ങിയിരിക്കുന്നു. തീരെ ആഗ്രഹിക്കാതിരുന്ന ഒന്ന്. ഏറെ വെറുത്തിരുന്ന ഒന്ന്. നഗരത്തിലെ തിരക്കുകളിൽനിന്നു മനഃപ്പൂർവ്വം സ്വയം ഒറ്റപ്പെടുത്തി കഴിഞ്ഞിരുന്ന, കേരളത്തിലെ വിവിധ വാരികകളുടെ എഡിറ്റർമാക്കു മാത്രം അറിയാവുന്ന സ്വന്തം മേൽവിലാസം ഒരു യുവതിക്കു ലഭിച്ചിരിക്കുന്നു. അവർ നേരിൽ സന്ദർശിക്കാൻ വരികയും ചെയ്തു. ഇനിയും വരുമെന്നു പറഞ്ഞു. യുവതി മലയാളിയാണെന്നു അറിഞ്ഞപ്പോൾ കൂടുതൽ ഞെട്ടി. തന്റെ സ്വകാര്യതക്കു അവസാനമായോ?

യുവതി വന്നത് ഒരാഴ്ച മുമ്പായായിരുന്നു. ഉച്ച കഴിഞ്ഞ സമയം. നാലുമണിയായിരിക്കണം. പതിവ് മദ്യപാനത്തിനു ഒരുക്കം കൂട്ടുമ്പോൾ കോളിംങ് ബെൽ ശബ്ദിച്ചു. ഒരു വർഷത്തെ വാസത്തിനിടയിൽ ഒരിക്കൽ പോലും സന്ദർശകൻ വന്നിട്ടില്ലാത്ത വീടാണ്. വീട്ടുവാടക പോലും അങ്ങോട്ടു പോയി കൊടുക്കുകയാണ് ചെയ്യുക. അതുപോലെ പത്രം, പാൽ തുടങ്ങി ആരുടെയെങ്കിലും സന്ദർശനം വേണ്ടിവരുന്ന ആവശ്യങ്ങൾ വർജ്ജിച്ചു. പുറംലോകവുമായി ബന്ധം ഇന്റർനെറ്റ് വഴി മാത്രം. പുറംലോകത്തുനിന്നുള്ള ഏക അതിഥി പോസ്റ്റുമാനും. അദ്ദേഹമാണെങ്കിൽ ബാസ്‌കറ്റിൽ കാർഡ് നിക്ഷേപിച്ചു സ്ഥലംവിടുകയാണ് പതിവ്. ഈവിധ കാരണങ്ങളാൽ കോളിംങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ ആദ്യമോർത്തത്, ബെൽ നല്ലതാണല്ലോ എന്നാണ്. പോസ്റ്റുമാൻ അല്ലെന്നു ഉറപ്പായിരുന്നതിനാൽ വാതിൽ തുറന്നു. മുന്നിൽ കാണാൻ തരക്കേടില്ലാത്ത ഒരു യുവതി. സ്ത്രീകളുമായി ഇടപഴകാൻ എന്നും മടിയായിരുന്നു. മനസ്സിൽ നീരസമുണ്ടായി.

സ്വരം കടുപ്പിച്ചു ചോദിച്ചു. “എന്തു വേണം?”

യുവതി ചോദ്യം കേട്ടതായി ഭാവിച്ചില്ല. അവർ അമ്പരന്നു, എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്.

“സാർ, സാറല്ലേ പോസ്റ്റോഫീസിൽ നെറ്റ്‌വർക്ക് സൗകര്യങ്ങൾ പരിശോധിക്കാൻ വന്ന എൻജിനീയർ?”

ഇന്നുവരെ പോസ്റ്റോഫീസിൽ പോയിട്ടില്ലെന്നും അയക്കാൻ എന്തെങ്കിലും എഴുത്തുകളോ കവറുകളോ ഉണ്ടെങ്കിൽ നഗരത്തിൽ ആകെയുള്ള ഒരു സുഹൃത്തിനെ ഏൽപ്പിക്കാറാണ് പതിവെന്നും ആണയിട്ടു പറഞ്ഞു. യുവതി വിശ്വസിച്ചില്ല. അവർ സ്വന്തം വാദത്തിൽ ഉറച്ചുനിന്നു. പോസ്റ്റുഓഫീസിൽ വന്നെന്നു പറയുന്ന എൻജിനീയറുടെ ശാരീരികവിവരണം നടത്തി. തടിയില്ലാത്ത ശരീരം, സാമാന്യം പൊക്കം, എടുപ്പിലും നടപ്പിലും അത്‌ലറ്റിക് ഭാവം മുതൽ കഴുത്തിൽ അണിഞ്ഞിരുന്ന രുദ്രാക്ഷമാലയെപ്പറ്റി വരെ വിശദീകരിച്ചു. കഷ്ടകാലത്തിനു ഇതെല്ലാം തനിക്കും യോജിക്കും. പെരുമാറ്റശൈലിയിലും സംഭാഷണശൈലിയിലും കൂടി എൻജിനീയറുമായി സാമ്യം ഉണ്ടെന്നു യുവതി ഊന്നിപ്പറഞ്ഞു. വേറൊന്നും ആലോചിക്കാനില്ലാത്തതിനാൽ എല്ലാം അപ്പപ്പോൾ നിഷേധിച്ചു, യുവതിയോടു മാനസികമായി യോജിച്ചുകൊണ്ടു തന്നെ.

യുവതി ഉപസംഹരിച്ചു. “അപ്പോൾ സാർ സാറല്ലേ ആ എൻജിനീയർ?”

സംഭാഷണം അവസാനിപ്പിക്കാൻ വ്യഗ്രതപ്പെട്ടു. “അല്ല കുട്ടി, അല്ല. ഞാൻ ആരുമല്ല”

“അപ്പോൾ എഴുത്തുകാരനോ?”

ഛെ. ഇതൊരു ശല്യമായല്ലോ? തന്റെ ഐഡന്റിറ്റിയും അവർ മനസ്സിലാക്കിയിരിക്കുന്നു. “എഴുത്തുകാരൻ താമസം മാറ്റി കുട്ടീ. ഞാനല്ല അദ്ദേഹം”

യുവതിയുടെ മറുപടിക്കു കാത്തുനിൽക്കാതെ വാതിൽ വലിച്ചടച്ചു. വാതിൽ പൂർണമായി അടയുന്നതുമുമ്പു ‘ഞാൻ പിന്നെ വരാം’ എന്നവർ പറഞ്ഞു. അതോടെ ഉറപ്പിച്ചു. ഇത്രയുംനാൾ നിധിപോലെ കാത്തുസൂക്ഷിച്ച സ്വകാര്യത അങ്ങിനെ നഷ്ടമായിരിക്കുന്നു. എല്ലാവരോടും രോഷം തോന്നി. പോസ്റ്റുമാനോടു, മറുപടികാർഡ് അയച്ച വാരിക എഡിറ്റർമാരോട്, അങ്ങിനെയങ്ങിനെ. കൃത്യമായി പറഞ്ഞാൽ അന്നുമുതലാണ് ലക്കുകെട്ടു മദ്യപിക്കാൻ തുടങ്ങിയത്.

ഇനി പോസ്റ്റുമാനെ കൂടിക്കണ്ട സംഭവം. ഒരുവർഷമായി പിടികൊടുക്കാതെ നടന്ന പോസ്റ്റുമാനെ നേരിൽ കണ്ടത് ഇന്നലെ ഇതേ സമയത്താണ്. തികച്ചും അവിചാരിതം. യുവതിയുടെ സന്ദർശനശേഷം ഭീതിയിലായിരുന്നു. വീണ്ടും വരുമെന്നാണല്ലോ പോകുമ്പോൾ അറിയിച്ചത്. അങ്ങിനെയെങ്കിൽ വേറെ വീടുനോക്കാൻ താമസിക്കേണ്ടതില്ല. സ്വകാര്യത അത്രത്തോളം പ്രധാനമാകുന്നു. ഉച്ചയൂണിനു ശേഷം പതിവു മദ്യപാനം. പിന്നെയൊരു മയക്കം. കാളിംഗ് ബെൽ ശബ്ദിക്കുന്നതു കേട്ടാണ് ഉണർന്നത്. വാച്ചിൽ നോക്കി. അന്നു യുവതി വന്ന അതേ സമയം. കാളിംങ് ബെൽ വീണ്ടും രണ്ടുതവണ ശബ്ദിച്ചു. അതെ യുവതി തന്നെ. വീണ്ടും വരുമെന്ന വാക്ക് അവർ പാലിച്ചിരിക്കുന്നു. മദ്യപിച്ചിരുന്നതിനാൽ സംയമനം കഠിനമായ ദേഷ്യത്തിനു വഴിമാറി. ഇങ്ങിനെ പെരുമാറാൻ അവർക്കു അധികാരമില്ലല്ലോ? തനിക്കു കൂടുതലൊന്നും അവരോടു പറയാനില്ലല്ലോ? പരുഷമായ ചില വാക്കുകൾ പ്രയോഗിക്കണമെന്നു ഉറപ്പിച്ച് വാതിൽ തുറന്നു. പുറത്തുകണ്ടത് പോസ്റ്റുമാനെ. ഒരിക്കലും മുഖം കാണിച്ചിട്ടില്ലാത്ത പോസ്റ്റുമാനെ. ഒരിക്കലും മുഖം കാണിക്കരുതെന്നു ആഗ്രഹിച്ച പോസ്റ്റുമാനെ. ഇനി എന്തു ചെയ്യും. വാതിൽ വലിച്ചടച്ചു മുറിയിൽ കയറിയാലോ? അങ്ങിനെ ചെയ്താൽ അതിൽ അർത്ഥശൂന്യതയുണ്ട്. ഇനി മുഖം ഒളിപ്പിച്ചിട്ടു ഒരു കാര്യവുമില്ല? കാണേണ്ടത് കണ്ടുകഴിഞ്ഞു. പോസ്റ്റുമാനു മുന്നിൽ തൊണ്ടിസഹിതം പിടിക്കപ്പെട്ട കള്ളനെപ്പോലെ നിന്നു. എന്തു നിസ്സഹായത. എന്തിനെന്നറിയാത്ത നിസ്സഹായത. പോസ്റ്റുമാനോടു ഇന്നുവരെ ദ്രോഹമോ അഹിതകരമായതോ ചെയ്തിട്ടില്ല. എന്നിട്ടും അയാൾക്കു മുന്നിൽ പരുങ്ങാതെ നിൽക്കാനായില്ല.

എന്തു ചോദിക്കണമെന്നു ചിന്തിച്ചു നിൽക്കുമ്പോൾ പോസ്റ്റുമാൻ, അങ്ങേയറ്റം അൽഭുതപ്പെട്ടവനെപ്പോലെ, ഇങ്ങോട്ടു ചോദിച്ചു. ഒരാഴ്ചമുമ്പ് യുവതി ചോദിച്ച അതേ വിഢ്‌ഡിച്ചോദ്യം.

“സാർ. താവൂ അൽവേ പോസ്റ്റൂഓഫീസിഗെ ബന്ത കമ്പ്യൂട്ടർ എൻജിനീയർ?” (1)

ചിരിക്കാതെന്തു ചെയ്യും? ചോദ്യത്തിലെ തമാശ വളരെയധികമാണ്. മനസ്സിലെ ജാള്യവും ദേഷ്യവും അലിഞ്ഞുപോയി. യുവതിക്കു പിന്നാലെ ഈ പോസ്റ്റുമാനും ഭ്രാന്താണോ? വാദം സമ്മതിച്ചു കൊടുത്തു. കമ്പ്യൂട്ടർ എൻജിനീയർ അല്ലെന്നു പറഞ്ഞാൽ പോസ്റ്റുമാൻ, യുവതിയെപ്പോലെ, എല്ലാം വിവരിക്കാനും വാദിക്കാനും തുനിഞ്ഞേക്കും. അതൊഴിവാക്കി എത്രയും പെട്ടെന്നു പറഞ്ഞുവിടണം. അതുകൊണ്ടു കമ്പ്യൂട്ടർ എൻജിനീയർ ആണെന്ന വാദം സമ്മതിച്ചു. രണ്ടാമത്തെ ചോദ്യം ഉടനെത്തി.

“സാർ, നീവാ ഇല്ലി വാസവാഗിത ലേഖകരു? അതവാ ഹൊസദാകി ബന്തവരോ?” (3)

അവിടേയും സൂത്രം പ്രയോഗിച്ചു. “സോറി. നാവു ഇല്ലി ഹൊസദാകി ബന്തിരുവേനു. ലേഖകാരന്നു തിലിയദു” (4)

മറുപടി വിശ്വസനീയമായി തോന്നിയിരിക്കില്ല. പോസ്റ്റുമാൻ സംശയിച്ചു നിന്നു. വാദങ്ങൾ ആരംഭിക്കാൻ പോകുന്നുവെന്ന സൂചന കിട്ടി. ഉടൻ വാതിൽ അടച്ചു. ഒരു ഉപചാരവാക്ക് പോലും പറഞ്ഞില്ല. അല്ലെങ്കിലും എന്താണ് പറയുക? ‘വീണ്ടും കാണാം’ എന്നാണെങ്കിൽ പോസ്റ്റുമാനെ വീണ്ടും കാണാൻ തനിക്കു ആഗ്രഹമില്ല. ‘നന്ദി’ പറയാനാണെങ്കിൽ സ്വകാര്യതക്കു ഭംഗം വരുത്തിയവരോടു അങ്ങിനെ പറഞ്ഞു ശീലമില്ല. അപ്പോൾ വാതിൽ അടച്ചതു ശരിയായ പ്രവൃത്തിയാണ്.

ഓർമ്മകളെ കുതറിത്തെറിപ്പിച്ച് കിടക്കയിൽ എഴുന്നേറ്റിരുന്നു. സ്വയം പറഞ്ഞു. “അതെ വാതിലടച്ചത് ശരിയായ പ്രവൃത്തിയാണ്. ഒരു തെറ്റുമില്ല”

ഒരു സ്മോൾ കൂടി കഴിക്കാമെന്നു തോന്നി. ഗ്ലാസും ഐസുമെടുത്തു. സോഡക്കു പകരം പച്ചവെള്ളം ഒഴിച്ചു. രണ്ടു സിപ്പെടുത്തു ആലോചനയിൽ മുഴുകി. എവിടെയോ എന്തോ തകരാർ പറ്റിയിട്ടുണ്ട്. ഒരുപക്ഷേ തന്നെപ്പോലെ മറ്റൊരുവൻ ബാംഗ്ലൂർ നഗരത്തിലുണ്ടാകാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ പോസ്റ്റുമാനും യുവതിക്കും എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടായിരിക്കും. ഇതിലേതാണ് ശരി? ഇതിലേതാണ് തെറ്റ്? ഗ്ലാസ് മുഴുവൻ വായിൽ കമഴ്ത്തി തീരുമാനിച്ചു. തെറ്റും ശരിയും പിന്നെ നിശ്ചയിക്കാം. തൽക്കാലം ഒന്നുറങ്ങാം. ബാക്കിയെല്ലാം പിന്നീട്. ജനലും വാതിലുകളും അടച്ചു. ആരും കാളിംങ് ബെൽ അടിച്ചു ശല്യപ്പെടുത്താതിരിക്കാൻ മെയിൻസ്വിച്ച് ഓഫാക്കി. കിടക്കയിൽ വന്നു കിടന്നു. ഉറങ്ങി. ഒരുമണിക്കൂറിലധികം നേരം നീണ്ട ഗാഢനിദ്ര. അവസാനം തലയിണക്കരികിൽ വച്ചിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു. ഉറക്കച്ചടവോടെ ഡിസ്‌പ്ലേ സ്ക്രീനിൽ നോക്കി. ലൈനിലുള്ള വ്യക്തിയുടെ പേര് വ്യക്തമായി.

“Vincent Paul Calling.”

പായയിൽ എഴുന്നേറ്റിരുന്നു. മൊബൈൽ കാതിൽ ചേർത്തു അഭിവാദ്യം ചെയ്തു.

“ഹലോ വിൻസെന്റ്. ഹൗ ആർ യു?”

Sunday, November 6, 2011

ദിമാവ്‌പൂരിലെ സർപഞ്ച്


മൂന്നുമണിക്കൂർ നേരത്തെ കാർ യാത്രക്കൊടുവിൽ ഡൽഹിയിൽനിന്നു മീററ്റിലെത്തി, പഴയ ബ്രിട്ടീഷ് വൈസ്രോയിയുടെ നാമധേയത്തിലുള്ള ഡൽഹൗസി ആർക്കേഡിൽ, പണിക്കരുടെ ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽതുറന്നു സ്വാഗതം ചെയ്‌ത യുവാവിനു പണിക്കർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. പൊക്കം കുറഞ്ഞ, അധികം ആരോഗ്യമില്ലാത്ത ഇരുനിറക്കാരനാണ് വേലക്കാരൻ എന്നായിരുന്നു എനിക്കു കിട്ടിയ വിവരം. കൈകൾ കുറുകി കുള്ളന്മാരുടേതു പോലെ തോന്നിക്കും, മുപ്പത്തഞ്ചു വയസ്സായിട്ടും പതിനഞ്ചുകാരന്റെ മീശയാണ്, എഴുത്തും വായനയും അറിയില്ല, ഹിന്ദിയല്ലാതെ മറ്റു ഭാഷകൾ സംസാരിക്കില്ല എന്നിങ്ങനെയാണ് മറ്റു പ്രത്യേകതകൾ. പണിക്കരുടെ വിവരണം ഫോണിലൂടെ കേൾക്കുമ്പോൾ തന്നെ കഥാപാത്രം മനസ്സിൽ കുടിയേറിയിരുന്നു. നേരിൽ കണ്ടതോടെ താൽപര്യം കൂടുതലായി.

പേര് അറിയാമായിരുന്നെങ്കിലും ഞാൻ ചോദിച്ചു. “നാം ക്യാ ഹൈ ഭായ്?”

വേലക്കാരന്റെ മുഖത്തു ലജ്ജ പരന്നു. കക്ഷി ഒരു നാണക്കാരനാണെന്നു പണിക്കർ പറഞ്ഞിരുന്നില്ലല്ലോ. പിന്നെന്തേ ഇങ്ങിനെ? ഞാൻ അമ്പരന്നു. പണ്ട്, ബാംഗ്ലൂരിൽ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലെ താമസക്കാരൻ പ്രത്യേക തരക്കാരനായിരുന്നു. ഞാൻ കുളികഴിഞ്ഞ്, നനഞ്ഞ തോർത്തുമുണ്ട് അയയിൽ വിരിക്കുമ്പോഴോ, എന്റെമുറിയുടെ വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടാലോ അദ്ദേഹം സ്വന്തം മുറിയിൽനിന്നു പുറത്തിറങ്ങും. മുറിയിലായിരിക്കുമ്പോൾ ഷർട്ട് ധരിക്കുന്ന ശീലം എനിക്കില്ല. അദ്ദേഹത്തിന്റെ മിഴികൾ ദേഹത്തിഴയുന്നത് ഞാൻ പലതവണ ശ്രദ്ധിച്ചിട്ടുണ്ട്. പിന്നൊരിക്കൽ രാജുമോനാണ് പറഞ്ഞത്, അദ്ദേഹം സ്വവർഗ്ഗപ്രേമിയാണെന്ന്. മനസ്സിൽ വല്ലായ്മ തോന്നി. ഇവിടെയിപ്പോൾ വേലക്കാരന്റെ മുഖത്തും സ്വവർഗപ്രേമത്തിന്റെ ഭാവങ്ങൾ മിന്നിമറയുന്നുണ്ടോ? ഞാൻ സംശയാലുവായി എതിർമുഖത്തു സൂക്ഷിച്ചുനോക്കി. പക്ഷേ പ്രതീക്ഷിച്ച വികാരങ്ങൾ അവിടെയില്ലായിരുന്നു.

ഞാൻ വീണ്ടും ചോദിച്ചു. “അരേ ഭായ്. തുമാരാ നാം ക്യാ ഹൈ?”

വേലക്കാരൻ മറുപടി പറഞ്ഞു. “ശ്യാം സിങ്ങ്”

“അച്ചാ. മേരാ ഏക് ദോസ്ത് കാ ഭി നാം ശ്യാം ഹെ”

ശ്യാം ചിരിച്ചു. എന്റെ തോൾബാഗ് വാങ്ങി നിലത്തുവച്ചു. പെട്ടികൾ വണ്ടിയിൽനിന്നിറക്കാൻ സഹായിച്ചു. പിന്നെ എന്നെയാകെ അൽഭുതപ്പെടുത്തി, എന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ ഒരുങ്ങി. ഞാൻ തടഞ്ഞു. കണക്കുകൂട്ടൽ പിഴച്ചോ? അപ്പോൾ ഇവനും സ്വവർഗപ്രേമിയാണോ?

എന്റെ മുഖത്തെ നീരസം കണ്ടാകണം, ശ്യാം ഇതെല്ലാം സ്വാഭാവികമാണെന്ന രീതിയിൽ പറഞ്ഞു.

“സാബ്. രോസ് മെം പണിക്കർ സാബ് കി ഷര്‍ട്ട് കെ ബട്ടൺ ഘോല്‍ത്താ ഹും”

വിശ്വസിക്കാൻ കഴിഞ്ഞില്ല. “സച്”

“ഹാ. മേം സച്ച് ബതാ രഹാ ഹും. പെഹ്‌ലെ സെ ഹി ഐസാ ഹൈ. ഉസ്കെ ജുത്തെ ഭി മേം ഹി ഖോല്‍ത്താ ഹും”

കേൾക്കുന്നത് വിശ്വസിക്കണോ വേണ്ടയോ എന്നു നിശ്ചയമില്ലായിരുന്നു. ഞാനറിയുന്ന പണിക്കർ വേറെ ആളാണ്. ഇത്തരം സ്വഭാവങ്ങളുള്ള വ്യക്തിയേയല്ല. ശ്യാം പറഞ്ഞ അളവുകോൽ വച്ചു നോക്കിയാൽ പണിക്കരിൽ ഒരു ഫ്യൂഡലിസ്റ്റിനെയോ, പരുക്കനും അഹങ്കാരിയും താൻപോരിമയും, അല്ലെങ്കിൽ അതിൽ ഏതെങ്കിലുമൊരു സ്വഭാവമുള്ള യജമാനനെ ദർശിക്കാവുന്നതാണ്. അത് എന്റെ വിലയിരുത്തലുകളോട് യോജിക്കുന്നതായിരുന്നില്ല. മൂന്നുകൊല്ലത്തെ പരിചയം വച്ചുനോക്കിയാൽ പണിക്കർ അൽപം ചൂടനാണെന്നേ തോന്നിയിട്ടുള്ളൂ. അതും എന്നോടല്ല, മറ്റുള്ളവരോട്. ഒരിക്കൽ ഓൺലൈനിൽ ചാറ്റ് ചെയ്യുമ്പോൾ ജോലിയിൽ തെറ്റുവരുത്തിയ കീഴ്ജീവനക്കാരനെ കഠിനമായി ശകാരിച്ച കാര്യം എടുത്തുപറഞ്ഞിരുന്നു. അപ്പോൾ ഗുണദോഷിച്ചു. ശകാരിക്കലിൽ ‘ഞാൻ’ എന്ന ഭാവം ഉണ്ടാകരുതെന്നും ജോലിയിലെ തെറ്റിനെ മാത്രമേ ചൂണ്ടിക്കാണിക്കാവൂ എന്നും പറഞ്ഞു. തുടർന്ന് ബുദ്ധന്റെ സുവിശേഷങ്ങളിലെ സാരാംശം എടുത്തെഴുതി.

“Great is the one, who has no ego,
 Great is the one, who give up,
 Great is the one, who is untouched by anger, desires, hatred, jealous, greed and lust,
 And finally great is the one, who has peace in mind.

എല്ലാം വായിച്ചുകഴിഞ്ഞ് പണിക്കർ ഓൺലൈൻ വഴി കാലുപിടിച്ചു. ‘സാമീ’ എന്നു നിലവിളിക്കുകയും ചെയ്തു. തുടർന്നു ശപഥങ്ങളായി. മൂന്നാമത്തെ വരിയിലെ അവസാനത്തെ ഇനമൊഴിച്ച് ബാക്കിയൊക്കെ പാലിക്കാമെന്നു സത്യം ചെയ്തു. ഞാനത് കാര്യമായെടുത്തില്ല. ഒരുമാസം കഴിഞ്ഞ് അപ്രതീക്ഷിതമായി പണിക്കരുടെ ഇമെയിൽ. മീററ്റിൽ അവൻ സ്ഥിരം യാത്രചെയ്യാറുള്ള യുവാവായ സൈക്കിൾ റിക്ഷക്കാരനു പതിനായിരം രൂപം ചിലവിട്ട് ഒരു സെക്കന്റ്ഹാൻഡ് ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തെന്നും അതിപ്പോൾ നന്നായി ഓടുന്നുണ്ടെന്നുമായിരുന്നു പ്രസ്തുത ഇമെയിലിന്റെ ഉള്ളടക്കം. അതുകേട്ടപ്പോൾ സന്തോഷിച്ചതിനു കണക്കില്ല. എന്റെ ഉപദേശം അവൻ കാര്യമായെടുത്തല്ലോ. അങ്ങിനെയുള്ള പണിക്കർ സ്വന്തം വേലക്കാരെനെക്കൊണ്ട് ഷർട്ടഴിപ്പിക്കുകയും ഷൂവിന്റെ ലേസ് കെട്ടിക്കുകയും ചെയ്യുമെന്നോ? അസംഭാവ്യം!

ഞാൻ വസ്ത്രം മാറി, കൈലിചുറ്റി എത്തിയപ്പോൾ ചൂടുചായ റെഡി. ടിവി കണ്ട്, ചായ കുടിച്ചു. ചായ തീർന്നപ്പോൾ കുളിമുറിയിൽ വെള്ളം തയ്യാറായെന്നു ശ്യാം അറിയിച്ചു. കുളികഴിഞ്ഞിറങ്ങുമ്പോൾ എന്റെ അഴുക്കുവസ്ത്രങ്ങൾ വാഷിങ്ങ്‌മെഷീനിൽ മുക്കി ശ്യാം സോപ്പുപൊടി വിതറുന്നു. പണിക്കരുടെ അലക്കിതേച്ച് വച്ചിരുന്ന ഒരു ഷർട്ട് ശ്യാം എടുത്തുതന്നു. ഇതെല്ലാം ചെയ്യുമ്പോൾ അദ്ദേഹം വളരെ ഭവ്യത പുലർത്തുന്നുണ്ടായിരുന്നു. ഞാനത് പ്രത്യേകം ശ്രദ്ധിച്ചു. ആൾ കൊള്ളാം എന്നു ആത്മഗതവും ചെയ്തു.

പകൽ സമയത്ത് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ കുറച്ചുസമയം മയങ്ങി. വൈകുന്നേരം വീടിന്റെ ടെറസിൽ ഉലാർത്താമെന്നു കരുതി. ടെറസിലേക്ക് കയറാനുള്ള ഗോവണി ഇരുമ്പിന്റേതാണ്, കോൺക്രീറ്റല്ല. ഗോവണിയിലേക്കു കാലെടുത്തുവച്ചപ്പോൾ താഴെനിന്നു നാലാമത്തെ പടിയിൽ ഒരു കറുത്ത ഹെൽമറ്റ് ഇരിക്കുന്നതു കണ്ടു. പടിയുടെ കൃത്യം മദ്ധ്യഭാഗത്തു തന്നെ. കയറുന്നവർക്കും ഇറങ്ങുന്നവർക്കും ഹെൽമറ്റിന്റെ സ്ഥാനം തികച്ചും അസൗകര്യമാണ്. ശ്യാം വച്ചതാകാൻ യാതൊരു സാദ്ധ്യതയുമില്ല. ഇത്രസമയം അടുത്തു ഇടപഴകിയതിൽ നിന്നു അദ്ദേഹം വളരെയധികം യജമാനഭക്തി പ്രകടിപ്പിക്കുന്ന ഒരാളാണെന്നു ബോധ്യം വന്നിരുന്നു. ഉച്ചക്ക് ഊണു കഴിക്കാൻ പ്ലേറ്റു വച്ചപ്പോഴും, വിളമ്പിത്തരുമ്പോഴും പ്ലേറ്റുകളോ സ്പൂണുകളോ കൂട്ടിമുട്ടി ശബ്ദമുണ്ടാകാതിരിക്കാൻ പ്രത്യേകനിഷ്കർഷ പുലർത്തി. എന്തിനാണ് ഇത്ര സൂക്ഷ്മതയെന്നു ചോദിച്ചപ്പോൾ, വിളമ്പുമ്പോൾ ഒച്ചയുണ്ടാകുന്നത് പണിക്കർക്കു ഇഷ്ടമല്ലെന്നായിരുന്നു മറുപടി. ഇനിയിപ്പോൾ ഹെൽമറ്റ് ഇവിടെ, പടിയുടെ മധ്യഭാഗത്ത്, വയ്ക്കാൻ പറഞ്ഞതും പണിക്കരായിരിക്കുമോ? എങ്കിൽ വീണ്ടും ഗുണദോഷിക്കാൻ വകുപ്പുണ്ട്.

ശ്യാമിനോടു അന്വേഷിച്ചു. പ്രതി പണിക്കർ തന്നെ!

“വൊ ഹെല്‍മെറ്റ് പണിക്കർ സാബ് കാ ഹെ. ഉനോനെ ഹി ഇസെ യഹാം രഖാ ഥാ.  ഇസ്കൊ കഹി ഓർ രഖ്നാ ഉസെ പസന്ത് നഹി ഹെ”

കൊള്ളാം പണിക്കരേ നിന്റെ രീതികൾ. ഞാൻ ടെറസ്സിലെത്തി. വാട്ടർടാങ്കിനു മുകളിൽ കയറി കോളനിയാകെ കണ്ണോടിച്ചു. ഡൽഹൗസി ആർക്കേഡിൽ അമ്പതോളം വീടുകളുണ്ട്. എല്ലാ വീടുകളും കുറച്ചു പഴമയുള്ള രണ്ടുനില വീടുകളാണ്. എല്ലാത്തിന്റേയും ഘടന ഒരേതരത്തിൽ തന്നെ. അരമണിക്കൂർ ടെറസിൽ ഉലാർത്തി മടുത്തപ്പോൾ മൊബൈലെടുത്ത് പണിക്കരെ വിളിച്ചു. ഷർട്ട് സംഭവത്തെക്കുറിച്ച് തിരക്കി. ഫോണിന്റെ അങ്ങേയറ്റത്ത് പൊട്ടിച്ചിരി.

“മാഷേ. ശ്യാം പറയുന്നതൊക്കെ ചെയ്യിച്ചിരുന്നത് ഞാനല്ല, അവന്റെ പഴയ ബോസാണ്. ഒരു റാത്തോഡ്. രാജസ്ഥാൻകാരനാണ്. പുള്ളി ഓഫീസ് വിട്ടുവന്നാൽ ചുമ്മാ വടിപോലെ നിൽക്കും. ശ്യാം ഓടിവന്നു കോട്ടഴിച്ചു മാറ്റും. പിന്നെ ടൈ. ഷർട്ടിന്റെ ബട്ടൻസ്. അതുകഴിഞ്ഞാൽ റാത്തോഡ് കൈകൾ രണ്ടും തിരശ്ചീനമായി പിടിക്കും. ശ്യാം ഷർട്ട് അഴിക്കും. ഷൂലേസ് കെട്ടുന്നതും അഴിക്കുന്നതും ശ്യാം തന്നെയാണ്”

ഞാൻ ചോദിച്ചു. “നിനക്കിതൊക്കെ എങ്ങനെ അറിയാം?”

“മുമ്പ് എന്റെയൊരു ബന്ധുവന്നപ്പോഴും ശ്യാം അവനോട് ഇങ്ങനെയെല്ലാം പറഞ്ഞിരുന്നു. അപ്പോൾ ഞാൻ കാര്യമന്വേഷിച്ചു. ശ്യാം അങ്ങിനെ പറഞ്ഞതായി സമ്മതിക്കാതെ എല്ലാം നിഷേധിച്ചു. പിന്നീടൊരിക്കൽ അസുഖം കാരണം അദ്ദേഹം ജോലിക്കു വരാതിരുന്നപ്പോൾ ഭാര്യ വന്നിരുന്നു. അവരാണ് എന്നോട് റാത്തോഡിനെ പറ്റി പറഞ്ഞത്”

കുറച്ചുനേരം കൂടി ഞങ്ങൾ സംസാരിച്ചു. അവൻ ഡെറാഡൂണിലാണെന്നും മൊബൈൽ ടവർ നിലംപൊത്തിയതിനാൽ അതിന്റെ ജോലികൾ തീരാതെ തിരിച്ചുവരാൻ പറ്റില്ലെന്നും അറിയിച്ചു. ഞാൻ ഫോൺ വച്ചു. പണിക്കർ വിശുദ്ധനാണ്. ഗീവർഗ്ഗിസു പുണ്യാളനെപ്പോലെ ഇടക്ക് അൽപം ചൂടാകുമെന്നേയുള്ളൂ.

രാത്രിയിൽ ശ്യാം പാചകം ചെയ്ത ഭക്ഷണം കഴിച്ചു. ഞാൻ വരുന്നതുപ്രമാണിച്ച് പണിക്കർ മട്ടഅരിയും മീനുമൊക്കെ കരുതിയിരുന്നു. ശ്യാം അതെല്ലാം നന്നായി പാചകം ചെയ്‌തു. അദ്ദേഹത്തിന്റെ കൈപ്പുണ്യം എനിക്കു ബോധിച്ചു. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ആദ്യം വിസമ്മതിച്ചെങ്കിലും കർശനമായി പറഞ്ഞപ്പോൾ ശ്യാം ഇരുന്നു. പകൽസമയത്തു കണ്ട ഭവ്യതക്കു കുറവുവന്നതായി തോന്നി. ഭക്ഷണം കഴിഞ്ഞതോടെ ശ്യാമിനു കുറച്ചുകൂടി ആത്മവിശ്വാസമായി. എന്നോടു കൂടുതൽ അധികാരികമായി പെരുമാറാൻ തുടങ്ങി. പായയിൽ എനിക്കരുകിൽ ചോദിക്കാതെ തന്നെ ഇരുന്നു. ടിവിറിമോട്ട് എടുത്ത് ചാനലുകൾ മാറ്റി. തമാശകൾ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാവമാറ്റം ഞാൻ അംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്തു

രാത്രി പത്തുമണിയോടെ ഞങ്ങൾ ഇരുവരും ഉറങ്ങാൻ കിടന്നു. വിശാലമായ ഹാളിൽ ഒരു കിടക്കയേയുള്ളൂ. അതിന്റെ സ്ഥാനം പൂമുഖത്തെ വാതിലിനോടു ചേർന്നാണ്. ഞാൻ അതിലും, ശ്യാം അടുക്കളയോടു ചേർന്ന ഹാളിന്റെ ഭാഗത്തും കിടന്നു. ഹാളിലെ സീറോവാട്ട് ബൾബിന്റെ പ്രകാശം അടുക്കളഭാഗത്തേക്കു എത്തില്ലായിരുന്നു. പായ അവ്യക്തമായി കാണാം. അത്ര മാത്രം. പരിചിതമല്ലാത്ത ചുറ്റുപാടായതിനാലും ചൂടു കൂടുതലായതിനാലും എനിക്കു ഉറക്കം ശരിക്കു കിട്ടിയില്ല. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഏകദേശം ഒരുമണിക്കൂർ അങ്ങിനെ പോയിരിക്കണം. ഇടക്കെപ്പോഴോ എന്തോ തട്ടുമുട്ട് ശബ്ദംകേട്ടു കണ്ണുതുറന്നു. തലയിണക്കു അരികിൽ വച്ചിരുന്ന മൊബൈലിൽ നോക്കി. സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ശ്യാം കിടന്നിരുന്ന ഭാഗത്തേക്കു നോക്കിയപ്പോൾ പായ ഒഴിഞ്ഞുകിടക്കുകയാണെന്നു തോന്നി. തോന്നലായതിനാൽ കാര്യമാക്കിയില്ല. കമിഴ്‌ന്നു കിടന്നു തലയണയിൽ തലപൂഴ്ത്തി. പക്ഷേ ഒരുമിനിറ്റു കഴിഞ്ഞപ്പോൾ വീണ്ടും തട്ടുമുട്ടു ശബ്ദം. ഞാൻ എഴുന്നേറ്റു. കിടക്കയിൽ ഇരുന്നു നോക്കിയാൽ സിമന്റിട്ട മുറ്റവും ഗേറ്റുപരിസരവും നന്നായി കാണാം. ഹൗസിങ്ങ് കോളനിയിലെ ഓരോവീടിനു മുന്നിലും ഓരോ വിളക്കുകാലുണ്ട്. അതു രാത്രിമുഴുവൻ കത്തും. കിടക്കയിലിരുന്നു പുറത്തേക്കു നോക്കിയ ഞാൻ ഗേറ്റുതുറന്നു സൈക്കിൾ ഉന്തി പുറത്തുപോകുന്ന ഒരുവനെ കണ്ടു. അതു എന്റെ സുഹൃത്ത് പണിക്കരുടെ വേലക്കാരനായ ശ്യാം എന്ന ശ്യാംസിങ് അല്ലാതെ മറ്റാരുമായിരുന്നില്ല. എന്നിലെ ആശ്ചര്യത്തിന്റെ തോത് പതിന്മടങ്ങ് വർദ്ധിപ്പിച്ച് സൈക്കിളിന്റെ ഹാൻഡിലിൽ വൈകീട്ട് ഗോവണിപ്പടിയിൽ കണ്ട കറുത്ത ഹെൽമറ്റും ഉണ്ടായിരുന്നു.

എനിക്കു ഭയമായിത്തുടങ്ങി. ഇന്നു ഇവിടെ എന്തൊക്കെയോ നടക്കാൻ പോകുന്നില്ലേ? ഇത്തരേന്ത്യയിലെ ടഗ്ഗുകളെ പറ്റി പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. ജന്മംകൊണ്ടു കുറ്റവാളികളെന്നു മുദ്രകുത്തപ്പെടുന്ന വിഭാഗം. അത്തരം സമ്പ്രദായങ്ങളോടു കഠിനമായ എതിർപ്പും ആ സമുദായക്കാരോടു ഐക്യദാർഢ്യവും എന്നിലുണ്ട്. എങ്കിലും ടഗ്ഗുകൾക്കു അത് അറിയില്ലല്ലോ? എന്റെ ഭയം കൂടി. ശ്യാംസിങ്ങ് ഒരു ടഗ്ഗാണോ? ഞാൻ മൊബൈലെടുത്തു പണിക്കരെ വിളിച്ചു. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങളെപ്പറ്റി പണിക്കർക്കു എന്തെങ്കിലും പറയാനുണ്ടെങ്കിലോ. മൂന്നുവട്ടം ശ്രമിച്ചിട്ടും അപ്പുറത്തു ഫോൺ എടുത്തില്ല. പണിക്കർ ഉറങ്ങിയിരിക്കും. ഞാൻ മൊബൈൽ തലയിണക്കു അരികിൽ തിരിച്ചുവച്ചു. മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു. ഭയപ്പെടാൻ ഒന്നുമില്ല. ശ്യാം വീട്ടിലോ മറ്റോ പോയതാകണം. ഇനി അഥവാ എന്തെങ്കിലും ആപത്തുകൾ ഉണ്ടാകുമെങ്കിൽ അതിനെ ധീരമായി നേരിടുന്നതാണ്. എന്തായാലും ശ്യാം ഒറ്റയ്ക്കു എന്നെയൊന്നും ചെയ്യാൻ പോകുന്നില്ല. ആരോഗ്യപരമായി അദ്ദേഹം അത്ര ദുർബലനാണ്. വേറെ ആളുകളെയും കൂട്ടിയാണ് വരുന്നതെങ്കിൽ അതു മുമ്പേ മനസ്സിലാക്കാം. ഈ വീട്ടിലേക്കു കയറിവരാനുള്ള ഏകവഴി ഗേറ്റിലൂടെ മാത്രമാണ്. പുറകുവശത്തു പൊക്കമുള്ള മതിലാണ്. കുപ്പിച്ചില്ലു പാകിയ അതു ചാടിക്കടക്കുക അസാധ്യം തന്നെ. ഗേറ്റുവഴി ഒന്നിലധികം ആളുകൾ കയറിവന്നാലും അവർ അടുക്കളവാതിൽ വഴി ഉള്ളിലെത്താൻ ഒരു മിനിറ്റെങ്കിലും എടുക്കും. അതിനുള്ളിൽ അടുക്കളവാതിൽ അടച്ചു, ലൈറ്റെല്ലാം തെളിച്ചു തനിക്കു ഒച്ചവക്കാവുന്നതേയുള്ളൂ. ഞാൻ അങ്ങിനെ ആശ്വസിച്ചു, ഉറങ്ങാതെ ശ്യാമിന്റെ തിരിച്ചുവരവിനായി കാത്തിരുന്നു. ഇടക്കിടക്കു പണിക്കരെ വിളിക്കാനും ശ്രമിച്ചു. പതിനൊന്നേകാൽ പന്ത്രണ്ടായി. പന്ത്രണ്ടരയായി. ഒന്നായി. ശ്യാം തിരിച്ചെത്തിയപ്പോൾ കൃത്യം ഒന്നേകാൽ. കൂടെ ആരുമില്ല. സൈക്കിളും ഹെൽമെറ്റും മാത്രം. ഞാൻ ജാഗരൂകനായിരിക്കെ അദ്ദേഹം, സൈക്കിൾ വീടിന്റെ പിൻഭാഗത്തുവച്ചു, അടുക്കളവഴി അകത്തുകയറി. ഒന്നും സംഭവിക്കാത്തപോലെ കിടക്കയിൽ കിടന്നു. പുതപ്പ് തലവഴി മൂടി. താമസിയാതെ ക്രമമായ കൂർക്കംവലി ഉയർന്നു. മലപോലെ വന്നത് എലിപോലെ പോയി. എങ്കിലും എനിക്കു പിന്നീടു ഉറങ്ങാൻ സാധിച്ചില്ല. വെളുപ്പാൻകാലത്തു കുറച്ചുനേരം മയക്കം കിട്ടി.

രാവിലെ ഉറക്കമുണർന്നു നോക്കുമ്പോൾ കണ്ടത് കയ്യിൽ ചൂടുചായയുമായി പ്രതിമപോലെ, ഞാൻ ഉണരുന്നതും കാത്തുനിൽക്കുന്ന ശ്യാമിനേയാണ്. ബെഡ്കോഫി എന്ന ശീലമേ എനിക്കില്ല. പല്ലുതേച്ചിട്ടേ എന്തും കഴിക്കൂ. ശ്യാമിന്റെ മുഖത്തുനോക്കിയപ്പോൾ അദ്ദേഹം കാത്തുനിൽക്കാൻ തുടങ്ങിയിട്ടു നേരം കുറച്ചായെന്നു തോന്നി.

“കബ് ആയാ ശ്യാം”

“ഏക് ഘണ്ടാ ഹൊ ഗയ ഹെ സാബ്”

ഒരു മണിക്കൂർ എന്നു! ഒരു ആവശ്യവുമില്ലാതെ ഇത്രയുംനേരം നിന്നതിൽ എനിക്കു കുണ്ഠിത്തവും ദേഷ്യവും ഉണ്ടായി.

“തുംനെ സുബെ ഹി കോഫീ ക്യൊം ബനാ ദി. മേനെ ഐസാ കര്‍നെ കേലിയെ നഹി കഹാ ഥാ. നാ?”

ശ്യാം പറഞ്ഞു. “പണിക്കർ സാബ് കോ ബെഡ്കോഫി ബഹുത് സരൂരി ഹെ. ഉൻകോ യെ സുബെ ഉഡ്തെ ഹി ചാഹിയെ”

മറ്റൊരു നുണ. എല്ലാം പണിക്കരുടെ രീതികളാണെന്ന്. ഇത് പതിവായി മാറുകയാണല്ലോ. ഞാൻ തലേന്നു വൈകുന്നേരം പണിക്കർ പറഞ്ഞ കാര്യങ്ങളോ, രാത്രിയിൽ നടന്ന സംഭവങ്ങളോ സൂചിപ്പിക്കാൻ പോയില്ല. ശ്യാം എല്ലാം നിഷേധിക്കുമെന്നത് ഉറപ്പാണ്.

രാവിലെ മുതൽ ശ്യാമിന്റെ സ്വഭാവത്തിൽ മാറ്റം വന്നിരുന്നു. തലേന്നു രാത്രി ഭക്ഷണത്തിനുശേഷം പ്രകടിപ്പിച്ച ധൈര്യവും ആത്മവിശ്വാസം ഒക്കെ പോയ്‌പ്പോയി. യജമാനനോടുള്ള അടിമത്തം പതിന്മടങ്ങ് വ്യാപ്തിയിൽ തിരിച്ചുവന്നു. എന്തുപറ്റിയെന്നു ഞാൻ അൽഭുതപ്പെട്ടു. പ്രാതലിനു വിളിച്ചപ്പോൾ ശ്യാം ഒരു കാരണവശാലും അടുത്തിരിക്കാൻ കൂട്ടാക്കിയില്ല. ഒറ്റക്കിരുന്നു കഴിച്ചു. ഞാൻ ഭക്ഷണം കഴിക്കുന്നതുനോക്കി അദ്ദേഹം ഭവ്യനായി നിന്നു.

വൈകീട്ടു ടെറസ്സിൽ ഉലാർത്തുമ്പോൾ പണിക്കരെ വിളിച്ചു. തലേന്നു രാത്രി നടന്ന സംഭവങ്ങൾ വിവരിച്ചു. അത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നു ആരാഞ്ഞു. പണിക്കർ ശ്യാമിന്റെ പ്രവൃത്തിയിൽ ഒരു അൽഭുതവും പ്രകടിപ്പിച്ചില്ല.

“മാഷെ, എന്റെ കൂടെ താമസിക്കുമ്പോഴും ശ്യാം അങ്ങിനെയാണ്. എന്നും പാതിരാത്രിയാകുമ്പോൾ സൈക്കിളും ഹെൽമറ്റുമായി പുറത്തുപോകും. വെളുപ്പിനു രണ്ടുമണിയോടടുത്തു തിരിച്ചുവരികയും ചെയ്യും”

“നീ ചോദിച്ചിട്ടില്ലേ എങ്ങോട്ടാണ് പോകുന്നതെന്നു. ഈ രാത്രിയാത്ര വിലക്കിക്കൂടേ”

“ഞാൻ പലതവണ ചോദിച്ചിട്ടുണ്ട്. വീട്ടിലേക്കു പോകുന്നതാണെന്നാണു പറയുക. പക്ഷേ പോകുന്നതു വീട്ടിലേക്കല്ല. ശ്യാമിന്റെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്. വീട്ടിലേക്കു എത്താറില്ലെന്ന്”

എനിക്കു സംഗതികൾ മൊത്തത്തിൽ രസകരമായി തോന്നി. “പിന്നെ...”

“മാഷെ, ഞാൻ ഒരുകാര്യം പറയാൻ പോവുകയാണ്. മുമ്പ് പറയേണ്ട എന്നുവെച്ചതാ. ഇപ്പോ മാഷ് ഇത്രയും കാര്യങ്ങൾ ചോദിച്ചപ്പോൾ പറയാതിരിക്കാനും പറ്റുന്നില്ല. കാര്യമിതാണ്, രാത്രിയിൽ ശ്യാമിന്റെ പെരുമാറ്റത്തിൽ കുറച്ചു അസ്വാഭാവികതയുണ്ട്. മാനസികാസ്വാസ്ഥ്യം ഉള്ളവരെപ്പോലെയാണെന്നു തീർത്തു പറഞ്ഞുകൂടാ. പക്ഷേ ചെറിയ തോതിലൊരു സ്‌പ്ലിറ്റ് പേർസണാലിറ്റി ഞാൻ ഫീൽ ചെയ്തിട്ടുണ്ട്. പകൽനേരത്തെ ഭവ്യതയും വിനയവും രാത്രിയിൽ കാണിക്കാറില്ല. കൂടാതെ എല്ലാദിവസവും രാത്രിയിൽ സൈക്കിളിൽ ഹെൽമറ്റ് ധരിച്ചു യാത്രചെയ്യാൻ മറ്റു കാരണങ്ങളൊന്നും ഞാൻ കാണുന്നില്ല”

താമസിക്കുന്നത് ചെറിയതോതിൽ മതിഭ്രമം ഉള്ള വ്യക്തിയുടെ കൂടെയാണെന്നു കേട്ടിട്ടും എന്നിൽ ഭാവഭേദമുണ്ടായില്ല. വിഷയത്തിലുള്ള താല്പര്യം കൂടുകയാണു ചെയ്തത്.

“രാത്രിയിൽ ഇങ്ങനെ ഇറങ്ങിനടക്കാൻ കാരണമെന്താണെന്നാണ് നീ കരുതുന്നത്? എനിക്കു ഇക്കാര്യത്തിൽ ഒരു ഊഹവുമില്ല”

പണിക്കർ പറഞ്ഞു.

“എനിക്ക് ചില ഐഡിയകളുണ്ട്. ഐഡിയയല്ല ഏതാണ്ടു ഉറപ്പുതന്നെയാണ്. ശ്യാം പലപ്പോഴും എന്നിൽ കാണുന്നത്, പ്രത്യേകിച്ചും രാത്രിയിൽ, പഴയ യജമാനനായ റാത്തോഡിനെയാണ്. അയാളുടെ മുഴുവൻ പേര് ഇന്ദർസിങ് റാത്തോഡ് എന്നാണ്. ഒരു ജമീന്ദാറുടെ മകൻ. അവരുടെ ഗ്രാമത്തിലെ സർപഞ്ച് ആയിരുന്നത്രെ. നല്ല അധികാരമുള്ള പദവി. അയാളാണ് ശ്യാമിനെകൊണ്ടു ഷർട്ട് അഴിപ്പിക്കുന്നതും, ഷൂലേസ് കെട്ടിക്കുന്നതും, കൈകൾ മസാജ് ചെയ്യിപ്പിക്കുന്നതുമൊക്കെ. എന്റെ ഊഹമനുസരിച്ചു പണ്ട് എന്നും അർദ്ധരാത്രി റാത്തോഡ് ശ്യാമിനേയും കൂട്ടി എവിടെയോ പോകാറുണ്ട്. മാഷിനറിയോ, ശ്യാമിനു എഴുതാനോ വായിക്കാനോ ഒന്നും അറിയില്ല. മറ്റുപല കാര്യങ്ങളിലും ഒരുതരം മന്ദബുദ്ധി പോലെയാ. പക്ഷേ ബൈക്ക് നന്നായി ഓടിക്കും. അതെങ്ങനെ പഠിച്ചെന്നു എനിക്കറിയില്ല. റാത്തോഡ് പഠിപ്പിച്ചതാകണം. അവരുടെ രാത്രിസഞ്ചാരത്തിനു അതു അനുയോജ്യമാണല്ലോ? അക്കാലത്തു രാത്തോഡ് ഉപയോഗിച്ച ഹെൽമറ്റായിരിക്കണം ഇന്നും ഗോവണപ്പടിയിൽ ഇരിക്കുന്നത്. അതു പണ്ടും അവിടെയാണ് സൂക്ഷിക്കുന്നതെന്നു തോന്നുന്നു. അവിടെനിന്നു മാറ്റാൻ ശ്യാം സമ്മതിക്കില്ല”

“നിനക്കു ശ്യാമിനെ പറഞ്ഞുവിട്ടൂടേ പണിക്കരേ?”

“അയ്യോ ആളൊരു പാവമാണ്. രാത്രിയിൽ ഇറങ്ങിനടക്കുമെന്നല്ലാതെ ഒരു ശല്യവുമില്ല. പിന്നെ ശ്യാമിന്റെ കുടുംബത്തെ എനിക്കു അടുത്തറിയാം. ഞാൻ പറഞ്ഞുവിട്ടാൽ അവർക്കതു വലിയ വിഷമമാകും. വേറെ വരുമാനമാർഗമില്ല”

ഞാൻ ആശയക്കുഴപ്പത്തിലായി. ഇപ്പോൾ കുഴപ്പമില്ലെങ്കിലും എപ്പോഴാണ് ശ്യാം പ്രശ്നമുണ്ടാക്കുകയെന്നു പറയാനാകില്ലല്ലോ? പിരിച്ചുവിടുന്നതു തന്നെയാണു നല്ലത്. അല്ലെങ്കിൽ പഴയ യജമാനനായ റാത്തോഡിന്റെ അരികിലേക്കു തിരിച്ചയക്കണം.

“ഈ റാത്തോഡ് ഇപ്പോൾ എവിടെയാണ്. അയാൾക്കു ശ്യാമിനേയും കൂടെ കൊണ്ടുപോയ്‌ക്കൂടേ?”

പണിക്കർ കുറച്ചുനേരം മൗനിയായി. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “റാത്തോഡ് ഇന്നില്ല മാഷേ. നാലുകൊല്ലം മുമ്പു രാത്രിയിൽ ആരോ വെടിവച്ചു കൊന്നു!”

നന്നായി. അപ്പോൾ രാത്രിയാത്ര കുട്ടിക്കളിയല്ല. തികച്ചും അപകടകരമാണ്. ഞാൻ പണിക്കർക്കു ശുഭരാത്രി നേർന്നു ഫോൺവച്ചു.

ടെറസിൽ കുറേനേരം ഉലാർത്തി. ഞാൻ ഇപ്പോൾ അകപ്പെട്ടിരിക്കുന്ന സാഹചര്യം വളരെ ആവേശകരവും അതേസമയം അപകടകരവുമായ ഒന്നിലാണെന്നു ഓർത്തു. ഒരുപക്ഷേ ജീവിതത്തിൽ ഇനിയൊരിക്കലും ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിച്ചേക്കില്ല. അതുകൊണ്ട് ഒരു സാഹസികയജ്ഞത്തിനു തയ്യാറാകണോ എന്ന ചിന്ത മനസ്സിലുണ്ടായി. കഴിഞ്ഞ നാലുദിവസങ്ങളിൽ രണ്ടുദിവസത്തെ യാത്രയും ബാക്കിയുള്ള രണ്ടുദിവസത്തെ വിരസതയും എന്നിലെ ഉൽസാഹത്തെ നിർജ്ജിവമാക്കിയിരുന്നു. അതിനെ ആളിക്കത്തിക്കാൻ ഉതകുന്ന അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കുറേനേരത്തെ കണക്കുകൂട്ടലുകൾക്കു ശേഷം അന്നുരാത്രി ശ്യാമിന്റെകൂടെ സൈക്കിളിൽ യാത്രചെയ്യാൻ ഞാൻ തീരുമാനമെടുത്തു. പണിക്കരോടു ഇതിനെപ്പറ്റി സൂചിപ്പിക്കേണ്ടതില്ല. എന്റെ തീരുമാനം അറിഞ്ഞാൽ അവൻ സമ്മതിക്കില്ലെന്നു ഉറപ്പാണ്. അതുകൊണ്ടു വിവരം മറച്ചുവച്ചു. ഒരുപക്ഷേ ഇന്നുരാത്രി ഞാൻ വെടിയേറ്റു മരിച്ചേക്കാം. എന്നിട്ടും സാഹസികത ഒരുക്കിയ കെണിയിൽനിന്നു എനിക്കു തെന്നിമാറാൻ തോന്നിയില്ല.

രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ ശ്യാമിൽ രാവിലെ കണ്ട ദാസ്യഭാവത്തിനു കുറവുണ്ടായിരുന്നു. വീണ്ടും ആത്മവിശ്വാസവും അധികാരഭാവവും സ്ഫുരിക്കുന്ന പെരുമാറ്റം. ടെലിവിഷൻ കണ്ടുകഴിഞ്ഞു ഉറങ്ങാൻ കിടക്ക വിരിക്കുമ്പോൾ ഞാൻ നാടകീയമായി, കനത്തസ്വരത്തിൽ ശ്യാമിനോടു പറഞ്ഞു.

ശ്യാം, ആജ് ഹമെ ബാഹർ ജാനാ ഹോഗാ”

ശ്യാം പോകാമെന്ന അർത്ഥത്തിൽ തലയാട്ടി. എവിടേക്കാണ് എന്നു തിരിച്ചുചോദിക്കാതെ തിരക്കിട്ടു മുറിയിൽ കയറി. പുതിയ കുർത്തയും പൈജാമയുമായി പുറത്തുവന്നു. ഭംഗിയുള്ള നിരവധി തുന്നലുകളുള്ള ആ കുർത്തക്കു നല്ല വിലയാകും. ഞാൻ ധരിച്ചിരുന്ന ഷർട്ട് അഴിച്ചുമാറ്റിയില്ല. ശ്യാം അതിനായി കാത്തതുമില്ല. ഞാൻ കൈകൾ തിരശ്ചീനമായി പിടിച്ചു. ശ്യാം ഓരോ ബട്ടൻസും ശ്രദ്ധാപൂർവ്വം വിടുവിച്ചു ഷർട്ട് അഴിച്ചു. കുർത്ത തലയിലൂടെ ഇട്ടുതന്നു. സ്റ്റൂളിൽ ഇരുത്തി തലമുടി ഈരി. എല്ലാം കഴിഞ്ഞു എന്നെ മുന്നിൽ നിർത്തി അടിമുടി പരിശോധിച്ചു.

“ചലേഗാ റാത്തോഡ് സാബ്”

അത്തരം സംബോധന ഞാൻ പ്രതീക്ഷിച്ചിരുന്നു. ശ്യാം വീടിന്റെ പിൻഭാഗത്തുപോയി സൈക്കിളുമായി എത്തി. സൈക്കിളിന്റെ ഹാൻഡിലിൽ ബൈക്കിൽ തൂക്കിയിടുന്ന പോലെ ഹെൽമറ്റ് തൂങ്ങുന്നു. സൈക്കിൾ സ്റ്റാൻഡിലിട്ടു ശ്യാം വീടിനകത്തേക്കു പോയി. ചെറിയൊരു ടോർച്ചുമായി തിരിച്ചുവന്നു.

“ആയിയേ സാബ്”

ഞാൻ കരുതിയത് ശ്യാം സൈക്കിൾ ചവിട്ടുമെന്നും എനിക്കു പിന്നിലിരുന്നാൽ മതിയെന്നുമായിരുന്നു. അതു തെറ്റി. ഒരുപക്ഷേ റാത്തോഡായിരുന്നിരിക്കണം മിക്കദിവസവും ബൈക്ക് ഓടിക്കാറുള്ളത്. എങ്ങോട്ടാണ് യാത്രയെന്നു ഞാൻ ചോദിച്ചില്ല. അതു അനുചിതമാകുമെന്നു സ്പഷ്‌ടം. ഹൗസിങ്ങ് കോളനിയിലെ ടാർറോഡിലൂടെ ഞാൻ സൈക്കിൾ ചവിട്ടി. ശ്യാമിനു അധികം ഭാരമില്ലായിരുന്നെങ്കിലും സൈക്കിളിന്റെ നിലവാരം താഴെയായിരുന്നു. ബ്രേക്ക് കട്ടകളിലൊന്നു റിങ്ങിനോടു ചേർന്നു ഉരസുന്നുണ്ടായിരുന്നു. അതുമൂലം കൃത്യമായ ഇടവേളകളിൽ സൈക്കിളിന്റെ വേഗം കുറഞ്ഞു. കൂടാതെ ഞാൻ സൈക്കിൾ ചവിട്ടിയിട്ടും വളരെ നാളുകളായിരുന്നു. തന്മൂലം കാലുകൾക്കും അരക്കെട്ടിനും ആദ്യം ലാഘവത്വവും പിന്നീടു കഴപ്പും തോന്നി. ഹൗസിങ്ങ് കോളനിയുടെ ഗേറ്റിൽ ഉറക്കമിളച്ചിരുന്ന സെക്യൂരിറ്റിക്കാർ, അവർ രണ്ടുപേർ ഉണ്ടായിരുന്നു, ഞങ്ങളെ തടഞ്ഞില്ല. ഒന്നും ചോദിച്ചതുമില്ല. സൈക്കിൾ വരുന്നതുകണ്ടപ്പോൾ തന്നെ ഗേറ്റ് തുറന്നുവച്ചു.

ഗേറ്റ് കടന്നശേഷം കുറച്ചു ചവിട്ടിയാൽ പ്രധാനറോഡായി. കുറച്ചേ ദൂരമുള്ളെങ്കിലും റോഡിൽ നിറയെ കുണ്ടും കുഴിയുമാണ്. എന്റെ അവശത വർദ്ധിച്ചു. പ്രധാനറോഡിനു അരികിലെത്തിയപ്പോൾ ശ്യാം ഹെൽമറ്റ് നീട്ടി.

ഞാൻ വിലക്കി. “നഹി ശ്യാം. അഗർ ഹം സൈക്കിൾ സെ ജാ രഹെ ഹൈ, തൊ ഹെല്‍മെറ്റ് കി സരൂരത് ക്യാ ഹെ?”

ശ്യാമിന്റെ മറുപടി അൽഭുതപ്പെടുത്തി. “ഉസ് ചൌരാഹ് പർ പുലീസ് ചെക്കിങ്ങ് ഹോ സക്തി ഹെ. അഗർ ഹെല്‍മെറ്റ് നഹി പെഹ്നാ തൊ പൈസ ദേനാ പഡേഗാ”

പറഞ്ഞുകഴിഞ്ഞതും അനുവാദത്തിനു കാക്കാതെ ഹെൽമറ്റ് എന്റെ തലയിൽ കമഴ്ത്തി. പിൻസീറ്റിലിരുന്നു ഹെൽമറ്റ് മുറുക്കിക്കെട്ടി തരികയും ചെയ്തു. ഞങ്ങളുടെ സൈക്കിൾ പ്രധാനറോഡിലേക്കു ഇറങ്ങി. അവിടെ ജംങ്ഷനിൽ ഒരു പോലീസ് വണ്ടി കിടക്കുന്നുണ്ടായിരുന്നു. സിഗററ്റ് വലിച്ചുനിന്നിരുന്ന പോലീസുകാരൻ ഞങ്ങളുടെ വിചിത്രമായ പെരുമാറ്റം കണ്ടിട്ടും, എന്നെ സംബന്ധിച്ചു സൈക്കിളിൽ ഹെൽമറ്റ് ധരിച്ചു യാത്രചെയ്യുന്നത് വിചിത്രം മാത്രമല്ല ലജ്ജാകരവും കൂടിയായിരുന്നു, കണ്ടുവെന്ന ഭാവമോ കുറച്ചെങ്കിലും ശ്രദ്ധയോ കാണിച്ചില്ല. സെക്യൂരിറ്റിക്കു പുറമേ പോലീസുകാരും തുടർന്ന നിസ്സംഗത്വം മനസ്സിലാക്കാവുന്നതേയുള്ളൂ. ശ്യാമിന്റെ രാത്രിസഞ്ചാരം അവർക്കു അത്രമേൽ പരിചിതമാകണം.

പ്രധാനറോഡിൽ കുണ്ടുംകുഴിയും ഇല്ലാതിരുന്നതിനാൽ സൈക്കിൾചവിട്ടൽ അനായാസകരമായിരുന്നു. അതുപക്ഷേ അധികസമയം നീണ്ടില്ല. അഞ്ചുമിനിറ്റോളം സഞ്ചരിച്ചശേഷം സൈക്കിൾ ഇടത്തോട്ടു തിരിക്കാൻ ശ്യാം ആവശ്യപ്പെട്ടു. അതൊരു ചെറിയ ഇടവഴിയായിരുന്നു. മുന്നോട്ടു പോകുന്തോറും അതിന്റെ വീതി കുറഞ്ഞുവന്നു. അവസാനം സൈക്കിൾ ചവിട്ടാൻ മാത്രം വീതിയുള്ള ഒറ്റയടിപ്പാതയായി മാറി. അത്രയും ചെറിയ വഴിയിലൂടെ ആദ്യമായി സൈക്കിൾ ചവിട്ടുകയായിരുന്നതിനാൽ ഞാൻ വളരെ ശ്രദ്ധപുലർത്തി. ശ്യാം ടോർച്ച് സൈക്കിളിനു മുന്നിലേക്കു തുടർച്ചയായി മിന്നിച്ചു വഴികാണിച്ചു. നാലുനിമിഷം ടോർച്ച് അണച്ചാൽ സൈക്കിൾ വീഴുമെന്നു തോന്നി. പാതയുടെ വശങ്ങളിലേക്കു നോക്കിയപ്പോഴൊക്കെ കനത്ത ഇരുട്ട് മാത്രമേ കണ്ടുള്ളൂ. വെളിച്ചത്തിന്റെ തരിപോലുമില്ല. അപരിചിതമായ നാട്. അപരിചിതമായ സാഹചര്യങ്ങൾ. അപരിചിതമായ ലക്ഷ്യം. കൂടെയുള്ളതോ രണ്ടുദിവസം മാത്രം പരിചയമുള്ള സുഹൃത്തും. അദ്ദേഹത്തിനോ മതിഭ്രമവും. മനസ്സിൽ ഭയം ജനിക്കാൻ ഇതൊക്കെ ധാരാളമായിരുന്നു. എന്നിട്ടും ഞാൻ നല്ല ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരുകാലത്തു പതിവായി നടത്തിയിരുന്ന രാത്രിയാത്രയുടെ പുരനാവിഷ്‌കരണമാണ് ഇപ്പോൾ അരങ്ങേറുന്നത്. റാത്തോഡ് വെടിയേറ്റു മരിച്ചത് ഇത്തരമൊരു യാത്രയിലാണെങ്കിലും അതു സംഭവിച്ചത് വളരെ പണ്ടാണ്. അതിനുശേഷം കാര്യങ്ങൾ തീർച്ചയായും മാറിയിരിക്കും. തന്മൂലം ലക്ഷ്യത്തെപ്പറ്റി അവ്യക്തതയാണെങ്കിലും ആപത്തുകൾക്കു സാധ്യതയില്ലെന്നു ഏകദേശം ഉറപ്പായിരുന്നു.

പത്തുമിനിറ്റിൽ കൂടുതൽ സമയം ദീർഘിച്ച യാത്രക്കൊടുവിൽ ഞങ്ങൾ വീണ്ടും വീതിയേറിയ, ഉയർന്ന വിതാനത്തിലുള്ള, റോഡിലേക്കു കയറി. അതു ടാർ റോഡായിരുന്നില്ല. ഉറപ്പില്ലാത്ത പൊടിമണ്ണുള്ള നാടൻ‌വഴിയാണ്. അതിലൂടെ സൈക്കിൾ ചവിട്ടുമ്പോഴാണ് ചുറ്റുപാടുകൾ ശരിക്കും കണ്ടത്. നാലുപാടും വിളവെടുക്കാറായ കരിമ്പിൻതോട്ടം. ഇത്രനേരം യാത്രചെയ്തതു കരിമ്പിൻപാടത്തിനു നടുവിലെ ഒറ്റയടിപ്പാതയിലൂടെയായിരുന്നു.

പൊടിമണ്ണിലൂടെയുള്ള യാത്രയുടെ അവസാനം ഞങ്ങൾ പുല്ലുമേഞ്ഞ ഒരു കുടിലിനു മുന്നിലെത്തി. ആ കുടിലിനടുത്തു വേറെ കുടിലുകൾ ഇല്ലായിരുന്നു. ഒറ്റപ്പെട്ട, ഏകാന്തത മുറ്റിനിൽക്കുന്ന സ്ഥലം. ശ്യാം മുരടനക്കി. കുടിലിൽനിന്നു മുപ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന സ്ത്രീ ഇറങ്ങിവന്നു. പരുക്കൻ ദേഹപ്രകൃതിയാണെങ്കിലും അവർക്കു നല്ല ആകർഷകത്വം ഉണ്ടായിരുന്നു. അപരിചിതനെ കണ്ട് ശ്യാമിനോടു ചോദിച്ചു.

“ഇസ് ആദ്‌മി കോൻ ഹൈ?”

ശ്യാമിന്റെ മുഖഭാവം മാറി. അത്രനേരം ഭവ്യതയും വിനയവും ദാസ്യവും സന്തോഷവും മാത്രം ദർശിച്ച മുഖത്തു വിവരിക്കാനാകാത്ത ക്രൗര്യം വ്യാപിച്ചു. ആ ഭാവപ്പകർച്ചയിൽ ഞാൻ അമ്പരന്നു. അക്രമസൂചനയോടെ മൂന്നടി മുന്നോട്ടുകുതിച്ചു ശ്യാം സ്ത്രീയോടു കയർത്തു.

“നഹി ജാൻതി... തും നഹി ജാൻതി സാബ് കൊ?”

വീണ്ടും മുന്നോട്ടു കുതിക്കാനാഞ്ഞ ശ്യാമിനെ ഞാൻ തടഞ്ഞു. ശ്യാമിന്റെ ക്രോധഭാവം കണ്ടിട്ടും ഭയക്കാതെ, ഭാവഭേദമില്ലാതെ നിന്ന സ്ത്രീയെ രൂക്ഷമായി നോക്കി. ഏതാനും ചുവടുകൾ മുന്നോട്ടുവച്ച്, കൈകൾ പിന്നിൽകെട്ടി, അവർക്കുമുന്നിൽ നെഞ്ചുവിരിച്ചു നിന്നു.

“മേം ഇന്ദർസിങ് റാത്തോഡ് ഹൂം. ദിമാവ്‌പൂർ ഗാവ് കീ സർപഞ്ച്”

ശബ്ദത്തിലെ ഗാംഭീര്യം എനിക്കുതന്നെ വിശ്വസിക്കാനായില്ല. പേരു പറഞ്ഞപ്പോൾ ഞാൻ മീശപിരിച്ചിരുന്നെന്നും എന്തോ വ്യക്തിയുടെ കുലീനത എന്നിലേക്കു സന്നിവേശിച്ചതായും ഞെട്ടലോടെ മനസ്സിലാക്കി.

സ്ത്രീയുടെ വിരോധം അലിഞ്ഞു. അവർ തല പരിധിയിലധികം കുനിച്ചു എന്നെ വണങ്ങി. തല ഉയർത്താതെ തന്നെ ക്ഷണിച്ചു.

“ആയിയേ റാത്തോഡ് സാബ്”

ദിമാവ്‌പൂരിന്റെ ഗ്രാമത്തലവൻ കുടിലിലേക്കു കയറി. ഒറ്റമുറിയിലെ പായയിൽ അതിനകം വിരിച്ച ജമുക്കാളത്തിൽ ഇരുന്നു. കുറച്ചുസമയം കഴിഞ്ഞു ഉടയാടകളില്ലാതെ സ്‌ത്രീയും അടുത്തുവന്നു. കയ്യിൽ കരിമ്പുവാറ്റിയ മദ്യം. ഓലവാതിലിന്റെ വിടവിലൂടെ, പുറത്തു സശ്രദ്ധനായി കാവൽ നിൽക്കുന്ന ശ്യാംസിങ്ങിനെ റാത്തോഡ് നോക്കി. സ്ത്രീ കൈനീട്ടി വിളക്കിന്റെ നാളം അണച്ചു. റാത്തോഡിന്റെ മടിയിൽ കാലുകൾ കവച്ചുവച്ചു ഇരുന്നു. രാവ് പിന്നേയും കനത്തു. കുടിലിനു പുറത്തു ശ്യാംസിങ്, ബീഡി പുകച്ചു, ഉറങ്ങാതെ ജാഗരൂകനായി കാവൽ തുടർന്നു.

മീററ്റിൽനിന്നു ഡൽഹി വഴി ബാംഗ്ലൂരിലേക്കു ഞാൻ തിരിച്ചുപോയത് പിന്നേയും നാലുദിവസം കഴിഞ്ഞായിരുന്നു.

Tuesday, July 12, 2011

സ്വപ്നലേഖ, സ്വയംവരപ്പന്തൽ പിന്നെ മൗനത്തിന്റെ നാനാർത്ഥങ്ങളും


സബീനഇത്തയുടെ മലയാളി ഹോട്ടലിലെത്തി ചോറിനു വിളിച്ചുപറഞ്ഞ് കസേരയിൽ ഇരിക്കാൻ തുടങ്ങുമ്പോഴാണ് മുരളിയുടെ മെസേജ് വന്നത്. തിരക്കിലാണോ എന്നായിരുന്നു കനപ്പെട്ട അന്വേഷണം. രണ്ടുമണിക്കൂർ മുമ്പ്, രാമയ്യ ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്നതിനിടക്ക്, ഞാൻ അങ്ങോട്ടും തിരക്ക് അന്വേഷിക്കുന്ന എസ്‌എം‌എസ് അയച്ചിരുന്നു. എന്റെ ജോലി ഒരു മണിക്കൂറിനുള്ളിൽ തീരുമെന്നും ഉച്ചക്കു കാണാമെന്നുമാണ് അതിൽ പറഞ്ഞത്. മറുപടി കിട്ടാത്തതിനാൽ തിരക്കിലാണെന്നു ഊഹിച്ചു. ജോലിക്ക് ശേഷം ഹെബ്ബാൽ വഴി കെ‌ആർ പുരത്തേക്കു പോന്നു. റൂമിലെത്തി എന്തെങ്കിലും വച്ചുകഴിക്കാൻ മടി തോന്നി. ഹോട്ടലിൽ എത്തുന്നത് അങ്ങിനെയാണ്.

മുരളിയുടെ മറുപടി വായിക്കുന്നതിനു മുമ്പുതന്നെ അതിൽ പരാമർശിച്ചിരിക്കുന്നത് നേരിൽ കാണുന്നതിനെ പറ്റിയായിരിക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നു. വായിച്ചപ്പോൾ കാര്യം അതുതന്നെ. കൂടാതെ മറ്റൊരു പ്രധാനവാർത്തയും. ഈ മാസം കൂടിയേ അവൻ നഗരത്തിൽ ഉണ്ടാവുകയുള്ളൂ എന്നതായിരുന്നു അത്. ഒന്നര കൊല്ലമായി ഇടക്കിടക്ക് ഗൂഗിൽ ചാറ്റിൽ സംസാരിക്കുമ്പോൾ എന്നെങ്കിലും കൂടിക്കാണണമെന്ന കാര്യം മുരളി സൂചിപ്പിക്കുമായിരുന്നു. എനിക്കും താല്പര്യമുണ്ടായിരുന്നെങ്കിലും ഓരോരോ കാരണങ്ങളിൻ‌മേൽ കൂടിക്കാഴ്‌ച നീണ്ടുപോയി. ഇന്നിപ്പോൾ ആ കടമയങ്ങ് തീർത്തേക്കാം. ഞാൻ അങ്ങിനെ വിചാരിച്ചു. സബീനത്താത്ത ചെറിയ പിഞ്ഞാണമെടുത്ത്, ചെമ്പിൽനിന്നു ചോറ് കുത്തിയെടുത്തു പ്ലേറ്റിലേക്കു പകരാൻ പോവുകയായിരുന്നു. ഞാൻ വിലക്കി.

“ഇത്താ വേണ്ട. എനിക്ക് പോവണ്ട ആവശ്യണ്ട്”

കസേരയിൽ ഇരുന്നുകഴിഞ്ഞിട്ടാണ് മെസേജ് കിട്ടിയതെങ്കിൽ ഞാൻ ഊണു കഴിച്ചിട്ടേ അതു വായിക്കുമായിരുന്നുള്ളൂ. കാരണം ഭക്ഷണം കഴിക്കുന്ന സമയത്ത് അതിനാണ് പ്രാധാന്യം. അല്ലാതെ മെസേജിനല്ല. ഭക്ഷണക്കാര്യത്തിൽ ഞാൻ അത്ര കർക്കശക്കാരനാകുന്നു.

ഞാൻ ബസ്‌സ്റ്റോപ്പിലെത്തി മുരളിയെ കാത്തുനിന്നു. കാൽ കഴച്ചപ്പോൾ അടുത്തുള്ള മാരിയമ്മൻ കോവിലിന്റെ മൂലയിലെ കരിങ്കൽപീഠത്തിൽ ഇരുന്നു. പീഠമാണെങ്കിലും അത് എന്തെങ്കിലും പ്രധാനപൂജകൾക്കോ മറ്റോ ഉപയോഗിക്കുന്നതായി കണ്ടിട്ടില്ല. ഞാൻ ഓർത്തു. ഇന്നു വെള്ളിയാഴ്ചയാണ്. നഗരത്തിലെത്തിയ കാലയളവിൽ മുറിയിലിരുന്നു മുഷിയുമ്പോൾ വൈകുന്നേരം എങ്ങോട്ടെന്നില്ലാതെ വെറുതെ നടക്കുമായിരുന്നു. ഐ‌ടി‌ഐ ഗ്രൌണ്ടിൽ പോകും. അല്ലെങ്കിൽ ഹൊസ്‌കോട്ടെയോ ഹെബ്ബാൽ തടാകമോ സന്ദർശിക്കും. ഇവയൊക്കെയാണ് സ്ഥിരം സങ്കേതങ്ങൾ. ചൊവ്വയും വെള്ളിയും മാരിയമ്മൻകോവിൽ സന്ദർശനം മുടക്കാറില്ല. ഒന്നാമത്, ജോലിക്കാര്യത്തിൽ ദൈവികമായ ഇടപെടൽ ഉണ്ടാകുമെന്ന, പിൽക്കാലത്തു തെറ്റാണെന്നു തെളിഞ്ഞ, ധാരണ. രണ്ടാമത്, ലക്ഷ്മിവിഗ്രഹത്തിനു മുന്നിൽ ആരതി, പേര് അതുതന്നെയാണോ എന്നു ഉറപ്പില്ല, കത്തിക്കുന്ന അവിവാഹിതകളായ യുവതികൾ. അവർ ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിലെ അല്ലികൾ പുറത്തേക്കു തുറിപ്പിക്കും. നാരങ്ങമുറിയുടെ തൊലിപ്പുറം അപ്പോൾ മൺ‌ചെരാതിന്റെ രൂപം കൈകൊള്ളുകയായി. മൺ‌ചെരാതിനു പകരം മഞ്ഞനിറത്തിലുള്ള നാരങ്ങ ചെരാത്. ആ നാരങ്ങചെരാതിൽ എണ്ണയൊഴിച്ചു ലക്ഷ്മിവിഗ്രഹത്തിനു മുന്നിൽ തിരി കത്തിക്കുന്നത് സുമംഗലിയാകാൻ അത്യുത്തമം ആണത്രെ. അക്കാലത്ത് തുടർച്ചയായി നാരങ്ങചെരാതിൽ ആരതി കത്തിച്ച കുറച്ചുതടിയുള്ള ഒരു യുവതി, അവർ മലയാളിയാണെന്നു എനിക്കു സംശയമുണ്ട്, പിൽക്കാലത്ത് അവരുടെ ഭർത്താവിനൊപ്പം പലതവണ വന്നു തൊഴുന്നത് കണ്ടിട്ടുണ്ട്. സന്തോഷത്തോടെ എത്തുന്ന ആ യുവതിയുടെ ആഗ്രഹം ലക്ഷ്മിദേവി സാധിപ്പിച്ചു കൊടുത്തിരിക്കണം. അല്ലാതെ അവർ വരില്ലല്ലോ.

പത്തുമിനിറ്റെന്നു പറഞ്ഞെങ്കിലും അഞ്ചുമിനിറ്റിനുള്ളിൽ മുരളി എത്തി. ഇതുവഴി ആദ്യമായി വരുന്നതിനാൽ സമയത്തെപ്പറ്റിയുള്ള കണക്കുകൂട്ടലുകൾ തെറ്റിയതായിരിക്കാം. അല്ലെങ്കിൽ ഗതാഗതക്കുരുക്ക് ഇല്ലാതെ റോഡ് ഒഴിഞ്ഞുകിടന്നിട്ടുണ്ടാകും. ഔട്ടർ റിംങ് റോഡിൽ ഉച്ചസമയത്തു ഗതാഗതം പൊതുവെ കുറവാണ്. പ്രധാനപ്പെട്ട ജംങ്ഷനുകളിൽ ഫ്ലൈഓവറുകൾ വന്നതിൽ‌പിന്നെ വിശേഷിച്ചും. ബി‌എം‌ടിസിയുടെ വജ്ര ബസിൽ‌നിന്നു ഇറങ്ങി മുരളി എന്റെ കൈപിടിച്ചു കുലുക്കി. ഞാൻ ആഗതനെ ഒന്നു ചുഴിഞ്ഞു നോക്കി. മുരളിയെപ്പറ്റിയുള്ള എന്റെ കണക്കുകൂട്ടലുകൾ പൊക്കത്തിന്റെ കാര്യത്തിലൊഴിച്ചാൽ ശരിയായിരുന്നു. അധികം വണ്ണമില്ലാത്ത ശരീരം, ഒന്നാന്തരം ബുൾഗാൻ, കറുത്ത നിബിഢമായ തലമുടി.. അങ്ങിനെയങ്ങിനെ. ജേർണലിസ്റ്റ് വിദ്യാർത്ഥിയായ മുരളിക്കു കുറച്ചുകൂടി പൊക്കം പ്രതീക്ഷിക്കുന്നത് തെറ്റാണോ? പൊക്കമില്ലാതെ എങ്ങിനെ പഠിപ്പിക്കുന്ന ടീച്ചറെ തന്നെ പ്രേമിച്ചു വിവാഹത്തിലെത്തിക്കാൻ സാധിച്ചു. സ്ത്രീകൾക്കു ഉയരം കൂടിയവരോട് ലൈംഗികവും തദ്വാരാ മാനസികമായും അടുപ്പം കൂടുമെന്നു ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ വായിച്ചത് അടുത്തകാലത്താണ്. നല്ലപൊക്കം മൂലം എതിരാളികളെ, അങ്ങിനെ ചിലർ ഉണ്ടെന്നു സങ്കൽ‌പ്പിച്ചാൽ, ഇടിച്ചുവീഴ്ത്താൻ ഉയരമുള്ളവർക്കു നിഷ്‌പ്രയാസം സാധിക്കുമത്രെ. ഉയരമുള്ളവർക്കു അങ്ങിനെ സാധിക്കുമെന്നു ആർക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. അതിനെ ലൈംഗികതയുമായി ബന്ധപ്പെടുത്തേണ്ടിയിരുന്നോ? എനിക്കു ഒരു എത്തും പിടിയും കിട്ടിയില്ല. അഞ്ചടിയിൽ അധികം ഉയരമില്ലാത്തവർക്കും ആറടിയിൽ കൂടുതൽ ഉയരമുള്ള എതിരാളിയെ മുഖത്തു പഞ്ച് ചെയ്തു വീഴ്ത്താമെന്നു പണ്ടേതോ ബ്ലോഗിൽ കളരിയെപ്പറ്റി എഴുതിയ ഒരാൾ വിവരിച്ചതോർത്തു. അടുത്തനിമിഷം മറ്റൊരു ചിന്ത. ഈ ഉയരം വച്ചും ഒരു സ്ത്രീയിൽ അനുരാഗം ജനിപ്പിച്ചെങ്കിൽ എന്റെ സുഹൃത്ത് അസാമാന്യൻ ആയിരിക്കണമല്ലോ. എനിക്കു മുരളിയോട് ബഹുമാനം തോന്നി.

ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ മുരളി ആമുഖമായി പറഞ്ഞു.

“സോറി ബ്രദർ. മൂന്നര വരയേ സമയമുള്ളൂ. ക്ലാസ് കട്ട് ചെയ്താണ് ഇപ്പോൾ വന്നിരിക്കുന്നത്“

അങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല എന്നു ഞാൻ പറഞ്ഞു. ആത്മാർത്ഥമായാണ് അതു പറഞ്ഞത്. കാരണം എന്റെ മനസ്സിൽ ചില പ്ലാനുകൾ ഉണ്ടായിരുന്നു. മുരളിയെ കൂട്ടി തിരിച്ചു ഹോട്ടലിലെത്തി വിഭവസ‌മൃദ്ധമായ ഊണ്. റൂമിൽ രണ്ടുമണിക്കൂർ ചെലവിടൽ. സമകാലിക ലോകത്തെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും അല്ലറചില്ലറ വേറെ കാര്യങ്ങളെ പറ്റിയും ഒരുമണിക്കൂർ നീളുന്ന ചർച്ച. അഞ്ചുമണിയാകുമ്പോൾ പാൽച്ചായയും ബിസ്കറ്റും. വൈകീട്ട് ആറരയോടെ തിരിച്ചു ബസ്‌സ്റ്റോപ്പിലെത്തിച്ച് റ്റാറ്റ പറയൽ. എന്റെ ഈവിധ കണക്കുകൂട്ടലുകളാണ് ആമുഖമായി പറഞ്ഞ വരിയിലൂടെ മുരളി തള്ളിക്കളഞ്ഞത്. ഞാൻ നിരാശനായി.

“ഞാൻ കരുതിയത് മിനിമം രണ്ടുമണിക്കൂറെങ്കിലും സംസാരിക്കാമെന്നായിരുന്നു. ഇതിപ്പോൾ” ഞാൻ അർദ്ധോക്തിയിൽ നിർത്തി. പിന്നെ പൂരിപ്പിച്ചു.

“നാളെ വൈകീട്ട് മുരളിക്കു ഒഴിവുണ്ടെങ്കിൽ എന്നോടു പറയൂ. കാണാം”

മുരളി തലയാട്ടി സമ്മതിച്ചു. ഞങ്ങൾ ‌മാരിയമ്മൻകോവിലിനു കുറച്ചകലെ, ഫ്ലൈഓവറിനു താഴെയുള്ള ചെറിയ പാർക്കിലേക്കു നടന്നു. ആ പാർക്ക് അടുത്തയിടെ നിർമിച്ചതാണ്. മുമ്പ് കാടുപിടിച്ചു കിടന്ന ഇടം. ബെന്നിഗാനഹള്ളിയിൽ മെട്രോ‌റെയിൽ സ്റ്റേഷന്റെ പ്രധാന ആസ്ഥാനം വരുന്നതിനോടനുബന്ധിച്ച് സമീപപ്രദേശങ്ങളും മുഖം മിനുക്കുകയാണ്. പാർക്ക് നിർമാണവും അതിനാൽ തന്നെ.

വെള്ളയും കറുപ്പും ഇടകലർത്തി പെയിന്റടിച്ച കൽബെഞ്ചിലിരുന്നു ഞങ്ങൾ സംസാരിച്ചു. അരമണിക്കൂറേ ഉള്ളൂവെങ്കിലും അതിനുള്ളിൽ സംസാരിക്കാവുന്നവയൊക്കെ പരാമർശിച്ചു. ഇവിടെ ഞങ്ങൾ എന്നതിനു പകരം ‘ഞാൻ’ എന്ന ഏകവചനം ഉപയോഗിച്ചാലും അതു തെറ്റാവുകയില്ല കേട്ടോ. എന്തെന്നാൽ മൌനമായിരുന്നു മുരളിയുടെ മുഖമുദ്ര. ഞാൻ പറയുന്നതു കേട്ട് തലയാട്ടി മുരളി മിണ്ടാതിരുന്നു. ഇടക്കു ഒന്നുരണ്ട് വാചകങ്ങളിൽ എന്തെങ്കിലും പറഞ്ഞു. അതുതന്നെ ‘എന്നോടൊന്നും ചോദിക്കാനില്ലേ മുരളീ’ എന്നു ഞാൻ ആരാഞ്ഞപ്പോൾ മാത്രം. നീ വളരെ കുറച്ചേ സംസാരിക്കുന്നുള്ളൂവെന്നു കുറ്റപ്പെടുത്തലിന്റെ രൂപത്തിൽ സൂചിപ്പിച്ചപ്പോൾ പോലും അവൻ മന്ദഹസിച്ചതേയുള്ളൂ. സത്യത്തിൽ അപ്പോൾ ഉച്ചത്തിലൊരു പൊട്ടിച്ചിരിയോടെ, തോളിൽ സ്നേഹത്തോടെ ഒരു തട്ടൽ ഞാൻ പ്രതീക്ഷിച്ചതാണ്. അതു തെറ്റി. കൊറിയൻ സിനിമസംവിധായകനായ കിം കി ഡുക്കിന്റെ സിനിമയിലെ നായകന്മാരെപ്പോലെ ചുണ്ടുകളും മുഖത്തെ മാസപേശികളും മാത്രമനക്കി മുരളി എന്നോട് സംവദിച്ചു. സിനിമയിൽ നായകന്മാർ ഒന്നും മിണ്ടുന്നില്ലെങ്കിലും ആശയസംവദനം ഭീമമാണ്. ഇവിടെ അതുമില്ലെന്നും സൂചിപ്പിക്കുന്നു.

ഞങ്ങൾ സംസാരിച്ചിരുന്ന പാർക്കിനു പുറത്ത് ഒരു വൃദ്ധൻ വാഴപ്പിണ്ടി കച്ചവടം നടത്തുന്നുണ്ടായിരുന്നു. തലതിരിച്ചു നോക്കിയാൽ അതുകാണാം. വൃദ്ധൻ അഗ്രംവളഞ്ഞ ചെറിയ കത്തികൊണ്ട് പിണ്ടികളുടെ രണ്ട് അഗ്രത്തിലേയും കുറച്ചുഭാഗം ചെത്തിക്കളഞ്ഞു. മുമ്പു അഗ്രഭാഗത്തു കറുപ്പുനിരം വ്യാപിച്ചിരുന്നു. അതുകണ്ടാൽ ആരും പിണ്ടി വാങ്ങില്ലെന്നു ഉറപ്പ്. അറ്റം അരിഞ്ഞുമാറ്റിയപ്പോൾ വാഴപ്പിണ്ടി മുഖം മിനുക്കി പുത്തനായി. പക്ഷേ കുറച്ചുകഴിയുമ്പോൾ അഗ്രങ്ങൾ വീണ്ടും കറുക്കും. അപ്പോൾ വീണ്ടും ചെറുതായി അരിഞ്ഞ് മുഖം മിനുക്കൽ. അങ്ങിനെയങ്ങിനെ വാഴപ്പിണ്ടി ഇല്ലാതായിത്തീരും. അതിനുമുമ്പ് ഭാഗ്യമുണ്ടെങ്കിൽ ആരെങ്കിലും വന്നു വാങ്ങും. കുറച്ചുസമയം ഞാൻ മുരളിയുടെ സാന്നിധ്യം മറന്നു വൃദ്ധന്റെ പ്രവൃത്തിയിൽ മുഴുകിപ്പോയി. കുട്ടിക്കാലത്തു കൊള്ളിക്കിഴങ്ങ് കച്ചവടത്തിനു വീട്ടിൽ വരാറുള്ള കണ്ണമ്പിള്ളി ലോനഅപ്പൂപ്പൻ ഓർമയിലെത്തി. നനഞ്ഞ മണ്ണ് പറ്റിപ്പിടിച്ച കൊള്ളിക്കിഴങ്ങിന്റെ വേരുള്ള കടഭാഗം ലോനഅപ്പൂപ്പൻ വെട്ടിക്കളയുന്നത് ഈ വൃദ്ധൻ ചെയ്യുന്ന അതേപോലെയാണ്. ലോനഅപ്പൂപ്പൻ മരിച്ച ദിവസമാണ് ഓർമയിൽ തങ്ങിനിൽക്കുന്ന ആദ്യത്തെ കരച്ചിൽ.

മുരളി എന്റെ തോളത്തുതട്ടി. അവനു പോകേണ്ട സമയമായി. ഏതാനും വാക്കുകളിൽ ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.

ഞാൻ സബീനഇത്തയുടെ ഹോട്ടലിലേക്കു തിരിച്ചു നടന്നു. ഒരാഴ്ചത്തെ നാടുവാസത്തിനു ശേഷം സബീനഇത്തയും കെട്ടിയോനും ഇന്നലെയാണ് ഹോട്ടൽ തുറന്നത്. ഒരുമാസം ഹോട്ടൽ പ്രവർത്തിപ്പിച്ചാൽ പിന്നെയുള്ള ഒരാഴ്ച നാട്ടിൽപോയി താമസിക്കുന്നത് അവരുടെ പതിവാണ്. മൂന്നുകൊല്ലമായി തുടരുന്ന ശീലം. പ്രായമായ മാതാപിതാക്കളെ കാണാൻ പോകുന്നതാണെന്നാണ് തോന്നുന്നത്. നേരിൽ ചോദിച്ചിട്ടില്ല. എനിക്ക് അതറിയേണ്ട കാര്യമെന്താണ് ?

ഫ്ലൈഓവർ പിന്നിട്ടു നടക്കുമ്പോൾ ഞാൻ ഓർത്തു, മുരളിയിൽ മൌനം ഭീഷണിയുടെ രൂപമാണ്. കഴിഞ്ഞുപോയ ഓരോ നിമിഷത്തിലും ആ ഭീഷണി അനാവശ്യമായി മനസ്സിനെ കീഴടക്കി പീഢിപ്പിച്ചു. എതിർത്തു തോൽ‌പ്പിക്കാൻ പോയിട്ടു ഒന്നു കുതറാൻപോലും മനസ്സ് തയ്യാറായില്ല. അത് വളരെ അതിശയപ്പെടുത്തി. കാരണം അത്തരമൊരു കീഴടങ്ങൽ മുമ്പ് ഉണ്ടായിട്ടില്ലായിരുന്നു. മുരളിയുമായി വേർപിരിഞ്ഞശേഷവും കീഴടങ്ങലിന്റെ അടയാളങ്ങൾ എന്റെ പെരുമാറ്റങ്ങളിലുണ്ടോ? മൌനമെന്ന ഭീഷണി അദൃശ്യമായി എനിക്ക് ചുറ്റിലുമുണ്ടോ.? ഞാൻ സംശയാലുവായി.   

ഹോട്ടലിൽ നാലഞ്ചു പരിചയക്കാർ ഉണ്ടായിരുന്നു. എല്ലാവരും ചെറുപ്പക്കാർ. അവരിൽ ഒരാളെ നന്നായി അറിയും. കാണുമ്പോൾ എന്തെങ്കിലുമൊക്കെ ചോദിക്കാൻ മാത്രം അടുപ്പമുണ്ട്. ഞാൻ അവന്റെ തോളത്തു അല്പം ശക്തമായി അടിച്ചു. ‘എന്റിഷ്ടാ‘ എന്നോ ‘ഇപ്പോൾ കാണാറില്ലല്ലോ’ എന്നോ പരിഭവിക്കുമെന്നു കരുതിയിരുന്നു. പക്ഷേ ചെറുപ്പക്കാരൻ സുഹൃത്ത് ചിരിച്ചതേയുള്ളൂ. ഞാൻ തിരിച്ചും.

കൈകഴുകി സ്റ്റൂളിൽ ഇരുന്നു. സബീനഇത്ത പ്ലേറ്റ് വച്ചു. ചോറും കറികളും വിളമ്പി തിരിച്ചുപോയി. സാധാരണ ഗതിയിൽ എല്ലാം വിളമ്പികഴിഞ്ഞാൽ സ്പെഷ്യൽ വേണോ എന്നു ചോദിക്കാറുണ്ട്. ഒരു അയല പൊരിച്ചത് അകത്താക്കാമെന്നു മനസ്സിൽ തിരുമാനിക്കുകയും ചെയ്തിരുന്നു. ഞാൻ വിളിച്ചു പറഞ്ഞു.

“ഇത്തോ ഒരു അയല ഫ്രൈ

തിരിഞ്ഞു നടക്കുകയായിരുന്ന സബീനഇത്ത തലതിരിച്ചു നോക്കി. ചിരിച്ചു. എന്താണെന്നറിയില്ല ഇത്തയുടെ ആ ചിരിയിൽ മുരളിയുടെ ചിരിയുടെ പ്രതിബിംബം ഞാൻ കണ്ടു. ആദ്യറൗണ്ട് തീറ്റ കഴിഞ്ഞപ്പോൾ ചോറും സാമ്പാറും വിളമ്പാൻ ഇത്ത വീണ്ടും അടുത്തുവന്നു. ഞാൻ ഒരു തമാശ പറഞ്ഞു. ഇത്ത ചിരിച്ചു. ഒന്നും മിണ്ടിയില്ല. അതേസമയം എന്റെ അരികിൽനിന്നു പോയി അകത്തു മീൻ വറക്കുന്ന ചട്ടിക്കരുകിൽ നിൽക്കുന്ന കെട്ട്യോനോട് സംസാരിക്കുന്നുമുണ്ട്. പാഴ്‌സൽ വാങ്ങാൻ വന്ന ഒരുവനോട് എന്തോപറഞ്ഞ് തട്ടിക്കയറുകയും ചെയ്തു. എന്നോട് മാത്രം മിണ്ടുന്നില്ല. ചോദിക്കാതെ തന്നെ ആവശ്യമുള്ളതെല്ലാം എത്തിച്ചു തന്നതിനാൽ ആ രീതിയിൽ സംസാരിക്കാനുള്ള അവസരവും പാഴായി.

ഞാൻ കാശു കൊടുക്കാൻ കൌണ്ടറിനടുത്തെത്തി. സബീനഇത്ത പാഴ്സൽ വാങ്ങിയവരുടെ കണക്കുകൾ എഴുതുകയായിരുന്നു. ആഗതർ കുറേ ഭക്ഷണസാധനങ്ങൾ വാങ്ങിയിട്ടുണ്ട്. മനക്കണക്കു കൂട്ടാൻ ബുദ്ധിമുട്ടാണ്. ഞാൻ അരികിലെത്തി എത്ര കാശായെന്നു ചോദിച്ചു. സത്യത്തിൽ ദിവസവും അവിടെനിന്നു ഭക്ഷണം കഴിക്കുന്ന എനിക്ക് എല്ലാ വിഭവങ്ങളുടേയും വില നന്നായി അറിയാം. അങ്ങിനെ കണക്കുകൂട്ടിയാൽ ഇപ്പോൾ നാല്പത്തിരണ്ടു രൂപയായി. എന്റെ ചോദ്യത്തിനു ഇത്ത മറുപടി പറഞ്ഞില്ല. പകരം മറ്റുള്ളവരുടെ കണക്കു എഴുതുന്നതിനിടക്ക് എന്റെനേരെ തിരിഞ്ഞ് പേപ്പറിൽ 42 എന്നു എഴുതിക്കാണിച്ചു. അങ്ങിനെ മൗനവ്രതം തുടർന്നു. ഞാൻ നിരാശനായി. എന്നെ കൂടുതൽ നിരാശനാക്കി അടുത്തനിമിഷം ഇത്ത മകനെ വിളിച്ചു പുറത്തുനിന്നു കുറച്ചു സാധനങ്ങൾ വാങ്ങാൻ പറഞ്ഞുവിട്ടു. അതും വായതുറന്ന് നാവനക്കി സംസാരിച്ച്. അപ്പോൾ എന്നോട് മാത്രമാണ് ഉരിയാട്ടമില്ലാത്തത്. ആകെക്കൂടി ഒരു അസ്വസ്ഥത മനസ്സിലുണ്ടായി. നാല്പത്തിരണ്ടിനു പകരം നാല്പതുരൂപ കൊടുത്ത് ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ പിന്തിരിഞ്ഞു. രണ്ടുരൂപയുടെ കാര്യം വേണമെങ്കിൽ മര്യാദക്ക് വായതുറന്ന് പറയട്ടെ. അല്ല പിന്നെ. ഞാൻ പിൻ‌വിളി പ്രതീക്ഷിച്ച് സാവധാനം നടന്നു. ബാഗിനു അടുത്തെത്തി ഏതാനും നിമിഷം നിന്നു. ഇല്ല, പിന്നിൽ ഒരു അനക്കം പോലുമില്ല. ഇത്ത ചട്ടിക്കു അരുകിൽനിന്നു മീൻ വറക്കുകയാണ്. എന്നെ നോക്കുന്നേയില്ല. എനിക്ക് ദേഷ്യം വന്നു. അപൂർവ്വമായി മാത്രമേ ഞാൻ ദേഷ്യപ്പെടാറുള്ളൂ. ഇത്തയുടെ അലസത തന്നെയെന്നു ഉറപ്പിച്ചു ഞാൻ തിരിച്ചു കൌണ്ടറിനടുത്തെത്തി. രണ്ടുരൂപ നാണയം കുറച്ചധികം ശബ്ദമുണ്ടാക്കി മേശയിൽ വച്ചു.

“ഇത്താ ഇന്നാ രണ്ടു രൂപ. ഞാനത് മറന്നു”

ഇത്തയത് കേട്ടതായി പോലും ഭാവിച്ചില്ല. ഞാൻ പിന്നെയവിടെ നിൽക്കാതെ വേഗം തിരിച്ചുപോന്നു. ആർആർ ബേക്കറിക്ക് അരുകിലെത്തിയപ്പോൾ ഫ്ലൈഓവറിനടുത്തു കണ്ട വൃദ്ധൻ അതാ ബേക്കറിയുടെ എതിർവശത്ത്. ഇപ്രാവശ്യവും പിണ്ടികളുടെ അഗ്രം അരിയുകയാണ്. എല്ലാ പിണ്ടികളുടേയും നീളം കുറച്ചുകൂടി കുറഞ്ഞിരിക്കുന്നു. ഞാൻ നോക്കുമ്പോൾ തന്നെ ഒരാൾവന്നു രണ്ടു പിണ്ടികൾ വാങ്ങിക്കൊണ്ടുപോയി. പിണ്ടി വാങ്ങിയ ആൾ ഇരുപത് രൂപ കൊടുത്തു. എനിക്ക് വൃദ്ധനോട് അകാരണമായ ദേഷ്യം തോന്നി. അങ്ങേർക്കു പിണ്ടിവാങ്ങാൻ വന്ന വ്യക്തിയോട് എന്തെങ്കിലും പറഞ്ഞൂടെ. ഒരു ബിസിനസ്സുകാരന് ധാരാളം സംസാരിക്കുന്ന നാക്ക് വേണമെന്നാണ് എന്റെ അഭിപ്രായം. സാധനങ്ങൾ വാങ്ങാൻ വരുന്നവരോട് ഒരു ആത്മബന്ധം ഇട്ടുവക്കാൻ അതു നല്ലതാണ്. ഇവിടെ ഇദ്ദേഹം വഴിയോര കച്ചവടമാണെങ്കിലും അങ്ങിനെ ചെയ്യാവുന്നതാണ്. മിക്കദിവസവും ഈ വൃദ്ധനെ ഇവിടെയോ ഫ്ലൈ ഓവറിന് അടുത്തോ കാണാറുണ്ട്. ഒരു സജീവസാന്നിധ്യം എന്നുതന്നെ പറയാം. എന്നിട്ടും ഉപഭോക്താവിനോട് മിണ്ടുന്നില്ല. വൃദ്ധൻ നേരെയാവില്ലെന്നു മനസ്സിൽ പറഞ്ഞ് ഞാൻ നടപ്പുതുടർന്നു.

സ്റ്റാലിൻ ജിമ്മിനടുത്ത് സുരേഷണ്ണന്റെ ചി‌പ്‌സ് കടയുണ്ട്. പേര് ശ്രീമൂകാംബിക ചിപ്‌സ് സെന്റർ. അവിടെ ആരേയും കണ്ടില്ല. അദ്ദേഹമുണ്ടെങ്കിൽ എന്തെങ്കിലും വിളിച്ചു സംസാരിക്കാമായിരുന്നു. അങ്ങോട്ട് എന്തെങ്കിലും പറയേണ്ട താമസമേയുള്ളൂ. പിന്നെ നമ്മളെ നിർത്തി വടിയാക്കും. അതാണ് സുരേഷണ്ണൻ. സംഭാഷണത്തിൽ തല്പരനായതിനാലാകാം ചിപ്‌സ് കടയിൽ എപ്പോഴും നല്ല തിരക്കാണ്. തിരക്കിനു കാരണഹേതുവായ മറ്റൊരു സംഗതി എതിർവശത്തുള്ള ശ്രീമോഹൻ ബാറാണ്. ബിയറും വോഡ്കയുമെല്ലാം വാങ്ങി കുടിയന്മാർ ശ്രീമൂകാംബികയിൽ കയറും. വറുത്ത കടലയും മിക്‌സ്‌ച്ചറും വാങ്ങി വായിൽ‌ വെള്ളവുമായി തിരിച്ചുപോകും.

ഞാൻ താമസസ്ഥലത്തെത്തി. അടുത്ത റൂമിൽ താമസിക്കുന്ന സുരേഷ്ബാബുവിന്റെ അമ്മ ഗേറ്റിനരുകിലുണ്ട്. അവർക്കു കശലായ കേൾ‌വിക്കുറവുണ്ട്. അങ്ങോട്ടു പറഞ്ഞാൽ ഒന്നും കേൾക്കില്ല. ശ്രവണസഹായി വച്ചാലും കാര്യമില്ല. പക്ഷേ സംസാരം നോർമലാണ്. എനിക്കു കുറച്ചു തുണികൾ അലക്കാനുണ്ടായിരുന്നു. അതിനു ടെറസിലെ ടാങ്കിൽ വെള്ളമുണ്ടോ എന്നറിയില്ല. അമ്മൂമ്മയോട് ആംഗ്യത്തിൽ ചോദിക്കാൻ തീരുമാനിച്ചു. അമ്മൂമ്മ തിരിച്ചെന്തെങ്കിലും പറയും. രാവിലെയോ ഉച്ചയ്ക്കോ വൈകീട്ടോ എപ്പോൾ കണ്ടാലും ‘റൂമിൽ വെള്ളമുണ്ടോ, വെള്ളമുണ്ടോ’ എന്നു അന്വേഷിക്കുക അവരുടെ പതിവാണ്. എനിക്കൊപ്പം റൂമിൽ സജി മാത്രമേയുള്ളൂ. അതിനാൽ വെള്ളത്തിന്റെ അഭാവം മൂലമുള്ള പ്രശ്നങ്ങൾ ഇല്ലെന്നുതന്നെ പറയാം. കുറച്ചുനാൾ മുമ്പ് കേബിളിടുന്ന തൊഴിലാളികൾ വീടിനു മുന്നിലുള്ള റോഡ് കുത്തിപ്പൊളിച്ചപ്പോൾ വെള്ളം വരുന്ന വലിയ പൈപ്പ് പൊട്ടി. ഒരാഴ്ച വെള്ളം മുടങ്ങി. ആ കാലത്തുതന്നെ ചെന്നൈയിൽ നിന്നു ബാലകൃഷ്‌ണൻ വന്നിരുന്നു. അവന്റെ കമ്പനിയുടെ ബാംഗ്ലൂർ ഓഫീസിൽ എന്തോ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ. വെള്ളത്തിന്റെ അഭാവത്തിൽ ട്രെയിനിങ്ങിനൊപ്പം അപ്പിയിടലും കമ്പനിയിൽ വച്ചു നടത്തി. കുളിക്കുന്ന ശീലം കുറവായതിനാൽ അതൊരു പ്രശ്നമായില്ല. ബാലകൃഷ്‌ണൻ തിരിച്ചുപോയതിന്റെ പിറ്റേന്നു പൊട്ടിയ പൈപ്പ് ശരിയാക്കി. വീണ്ടും വെള്ളത്തിന്റെ ധാരാളിത്തം. കുളി. ജപം. അപ്പിയിടൽ. എല്ലാം ശുഭം. പക്ഷേ ബാലകൃഷ്‌ണൻ ഇനി എന്റെ റൂമിൽ വരുമെന്നു തോന്നുന്നില്ല.

ഞാൻ പ്രതീക്ഷയോടെ അമ്മൂമ്മയോട് ‘വെള്ളമുണ്ടോ’ എന്നു ആഗ്യത്തിൽ ചോദിച്ചു. അൽഭുതമെന്നേ പറയേണ്ടൂ, എനിക്കു കേൾ‌വിപ്രശ്നം ഒന്നും ഇല്ലായിരുന്നിട്ടും അമ്മൂമ്മ ആഗ്യത്തിൽ ‘വെള്ളമുണ്ട്, ഇഷ്ടം പോലെയുണ്ട്’ എന്നു പറയുകയാണ് ചെയ്തത്.

ഞാൻ ഉറപ്പിച്ചു. മുരളിയുടെ പ്രേതം എല്ലാവരേയും ബാധിച്ചിട്ടുണ്ട്. അവർ ചുറ്റിലും അണിനിരന്നു ശ്വാസം മുട്ടിക്കുകയാണ്. അവർ പുലർത്തുന്ന മൗനവൃതം മൂലം ഞാൻ ആകെ അസ്വസ്ഥനായിരുന്നു. സംയമനത്തിന്റെ കെട്ടുകൾ പതുക്കെ പൊട്ടുകയാണ്.

ഇനി ഏകപ്രതീക്ഷ സജിയാണ്. സഹമുറിയൻ. എന്നുവച്ച് അവനെപ്പറ്റി നല്ലതു പറയാൻ പറ്റില്ല. പ്രധാന പോരായ്മകൾ അലസത, സിനിമാപ്രാന്ത്, അമിതമായ സ്ത്രീജനസൌഹൃദം എന്നിവയാണ്. എപ്പോൾ നോക്കിയാലും സ്ത്രീസുഹൃത്തുക്കളുമായി സൊള്ളലാണ്. അതിനിടയിൽ അല്പം സമയം കിട്ടിയാൽ എന്നോട് എന്തെങ്കിലും പറയും. അത്ര തന്നെ. മേൽപ്പറഞ്ഞതിൽ നിന്നു അവനിൽ എനിക്ക് വലിയ പ്രതീക്ഷയില്ലെന്നു ഊഹിക്കാവുന്നതാണല്ലോ?

സമയം എട്ടേകാലായപ്പോൾ കോളിങ്ങ്ബെൽ അടിച്ചു. ഭഗവാൻ സജി എത്തിയിരിക്കുന്നു. സായിബാബ ഭക്തനാണ് അദ്ദേഹം. ഞാൻ വാതിൽ തുറക്കാൻ പോയില്ല. വീണ്ടും ബെൽ ശബ്ദിച്ചു. അതു തുടർന്നു. ബെല്ലടിച്ചു അവശനായപ്പോൾ ഞാൻ കനിവുകാട്ടി. പതിവുപോലെ ചെവിയിൽ ഇയർഫോൺ വച്ച് അവൻ ഏതോ പെണ്ണുമായി സംസാരിക്കുകയാണ്. എന്നെ ഗൌനിക്കാതെ അകത്തുകയറി കസേരയിൽ ഇരുന്നു. ഷൂവും സോക്സും ഊരി ഹാളിന്റെ മൂലയിൽ എറിഞ്ഞു. അപ്പോഴും സംസാരം മുറിയാതിരിക്കാൻ അതീവശ്രദ്ധാലുവാണ്. ഞാൻ അവനറിയാതെ ഫോൺ സംസാരം ശ്രദ്ധിച്ചു. അത് ഇപ്രകാരമാണ്.

സജി: പോകുവാണോ ?
അപ്പുറം: അതെ. കുളിക്കാനുണ്ട്.
സജി: അതിനെന്താ. വെള്ളം വീഴാത്തിടത്ത് ഫോൺവച്ച് ലൌഡ് സ്പീക്കർ ഓൺ ചെയ്യൂ. നമുക്ക് വർത്തമാനം തുടരാം

അതുശരി. അവനവളെ കുളിപ്പിക്കാനുള്ള പുറപ്പാടിലാണ്. ഇനി ഇപ്പോഴൊന്നും നിർത്താൻ പോകുന്നില്ല.

ആരും എന്നോടു സംസാരിക്കാത്തതിനാൽ രാത്രി പത്തരയായപ്പോഴേക്കും മനസ്സിലെ അസ്വസ്ഥത ക്രമാതീതം വർദ്ധിച്ചു. ടെറസിൽ പോയി കുറച്ചധികം സമയം ഉലാർത്തി. വൈവിധ്യങ്ങളായ വിഷയങ്ങളെപ്പറ്റി ചിന്തിച്ചു. ‘ആദി(മ)വാസിയുടെ പ്രഖ്യാപനങ്ങൾ’ എന്ന എന്റെ എഴുതപ്പെടാത്ത കഥയുടെ രൂപരേഖ ചമച്ചു. എന്നിട്ടും അസ്വസ്ഥതക്കു കുറവ് വന്നില്ല. ഏകാന്തതടവിനു ശിക്ഷിക്കപ്പെടുന്നവരുടെ കാര്യം ഞാൻ ആലോചിച്ചു. അതെത്ര ഭീകരമായിരിക്കും. ഏറ്റവും വലിയ ശിക്ഷ മിണ്ടാനും പറയാനും ആരുമില്ലാതിരിക്കുന്ന അവസ്ഥയാണ്. 

നടന്നു കാൽകഴച്ചപ്പോൾ ഞാൻ ഉലാർത്തൽ നിർത്തി. റൂമിലെത്തി പായ വിരിച്ചു കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്. ആരായാലും മിണ്ടില്ലെന്നു എനിക്ക് ഉറപ്പായിരുന്നു. മുരളിയെ സന്ദർശിച്ചശേഷം ഒരാളും ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. രണ്ടാമതും വാതിലിൽ മുട്ട് കേട്ടപ്പോൾ ഉറപ്പായി. ആഗതൻ നമ്മളെ പരിചയമുള്ളവനാണ്. ഈ സമയത്തു ഉറക്കം പിടിക്കാറുള്ള ആളല്ല ഞാനെന്നു അദ്ദേഹത്തിനു അറിയാം. ഞാൻ എഴുന്നേറ്റ് വാതിൽ തുറന്നു. മുന്നിൽ സതീശൻ. അടുത്തുള്ള കെട്ടിടത്തിലെ മുകൾനിലയിൽ താമസിക്കുന്ന വടക്കാഞ്ചേരി സ്വദേശി. ഏതോ കമ്പനിയിൽ അക്കൌണ്ടന്റാണ്. ദിവസവും ലക്ഷക്കണക്കിനു കാശ് അമ്മാനമാടുന്ന പണി. പക്ഷേ മാസാവസാനം പോക്കറ്റിലേക്ക് അധികമൊന്നും വരവില്ല. സതീശനെ കണ്ടപ്പോൾ എന്റെ മുഖം മങ്ങി. അവസാനത്തെ കച്ചിത്തുരുമ്പും കൈ‌വിട്ടുപോയതിൽ ദുഃഖിതനായി. കാരണം സതീശൻ ഒരു സംഭാഷണപ്രിയൻ അല്ല എന്ന അറിവുതന്നെ. അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽപോലും ഇങ്ങോട്ടു മിണ്ടാത്ത കക്ഷിയാണ്. മൂന്നുവർഷമായി സ്ഥിരം കാണുന്നതിനാൽ കാണുമ്പോഴൊക്കെ അദ്ദേഹം ഒന്നു ചിരിക്കുക മാത്രം ചെയ്യും. അതിനു മറുപടിയായി ഏതെങ്കിലും പഴയ മലയാളം പാട്ട് മൂളുകയാണ് എന്റെ രീതി. മൂളുന്ന പാട്ടുകളിൽ എനിക്കിഷ്ടമുള്ളവക്ക് പ്രാമുഖ്യമുണ്ടാകും. കുറേനാൾ ഒരേ പാട്ട് കേൾക്കുമ്പോൾ സതീശൻ അന്വേഷിക്കും.

“വേറെ പാട്ടൊന്നുമില്ലെടേയ്?”

സതീശൻ എന്നോട് സംസാരിച്ചിട്ടുള്ള വാക്കുകളിൽ എൺപതു ശതമാനവും ഈ ‘വേറെ പാട്ടൊന്നുമില്ലടേയ്’ എന്ന ഡയലോഗാണ്. അങ്ങിനെയുള്ള കക്ഷിയാണ് മുന്നിൽ നിൽക്കുന്നത്. സംസാരിക്കുമെന്ന് കരുതുക വയ്യ. എന്റെ പ്രതീക്ഷകൾക്കനുസരിച്ച് വാതിലിനടുത്തെ കസേരയിൽ കിടക്കുന്ന പത്രത്തിനു നേരെ സതീശൻ വിരൽചൂണ്ടി. എല്ലാ ദിവസവും രാത്രി പത്രം വാങ്ങിക്കൊണ്ടുപോയി വായിച്ചു പിറ്റേന്നു കാലത്തു തിരിച്ചേൽ‌പ്പിക്കുന്നത് സതീശന്റെ ശീലമാണ്. മിക്കവാറും പത്തുമണിയോട് അടുത്താണ് പത്രത്തിനായി വരാറുള്ളത്. ഇത്ര വൈകി വരുന്നത് ആദ്യമായാണ്. കസേരയിൽ ചുളിഞ്ഞുകിടന്നിരുന പത്രം ഞാനെടുത്തു കൊടുത്തു. ശുഭരാത്രി നേർന്ന് വാതിൽ ചാരി കുറ്റിയിട്ടു. പിന്തിരിഞ്ഞു നടന്നു തുടങ്ങിയപ്പോൾ അതാ വീണ്ടും വാതിലിൽ മുട്ട്. സതീശൻ തന്നെ. എന്റെ മുഖത്തു ചെറുതല്ലാത്ത നീരസം പരന്നു. ഇവിടെ ആകെ നിരാശനായിരിക്കുമ്പോഴാണ് ഒരുത്തൻ വന്നിരിക്കുന്നത്. അതും വാ തുറന്നു ഒരക്ഷരം പറയാത്ത കക്ഷി. ഞാൻ കാര്യമെന്താണെന്നു ചോദിച്ചു. സതീശൻ ഒന്നും മിണ്ടിയില്ല. പകരം ചിരിച്ചു. ഞാൻ പേടിച്ചു. സതീശന്റെ ചിരിക്ക് മുരളിയുടെ ചിരിയുമായി അത്രയേറെ സാമ്യമുണ്ടായിരുന്നു. ഞാൻ ഉറക്കക്ഷീണമുണ്ടെന്നു കാണിക്കാൻ കണ്ണുതിരുമ്മി. അപ്പോഴാണ് ആ പാട്ടു കേട്ടത്.

“സ്വപ്നലേഖേ നിന്റെ സ്വയംവര പന്തലിൽ ഞാൻ
“പുഷ്പക പല്ലക്കിൽ പറന്നു വന്നു

മിക്കദിവസവും സതീശനെ കാണുമ്പോൾ ഈ പാട്ടാണ് ഞാൻ പാടാറ്. ഇതേ പാട്ടിനാണ് ‘വേറെ പാട്ടൊന്നുമില്ലെടേയ്’ എന്ന മറുപടി കൂടുതൽ കിട്ടിയിട്ടുള്ളത്. ആ പാട്ട് സതീശൻ പാടുകയാണ്. എല്ലാം മറന്നു സ്വരമാധുരിയില്ലാത്ത ശബ്ദത്തിൽ പാടുന്നു. എനിക്ക് വളരെ സന്തോഷമായി. അങ്ങിനെ ഉച്ചക്കുശേഷം ആദ്യമായി ഒരാൾ എന്നോട് മിണ്ടിയിരിക്കുന്നു. സംഭാഷണ വരൾച്ച അവസാനിച്ചിരിക്കുന്നു. സതീശൻ പാടിയതിനു ശേഷമുള്ള രണ്ടുവരി ഞാൻ പാടി.

“എന്റെ മംഗലശ്രീദളമാല ചാർത്താൻ ഭവാൻ
മത്സരക്കളരിയിൽ ജയിച്ചു വന്നൂ”

തിരിച്ചു കിടക്കയിൽ വന്നു കിടന്നു. സന്തോഷത്താൽ വായിൽ വിരൽവച്ചു ചൂളമടിച്ചു. അപ്പുറത്തു കിടക്കുകയായിരുന്ന സജി ഫോൺസംഭാഷണം നിർത്തി എന്നോട് ചോദിച്ചു.

“എന്താടാ ഇത്ര സന്തോഷം?”

അതെ, അവനും സംസാരിച്ചിരിക്കുന്നു.  എനിക്ക് സന്തോഷത്തോടൊപ്പം ദേഷ്യവും തോന്നി. ഇത്രനേരം മിണ്ടാതിരുന്നിട്ട് അവന്റെ ചോദ്യം കേട്ടില്ലേ. എന്തിനാണ് സന്തോഷിക്കുന്നതെന്ന്? അവനാണെങ്കിൽ ഫോൺ താഴെ വച്ചിട്ടില്ല. റൂമിൽ വന്നുകയറിയ സമയം മുതൽ ഓരോരുത്തരെ വിളിച്ചു ശൃംഗരിക്കുകയാണ്. എന്റെ നിയന്ത്രണം പോയി. പായിൽ എഴുന്നേറ്റിരുന്നു സജിയുടെ കഴുത്തുപിടിച്ചു ഞെരിച്ചു. റൂമിൽ കൂടെ താമസിക്കുന്നവനേക്കാളും പ്രാധാന്യം മറ്റുള്ളവർക്കു കൊടുക്കുന്നവനെ കഴുത്തുഞെരിച്ചു കൊല്ലുകയാണ് വേണ്ടത്. സജി ഫോൺ താഴെവച്ച് കഴുത്തിലെ പിടിവിടുവിക്കാൻ ശ്രമിച്ചു.

“എന്നെ വിടടാ. നിനക്കെന്താ പറ്റ്യെ? നീയെന്താ ഒന്നും മിണ്ടാണ്ട് വിസിലടിക്കണേ?”

സജി കൈനീട്ടി എന്റെ കഴുത്തിലും പിടിച്ചു ഞെരിക്കാൻ വിഫലമായി ശ്രമിച്ചു. അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. എനിക്കു മെസേജ് വന്നിരിക്കുന്നു. വോയ്സ് മെസേജ് ആയിരിക്കുമോ. ഞാൻ പ്രത്യാശിച്ചു. സജിയെ വെറുതെവിട്ടു. അവൻ കഴുത്ത് തിരുമ്മി തിരിഞ്ഞുകിടന്നു. എനിക്കു വന്ന മെസേജ് മുരളിയുടെ ആയിരുന്നു.

“ബ്രദർ, നമുക്ക് പറ്റുമെങ്കിൽ നാളെ വൈകീട്ട് ഹെബ്ബാൽ ലേക്കിൽ കാണാം. എന്താ അഭിപ്രായം”

എനിക്കു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. മെസേജ് ഒരുതവണ കൂടി വായിച്ചു. വീണ്ടും കാണുന്നതിനെപ്പറ്റി എന്താ അഭിപ്രായമെന്ന്. ഞാൻ അഭിപ്രായം പെട്ടെന്നു മൊബൈലിൽ ടൈപ്പ് ചെയ്ത് മുരളിക്ക് അയച്ചുകൊടുത്തു. അത് താഴെ പറയും വിധമാകുന്നു.


"സ്വപ്‌നലേഖ, സ്വയംവരപ്പന്തൽ പിന്നെ മൗനത്തിന്റെ നാനാർത്ഥങ്ങളും"

Thursday, June 2, 2011

മുറിച്ചുണ്ടുള്ള പെൺകുട്ടി

ഞാൻ ജീവിതത്തിൽ ആദ്യമായി ചുംബിക്കുന്നത് മുറിച്ചുണ്ടും ലേശം വളഞ്ഞ മൂക്കുമുള്ള ഒരു പെൺകുട്ടിയെയാണ്. സാധാരണ മുറിച്ചുണ്ടുകളുടെ വൈരൂപ്യം ശസ്ത്രക്രിയയിലൂടെ കുറേയൊക്കെ മാറ്റിയെടുക്കാൻ കഴിയുമെങ്കിലും ഞാൻ ചുംബിച്ച പെൺകുട്ടിയുടെ ചുണ്ടുകൾക്കു ശസ്ത്രക്രിയ ഫലപ്രദമായിരുന്നില്ല എന്നുവേണം കരുതാൻ. ചുംബിക്കാൻ ആരും മടിക്കുന്ന വിധം വൈരൂപ്യം മേൽച്ചുണ്ടിനുണ്ടായിരുന്നു. ബൾജ് ചെയ്ത ഫുട്ബോൾ നൂൽ ഉപയോഗിച്ച് ഒരുവിധം തുന്നിച്ചേർത്തപോലെ, മൂക്കിനു താഴെ ചുണ്ടിന്റെ രണ്ടു ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന തൊലി നേർത്ത നിറവ്യത്യാസത്തോടെ വലിഞ്ഞു നിന്നു. കാണുന്നവർക്കു തൊലി ഇപ്പോൾ പൊട്ടുമെന്നു തോന്നും. അതായിരുന്നു മേൽ‌ച്ചുണ്ടിന്റെ അവസ്ഥ. പക്ഷേ വേറെയൊരു കാര്യം പറയാതെ വയ്യ. മേൽച്ചുണ്ടിന്റെ വൈരൂപ്യത്തെ അപ്രസക്തമാക്കും വിധം ഭംഗിയുള്ളതായിരുന്നു പെൺകുട്ടിയുടെ കീഴ്ച്ചുണ്ട്. ആദ്യം ആ കുട്ടിയെ നോക്കിയപ്പോൾ കീഴ്ച്ചുണ്ട് ഉണങ്ങി വരണ്ടിരിക്കുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞ്, ഞാൻ നോക്കുമ്പോൾ തന്നെ, ആ പെൺകുട്ടി നാവ് പുറത്തുനീട്ടി ചുണ്ട് നനച്ചു. പല്ലുകൊണ്ടു കീഴ്ച്ചുണ്ട് അഞ്ചാറുവട്ടം അമർത്തി കടിച്ചു. നടുഭാഗം കുറച്ചു കുഴിഞ്ഞ ഈ സുന്ദരമായ കീഴ്ച്ചുണ്ടിലാണ് ഞാൻ ജീവിതത്തിൽ ആദ്യമായി ചുംബിച്ചത്.

ചുംബിക്കാൻ ആയുമ്പോൾ വൈരൂപ്യമുള്ള മേൽച്ചുണ്ടിനെ ഞാൻ അവഗണിച്ചതല്ല. ചെറിയ ജനലിലൂടെ ഇരച്ചുകയറിയ കാറ്റിലുലയുന്ന പെൺകുട്ടിയുടെ മുടിയിഴകളെ മാടിയൊതുക്കി ചുംബിക്കാൻ ആയുമ്പോൾ ഉന്നംവച്ചത് മേൽച്ചുണ്ടിനെ തന്നെയാണ്. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ? ഞാൻ പറയുന്നു അവിശ്വസിക്കരുതെന്ന്. കാരണം വികലമായവയോടും വ്യത്യസ്തമായ രീതികളോടും എനിക്കെന്നും പ്രത്യേക കമ്പമുണ്ട്. സാമ്പ്രദായികമായ രീതിയിലൂടെ എന്തിനെയെങ്കിലും, അതിപ്പോൾ ചുംബനമായാലും, സമീപിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വിരസമാണ്. എന്നിട്ടും അതേ വിരസതയോടെയാണ് ഇന്നുവരെ പല കാര്യങ്ങളും ചെയ്തു പോന്നിട്ടുള്ളത്. മറ്റുവഴികൾ ഇല്ലാത്തതിനാൽ ചെയ്യാൻ നിർബന്ധിതനായി എന്നു പറയുന്നതാണ് കൂടുതൽ ഉചിതം.

നിങ്ങളോട് തുറന്നു പറയാൻ മടിയില്ല. എന്തെന്നാൽ കാല്പനികമായ ചുംബനരീതികളെ തകർത്തുകളയാം എന്ന ‘പ്രലോഭനം’ കൊണ്ടാണ് ഞാൻ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ചുംബിക്കാൻ തീരുമാനിച്ചത്. പ്രലോഭനത്തോടൊപ്പം പ്രതികൂലമായ സാഹചര്യങ്ങളും എന്നെ ഉത്തേജിപ്പിച്ചിരിക്കണം. ഞായറാഴ്‌ച ദിവസം. ഐലൻഡ് എക്സ്പ്രസ്സിലെ തിരക്കുള്ള ജനറൽ കമ്പാർട്ട്മെന്റ്. നാലുപേർക്ക് ഇരിക്കാനുള്ള നീളൻ സീറ്റിൽ ആറുപേരുണ്ട്. താഴെ, നിലത്തു ഏതാനും പേർ സുഖസുഷുപ്തിയിൽ. ലാഗേജ് വയ്ക്കാനുള്ള സ്ഥലത്തിരിക്കുന്ന ഏതാനും പേർ അർദ്ധമയക്കത്തിലും മറ്റുചിലർ ചീട്ടുകളിയിലും വ്യാപൃതർ. ഇത്രയും എനിക്കു പ്രതികൂലമായ കാര്യങ്ങൾ. നീളൻസീറ്റിന്റെ ജനലരുകിലുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്ന എനിക്കു, തൊട്ടു മുകളിലെ ട്യൂബ്‌ലൈറ്റ് കത്തുന്നില്ല എന്നതു മാത്രമാണ് അനുകൂല ഘടകം. അനുകൂലവും പ്രതികൂലവുമല്ലാത്ത ഒരു ഘടകം കൂടിയുണ്ട്. അത് ആ പെൺകുട്ടിയാണ്. സ്ത്രീകളുമായി അടുത്ത് ഇടപഴകുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത എനിക്ക് ആ പെൺ‌കുട്ടിയുടെ മനസ്സിലിരിപ്പിനെ പറ്റി തികഞ്ഞ അജ്ഞതയായിരുന്നു. അതാണ് പച്ച പരമാർത്ഥം. എന്നിട്ടും ഇരുപതുവയസ്സു തോന്നിക്കുന്ന പെൺ‌കുട്ടിയെ ചുംബിക്കാൻ ഇരുപത്തഞ്ചുകാരനായ എനിക്കുള്ള പ്രലോഭനം എന്തായിരുന്നു? ആണയിട്ടു പറയട്ടെ, ലൈംഗികമായ എന്തെങ്കിലും താല്പര്യമോ ആവേശമോ അതിനു പിന്നിൽ പ്രവർത്തിച്ചിട്ടില്ല. മറിച്ച്, വിരോധാഭാസമായി തോന്നാമെങ്കിലും, സമൂഹത്തിലെ പലരും പുലർത്തി പോരുന്ന (ഒരു കാലം കഴിഞ്ഞാൽ ഞാനും പുലർത്തേണ്ട) ലൈംഗികരീതികളോടുള്ള അഭിപ്രായവ്യത്യാസം, പൊരുത്തപ്പെട്ടു പോകാനുള്ള വിമുഖത എന്നിങ്ങനെയുള്ള നെഗറ്റീവ് അംശങ്ങളുടെ മൂർദ്ധന്യതയിലാണ് ഞാൻ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ചുംബിക്കാൻ തീരുമാനിച്ചത്. പ്രസ്തുത പെൺ‌കുട്ടിക്കു സാധാരണ ചുണ്ട് ആയിരുന്നെങ്കിൽ ഞാൻ ചുംബിക്കില്ലായിരുന്നു എന്നത്, മേൽ‌പ്പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, നിസ്സംശയമാണ്.

ഇവിടെ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയും ഞാനും മാത്രമേ കഥാപാത്രങ്ങളായിയുള്ളൂ എന്നു കരുതരുത്. അതു ശരിയല്ല. മറ്റൊരു വ്യക്തി അണിയറയിലും ഇടക്കു അരങ്ങത്തും സജീവമായി ഉണ്ട്. ഒഴിച്ചുകൂടാനാകാത്ത കഥാപാത്രമായ അദ്ദേഹത്തെയും ഈ കഥയിൽ പരാമർശിക്കാതെ തരമില്ല. ടിയാൻ ഒരു ചെറുപ്പക്കാരനാണ്. വയസ്സ് ഏകദേശം മുപ്പത് തോന്നിക്കും. മീശയില്ലെങ്കിലും കാണാൻ സുന്ദരൻ. സുമുഖൻ. യോഗ്യൻ. ‘ഒറാക്കിൾ’ കമ്പനിയിലാണ് ജോലിയെന്ന് ഓവർകോട്ടിലെ ലോഗോയിൽനിന്നു ഊഹിക്കാം. ഈ ചെറുപ്പക്കാരൻ ഇല്ലാതെ ഐലാൻഡ് എൿസ്‌പ്രസ്സ് തൃശൂരിൽനിന്നു യാത്ര ആരംഭിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അത്രക്ക് സുനിശ്ചിതമാണ് അദ്ദേഹത്തിന്റെ സാന്നിധ്യം. കമ്പാർട്ട്മെന്റിൽ കയറിയാൽ അദ്ദേഹത്തിന്റെ അടുത്ത പരിപാടികൾ എന്തൊക്കെയാണ് എനിക്കറിയാം. ഒന്നാമത്, കയറുന്ന വേളയിൽ തന്നെ ടോയ്ലറ്റിൽ കയറി മൂത്രശങ്ക തീർക്കും. ചിലപ്പോൾ ജെട്ടിയൂരി ജീൻസിന്റെ പോക്കറ്റിൽ തിരുകിയായിരിക്കും തിരിച്ചുവരിക. ഇത് എനിക്കു മനസ്സിലായത് ഒരിക്കൽ അബദ്ധവശാൽ ‘Frenchie’ എന്ന പേര് പോക്കറ്റിൽ‌നിന്നു തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടാണ്. അതേ സമയം തന്നെ എല്ലാ തവണയും അദ്ദേഹം ഇങ്ങിനെ ചെയ്യാറില്ല എന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചില യാത്രകളിൽ മാത്രമേ അദ്ദേഹം അടിവസ്ത്രം ഊരി യാത്ര ചെയ്യാറുള്ളൂ. ഒരുകാര്യം കൂടി പറയാതെ അദ്ദേഹത്തിന്റെ ഈ വിചിത്രമായ പ്രവൃത്തിയെപ്പറ്റി സൂചിപ്പിക്കുന്നത് നീതികേടായിരിക്കും. കാര്യമിതാണ്. അദ്ദേഹം ടോയ്ലറ്റിൽ പോയി അടിവസ്ത്രം ഊരിവരുന്നത് കമ്പാർട്ട്മെന്റിലെ ഏതെങ്കിലും സ്ത്രീകളെ ഉന്നംവച്ചല്ല തന്നെ. അദ്ദേഹം സ്ത്രീകളോ പെൺ‌കുട്ടികളോ ഇല്ലാത്ത ഒരിടത്തേ നിൽക്കൂ. നൂറു ശതമാനം ഉറപ്പു പറയുന്നു. സ്വവർഗപ്രേമിയുമല്ല എന്നു കൂടി കൂട്ടിച്ചേർത്താൽ അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിനു പിന്നിൽ എന്തെങ്കിലു, അണുബാധ പോലുള്ള, നിസാരമായ ആരോഗ്യകാരണങ്ങൾ ആകാനേ തരമുള്ളൂ എന്നു ഊഹിക്കാവുന്നതാണ്.

ടോയ്ലറ്റിൽ നിന്നു ഇറങ്ങിയാൽ അദ്ദേഹം കിടക്കാനുള്ള ചിട്ടവട്ടങ്ങളിലേക്കു കടക്കും. കമ്പാർട്ട്മെന്റിലെ ലാഗേജ് സീറ്റുകളിൽ ഒന്നു ഓടിച്ചുനോക്കും. സീറ്റിൽ ഇരിക്കുന്നവർക്കു മുകളിലോ, വശങ്ങളിലെ വീതി കുറഞ്ഞ തട്ടിലോ എവിടെയെങ്കിലും കഷ്ടിച്ചു കിടക്കാനുള്ള സ്ഥലം കണ്ടാൽ ഉടൻ അവിടെ തപ്പിപ്പിടിച്ചു കയറും. കിടക്കും. ഉറങ്ങും. ഇനി ലാഗേജ് വക്കാനുള്ള സ്ഥലങ്ങൾ നിറഞ്ഞിരിക്കുകയാണെങ്കിൽ നിലത്തുകിടക്കും. സമാധാനത്തോടെ ശാന്തനായി ഉറങ്ങും. അപൂർവ്വമായി സീറ്റിനടിയിൽ കിടന്നും യാത്ര ചെയ്യാറുണ്ട്. ചുരുക്കത്തിൽ രണ്ടുകാര്യങ്ങളിൽ ഞാൻ ഉറപ്പു പറയുന്നു. ഒന്ന്, അദ്ദേഹം സീറ്റിൽ ഇരുന്നു യാത്ര ചെയ്യാറില്ല. രണ്ട്, സ്ത്രീകളോട് പ്രത്യേക മമത കാണിക്കാറില്ല.

മേൽ‌പ്പറഞ്ഞ കണക്കുകൂട്ടലുകൾ സുദൃഢമാണ്. ദീർഘനാൾ നിരീക്ഷിച്ചതിൽ നിന്നു കിട്ടിയ തെളിവുകളിന്മേൽ പടുത്തുയർത്തിയവ. അവ പിഴക്കില്ല എന്നൊക്കെയായിരുന്നു എന്റെ ധാരണ. പക്ഷേ അത്തരം ധാരണയെല്ലാം തകർത്തെറിഞ്ഞുകൊണ്ട് ഒരുദിവസം അദ്ദേഹം സീറ്റിൽ ഇരിക്കാൻ ശ്രമിച്ചതും ഒരു പെൺകുട്ടിയെ സംശയകരമായ രീതിയിൽ ഒളികണ്ണിട്ടു നോക്കിയതുമാണ് മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ഞാൻ ശ്രദ്ധിക്കാനും പിന്നീട് വ്യത്യസ്തതക്കു വേണ്ടി ചുംബിക്കാനും ഇടയാക്കിയ സംഭവങ്ങൾക്കു നാന്ദി കുറിച്ചത്. അങ്ങിനെ എനിക്കും പെൺകുട്ടിക്കുമിടയിൽ ഇദ്ദേഹം പ്രധാന കഥാപാത്രമായി മാറുന്നു.

പതിവുപോലെ അന്നു ഞായറാഴ്ച തൃശൂർ റയിൽ‌വേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഐലൻഡ് എക്സ്പ്രസ്സ് എത്തിയപ്പോൾ കമ്പാർട്ട്മെന്റിലെ ജനലിലൂടെ ഞാൻ പുറത്തേക്കു നോക്കി. നമ്മുടെ കഥാപാത്രം ജനലുകളിലൂടെ നോട്ടമയച്ച് കമ്പാർട്ട്മെന്റിലെ തിരക്കു നോക്കുന്നതും വാതിൽ വഴി അകത്തുകയറുന്നതും കണ്ടു. പിന്നത്തെ പോക്ക് ടോയ്ലറ്റിലേക്കായിരിക്കുമെന്ന് അറിയാവുന്നതിനാൽ ഞാൻ നോട്ടം പിൻവലിച്ചു. ജെട്ടി ഊരിയിട്ടുണ്ടോ എന്നേ ഇനി ശ്രദ്ധിക്കാനുള്ളൂ. രണ്ടുമിനിറ്റിനു ശേഷം അദ്ദേഹം പുറത്തുവന്നു. ജീൻസിന്റെ പോക്കറ്റ് വീർത്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നുവച്ചാൽ ജീൻസിനകത്തെ അന്തേവാസികൾ ഇപ്പോൾ സ്വതന്ത്രരാണ്. ഞാൻ നിന്നിരുന്ന ഭാഗത്തെ ലാഗേജ് സ്ഥലം ഏതാണ്ട് കാലിയായിരുന്നു. അവിടെ ഒരാൾക്കു കിടക്കാവുന്ന സ്ഥലമുണ്ട്. അത്ര നാളത്തെ പരിചയംവച്ചു നോക്കിയാൽ അദ്ദേഹം അവിടെ കയറി തലചായ്ക്കുമെന്നത് നിശ്ചയമാണ്. അതിനു സൌകര്യമൊരുക്കി ഞാൻ എതിർവശത്തേക്കു നീങ്ങിനിന്നു. എന്നാൽ ഞാൻ നിൽക്കുന്ന ഇടത്തേക്കു തിടുക്കത്തിൽ വരികയായിരുന്ന അദ്ദേഹം ആ സ്ഥാനമാറ്റത്തിൽ വിഷണ്ണനായി. അതാണ് സത്യം. ആ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു. എനിക്കു അരികിലെത്തി ചെറുപ്പക്കാരൻ എന്റെ എതിർ‌വശത്തു നിൽ‌പ്പായി. അതായത് അന്നു അദ്ദേഹം കിടക്കുന്നില്ല എന്ന്. എന്തൊരു അൽഭുതം. നിന്നുകൊണ്ടു യാത്ര ചെയ്യാനാണോ തീരുമാനിച്ചിരിക്കുന്നത്. അതോ കുറച്ചുനേരം മാത്രം നിന്നിട്ടു കിടക്കാമെന്നോ? എന്റെ ആശ്ചര്യത്തിനു ആക്കംകൂട്ടി അദ്ദേഹം എനിക്കു പിന്നിൽ സീറ്റിലിരിക്കുന്ന ആരേയോ ഇമവെട്ടാതെ നോക്കാൻ തുടങ്ങി. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. ഇങ്ങിനെയൊരു പ്രതികരണം ആദ്യമാണല്ലോ. എന്താണിത്ര പിന്നിലേക്കു നോക്കാനുള്ളത്. ഞാൻ തലതിരിച്ചു നോക്കി. മുറിച്ചുണ്ടുള്ള പെൺകുട്ടിയെ അപ്പോഴാണ് കാണുന്നത്.

ഇനി പെൺ‌കുട്ടിയെപ്പറ്റി കുറച്ചു കാര്യങ്ങൾ. അവയ്ക്കു ഈ കഥയിൽ പ്രത്യേക പ്രാധാന്യം ഇല്ലെങ്കിലും അവഗണന അർഹിക്കുന്നില്ല. ഈ കഥയിലെ നായികയായ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ഞാൻ കാണുന്നത് ആദ്യമായല്ല. നിങ്ങൾ അൽഭുതപ്പെട്ടെങ്കിൽ അതിന്റെ കാര്യമില്ലെന്നു പറയട്ടെ. കാരണം ഐലൻഡ് എക്സ്‌പ്രസ്സിൽ മൂന്നു കൊല്ലത്തോളമായി ഏതാണ്ട് ഒന്നിടവിട്ടുള്ള ആഴ്ചകളിൽ സ്ഥിരയാത്രക്കാരനായതിനാൽ ഞാൻ എല്ലാതവണയും പരിചയമുള്ള മൂന്നുപേരെയെങ്കിലും ട്രെയിനിൽ കണ്ടുമുട്ടാറുണ്ട്. എനിക്കു മാത്രമല്ല സ്ഥിരയാത്രക്കാരായ പലർക്കും, മുമ്പു പറഞ്ഞ ചെറുപ്പക്കാരൻ ഉൾപ്പെടെ, കമ്പാർട്ട്മെന്റിലെ പലരേയും പരിചയമുണ്ടായിരിക്കും. ഈ പെൺകുട്ടിയെ സംബന്ധിച്ചാണെങ്കിൽ അവർ സ്ഥിരമായി യാത്ര ചെയ്യുന്ന തരക്കാരിയല്ല എന്നതാണ് ശരി. എങ്കിലും ഈ കുട്ടിയെ മുമ്പ് കണ്ടിട്ടുണ്ടല്ലോ എന്ന ചിന്തയിൽ എന്നെ എത്തിച്ചത് അവരുടെ മുറിച്ചുണ്ടാണ്. ആൾക്കൂട്ടത്തിനിടയിൽ ആ ചുണ്ട് അവരെ വ്യക്തമായി വേർതിരിച്ച് നിർവചിക്കുന്നുണ്ടായിരുന്നു. തിരിച്ചറിയാൻ വളരെ എളുപ്പം. അല്ലെങ്കിൽ അധികം ഓർമ്മശക്തിയില്ലാത്ത എനിക്കു ആ കുട്ടിയെ ഓർമ്മ വരില്ലായിരുന്നു.

മുറിച്ചുണ്ടുള്ള പെൺ‌കുട്ടി കാണാൻ സുന്ദരിയായിരുന്നു. അധികം വണ്ണമില്ലാത്ത വയർ. അരക്കെട്ടിനു ആർട്ടിസ്റ്റ് നമ്പൂതിരി വരക്കുന്ന സ്ത്രീ ചിത്രങ്ങളുടെ ആകൃതി. ഇറുകിയ ചുരിദാറിൽ അതു ഏറെ വ്യക്തം. പക്ഷേ അരക്കെട്ടിന്റെ ആകൃതി മൊത്തം കളഞ്ഞുകുളിക്കുന്ന ശുഷ്കമായ മാറിടമായിരുന്നു പെൺ‌കുട്ടിക്ക്. ലൈംഗികമോഹങ്ങൾ ഇല്ലാതിരുന്നതിനാൽ അത് വലിയ അഭംഗിയായി എനിക്കു തോന്നിയുമില്ല. പെൺ‌കുട്ടിയുടെ അരികിൽ വലിയൊരു ബാഗുണ്ടായിരുന്നു. നഴ്സിങ്ങ് വിദ്യാർത്ഥിയായിരിക്കാൻ സാധ്യത ഏറെയാണ്. വീട്ടിൽ‌നിന്നു മാങ്ങ, പപ്പായ പോലുള്ള പഴങ്ങൾ ബാംഗ്ലൂരിലേക്കു കൊണ്ടുവരുന്നത് നഴ്സിങ്ങ് വിദ്യാർത്ഥികളുടെ പതിവാണ്. എനിക്കിതു മനസ്സിലായത് ഒരിക്കൽ ഓണത്തിന്റെ പിറ്റേന്നുള്ള യാത്രയിലാണ്. ചാലക്കുടിയിൽ നിന്നു കയറാൻ ഏറെ ബുദ്ധിമുട്ടി. കാലുകുത്താൻ കൂടി സ്ഥലമില്ലായിരുന്നു. ഒരു പെൺകുട്ടി നിലത്തുവച്ചിരിക്കുന്ന അവരുടെ വലിയ ബാഗിനു മുകളിൽ ഇരുന്നോളാൻ, അനുവാദം ചോദിക്കാതെ തന്നെ, എന്നോടു പറഞ്ഞു. ആദ്യം മടിച്ചെങ്കിലും പെൺകുട്ടിയുടെ മുഖത്തെ കൂസലില്ലായ്മ കണ്ടപ്പോൾ ഇരുന്നു. കുറച്ചുനേരം സുഖമായിരുന്നു. പിന്നീട് പിന്നിലെന്തൊ കൊച്ചുമുള്ളുകൾ കുത്തിക്കയറുന്ന പോലെ തോന്നി. കയ്യിലുണ്ടായിരുന്ന മാസിക ബാഗിൽ വച്ച് അതിലിരുന്നു. അങ്ങിനെ ആ പ്രശ്നം പരിഹരിച്ചു. കെ‌ആർ പുരത്തു ട്രെയിനിൽ‌നിന്നു ഇറങ്ങാൻ നേരമാണ് ഒരു ചക്കമുറിയുടെ മുകളിലാണ് ഞാൻ ഇരുന്നതെന്നു പെൺ‌കുട്ടി എന്നോടു പറയുന്നത്. നാട്ടിൽനിന്നു സാധനങ്ങൾ കടത്തുന്നതിൽ ആൺ‌കുട്ടികളും ഒട്ടും പുറകിലല്ല.

ചെറുപ്പക്കാരൻ തുറിച്ചു നോക്കുന്ന പെൺ‌കുട്ടിയെ ആദ്യകാഴ്ചയിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞു. അവരുടെ ചുണ്ടിന്റെ വ്യത്യസ്തത മനസ്സിൽ അത്രക്കു ആഴത്തിൽ പതിഞ്ഞിരുന്നു. പെൺ‌കുട്ടിയുടെ അടുത്തിരിക്കാൻ, കുറച്ചു കൂടി തെളിച്ചുപറഞ്ഞാൽ അവരുടെ മുറിച്ചുണ്ട് എപ്പോഴും കാണാനായി അടുത്തിരിക്കാൻ, എനിക്കു ആഗ്രഹം തോന്നി. ആദ്യം കണ്ട അവസരത്തിലും എനിക്കു ഇതേ ആഗ്രഹം തോന്നിയിരുന്നു. അന്നു പെൺ‌കുട്ടി ഞാൻ നിന്നിടത്തുനിന്നു കുറച്ചധികം ദൂരെയാണ് ഇരുന്നിരുന്നത്. കൂടെയാണെങ്കിൽ ഒരുപാട് കൂട്ടുകാരികളും. അങ്ങിനെ ആ അവസരം പാഴായി. ഇപ്പോൾ പഴയ മോഹത്തിനു വീണ്ടും ചിറക് വച്ചിരിക്കുന്നു. ഭാഗ്യമെന്നേ പറയേണ്ടൂ, ട്രെയിൻ പാലക്കാടിൽ എത്തിയപ്പോൾ ഒരാൾ എഴുന്നേറ്റു പോയി. ഞാൻ പെൺകുട്ടിയുടെ അരുകിലായി ഇരുന്നു. ഇരുന്ന ഉടനെ എനിക്കു ചുംബിക്കാൻ ആഗ്രഹമുണ്ടായി എന്നൊന്നും കരുതരുത്. ചുംബിക്കണം എന്ന ചിന്തപോലും എന്നിലപ്പോൾ ഇല്ലായിരുന്നു. സേലം വരെ ഞാൻ ആ കുട്ടിയെ അധികം ശ്രദ്ധിച്ചില്ല. ഇടക്കിടെ അവരുടെ മാംസളമായ അരക്കെട്ടിന്റെ ചൂട് എന്നിലേക്കു പടരുമ്പോൾ മുറിച്ചുണ്ടിൽ ഒന്നു നോക്കുക മാത്രം ചെയ്തു. അപ്പോൾ പിന്നെ ചുംബിക്കണമെന്ന ആഗ്രഹം എപ്പോഴാണ് എന്നിൽ തലനീട്ടിയത്? അതിനു കാരണക്കാരൻ മുമ്പു സൂചിപ്പിച്ച ചെറുപ്പക്കാരനാണ്.

പതിവിനു വിരുദ്ധമായി സീറ്റിലിരിക്കാൻ ഒരിടം തേടിയ അദ്ദേഹത്തിനും ഒരു സീറ്റു കിട്ടി. കുറച്ചു സമയം കാക്കേണ്ടിവന്നെന്നു മാത്രം. എന്റെ ഇരിപ്പിടത്തിന്റെ എതിർസീറ്റിലാണ് അദ്ദേഹം ഇരുന്നത്. ആ ബെഞ്ചിൽ ഒരു സ്ത്രീയും ഇല്ലായിരുന്നു എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം അവിടെ ഇരിക്കില്ലായിരുന്നു. തീർച്ച. ഇരുന്നു അഞ്ചുമിനിറ്റിനുള്ളിൽ
ചെറുപ്പക്കാരൻ ഉറക്കമായി. അതു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ട്രെയിനിന്റെ ഉലച്ചിലിനേയും ട്യൂബുലൈറ്റുകളുടെ വെളിച്ചത്തേയും ഗൌനിക്കാതെ ഗാഢനിദ്രയിൽ അമരാൻ അസാമാന്യ കഴിവാണ്. എനിക്ക് അക്കാര്യത്തിൽ അദ്ദേഹത്തോട് അസൂയ ഉണ്ട്.. ഞാൻ ട്രെയിനിൽ ഇരുന്നു ഉറങ്ങിയിട്ടുള്ള സന്ദർഭങ്ങൾ മൂന്നു കൊല്ലത്തിനിടക്കു അപൂർവ്വമാണ്. വെളിച്ചത്തിന്റെ ചെറിയ കീറ് കണ്ടാൽ മതി. പിന്നെ രക്ഷയില്ല. ട്രെയിൻ യാത്രകൾ എനിക്കു പ്രശ്നമാകുന്നത് ഉറക്കക്ഷീണം കൊണ്ടുമാത്രമാണ്.

പെൺ‌കുട്ടിയുടെ മുറിച്ചുണ്ടിൽ നോക്കിയും ഇടക്കു ചെറുപ്പക്കാരൻ ജെട്ടി കുത്തിനിറച്ച ജീൻസിന്റെ പോക്കറ്റിലെ മുഴുപ്പിൽ നോക്കിയും ഞാൻ സമയം തള്ളിനീക്കി. ട്രെയിൻ ഈറോഡിലെത്തി. അവിടെവച്ച് ചില നാടകീയ സംഭവങ്ങൾ അരങ്ങേറി. ചെറുപ്പക്കാരൻ ഇരുന്ന, എന്റെ എതിർസീറ്റിൽ നിന്നു രണ്ടുപേർ എഴുന്നേറ്റു ഇറങ്ങിപ്പോയി. പകരം രണ്ടു തമിഴ് യുവതികൾ അവിടെ വന്നിരുന്നു. അവരിൽ ഒരാൾ വിവാഹിതയും മറ്റേ ആൾ അവിവാഹിതയുമാണെന്നു ഞാൻ ഊഹിച്ചു. വിവാഹിതയായ യുവതി സിന്ദൂരം തൊട്ടിരുന്നു. ഇപ്പോൾ ചെറുപ്പക്കാരന്റെ അരികിൽ ഇരിക്കുന്നത് കറുപ്പിന്റെയും അഴകിന്റെയും പര്യായമായ അവിവാഹിതയുവതിയാണ്!!. നമ്മുടെ കഥാപാത്രം ഇതൊന്നും അറിയാതെ കാലുകൾ എതിർസീറ്റിന്റെ അടിയിലേക്കു നീട്ടിവച്ച് അഭാസമായ, കാണൂന്നവർക്കു ലൈംഗിക ഉത്തേജനം ലഭിക്കുന്ന, പോസിൽ കിടന്നു. യുവതി വന്നിരുന്ന കാര്യം പരോക്ഷമായി അറിയിക്കാൻ ഞാൻ കാലിൽ പതുക്കെ ചവുട്ടി. അതുകൊണ്ടുണ്ടായ ഫലം, കാൽ പിൻ‌വലിച്ച് അദ്ദേഹം യുവതിയുടെ ശരീരത്തിലേക്കു മെല്ലെ ചാഞ്ഞു. ഉണരുമ്പോൾ യുവതി അടുത്തിരുന്ന കാര്യം അറിയും. അപ്പോൾ എങ്ങിനെയായിരിക്കും ചെറുപ്പക്കാരൻ പെരുമാറുക.  അതു ഓർത്ത് എനിക്കു രസം കയറി. ഞാൻ പിന്നെ ഉണർത്താൻ പോയില്ല. ഈറോഡിൽ നിന്നു വണ്ടി ഇളകി. തണുത്തകാറ്റ് അകത്തേക്കു അടിച്ചുകയറി. കുറച്ചുസമയം പുറത്തേക്കു നോക്കി ഇരുന്നു. മടുത്തപ്പോൾ മുന്നോട്ടു കുനിഞ്ഞ് തല കൈകൾക്കുള്ളിലാക്കി കിടന്നു. ഏകദേശം അരമണിക്കൂർ അങ്ങിനെ അർദ്ധമയക്കത്തിൽ കടന്നു പോയിരിക്കണം. ഇടക്കൊരു കുലുക്കത്തിൽപെട്ട് തല ഉയർത്തിയപ്പോൾ ഞാൻ കണ്ടത് വിശ്വസിക്കാനാകാത്ത കാഴ്ച്ചയാണ്. ചെറുപ്പകാരനു അരികിലിരുന്ന തമിഴ് യുവതി അദ്ദേഹത്തെ ചുംബിക്കുന്നു!! ചെറുപ്പക്കാരൻ ഇരിക്കുന്ന പോസിനു ചെറിയ മാറ്റങ്ങളുണ്ട്. ആരുടേയോ ബാഗിനു മുകളിൽ തല യുവതിക്കു അഭിമുഖമായി ചാരിവച്ചാണ് അദ്ദേഹം ഉറങ്ങുന്നത്. ‘ഹോളി സ്മോക്ക്‘ സിനിമയിൽ വിവസ്ത്രയായ കേറ്റ് വിൻ‌സ്ലറ്റ് നായകനെ ചും‌ബിക്കുന്ന പോലെ നിരന്തരം, വേഗത്തിൽ, യുവതി ചെറുപ്പക്കാരനെ ചും‌ബിക്കുകയാണ്. എനിക്ക് ആകാംക്ഷയായി. അദ്ദേഹത്തിന്റെ സ്ത്രീവിരോധം മുൻ‌നിർത്തി ചിന്തിച്ചാൽ ഇങ്ങിനെ വരാൻ ന്യായമില്ലല്ലോ? ഇനി പെൺ‌കുട്ടി ചുംബിക്കുന്നത് ചെറുപ്പക്കാരൻ ഇനി അറിയുന്നില്ലായിരിക്കുമോ? ഉടൻ തന്നെ ആ സംശയം തിരുത്തി. വളരെക്കാലത്തിനു ശേഷം സ്വയമൊരു തെറി വിളിക്കുകയും ചെയ്തു.

ഇത്തരം സന്ദർഭങ്ങളിൽ സ്വാഭാവികമായി പെരുമാറുന്നതു പോലെ ഞാൻ മുഖം തിരിച്ചു. ഒരിക്കൽ ലാൽ‌ബാഗിൽ ഏതോ കമിതാക്കൾ പരസ്പരം ചുംബിക്കുന്നതു കണ്ടപ്പോഴും എം.ജി റോഡിലെ ഗരുഡമാളിൽ ഷോപ്പുകൾ അധികമില്ലാത്ത അഞ്ചാം നിലയിൽ രണ്ടു ആണുങ്ങൾ ചുംബിക്കുന്നതു കണ്ടപ്പോഴും ഞാൻ ഒഴിഞ്ഞുപോവുകയാണ് ചെയ്തത്. മറ്റുള്ളവരുടെ സ്വകാര്യതയിൽ കട്ടുറുമ്പ് ആകേണ്ട കാര്യമില്ല. അത് ഒരു ഉദാത്തസമീപനമാകുന്നു. എന്റെ കയ്യിൽ ക്യാമറയുള്ള മൊബൈൽ എപ്പോഴുമുണ്ട്. അതു ഉപയോഗിച്ച് ചെറുപ്പക്കാരന്റേയും യുവതിയുടേയും ചുംബനസീൻ അവരറിയാതെ നിഷ്‌പ്രയാസം ഷൂട്ട് ചെയ്യാവുന്നതേയുള്ളൂ. ചുംബനത്തിൽ അത്യധികം മുഴുകിയിരിക്കുന്ന, കുറച്ചുനേരമായിക്കാണും ആരംഭിച്ചിട്ട്, അവർ എന്റെ പ്രവൃത്തി അറിയാനേ പോകുന്നില്ല. ഒരുപക്ഷേ ഇത്തരം അനുകൂല സഹചര്യങ്ങൾ തന്നെയായിരിക്കും എന്നെ പ്രസ്തുത ഉദ്യമത്തിൽനിന്നു പിന്തിരിപ്പിച്ചത്. വെല്ലുവിളിയുടെ അഭാവത്തിൽ ഉത്സാഹം എന്നിൽ കെട്ടുപോകുന്നു. പ്രതികൂല സാഹചര്യങ്ങൾ ഉത്സാഹത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

ഞാൻ ചുംബിക്കുന്നവരെ അവരുടെ പാട്ടിനു വിട്ടു. മുറിച്ചുണ്ടുള്ള പെൺ‌കുട്ടി എന്റെ തോളിൽ തലചാരി ഉറങ്ങുകയാണ്. അങ്ങിനെ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായിരുന്നു. എനിക്കു പുറം വേദനിക്കുന്നുണ്ടായിരുന്നു. ഒന്നു അനങ്ങിയിരിക്കാമെന്നു കരുതിയാൽ അതു പെൺ‌കുട്ടിയെ ഉണർത്തിയേക്കാം. അതിനു എനിക്കു വിമുഖത തോന്നി. ഞാൻ പുറത്തേക്കു നോക്കി. ജനലിലൂടെ അടിച്ചുകയറി വരുന്ന കാറ്റിനു തണുപ്പ് കൂടുതലാണ്. കോട്ടിന്റെ സിബ്ബ് കഴുത്തുവരെ വലിച്ചിട്ടു. തണുപ്പിന്റെ കാര്യമോർത്ത് പെൺകുട്ടിക്കു നേരെ തിരിഞ്ഞു. അവർക്കു കോട്ട് ഒന്നുമില്ലായിരുന്നു. മഞ്ഞനിറത്തിലുള്ള നേർത്ത ഷാൾ മാത്രം. അതുതന്നെ ശുഷ്കമായ മാറിടം വെളിപ്പെടുത്തി സ്ഥാനംതെറ്റി കിടക്കുന്നു. പെൺ‌കുട്ടിയെ കാറ്റിൽ‌നിന്നു രക്ഷപ്പെടുത്താൻ ഞാൻ കുറച്ചു മുന്നോട്ട് ആഞ്ഞിരുന്നു. അതോടെ പെൺ‌കുട്ടി എന്റെ തോളിലേക്കു കൂടുതൽ പറ്റിച്ചേർന്നു. മുഖം കഴുത്തിൽ മുട്ടി. അന്തം‌വിട്ടു ഉറങ്ങുന്ന പെൺ‌കുട്ടിയുടെ വായ ലേശം തുറന്നിരുന്നു. മേൽച്ചുണ്ടിന്റെ അഭാവം നിമിത്തം പതിവിലും കൂടുതൽ ഉച്‌ഛ്വാസവായു പുറത്തേക്കു വരുന്നുണ്ട്. ഉച്ഛാസവായുവിന്റെ ചൂടിൽ എന്റെ രോമകൂപങ്ങൾ ഉണർന്നു. പെൺ‌കുട്ടിയുടെ അരക്കെട്ടിന്റെ മാർദ്ദവം മനസ്സ് അയവിറക്കാൻ തുടങ്ങി. അങ്ങിനെ കുറച്ചുസമയം കഴിഞ്ഞു. അപ്പോൾ ചിന്തയിലേക്കു ഭ്രാന്തമായ ഒരു ആശയം കടന്നുവന്നു. പെൺ‌കുട്ടിയുടെ മുറിച്ചുണ്ടിൽ ചുംബിക്കുക. എല്ലാവരും ചുംബിക്കാൻ മടിക്കുന്ന മുറിച്ചുണ്ടിൽ തന്നെ ചുംബിച്ച് ആ പെൺ‌കുട്ടിയെ വിശുദ്ധയാക്കുക. ഞാൻ കാഴ്ചയിൽ സുന്ദരനാണ്. അതുകൊണ്ട് എന്റെ ചുംബനത്തിലൂടെ മുറിച്ചുണ്ടിനെ പറ്റിയുള്ള അപകർഷതാബോധം പെൺ‌കുട്ടിയിൽ‌നിന്നു ഒഴിവായേക്കാം എന്ന ചിന്ത എന്നിൽ രൂഢമൂലമായി.

ഞാൻ ചുറ്റിലും നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. ചെറുപ്പക്കാനും യുവതിയും ചുംബിക്കൽ മതിയാക്കി മയങ്ങുന്നു. മുകളിൽ ലാഗേജ്സീറ്റിന്റെ ഇടതുവശത്തു മൂന്നുപേർ ചീട്ടുകളിക്കുന്നുണ്ട്. പക്ഷേ അവർക്കു എന്നെയോ പെൺകുട്ടിയേയോ കാണാനാകില്ല. ഞാൻ മനസ്സിനെ സ്വസ്ഥമാക്കി പത്തുവരെ എണ്ണി. തോളിൽ വിശ്രമിക്കുന്ന പെൺ‌കുട്ടിക്കു നേരെ മുഖം തിരിച്ചു. അവരുടെ മേൽച്ചുണ്ടിനെ ലക്ഷ്യമാക്കി സാവധാനം മുഖം അമർത്തി. പക്ഷേ യാദൃശ്ചികമെന്നേ പറയേണ്ടൂ, ട്രെയിൻ അപ്പോൾ ഒന്നുലഞ്ഞു. ചുംബനമേറ്റത് തുടുത്തുമലർന്ന കീഴ്ച്ചുണ്ടിലാണ്. ആദ്യത്തെ ഉലച്ചിലിന്റെ പ്രതിപ്രവർത്തനമായി ട്രെയിൻ വീണ്ടും ഉലഞ്ഞു. അപ്പോൾ എന്റെ ചുണ്ടുകൾ മേൽച്ചുണ്ടിലും എത്തി. ഏതാനും നിമിഷങ്ങൾ അവിടെ വിശ്രമിച്ചു. പെൺ‌കുട്ടി ആലസ്യത്തോടെ, അലസമായി തല മടിയിൽ വച്ചിരുന്ന ബാഗിൽ ചായ്ച്ചു. അരക്കെട്ട് അനക്കി എന്റെ ശരീരത്തോട് ചേർത്തുവച്ചു. ഞാൻ പരിഭ്രമിച്ചു. ചുംബിച്ചത് കുട്ടി അറിഞ്ഞിരിക്കുമോ? അവരുടെ മനസ്സ് വേദനിച്ചിരിക്കുമോ? മനസ്സിൽ അടങ്ങാത്ത ദേഷ്യം എന്നോടുണ്ടോ? എന്നിങ്ങനെ ഒരുപാട് ചിന്തകൾ എന്നെ അസ്വസ്ഥനാക്കി. ഏതാനും മിനിറ്റുകൾ കടന്നു പോയി. പെൺ‌കുട്ടിയിൽനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ല. ഞാൻ ആശ്വസിച്ചു. ചുണ്ടിൽ എന്തോ സ്പർശിച്ചെന്നല്ലാതെ ചുംബിച്ചുവെന്നു പെൺ‌കുട്ടി അറിഞ്ഞിരിക്കില്ല. അതായിരുന്നു എന്റെ ധാരണ. അതു തെറ്റാണെന്നു പിന്നീടുള്ള അവരുടെ പെരുമാറ്റം വെളിപ്പെടുത്തി. ബാഗിൽ തലചായ്ച്ച് പെൺകുട്ടി കരയുകയായിരുന്നു. തല ഉയർത്തിയത് കരഞ്ഞുകലങ്ങിയ മുഖത്തോടെയാണ്. എന്റെ മുഖം വിളറി വെളുത്തു. ഇതാ ഒരുതെറ്റും ചെയ്യാത്ത നിഷ്കളങ്കയായ പെൺ‌കുട്ടിയെ ഞാൻ ദ്രോഹിച്ചിരികുന്നു. അവളെ കളങ്കപ്പെടുത്തിയിരിക്കുന്നു. ഇന്നുവരെ സ്വയം ചില നിസാരപാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിയും ആരേയും ദ്രോഹിച്ചിട്ടില്ല എന്നായിരുന്നു സ്വകാര്യമായി അഹങ്കരിച്ചിരുന്നത്. ആ അഹങ്കാരത്തിനു ഇപ്പോൾ അവസാനമായി. എനിക്കു കടുത്ത വിഷമമായി. പെൺ‌കുട്ടിയോട് ക്ഷമ ചോദിക്കണം. അവർ ഇരിക്കുന്നത് അരികിലായതിനാൽ ആരെങ്കിലും അറിയുമെന്ന ഭയം വേണ്ട. ഞാൻ പറയേണ്ട വാക്കുകൾ മനസ്സിൽ തിട്ടപ്പെടുത്താൻ തുടങ്ങി. പറയുന്നതിനു മുന്നോടിയായി പത്തുവരെ എണ്ണാൻ തുടങ്ങി. എണ്ണം എട്ടിൽ എത്തിയപ്പോൾ പെൺകുട്ടി കരഞ്ഞുകലങ്ങിയ മുഖം വീണ്ടും എന്റെതോളിൽ ചായ്ച്ചു. ചൂടുകിട്ടാൻ കൂടുതൽ കൂടുതൽ ഉള്ളിലേക്കു വലിയുന്നവരെപ്പോലെ എന്റെതോളിൽ തല കൂടുതൽ ചേർത്തുവച്ചു. പത്തുവരെ എണ്ണിത്തീർന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. എന്തു മിണ്ടാൻ. കാര്യങ്ങൾ റിവേഴ്‌സെടുത്ത് വരികയല്ലേ.

പെൺ‌കുട്ടിയുടെ മുഖത്തേക്കു നോക്കാൻ എനിക്കു ധൈര്യം വന്നില്ല. എങ്കിലും അപ്പുറത്തു ശബ്ദമില്ലാത്ത ചില ഏങ്ങലുകൾ അറിഞ്ഞു അറിയാതെ നോക്കിപ്പോയി. കണ്ണീർ ഒലിക്കുന്ന മുഖം. മുറിച്ചുണ്ടിനു മീതെയെത്തുന്ന കണ്ണുനീർത്തുള്ളികൾ ഒരുനിമിഷം തങ്ങിനിന്ന ശേഷം തടസമില്ലാതെ വായിലേക്കു ഒഴുകി. സങ്കടം മൂലമല്ല പെൺ‌കുട്ടി കരയുന്നതെന്നു അതിനകം ഞാൻ മനസ്സിലാക്കിയിരുന്നു. കഴുത്തിൽ ചേർത്തുവച്ചിരുന്ന മുഖം ഉയർത്തി പെൺ‌കുട്ടി മൃദുസ്വരത്തിൽ പറഞ്ഞു.

“താങ്ൿസ്...”

തണുപ്പിന്റെ വെളുത്ത പാളികളെ തുളച്ചുകൊണ്ട് ഐലൻഡ് എക്സ്പ്രസ്സ് ബാംഗ്ലൂർ നഗരം ലക്ഷ്യമാക്കി പാച്ചിൽ തുടർന്നു.